വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 22
ഏബ്രഹാം ചാക്കോ
ദൂരെ കുന്നിൻ മുകളിലെ പള്ളിയുടെ തുഞ്ചത്തെ കുടമണി അടിച്ചു. മണിയടി ശബ്ദം കുന്നിന്റെ എല്ലാ ചരുവുകളിലേക്കും മുഴങ്ങിപറന്നു. വീണ്ടും ഒരു ഞായറാഴ്ച. കുഞ്ഞച്ചൻ ഓർത്തു. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്.
കുർബാന കഴിഞ്ഞു കുഞ്ഞച്ചനും, അന്നാമ്മയും അമ്മിണിയും വീട്ടിലേക്കു നടന്നു. ലീലാമ്മ സൺഡേ സ്‌കൂൾ കൂടിയിട്ടേ വരുകയുള്ളു.
“അപ്പച്ചാ, ചേച്ചിയെന്നാ വരുന്നേ ?..” അമ്മിണി ചോദിച്ചു.
“ശരിയാ, മാസം രണ്ടായില്ലേ?..” അന്നാമ്മ കൂട്ട് ചേർന്നു.
“കൊച്ചുവറീതിനെ കണ്ടിട്ടും കുറെ ആയില്ലേ?”
സമയം എത്ര പെട്ടെന്നാണ് പോകുന്നത്? യോഹന്നാൻ വീണ്ടും ഓർത്തു.
സാറാമ്മയെ കൊണ്ടാക്കുമ്പോൾ, രണ്ടാഴ്ചയെന്നാണ് കരുതിയത്. അവളുടെ അമ്മക്ക് സുഖമില്ലെങ്കിൽ പോയി സഹായിക്കുന്നത് നാട്ടുനടപ്പ്. പക്ഷെ രണ്ടു മാസം? സമയം എത്ര പെട്ടെന്നാണ് പോകുന്നത്!
“അച്ചായൻ കുന്നംകരിയിലേക്കൊന്നു പോ. വിവരങ്ങൾ അറിഞ്ഞു വരാവല്ലോ. സാറാമ്മയേം, കൊച്ചിനേം കൂട്ടി വാ..നമ്മുടെ പെണ്ണ് നമ്മുടെ വീട്ടിൽ നിക്കട്ടെ..”
അടുത്ത ദിവസം തന്നെ കുഞ്ഞച്ചൻ കുന്നംകരിക്കു പുറപ്പെട്ടു; കൂടെ പരമുവിനെയും കൂട്ടി. കടവിൽ പാപ്പി വള്ളത്തിൽ എന്തോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു. പാപ്പി കുഞ്ഞച്ചനോട് പണം വാങ്ങില്ല; നിർബന്ധിച്ചാൽ പറയും. “സാറക്കൊച്ചിന്റെ വീട്ടാരോട് ഞാൻ കാശു വാങ്ങില്ല..”
അപ്പച്ചനും, പരമുച്ചേട്ടനും വരുന്നത് കണ്ടു സാറാമ്മ കൊച്ചുവറീതിനെ ഒക്കത്തുവെച്ചു ഉമ്മറത്തേക്ക് വന്നു.
“അപ്പച്ചൻ രാവിലെ പുറപ്പെട്ടോ? അമ്മച്ചിയെകൂടെ കൊണ്ടൊരാരുന്നില്ലേ?”
കൊച്ചുവറീതിനെ കുഞ്ഞച്ചൻ എടുത്തു മടിയിലിരുത്തി
“നിന്റെ അമ്മക്ക് എങ്ങിനെയുണ്ടിപ്പോൾ?”
“കുറവുണ്ട് അപ്പച്ചാ .. ഞാൻ കുടിക്കാനെടുക്കാം..”
കാപ്പിയും പലഹാരങ്ങളും വന്നപ്പോഴും, പൊതുവേ ഒരു മ്ലാനത കുഞ്ഞച്ചൻ ശ്രദ്ധിച്ചു.
“എന്താ ഒരു ഏനക്കേട് പോലെ.. സുഖമില്ലേ..”
യോഹന്നാൻ എങ്ങിനെ പറയണമെന്ന് മനസ്സിൽ ആലോചിക്കുകയായിരുന്നു. എങ്ങനെയായാലും പറയാതെ വയ്യല്ലോ.
“കുഞ്ഞച്ചാ, നമുക്കിടയിൽ ഒരു മറവിന്റെ ആവശ്യമില്ല. പത്രോസിന്റെ കാര്യം നിങ്ങളെന്താ മറച്ചു വെക്കുന്നത്?”
കുഞ്ഞച്ചൻ കാപ്പിഗ്ലാസ്സ് താഴെ വെച്ചു. പത്രോസിന്റെ വിവരങ്ങളൊക്കെ ഇവിടെയും എത്തിയിരിക്കുന്നു..
“അവൻ ജയിലിലല്ലേ? എറണാകുളത്തെ ജയിലിലാണെന്നാണ് ഞങ്ങൾ അന്വേഷിച്ചപ്പോൾ കേട്ടത്. നാട്ടുകാര് പറഞ്ഞു വേണോ ഞങ്ങളിതു അറിയാൻ? രാജ്യദ്രോഹമാ കുറ്റം.. ഇനി അവനു ഇറങ്ങാൻ കഴിയ്യോ?”
കുഞ്ഞച്ചൻ പറ്റാവുന്ന രീതിയിൽ വിശദീകരിക്കാൻ ശ്രമിച്ചു
“ആരും ഒന്നും ഒളിച്ചുവെക്കാൻ നോക്കീല്ല. അതിന്റെ ആവശ്യോമില്ല. രണ്ടാഴ്ച മുൻപാണ് ഞാൻ വൈക്കത്തു പോയത്. അപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ആരും ഒളിച്ചു വച്ചില്ല; എന്നാലും കൊട്ടിഘോഷിക്കേണ്ട കാര്യവുമല്ല.. അവന്റെ അമ്മയോട് പോലും ഞാൻ പറഞ്ഞില്ല ഇതുവരെ..പെണ്ണുങ്ങള് ഇതൊക്കെ കേട്ട് തീ തിന്നാൻ തുടങ്ങും..”
“ഇല്ല കുഞ്ഞച്ചാ, ഇത് ഇതിലൊരു ശരികേടുണ്ട്. നിങ്ങടെ മോൻ തല തിരിഞ്ഞു പോയി. അവനിങ്ങനെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ, നമുക്കീ ബന്ധം ഉണ്ടാവുമായിരുന്നില്ല. എനിക്കെന്റെ മകളുടെ ഭാവിയാ വലുത്.”
കുഞ്ഞച്ചന്റെ ചെവികൾ രണ്ടും ചുവന്നു തുടങ്ങി. ഉഷ്ണമെടുക്കുന്നു.
“പത്രോസ് കോൺഗ്രസ്സ് പറഞ്ഞു പോകുമെന്നു ആര് കണ്ടു? ഈ ദേശം മുഴുവൻ തലങ്ങും വിലങ്ങും ചെറുപ്പക്കാർ ഖദറിട്ടു നടക്കുകാണ്. അടിച്ചു നന്നാക്കാവുന്ന പ്രായമല്ലല്ലോ..യോഹന്നാച്ചൻ വിഷമിക്കാതെ..സാറാമ്മയും കൊച്ചും വീട്ടിലോട്ടു പോരട്ടെ.. ഇന്നല്ലെങ്കിൽ നാളെ അവൻ വരും. നമുക്ക് ശ്രമിക്കാം..”
“കെട്ടിയോൻ ഇല്ലാത്ത വീട്ടിലേക്കു ഞാനെന്തിനാ എന്റെ മോളെ അയക്കുന്നത്? നിങ്ങക്ക് അടുക്കള വേല ചെയ്യാൻ ഞാനെന്റെ മോളെ അയക്കത്തില്ല..”
“അപ്പച്ചാ..” സാറാമ്മ അകത്തേക്ക് കയറി എന്തോ പറയാനൊരുങ്ങി
“നീ അകത്തേക്ക് പോ.. ഇവിടെ ആണുങ്ങൾക്ക് പറയാൻ ചില കാര്യങ്ങളുണ്ട്.. പോകാൻ..”
സാറ കണ്ണീരൊഴുക്കി അകത്തേക്ക് പോയി.
കുഞ്ഞച്ചന്റെ മുഖം ചുവന്നു. കൈവിരലുകൾ ചെറുതായി വിറക്കുവാൻ തുടങ്ങി. അയാൾ എഴുന്നേറ്റു.
“എടോ യോഹന്നാനെ, നിന്റെ വീട്ടിലിരുത്തി എന്നോട് അനാവശ്യം പറയല്ലേ..നിന്റെ പെണ്ണിനെ അടുക്കളജോലിക്കാനോടോ ഞങ്ങൾ കൊണ്ടുപോയത്? അവളെ വിളിച്ചു ചോദിക്ക്..നിങ്ങക്ക് അസൗകര്യം ആവുമെന്ന് ഓർത്തു അവളുടെ പേറെടുത്തതൊക്കെ നിങ്ങള് മറന്നു പോയോ?..”
“നിങ്ങടെ മകനെവിടേ ? അവനോടിവടെ വരാൻ പറ,, നിങ്ങള് ഒച്ച വെച്ചിട്ടു ഒരു കാര്യോമില്ല.”
ഏലിയാമ്മ എത്തിനോക്കി എന്തോ പറയാൻ വന്നു.. യോഹന്നാൻ ഒച്ചയെടുത്തു.
“സ്ത്രീകൾക്കെന്താ കാര്യം. പോ അകത്തു..”
“നിങ്ങടെ മോൻ സ്വയം നശിക്കാൻ ഇറങ്ങി തിരിച്ചത്, സമയത്തു നിയന്ത്രിക്കാൻ ആളില്ലാത്തോണ്ടായിരിക്കും..അതിന്റെ ഭാരം എന്റെ മോളുടെ തലയിൽ വെച്ചുകെട്ടേണ്ട എന്നാ ഞാൻ പറഞ്ഞത്.. നിങ്ങക്കും പെണ്മക്കളില്ലേ.. ചിന്തിച്ചു നോക്കാത്തതെന്താണ്?”
കുഞ്ഞച്ചൻ വാക്കുകൾക്കു വേണ്ടി പരതി. യോഹന്നാൻ തുടർന്നു
“ഈ രീതിയിൽ മുന്നോട്ടു പോകത്തില്ല; ഞാൻ എന്റെ മോളെ വിടത്തില്ല. അവക്ക് കഴിയാനുള്ള വകയൊക്കെ ഈ കുടംബത്തിലൊണ്ട് ..”
“യോഹന്നാച്ചാ, എറിഞ്ഞ കല്ലും, പറഞ്ഞ വാക്കും തിരിച്ചു കിട്ടത്തില്ല ..ദൈവത്തിനു നിരക്കാത്തത് പറഞ്ഞു ആ കൊച്ചിന്റെ ജീവിതം കളയല്ലേ.”
“ആദ്യം നിങ്ങള് നിങ്ങടെ മകനെ നേരെയാക്കു.. എന്റെ മോളുടെ കാര്യം ഞാൻ നോക്കട്ടെ. ഈ രീതിയിൽ ഈ ബന്ധം മുന്നോട്ടു പോകത്തില്ല..”
കുഞ്ഞച്ചൻ പിന്നെ ഇരുന്നില്ല. അയാൾ കുടയെടുത്തു മുറ്റത്തേക്കിറങ്ങി. പുറത്ത് പരമു നില്പുണ്ടായിരുന്നു.
“അപ്പച്ചാ, ചോറുണ്ടിട്ട് പോകാം”
സാറാമ്മയുടെ ക്ഷീണിച്ച ശബ്ദം പിന്നിൽ കേട്ടു.
കുഞ്ഞച്ചൻ തിരിഞ്ഞു നോക്കി. സാറാമ്മ , കൊച്ചുവറീതിനെ ഒക്കത്തു വച്ച് നിൽക്കുന്നു.
കുഞ്ഞച്ചന്റെ കണ്ണിലെ തീ കണ്ട് സാറാമ്മ പകച്ചു പോയി.
ഉച്ചവെയിൽ, ഉച്ചിയിലടിച്ചു തുടങ്ങി. കാലൻ കുട വീശി കുഞ്ഞച്ചൻ മുന്നിൽ നടന്നു. പരമു പിന്നിലും. കുഞ്ഞച്ചനോട് ഇപ്പോഴൊന്നും ചോദിക്കരുത് എന്ന് പരമുവിനറിയാം. ചാവടിയിൽ ഉച്ചത്തിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിൽ കരുതി ഇത് പത്രോസിനെപ്പറ്റി പറഞ്ഞാവും എന്ന്.
കടവിൽ പാപ്പന്റെ വള്ളമുണ്ടായിരുന്നു. അയാൾ വെള്ളത്തിലേക്ക് കമ്പു കുത്തി ഊന്നിയിട്ടു ചോദിച്ചു
“പെട്ടെന്ന് തന്നെ മടങ്ങുവാണോ ?”
കുഞ്ഞച്ചൻ മറുപടി പറഞ്ഞില്ല. അയാൾ ആറ്റിലെ വെള്ളത്തിലേക്ക് നോക്കിയിരുന്നു.
“തിരക്കുണ്ട്..” പരമു പറഞ്ഞു.
കുഞ്ഞച്ചനും സഹായിയും പെട്ടെന്ന് തിരിച്ചുവന്നത് പാപ്പി ശ്രദ്ധിച്ചു. ഊണ് കഴിച്ചിരിക്കാൻ ഇടയില്ല. സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും മനസ്സ് ഇളകുമ്പോഴും, കരയുമ്പോഴും കൂട്ടുകൂടാൻ പറ്റിയ സ്ഥലമായി എല്ലാവരും അംഗീകരിക്കുന്ന സ്ഥലമായിരുന്നു അക്കരയിലെ കള്ളു ഷാപ്പ്.
“ഇവുടുത്തെ ഷാപ്പിൽ കറികളൊക്കെ ബഹുകേമമാണ്.. ഊണ് കഴിച്ചിട്ടില്ലെങ്കിൽ ഒന്ന് കയറി നോക്കിക്കോളൂ.. കുന്നംകരീല് വന്നിട്ട് ഇവിടെ കേറാതെ പോവുന്നവരില്ല. ഇത്രടം വന്നതെല്ലേ.”
പരമു കുഞ്ഞച്ചനെ നോക്കി. ഉച്ചയൂണിന്റെ സമയമാണ്..അങ്ങിനെയാവാം എന്ന് കുഞ്ഞച്ചൻ തീരുമാനിച്ചു.
മണിമലയാറ്റിൽ ആറ്റിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ‘നിന്നുമുള്ളിപ്പാറ’ വെള്ളച്ചാട്ട*ത്തിൽനിന്നു എത്ര ദൂരം ഒഴുകിയാണ് ഈ വെള്ളം ഇവിടെയെത്തിയിരിക്കുന്നത്. വരിവരിയായി തെങ്ങുകൾ ആറ്റുതീരത്തു തലതാഴ്ത്തി കുനിഞ്ഞു നിൽക്കുന്നു.
മൺകുടങ്ങളിൽ തെങ്ങിൻ കള്ള് വന്നു. പിന്നാലെ കപ്പയും, ഇലയിൽ പൊള്ളിച്ച കരിമീനും, കുരുമുളകരച്ചിട്ട താറാവു കറിയും. രണ്ടാമത്തെ കുടം കാലിയായപ്പോൾ, കുഞ്ഞച്ചന്റെ മുഖം അയഞ്ഞു.
“എടോ പരമു, മക്കളുടെ തന്തയില്ലാഴികക്ക്, ഈ പ്രായത്തിൽ നമ്മൾ മറ്റുള്ളവരുടെ തിണ്ണയിലിരുന്ന് അവരുടെ പഴി കേൾക്കേണ്ട ഗതിയായി..”
പരമു അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുക്കാറില്ല. അയാളുടെ അഭിപ്രായം മിതമായി പറയും. അതുകൊണ്ടു തന്നെയാണ് കുഞ്ഞച്ചൻ ഇപ്പോഴും പരമുവിനെ യാത്രക്ക് കൂടെ കൂട്ടുന്നത്.
“അങ്ങിനെയൊന്നും കാണേണ്ട.. ചെറുപ്രായത്തിൽ നമ്മളും എന്തൊക്കെ അബദ്ധങ്ങളിൽ ചാടിയിരിക്കുന്നു. അന്ന് ആരെങ്കിലും പറഞ്ഞാൽ നമ്മൾ അംഗീകരിക്കുമോ? പ്രായമായവർ അറിഞ്ഞും കേട്ടും അതൊക്കെ നേരെയാക്കിയെടുക്കണം.”
“ഒരു തെണ്ടീന്റെയും വായിലിരിക്കുന്നതു കേൾക്കാൻ ഈ കുഞ്ഞച്ചനെ കിട്ടത്തില്ല ..”
പരമു മൂന്നാമത്തെ കുടവും മൺകോപ്പയിലേക്കു വീഴ്ത്തി. നാലാളുടെ ആരോഗ്യമുള്ള ശരീരമാണ് അയാളുടേത്. മണ്ണിൽ നിരന്തരം അധ്വാനിച്ചു ഉറച്ച ശരീരം. അയാളുടെ ഓരോ ചലനങ്ങളിലും, പേശികൾ ഉരുണ്ടു കളിച്ചു.
അവർ ഇരുന്നിരുന്ന പലകയടിച്ചുണ്ടാക്കിയ സ്വകാര്യമുറിയുടെ പുറത്തു അഞ്ചാറ് പണിക്കാർ ഉച്ചത്തിൽ സംസാരിക്കുകയും, ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ചിരി എപ്പോഴോ മേശമേൽ താളം പിടിക്കലായി മാറി. പിന്നാലെ ആരോ പാട്ടും തുടങ്ങി..
“മോതിരവും കടുക്കനും
അരഞ്ഞാണവും വിറ്റേ
ഞാൻ ഒടുക്കലത്തെ
കുടികുടിച്ചെൻ കടവുളേ”
എല്ലാവരും താളം തട്ടി കൂടെ ചേർന്നു
“താന്താനനാ താനന
താന്താനനാ താനന
തന്താന താന താന തന്തനാ..”
ഗായകൻ തുടർന്നു
“ഇന്ന് കുടി നിറുത്തും,
ഇന്ന് കുടി നിറുത്തും
ഇന്നും കൂടി കുടിക്കും കടവുളേ….
ഒരിക്കലും ഞാൻ കുടിക്കയില്ലാ കടവുളേ ”
മേശയിൽ തട്ടിത്താളം ഉച്ചത്തിലായി. മേശകളും കുടങ്ങളും വിറക്കുന്നു.
“താന്താനനാ താനന
താന്താനനാ താനന
തന്താന താന താന തന്തനാ..”
പാട്ടിന്റെ ഓളത്തിൽ, കുഞ്ഞച്ചനും പരമുവും, അവരുടെ മേശയിൽ താളം കൊട്ടി.
(തുടരും)
Reference
*വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, മണിമലയാറിന്റെ ഉത്ഭവം
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
ഒരു മാനിക്വിൻ കഥ – പരിണാമം
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission