Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 28

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

28
കിഴക്ക് നാലുവിളിപ്പാടകലെ കല്ലുംകൂട്ടങ്ങൾക്കിടയിൽ ആഞ്ഞിലിയും, പ്ലാവും, കശുമാവും, കൂവക്കാടും കൂട്ടംകൂടി വളർന്നുപൊങ്ങിയ കാട്ടുപ്രദേശമുണ്ട്. അവിടുന്ന് ഒരരുവിയായി ഒഴുകിയിറങ്ങി, പിന്നെ വളഞ്ഞും, തിരിഞ്ഞും പതിയെ ശക്തി പ്രാപിക്കുന്ന തോട് നാട്ടുകാരുടെ കുളിസ്ഥലവും അലക്കുകേന്ദ്രവും ആയിരുന്നു..
ആ തോടിന്റെ ഒരു വളവിലാണ് മാത്തു തന്റെ പശുക്കിടാവിനെ കുളിപ്പിച്ചിരുന്നത്. കിടാവിനെ കുളിപ്പിക്കുന്ന ദീർഘമായ ജോലി ചിലപ്പോൾ മണിക്കൂറുകൾ നീളും.
ഗീത കുളിക്കാനിറങ്ങുമ്പോൾ അവൾ ചോദിക്കും “എടാ മാത്തു, പെണ്ണുങ്ങള് കുളിക്കുന്നേടത്തു ആണുങ്ങൾക്കെന്താ കാര്യം?”
“എന്റെ കിടാവിന്റെ കുളിക്കടവാ ഇത്. നിനക്ക് വേണേൽ കുളിച്ചോ.. എനിക്ക് വിരോധവില്ല”
“ഇങ്ങനെയൊരു പൊണ്ണൻ !” അവൾ തോർത്ത് ചുറ്റി, തുണിചരടിന്റെ കെട്ടഴിച്ചു, പാവാട ഉർത്തിയെടുത്ത്, മടക്കി കല്ലിൽ വച്ചിട്ട്, വെള്ളത്തിലേക്ക് ഊളിയിട്ടു പൊങ്ങി. മുഖത്തേക്ക് വീണ നനഞ്ഞ മുടിയിഴകളെ ഇരുകൈകളാലും അവൾ കോതി പിന്നിലേക്കിട്ടു.
തൊണ്ടുകെട്ടി പടികൾ വെച്ച തെങ്ങിന്റെ ഉച്ചിയിൽ ചെത്തുകാരൻ ശേഖരൻ ഉച്ചചെത്തിനു കയറിയിരുന്നു. അതിന്റെ കൂമ്പിൽ ചെറുതായി അരിഞ്ഞു, കുട്ടനാടൻ ചെളിതേച്ചു, മാനിന്റെ തുടയെല്ലുകൊണ്ടു കൊട്ടി, തിരക്കിലായിരുന്ന അയാൾ പണി നിർത്തി ഇടയ്ക്ക് താഴേക്ക് നോക്കി വായ് പൊളിച്ചു.
മാത്തു പശുക്കിടാവിനെ സുന്ദരിയാക്കാനുള്ള ശ്രമത്തിനിടെ മറ്റൊന്നിലും ശ്രദ്ധിക്കാറില്ല.. അവൻ മറ്റുള്ളവരെപ്പോലെ അവളുടെ മാറിലേക്ക് തുറിച്ചു നോക്കാറില്ല. അവൾ അവിടെ കുളിക്കുന്നതോ കുളിക്കാതിരിക്കുന്നതോ അവനു കാര്യമില്ല. അവന്റെ തലക്കുള്ളിലെ പുൽത്തകിടിയിൽ ഒരു പശുക്കിടാവ് തുള്ളിച്ചാടിക്കൊണ്ടിരുന്നു.
കിടാവിന് നല്ലൊരു മണി വേണം..
ഗീത ഇഞ്ചയെടുത്തു ദേഹം വെളുപ്പിയ്ക്കുവാനുള്ള ശ്രമം ആരംഭിച്ചു. അവൾ കറുത്തിട്ടാണ്; കുറച്ചു വെളുത്തുകിട്ടാനാണ്, വേദനിച്ചാലും ഇഞ്ചകൊണ്ട്‌ മയമില്ലാതെ അവൾ അമർത്തി തേക്കുന്നത്.
