Skip to content

ധ്രുവൻ – The Niyogi – 4

dhruvan

തൊട്ടടുത്ത നിമിഷം പിന്നിൽ നിന്നും മറ്റൊരു ചെന്നായയുടെ ശക്തമായ അടിയേറ്റ് ആ കുറുക്കൻ മുന്നിലേക്ക് തെറിച്ചു വീണു…

വേണ്ട… നിപുണൻ… വേണ്ട…

വീണു കിടന്നിടത്തും നിന്നും വീണ്ടും വിമലൻ വിളിച്ചു പറഞ്ഞു….

അപ്പോഴേയ്ക്കും നിപുണൻ പിന്നിലേക്ക് രണ്ടടി മാറി നിന്നുകൊണ്ട് ധ്രുവനെ സൂക്ഷിച്ചു നോക്കി…. ശേഷം അവന് നേരെ കുതിച്ചു ചാടി….

വിമലൻ ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു…. തൊട്ടടുത്ത നിമിഷം….

ഒരു ചെന്നായയുടെ ദയനീയമായ നിലവിളി വിമലന്റെ കർണ്ണപുടങ്ങളിൽ വന്ന് പതിച്ചു…

ഒപ്പം തന്നെ ഹൃദയം സ്തംഭിച്ചു പോകുമാറ് കരുത്തോടെ ഒരു ഗർജ്ജനവും….

നന്ദ എത്തിയെന്ന ആശ്വാസത്തോടെ കണ്ണ് തുറന്ന വിമലൻ മുൻപിലെ കാഴ്ച കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി പോയി….

താഴെ വീണു കിടക്കുന്ന നിപുണൻ…. അവന്റെ മുൻപിൽ വേട്ടക്കാരന്റെ ശൗര്യത്തോടെ നിൽക്കുന്ന ഒരു ആൺകടുവ….

ധ്രുവൻ….

തന്റെ ശരീരം മൊത്തത്തിൽ ഒന്ന് കുലുക്കിയ ശേഷം അവൻ വീണ്ടും ഗർജ്ജിച്ചു…

രാജാവ്….. ചന്ദ്രമുടിക്കാടിന്റെ രാജാവ്….

വിമലൻ അറിയാതെ പറഞ്ഞു പോയി….

അന്നാദ്യമായി ചന്ദ്രമുടികാട്ടിൽ ആ ഗർജ്ജനം മുഴങ്ങി…. പിന്നീട് കാലാകാലങ്ങളിൽ ചന്ദ്രമുടിക്കാട് അടക്കി ഭരിച്ച ഗർജനം….

ധ്രുവൻ എന്ന രാജാവിന്റെ ഗർജ്ജനം…

                ******************

അക്ഷരാർത്ഥത്തിൽ വിമലൻ നടുങ്ങി പോയി…. അവന് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ പ്രയാസം തോന്നി…

കുറച്ച് മുൻപ് വരെ തന്റെ പ്രിയപ്പെട്ട ചങ്ങാതി ഒരു കൊച്ചു കുട്ടിയായിരുന്നു…. എന്നാൽ ഇപ്പോളവൻ മാറിയിരിക്കുന്നു…

ധ്രുവന്റെ മുൻപിൽ മലർന്നടിച്ചു വീണ നിപുണൻ കിടന്ന കിടപ്പിൽ ചിന്തിച്ചതും അത് തന്നെയായിരുന്നു….

ധ്രുവന്റെ  കൈക്ക് ഇത്രയും കരുത്ത് വന്നത് നിപുണൻ തിരിച്ചറിഞ്ഞിരുന്നില്ല… ധ്രുവൻ പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും ശരി…

നിപുണനെ അടിച്ചു വീഴ്ത്തിയ ധ്രുവൻ ആ ദേഷ്യത്തിൽ ഒന്നലറിയതാണ്… തന്റെ ശബ്ദം ഇത്രയും മുഴക്കമുള്ള ഗർജ്ജനമായി മാറിയതിൽ അവനും അത്ഭുതം തോന്നി….

വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് തിരിച്ചടിച്ചതാണ്… പക്ഷെ… ഇപ്പോൾ ഒരു ധൈര്യമൊക്കെ വന്നതായി ധ്രുവന് തന്നെ തോന്നി….. അവൻ വീണ്ടും ഒരു പ്രാവിശ്യം കൂടി ഗർജ്ജിച്ചു…

ചെന്നായക്കൂട്ടം പതിയെ പിന്നിലേക്ക് വലിഞ്ഞു തുടങ്ങിയിരുന്നു…. നിപുണൻ മെല്ലെ എഴുന്നേറ്റു…

വിമലൻ ചുറ്റും നോക്കി…. ധ്രുവന്റെ ആ പ്രകടനം കൊണ്ട് തന്നെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായെന്നു അവന് മനസിലായി…..

വിമലൻ തല ഉയർത്തി ചുറ്റുമൊന്നു നോക്കി… ശേഷം നിപുണന്റെ അരികിലേക്ക് നടന്നു…..

ഞങ്ങളുടെ കൈ കൊണ്ട് തന്നെ ചാകണമെന്ന് നിർബന്ധമാണോ ചെന്നായകൂട്ടത്തിന്റെ തലവന്…

നിപുണനോട് ചോദിച്ചു കൊണ്ട് വിമലൻ ധ്രുവനെ നോക്കി…… അപമാനഭാരം കൊണ്ട് നിപുണന്റെ ഉള്ളം നീറി… അവൻ തന്റെ കൂട്ടരെ നോക്കി…. അവർ ഏകദേശം പൂർണമായും പിൻവലിഞ്ഞ അവസ്ഥയിലായിരുന്നു…

കുനിഞ്ഞ ശിരസ്സുമായി നിപുണൻ മെല്ലെ അവരുടെ അടുക്കലേക്ക് നടന്നു….. ധ്രുവനും വിമലനും അത് നോക്കി നിന്നു….

പെട്ടെന്നാണ് മായൻ അവിടേക്ക് കുതിച്ചെത്തിയത്….. പരാജയം സമ്മതിച്ച പോലെ നിൽക്കുന്ന ചെന്നായക്കൂട്ടത്തെയും തലകുനിച്ചു പിന്തിരിഞ്ഞു നടക്കുന്ന നിപുണനെയും പുശ്ചത്തോടെ ഒന്ന് നോക്കി മായൻ….

ഏയ്‌ ബുദ്ധിയില്ലാത്ത ഭീരുക്കളെ… നിങ്ങൾ ഭയക്കുന്നത് ആരെയാണ്…? ഇത്തിരിയില്ലാത്ത ആ കടുവയെയൊ…

തല ഉയർത്തി ചോദിച്ചു കൊണ്ട് മായൻ നിപുണന്റെ അരികിലേക്ക് നടന്നു….

ഞാൻ അവനെ കൊല്ലാനൊരുങ്ങിയപ്പോഴൊക്കെ നീയാണ് ചങ്ങാതി എന്നെ തടഞ്ഞത്… സമയമാവട്ടെ എന്ന് പറഞ്ഞു…. ഇപ്പോൾ ആ സമയം വന്നു…. ഹിരണ്യന് വാക്ക് കൊടുത്തത് നീയാണ് നിപുണൻ… ധ്രുവൻ എന്ന കീടത്തെ കാലപുരിക്ക് അയക്കുമെന്ന്…. നിനക്ക് അതിന് കഴിയില്ലെങ്കിൽ പറ…. നിനക്ക് പകരം മായൻ ആ ജോലി ഭംഗിയായി ചെയ്യാം….

ധ്രുവനെ ക്രൂരമായി നോക്കി കൊണ്ട് മായൻ അത് പറഞ്ഞപ്പോൾ നിപുണന്റെ മനസ്സിലെ അപമാനഭാരം ഇരട്ടിയായി….. അവൻ തല ഉയർത്തി ധ്രുവനെ നോക്കി…..

പിന്നെ തിരിഞ്ഞ് മായനെയും…..

ഞാൻ തുടങ്ങിയ ജോലി ഞാൻ തന്നെ അവസാനിപ്പിക്കും മായൻ…. കൂട്ടരേ…. നമ്മൾ ഒരുമിച്ച് ആക്രമിച്ചാൽ പിടിച്ചു നിൽക്കാൻ അവനാവില്ല…. ഒന്നിച്ചു ഒറ്റകെട്ടായി നമ്മുക്ക് ആ കടുവക്കുട്ടിയെ വേട്ടയാടാം….

നിപുണന്റെ ശബ്ദം അലർച്ചയായി മുഴങ്ങിയതും… ചെന്നായക്കൂട്ടം ധ്രുവനെ ലക്ഷ്യമാക്കി കുതിച്ചു…

തങ്ങളുടെ നേർക്ക് തിരമാല പോലെ ആർത്തിരമ്പി വരുന്ന ചെന്നായക്കൂട്ടത്തെ കണ്ട് ധ്രുവനും വിമലനും അമ്പരന്നു…. തങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ഇരുവർക്കും ഉറപ്പുണ്ടായിരുന്നു…

തങ്ങളുടെ നേരെ വരുന്ന ചെന്നായകൂട്ടത്തെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു….

ധ്രുവനും വിമലനും പോരാട്ടത്തിന് തയ്യാറായി നിന്നു….. ആർത്തിരമ്പിയ ചെന്നായക്കൂട്ടം അവരെ കടിച്ചു കീറാനുള്ള വ്യഗ്രതയിൽ അവർക്ക് നേരെ പാഞ്ഞടുത്തു….

പെട്ടെന്നാണ് ധ്രുവനും വിമലനും തങ്ങളുടെ പിന്നിൽ നിന്നും ഒരാരവം കേട്ടത്…..

ഇരുവരും തിരിഞ്ഞു നോക്കി….

മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും കറുത്ത നിറമുള്ള ഒരു വേട്ടപ്പട്ടിയാണ് ആദ്യം പുറത്ത് വന്നത്…. അവന്റെ പുറകെ അനേകം വേട്ടപ്പട്ടികൾ കൂടി…..

അവിടെ നിന്ന എല്ലാവരും അമ്പരന്നു….. കുതിച്ചു പാഞ്ഞു വരുന്ന വേട്ടപ്പട്ടികളുടെ സൈന്യത്തെ കണ്ട് നിപുണൻ നിശ്ചലനായി. പിന്നാലെ വന്ന എല്ലാവരും നിന്നുപോയി…..

ധ്രുവനും വിമലനും അമ്പരന്നു….. അതെ അവസ്ഥയിൽ തന്നെയായിരുന്നു മായനും…

എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല…

ധ്രുവനെയും വിമലനെയും പിന്നിലേക്കാക്കി ആ കറുത്ത വേട്ടനായ നിപുണന്റെ മുൻപിൽ വന്നു നിന്നു…

നിപുണൻ അവനെ സൂക്ഷിച്ചു നോക്കി…

ആരാണ് നീ…..? ഈ കാട്ടിൽ അതിക്രമിച്ചു കടന്നത് എന്തിന്…? നിന്റെ പുറകെ മനുഷ്യർ വരുന്നുണ്ടോ….?

ചന്ദ്രമുടികാട്ടിൽ അതിക്രമിച്ചു കടക്കുന്നവർക്കൊക്കെ നീ സ്വീകരണം കൊടുക്കാറല്ലേ പതിവ് നിപുണൻ…. എന്നെയും നീ സ്വീകരിക്കൂ…

അതിന് നീയാര്….?

നിപുണൻ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു…

സേനാപതി…..

അവൻ തല ഉയർത്തിപിടിച്ചു കൊണ്ട് പറഞ്ഞു…

നീയൊക്കെ എന്തിനാണോ ഇറങ്ങിപുറപ്പെട്ടത് അത് തടയാൻ നിയോഗിക്കപ്പെട്ടവൻ…

സേനാപതി നിപുണന് നേരെ മുരണ്ടു….

അതിന് നീയും നിന്റെ ഈ നായക്കൂട്ടവും മതിയാകില്ല സേനാപതി… ഇത് നിന്റെ നാടല്ല… കാടാണ്… ഇവിടെ കാടിന്റെ നിയമമാണ്….

മായൻ മുൻപോട്ടു വന്നുകൊണ്ട് പറഞ്ഞു…

കാടും നാടും എനിക്ക് ഒരുപോലെയാണ് ചങ്ങാതി…. ഞാൻ വന്നത് ധ്രുവന് സംരക്ഷണം ഒരുക്കാനാണ്… അത് ഞാൻ ചെയ്തിരിക്കും….

സേനാപതിയുടെ ശബ്ദം ഉറച്ചതായിരുന്നു….

വേട്ടനായ്ക്കളുടെ ബുദ്ധിയും ശൗര്യവും കാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്… നിപുണൻ മായനു നേരെ നോക്കി…

മായൻ മുരണ്ടു കൊണ്ട് സേനാപതിക്ക് നേരെ നീങ്ങി… സേനാപതിയും പോരാട്ടത്തിന് തയ്യാറായി മുരണ്ടു….

എന്റെ കൈ കൊണ്ട് ചാകാൻ കുന്നും പുഴയും ചാടി ഇവിടെയെത്തിയ വിഡ്ഢി….

നാവാട്ടം നിർത്തിയിട്ട് പോരാട്ടത്തിന് തയ്യാറാകൂ മായൻ…. എനിക്ക് ഒട്ടും സമയമില്ല…..

മായന്റെ പകുതി വലിപ്പമേ ആ നായ്കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ…. പക്ഷെ അവന്റെ കണ്ണുകളിൽ അസാമാന്യ ധൈര്യവും മുഖത്ത് ശൗര്യവും നിറഞ്ഞു നിന്നു…

മായന് സേനാപതിയുടെ കാര്യത്തിൽ തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല…. ഇത്രയും ദൂരം സഞ്ചരിച്ചു ഇവൻ ഇവിടെ എത്തണമെങ്കിൽ അതിന് പിന്നിൽ വേറെ എന്തൊക്കയോ രഹസ്യങ്ങൾ ഉണ്ട്….

ഹിരണ്യൻ വന്നത് ധ്രുവന് വേണ്ടിയാണ്‌…. ഇപ്പോൾ ഇവൻ വന്നത് ധ്രുവന് സംരക്ഷണം ഒരുക്കാൻ വേണ്ടിയും…. ഹിരണ്യന്റെ വരവ് നിപുണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു…. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ താൻ അറിയാത്ത എന്തോ ഒന്ന് ചന്ദ്രമുടികാടിനെ പൊതിഞ്ഞു നിൽക്കുന്നതായി അവന് തോന്നി….

എന്താണ് മായൻ ആലോചിക്കുന്നത്… വരൂ… പോരാടൂ….

സേനാപതി വീണ്ടും അവനോട് പറഞ്ഞു… എന്നാൽ സകലരേയും അമ്പരപ്പിച്ചു കൊണ്ട് മായൻ പിൻവാങ്ങി….

മായന്റെ ആ നീക്കത്തിൽ ഏറ്റവും കൂടുതൽ അത്ഭുതപ്പെട്ടത് നിപുണൻ ആണ്…. അവൻ അമ്പരപ്പോടെ പിന്നിലേക്ക് നീങ്ങി പോകുന്ന മായനെ നോക്കി….

തൊട്ടടുത്ത നിമിഷം കാടിനെ വിറപ്പിച്ചു കൊണ്ട് ഉഗ്രൻ ഗർജ്ജനം അവിടെ മുഴങ്ങി…. എല്ലാവരും നടുങ്ങി… സേനാപതി ഒഴികെ…. അവന്റെ കണ്ണുകളിൽ മാത്രം അഗ്നി എരിഞ്ഞു നിന്നു….

ഗർജ്ജനത്തിനു പിന്നാലെ അതിലും പ്രൗഢിയോടെ ഹിരണ്യന്റെ രൂപം അവിടെ ദൃശ്യമായി….

ക്രൂരതയുടെ പര്യായമായ മൃഗരാജന്റെ എഴുന്നള്ളത്തിൽ കാറ്റു പോലും വീശാൻ മറന്നു നിന്നു…. സർവ്വചരാചരങ്ങളും ഭയന്ന് നിശ്ചലരായി…. എന്നാൽ സേനാപതി എന്ന പോരാളി മാത്രം ഹിരണ്യനെന്ന സിംഹത്തിനു മുൻപിൽ തല താഴ്ത്താതെ…. ഭയം എന്തെന്ന് അറിയാതെ നിന്നു….

സേനാപതീ….. നീ എത്തിയല്ലേ….

സേനാപതിക്ക് നേരെ കത്തുന്ന ഒരു നോട്ടമെറിഞ്ഞു കൊണ്ട് ഹിരണ്യൻ ചോദിച്ചു…

എത്താതെ പറ്റില്ലല്ലോ ഹിരണ്യാ… ഞാൻ നിന്റെ നിഴലു പോലെയല്ലേ… തൊട്ടു പുറകിൽ ഉണ്ടാകും…

മറുപടി പറഞ്ഞ സേനാപതിയുടെ കണ്ണിലും ഹിരണ്യന്റെ കണ്ണിൽ കണ്ട അതെ അളവിൽ അഗ്നി ഉണ്ടായിരുന്നു…

വിഡ്ഢിയായ നിയോഗി… ഈ കടുവകുട്ടിയെ രക്ഷിക്കാമെന്നു നീ കരുതുന്നുണ്ടോ….?

ഹിരണ്യൻ അലറി…. ആ അലർച്ചയിൽ മായൻ പോലും ഒരു നിമിഷത്തേക്ക് വിരണ്ടു പോയി….

എന്നാൽ സേനാപതിക്ക് ഒരു കുലുക്കവും ഉണ്ടായില്ല…

എന്റെ പേര് സേനാപതി എന്നാണ് ഹിരണ്യൻ…. ഞാൻ ധ്രുവനെ കൊണ്ട് പോകാൻ വന്നതാണ്…. അവനെയും കൊണ്ടേ പോകു….

സേനാപതി ഹിരണ്യനെ നോക്കി മുരണ്ടു…

ആ സിംഹരാജന്റെ കാൽഭാഗം പോലും വലിപ്പം ഇല്ലാത്ത നായ്ക്കുട്ടി ഒരു കൂസലും ഇല്ലാതെ ഹിരണ്യന്റെ മുൻപിൽ നിന്നുകൊണ്ട് അവനെ വെല്ലുവിളിച്ചു സംസാരിക്കുന്നത് കണ്ട മായനും ധ്രുവനും വിമലനും ഒരു പോലെ അത്ഭുതപ്പെട്ടു…

തന്റെ സംരക്ഷണത്തിന് വന്നിരിക്കുന്ന ആൾ നിസ്സാരക്കാരനല്ലെന്നു ധ്രുവന് മനസിലായി…..

നിന്നെ കൊല്ലേണ്ടി വന്നാൽ അത് എനിക്ക് അധികലാഭമാണ് സേനാപതീ… എന്നാൽ നീ എന്റെ ലക്ഷ്യമല്ല…

പക്ഷെ നീ എന്റെ ലക്ഷ്യമാണ് ഹിരണ്യൻ….

ഹിരണ്യൻ പറഞ്ഞു തീർന്നതും ഭയം എന്തെന്നറിയാത്ത ആ നായ്ക്കുട്ടി അവനോട് പറഞ്ഞു….

ഹിരണ്യന്റെ മുഖഭാവം പൂർണമായും മാറി…. ചോരക്കൊതി പൂണ്ട പിശാചിന്റെ മുഖഭാവമായി മാറിയിരുന്നു അപ്പോൾ ഹിരണ്യന്….

ആ കടുവകുട്ടിയോടൊപ്പം നീയും യമപുരി പൂകാൻ തയ്യാറായിക്കൊള്ളൂ സേനാപതീ….

അതിന് നിന്റെ വളർച്ച പോരല്ലോ കൂട്ടുകാരാ….?

കാലങ്ങളായി ചന്ദ്രമുടിക്കാടിനെ അടക്കി ഭരിക്കുന്ന ശബ്ദം അവിടെ മുഴങ്ങിയതും നിപുണൻ മെല്ലെ ഹിരണ്യന്റെ പിന്നിലേക്ക് മാറി…

ഹിരണ്യൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… തോൽക്കാൻ മനസ്സില്ലാത്ത സ്ത്രീത്വം….. ചന്ദ്രമുടികാടിന്റെ അധിപതി…..

ആ മുഖത്തേക്ക് നോക്കാൻ മായന് പോലും അപ്പോൾ ഭയം തോന്നിപോയി… കാരണം പക മൂത്ത പെൺകടുവയുടെ മുഖത്തിന് തല ഉയർത്തി നിൽക്കുന്ന സിംഹരാജനേക്കാൾ ഗാംഭീര്യമുണ്ടായിരുന്നു….

നന്ദ……. !!!

ചന്ദ്രമുടിക്കാടിന്റെ സർവ്വാധികാരി….

ഹിരണ്യൻ അവൾക്ക് നേരെ തിരിഞ്ഞു….

അപ്പോഴാണ് നിപുണന്റെയും മായന്റെയും അടക്കം സർവ്വനാഡികളും തളരുന്ന കാഴ്ച കണ്ടത്…. നന്ദയുടെ പുറകിൽ കരിവീട്ടി കടഞ്ഞെടുത്ത കരുത്തിന്റെ പ്രതികമായ സഹ്യപുത്രൻ….

സഹ്യാദ്രി…

നന്ദ മെല്ലെ ഹിരണ്യന്റെ അരികിലേക്ക് നടന്നു…. സർവരും എല്ലാം മറന്നു നിശ്ചലരായി നിൽക്കുകയാണ്…. അല്ലെങ്കിലും ഈ രംഗത്തിൽ ഇനി ആർക്കാണ് അവസരം ഉള്ളത്…? ഹിരണ്യനും നന്ദയും നേർക്ക് നേർ വന്നു കഴിഞ്ഞിരുന്നു…

ധ്രുവൻ ഓടി അമ്മയുടെ അരികിലെത്തി….

നന്ദ സേനാപതിയെ നോക്കി……

ഇന്ന് തൊണ്ണൂറാം നാൾ…. നീ ഇവനെ കൊണ്ട് പോകാൻ വന്നതല്ലേ…?

നന്ദയുടെ ചോദ്യത്തിന് അതെയെന്ന് സേനാപതി മറുപടി പറഞ്ഞു…

സഹ്യാദ്രി…. ധ്രുവനെയും സേനാപതിയെയും സുരക്ഷിതമായി ചന്ദ്രമുടികാടിന്റെ അതിർത്തി കടത്തണം….

അവളുടെ ശബ്ദത്തിനു ഒരു മയവും ഇല്ലായിരുന്നു…. ധ്രുവൻ അത്ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി… എന്നാൽ നന്ദ ധ്രുവന്റെ മുഖത്തേക്ക് നോക്കിയില്ല… കാരണം ഒരു നിമിഷം അവൾ അവന്റെ മുഖത്തേക്ക് നോക്കിയാൽ അവൾ വെറുമൊരു പെണ്ണായി പോകുമായിരുന്നു….

നന്ദ….  നീ ഒറ്റക്ക്….?

സഹ്യാദ്രി സംശയത്തോടെ ചോദിച്ചു….

ഇത് ചന്ദ്രമുടിക്കാടിന്റെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമാണ്… ഞാനും ഈ സിംഹവും നേർക്ക് നേർ ഉള്ള യുദ്ധം… ഞങ്ങളിൽ ഒരാൾ വീഴും വരെ അത് തുടരും… വിജയി ഇനി മുതൽ ചന്ദ്രമുടിക്കാട് ഭരിക്കും… അതാണ് കാടിന്റെ നിയമം…

ഹിരണ്യന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നന്ദ പറഞ്ഞു….

എനിക്ക് നിന്നെ തോൽപ്പിക്കണ്ട നന്ദ… എനിക്ക് ചന്ദ്രമുടിക്കാടിന്റെ അധികാരവും വേണ്ട… എന്റെ ലക്ഷ്യം ഇവനാണ്… നിന്റെ മകൻ… ധ്രുവൻ…

ഹിരണ്യൻ പറഞ്ഞു കൊണ്ട് ധ്രുവന് നേരെ വലത്തേ മുൻ കാൽ നീട്ടി…. നന്ദ തന്റെ  ഇടതു മുൻകാൽ കൊണ്ട് ഹിരണ്യന്റെ കാലിലേക്ക് തട്ടി…

എനിക്ക് അവനെ വേണം നന്ദ…… !

ഹിരണ്യന്റെ അലർച്ച ഗർജ്ജനമായി മാറി…. അടുത്ത നിമിഷം നന്ദയും ഗർജ്ജിച്ചു….

ചന്ദ്രമുടിക്കാട് നടുങ്ങി വിറച്ചു…. ഒരൊറ്റ നിമിഷം കൊണ്ട് ധ്രുവന് മേൽ ചാടി വീഴാനൊരുങ്ങിയ ചെന്നായകൂട്ടത്തിനു നേരെ വേട്ടനായ്ക്കൾ ചാടി വീണു….

ധ്രുവാ ഓടടാ….

നന്ദ ഗർജ്ജിച്ചു….

ധ്രുവന് നേരെ ഓടിയെത്തിയ മായനെ തുമ്പികൈ കൊണ്ട് സഹ്യാദ്രി തട്ടി തെറിപ്പിച്ചു… സഹ്യാദ്രിയുടെ മസ്തകം ലക്ഷ്യമാക്കി ചാടി ഉയർന്ന ഹിരണ്യനെ നന്ദ നേരിട്ടു…

സഹ്യാദ്രീ….. ധ്രുവനേയും സേനാപതിയേയും കൊണ്ട് പോ…

നന്ദ അലറി….

പോ…. പോകാൻ….

സഹ്യാദ്രിയും ധ്രുവനും മടിച്ചു നിൽക്കുന്നത് കണ്ട് നന്ദ വീണ്ടും അലറി….

ഹിരണ്യൻ അവർക്കരികിലേക്കു എത്തുന്നത് നന്ദ സർവ്വശക്തിയും എടുത്തു തടഞ്ഞു…

നന്ദയുടെ കരുത്ത് ഹിരണ്യനെ ശരിക്കും വിഷമിപ്പിച്ചു… സഹ്യാദ്രി ധ്രുവനുമായി കാട്ടിലേക്ക് മറഞ്ഞു… പിന്നാലെ സേനാപതിയും…..

മായൻ ഹിരണ്യന്റെ അരികിലേക്ക് നന്ദയെ നേരിടാൻ എത്തി…

വേണ്ട… ഇവളെ ഞാൻ ഒറ്റക്ക് നേരിട്ട് കൊള്ളാം…. ഇനി ഈ കാടിന്റെ അധികാരം എനിക്ക് വേണം….

അതിന് എനിക്ക് ഇവളെ പരാജയപ്പെടുത്തണം….

ഹിരണ്യൻ നന്ദക്ക്‌ നേരെ ചീറി…

എന്റെ കുഞ്ഞിന്റെ അടുത്തേക്ക് ഞാൻ നിന്നെ വിടില്ല ഹിരണ്യൻ…

നന്ദയും ഹിരണ്യന് നേരെ ചീറി….

ഇരുവരും തമ്മിൽ ഏറ്റുമുട്ടി…. സകലമാന മൃഗങ്ങളും പോരാട്ടം നിർത്തി ചന്ദ്രമുടിയുടെ റാണിയുടേയും തിന്മയുടെ കിങ്കരനായ മൃഗരാജന്റെയും പോരാട്ടം കണ്ട് നിന്നു….

ഹിരണ്യൻ വിചാരിച്ചത്ര എളുപ്പത്തിൽ നന്ദയെ കീഴ്പ്പെടുത്താൻ സാധിച്ചില്ല… അസാമാന്യ കരുത്തും…അപാര പോരാട്ടവീര്യവും……  ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള വേഗതയും… .

ശരിക്കും ഹിരണ്യൻ വെള്ളം കുടിച്ചു….

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു…. ആരുമാരും തളരുന്നില്ല…. ഹിരണ്യൻ തന്റെ വേഗവും കരുത്തും കുറച്ചുകൊണ്ട് പ്രതിരോധത്തിലേക്ക് മാത്രം ശ്രദ്ധിച്ചു….

നന്ദക്ക്‌ അതോടെ ആവേശമായി…. ഹിരണ്യൻ ആക്രമിക്കുന്നത് നിർത്തിയിരിക്കുന്നു… പരാജയം സമ്മതിക്കുന്നതിന് തൊട്ട് മുൻപിലെ സാഹചര്യം… അതിലേക്ക് ഹിരണ്യൻ എത്തി ചേർന്നിരിക്കുന്നു…

മായനും നിപുണനുമൊക്കെ നിരാശരാകാൻ തുടങ്ങി… വിമലനും വേട്ടനായ്ക്കളും ആവേശത്തിലേക്കും എത്തി തുടങ്ങി….

ഹിരണ്യൻ പ്രതിരോധത്തിൽ മാത്രം ശ്രദ്ധിച്ചു…. നന്ദ ആവേശത്തോടെ ആക്രമിച്ചു കയറി…. പതുക്കെ പതുക്കെ നന്ദ ക്ഷീണിച്ചു തുടങ്ങി….

ഹിരണ്യന്റെ കണ്ണുകളിൽ പൈശാചിക ഭാവം മിന്നിതിളങ്ങി….

നന്ദ തളർന്നു തുടങ്ങിയതും ഹിരണ്യൻ ആക്രമിച്ചു തുടങ്ങി…. വളരെ ശക്തമായി….

ചതി….

മായൻ മുരണ്ടു….

എന്ത് ചതി…. മായൻ… പോരാട്ടം ഏത് വിധേനെയും ജയിക്കുക അത് മാത്രമാണ് ലക്ഷ്യം…

നിപുണൻ മായനോട് പറഞ്ഞു…

നന്ദ പൂർണമായും തളർന്നു കഴിഞ്ഞിരുന്നു…. ശരീരമാസകലം മുറിവുകളുമായി ചോര ഒലിപ്പിച്ചു കൊണ്ടവൾ താഴേക്ക് വീണു….. 

ഹിരണ്യൻ അവളെ ചവിട്ടി പിടിച്ചുകൊണ്ട് ഉറക്കെ ഒന്ന് ഗർജ്ജിച്ചു…..

നീ തീർന്നു നന്ദ…. നീ ഇനി ചരിത്രം… ധ്രുവൻ തിരികെ ചന്ദ്രമുടികാട്ടിൽ എത്തും വരെ ഞാൻ ഭരിക്കും ഇവിടം…. ഇനി ഇവിടെ ഹിരണ്യന്റെ കാലം…..

ഒരിക്കൽ കൂടി ഗർജ്ജിച്ചു കൊണ്ട് ഹിരണ്യൻ തന്റെ വലത് മുൻകാൽ ഉയർത്തിയതും മായൻ മിന്നൽ പോലെ അവന്റെ മുൻപിലേക്ക് എത്തി…

അരുത് ഹിരണ്യൻ….?  നന്ദ നിന്റെ ലക്ഷ്യമല്ല…. എന്റെ ലക്ഷ്യമാണ്… ധ്രുവൻ തിരികെ എത്തും വരെ ഈ കാടിന്റെ സർവ്വധികാരി നീയാണ്…. പക്ഷെ ഇവളെ എനിക്ക് വിട്ട് തരണം….

വീണു കിടന്ന് ഞരങ്ങുന്ന നന്ദയെ നോക്കി മായൻ മുരണ്ടു…. ഹിരണ്യൻ നന്ദയുടെ ദേഹത്ത് നിന്നും കാലെടുത്തു….

മായനെ ഒന്ന് നോക്കിയ ശേഷം ഹിരണ്യൻ ഒന്ന് ഗർജ്ജിച്ചു….

ചന്ദ്രമുടികാട്ടിലെ സകല ചരാചരങ്ങളും നടുങ്ങി വിറച്ചു…. വരാൻ പോകുന്ന നാളുകളിൽ ചന്ദ്രമുടി കാട്ടിലെ ജീവിതം നരകതുല്യമായിരിക്കും എന്ന് എല്ലാവർക്കും മനസിലായി…

വീണു കിടക്കുന്ന നന്ദയെ ഒരിക്കൽ കൂടി മായൻ നോക്കി…

നിന്നോടുള്ള സ്നേഹം കൊണ്ടോ… ഉള്ളിൽ നന്മയുള്ളത് കൊണ്ടോ അല്ല നന്ദ…. നീ മരിക്കേണ്ടത് എന്റെ കൈ കൊണ്ടാണ്… അതും നിന്നെ പോരാടി തോല്പ്പിക്കണം… നാലുകാലിൽ നിവർന്നു നിൽക്കാറാകുമ്പോൾ നീ വാ…. മായൻ ഇവിടെ നിനക്ക് വേണ്ടി കാത്തിരിക്കും…. അത് വരെ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറയുന്നത് പോലെ ഹിരണ്യന് ഒപ്പം ഞാനും ഒന്ന് ചന്ദ്രമുടി ഭരിക്കട്ടെ….

മായൻ മുരണ്ടു തീർന്നതും അന്തരീക്ഷം പിളർന്നു കൊണ്ട് ഒരു കൊള്ളിയാൻ മിന്നി…. മഴമേഘങ്ങൾ ചന്ദ്രമുടിയുടെ ആകാശത്തിൽ സൂര്യനെ മറച്ചു കൊണ്ട് അവിടമാകെ ഇരുട്ട് പരത്തി….

എല്ലാവരും പതിയെ പിരിഞ്ഞു പോയി…. ശരീരമാസകലം മുറിവുകളുമായി തന്റെ മകനെ ഓർത്ത് ആ അമ്മ എഴുനേൽക്കാൻ ആവതില്ലാതെ തളർന്നു കിടന്നു….

അവൾക്ക് കാവലെന്ന പോലെ ആ കുറുക്കൻ നന്ദയുടെ അരികിൽ നിന്നു….

എന്റെ മാതാവേ നീ തളരാതിരിക്കുക….

അവൻ വരും…. തിരികെ വരും……..

ഈ ഇരുൾ താത്കാലികമാണ്…. പ്രകാശത്തിന്റെ രാജകുമാരന്മാർ ഒരുങ്ങുന്നു….. ഇനി ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന് അരങ്ങൊരുന്നു….. അവർ ഒരുക്കുന്നു… കാടിന്റെ രാജകുമാരനെ സ്വീകരിക്കാൻ നിയോഗിപടയുടെ പുതിയ മിശിഹാ അങ്ങകലെ കാത്തു നിൽക്കുന്നു….

അകലെ ഒരു മരക്കൊമ്പിലിരുന്നു ഭ്രാന്തൻ കുരങ്ങൻ ജല്പനങ്ങൾ ഉയർത്തി…..

ഇതേ സമയം ധ്രുവനെയും സേനാപതിയെയും സുരക്ഷിതമായി ചന്ദ്രമുടിയുടെ അതിർത്തി കടത്തി സഹ്യാദ്രി…. ധ്രുവൻ പോകാൻ ആദ്യം സമ്മതിച്ചില്ല… എന്നാൽ അവന്റെ ജന്മ രഹസ്യം ഓതി സേനാപതിയും സഹ്യാദ്രിയും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി….

ധ്രുവനും സേനാപതിയും മലയിറങ്ങി പോകുന്നത് സഹ്യാദ്രി നോക്കി നിന്നു…

അപ്പോൾ അങ്ങകലെ….. മാമല കാടുകൾക്ക് നടുവിലുള്ള ആശ്രമമുറ്റത്ത്… ആ വൈദികൻ നിന്നു…

ഇളകിയാടുന്ന പഞ്ഞികെട്ടു പോലുള്ള രോമരാജികളിൽ തലോടി കൊണ്ട് നിയോഗിപ്പടയുടെ അപ്പോസ്തലൻ….

ഫാദർ ജോൺ ബ്രിട്ടോ ഡെവിൻ കാർലോസ് അമ്പലക്കാടൻ……

അയാളുടെ പുറകിലായി പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും…..

പുരി ജഗന്നാഥ് അശ്വജിത്തും…. റഷീദ് മുന്നയും….

അവർ അക്ഷമയോടെ കാത്തിരുന്നു….

കാടും മലയും പുഴയും താണ്ടി തങ്ങൾക്ക് അരികിലേക്ക് എത്തി കൊണ്ടിരിക്കുന്ന സഹ്യന്റെ രാജകുമാരനെ…..

                              തുടരും…..

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!