Skip to content

ധ്രുവൻ – The Niyogi – 8

dhruvan

അവൻ വരും… പെറ്റമ്മ തള്ളി പറഞ്ഞാലും അവന്റെ നിയോഗം അവന് പൂർത്തിയാക്കിയേ മതിയാകൂ… അവൻ തിരിച്ചു വരും… ധ്രുവൻ തിരിച്ചു വരും….

സഹ്യാദ്രി അങ്ങനെ പുലമ്പി കൊണ്ടിരിക്കുന്ന സമയത്ത് നന്ദ തിരിച്ചു നടന്നു…

പ്രതീക്ഷ നശിച്ചവളെ പോലെ തന്റെ അനിവാര്യമായ വിധിയെ തേടി അവൾ നടന്നകന്നു…..

ഇതേ സമയം ക്രൂരതയുടെ പര്യായമായ ഹിരണ്യൻ എന്ന തന്റെ ഉടയോനെ തേടി അവൾ എത്തി…

അമന്യ…..

ഇരുട്ടിന്റെ ശക്തികൾ ധ്രുവന് വേണ്ടി കരുക്കൾ നീക്കി തുടങ്ങിയിരുന്നു….

ഇതൊന്നും അറിയാതെ വിമലന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ, സ്വന്തം മകനിൽ വിശ്വാസം നഷ്ടപ്പെട്ട നന്ദ ഭ്രാന്തെടുത്തത് പോലെ ഹിരണ്യനെ തേടി ആ കാട്ടിലൂടെ അലഞ്ഞു…

             *******************

തന്റെ ആശ്രമമുറ്റത്ത് പടിഞ്ഞാറൻ ചക്രവാളത്തിലെ അസാമാന്യ തിളക്കമുള്ള ഒരു നക്ഷത്രത്തെ മാത്രം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു ഫാദർ അമ്പലക്കാടൻ……

ആ രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുമായിരുന്നില്ല……

നിയോഗിപ്പടയുടെ കാവൽക്കാരന്റെ ശരിക്കുമുള്ള അഗ്നിപരീക്ഷ നാളെ സൂര്യൻ ഉദിക്കുമ്പോൾ തന്നെ തുടങ്ങുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു….

ഹിരണ്യൻ….

ധ്രുവന്റെ ആദ്യശത്രു…

അവന്റെ ബുദ്ധിയും ശക്തിയും ചിന്തകൾക്കും അപ്പുറമാണ്…. വരാൻ പോകുന്ന ഓരോ സംഭവങ്ങളും മുൻകൂട്ടി കാണുന്നത് പോലെ കൃത്യമായ പദ്ധതികൾ അവൻ ധ്രുവന് വേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നു ഫാദറിന് വ്യക്തമായി അറിയാമായിരുന്നു…

പക്ഷെ ധ്രുവൻ…

കരുത്തനായ ആ നിയോഗിയിൽ ഫാദറിന് വിശ്വാസമായിരുന്നു… എങ്കിലും ചഞ്ചലചിത്തനാണ് ധ്രുവൻ… അവന്റെ മനസ്സ് പൂർണമായും ഒരു നിയോഗിയുടേതായി പാകപെട്ടിട്ടില്ല… അത് തന്നെയാണ് ആ വൈദികന്റെ ഉറക്കം കളയുന്നതും…..

ഒരു നിമിഷം…. ഒരു നിമിഷത്തേക്ക് ധ്രുവന്റെ മനസ്സൊന്നു പതറി പോയാൽ.. പകരം നൽകേണ്ടി വരിക അവന്റെ ജീവൻ മാത്രമല്ല… ഈ പ്രപഞ്ചത്തിലെ നന്മകൾ തന്നെയായിരിക്കും…

ഹിരണ്യൻ ധ്രുവന് മേൽ വിജയം കൈ വരിച്ചാൽ… ധ്രുവൻ ഇല്ലാതെ ആയാൽ… അത് ഈ പ്രപഞ്ചത്തിലെ തിന്മയുടെ ആദ്യവിജയം…

സംഭവിക്കാൻ പാടില്ല… സഹ്യാദ്രി അവിടെ ധ്രുവന് കൂട്ടിനുണ്ട്… സേനാപതിയും പുറപ്പെട്ടു കഴിഞ്ഞു…. എങ്കിലും എവിടെയോ ഒരു ഉൾഭയം പോലെ… നന്മയുടെ പോരാളികൾക്ക് ധ്രുവൻ എന്താണോ… അത് പോലെ തന്നെയാണ് ഇരുട്ടിന്റെ കരുത്തന്മാർക്ക് ഹിരണ്യൻ…

തന്റെ വലത് കയ്യിലിരുന്ന ജപമാലയിൽ മുറുക്കി പിടിച്ചു കൊണ്ട് ഫാദർ വീണ്ടും പടിഞ്ഞാറൻ ആകാശത്തേക്ക് നോക്കി…

കറുത്തൊരു കാർമേഘം തിളങ്ങി നിന്നിരുന്ന നക്ഷത്രത്തിന്റെ പ്രകാശത്തെ മറച്ചിരിക്കുന്നു… ഫാദർ ഞെട്ടലോടെ ആശ്രമത്തിന്റെ അകത്തേക്ക് കുതിച്ചു… അവിടെ കത്തിച്ചു വെച്ചിരുന്ന മെഴുകു തിരികൾക്ക് പിന്നിലുണ്ടായിരുന്ന ക്രൂശിതരൂപത്തിന്റെ നെഞ്ചിലെ തിരുമുറിവിൽ ചുവപ്പ് രാശി പടർന്നിരിക്കുന്നു…

എന്റെ പിതാവേ….. നീയും കൈവിടുകയാണോ എന്റെ കുട്ടികളെ….?

ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്നു വന്ന ഒരു നിലവിളിയോടെ ഫാദർ ആ ക്രൂശിതരൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി….

             **********************

ചന്ദ്രമുടി……

കുന്നിൻമുകളിലെ പാറയിൽ… വിദൂരതയിലേക്ക് നോക്കി നിർന്നിമേഷനായി ഹിരണ്യൻ നിന്നു…

പടിഞ്ഞാറേ ദിക്കിൽ നിന്നും വീശിയടിച്ച കാറ്റിൽ അവന്റെ സട പാറിപറക്കുന്നുണ്ടായിരുന്നു…

അവന്റെ തൊട്ടു താഴെ നിന്നുകൊണ്ട് അമന്യയും മായനും നിപുണനും അതിലും താഴെയായി ചെന്നായകൂട്ടവും ഹിരണ്യനെ തന്നെ നോക്കി നിന്നു…

നമ്മുക്ക് ചുറ്റുമുള്ള ഈ അന്ധകാരം നിങ്ങൾ കണ്ടോ….? എത്ര മനോഹരമാണ് പ്രകാശം ഇല്ലാത്ത… ഇരുട്ട് മാത്രം നിറഞ്ഞ ഈ രാത്രി… ഇതാണ് നമ്മുക്ക് വേണ്ടത്… അന്ധകാരം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ലോകം…

ഹിരണ്യൻ മെല്ലെ പറഞ്ഞത് കേട്ട് മായൻ അമന്യയുടെ മുഖത്തേക്ക് നോക്കി… അവൾ ഹിരണ്യന്റെ മുഖത്തേക്കു മാത്രം ശ്രദ്ധിച്ചു നിൽക്കുയാണ്… ഹിരണ്യൻ മെല്ലെ തിരിഞ്ഞ് അവർക്ക് അഭിമുഖമായി നിന്നു…

നാളത്തെ പോരാട്ടത്തിൽ എനിക്ക് ധ്രുവനെ ജയിക്കണം… ജയിച്ചേ പറ്റു… പക്ഷെ അതത്ര എളുപ്പമുള്ള കാര്യമല്ല… അവൻ കരുത്തനാണ്… അവനെ കീഴ്പ്പെടുത്താൻ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്…. നമ്മുടെ പദ്ധതികളിൽ അണുവിട വ്യത്യാസം വന്നാൽ പിന്നെ നമ്മൾ ആരും ജീവനോടെ ബാക്കിയുണ്ടാകില്ല….

ഹിരണ്യൻ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം നോക്കി….

സഹ്യാദ്രി പോരാട്ടഭൂമിയിലെത്താതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എല്ലാം ഞാൻ കൃത്യമായി ചെയ്തിരിക്കും…

നിപുണൻ മുന്നിലേക്ക് വന്നുകൊണ്ട് ഹിരണ്യനെ അറിയിച്ചു….

സേനാപതിയെയും സംഘത്തെയും നീലിമലകാട്ടിൽ വെച്ചു തടഞ്ഞു നിർത്തുക തന്നെ ചെയ്യും… അത് അവിടുത്തെ ചെന്നായകൂട്ടത്തെ പറഞ്ഞു ഏർപ്പാടാക്കിയിട്ടാണ് ഞാൻ പോന്നത്…

തന്നെ നോക്കിയ ഹിരണ്യന്റെ അടുക്കൽ അമന്യ അറിയിച്ചു…. ഹിരണ്യന്റെ നോട്ടം മായനിലേക്കായി…

നന്ദ കാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്… നാളത്തെ പോരാട്ടഭൂമിയിൽ നന്ദ എത്തുകയാണെങ്കിൽ ബാക്കി കാര്യം ഈ മായൻ ചെയ്യും….

മായൻ മുരണ്ടു….

അവൾ എത്തും മായൻ… നാളെ എല്ലാത്തിനും അവസാനം കുറിക്കുന്ന ദിവസം തന്നെയാണ്….

അത് വരെ നിസ്സംഗഭാവത്തിലായിരുന്ന ഹിരണ്യന്റെ മുഖഭാവം അത് പറഞ്ഞപ്പോഴേക്കും പൈശാചികമായ ഭാവത്തിലേക്ക് മാറി കഴിഞ്ഞിരുന്നു….

            *********************

നീലിമലക്കാട്‌….

നീലിമലക്കാട്ടിലെ ചെന്നായകൂട്ടത്തിന്റെ നേതാവ് ഒരു പെണ്ണായിരുന്നു….

നേത്ര…..

വലിപ്പത്തിലും ശൗര്യത്തിലും കൂട്ടത്തിലെ ഏതൊരു ആണിനേക്കാളും മുകളിൽ തന്നെയായിരുന്നു അവളുടെ സ്ഥാനം…

അവളും സേനാപതിയും നേർക്കുനേർ…മുഖാമുഖം നിൽക്കുകയായിരുന്നു…

നേത്ര… എനിക്ക് പോകണം… പോയെ പറ്റൂ…  എന്നെ തടയാൻ നിൽക്കരുത്…. ഞാൻ പറഞ്ഞു കഴിഞ്ഞു… എന്റെ ലക്ഷ്യം ചന്ദ്രമുടിയാണ്…

നിങ്ങൾക്ക്  പിന്നിൽ മനുഷ്യർ വരുന്നുണ്ട് വേട്ടപ്പട്ടി….. നീലിമലയുടെ ഉള്ളിലേക്ക് മനുഷ്യർക്ക് വഴികാട്ടിയാകുവാൻ നിന്നെ ഞങ്ങൾ അനുവദിക്കില്ല…

സേനാപതി പറഞ്ഞതിന് നേത്ര മറുപടി കൊടുത്തു…

എനിക്ക് പോയെ പറ്റൂ…. അതിന് നിന്നെ കൊല്ലേണ്ടി വന്നാൽ അതും ഈ സേനാപതി മടികൂടാതെ ചെയ്യും…. പക്ഷെ സമയം കുറവാണു എനിക്ക്… മാറി നിൽക്ക്…

സേനാപതി നേത്രയുടെ നേർക്ക് മുരണ്ടു….

നീലിമലക്ക് അകത്തേക്ക് വേട്ടപ്പട്ടികളെ കടത്തിവിടില്ല എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലായില്ല എന്നുണ്ടോ…?

നേത്രയും രണ്ടും കല്പിച്ചു സേനാപതിയുടെ മുൻപിൽ നിന്നു…

പെട്ടെന്ന് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നും രാവിൽ മരക്കൊമ്പുകളുടെ സുരക്ഷിതത്വത്തിൽ ചേക്കേറിയിരുന്ന പക്ഷികൾ കലപില കൂട്ടി പറന്നകലുന്ന ശബ്ദം കേട്ട് നേത്രയും സേനാപതിയും അങ്ങോട്ടേക്ക് നോക്കി….

അധികം കാത്ത് നിൽക്കേണ്ടി വന്നില്ല….

ഇരുളിൽ തീപൊട്ടുകൾ പോലെ അഗ്നി ജ്വലിക്കുന്ന രണ്ട് മിഴികൾ അവർ കണ്ടു….

മിത്രൻ…..

ഒരേ സമയത്ത് സേനാപതിയും നേത്രയും ഒരുപോലെ ആ പേര് പറഞ്ഞു….

മിത്രൻ അവർക്കരികിലേക്കെത്തി…. അവൻ സേനാപതിയെ സസൂക്ഷ്മം നീരിക്ഷിച്ചു…

വേട്ടനായ…..

സേനാപതിയുടെ തൊട്ടരികിൽ വരെ തന്റെ മുഖം എത്തിച്ചു കൊണ്ട് മിത്രൻ മുരണ്ടു….

അതെ മിത്രൻ…. വേട്ടനായ…. ഇവന്റെ പുറകെ മനുഷ്യരും ഉണ്ടാകും…. ഇവർ വഴികാട്ടികളാണ്…

നേത്ര പറഞ്ഞത് കേട്ട് മിത്രൻ വീണ്ടും സേനാപതിയുടെ നേർക്ക് തിരിഞ്ഞു….

ഈ കാട്ടിലേക്ക് നിങ്ങൾക്ക് പ്രവേശനമില്ല… മടങ്ങി പോകൂ…

മിത്രൻ സേനാപതിയുടെ നേർക്ക് നോക്കി കൊണ്ട് വീണ്ടും മുരണ്ടു….

അങ്ങ് ക്ഷമിക്കണം… മടങ്ങി പോകാൻ സാധിക്കില്ല… ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ചന്ദ്രമുടികാട്ടിൽ എത്തണം… എത്തിയേ തീരൂ….

ചന്ദ്രമുടി…..

വീണ്ടും വീണ്ടും ആ പേര് താൻ കേൾക്കുന്നു… എന്തോ ഒരു നിമിത്തം പോലെ…

ജീവിതത്തിൽ എപ്പോഴോ വളരെ യാദൃച്ഛികമായി തന്റെ ജീവിതത്തിലേക്കു കടന്ന് വന്ന പേര്…. ചന്ദ്രമുടി…

ഇപ്പോൾ വീണ്ടും വീണ്ടും ആ പേര് തന്റെ മുൻപിലേക്ക് എത്തുന്നു…

മിത്രൻ സേനാപതിയുടെ നേർക്ക് തന്റെ നോട്ടമെറിഞ്ഞു….

ചന്ദ്രമുടികാട്ടിൽ നിനക്ക് എന്താണ് കാര്യം…?

എന്റെ മിത്രം അവിടെയുണ്ട്…. അവൻ ആപത്തിലാണ്… ഇപ്പോൾ അവന് ഞങ്ങളുടെ സഹായം ആവിശ്യമുണ്ട്…

അവിടെ നിനക്കാരാണ് മിത്രമായിട്ടുള്ളത്…?

ധ്രുവൻ എന്നാണ് അവന്റെ പേര്….

സേനാപതി ആ പേര് പറഞ്ഞതും മിത്രൻ ഒരു നിമിഷത്തേക്ക് നിശബ്ദനായി…

തൊട്ടു മുൻപത്തെ പകൽ തന്റെ മുൻപിൽ നിന്നും നടന്നകന്ന തന്റെ പുത്രൻ… അവൻ പറഞ്ഞ കാര്യങ്ങൾ എല്ലാം മിത്രന്റെ ഓർമയിൽ തെളിഞ്ഞു….

മിത്രൻ സേനാപതിയുടെ കണ്ണുകളിലേക്ക് നോക്കി… തന്റെ എതിരെ നിൽക്കുന്നത് ഒരു കടുവയാണെന്നുള്ള ഒരു ഭാവവും അവന്റെ കണ്ണുകളിൽ ഇല്ല… എന്ത് വന്നാലും നേരിടാനുറച്ചവന്റെ കണ്ണുകളിൽ മാത്രം കാണുന്ന തിളക്കമാണ് സേനാപതിയുടെ കണ്ണുകളിൽ മിത്രന് കാണുവാൻ സാധിച്ചത്…

ധ്രുവൻ തന്നോട് പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഈ നായക്കുട്ടിയെ അവിശ്വസിക്കേണ്ട കാര്യമില്ല…. അങ്ങനെയെങ്കിൽ ചന്ദ്രമുടിയിൽ കാര്യമായതെന്തോ സംഭവിക്കുന്നുണ്ട്… നന്ദയും ധ്രുവനും വലിയൊരു അപകടത്തെ തന്നെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്…. താൻ ഇപ്പോൾ അവർക്കൊപ്പം വേണം…

മിത്രൻ ഒരുവട്ടം കൂടി ആലോചിച്ചു…. അതാണ് ശരി… ഇപ്പോൾ മിത്രന്റെ ആവശ്യം ചന്ദ്രമുടിക്കാണ്…

ശരി നിനക്ക് പോകാം… നിന്റെ ഒപ്പം ഞാനുമുണ്ട്….

മിത്രൻ പറഞ്ഞത് കേട്ട് സേനാപതിയുടെ മുഖം തെളിഞ്ഞു… പക്ഷെ നേത്ര നടുങ്ങി പോയി…

സേനാപതിയെ എങ്ങനെയും കുറച്ചു സമയം തടഞ്ഞു നിർത്താൻ കഴിയുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു… പക്ഷെ മിത്രൻ….

ഉള്ളിൽ സംശയം ഉണ്ടായിരുന്നിട്ടും അവൾ അതിനായി ഒരു ശ്രമം നടത്തി നോക്കാൻ തന്നെ തീരുമാനിച്ചു…

മിത്രൻ… അങ്ങ് എന്താണ് ഈ പറയുന്നത്….? നീലിമലയെ വലിയൊരു അപകടത്തിലേക്ക് നയിക്കുകയാണ് അങ്ങ് ചെയ്യുന്നത്… ക്ഷമിക്കണം.. കാടിന്റെ രക്ഷക്കായി ഇപ്പോൾ അങ്ങയെ എതിർക്കണമെങ്കിൽ അതിനും ഞങ്ങൾ തയ്യാർ….

നേത്ര പറഞ്ഞു തീർന്നതും മിത്രൻ അവളുടെ നേർക്ക് തിരിഞ്ഞു….

അതിനുള്ള ധൈര്യം നിനക്കുണ്ടോ നേത്ര….?

മിത്രന്റെ മുഖം ചുട്ടുപഴുത്ത ഇരുമ്പ് പോലെ ആയി മാറിയിരുന്നു…

ധൈര്യമുണ്ടെങ്കിൽ തയ്യാറാകൂ…. നീലിമലക്കാടിന്റെ അധിപനായ ഞാൻ പോരാട്ടത്തിന് തയ്യാർ….

ഒരടി മുൻപോട്ടു വെച്ചുകൊണ്ട് മിത്രൻ അലറി…. ജീവിതത്തിൽ ഭയം എന്തെന്നറിയാത്ത സേനാപതി പോലും കരുത്ത് നിറഞ്ഞ ആ ഗർജ്ജനത്തിൽ നടുങ്ങി പോയി….

നേത്ര ഭയന്ന് പിന്നിലേക്ക് മാറി…. മിത്രൻ വീണ്ടും അവളുടെ നേർക്ക് നടന്നടുത്തു…. രണ്ടും കല്പിച്ചു തന്റെ നേരെ നടന്നടുക്കുന്ന മിത്രനെ ഭയന്ന് അവൾ പിന്തിരിഞ്ഞോടി… പുറകെ മറ്റുള്ള ചെന്നയ്ക്കളും…

മിത്രൻ തിരിഞ്ഞു സേനാപതിയെ നോക്കി….

പുറപ്പെടാം….?

ചോദ്യഭാവത്തിൽ തല ഉയർത്തി നിൽക്കുന്ന കരുത്തനായ ആ വ്യാഘ്രത്തോട് തന്റെ ഉള്ളിൽ ഒരാരാധന മുളപൊട്ടുന്നത് സേനാപതി അറിഞ്ഞു…

പുറപ്പെടാം…

സേനാപതി മറുപടി കൊടുത്തതും…. അവർ യാത്ര തുടങ്ങി….

ധ്രുവൻ എന്ന നിയോഗിയുടെ ആദ്യപരീക്ഷണശാലയായ ചന്ദ്രമുടികാട്ടിലേക്ക്….

             *******************

വരാൻ പോകുന്ന ചോരക്കളികളുടെ വിളംബരം എന്നവണ്ണം അരുണവർണ്ണത്തിൽ ബാലകനായ സൂര്യൻ കിഴക്കൻ മലനിരകൾക്ക് അപ്പുറത്ത് നിന്നും തല നീട്ടി തുടങ്ങി….

പ്രഭാതത്തിന്റെ ശബ്ദമുഖരിതയിലേക്ക് ചന്ദ്രമുടി ഉണർന്നു….

ആനകൂട്ടം വിശ്രമിക്കുന്ന സ്ഥലത്തു രണ്ട് ചെന്നായ കുട്ടികൾ പതുങ്ങി നിന്നു…

അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല…

രേണു എന്ന് പേരുള്ള കുട്ടിയാന അവരുടെ പക്കലേക്ക് ഓടിയെത്തി…

രേണൂ… നീയല്ലേ കഴിഞ്ഞ ദിവസം കരിമ്പ് തിന്നണമെന്നു പറഞ്ഞത്… ഒറ്റപാറക്കടുത്ത് ഇഷ്ടം പോലെ കരിമ്പുചെടികൾ ഉണ്ട്…. നീ വന്നാൽ വേഗം നമുക്ക് കരിമ്പ് ഒടിച്ച് തിരിച്ചു വരാം…

ചെന്നായ കുട്ടികളിൽ ഒരുവൻ ആ കുട്ടിയാനയോട് പറഞ്ഞു…

അവൻ പറഞ്ഞത് കേട്ട് അവൾക്ക് ആദ്യം ഒരു സന്തോഷം തോന്നിയെങ്കിലും പിന്നെ സംശയത്തോടെ ആലോചിച്ചു നിന്നു…

നീ എന്താ ആലോചിക്കുന്നത്….?

നിങ്ങളുടെ കൂടെ കൂട്ടുകൂടുന്നതിന് ഇന്നലെയും സഹ്യാദ്രി മാമൻ വഴക്ക് പറഞ്ഞു… ഞാൻ ഇപ്പോൾ നിങ്ങളുടെ കൂടെ വന്നാൽ….?

അവൾ സന്ദേഹത്തോടെ പറഞ്ഞു നിർത്തി…

രേണൂ.. ഞങ്ങൾക്ക് കരിമ്പ് ഒടിക്കാനുള്ള കരുത്തില്ല… അല്ലെങ്കിൽ ഇവിടെ കൊണ്ട് തരുമായിരുന്നു… നിനക്ക് വേണമെങ്കിൽ വാ… പിന്നെ മുതിർന്നവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ട്… അതുകൊണ്ടാണ് ഞങ്ങളുമായി കൂട്ട് കൂടുന്നതിന് അവർ വഴക്ക് പറയുന്നത്… ഞങ്ങളോടും പറഞ്ഞിട്ടുണ്ട് നിന്നോട് കൂട്ടുകൂടരുതെന്ന്…. എന്നിട്ടും ഞങ്ങൾ മുതിർന്നവരുടെ കണ്ണ് വെട്ടിച്ചു നിന്നെ കാണാൻ വരുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്…. നീ ഒരു ആഗ്രഹം പറഞ്ഞു… എത്ര അന്വേഷിച്ചിട്ടാണ് ഞങ്ങൾ അത് കണ്ട് പിടിച്ചതെന്ന് അറിയാമോ….?

ചെന്നായകുട്ടികൾ പറഞ്ഞത് കേട്ട് രേണു ഒരു നിമിഷം ഒന്ന് ആലോചിച്ചു നിന്നു…. ചെന്നായകുട്ടികൾ പരസ്പരം നോക്കി…

നിനക്ക് വേണമെങ്കിൽ വാ…. അവരെല്ലാം എഴുന്നേൽക്കും മുൻപ് നമ്മുക്ക് തിരിച്ചെത്താം…

അത്രയും പറഞ്ഞു ചെന്നായകുട്ടികൾ തിരിച്ചു നടന്നു…

രേണു ഒരു നിമിഷം ചിന്തിച്ചു നിന്നു… അവളുടെ പിഞ്ചു മനസ്സിൽ ശരിതെറ്റുകൾ തമ്മിലുള്ള ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു…

ഒരു വശത്ത് കരിമ്പിനോടുള്ള അടങ്ങാത്ത കൊതിയും സ്വന്തം ചങ്ങാതിമാരോടുള്ള സ്നേഹവും…. മറുവശത്ത് സ്വന്തം സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയവും…. ഇപ്പോൾ പോകുന്നത് അറിഞ്ഞാൽ മുതിർന്നവരിൽ നിന്നും ഉണ്ടാകുന്ന പ്രതികരണത്തെ കുറിച്ച് ഓർത്തുള്ള പേടിയും…

അവസാനം എല്ലാ കുട്ടികളെയും പോലെ അവളുടെ മനസ്സും കൂട്ടുകാരുടെയും കരിമ്പിന്റെയും പുറകെ പോകാൻ അവളെ പ്രേരിപ്പിച്ചു…

അവൾ തിരിഞ്ഞ് ഒന്നുകൂടി തന്റെ കൂട്ടത്തിലേക്ക് നോക്കി… ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ ചെന്നായകുട്ടികളുടെ പുറകെ ഓടി….

അകലെ മറഞ്ഞിരുന്ന നിപുണന്റെ മുഖത്ത് പദ്ധതികളെല്ലാം കൃത്യമായി നടക്കുന്നതിന്റെ വിജയഭാവം ആയിരുന്നു….

തിന്മ അതിന്റെ എല്ലാ ആയുധങ്ങളും എടുത്ത് പോരാടാൻ തുടങ്ങിയിരുന്നു…. അവരുടെ ലക്ഷ്യം ഒന്ന് മാത്രം…

ധ്രുവൻ എന്ന നന്മയുടെ ഏറ്റവും കരുത്തനായ പോരാളി…. അതിന് വേണ്ടി കളങ്കം എന്തെന്നറിയാത്ത പിഞ്ചുമനസ്സുകളെ പോലും ആയുധങ്ങളാക്കി അവർ അവന് വേണ്ടി കെണിയൊരുക്കി….

തനിക്ക് വേണ്ടി ഒരുങ്ങുന്ന ചതികുഴികളുടെ ആഴവും പരപ്പും വ്യക്തമായി അറിയാതെ ചന്ദ്രമുടിയുടെ രാജകുമാരൻ നീണ്ടൊരു ഇടവേളക്ക് ശേഷം ജനിച്ച മണ്ണിൽ കാല് കുത്തി…

തന്റെ ഉടയോൻ തിരിച്ചെത്തിയതിൽ ചന്ദ്രമുടിയുടെ ഓരോ തരി മണ്ണും ആഹ്ലാദിക്കുന്നത് പോലെ തോന്നി….

വളരെ നാളുകൾക്ക് ശേഷം കുളിർമയുള്ള ഒരു കാറ്റു ചന്ദ്രമുടിയെ തഴുകി കടന്നു പോയി…..

ഒരുപാട് നാളുകൾക്ക് ശേഷം ആ പ്രഭാതത്തിനു ഒരു സൗന്ദര്യമുണ്ടെന്നു ധ്രുവന് തോന്നി…

അവൻ മെല്ലെ കാടിന്റെ ഉള്ളിലേക്ക് കടന്നു…

എന്റെ മണ്ണ്…. എന്റെ കാട്….

ധ്രുവന്റെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി…

സന്തോഷം കൊണ്ട് അവൻ ഉറക്കെയൊന്ന് ഗർജ്ജിച്ചു….. വീണ്ടും വീണ്ടും അവന്റെ ഗർജ്ജനം ചന്ദ്രമുടിയിൽ മുഴങ്ങി….

തുടർന്ന് അവൻ എന്തോ പ്രതീക്ഷിച്ചു നിശബ്ദനായി… നന്ദയുടെ മറുഗർജ്ജനം പ്രതീക്ഷിച്ചു നിന്ന അവനെ നിരാശനാക്കി കൊണ്ട് കനത്ത നിശബ്ദത മാത്രമാണ് അവന് പ്രതികരണമായി ലഭിച്ചത്….

അവൻ വീണ്ടും ഒന്ന് കൂടി ഗർജ്ജിച്ചു… ഇത്തവണ ധ്രുവൻ എന്ന ആൺകടുവയുടെ സകല കരുത്തും നിറഞ്ഞൊരു ഗർജ്ജനമായിരുന്നു…..

ചന്ദ്രമുടി മുഴുവനായി ആ ഗർജ്ജനത്തിൽ ആടിയുലഞ്ഞു…. ചെറുജീവികൾ പ്രാണരക്ഷർത്ഥം ഓടിയൊളിച്ചു….

കുന്നിൻ മുകളിൽ നിൽക്കുകയായിരുന്ന ഹിരണ്യൻ വ്യക്തമായും ധ്രുവന്റെ ഗർജ്ജനം കേട്ടു….

വന്നു…. നിയോഗിപ്പടയുടെ കാവൽക്കാരൻ…

ഹിരണ്യൻ മുരണ്ടു…. മായനും അമന്യയും പരസ്പരം നോക്കി….

ഹിരണ്യൻ കരിഞ്ഞു ഉണങ്ങി നിൽക്കുന്ന മരത്തിന്റെ കൊമ്പിലിരിക്കുന്ന പരുന്തിന്റെ കണ്ണുകളിലേക്ക് നോക്കി…

ചെമ്പൻ…. ചെല്ല്…. അവനെ കാത്ത് ചന്ദ്രമുടിയുടെ രാജാവായ ഹിരണ്യൻ ഇവിടെ കാത്ത് നില്പുണ്ടെന്നു പറ… ശേഷം മകന്റെ അന്ത്യം കാണാൻ നന്ദയെ ഇവിടേക്ക് ക്ഷണിക്ക്…

ഹിരണ്യൻ പറഞ്ഞു തീർന്നതും… ചുവന്നു തുടുത്ത കണ്ണുകളും… കഴുത്തിനു ചുറ്റും കറുത്ത വളയവുമുള്ള ആ പരുന്ത് കരഞ്ഞു കൊണ്ട് പറന്നു പൊങ്ങി….

അങ്ങകലെ തങ്ങളുടെ വിശ്രമസ്ഥലത്ത് ഇരുന്നുകൊണ്ട് ധ്രുവന്റെ ഗർജ്ജനം ശ്രവിച്ച സഹ്യാദ്രി മുറം പോലുള്ള തന്റെ ചെവികൾ വീശി…. തുമ്പികൈ വാനിലേക്ക് ഉയർത്തി ഉറക്കെ ഒന്ന് ചിന്നം വിളിച്ചു….

അവൻ വന്നു…. ചന്ദ്രമുടിയുടെ ഉടയോൻ…. നന്മയുടെ കാവൽക്കാരൻ….

സഹ്യാദ്രി തന്റെ കൂട്ടത്തെ നോക്കി ആവേശത്തോടെ അലറി…

തൊട്ടടുത്ത നിമിഷം ഒരുപറ്റം കാക്കകൾ അവിടെ പറന്നെത്തി….

കീരിപ്പറക്കു അടുത്തുള്ള വാരികുഴിയിൽ ഒരു ആനക്കുട്ടി വീണു കിടക്കുന്നേയ്…

അവർ പറക്കുന്നതിന്റെ ഇടയ്ക്കു ആനക്കൂട്ടത്തിനെ നോക്കി വിളിച്ചു പറഞ്ഞു….

അത് കേട്ടതും സഹ്യാദ്രി ഒന്ന് നടുങ്ങി….

ആനക്കുട്ടി വാരികുഴിയിൽ….

ആ വാർത്ത കേട്ടതും ആനക്കൂട്ടം ഒന്നടങ്കം നടുങ്ങി നിന്നു പോയി….

അവർ പരസ്പരം നോക്കി…

രേണുവിനെ കാണുന്നില്ല….

ആരോ വിളിച്ചു പറയുന്നത് സഹ്യാദ്രി കേട്ടു… അവൻ വേഗം ആനക്കൂട്ടത്തിന്റെ ഇടയിലേക്ക് ചെന്നു…

രേണു… രേണുവിനെ കാണ്മാനില്ല….

കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന പിടിയാന സഹ്യാദ്രിയുടെ അടുത്തേക്ക് എത്തി പറഞ്ഞു…

വേഗം കീരിപ്പറയുടെ അടുത്തേക്ക് പോകാം…..

കൂട്ടത്തിൽ നിന്നും വേറൊരു ആന പറയുന്നത് സഹ്യാദ്രി കേട്ടു… കൂട്ടത്തിൽ ഒന്നാണ് വാരികുഴിയിൽ കിടക്കുന്നത്… അവളെ രക്ഷിക്കാൻ പോകണോ… അതോ ധ്രുവന്റെ രക്ഷക്ക് പോകണോ…

കൂട്ടത്തിലെ മറ്റു ആനകൾ പോയാൽ അവളെ രക്ഷിക്കാൻ കഴിയും… പക്ഷെ താൻ പോകാതിരുന്നാൽ അത് പലരുടെയും മനസ്സിൽ ഒരസ്വാരസ്യം നിറയ്ക്കും… അവിടെയാണ് പ്രശ്നം… ഒരുപക്ഷെ പരസ്യമായ എതിർപ്പുകൾ പോലും കൂട്ടത്തിൽ നിന്നും ഉണ്ടായേക്കാം….

ഒരുപാട് കണക്ക്കൂട്ടലുകൾക്ക് ശേഷം സഹ്യാദ്രിയുടെ മനസ്സിൽ വർഗ്ഗബോധം തന്നെ വിജയിച്ചു…. അവൻ കീരിപ്പാറക്കു പോകാൻ തീരുമാനിച്ചു….

ധ്രുവൻ ദൈവത്തിന്റെ പോരാളിയാണ്… അവനെ ദൈവം കാക്കും….

സഹ്യാദ്രിയും സംഘവും കീറിപ്പാറയ്ക്ക് യാത്രയായി…

ഇതേ സമയം ചെമ്പൻ പറന്ന് ധ്രുവന്റെ അരികിലെത്തി…

ഇവിടെ കിടന്ന് അലറിയിട്ട് കാര്യമില്ല സുഹൃത്തേ…..? കാട്ടിൽ ആധിപത്യം സ്ഥാപിക്കാനാണെങ്കിൽ കുണുങ്ങിമലക്ക് ചെല്ല്… അവിടെയുണ്ട് ഹിരണ്യൻ എന്ന സിംഹം… അവനാണ് ഇപ്പോൾ കാടിന്റെ അധിപതി…

ചെമ്പൻ പറഞ്ഞത് കേട്ട് ധ്രുവൻ അത്ഭുതത്തോടെ അവനെ നോക്കി…

ഹിരണ്യനോ…? അപ്പോൾ അമ്മ…?

അമ്മയോ….?

ധ്രുവൻ പറഞ്ഞത് കേട്ട് ഒന്നും അറിയാത്തതു പോലെ ചെമ്പൻ ചോദിച്ചു…

നന്ദ… നന്ദ എന്ന പെൺകടുവ….

ഓ നന്ദ… പാവം അവളെ ഹിരണ്യൻ കൊന്നുകളഞ്ഞു… അവൾക്കൊരു മകനുണ്ടായിരുന്നു…. ആ ഭീരു ഹിരണ്യനെ പേടിച്ചു ഇവിടം ഉപേക്ഷിച്ചു… സ്വന്തം അമ്മയെ മരണത്തിനു വിട്ടുകൊടുത്തു സ്വയരക്ഷ തേടി പോയ ഒരു മകൻ….

ചെമ്പൻ പുച്ഛത്തോടെ പറയുന്നത് കേട്ട ധ്രുവന്റെ രക്തം തിളച്ചു…

തന്റെ അമ്മ…. തന്റെ അമ്മ ഇപ്പോൾ ജീവനോടെ ഇല്ലെന്ന്…. തന്റെ അമ്മയെ ഇല്ലാതാക്കിയവൻ ഇവിടെ ആധിപത്യം സ്ഥാപിച്ചു വാഴുന്നു എന്ന്…

അവന് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ പരുന്തിന്റെ വാക്കുകൾ….

ഹിരണ്യാ………….

ധ്രുവന്റെ അലർച്ചയിൽ ദിഗന്തങ്ങൾ നടുങ്ങി….. മലയിടുക്കുകൾ പ്രകമ്പനം കൊണ്ടു…..

ആ നിമിഷം….

അവൻ നിയോഗി ആയിരുന്നില്ല…. നന്മയുടെ പോരാളി ആയിരുന്നില്ല…. സത്യത്തിന്റെ കാവൽക്കാരൻ ആയിരുന്നില്ല….

സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒരു മകൻ….

സ്വന്തം മാതാവിനെ ഇല്ലാതെയാക്കിയവനോടുള്ള പക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന മകൻ…

അത്‌ മാത്രമായിരുന്നു അവനപ്പോൾ….

അവനിൽ വിവേകവും വിചാരവും ഇല്ലായിരുന്നു…. തലച്ചോർ കൊണ്ടല്ല അവനിപ്പോൾ ചിന്തിക്കുന്നത്…

ഹൃദയം കൊണ്ട്…

പക…. സ്വന്തം അമ്മയെ കൊന്നവനോടുള്ള അന്ധമായ പക…

പക മൂത്ത് ഇരുളടഞ്ഞ മനസ്സുമായി കൊടുംകാറ്റിന്റെ കരുത്തോടെ ധ്രുവൻ കുതിച്ചു…. ഹിരണ്യനെ തേടി…

ചതിയുടെ ചക്രവ്യൂഹം ഒരുക്കി ഹിരണ്യൻ കാത്തിരുന്നു…. വിവേകം നശിച്ച് തന്നെ തേടിയെത്തുന്ന ധ്രുവനെ…….

                                 തുടരും…

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!