ഒരു സോപ്പ് വാങ്ങണം. കിടാവിന്റെ കഴുത്തിലും, പിന്നിലും കാലിലുമൊക്കെ തേച്ചു പതപ്പിക്കണം.. മാത്തുവിന്റെ മനസ്സ് പറന്നു, ഇടയ്ക് അവൻ ചോദിച്ചു.
” നീ ഇഞ്ചയിട്ടു തേച്ചാൽ വെളുക്കുമോ?”
“വെളുക്കൂന്നാ അമ്മ പറയുന്നേ..”
“എന്നിട്ടു നീ വെളുത്തിട്ടില്ലല്ലോ..”
“കൊറേ ദിവസം തേക്കണം, അപ്പൊ പതിയെ പതിയെ മാറും ..”
“കറത്താലെന്താ? എന്റെ കിടാവിനു കറപ്പാ ..”
“എനിക്ക് കറപ്പ് വേണ്ട.,”
“വേണ്ടങ്കി വേണ്ട, എനിക്ക് കറപ്പും ഇഷ്ടാ .. വെളുപ്പും ഇഷ്ടാ ..”
“നീ എന്റെ പൊറത്തു ഇഞ്ച തേച്ചു തര്വോ?..”
“എന്താ നിന്റെ കൈക്ക് നീളമില്ലേ ?”
“പുറത്തോട്ട് എങ്ങിനെയാ കൈ എത്തണേ?”
അവൾ ഇഞ്ചയുമായി കൈ തിരിച്ചു പുറം തേൽക്കാൻ ബദ്ധപ്പെട്ടു.
മാത്തു വെള്ളത്തിലേക്കിറങ്ങി. അരയൊപ്പം വെള്ളമുണ്ട് . അവൻ ഇഞ്ചവാങ്ങി അവളുടെ പുറം തേച്ചു കൊടുത്തു.
“അയ്യോ.. എന്റെ തൊലി ഇളകിപ്പൊണ്, പതുക്കെ തേക്കടാ മാത്തൂ..”
“അപ്പൊ നിനക്ക് വെളുക്കണ്ടേ?”
“വെളുക്കണം..”
“എന്നാ ഇച്ചിരെ വേദന സഹിച്ചോ..”
അവന്റെ മനസ്സിലേക്ക് പശുകിടാവ് ഓടിവന്നു. കിടാവിന്റെ പുറം നനഞ്ഞു കറുത്തു കിടന്നു. അവൻ സ്നേഹപൂർവ്വം ഇഞ്ച അമർത്തിത്തേച്ചു.
“പോ, പിശാചേ,, ”
അവൾ തിരിഞ്ഞു അവനെ തള്ളിമാറ്റി. അവളുടെ പുറത്തെ കറുത്ത തൊലിയിൽ വെളുത്ത വരകൾ വീണു. പതിയെ അതിലൂടെ ഒഴുകിയിറങ്ങുന്ന ചുവപ്പും.
വൈക്കത്തു നിന്നും കുഞ്ഞച്ചനും, പരമുവും തിരിച്ചെത്തിയത് നിരാശരായിരുന്നു. അതിരാവിലെ എഴുന്നേറ്റ് അത്ര ദൂരം പോയിട്ട് ഒരു കാര്യവുമുണ്ടായില്ല. വൈക്കത്തെ സത്യാഗ്രഹആശ്രമത്തിൽ പത്രോസുണ്ടായിരുന്നില്ല. അവൻ ജയിലിലേക്ക് പോയിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. തിരുവനന്തപുരം പൂജപ്പുര ജയിലിലാണെന്നാണ് അവന്റെ സുഹൃത്ത് രാമൻ ഇളയത് പറഞ്ഞത്. എത്ര കാലത്തേക്കാണ് ജയിൽ ശിക്ഷ കിട്ടിയതെന്ന് അറിയില്ല. അതുകൊണ്ടുതന്നെ അവർക്ക് എന്ന് പുറം ലോകം കാണാനാവും എന്നും അറിയില്ല.
“നമുക്ക് തിരിച്ചുപോകാം..ഇനിയിവിടെ നമുക്ക് എന്ത് ചെയ്യാനാണ്?” കുഞ്ഞച്ചൻ പറഞ്ഞു. “ഇന്ന് രാവിലെ ഇറങ്ങുമ്പോഴേ ഇടതുകണ്ണ് തുടിക്കുന്നുണ്ടായിരുന്നു. അപശകുനം.”
“ശരിയാണ്, ഇന്നിറങ്ങിയപ്പോഴേ യാത്രക്ക് ഉദ്ദേശഫലം ഉണ്ടാവില്ലെന്നു എനിക്കും തോന്നി. വീട്ടീന്നിറങ്ങുമ്പോൾ, എവിടെ നിന്നാണെന്നറിയില്ല, ഒരു കരിംപൂച്ച ഇടത്തുനിന്നു വഴി കുറുകെ ചാടി. അപശകുനം തന്നെ..”
“നിങ്ങൾ വിഷമിക്കേണ്ട..” രാമൻ സമാധാനിപ്പിച്ചു “പത്രോസ് ജയിലിലാണെങ്കിലും, അവിടെ അവൻ തനിച്ചല്ല; ഇവിടുന്നു പോയ ഒരുപാട് ആളുകൾ കൂട്ടായുണ്ട്. ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് അവനെ കണ്ടവർ പറഞ്ഞത്. നിങ്ങളുടെ വിലാസം എഴുതി തന്നേക്കൂ.. എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ നിങ്ങൾക്ക് കത്തെഴുതാം ..”
കത്തിന്റെ കാര്യം പറഞ്ഞപ്പോൾ കുഞ്ഞച്ചൻ തപാലാഫീസിനെ പറ്റി ഓർമിച്ചു. രാമൻ ഇളയത്, അവരെ തപാൽ ഓഫീസിലേക്ക് കൂട്ടികൊണ്ടു പോയി. അഞ്ചൽപിള്ള അവിടെ ഉണ്ടായിരുന്നു. ചെവിയിൽ ധാരാളം രോമങ്ങളും, തടിച്ച ഫ്രെമുള്ള കണ്ണടയും ധരിച്ച ഒരു മധ്യവയസ്കൻ തോളിലൊരു സഞ്ചിയുമായി പുറത്തേക്കു വന്നു. തപാൽ ആഫീസിനുള്ളിൽ, കടലാസ്സു കൂമ്പാരങ്ങളും, ഫയലുകളും കൂടിയും, ചിതറിയും കിടന്നിരുന്നു.
സത്യാഗ്രഹ ആശ്രമത്തിലേക്ക് കത്തയക്കേണ്ട വിലാസമായിരുന്നു കുഞ്ഞച്ചന് വേണ്ടിയിരുന്നത്. അഞ്ചൽ പിള്ള വിലാസം പറഞ്ഞുകൊടുത്തു.
പേര്,
സത്യാഗ്രഹ ആശ്രമം
വൈക്കം ശിവക്ഷേത്രം
വൈക്കം
കുഞ്ഞച്ചൻ ചോദിച്ചു.
“എന്റെ മകൾ കുറെ കത്തുകൾ അയച്ചിരുന്നു. അത് അവൻ കൈപ്പറ്റിയോ എന്നറിയാമോ..”
“വിലാസം ശരിയെങ്കിൽ, തീർച്ചയായും കൊടുത്തിരിക്കും.. ഇൻലണ്ടായാലും, പോസ്റ്റ് കാർഡ് ആയാലും.. എന്താ നിങ്ങളുടെ മകന്റെ പേര്?
“പത്രോസ്..”
അയാളുടെ മുഖം ചെറുതായൊന്നു ആലോചിക്കുന്നതായി തോന്നി.
“ഞാൻ നോക്കാം..”
“വലിയ ഉപകാരം.. എന്താ പേര്?”
“സുകുമാരൻ നായർ..”
നീണ്ട യാത്രക്കുശേഷം കവലയിൽ എത്തുമ്പോഴേക്ക് സമയം ആറുമണിയായി. കവലയിൽ വെകുന്നേരത്തെ തിരക്കുകളുണ്ടായിരുന്നു. നേരം ഇരുളാൻ തുടങ്ങുന്നു. നന്നേ യാത്രാക്ഷീണവുമുണ്ട്. കവലയിൽ നിന്ന് കിഴക്കോട്ടുള്ള വഴിയുടെ ഓരത്ത് ചെത്തിമിനുക്കിയ ഉരുളൻ തടിക്കഷണങ്ങൾ കൂട്ടിയിട്ടിരുന്നു. അവിടെ മൂന്നാലാളുകൾ തടി കാളവണ്ടിയിലേക്കു കയറ്റുവാനുള്ള തത്രപ്പാടിലായിരുന്നു. അവർ പൊന്തിച്ചിട്ട് പൊന്തുന്നില്ല. അവർ തള്ളിയിട്ട് നീങ്ങുന്നില്ല.
അതിനിടയിലേക്കാണ് കുഞ്ഞച്ചനും, പരമുവും അവിടെയെത്തിയത്. പരമു ആ നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള പണിക്കാരനായിരുന്നു. നല്ല ഉയരം. നീളൻ കൈകൾ. പണിചെയ്തുറച്ച ശരീരം.
“പരമുവേ.. ഒരു കൈ തായോ..ഞങ്ങള് പിടിച്ചിട്ടു പൊങ്ങുന്നില്ലടോ.. ഒന്ന് സഹായിക്കുവോ?”
പരമു കുഞ്ഞച്ചനെ നോക്കിയിട്ടു പറഞ്ഞു.
“തിരക്കുണ്ട്.. അതിരാവിലെ ഒരു വഴിക്ക് പോയിട്ട് ഇപ്പൊ ഇങ്ങോട്ട് ഇറങ്ങിയതേയുള്ളൂ..” പരമു ഒഴിഞ്ഞുമാറാൻ നോക്കി
പണിക്കാരുടെ മുഖം മ്ലാനമായി. അവർ തമ്മിൽ പറഞ്ഞു. കുഞ്ഞച്ചൻ മാപ്പിള പറഞ്ഞാലേ പരമു കേൾക്കത്തുള്ളൂ.. ഒന്ന് ചോദിച്ചു നോക്ക്..”
“അച്ചായോ, പരമൂനോട് ഒന്ന് പറയുവോ? ഞങ്ങള് പിടിച്ചിട്ടു പറ്റാഞ്ഞിട്ടാ..”
കുഞ്ഞച്ചൻ പരമുവിനോട് പറഞ്ഞു.
“ഒന്ന് സഹായിച്ചു കൊടുക്ക് പരമു.. എന്നിട്ട് നേരെ വീട്ടിലോട്ടു ചെല്ല് .. ഞാൻ നടക്കുവാ..”
പരമു തോളിലെ തോർത്തെടുത്തു അരയിൽ കെട്ടി, തടിപണിക്കാരുടെ കൂടെക്കൂടി. അനാഥപ്പട്ടികൾ അകാരണമായി കുരച്ചു വട്ടമിടുന്നു. പണിക്കാർ പട്ടികളെ ആട്ടിയോടിച്ചിട്ടു പണി തുടങ്ങി.
കുഞ്ഞച്ചൻ വീട്ടിലേക്കു നടന്നു. ചൂടുവെള്ളത്തിൽ നന്നായൊന്നു കുളിക്കണം. പിന്നിൽ തടിപ്പണിക്കാരുടെ ഏലം വിളികൾ ഉയർന്നു.
“ഏലോ… ഏലസ്സാ .. ”
കുഞ്ഞച്ചൻ വീട്ടിലെത്തി, തന്റെ വളകാലൻ കുട മൂലയിൽ തൂക്കുമ്പോഴേക്ക് ഒരാൾ ഓടിക്കിതച്ചു വീട്ടുമുറ്റത്തേക്കെത്തി.
“അച്ചായോ, പരമു വീണു. തടി പിടിച്ച കൂട്ടത്തിൽ പരമൂന്റെ കാല് തെന്നി. തടി ദേഹത്തു വീണു..”
“എവിടെയാ അവനിപ്പോ?”
“തിരുമ്മു വൈദ്യന്റെ വീട്ടിലേക്ക് കൊണ്ടുപോയി..
“അയ്യോ.. എന്നാ പറ്റി?..” പുറത്തെ ഒച്ചകേട്ടു അന്നാമ്മ എത്തിയപ്പോഴേക്കും കുഞ്ഞച്ചൻ നാണുവൈദ്യരുടെ വീട്ടിലേക്കു പുറപ്പെട്ടുകഴിഞ്ഞിരുന്നു.
അപകടം നിസ്സാരമായിരുന്നില്ല. നാലാൾ കൂടിപിടിച്ചിട്ട് പൊക്കാൻ കഴിയാതിരുന്ന ഒരു തടിക്കഷണത്തിന്റെ തല മുഴുവൻ പരമുവിന്റെ തൊളിലായിരുന്നു. പൊക്കിയപ്പോൾ, തടിയുടെ പകുതിയിൽ കൂടുതൽ ഭാരം പരമുവിന്റെ തോളെല്ലിലേക്കു ചെന്നു . പല്ലുകടിച്ചു പിടിച്ചുപൊക്കാൻ ശ്രമിച്ചപ്പോൾ, നടുവിന്റെ കശേരു ഒന്ന് ഞെട്ടി. പരമു തോളിലെ തടിയുമായി താഴേക്കു വീണു. വീണ്ടും നട്ടെല്ലിന്റെ കശേരുവിൽ നിന്ന് മറ്റൊരു ഞെട്ടൽ കൂടിയുണ്ടായി.
കുഞ്ഞച്ചൻ അടുത്ത് ചെന്ന് വിളിക്കുമ്പോൾ പരമുവിന് മിണ്ടാനായില്ല. അതിവേദനയിൽ ചെന്നിയിലെ നരമ്പുകൾ പിടച്ചുകിടന്നു. കൺകോണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകിയിറങ്ങി. ചെറിയ ഞരക്കം ശ്വാസം വലിക്കുന്നതിനിടയിൽ കേൾക്കാമായിരുന്നു.
“അമ്മേ .. ദേവീ..”
കുഞ്ഞച്ചൻ കൈവെള്ളയിൽ മുഖമമർത്തി മാറിനിന്നു. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ എന്തൊക്കെയാണ് സംഭവിച്ചത്? പരമുവിനെ കവലയിൽ നിർത്തി പോകാൻ പാടില്ലായിരുന്നു. അവനോട് തടിപ്പണിക്കാരെ സഹായിക്കാൻ പറയേണ്ടിയിരുന്നില്ല. എന്റെ തെറ്റ്. പരമുവായിരുന്നെങ്കിൽ അവനൊരിക്കലും തന്നെ വഴിയിൽ നിർത്തി പോവുമായിരുന്നില്ല.
നാണു വൈദ്യൻ കുഞ്ഞച്ചനെ മാറ്റി നിർത്തി സംസാരിച്ചു.
“നട്ടെല്ലിൽ രണ്ടിടം ഒടിഞ്ഞു. തോളെല്ലിനും, കഴുത്തിനും ക്ഷതമുണ്ട്. ഇവിടെയിപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വേറേ എവിടെ കൊണ്ടുപോയാലും ഇതൊക്കെയേ പറയാനുണ്ടാവൂ. വീട്ടിലേക്കു കൊണ്ടുപോയ്‌കൊള്ളൂ.. ”
അല്പം മാറി, എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ചാക്കോയെ കുഞ്ഞച്ചൻ വിളിച്ചു.
“ചാക്കോ, കൈയ്യീന്നു പോയി.. വൈദ്യർ കൈയ്യൊഴിഞ്ഞു.. വീട്ടിലോട്ടു കൊണ്ടുപോകാൻ ഏർപ്പാട് ചെയ്തോളൂ..”
കാളവണ്ടിയിൽ കിടത്തി, പാതിവഴി. പിന്നെ കട്ടിലിൽ ചുമന്നു വീട്ടിലേക്ക്. അതിരാവിലെ വൈക്കത്തേക്കെന്നു പറഞ്ഞു ഇറങ്ങിപ്പോയ പരമുവിനെ വീട്ടിലേക്കു കയറ്റുമ്പോൾ, അവിടെ കൂട്ട നിലവിളി ഉയർന്നു.
“എന്റെ ദൈവേ.. എന്റെ ചേട്ടാ…” ജാനുവിന്റെ നെഞ്ചു പൊട്ടിയ നിലവിളി. ചാക്കോയുടെ ഭാര്യ മറിയ, കട്ടിലിലേക്ക് വീഴാനോങ്ങുന്ന ജാനുവിനെ പിടിച്ചു.
“അച്ഛാ.. അച്ഛാ..” ഗീതയും, പുഷ്പയും, ലതയും കട്ടിലിനു ചുറ്റും നിന്ന് വാവിട്ടു കരഞ്ഞു. കൂട്ടക്കരച്ചിലുകൾക്കിടയിൽ, മാത്തു ഒരു കാഴ്ചക്കാരനായി നിന്നു.
അവരുടെ കരച്ചിൽ കാണാൻ ശക്തിയില്ലാതെ കുഞ്ഞച്ചൻ പതിയെ വീട്ടിലേക്കു നടന്നു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!