ചന്ദ്രമുടിക്കാട്….. !
അവളുടെ നാവിൽ നിന്നും ചതഞ്ഞരഞ്ഞത് പോലെ ആ പേര് പുറത്തേക്ക് വന്നു….
ഇതേ സമയം നീലിമലയുടെ അതിർത്തിക്കപ്പുറമുള്ള ആശ്രമമുറ്റത്ത് നാളുകൾ നീണ്ട പരിശീലനം അവസാനിപ്പിച്ച് മടക്കയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു അവൻ….
ആ ആശ്രമത്തിലേക്ക് വന്നപ്പോഴുള്ള ഒന്നും അറിയാത്ത കുട്ടിയായിട്ടല്ല…
ഒന്നും ചിന്തിക്കാതെ എടുത്ത് ചാടുന്ന ചോരതിളപ്പുള്ള ചെറുപ്പക്കാരനായ കടുവ ആയിട്ടുമല്ല….
ഇന്ന് ശരിതെറ്റുകൾ തിരിച്ചറിയുന്ന, പക്വത വന്ന ഒരു പോരാളിയാണ് അവൻ…
ഫാദർ അമ്പലക്കാടന്റെ പ്രിയശിഷ്യൻ…
നന്മയുടെ കാവലാൾ…
സത്യത്തിന്റെ പോരാളികളിൽ ഏറ്റവും ശക്തനായ നിയോഗി….
ചന്ദ്രമുടികാടിനെ മാത്രമല്ല സഹ്യനെയാകെ ഗ്രസിച്ചിരിക്കുന്ന ഹിരണ്യൻ എന്ന തിന്മയുടെ സൈന്യാധിപനെ നേരിടാൻ… നന്മയുടെ കരുത്തിൽ നിയോഗിപ്പട വാർത്തെടുത്ത യോദ്ധാവ്…..
ധ്രുവൻ……….
*************
നീലിമലക്കാടിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പുൽമേട്….
കുറച്ചു മാനുകൾ അവിടെ കൂട്ടം കൂടി മേയുന്നുണ്ട്… പെട്ടെന്ന് അതിൽ നേതാവെന്ന് തോന്നിക്കുന്നവൻ തല ഉയർത്തി ചുറ്റും ശ്രദ്ധിച്ചു…
അപകടം…..
എന്തോ ഒരു അപകടം തങ്ങൾക്ക് തൊട്ടരികിലായി എത്തി ചേർന്നിരിക്കുന്നു എന്ന് അവർക്ക് മനസ്സിലായി കഴിഞ്ഞു…
മാനുകൾ പരക്കം പാഞ്ഞു…
പുൽമേടുകൾക്ക് അപ്പുറം അവ്യക്തമായി കരുത്തനായ ആ കടുവയുടെ മുഖം പതിയെ ദൃശ്യമായി തുടങ്ങി…
തുടർന്ന് അവന്റെ കരുത്താർന്ന ശരീരവും…
ധ്രുവൻ…
അതായിരുന്നു അവന്റെ നാമം…
കാട്ടുതീ പോലെ ആ വാർത്ത വളരെ വേഗം വനത്തിൽ പടർന്നു…
മിത്രന്റെ സാമ്രാജ്യത്തിൽ മറ്റൊരു കടുവ……
ചന്ദ്രമുടികാട്ടിലേക്കുള്ള തിരിച്ചുപോക്കിലായിരുന്നു ധ്രുവൻ……
ആശ്രമത്തിലേക്ക് അവൻ പോയത് സേനാപതിക്ക് ഒപ്പമാണ്… എന്നാൽ തിരിച്ചു വരുന്നത് ഒറ്റയ്ക്കും…
വഴി കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ സേനാപതി കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു… ഒപ്പം, നടപ്പ് രാത്രി മാത്രമാക്കണമെന്ന നിർദേശവും…എന്നാൽ ചന്ദ്രമുടിയിലെത്താനുള്ള ധൃതി കാരണം ധ്രുവൻ വിശ്രമസമയം കുറച്ചു കൊണ്ട് പകലും നടക്കാൻ തുടങ്ങി…
സേനാപതി പറഞ്ഞ കണക്കനുസരിച്ചു ഏഴ് ദിവസം വേണ്ടി വരും ചന്ദ്രമുടിയിലെത്താൻ… എന്നാൽ വിശ്രമസമയം കുറച്ചത്കൊണ്ട് നാല് ദിവസം കൊണ്ട് അവിടെ എത്തിച്ചേരാം എന്ന് ധ്രുവൻ കണക്ക് കൂട്ടി…
സേനാപതിയുടെ നിർദേശങ്ങൾ എല്ലാം കൃത്യമായി പാലിക്കണം എന്നായിരുന്നു ഫാദറിന്റെയും നിർദേശം… അത് പോലെ തന്നെ ഇനിയുള്ള ജീവിതകാലം മുഴുവൻ അടയാളങ്ങൾ തനിക്ക് വഴികാട്ടി ആവും എന്നും ഫാദർ പറഞ്ഞിരുന്നു…
അശ്വിനും റഷീദും തിന്മക്കെതിരെയുള്ള പോരാട്ടം ആരംഭിക്കാൻ കുറച്ചു കൂടി സമയം ആവിശ്യമാണ്… അവരുടെ ശക്തനായ കാവൽക്കാരനും സംരക്ഷകനും താനാണ്… പക്ഷെ തന്നെ സംരക്ഷിക്കാൻ താൻ മാത്രമേയുള്ളു…
ഫാദർ പറഞ്ഞ വാചകങ്ങൾ വീണ്ടും വീണ്ടും അവന്റെ ഓർമയിൽ തെളിഞ്ഞു….
അപകടം….
അത് എപ്പോഴും നിഴൽ പോലെ തന്റെ പിറകിൽ ഉണ്ട്… പോകുക… അവസാനിപ്പിക്കുക… ഹിരണ്യൻ എന്ന തിന്മയുടെ കിങ്കരനെ…
ആശ്രമത്തിൽ നിന്നും ഇറങ്ങിയപ്പോൾ ഫാദർ പറഞ്ഞ അവസാന വാചകങ്ങൾ… സമയമാകുമ്പോൾ ഞാൻ എത്തുമെന്നാണ് സേനാപതി പറഞ്ഞത്…
അശ്വിനും റഷീദും… അവരെ പിരിയുന്നതിലായിരുന്നു ഏറെ വിഷമം… എങ്കിലും ചന്ദ്രമുടിയിലേക്ക് തന്നെയാണ് തിരിച്ചു പോകുന്നത് എന്ന തിരിച്ചറിവിൽ ആ സങ്കടവും അതിജീവിക്കാൻ തനിക്കായി…….
രണ്ട് വർഷം……. !!!
രണ്ട് വർഷത്തിന് ശേഷമുള്ള തിരിച്ചു വരവ്….. തന്റെ ചന്ദ്രമുടികാട് ഇപ്പോൾ എങ്ങനെ ആയിരിക്കും……
അമ്മ, വിമലൻ, സഹ്യാദ്രി….
അവരെ കുറിച്ചോർത്തപ്പോൾ ധ്രുവൻ വീണ്ടും നടപ്പിന് വേഗം കൂട്ടി……
ഹിരണ്യൻ….
ഒരൊറ്റ പ്രാവിശ്യം കണ്ട ആ മുഖം ഇപ്പോഴും മായാതെ മനസ്സിൽ കിടക്കുന്നു…
കരുത്തനാണ് അവൻ… നിന്റെ ചെറിയൊരു ദൗർബല്യം പോലും നാശത്തിലേക്ക് വഴി വെക്കും… ഹിരണ്യനെ നേരിടുമ്പോൾ നിനക്ക് മുന്നിൽ ഒന്നും തന്നെ തടസ്സമായി വന്നുകൂടാ… ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത, ലോക നന്മക്കായി പോരാടുന്ന ദൈവത്തിന്റെ പോരാളി മാത്രമായിരിക്കണം നീ…..
ഫാദറിന്റെ വാചകങ്ങൾ ചെവിയിൽ മുഴങ്ങുന്നതായി ധ്രുവന് തോന്നി……
തനിക്ക് ഹിരണ്യനെ പരാജയപ്പെടുത്താൻ സാധിക്കുമോ…?
ധ്രുവൻ തന്നോട് തന്നെ ചോദിച്ചു…
ഓരോന്ന് ചിന്തിച്ചും അടയാളങ്ങൾ ശ്രദ്ധിച്ചും ധ്രുവൻ മുൻപോട്ടു നടന്നു……
വഴിയിലെങ്ങും ഒരു ഉറുമ്പിനെ പോലും കാണാനില്ലാത്ത അവസ്ഥ… പണ്ടൊക്കെ താൻ അടുത്തേക്ക് ഓടി ചെല്ലുമ്പോൾ മാത്രമാണ് മറ്റു മൃഗങ്ങൾ ഭയന്ന് ഓടുന്നത്.. ഇപ്പോൾ തന്റെ നിഴൽവെട്ടം കണ്ടാൽ തന്നെ എല്ലാവരും ഭയന്നൊളിക്കുന്നു…
അതെ ധ്രുവൻ കരുത്തനാണ്…
എതിർക്കാൻ ഏത് ശക്തനായ മൃഗവും ഭയക്കുന്ന കരുത്തൻ… കലി മൂത്ത കൊമ്പനെ ഒറ്റക്ക് വീഴ്ത്തിയ കരുത്തൻ……
ഞാൻ ശക്തനാണ്… കരുത്തൻ…
ധ്രുവൻ ഉറക്കെ ഒന്ന് ഗർജ്ജിച്ചു… ഒരു വെല്ലുവിളി പോലെ…
നീലിമലക്കാട് ഒന്ന് നടുങ്ങി… അത്രക്ക് കരുത്ത് നിറഞ്ഞ ഗർജ്ജനമായിരുന്നു അത്…
തൊട്ടടുത്ത നിമിഷം…
ധ്രുവന്റെ ഗർജ്ജനത്തിനേക്കാൾ ഇരട്ടി കരുത്തുള്ള മറ്റൊരു ഗർജ്ജനം ഉയർന്നു……
അതിന്റെ കരുത്തിൽ ധ്രുവൻ പോലും ഒരു നിമിഷം നടുങ്ങി…
അവൻ ചുറ്റും നോക്കി…
അബദ്ധമായോ….? ഓരോ കാടിനും ഓരോ അധിപന്മാരുണ്ട്… അവരെ വെല്ലുവിളിച്ചു ആ കാട്ടിൽ ആധിപത്യം നേടാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ, പോരാട്ടത്തിന് വിളിക്കുന്ന അടയാള ഗർജ്ജനം തന്നെയാണ് താൻ മുഴക്കിയത്… ഏതോ ഒരുത്തൻ അത് സ്വീകരിച്ചിരിക്കുന്നു… എന്തോ ചിന്തിച്ചു ആവേശം മൂത്ത് ചെയ്തു പോയതാണ്… പോരാട്ടം ഇവിടുന്നെ തുടങ്ങേണ്ടി വരുന്നെന്നാണ് തൊന്നുന്നത്…
ധ്രുവൻ നിശ്ചലനായി… അവൻ ചുറ്റും ശ്രദ്ധിച്ചു…
അല്പം അകലെയായി കരിയിലകൾ ഞെരിയുന്ന ശബ്ദം ധ്രുവൻ വ്യക്തമായി കേട്ടു…
അവന്റെ പൂർണ്ണ ശ്രദ്ധ അവിടെക്കായി…
ധ്രുവന് അധികം കാത്തിരിക്കേണ്ടി വന്നില്ല…
നീലിമലക്കാടിന്റെ അധിപനായ ആ അതികായന്റെ രൂപം ധ്രുവന് മുന്നിൽ പ്രത്യക്ഷമായി…
മിത്രൻ….
ഉറച്ച ചുവടുകളോടെ ധ്രുവനെ സസൂക്ഷ്മം നീരിക്ഷിച്ചു കൊണ്ട് മിത്രൻ അവന്റെ നേർക്ക് അടുത്തു…
ധ്രുവൻ മിത്രനെ കണ്ണുകൾ കൊണ്ട് അളന്നു… പ്രായം കൂടിയിട്ടുണ്ടെങ്കിലും കരുത്തിനു ഒട്ടും കുറവില്ലന്ന് ഒറ്റ നോട്ടത്തിൽ തന്നെ ധ്രുവന് മനസിലായി…
ഒരുപക്ഷെ തന്നെക്കാളും കരുത്തൻ…
ഒരാവേശം കൊണ്ട് സംഭവിച്ചു പോയതാണെന്ന് ഇങ്ങേരെ എങ്ങനെ പറഞ്ഞു മനസിലാക്കും…. പുള്ളിയാണെങ്കിൽ പോരാട്ടത്തിന് സർവ്വസജ്ജനായി തന്നെയാണ് നിൽക്കുന്നത്…
മിത്രൻ ധ്രുവന്റെ അരികിലെത്തി…
ഞാൻ മിത്രൻ…. നീലിമലക്കാടിന്റെ അധിപൻ… നിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു… പോരാട്ടം തുടങ്ങാം ഞാൻ പരാജയപ്പെട്ടാൽ നിനക്ക് ഈ കാടിന്റെ അവകാശം നൽകി ഞാൻ പിന്മാറും…
മിത്രൻ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു…
ധ്രുവൻ ചുറ്റും നോക്കി… ഒരു ഉഗ്രൻ പോരാട്ടം കാണാനുള്ള ആവേശത്തിൽ കാറ്റു പോലും നിശ്ചലമായത് പോലെ അവന് തോന്നി…. അവൻ തിരിഞ്ഞു മിത്രനെ നോക്കി…
ഞാൻ ധ്രുവൻ…. ചന്ദ്രമുടികാട്ടിലേക്കുള്ള യാത്രയിലാണ്… അങ്ങ് ക്ഷമിക്കണം.. ഒരു പോരാട്ടത്തിനുള്ള അടയാളമായിട്ടല്ല ഞാൻ ഗർജ്ജിച്ചത്… ആവേശത്തിൽ സംഭവിച്ചു പോയതാണ്… എനിക്ക് നീലിമലയുടെയല്ല ചന്ദ്രമുടിയുടെ അധിപനാണ് ആകേണ്ടത്… ദയവായി എന്നെ പോകാനനുവദിച്ചാലും…
ധ്രുവൻ മിത്രനെ തന്റെ ഉദ്ദേശം അറിയിച്ചു….
ചന്ദ്രമുടി…..
ആ പേര് കേട്ടതും മിത്രന്റെ മുഖം വിടർന്നിരുന്നു…
നിന്റെ മാതാവിന്റെ പേരെന്ത്…?
മിത്രൻ ധ്രുവനെ അടിമുടി നോക്കികൊണ്ട് ചോദിച്ചു…
ചന്ദ്രമുടി കാടിന്റെ അധിപതി നന്ദാദേവിയാണ് എന്റെ മാതാവ്…
ആ പേര് കേട്ടതും മിത്രൻ ഒരു നിമിഷം നിശബ്ദനായി… പോരാട്ടത്തിന് തയ്യാറായി നിന്ന മിത്രൻ ഒരു നിമിഷം പിന്നിലേക്ക് ഇരുന്നു…
മിത്രന്റെ ആ ഭാവമാറ്റം ധ്രുവനിൽ അത്ഭുതം ഉളവാക്കി…
മിത്രൻ തല ഉയർത്തി ധ്രുവനെ നോക്കി…
നീ ഇപ്പോൾ എവിടെ നിന്നു വരുന്നു….?
മിത്രന്റെ ചോദ്യത്തിന് ധ്രുവൻ തന്റെ കഥ വിവരിച്ചു… ഇപ്പോൾ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് വരെയുള്ള കാര്യങ്ങൾ…
എല്ലാം കേട്ട ശേഷം മിത്രൻ എഴുന്നേറ്റു…
നിനക്ക് പോകാം…
അത്രമാത്രമാണ് ആ മുഖത്തിൽ നിന്നും ഉണ്ടായത്…
ധ്രുവന് അത്ഭുതം തോന്നി…
അങ്ങയെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.. ഞാൻ എന്നും അങ്ങയുടെ പ്രിയപ്പെട്ട മിത്രമായിരിക്കും.. എന്ത് സഹായത്തിനും എന്നെ പ്രതീക്ഷിക്കാം…
ഗുരുക്കന്മാരുടെ വാക്കുകൾ പൂർണമായും അനുസരിക്കുക… യാത്ര രാത്രിയിൽ മാത്രമാക്കുക… ശത്രുവിന്റെ ബലമറിയാതെ പോരാട്ടത്തിൽ ആവേശം കാണിക്കരുത്… ശത്രുവിന്റെ ബലവും ബലഹീനതയും കൃത്യമായി മനസ്സിലാക്കുന്നവനാണ് യഥാർത്ഥ യോദ്ധാവ്… ക്ഷമയാണ് ഏറ്റവും നല്ല ആയുധം… അമിതമായ ആവേശവും വിനയവും രണ്ടും ഒരുപോലെ ആപത്താണ്… ചന്ദ്രമുടി പോലെ നീലിമലയും നിന്റെ അവകാശമാണ്… വിജയശ്രീലാളിതനായി തിരിച്ചു വരൂ… ഞാനും നീലിമലയും നിനക്കായി കാത്തിരിക്കുന്നു..
അത്രയും പറഞ്ഞിട്ട് മിത്രൻ ധ്രുവനെ ഒന്ന് നോക്കി… അകലേക്ക് നടന്നകന്നു…. ധ്രുവൻ ഒന്നും മനസിലാകാതെ ആ പോക്ക് നോക്കി നിന്നു…
നടന്നകലുന്ന മിത്രന്റെ മനസിലേക്ക് ആ മുഖം ഓടിയടുത്തു…
ഇണയെ തേടിയുള്ള യാത്രയിൽ തന്റെ മുൻപിൽ പ്രണയത്തിന്റെ തീ കോരിയിട്ട ചന്ദ്രമുടിയുടെ അധിപതിയായ പെൺകടുവയുടെ മുഖം…
നന്ദ….
കടുവകൾക്ക് അല്ലെങ്കിലും അവരുടെ മാതാവിന്റെ പേര് മാത്രമേ അറിവുണ്ടാകൂ…. പിതാവ് എപ്പോഴും കാണാമറയത്തായിരിക്കും…
എന്റെ മകൻ… അവൻ കരുത്തനാണ്… ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് അവൻ…
ആ പിതാവിന്റെ ഉള്ളം അഭിമാനം കൊണ്ട് നിറഞ്ഞു…
ഇതേ സമയം മിത്രൻ പോയ വഴിയേ കണ്ണും നട്ട് നോക്കിയിരുന്ന ധ്രുവന്റെ കാതുകളിൽ ഫാദറിന്റെ വാക്കുകൾ മുഴങ്ങി…..
മതാവും പിതാവും ചേർന്നാലേ പുത്രൻ ഉണ്ടാകു… ഒരു പുത്രന്റെ വിജയത്തിൽ മാതാവിനും പിതാവിനും തുല്യാവകാശമാണ്… അവർ ഒരുപോലെ ആഹ്ലാദിക്കും…
അച്ഛൻ….
ധ്രുവൻ അറിയാതെ മന്ത്രിച്ചു….
******************
ചന്ദ്രമുടി….
ചെന്നായകൂട്ടവും മായനും ഹിരണ്യന്റെ മുൻപിൽ ഇരിക്കുകയാണ്… ഹിരണ്യൻ ആ രാവിൽ അകലെ കാണുന്ന നക്ഷത്രത്തെ നോക്കിയിരുന്നു…
അടയാളങ്ങൾ കാണിച്ചു തരുന്നത് ഇന്നേക്ക് ഏഴാം നാൾ പുലർച്ചെ അവൻ ഇവിടെ തിരികെയെത്തുമെന്നാണ്.. സർവ്വശക്തനായി… എല്ലാം തികഞ്ഞ ഒരു നിയോഗിയായി.. നമ്മുടെ ഒരുക്കങ്ങൾ എല്ലാം വേഗം പൂർത്തിയാക്കണം…
ഹിരണ്യൻ എല്ലാവരോടുമായി പറഞ്ഞു.. ശേഷം മായന്റെ നേരെ തിരിഞ്ഞു…
എന്റെ ലക്ഷ്യം നേടിയെടുത്തു കഴിഞ്ഞാൽ ഞാൻ ഇവിടം വിടും.. പിന്നെ നീയാണ് ചന്ദ്രമുടിയുടെ അധിപൻ… തിന്മയുടെ രാജാവിന്റെ വിശ്വസ്ത സേവകനായി നീ ഇവിടം വാഴും….
ഹിരണ്യൻ പറഞ്ഞത് കേട്ട് മായൻ ബഹുമാനത്തോടെ അവനെ തലകുനിച്ചു വണങ്ങി…
പക്ഷെ ഇനിയും നിനക്ക് പോരാട്ടങ്ങൾ ബാക്കിയാണ്… നന്ദ… അവളിപ്പോഴും ജീവനോടെ ബാക്കിയാണ്… ധ്രുവനെ ഇനിയും നേർക്കുനേർ നിന്ന് പോരാടി തോൽപ്പിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല… അതിനും നിങ്ങളുടെ സഹായം എനിക്ക് വേണം…
മായനും നിപുണനും പരസ്പരം നോക്കി…
ഇന്നേക്ക് ഒൻപതാം നാൾ ഞാനും ധ്രുവനും തമ്മിലുള്ള പോരാട്ടം അരങ്ങേറും… അതിന് മുൻപ് നന്ദയെ കണ്ടെത്തണം… ധ്രുവന്റെ ഓരോ ശ്വാസവും എനിക്ക് അറിയാൻ സാധിക്കും.. കാരണം അവന് ചുറ്റും അവൻ പോലും അറിയാതെ തിന്മയുടെ കിങ്കരന്മാർ ഉണ്ട്.. പക്ഷെ നന്ദ… അവളെ കണ്ടെത്തിയേ പറ്റു…
നന്ദയെ ഇപ്പോൾ എന്തിനാണ്?
ഹിരണ്യൻ പറഞ്ഞത് കേട്ട് നിപുണൻ ചോദിച്ചു…
നന്ദ… അവൾ ധ്രുവന്റെ ദൗർബല്യം ആണ്… അത് തന്നെയാണ് ഇനി എന്റെ വിജയവും… അത് മാത്രമാണ് എന്റെ വിജയം…
അത് പറയുമ്പോൾ ഹിരണ്യന്റെ കണ്ണുകൾ തിളങ്ങി… അവനിലെ പൈശാചികത ഉണർന്നു…
എനിക്ക് ജയിക്കണം… ജയിച്ചേ പറ്റൂ… നമ്മളെ സഹായിക്കാൻ അവൾ വരുന്നുണ്ട്… തിന്മയുടെ കരുത്തയായ പോരാളി… ഇന്നേക്ക് മൂന്നാം ദിനം അവളും എത്തും…
ഹിരണ്യൻ ഇത് പറയുന്ന സമയത്ത് ഇരുളിനെ കീറിമുറിച്ചു കൊണ്ട് ശബ്ദസമാന വേഗത്തിൽ ചന്ദ്രമുടി ലക്ഷ്യമാക്കിക്കൊണ്ട് അവൾ കുതിച്ചു പായുകയായിരുന്നു…
അവളുടെ മുൻപിൽ വന്ന് പെട്ട ഒരു സാധുജീവിയും പിന്നീട് ശ്വസിച്ചില്ല… താൻ പിന്നിട്ട വഴികളിലെല്ലാം കഴുകന്മാർക്ക് മൃഷ്ട്ടാന്ന ഭോജനം ഒരുക്കി അവൾ കുതിച്ചു…
അമന്യ എന്ന പെൺപുലി…
അവൻ വരും… തിന്മയുടെ ഗ്രഹണം നീക്കി നന്മയുടെ പ്രകാശം വിതറാൻ ചന്ദ്രമുടിയുടെ രാജകുമാരൻ വരും… ഇരുളിനെ അകറ്റുന്ന വെളിച്ചത്തിന്റെ തമ്പുരാന്റെ നിയോഗി വരും… പുതിയൊരു സൂര്യോദയം… അത് നിന്റെയൊക്കെ ചോര കൊണ്ട് അവൻ ചുവപ്പിക്കുമെടാ മണ്ടന്മാരെ…
കുന്നിൻ മുകളിൽ… ഇരുളിന്റെ മാറാപ്പിനുള്ളിൽ… പിശാചിന്റെ പ്രതിരൂപം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ പേരാലിന്റെ കൊമ്പിലിരുന്നു ഭ്രാന്തൻ കുരങ്ങൻ തന്റെ ജല്പനങ്ങൾ തുടർന്ന് കൊണ്ടിരുന്നു….
*******************
രണ്ട് ദിവസങ്ങൾക്കു ശേഷം ചന്ദ്രമുടി കാട്…..
ആനകൂട്ടം പുഴക്കരയിൽ മേയുന്നു…. സഹ്യാദ്രി… കാടിനോട് ചേർന്ന് പരിസരം വീക്ഷിച്ചു നിൽക്കുന്നു…
പെട്ടെന്ന് ഇലച്ചാർത്തുകൾക്കിടയിൽ ഒരു അനക്കം കണ്ട സഹ്യാദ്രി ജാഗരൂകനായി….
ഒരപകടം അടുത്തെത്തിയത് പോലെ അവന് തോന്നി…
സാധാരണ ആനക്കൂട്ടത്തിനു ഭയപ്പെടാനുള്ളത് മനുഷ്യർ ഒരുക്കിയ വാരികുഴികളെയാണ്…. വേറെ ആരും ആനകളെ വേട്ടയാടാൻ ശ്രമിക്കാറില്ല…
എങ്കിലും പടുവിഡ്ഢികളായ ചില മാംസഭോജികൾ അപൂർവമായി അതിന് ശ്രമിച്ചേക്കാം എന്നും… കൂട്ടത്തിലെ ഏറ്റവും ചെറിയ ആനകളെ പ്രേത്യേകം ശ്രദ്ധിക്കണമെന്നും കാലാകാലങ്ങളായി ആനക്കൂട്ടത്തിന്റെ നേതാവിന് മുൻ നേതാവ് പകർന്നു വരുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്…
സഹ്യാദ്രിയുടെ ഓർമയിൽ ഒരിക്കൽ പോലും അങ്ങനെയൊരു ആക്രമണത്തെ നേരിണ്ടേണ്ടി വന്നിട്ടില്ല….
പക്ഷെ ഇപ്പോൾ…
സഹ്യാദ്രി ഒരു പോരാട്ടത്തിന് തയ്യാറായി തന്നെ നിന്നു…
ഇലചാർത്തുകളും പുൽച്ചെടികളും വകഞ്ഞു മാറ്റിക്കൊണ്ട് അവൾ പുറത്തേക്ക് വന്നു…
സഹ്യാദ്രി ഒരു നിമിഷത്തേക്ക് അമ്പരന്നു പോയി….
നന്ദാ…..?
ധ്രുവൻ മടങ്ങിയെത്തി ഹിരണ്യന് മേൽ വിജയം വരിച്ച ശേഷം മാത്രം മടങ്ങിയെത്തിയാൽ മതിയെന്ന് താൻ ഉപദേശിച്ച നന്ദ…. ഇവൾ ഇപ്പോൾ ഇവിടെ….?
തന്നെ നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന സഹ്യാദ്രിയുടെ അടുക്കലേക്ക് നന്ദ നടന്നു…
ക്ഷമിക്കണം സഹ്യാദ്രി… എനിക്ക് താങ്കളുടെ നിർദ്ദേശം ലംഘിക്കേണ്ടി വന്നു…. ഇനിയും ഒരു ഭീരുവിനെ പോലെ ഒളിവിൽ കഴിയാൻ എനിക്ക് ആവില്ല…
നന്ദ പറയുന്നത് കേട്ട് സഹ്യാദ്രി ഒന്നും മിണ്ടാതെ നിന്നു… പദ്ധതികൾ പൊളിയുന്നത് സഹ്യാദ്രി വ്യക്തമായും മനസിലാക്കി വരുന്നുണ്ടായിരുന്നു….
നന്ദ…. നിനക്ക് ഒരിക്കലും ഹിരണ്യനെ തോൽപ്പിക്കാൻ കഴിയില്ല… നീ ഇവിടുള്ളപ്പോൾ ധ്രുവനും ഹിരണ്യനെ തോല്പിക്കാൻ കഴിഞ്ഞെന്ന് വരില്ല…
ഹും… ധ്രുവൻ…..
സഹ്യാദ്രി അവന്റെ പേര് പറഞ്ഞതും നന്ദയിൽ നിന്നും പുച്ഛത്തോടെ ഒരു ശബ്ദം ഉയർന്നു…
ധ്രുവൻ… അല്ലെങ്കിലും അവന് ഒരിക്കലും ഹിരണ്യനെ തോല്പിക്കാൻ കഴിയില്ല… അവൻ ഭീരുവാണ്… സ്വന്തം കാട്ടിലെ മൃഗങ്ങളെ സംരക്ഷിക്കാൻ കഴിയാതെ ഇരുട്ടിലെവിടെയോ അഭയം തേടിയ ഭീരു…
നന്ദയുടെ ശബ്ദത്തിലെ മാറ്റം സഹ്യാദ്രിക്ക് വ്യക്തമായി കഴിഞ്ഞിരുന്നു….
അവൻ കാരണമാണ് ഹിരണ്യൻ എന്ന ദുരിതം ഈ കാട്ടിലെത്തിയത്… ഇവിടുത്തെ മൃഗങ്ങൾ അവനെ കൊണ്ട് പൊറുതിമുട്ടി… ഇതിന് കരണക്കാരനായവൻ… ഹിരണ്യനെ നേരിടാൻ കഴിയാതെ പേടിച്ചു ഒളിച്ചോടി…..
നന്ദ വീണ്ടും വീണ്ടും ധ്രുവനെ ഇടിച്ചു താഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു…
നിനക്ക് സാധിച്ചോ നന്ദാ…? ഹിരണ്യൻ എന്ന ദുഷ്ടമൃഗത്തിൽ നിന്നും ഈ കാട്ടിലെ മൃഗങ്ങളെ രക്ഷിക്കാൻ നിനക്ക് കഴിഞ്ഞോ…?
ഞാൻ പൊരുതി തോറ്റതല്ലേ…?
ഹും… പൊരുതി തോറ്റു പോലും… തോറ്റിട്ടും നീ ഇപ്പോഴും ജീവനോടെ ഉണ്ട് നന്ദാ… ജീവനോടെ…അതും നീ കൊന്ന് തള്ളിയ കപിലന്റെ മകൻ മായന്റെ ദയ കൊണ്ട്….
നാണമാകുന്നില്ലേ നിനക്ക് ഇവിടെ വന്നു നിന്നു ഇങ്ങനെ പറയാൻ… പോ… പോയി ഹിരണ്യനെ നേരിട്ട് കാടിന്റെ അധികാരം തിരിച്ചു പിടിക്ക്… പോ… കണ്ടവന്റെ ദയ കൊണ്ട് തിരിച്ചു കിട്ടിയ ജീവനുമായി വന്നു നിന്നു മറ്റുള്ളവരുടെ മേൽ പഴി ചാരുന്നു… കഷ്ടം…
സഹ്യാദ്രി പറയുന്നത് കേട്ട് നന്ദാ ഒന്നമ്പരന്നു… ഒരിക്കലും അവൻ നന്ദയോട് അങ്ങനെ സംസാരിച്ചിട്ടില്ല… പക്ഷെ ഇപ്പോൾ…
അവൾ സഹ്യാദ്രിയെ തന്നെ സൂക്ഷിച്ചു നോക്കി…
ഹിരണ്യനെ ധ്രുവൻ വീഴ്ത്തുന്നത് കാണണമെന്ന് നീ ആഗ്രഹിക്കുന്നെണ്ടെങ്കിൽ… ഒന്നുകിൽ നീ ഇവിടെ നിന്നും പോകണം… അല്ലെങ്കിൽ ഹിരണ്യനെ നേരിട്ട് നീ മരണത്തെ വരിക്കണം…
അതെന്താ…. ഹിരണ്യൻ എന്ന പിശാചിനെ നേരിടാൻ ഈ പെൺകരുത്ത് പോരെന്നു തോന്നുന്നുണ്ടോ ചന്ദ്രമുടിയുടെ ഗജരാജന്….?
അക്ഷരാർത്ഥത്തിൽ നന്ദയുടെ ആ ഗർജ്ജനത്തിൽ സഹ്യാദ്രി അടക്കം ഞെട്ടി വിറച്ചു….
സഹ്യാദ്രി വളരെ വേഗം തന്നെ സാധാരണ നില കൈവരിച്ചു…
നിനക്ക് തോൽപ്പിക്കാൻ കഴിയില്ല ഹിരണ്യനെ… അവൻ വെറുമൊരു മൃഗം മാത്രമല്ല… അതിനും അപ്പുറം…. ഈ പ്രപഞ്ചത്തിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന തിന്മയുടെ കിങ്കരന്മാരിൽ ഒരാൾ…. അവനെ തോൽപ്പിക്കാനും ഇല്ലാതെയാക്കാനും ധ്രുവനെ കൊണ്ട് മാത്രമേ സാധിക്കു…. ധ്രുവൻ അതിനായി നിയോഗിക്കപ്പെട്ടവനാണ്….
നിർത്തു സഹ്യാദ്രി…..
നന്ദാ അക്ഷമയായി അലറി…
അവൻ ജനിച്ച നാൾ മുതൽ കേൾക്കുന്നതാണ്… നിയോഗി… രക്ഷകൻ എന്നൊക്കെ… എന്നിട്ട് എവിടെ ആ രക്ഷകൻ…. ഈ കാടും ഇവിടുത്തെ മൃഗങ്ങളും മുച്ചൂടും മുടിഞ്ഞിട്ടേ രക്ഷകൻ തിരിച്ചെത്തുകയുള്ളോ…? ജീവന്റെ തുടിപ്പ് ഇല്ലാത്ത കാടിനെ രക്ഷിക്കാൻ… ഒരു രക്ഷകന്റെ ആവിശ്യമുണ്ടോ…?
നിരാശയും കോപവും കലർന്ന ശബ്ദത്തിൽ നന്ദാ സഹ്യാദ്രിയോട് ചോദിച്ചു… അവൻ ഒന്നും മിണ്ടാതെ അകലേക്ക് നോക്കി നിന്നു….
അവൻ വരും… പെറ്റമ്മ തള്ളി പറഞ്ഞാലും അവന്റെ നിയോഗം അവന് പൂർത്തിയാക്കിയേ മതിയാകു… അവൻ തിരിച്ചു വരും… ധ്രുവൻ തിരിച്ചു വരും….
സഹ്യാദ്രി അങ്ങനെ പുലമ്പി കൊണ്ടിരിക്കുന്ന സമയത്ത് നന്ദ തിരിച്ചു നടന്നു…
പ്രതീക്ഷ നശിച്ചവളെ പോലെ തന്റെ അനിവാര്യമായ വിധിയെ തേടി അവൾ നടന്നകന്നു…..
ഇതേ സമയം ക്രൂരതയുടെ പര്യായമായ ഹിരണ്യൻ എന്ന തന്റെ ഉടയോനെ തേടി അവൾ എത്തി…
അമന്യ…..
ഇരുട്ടിന്റെ ശക്തികൾ ധ്രുവന് വേണ്ടി കരുക്കൾ നീക്കി തുടങ്ങിയിരുന്നു….
ഇതൊന്നും അറിയാതെ വിമലന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ, സ്വന്തം മകനിൽ വിശ്വാസം നഷ്ടപ്പെട്ട നന്ദ ഭ്രാന്തെടുത്തത് പോലെ ഹിരണ്യനെ തേടി ആ കാട്ടിലൂടെ അലഞ്ഞു…
തുടരും…..
Unnikrishnan Kulakkat Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Dhruvan written by Unnikrishnan Kulakkat
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission