വേമ്പനാട് കായലിന്റെ
തീരങ്ങളിൽ
ഏബ്രഹാം ചാക്കോ
26
പൂജപ്പുരയിലെ ജയിൽവാസം രണ്ടുമാസങ്ങൾ കഴിഞ്ഞു. ആദ്യത്തെ പരിഭ്രാന്തി മാറി ജയിലുള്ളിലെ രീതികളൊക്കെ ശീലമായി. സാധാരണ തടവ് ശിക്ഷയാണ് സ്വാതന്ത്ര്യസമരക്കാർക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ,ജയിലിലെ പോലീസുകാർ കുറച്ചു മയമായിട്ടാണ് അവരോടു
പെരുമാറിയത്. എങ്കിലും നിയമങ്ങൾ അനുസരിക്കണം.പറയുന്ന ജോലികൾ ചെയ്യണം. പ്രത്യേകിച്ചു ജയിലിലെ സമയക്രമങ്ങളൊക്കെ പാലിക്കണം.
തേവനെ മുടിവെട്ടാനും, താടിവടിക്കാനും നിയോഗിച്ചു. മൂന്നു
ദിവസം ബാർബർ പണി ചെയ്തിരുന്ന ആളോടൊപ്പം
പരിശീലനം കിട്ടി. കുറെ അന്തേവാസികളെ പരിചയപ്പെടാൻ
പറ്റിയ ജോലിയായിരുന്നു.
കൊല്ലത്തു നിന്നും വന്ന റഷീദ്. കോൺഗ്രസ് പ്രകടനം
നടത്തിയതിനു അറസ്റ്റിലായ ആളാണ്.
ആറ്റിങ്ങലിൽ നിന്ന് വന്ന ശശിധരൻ, മോഷണകുറ്റത്തിന്
വന്നതാണ്.
പാറശാലയിൽ നിന്നുള്ള വിജയൻപിള്ള അടിപിടിക്കേസിൽ
കുടുങ്ങിയതാണ്.
ഓരോരുത്തർക്കും ഓരോ കഥയാണ്. ചിലർക്ക് വാശിയുടെ
കഥ… മറ്റു ചിലർക്ക് ചതിക്കപ്പെട്ട കഥ.. ഇനിയും ചിലർക്ക്
പ്രാരാബ്ധങ്ങളുടെ കഥ..
മുടിയും താടിയും വളർത്താൻ ജയിലിൽ
അനുവാദമില്ലാത്തതുകൊണ്ടു തേവനു മിക്കവാറും
തിരക്കുണ്ടായിരുന്നു. കത്രികയും ചീർപ്പുമായ് മുടി വെട്ടി
വെട്ടി ചെറുതാക്കുക എന്നതിലുപരി മറ്റു
അലങ്കാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പത്രോസിനു കാന്റീനിലാണ് പണി കിട്ടിയത്. സ്ഥിരമായുള്ള
കുശിനിക്കാർ കഠിനതടവുകാരുടെ ബ്ലോക്കിൽ നിന്നാണ്.
പത്രോസിനു സഹായിച്ചു കൊടുത്താൽ മതി. രാവിലെ
ഏഴരക്ക് ഗോതമ്പുണ്ടയും, തേങ്ങാ സമ്മന്തിയും സ്ഥിരം
കുശിനിക്കാർ ഉണ്ടാക്കും. ഉച്ചഭക്ഷണം പന്ത്രണ്ടു മണിക്കും
വൈകിട്ട് ഭക്ഷണം അഞ്ചരക്കും വിളമ്പും. അതിനു
സഹായിക്കണം.
ജയന്തനാണ് പ്രധാന കുശിനിക്കാരൻ. ആള് ചൂടനാണ്. നല്ല
ആരോഗ്യവും വലിയ ശബ്ദവുമുള്ള ഒരു ചെറുപ്പക്കാരൻ.
വർക്കലയാണ് സ്വദേശം. എന്താ കേസെന്ന് ചോദിച്ചത്
അയാൾക്കിഷ്ടപ്പെട്ടില്ല.
“അറിഞ്ഞിട്ടെന്തിനാ പീക്കിരി.. നിന്റെ പെങ്ങളെ കെട്ടിച്ചു
തര്വോ?..”
ജയന്തനുമായി കൂടുതൽ അടുക്കേണ്ട എന്ന് മറ്റുള്ളവർ
പത്രോസിനെ ഉപദേശിച്ചു.
ചന്ദ്രൻ കൃഷിപ്പണിക്കാരനായി. ലത്തീഫിന്റെ കൂടെയാണ്
മിക്കപ്പോഴും പണി.
ജയിൽ വളപ്പ് എട്ടേക്കർ സ്ഥലമാണ്. ഇഷ്ടം പോലെ കൃഷികളുണ്ട്. കപ്പ, ചേന, മധുരക്കിഴങ്ങ്, വാഴ, പാവൽ,
വെണ്ട.. അങ്ങിനെ പലതും. രാവിലെ എട്ടരയ്ക്ക് ജോലിക്കിറങ്ങണം. പത്തരയ്ക്ക് ചായ കിട്ടും.
അതുകഴിഞ്ഞാൽ പിന്നെ പണി പന്ത്രണ്ടു വരെ തുടരും. പിന്നെ ഉച്ചഭക്ഷണം. ഒരു മണി മുതൽ രണ്ടു മണിവരെ എല്ലാവർക്കും അവരവരുടെ മുറിയിൽ കയറി വിശ്രമിക്കാം. ഈ സമയത്തു വാതിൽ പൂട്ടുകയില്ല. രണ്ടു മണിക്ക് വീണ്ടും ജോലി തുടങ്ങും. അത് നാലര മണിയുടെ അലാറം അടിക്കുന്നതു വരെ തുടരും.
ജയിലിന്റെ ഒട്ടു മിക്ക കോണുകളിലും പോകുവാൻ ചന്ദ്രന് സാധിച്ചു. അടഞ്ഞു കിടക്കുന്ന ചില മുറികളെ നോക്കി ചിലപ്പോൾ ഓർത്തുപോകും. ആരാണ് അതിനുള്ളിൽ കിടക്കുന്നത്?
ലത്തീഫ് ചന്ദ്രനോട് പറഞ്ഞു. “അത് ഏകാന്ത തടവാണ്..”
ലത്തീഫ് ആറു വർഷമായി ജയിലിനുള്ളിലുണ്ട്.ഇതിനുള്ളിലെ ജീവിതങ്ങളെപ്പറ്റി അയാൾക്കറിയാത്തതില്ല.
വാഴക്കന്നുകൾ കുഴിച്ചു വെച്ചുകൊണ്ടിരിക്കുന്ന സമയത്തു
ഓരോരോ കാര്യങ്ങൾ ചന്ദ്രനോട് പറയും.
“ഏകാന്ത തടവെന്നു പറഞ്ഞാൽ ഒറ്റയ്ക്ക് ഒരു മുറിയിൽ അടച്ചിടുക എന്നത് തന്നെ. മിക്കപ്പോഴും, ചങ്ങല അല്ലെങ്കിൽ വിലങ്ങു് ഉണ്ടാവും. കഠിന തടവ് എന്ന് പറയുന്നത് അതാണ്.”
കൊലപാതകത്തിനും, ഭാവനഭേദനത്തിനുമൊക്കെയാണ് കഠിനശിക്ഷ. ആദ്യത്തെ മൂന്നുമാസം അവരെ ഒറ്റക്കൊരു സെല്ലിൽ പൂട്ടിയിടും. ചിലപ്പോൾ ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രം പുറത്തിറക്കും. കൂച്ചു വിലങ്ങുകൾ ഇടും. എല്ലാം ജയിലറുടെ മനസ്സനുസരിച്ചു ആയിരിക്കും.
ചിലരൊക്കെ പ്രശ്നമുണ്ടാക്കും. പുറത്തെ വഴക്കുകൾ പറഞ്ഞു അകത്തു അടിപിടി ഉണ്ടാവുന്നത്
സാധാരണയാണ്. അവർക്കൊക്കെ ശിക്ഷ കൊടുക്കുന്നതും ഇങ്ങിനെയാണ്. കൈയിൽ വിലങ്ങിട്ടു മുറിക്കുള്ളിൽ ഒറ്റക്കിടും. കുറഞ്ഞത് പതിനാലു ദിവസം. ഭക്ഷണം കൊടുക്കാതെ നാലു ദിവസം.. അപ്പോഴേക്ക് മിക്കവാറും ആളുകളൊക്കെ മര്യാദക്കാരാവും..
“പോലീസ് തല്ലത്തില്ലയോ?” പത്രോസ് ചോദിച്ചു.
ലത്തീഫ് ചിരിച്ചു..
“ഇല്ല, കെട്ടിപ്പിടിച്ചു ഉമ്മ വെയ്ക്കും.. ഇത് ജയിലാടാ മോനെ.. പറഞ്ഞത് കേട്ടില്ലെങ്കിൽ പോലീസുകാരന്റെ ഷൂസിട്ട ചവിട്ടു നിന്റെ ചന്തിക്കല്ല, നിന്റെ നാഭിക്കായിരിക്കും
കിട്ടുന്നത്..”
അര ഇഞ്ച് കനമുള്ള ചണക്കയറിന്റെ ചാട്ട കൊണ്ട് മുണ്ടുരിഞ്ഞു ചന്തിക്ക് അടിക്കണമെന്നാണ് നിയമം.
ചന്തിയിൽ മുപ്പതിൽ കൂടുതൽ അടയാളങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും, ജയിൽ ഡോക്ടർ അവിടെയുണ്ടാവണമെന്നൊക്കെ പറയും. പക്ഷെ വിധിക്കുന്നതും, ശിക്ഷിക്കുന്നതും, ശുശ്രുഷിക്കുന്നതും ഒരാൾ തന്നെയാവുമ്പോൾ ആരാണ് ചോദിക്കാൻ? ജയിലറെ പേടിച്ചു
ജീവിച്ചാൽ ജീവനോടെ പുറത്തു പോകാം.
നാലരക്ക് അലാറം അടിച്ചാൽ പിന്നെ ഒരു മണിക്കൂർ കൊണ്ട്, കുളിക്കണം, തുണികൾ കഴുകിയിടണം.. അഞ്ചരക്ക് അത്താഴം വിളമ്പും. സ്റ്റീൽ പ്ലേറ്റിൽ വാങ്ങി സെല്ലിൽ
കൊണ്ടുവച്ചിട്ടു പുറത്തു വരണം. അഞ്ചര മുതൽ ആറര വരെ ഹാജർ എടുപ്പിന്റെ സമയമാണ്. തലയെണ്ണാൻ പോലീസുകാരനും അയാളുടെ നിഴലും വന്നുപോവുന്നത് വരെ എല്ലാവരും അവരവരുടെ സെല്ലിന്റെ പുറത്തു കുത്തിയിരിക്കണം.
ഒന്ന്.. രണ്ടു.. മൂന്ന്…
കുത്തിയിരിക്കുന്നവരുടെ എണ്ണം കുറഞ്ഞാൽ വാർഡന്റെ തനി സ്വഭാവം കാണേണ്ടിവരും. കക്കൂസിലായിരുന്നു.. തുണി കഴുകുകയായിരുന്നു എന്നൊക്കെ പറയുന്നവർക്കൊക്കെ
എല്ലാവരുടെയും മുൻപിൽ അറക്കുന്ന തെറികളും, അടിയും ഉറപ്പാണ്. അതുകൊണ്ടു പൊതുവെ ആരും ഹാജർ മുടക്കാറില്ല. അനുസരണയുള്ള കുഞ്ഞാടുകളെ പ്പോലെ അവർ
തങ്ങളുടെ സെല്ലിന്റെ ഇരുമ്പുവാതിലിനു മുന്നിൽ വിധേയത്വത്തോടെ കുത്തിയിരിക്കും.
ഹാജരെടുത്തു കഴിഞ്ഞാൽ സെല്ലിനുള്ളിൽ കയറാം. ഭക്ഷണം കഴിക്കാം.
ആറരക്ക് ഓരോ ഇരുമ്പു വാതിലിലും പൂട്ട് വീഴും. വലിയ താക്കോൽ കൂട്ടത്തിന്റെ കിലുക്കം വരാന്തയിൽ കേൾക്കാം.
ആറരക്ക് ശേഷം, അവരുടെ ലോകം തങ്ങളുടെ സെല്ലിനുള്ളിലേക്കു ചുരുങ്ങും. ഭക്ഷണം കഴിച്ചു, പാത്രം കഴുകി വെച്ചാൽ പിന്നെ കിടക്കാം, ഇരിക്കാം, പറയാം, കേൾക്കാം, ചുമക്കാം, ചൊറിയാം..
അടുത്ത പ്രഭാതത്തിൽ ആറു മണിക്ക് അലാറം അടിക്കുന്നത് വരെ അവരുടെ ലോകത്തിന്റെ വലിപ്പം ആ തടവുമുറിയുടെ വലിപ്പം മാത്രം.
ജമക്കാളങ്ങളിൽ അന്തേവാസികളെ കാത്തിരിക്കുന്ന മൂട്ടകൾ, നെഞ്ചിലെ വലക്കെട്ടിൽ പ്രാണവായു കിട്ടാതെ രാത്രിമുഴുവൻ താളമിടുന്ന ചുമ, ആത്മസായൂജ്യത്തിനു പൊതു
ദർശനത്തിനിട്ട പുരുഷസ്വത്തുക്കൾ..
അങ്ങിനെ ഓരോ രാത്രിയും, ഒരോ അവസാനിക്കാത്ത ഇഴഞ്ഞു നീങ്ങുന്ന നിദ്രാഹീനങ്ങളായ രാവുകളായി മാറും.
നഷ്ടപ്പെട്ട ബന്ധങ്ങളെ ഓർത്തു നിശബ്ദരായി ഇരിക്കുന്നവർ
(വേലായുധനെ പോലെ. ജയിലിൽ വന്നതിനു ശേഷം അയാളുടെ ഭാര്യ ഒളിച്ചോടുകയും, അമ്മ മരിക്കുകയും ചെയ്തു).
മുഷിഞ്ഞ ഭിത്തിയിലേക്കു, വാതിലിലെ അഴികൾക്കിടയിലൂടെ വീഴുന്ന അരണ്ട വെളിച്ചത്തുണ്ടുകൾ നോക്കി ചിരിക്കുന്ന ചിലർ (രാജസേനനെപ്പോലെ; തനിക്കു വേണ്ടി
കാത്തിരിക്കുന്ന സരസുവിനെ ഓർത്താണ് അയാൾചിരിക്കുന്നത്. സരസുവിന്റെ വിവാഹം കഴിഞ്ഞു; എങ്കിലും അവളുടെ പ്രണയം അചഞ്ചലമാണെന്നാണ് അയാൾ വിശ്വസിക്കുന്നത്)
വിലക്കു വാങ്ങിയ സ്ത്രീ സുഖങ്ങളെപ്പറ്റി, വർണങ്ങൾ ചാലിച്ച് കഥ മെനഞ്ഞു സുഖിക്കുന്നവർ..(സത്യവേൽ എപ്പോഴും പറഞ്ഞു തുടങ്ങുന്നതും, അവസാനിപ്പിക്കുന്നതും ചിന്നക്കടയിലാണ്. കൊല്ലത്തെ ചിന്നക്കടയിലെ കണ്ണമ്മ ഇങ്ങിനെ ചിരിക്കും, അങ്ങിനെ പറയും, ഇങ്ങിനെ നടക്കും,
അങ്ങിനെ കിടക്കും.. അങ്ങിനെ കണ്ണമ്മ അയാളുടെ കൂട്ടായി എപ്പോഴുമുണ്ടായിരുന്നു)
ഈ കൂട്ടത്തിൽ, ഭാരതത്തിന്റെ സ്വാതന്ത്രത്തെപ്പറ്റി പറയുന്നവർ അധികമുണ്ടായിരുന്നില്ല.
ഞായറാഴ്ചകൾ ജയിലിൽ ഇളവുകളുള്ള ദിവസമാണ്. ജോലിയില്ല. ഗോതമ്പുണ്ട കഴിച്ചു എല്ലാവർക്കും അവരവരുടെ സെല്ലിൽ ഇരിക്കാം. വാതിൽ അടച്ചു പൂട്ടിയിടുമെന്നേയുള്ളൂ. പന്ത്രണ്ടു മണിക്ക് വാതിൽ തുറക്കുന്നതും കാത്തു എല്ലാവരും ഇരിക്കും.പന്ത്രണ്ടു മണി, വരാന്തയിലെ താക്കോൽ കൂട്ടത്തിന്റെ കിലുക്കവുമായി എത്തും.
പന്ത്രണ്ടു മുതൽ അഞ്ചര വരെ മതിൽകെട്ടിനുള്ളിലെ സ്വാതന്ത്രത്തിന്റെ സമയമാണ്. യഥേഷ്ടം നടക്കാം, ഇരിക്കാം, സംസാരിക്കാം.
ഞായറാഴ്ച ഉച്ചതിരിഞ്ഞു കോൺഗ്രസുകാർ മരച്ചുവട്ടിൽ ഒത്തുചേർത്തു വട്ടമിട്ടിരിക്കും. ഈ കൂട്ടത്തിലെ ഏറ്റവും വലിയ ആൾ പെരിയാർ രാമസ്വാമി തന്നെ. അദ്ദേഹം ഒരു തിട്ടിലിരുന്നു തന്റെ വലിയ താടിയും മീശയും തടവി കീഴ്ജാതികളുടെ ജീവിതത്തെപ്പറ്റി പറയും. തമിഴ് കലർന്ന
മലയാളത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ എല്ലാവരും നേരത്തേയെത്തും.
“ശ്രീമൂലം പ്രജാസഭ പണിയുമ്പോൾ കല്ലും മണ്ണും ചുമക്കാൻ പോയ ബ്രാഹ്മണനാണ് ചട്ടമ്പി സ്വാമികൾ.. നാരായണഗുരുവിന്റെ ഗുരു.. തെരിയുമാ? മനിതർക്കു ജാതി മനിതർ
മാത്രം പോതും. ഉലകം നന്നാവാണെങ്കിൽ നമ്പ മനസ്സുക്കുള്ളാലെ അയിത്തവും, ജാതിയും, ഒക്കെ വിട്ടു പോക വേണ്ടും”.
അദ്ദേഹം പുതുതായി എത്തിയവരെ പരിചയപ്പെടും; അവർ കൊണ്ടുവരുന്ന പുതിയ വാർത്തകൾ കേൾക്കും. പൊതുവായ കാര്യങ്ങളെപ്പറ്റി വിശദീകരിക്കും.
“കോവിലിനുള്ളില് കക്കൂസ് ഇരിക്ക്. വഞ്ചിനാട്ടില് ആര് തീട്ടം കോരാൻ വരുന്നത്? ചക്കിളിയൻ തോട്ടി. എല്ലാരും ചെങ്കോട്ട ഊര്.. പച്ചേങ്കില്, ഉത്സവം വന്നാൽ തോട്ടിക്ക് അയിത്തം. കക്കൂസ് നിറഞ്ഞു നാറിയാലും തോട്ടിയെ കേറ്റിക്കൂടാതെ.. അയിത്തമാണത്രേ.. ഫൂ.. അയിത്തം നമ്പ
മനസ്സു വിട്ടേ പോകവേണം..ഇല്ലാമൽ ഏതുമേ നടക്കാത്..”
ഇംഗ്ലണ്ടിന്റെ തകർച്ചയായിരുന്നു മറ്റൊരു പ്രധാന ചർച്ചാ വിഷയം.
“ഒന്നാം ലോകമഹായുദ്ധം ലോകമേ മാറിപ്പോയി. ഇംഗ്ലണ്ട് ഇതുവരെ ലോകത്തിലെ ഏറ്റവും പെരിയ ശക്തിയായിരുന്നു. യുദ്ധത്തിൽ അവരുടെ ഏഴു ലച്ചം സൈനികർ കൊല്ലപ്പെട്ടു;
പതിനാലു ലച്ചം സൈനികർ ആശുപത്രിയിലായി. ഇന്നവർ കടക്കെണിയിലാണ്. അവരുടെ വീഴ്ച നമ്മുടെ സമരങ്ങൾക്ക് ആക്കം കൂട്ടും..”
ഭാരതത്തിന്റെ സ്വാതന്ത്രസമരത്തിന്റെ പുതു വാർത്തകൾ എല്ലാവരും ആവേശത്തോടെ കേട്ടു..
പഞ്ചാബ് കേസരി ലാലാ ലജ്പത് റായി ജയിൽ മോചിതനായി.
ലേഖനമെഴുതിയ കുറ്റത്തിന് ആറുവർഷം ജയിൽ ശിക്ഷയാണ് ഗാന്ധിജിക്ക് കിട്ടിയത്. എന്നാൽ അദ്ദേഹത്തിന് അപ്പെൻഡിസ് രോഗം മൂലം ശിക്ഷ കുറച്ചു ജയിലിൽ നിന്ന് വിട്ടു.
ബോംബയിൽ ഇംഗ്ലീഷുകാരുടെ ഒരു പുതിയ സ്‌മാരകം ഉണ്ടാക്കി. ഗേറ്റ് വേ ഓഫ് ഇന്ത്യ*
തിരുവിതാംകൂർ വാർത്തകൾ.. ശ്രീ മൂലം തിരുനാൾ മഹാരാജാവിനു സുഖമില്ല..അതിനു കാരണം രാവിലെയും വൈകിട്ടും പെരിയാർ രാമസ്വാമി കുളികഴിഞ്ഞു ശാപവാക്കുകൾ ചൊരിയുന്നതു കൊണ്ടാണെന്നൊരു പറച്ചിലുമുണ്ട്.
വൈക്കത്തു ഇണ്ടന്തുരുത്തിൽ നമ്പൂതിരിയുടെ ആൾക്കാർ സത്യാഗ്രഹികളെ ഇപ്പോഴും ഉപദ്രവിക്കുന്ന കഥകളാണ് കേൾക്കുന്നത്..
ഞായറാഴ്ച കൂടിക്കാഴ്ചകൾ അഞ്ചരക്ക് അവസാനിക്കും. പിന്നെ സെല്ലുകളിലേക്ക് മടക്കം .
തിങ്കളാഴ്ച കൃഷിപ്പണിക്കിടെ ലത്തീഫ് രണ്ടു മുളങ്കമ്പുകൾ അറ്റം കൂർപ്പിച്ചെടുക്കുന്നതു കണ്ടു. അരയിലൊളിപ്പിച്ചു വെക്കാൻ പാകത്തിൽ കൂർപ്പിച്ചെടുത്ത മുളങ്കമ്പുകൾ..
ചന്ദ്രൻ ചോദിച്ചു.
“ഇത് കൊണ്ടെന്താ പരിപാടി?”
“പുതിയ വിരുന്നുകാര് വന്നിട്ടുണ്ട്. ആറാം ബ്ലോക്കിൽ”
ചന്ദ്രന് മനസ്സിലായില്ല. വൈകുന്നേരം മുളങ്കമ്പുകൾ
കാന്റീനിൽ വെച്ച് ജയന്തന്റെ കൈകളിലെത്തിയത് പത്രോസ്
കണ്ടു. അയാൾ ജയന്തനോട് ഒന്നും ചോദിക്കാറില്ല..
ചന്ദ്രൻ പത്രോസിനോട് പറഞ്ഞു..
“ഇവന്മാര് എന്തോ ഒപ്പിക്കാൻ പോവുകയാണ്..”
ലത്തീഫിനോട് വീണ്ടും ചോദിച്ചപ്പോൾ പുതുതായി വന്ന വിരുന്നുകാരെപ്പറ്റി പറഞ്ഞു കൊടുത്തു..
ആറാം ബ്ലോക്കിലെ രണ്ടുപേരാണ് വിരുന്നുകാർ. ഒരു സ്ത്രീയെയും, അവരുടെ മകളേയും വീട്ടിൽ അതിക്രമിച്ചു കടന്ന് മാനഭംഗപ്പെടുത്തിയതാണ് കേസ്.
സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നവർക്ക് പരമ്പരാഗതമായി സ്വീകരണം കൊടുക്കുന്ന പതിവ് പൂജപ്പുരയിലുണ്ട്.
ലത്തീഫ് പിന്നീട് പറഞ്ഞു.
“അവരുടെ രോഗം മാറ്റാനുള്ള ചികിത്സയാണു മുളങ്കമ്പ്. അൽപനേരം അതിന്മേൽ ഇരിക്കുമ്പോൾ
രോഗശമനമുണ്ടാവും.. ഇങ്ങിനെ ചില പ്രയോഗങ്ങൾ തടവുമുറിക്കുള്ളിൽ നടക്കുന്നതൊക്കെ പോലീസുകാർക്ക് അറിയാമെങ്കിലും കണ്ണടക്കും”
ജയിൽ ഡോക്ടർ, ഗ്ലൗസ് വലിച്ചു മുറുക്കി, ആറാം ബ്ലോക്കിലെ വിരുന്നുകാർക്കു പിന്നിൽ പരിശോധിക്കാൻ വരും ദിവസങ്ങളിൽ ഇരിക്കുന്നതിനെ പറ്റി ചന്ദ്രൻ ഓർത്തു.
(തുടരും)
Reference
*ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമന്റെയും, റാണി മേരിയുടെയും 1911 ലെ
സന്ദർശനത്തിന്റെ ഓർമക്കായി ഉണ്ടാക്കിയ സ്മാരകം ‘Gate Way of India’, Bombay
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
ഒരു മാനിക്വിൻ കഥ – പരിണാമം
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission