Skip to content

ധ്രുവൻ – The Niyogi – 10 (Last part)

dhruvan

ഡീ… വരത്ത പെൺപുലി… മരിക്കാനും കൊല്ലാനും തയ്യാറായി ഈ നെറികെട്ടവന്റെ കൂടെ എല്ലാത്തിനും കൂട്ട് നിന്നത് ഈ ഒരവസരത്തിനു വേണ്ടിയായിരുന്നു… പക്ഷേ നീ… നീ അതെല്ലാം  നശിപ്പിച്ചു… അങ്ങനെയുള്ള നീ ഇനി ഇവിടെ വേണ്ട…

അമന്യക്ക് നേരെ മായൻ ചീറി….

അങ്ങനെയാണെങ്കിൽ നീ ഈ നെറികെട്ടവനെ ആദ്യം നേരിടണം മായൻ…. ഞാനാണ് നന്ദയെ ഇല്ലാതാക്കാൻ അവൾക്ക് അനുവാദം കൊടുത്തത്….

ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ട് ഞെട്ടിയ മായൻ പുറകിലേക്ക് തിരിഞ്ഞു നോക്കി……

ഹിരണ്യൻ……

നിലത്ത് കിടക്കുന്ന ധ്രുവനെ വിട്ട് ഹിരണ്യൻ മായന് നേരെ തിരിഞ്ഞു…. അമന്യയെ വിട്ട് മായൻ ഹിരണ്യന് നേരെയും……

നെറികേടിന്റെ രാജാവും മന്ത്രിയും നേർക്കുനേർ പോരാട്ടത്തിന് തയ്യാറായി നിന്നു…….

ഒന്നിനും വയ്യാത്തവനെ പോലെ ചന്ദ്രമുടിക്കാടിന്റെ രാജകുമാരൻ നിലത്തുകിടന്ന് തല തല്ലിക്കരഞ്ഞു…..

           ***********************

മായനും ഹിരണ്യനും പരസ്പരം നോക്കി മുരണ്ടു….

ഈ കാട് എന്റെയാണ് ഹിരണ്യൻ…. ഇവിടെ നീതിയും ന്യായവും ഉണ്ട്…. അത് പാലിക്കാനും പാലിപ്പിക്കപ്പെടാനും ഞാനും ബാധ്യസ്ഥനാണ്….

നീ ഇത്രയും കാലം നിയമം അനുസരിച്ചാണോ നടന്നത് മായൻ….

എന്റെ കലഹം എപ്പോഴും നന്ദയോടായിരുന്നു ഹിരണ്യൻ… അവളെ പ്രകോപിപ്പിക്കാൻ വേണ്ടിയായിരുന്നു എന്റെ നിയമലംഘനങ്ങളെല്ലാം… പക്ഷെ നീ അങ്ങനെയല്ല…. നിനക്ക് അതിനുമപ്പുറം എന്തൊക്കയോ ലക്ഷ്യങ്ങൾ ഉണ്ട് ഹിരണ്യൻ… ഇല്ല അതിന് ഞാൻ നിന്നെ അനുവദിക്കില്ല….

മായൻ ഹിരണ്യന് നേരെ ചീറി….

അനുവാദമോ…..? നിന്റെയോ….? ആർക്ക് വേണം മായൻ നിന്റെ അനുവാദം….

ഹിരണ്യന്റെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു…

നാവാട്ടം നിർത്തി പോരിനിറങ്ങു ഹിരണ്യൻ….

മായൻ അലറിയതും ഹിരണ്യൻ അവന് നേരെ കുതിച്ചുയർന്നു കഴിഞ്ഞിരുന്നു….

ധ്രുവൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു…. മായന് ഹിരണ്യന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന ഉത്തമബോധ്യം ധ്രുവനുണ്ടായിരുന്നു….

പക്ഷെ ധ്രുവന്റെയും ഹിരണ്യന്റെയും കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന പ്രകടനമാണ് മായന്റെ ഭാഗത്ത് നിന്നും ഉണ്ടായത്….

തന്നെക്കാൾ ഇരട്ടി വലുപ്പവും കരുത്തും ഉള്ള ഹിരണ്യൻ എന്ന സിംഹത്തിന് എതിരെ പല്ലും നഖവും ഉപയോഗിച്ച് മായൻ എതിർത്ത് നിൽക്കുന്നത് ധ്രുവൻ അത്ഭുതത്തോടെ നോക്കി നിന്നു….

അവന് തന്നോട് തന്നെ പുച്ഛം തോന്നി…

മരണം ഉറപ്പിച്ചിട്ടും തന്റെ തത്വങ്ങൾക്ക് എതിരെ നിൽക്കുന്ന ഹിരണ്യനെ നേരിടാൻ മായൻ തയ്യാറായി… താനോ…?

ഹിരണ്യനെ നേരിടാൻ ജന്മം കൊണ്ടവൻ… അവന്റെ അത്ര തന്നെ കരുത്തുള്ളവൻ…. പക്ഷെ തളർന്നു പോയിരിക്കുന്നു… പാടില്ല തന്റെ അമ്മയെ ഇല്ലാതാക്കിയവരെ വെറുതെ വിടാൻ പാടില്ല… താൻ തളരാൻ പാടില്ല…. മരിക്കാനാണെങ്കിൽ കൂടി ആണുങ്ങളെ പോലെ പൊരുതി മരിക്കണം താൻ നിയോഗിയാണ്… നിയോഗി…

ധ്രുവന്റെ ധമനികളിൽ രക്തയോട്ടം വർധിച്ചു… അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു…. അവന്റെ ലക്ഷ്യം അമന്യ ആയി….

അടുത്ത നിമിഷം ഉഗ്രനൊരു ചിന്നം വിളിയിൽ ആ പ്രദേശം പ്രകമ്പനം കൊണ്ടു…

പരസ്പരം പോരാടി കൊണ്ടിരുന്ന മായനും ഹിരണ്യനും വരെ പോരാട്ടം നിർത്തി…

കലികൊണ്ട രൗദ്രഭീമനെ പോലെ പൊടി പറത്തി പാഞ്ഞു വരുന്ന കരിവീരൻ….

സഹ്യാദ്രിയുടെ ആ വരവ് കണ്ട ധ്രുവനും ഹിരണ്യനും പോലും ഭയന്ന് പോയി….

വന്ന വരവിനു തന്നെ സഹ്യാദ്രി അമന്യയെ തുമ്പികൈയിൽ ചുറ്റി പൊക്കിയെടുത്തു….. അവൾ അപ്പോൾ തന്നെ പകുതി ചത്തത് പോലെ ആയി കഴിഞ്ഞിരുന്നു….

സഹ്യാദ്രിയുടെ കരുത്തുറ്റ തുമ്പികൈയിൽ കിടന്ന് അമന്യ പിടഞ്ഞു…

സഹ്യാദ്രി…….

അതൊരു അലർച്ചയായിരുന്നു….

ഒരു രാജാവിന്റെ….. ഒരു ഉടയോന്റെ കരുത്ത് നിറഞ്ഞ അലർച്ച….

ധ്രുവന്റെ ആ ഒരൊറ്റ അലർച്ചയിൽ സഹ്യാദ്രി നിശ്ചലനായി….

എന്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസവും പോയതിനു ശേഷം മാത്രം ഇതിൽ മറ്റുള്ളവർ ഇടപെട്ടാൽ മതി… പോരാട്ടം ഞാനും ഹിരണ്യനും തമ്മിലാണ്…. ഞാനും ഹിരണ്യനും തമ്മിൽ….

ധ്രുവൻ ഹിരണ്യന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞതും ഹിരണ്യൻ തന്റെ മുൻകാൽ ഉയർത്തി സർവകരുത്തും സംഭരിച്ചു മായനിട്ട് ഒറ്റ അടിയായിരുന്നു….

സിംഹത്തിന്റെ കരുത്ത് നിറഞ്ഞ അടിയിൽ മായൻ നിലത്തേക്ക് വീണുപോയി…. ഹിരണ്യന്റെ വലത് മുൻകാലുകളിലെ നഖങ്ങൾ മായന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി..

മായൻ ശ്വാസത്തിനായി പിടഞ്ഞു….

മായൻ….

ധ്രുവൻ കരുണയോടെ വിളിച്ചു കൊണ്ട് ഹിരണ്യന്റെ മുഖത്തേക്ക് നോക്കി….

ഹിരണ്യന്റെ മുഖം വികൃതമായിരുന്നു….

രക്ഷിക്കണോ ധ്രുവൻ….? ഇവനും ചന്ദ്രമുടിയുടെ സന്തതിയാണ്…. രക്ഷിക്കാൻ കഴിയുമോ ധ്രുവൻ ഇവനെ…..?

കൊല്ലടാ അവനെ…..

ഹിരണ്യൻ വികൃതമായ ഭാവത്തിൽ തന്നെ ധ്രുവനോട് ചോദിച്ചതും എവിടെ നിന്നെന്നറിയാതെ അശിരീരി പോലെ ആ ശബ്ദം അവിടെ മുഴങ്ങി….

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി….

കുന്നുകയറി വരുന്ന കരുത്തനായ ഒരു കടുവ…. അവന്റെ പിന്നിൽ കരുത്തരായ ഒരുപറ്റം വേട്ടനായ്ക്കൾ….

അച്ഛൻ….

ധ്രുവൻ മെല്ലെ പിറുപിറുത്തു….

മിത്രൻ ധ്രുവന്റെ അരികിലെത്തി…. അപ്പോഴേക്കും മായന്റെ പിടച്ചിൽ നിന്നിരുന്നു…. പകയും പ്രതികാരവും മാത്രം നിറഞ്ഞു നിന്ന ഒരു ജീവിതം കൂടി അങ്ങനെ അവസാനിച്ചു….

ധ്രുവനും മിത്രനും സഹ്യാദ്രിയും മായന്റെ ശരീരത്തിലേക്ക് നോക്കി….. പിന്നെ ഹിരണ്യന്റെ മുഖത്തേക്കും….

ഒരു വിജയിയുടെ ഭാവമായിരുന്നു ഹിരണ്യന് അപ്പോൾ…. യഥാർത്ഥ രാജാവിന്റെ ഭാവം….

സ്വന്തം പ്രജകളെ രക്ഷിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ നേതാവ്…. സ്വന്തം ശരികൾക്ക് വേണ്ടി ഏത് കരുത്തനോടും എതിരിടാൻ ഭയമില്ലാത്തവനാണ് യഥാർത്ഥ യോദ്ധാവ്…. ഏത് പ്രതിസന്ധിക്ക് മുന്നിലും തളരാതെ….. ലോക നന്മക്കായി പോരാടി മരണം വരിക്കുന്നവനാണ് യഥാർത്ഥ ധീരൻ…. പിന്നോട്ടല്ല മുൻപോട്ട്… മുൻപോട്ട് പോ… തിന്മയുടെ ഈ കിങ്കരനെ നീ അവസാനിപ്പിക്കു…. പരാജിതനായി മടങ്ങി വരരുത്…. അവസാന ശ്വാസം വരെ പോരാടുക… നിന്റെ മരണം പോലും വരും തലമുറയിലെ നന്മയുടെ പോരാളികൾക്കുള്ള ഉണർത്തു പാട്ടാണ്…. പോ ധ്രുവാ… പോ….

മിത്രന്റെ ശബ്ദം മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു…. ഒരായിരം തവണ ആ വാക്കുകൾ ധ്രുവന്റെ കാതുകളിൽ മുഴങ്ങി….. ആ വാക്കുകളിലെ ഓരോ അക്ഷരങ്ങളും അവന്റെ ഞരമ്പുകളിൽ ഓടുന്ന രക്തയോട്ടം വർധിപ്പിച്ചു….. അവൻ വീണ്ടും കരുത്തനായി മാറി….

ധ്രുവൻ ഒന്ന് ഗർജ്ജിച്ചു…. ത്രിലോകങ്ങളും ആ ഗർജ്ജനത്തിന്റെ കരുത്തിൽ വിറങ്ങലിച്ചു പോയി… പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്ന ശക്തികൾ പോലും കരുത്തനായ ആ നിയോഗിയുടെ ഗർജ്ജനത്തിനു മുൻപിൽ തങ്ങളുടെ കർമ്മം മറന്നു നിശ്ചലരായി…..

ഹിരണ്യൻ മെല്ലെ ആകാശത്തേക്ക് നോക്കി…. തലക്ക് മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനെ ഗ്രഹണം ബാധിച്ചു തുടങ്ങിരിക്കുന്നു…. ആ പ്രേദേശമാകെ ഇരുൾ പരന്നു തുടങ്ങിയിരുന്നു….

ആകാശത്തു നിന്നും ഒന്നിന് പുറകെ ഒന്നായി മിന്നൽ പിണറുകൾ ഭൂമിയെ തൊട്ടു…. മാസങ്ങളായി മഴ ലഭിക്കാതെ ഉണങ്ങി വരണ്ടു നിന്ന ചന്ദ്രമുടിയുടെ പുൽനാമ്പുകൾക്ക് തീ പിടിച്ചു കഴിഞ്ഞിരുന്നു….

ധ്രുവാ ഈ മണ്ണിന്റെ അവസാനപ്രതീക്ഷയാണ് നീ…. പോ… അവനെ അവസാനിപ്പിക്ക്‌….

മിത്രൻ വീണ്ടും അലറിയതും..   ഹിരണ്യന് നേരെ സർവ്വകരുത്തും സംഭരിച്ചു ധ്രുവൻ ഉയർന്നു ചാടി കഴിഞ്ഞിരുന്നു….

നന്മയുടെയും തിന്മയുടെയും കരുത്തന്മാരായ സൈന്യാധിപന്മാർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു കഴിഞ്ഞിരുന്നു…

അവസാന യുദ്ധം…

ഇരുവർക്ക് വേണ്ടിയും ലോകത്തിന്റെ പലഭാഗത്തും പ്രാർത്ഥനകളും കർമങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു….

മിത്രൻ അമന്യക്ക് നേരെ തിരിഞ്ഞു….

നിന്നെ ശിക്ഷിക്കാനുള്ള അധികാരം എനിക്കാണ് അമന്യ….. നിന്റെ ഉടയോൻ മിത്രനാണ്….

അമന്യയുടെ കണ്ണുകളിൽ ഭയം മൊട്ടിട്ടു…

ഈ സംഭവങ്ങൾ എല്ലാം കണ്ട് കാര്യങ്ങൾ കൈവിട്ട് പോകുന്നു എന്ന് മനസിലായ നിപുണൻ ആരും കാണാതെ പതിയെ രംഗം വിടാൻ തീരുമാനിച്ചു പുറകിലേക്ക് വലിഞ്ഞു…

പക്ഷെ അവിടെ….

അവൻ….. ഭയം എന്താണെന്നു അറിയാത്ത…. ആരെയും കൂസാത്ത ആ കറുത്ത നായ്ക്കുട്ടി….

സേനാപതി….

എങ്ങോട്ടാണ് നിപുണൻ…. ഇതിന്റെ അവസാനത്തിൽ നിന്നെ എന്റെ കൈയിൽ തന്നെ കിട്ടുമെന്ന് എനിക്കറിയാമായിരുന്നു നിപുണൻ…. അത് അങ്ങനെ തന്നെ വേണമല്ലോ…?

സേനാപതിയുടെ ചോദ്യത്തിനും നോട്ടത്തിനും മുൻപിൽ നിപുണൻ വിയർത്തു….

കൂടുതൽ സംസാരം നമ്മൾ തമ്മിൽ വേണ്ട നിപുണൻ… ഈ കഥ ഇവിടെ അവസാനിക്കുന്നു….

അലറിക്കൊണ്ട് സേനാപതി നിപുണന് മേൽ ചാടി വീണു….

അക്ഷരർത്ഥത്തിൽ നന്മതിന്മകളുടെ പോരാട്ടഭൂമിയായി അവിടം മാറി കഴിഞ്ഞിരുന്നു….

സഹ്യാദ്രിയുടെ മുൻപിലെത്തിപ്പെട്ട ചെന്നായ്ക്കളുടെ കാര്യമായിരുന്നു കഷ്ടം…

കലികൊണ്ട ഒറ്റയാനെ പോലെ കണ്ണിൽ കണ്ടവരെയൊക്കെ സഹ്യാദ്രി വാലിൽ തൂക്കി പാറയിലടിച്ചു ചിതറിച്ചു കളഞ്ഞു….

ധ്രുവനും ഹിരണ്യനും തമ്മിലുള്ള പോരാട്ടത്തിൽ ഹിരണ്യൻ പതിയെ മേൽകൈ നേടിക്കൊണ്ടിരുന്നെങ്കിലും മിത്രനും സഹ്യാദ്രിയും സേനാപതിയും ചേർന്ന് ചെന്നായക്കൂട്ടത്തെയും അമന്യയെയും തകർത്തു തരിപ്പണമാക്കി കളഞ്ഞു….

അമന്യ മിത്രന്റെ കാലുകൾക്കിടയിൽ കിടന്ന് പിടഞ്ഞു…. അവൾ സ്വന്തം ജീവന് വേണ്ടി പിടഞ്ഞു….. മിത്രന്റെ കണ്ണുകളിൽ ദയയുടെ ഒരംശം പോലും ഉണ്ടായിരുന്നില്ല…

തിന്മയുടെ കൂട്ടമാണ് നിന്റെ ശരീരവും മനസും.. ഇനിയും നീ ജീവനോടെ വേണ്ട അമന്യ…

മിത്രൻ അമന്യക്ക് നേരെ മുരണ്ടുകൊണ്ട് സഹ്യാദ്രിയെ നോക്കി… സഹ്യാദ്രി മെല്ലെ നടന്നു വന്നു തന്റെ വലം കാൽ ഉയർത്തി… ആ കാൽ താഴേക്ക് ഉറപ്പിക്കുമ്പോൾ അതിന്റെ അടിയിൽ അമന്യയുടെ തല ചതഞ്ഞരഞ്ഞിരുന്നു…..

ചെന്നായക്കൂട്ടം പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു…. നിപുണൻ നിലത്ത് കിടന്നുകൊണ്ട് സേനാപതിയുടെ മുഖത്തേക്ക് നോക്കി….

കൊല്ലരുത്… ദയവായി എന്നെ കൊല്ലരുത്…. ഞാൻ ചെയ്ത തെറ്റുകൾക്ക് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം…. കൊല്ലരുത്….

നിപുണൻ തന്റെ നേരെ നോക്കി കെഞ്ചുന്നത് ക്രൂരമായ ഒരാനന്ദത്തോടെ സേനാപതി നോക്കി നിന്നു…..

അരുത് നിപുണൻ… നീ ഇങ്ങനെ അപേക്ഷിക്കരുത്… മാപ്പ് നൽകാൻ എനിക്ക് ആവില്ല… നീ മരിക്കേണ്ടവനാണ്…. അതാണ് നിന്റെ വിധി…. വിധി മാറ്റിയെഴുതാൻ ഞാൻ ആളല്ല….

പറഞ്ഞു തീർന്നതും ക്രൂരമായ ഒരാനന്ദം പോലെ നിപുണന്റെ ശരീരത്തിലെ ഓരോ ഇഞ്ചും സേനാപതി കടിച്ചു പറിച്ചു….

രംഗം ഒരല്പം ശാന്തമായപ്പോഴേക്കും എല്ലാവരും ഹിരണ്യനെയും ധ്രുവനെയും നോക്കി… ശരീരമാസകലം രക്തം ഒലിപ്പിച്ചു നിലത്ത് കിടക്കുന്ന ധ്രുവൻ…. ഹിരണ്യൻ വിജയിച്ചവനെ പോലെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…

സേനാപതി മുൻപോട്ട് കുതിക്കാനൊരുങ്ങി…. മിത്രൻ അവനെ തടഞ്ഞു…

സഹ്യാദ്രി അഗ്നി ചന്ദ്രമുടിയെ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു… മൃഗങ്ങളെ സുരക്ഷിതമായാ ഭാഗത്തേക്ക് മാറ്റണം…. സേനാപതി… നീയും സംഘവും സഹ്യാദ്രിയെ സഹായിക്കണം….

പക്ഷെ ധ്രുവൻ….. !

ധ്രുവൻ ഒരാളേയുള്ളു….. ഇവന് വേണ്ടി ഈ കാട്ടിലെ സകലമൃഗങ്ങളെയും കുരുതി കൊടുക്കണോ?

മിത്രൻ ഉഗ്രശബ്ദത്തിലറി….

പോ… പോയി ഈ അഗ്നിയിൽ നിന്നും സാധുമൃഗങ്ങളെ രക്ഷിക്കൂ… പോകാൻ….

മിത്രൻ ആഞ്ജസ്വരത്തിൽ തന്നെ സേനാപതിയോട് പറഞ്ഞു…. സേനാപതിയും സഹ്യാദ്രിയും ചുറ്റും നോക്കി…

അഗ്നി ആളിപ്പടരാൻ തുടങ്ങിയിരുന്നു…. ഇനിയും വൈകിയാൽ ചന്ദ്രമുടി മുഴുവനും അഗ്നി ഭക്ഷിക്കും എന്ന് അവർക്കുറപ്പായിരുന്നു…. ധര്മസങ്കടത്തിൽ പെട്ടത് പോലെ അവർ ധ്രുവനെ നോക്കി….

ഹിരണ്യന്റെ കാലടികളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അവൻ….

അവൻ തിരികെ വരും സഹ്യാദ്രി…. അവൻ തിരികെ വരും…. ലോകനന്മക്കായി പിറവികൊണ്ട നിയോഗിയാണ് അവൻ…. അവന് തിരികെ വരാതിരിക്കാൻ ആവില്ല….

ധ്രുവനെ നോക്കികൊണ്ട് അത് പറയുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

തിരികെ വന്നേക്കണം ധ്രുവൻ… നിനക്കായി ഈ ലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്….

സേനാപതി അത്രയും പറഞ്ഞിട്ട് തിരികെ നടന്നു… പുറകെ മിത്രനും….

സഹ്യാദ്രി മാത്രം ധ്രുവനെ നോക്കി നിന്നു….

തിരികെ പോ സഹ്യാദ്രി…. ഞാൻ വരും…. ചന്ദ്രമുടിക്ക് എന്നെ വേണമെന്ന് എനിക്കറിയാം.. ഞാൻ തിരികെ വരും പോ…. നിങ്ങൾക്ക് മാത്രമേ പടരുന്ന അഗ്നിയിൽ നിന്നും ചന്ദ്രമുടിയെ രക്ഷിക്കാൻ കഴിയൂ… പോ….

ധ്രുവൻ അവശസ്വരത്തിൽ പറഞ്ഞു….

മനസ്സില്ലാമനസ്സോടെ സഹ്യാദ്രിയും കുന്നിറങ്ങി….

ധ്രുവനും ഹിരണ്യനും മാത്രം ആ കുന്നിൻമുകളിൽ അവശേഷിച്ചു….

ദൂരെ മലനിരകളിൽ കാടിനെ ചുട്ടെരിച്ചു കൊണ്ട് അഗ്നി തന്റെ വിശപ്പ് ശമിപ്പിച്ചു കൊണ്ടിരുന്നു….

അഗ്നിയാണ് ചുറ്റോടു ചുറ്റും ആളിപ്പടരുന്ന അഗ്നി…. പാറകൾ നിറഞ്ഞ കുന്നിൻ മുകളിൽ അവൻ കിടന്നു…

രക്തത്തിൽ കുളിച്ച് അവശനായി…. അവന്റെ നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ രക്തം അവന്റെ കണ്ണുകളുടെ കാഴ്ച മറച്ചു….

വളരെ ബന്ധപ്പെട്ട് അവൻ കിടന്ന കിടപ്പിൽ നിന്നും തല ഉയർത്തി ശക്തമായി ഒന്ന് കുടഞ്ഞു…

അവന്റെ തൊട്ടു മുൻപിൽ ഒരു കാൽ വന്ന് തറഞ്ഞു നിന്നു…..

മെല്ലെ തല ഉയർത്തി നോക്കിയ അവന്റെ മുന്നിൽ വിജയിയുടെ ഭാവത്തിൽ നിൽക്കുന്ന ശത്രുവിന്റെ മുഖം തെളിഞ്ഞു…..

താഴെ വീണുകിടക്കുന്ന അവനെ നോക്കി അവന്റെ ശത്രു തലയൊന്നു കുടഞ്ഞു…. അവന്റെ സട ആടിയുലഞ്ഞു…. അവൻ മെല്ലെ തന്റെ മുഖം വീണുകിടക്കുന്നവന്റെ മുഖത്തോട് അടുപ്പിച്ചു കണ്ണുകളടച്ച് മൂക്ക് വിടർത്തി മണം പിടിച്ചു….

തല പിൻവലിച്ച ആ സിംഹം കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു…. ആ കണ്ണുകളിൽ ഒരു പുച്ഛഭാവം നിഴലിച്ചു നിന്നു…

ധ്രുവൻ…. വിഡ്ഢിയായ നിയോഗി… നീ ഇവിടെ തീരുന്നു…. മരണം നിന്റെ തൊട്ടടുത്ത് എത്തി നിൽക്കുന്നു ധ്രുവൻ… തൊട്ടടുത്ത്….

താഴെ വീണു കിടക്കുന്നവനെ നോക്കി ആ സിംഹം മുരണ്ടു…. ധ്രുവൻ തന്റെ തല മണ്ണോടു ചേർത്തു….

അന്തിമ വിജയം എന്റേതാണ് ധ്രുവൻ…. എന്റേത് മാത്രം.. ഈ ഹിരണ്യന്റേതു മാത്രം…. ഞാൻ… ഞാൻ മാത്രമാണ് യഥാർത്ഥ രാജാവ്… നീയും നിന്റെ സൈന്യവും പൊരുതി… പക്ഷെ വീണുപോയില്ലേ…. അല്ല ഞാൻ വീഴ്ത്തി….

തിരിഞ്ഞു നടന്നു കൊണ്ട് മുരണ്ട ഹിരണ്യൻ തിരിഞ്ഞു നിന്നു….

ധ്രുവൻ…… നിയോഗികളുടെ കാവലാൾ….. പക്ഷെ നിനക്ക് ആയുസ്സ് കുറഞ്ഞു പോയല്ലോ മോനെ….

ഹിരണ്യൻ പറയുന്നത് കേട്ട് ധ്രുവൻ കണ്ണടച്ചു കിടന്നു….. താൻ പരാജയപ്പെട്ടിരിക്കുന്നു എന്ന സത്യം അവനു താങ്ങാവാവുന്നതിലും അപ്പുറമായിരുന്നു…. തന്റെ ഉടയോനായ സർവ്വശക്തനെ മനസ്സിൽ സങ്കൽപ്പിച്ചു കൊണ്ട് ധ്രുവൻ അനിവാര്യമായ തന്റെ വിധി കാത്ത് കിടക്കുന്നത് പോലെ കിടന്നു….

ഹിരണ്യൻ അല്പം അകലെയായി ധ്രുവനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു….

ധ്രുവാ…. നിന്റെ ഈ നിരാശ ഭാവം കണ്ട് നിൽക്കാൻ നല്ല രസമുണ്ട്… രാജ്യം നഷ്ടപ്പെട്ട രാജകുമാരൻ യുദ്ധഭൂമിയിൽ മരണം കാത്ത് കിടക്കുന്നു…. ആഹാ എത്ര മനോഹരമായ ഉപമ… എന്റെ ഉള്ളിൽ നല്ലൊരു കവിയുണ്ടല്ലേ ധ്രുവൻ….

ധ്രുവന് ചുറ്റും നടന്നു കൊണ്ട് ഹിരണ്യൻ മുരണ്ടു കൊണ്ടിരുന്നു….

നിന്നെ അധികനേരം ഈ വേദന അനുഭവിക്കാൻ ഞാൻ അനുവദിക്കില്ല ധ്രുവൻ… അതിവേഗമുള്ള ഒരു മരണം ഞാൻ നിനക്കായി ഒരുക്കാം എന്റെ പ്രിയ മിത്രമേ….?

പറഞ്ഞു തീർന്നതും ഉറക്കെ ഗർജ്ജിച്ചു കൊണ്ട് ഹിരണ്യൻ എന്ന കരുത്തനായ സിംഹം തന്റെ സർവശക്തിയും സംഭരിച്ചു കൊണ്ട് ധ്രുവന്റെ നേരെ കുതിച്ചു ചാടി….

ഒരു നിമിഷം….

ഒരൊറ്റ നിമിഷം….

സുനാമി തിരമാല പോലെ കിടന്ന കിടപ്പിൽ നിന്നും പിൻകാലുകൾ നിലത്ത് ഉറപ്പിച്ചു കൊണ്ട് ധ്രുവൻ എന്ന പോരാളി ഉയർന്നു പൊങ്ങി….

അവന്റെ കരുത്തുറ്റ കൈകളിൽ നിന്നും ഏറ്റ ശക്തമായ താഡനത്തിൽ ഹിരണ്യൻ പിന്നിലേക്ക് മലർന്നടിച്ചു വീണു…. അവിടമാകെ പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി…. അതിന്റെ ഇടയിലൂടെ ഹിരണ്യൻ വ്യക്തമായി കണ്ടു….. നിലത്ത് ശക്തമായി പതിക്കുന്ന ധ്രുവന്റെ മുൻകാലുകൾ…

ഹിരണ്യാ…. ഞാൻ ധ്രുവൻ… മുറിച്ചിട്ടാൽ മുറികൂടുന്ന നിയോഗിപ്പടയിലെ ഒരംഗം…. നന്മയുടെ സംരക്ഷകൻ…. നിന്നെ പോലൊരു നികൃഷ്ടജന്മത്തെ ഈ ഭൂമിയിൽ മേയാൻ വിട്ടിട്ട് എനിക്ക് അങ്ങനെയങ്ങു പോകാൻ പറ്റുമോ….?

നീ എന്താ പറഞ്ഞത് നീ നല്ലൊരു കവിയാണെന്നോ… അതെ നീ നല്ലൊരു കവി തന്നെയാണ്…. നിന്നെക്കൊണ്ട് കവിത ഞാൻ പാടിപ്പിക്കാം … ധ്രുവൻ എന്ന കടുവയുടെ കഥ…… ധ്രുവൻ എന്ന  നിയോഗിയുടെ കഥ…. തോൽക്കാൻ മനസ്സില്ലാത്ത ധ്രുവൻ എന്ന പോരാളിയുടെ കഥ… അത് നീ കവിതയായി പാടും.. പാടിപ്പിക്കും ഞാൻ… പക്ഷെ അത് നീയങ്ങ് പരലോകത്ത് എത്തിയിട്ടാണെന്നു മാത്രം…

പറഞ്ഞു തീർന്നതും ധ്രുവൻ ഉറക്കെ ഒന്ന് ഗർജ്ജിച്ചു….. സഹ്യപർവ്വതം ഒന്നാകെ തന്റെ രാജാവിന്റെ ഗർജ്ജനത്തിൽ വിറങ്ങലിച്ചു…..

ധ്രുവന്റെ കരുത്തുറ്റ താഡനത്തിൽ ഹിരണ്യൻ തെറിച്ചു പിന്നിലേക്ക് വീണു….

ഒരൊറ്റ കുതിപ്പിന് ധ്രുവൻ ഹിരണ്യന്റെ മുകളിലേക്ക് എത്തി…. അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു….

തോൽക്കാൻ കഴിയില്ല ഹിരണ്യൻ എനിക്ക്…. അതും നിന്നെ പോലൊരു നികൃഷ്ടജന്മത്തോട് തോൽക്കാൻ കഴിയില്ല….. ജയിച്ചേ പറ്റു….

ധ്രുവൻ പറയുന്ന ഓരോ വാക്കുകളിലും അഗ്നി ചിതറുന്നത് പോലെ തോന്നി ഹിരണ്യന്…. അവൻ ചെറുത്ത് നിൽക്കാൻ ഒരു ശ്രമം നടത്തി നോക്കി… പക്ഷെ അനുനിമിഷം എന്ന പോലെ ധ്രുവന്റെ കരുത്ത് വർധിച്ചു കൊണ്ടിരുന്നു…..

കൊടുംകാറ്റ് പോലെ ധ്രുവൻ ഹിരണ്യന് മേൽ പാഞ്ഞു കയറി…. സർവ്വതും നഷ്ടപ്പെട്ടവന്റെ അന്തിമപോരാട്ടം….. അതിലുപരി നന്മയുടെ പോരാളിക്ക് തിന്മയുടെ മുൻപിൽ പരാജയപ്പെടാൻ സാധിക്കുമായിരുന്നില്ല….

ഹിരണ്യനെ ഇടംവലം തിരിയാൻ അനുവദിക്കാതെ ധ്രുവൻ പൂട്ടികളഞ്ഞിരുന്നു…. അവസാനം ഹിരണ്യൻ തളർന്നു താഴെ വീണു….

ധ്രുവൻ തന്റെ വലത് മുൻകാൽ എടുത്ത് ഹിരണ്യന്റെ നെഞ്ചിൽ വെച്ചു….

പാപിയാണ് നീ ഹിരണ്യൻ… നന്മയുടെ ചെറിയൊരു അംശം പോലും ഉള്ളിലില്ലാത്ത പാപി… മരണത്തിൽ കുറഞ്ഞ ശിക്ഷയൊന്നും നിനക്ക് വിധിക്കാനില്ല….

എന്റെ മരണം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് നീ കരുതുന്നുണ്ടോ ധ്രുവൻ….?  തുടങ്ങുന്നേയുള്ളു… എല്ലാം ആരംഭിക്കുന്നേയുള്ളു….. അവന്റെ ഭരണം വരും ധ്രുവൻ… നീയടക്കമുള്ള നിയോഗികളെ മുച്ചൂടും മുടിച്ച് ഞങ്ങളുടെ തമ്പുരാൻ ഈ പ്രപഞ്ചത്തിൽ അവന്റെ ആധിപത്യം സ്ഥാപിക്കും…. തടയാൻ കഴിയില്ല ധ്രുവൻ….

മരണം തൊട്ടുമുൻപിൽ നിൽക്കുമ്പോഴും തോൽക്കാൻ മനസ്സില്ലാത്തവനെ പോലെ ഹിരണ്യൻ മുരണ്ടു….

ഇല്ല ഹിരണ്യൻ…. ഞാൻ അടക്കമുള്ള നിയോഗികൾ കാവൽ നിൽക്കുന്ന ഈ മണ്ണിൽ ഇരുട്ടിന്റെ ശക്തികൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല… അതിന് അനുവദിക്കില്ല ഞങ്ങൾ… എങ്കിലും എന്നെങ്കിലും അത് സാധ്യമാകും എന്ന പ്രതീക്ഷയോടെ നീ ഇപ്പോൾ പരലോകത്തേക്ക് യാത്ര തുടങ്ങിക്കോളൂ….

പറഞ്ഞു തീർന്നതും ധ്രുവന്റെ നഖങ്ങൾ ഹിരണ്യന്റെ നെഞ്ചിലും പല്ലുകൾ കഴുത്തിലും ആഴ്ന്നിറങ്ങി…. ഹിരണ്യൻ പിടഞ്ഞു….

തിന്മക്ക് മേൽ നന്മ വിജയം നേടുന്ന നിമിഷത്തിൽ സൂര്യൻ ഗ്രഹണത്തിൽ നിന്നും പുറത്ത് വന്നു… തൊട്ടടുത്ത നിമിഷം എവിടെനിന്നോ ആഞ്ഞു വീശിയ പടിഞ്ഞാറൻ കാറ്റിനൊപ്പം മഴമേഘങ്ങൾ ചന്ദ്രമുടിയെ തേടിയെത്തി…

ഹിരണ്യന്റെ പിടച്ചിൽ അവസാനിച്ചു…. ധ്രുവൻ മെല്ലെ പിന്നിലേക്ക് ഇരുന്ന്കൊണ്ട് ആകാശത്തേക്ക് നോക്കി…

ഒരു മഴത്തുള്ളി അവന്റെ മുഖത്ത് സ്പർശിച്ചു…

അവന് പെട്ടെന്ന് അമ്മയെ ഓർമ വന്നു….

അമ്മ…

അമ്മ തന്റെ അരികിലെവിടെയോ ഉണ്ടെന്നു ധ്രുവന് തോന്നി… തന്റെ തൊട്ടരികിൽ… തന്റെ മുറിവുകളിൽ സ്നേഹപൂർവ്വം നക്കി തുടക്കുന്നത് പോലെ ധ്രുവന് തോന്നി….

അതെ സമയം ആ മലയുടെ അടിവാരത്തിൽ എവിടെയോ കരുത്തയായ ആ പെൺകടുവയുടെ ശരീരം അഗ്നി പൂർണമായും ദഹിപ്പിച്ചു കളഞ്ഞിരുന്നു…

ചന്ദ്രമുടിക്ക് മേൽ മഴ ഇരമ്പിയാർത്തു…. ചന്ദ്രമുടിയെ വിഴുങ്ങാനെത്തിയ തിന്മയുടെ തീനാമ്പുകൾ കെട്ടടങ്ങി….

നിഛലമായി കിടക്കുന്ന ഹിരണ്യന്റെ ശരീരത്തിന് കാവലെന്നപോലെ ധ്രുവനും നിഛലനായി ഇരുന്നു….

പിന്നെ അവൻ കുന്നിറങ്ങി…. തന്നെ കാത്തിരിക്കുന്ന നന്മയുടെ ലോകത്തേക്ക്….

മിത്രൻ നീലിമലയിലേക്ക് മടങ്ങി….. എന്നെങ്കിലും ധ്രുവൻ അവിടേക്ക് എത്തുമെന്ന പ്രതീക്ഷയോടെ അവൻ ധ്രുവനെ കാത്തിരുന്നു….

പുതിയ കർമ്മമുഖത്തേക്ക് സേനാപതി യാത്രയായി….

ധ്രുവനും സഹ്യാദ്രിയും ഇന്നും ചന്ദ്രമുടികാടുകളിൽ എവിടെയോ ഉണ്ട്…

ഇരുളിന്റെ ശക്തികൾ വീണ്ടും കരുത്താർജിക്കും.. അവർ വീണ്ടും പ്രപഞ്ചത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങും… ആ അവസരങ്ങളിൽ ധ്രുവനും സഹ്യാദ്രിയും കാടിറങ്ങും….

താളവടിയിലും വൈഷ്ണവപുരത്തും ധ്രുവൻ എത്തി….

തന്റെ പ്രിയപ്പെട്ട സേനാപതിക്കൊപ്പം….

പുരിജഗന്നാഥ് അശ്വജിത്തിനും റഷീദ് മുന്നക്കും കാവലാളായി…

നന്മയുടെ പോരാളിയായി…

ധ്രുവൻ എന്ന നിയോഗി ഇപ്പോഴും ചന്ദ്രമുടിയിൽ വിഹരിക്കുന്നു…

അടുത്ത പോരാട്ടത്തിന് കാലം കാത്ത് വെച്ച സമയവും പ്രതീക്ഷിച്ചു കൊണ്ട്….

ധ്രുവൻ ഇനിയും വരുമെന്ന പ്രതീക്ഷയോടെ തത്ക്കാലം വിട…..

ധ്രുവൻ എന്ന കഥ ഇവിടെ അവസാനിക്കുകയാണ്…. ക്ലൈമാക്സ്‌ ധൃതി കൂടിപ്പോയി എന്ന വിമർശനം ഞാൻ പ്രതീക്ഷിക്കുന്നു… അത് എനിക്ക് എപ്പോഴും സംഭവിക്കുന്നതാണ്… ഇവിടെ മനഃപൂർവം തന്നെ അങ്ങനെയൊരു ശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്… അതിന് രണ്ട് കാരണങ്ങൾ ഉണ്ട്…

ഒന്ന്….. ഈ കഥയിൽ ഒരുതരം വലിച്ചു നീട്ടൽ പോലെ എനിക്ക് തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു… ഒരുതരം വിരസത…. ആ തോന്നൽ തന്നെയാണ് ഇത്ര പെട്ടെന്ന് ഇത് അവസാനിക്കാൻ കാരണം…സെക്കന്റ്‌ പാർട്ടിൽ തന്നെ എന്റെ കൈയിൽ നിന്നും ഈ കഥ കൈവിട്ട് പോയി… ഞാൻ ധ്രുവൻ എന്ന കഥ എഴുതാൻ ഉദ്ദേശിച്ച രീതിയിലെ അല്ല ഈ കഥ മുൻപോട്ടു പോയത്…. ശരിക്കും പറഞ്ഞാൽ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഒന്നുമല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തിയ ഒരു കഥ… അതാണ് ധ്രുവൻ….

രണ്ട്…. ഇനിയും മുൻപോട്ട് ഉന്തിത്തള്ളി കൊണ്ടുപോയാൽ ഈ കഥ പൂർത്തിയാക്കാൻ സാധിക്കില്ല എന്നൊരു ഭയം… അത് ശരിക്കും എന്നിൽ പിടിമുറുക്കിരുന്നു…. അങ്ങനെ സംഭവിക്കാതിരിക്കണം എന്ന ഒരൊറ്റ കാരണവും ഈ കഥ അവസാനിപ്പിക്കാൻ എന്നെ നിർബന്ധിതനാക്കി… എല്ലാ കഥയുടെ അവസാനവും അടുത്ത കഥയുമായി ഉടനെ കാണാം എന്നൊരു പ്രതീക്ഷ ഞാൻ നിങ്ങളുമായി പങ്ക് വെക്കാറുണ്ട്.. പക്ഷെ ഈ പ്രാവിശ്യം എനിക്കതിനു കഴിയില്ല… ഇനിയൊരു കഥ ഉണ്ണികൃഷ്ണൻ എന്ന എന്റെ പേരിൽ ഉണ്ടാകുമോ എന്ന് സംശയമാണ്…. ഞാൻ ശ്രമിക്കും…. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കഥയാണ് എന്റെ മനസ്സിൽ ഉള്ളത്… അത് എഴുതാൻ സാധിച്ചാൽ മാത്രം വീണ്ടും ഒരു കഥ കൂടി പ്രതീക്ഷിക്കാം.. ഇല്ലെങ്കിൽ ഇനി ഈ പേരിൽ ഒരു കഥ ഉണ്ടാകില്ല….

 

Unnikrishnan Kulakkat Novels

ദുര്യോധന

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ധ്രുവൻ – The Niyogi – 10 (Last part)”

  1. സഹോ നല്ലൊരു തീം അതിന്റെ മനോഹരിതയിൽ തന്നെ അവതരിപ്പിച്ചു 👏🏻👏🏻👏🏻👏🏻
    പെട്ടന്ന് തീർന്നത് ചെറുതായി ഒന്ന് ഫീൽ ആയി കാരണം വേറൊന്നും അല്ല കുട്ടിക്കാലത്ത് ആണ് ഇങ്ങനെയുള്ള കഥകൾ വായിച്ചിരുന്നത് ആ കാലത്തേക്ക് ഉള്ള ഒരു തിരിച്ചു പോക്ക് ആയിരുന്നു ഇത് ഓരോ പാർട്ട് വായിക്കുമ്പോഴും 💖💖💖💖

    താങ്കൾ പറഞ്ഞ പോലെ താങ്കളുടെ വ്യത്യസ്തമായ അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു വ്യത്യസ്ത ഉണ്ടെങ്കിലേ വായിക്കാൻ ഒരു താല്പര്യം ഉണ്ടാവു അങ്ങനെ ഉള്ള കഥകൾ എന്നും മനസ്സിൽ മായാതെ കിടക്കും 😊😊😊😊

    അത് കൊണ്ട് ഉണ്ണിക്കൃഷ്ണൻ കുളക്കാട്ട് എന്ന പേരിൽ അടുത്ത കഥയ്ക്കായി താങ്കളുടെ ഒരു ആരാധകൻ എന്ന നിലയിൽ കാത്തിരിക്കുന്നു
    സ്നേഹത്തോടെ കുറുപ്പത്ത് 💙💙💙💙

  2. വളരെ നന്നായിട്ടുണ്ട്,, ഇതിലെ കഥാപാത്രങ്ങൾ ഒകെ മൃഗങ്ങൾ ആയിരുന്നാലും. കഥ വായിക്കുമ്പോൾ നമുക്ക് അങ്ങനെ ഒരു ഫീൽ വരുന്നില്ല… ശരിക്കും ഒരു സിനിമ കണ്ടു തീർത്തത് പോലെ ഉണ്ട് .ശരിക്കും പറഞ്ഞാൽ വ്യത്യസ്തമായ ഒരുകഥ..ഓരോ വാക്കുകളും വളരെ കൃത്യതയോടെ ആണ് അവതരിപ്പിച്ചിട്ടുള്ളത്.. നല്ലൊരു അവതരണ ശേഷി ,, താങ്കളുടെ മനസ്സിൽ ഉള്ള വ്യസ്തതമായ ആ പുതിയ കഥ താങ്കളുടെ വിരൽത്തുമ്പിലേക്ക് വരട്ടെ, ഇനിയും വരിക.

Leave a Reply

Don`t copy text!