Skip to content

ധ്രുവൻ – The Niyogi – 1

dhruvan

അധ്യായം  – 1

**************

കഥ തുടങ്ങും മുൻപ് കുറച്ചു കാര്യങ്ങൾ….

ധ്രുവന്റെ കഥ എന്നെ പോലെ അത്രക്ക് കഴിവില്ലാത്ത ഒരു എഴുത്തുകാരനെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ്…. ഈ കഥ നിങ്ങൾ വായനക്കാർ ഏതു രീതിയിൽ ഉൾകൊള്ളുമെന്നു എനിക്ക് നല്ല ഭയമുണ്ട്…. അതുകൊണ്ട് തന്നെ എനിക്ക് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് തരാനുള്ളത് ലോജിക് വെച്ചു ഈ കഥയെ ആരും വിലയിരുത്തരുത്… ഒരു ലോജിക്കും ഇല്ലാതെ പൂർണമായും എന്റെ ഭാവനയിൽ വിരിഞ്ഞ കാര്യങ്ങൾ മാത്രമാണ് ഈ കഥയിൽ ഉള്ളത്…. ഇതിന് മുൻപ് നിങ്ങൾ എനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് നമ്മുക്ക് തുടങ്ങാം…..

ധ്രുവൻ എന്ന നിയോഗിയുടെ കഥ….

=====================================

ദൂരെ മലനിരകളിൽ കാടിനെ ചൂട്ടെരിച്ചു കൊണ്ട് അഗ്നി തന്റെ വിശപ്പ് ശമിപ്പിച്ചു കൊണ്ടിരുന്നു….

അഗ്നിയാണ് ചുറ്റോടു ചുറ്റും ആളിപ്പടരുന്ന അഗ്നി…. പാറകൾ നിറഞ്ഞ കുന്നിൻ മുകളിൽ അവൻ കിടന്നു…

രക്തത്തിൽ കുളിച്ച് അവശനായി…. അവന്റെ നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ രക്തം അവന്റെ കണ്ണുകളുടെ കാഴ്ച മറച്ചു….

വളരെ ബന്ധപ്പെട്ട് അവൻ കിടന്ന കിടപ്പിൽ നിന്നും തല ഉയർത്തി ശക്തമായി ഒന്ന് കുടഞ്ഞു…

അവന്റെ തൊട്ടു മുൻപിൽ ഒരു കാൽ വന്ന് തറഞ്ഞു നിന്നു…..

മെല്ലെ തല ഉയർത്തി നോക്കിയ അവന്റെ മുന്നിൽ വിജയിയുടെ ഭാവത്തിൽ നിൽക്കുന്ന ശത്രുവിന്റെ മുഖം തെളിഞ്ഞു…..

താഴെ വീണുകിടക്കുന്ന അവനെ നോക്കി അവന്റെ ശത്രു തലയൊന്നു കുടഞ്ഞു…. അവന്റെ സട ആടിയുലഞ്ഞു…. അവൻ മെല്ലെ തന്റെ മുഖം വീണുകിടക്കുന്നവന്റെ മുഖത്തോട് അടുപ്പിച്ചു കണ്ണുകളടച്ച് മൂക്ക് വിടർത്തി മണം പിടിച്ചു….

തല പിൻവലിച്ച ആ സിംഹം കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു…. ആ കണ്ണുകളിൽ ഒരു പുച്ഛഭാവം നിഴലിച്ചു നിന്നു…

ധ്രുവൻ…. വിഡ്ഢിയായ നിയോഗി… നീ ഇവിടെ തീരുന്നു…. മരണം നിന്റെ തൊട്ടടുത്ത് എത്തി നിൽക്കുന്നു ധ്രുവൻ… തൊട്ടടുത്ത്….

താഴെ വീണു കിടക്കുന്നവനെ നോക്കി ആ സിംഹം മുരണ്ടു…. ധ്രുവൻ തന്റെ തല മണ്ണോടു ചേർത്തു….

അന്തിമ വിജയം എന്റേതാണ് ധ്രുവൻ…. എന്റേത് മാത്രം.. ഈ ഹിരണ്യന്റേതു മാത്രം…. ഞാൻ… ഞാൻ മാത്രമാണ് യഥാർത്ഥ രാജാവ്… നീയും നിന്റെ സൈന്യവും പൊരുതി… പക്ഷെ വീണുപോയില്ലേ…. അല്ല ഞാൻ വീഴ്ത്തി….

തിരിഞ്ഞു നടന്നു കൊണ്ട് മുരണ്ട ഹിരണ്യൻ തിരിഞ്ഞു നിന്നു….

ധ്രുവൻ…… നിയോഗികളുടെ കാവലാൾ….. പക്ഷെ നിനക്ക് ആയുസ്സ് കുറഞ്ഞു പോയാലോ മോനെ….

ഹിരണ്യൻ പറയുന്നത് കേട്ട് ധ്രുവൻ കണ്ണടച്ചു കിടന്നു….. താൻ പരാജയപ്പെട്ടിരിക്കുന്നു എന്ന സത്യം അവനു താങ്ങാവാവുന്നതിലും അപ്പുറമായിരുന്നു…. തന്റെ ഉടയോനായ സർവ്വശക്തനെ മനസ്സിൽ സങ്കൽപ്പിച്ചു കൊണ്ട് ധ്രുവൻ അനിവാര്യമായ തന്റെ വിധി കാത്ത് കിടക്കുന്നത് പോലെ കിടന്നു….

ഹിരണ്യൻ അല്പം അകലെയായി ധ്രുവനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു….

ധ്രുവാ…. നിന്റെ ഈ നിരാശ ഭാവം കണ്ട് നിൽക്കാൻ നല്ല രസമുണ്ട്… രാജ്യം നഷ്ടപ്പെട്ട രാജകുമാരൻ യുദ്ധഭൂമിയിൽ മരണം കാത്ത് കിടക്കുന്നു…. ആഹാ എത്ര മനോഹരമായ ഉപമ… എന്റെ ഉള്ളിൽ നല്ലൊരു കവിയുണ്ടല്ലേ ധ്രുവൻ….

ധ്രുവന് ചുറ്റും നടന്നു കൊണ്ട് ഹിരണ്യൻ മുരണ്ടു കൊണ്ടിരുന്നു….

നിന്നെ അധികനേരം ഈ വേദന അനുഭവിക്കാൻ ഞാൻ അനുവദിക്കില്ല ധ്രുവൻ… അതിവേഗമുള്ള ഒരു മരണം ഞാൻ നിനക്കായി ഒരുക്കാം എന്റെ പ്രിയ മിത്രമേ….?

പറഞ്ഞു തീർന്നതും ഉറക്കെ ഗർജ്ജിച്ചു കൊണ്ട് ഹിരണ്യൻ എന്ന കരുത്തനായ സിംഹം തന്റെ സർവശക്തിയും സംഭരിച്ചു കൊണ്ട് ധ്രുവന്റെ നേരെ കുതിച്ചു ചാടി….

ഒരു നിമിഷം….

ഒരൊറ്റ നിമിഷം….

സുനാമി തിരമാല പോലെ കിടന്ന കിടപ്പിൽ നിന്നും പിൻകാലുകൾ നിലത്ത് ഉറപ്പിച്ചു കൊണ്ട് ധ്രുവൻ എന്ന പോരാളി ഉയർന്നു പൊങ്ങി….

അവന്റെ കരുത്തുറ്റ കൈകളിൽ നിന്നും ഏറ്റ ശക്തമായ താഡനത്തിൽ ഹിരണ്യൻ പിന്നിലേക്ക് മലർന്നടിച്ചു വീണു…. അവിടമാകെ പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി…. അതിന്റെ ഇടയിലൂടെ ഹിരണ്യൻ വ്യക്തമായി കണ്ടു….. നിലത്ത് ശക്തമായി പതിക്കുന്ന ധ്രുവന്റെ മുൻകാലുകൾ…

ഹിരണ്യാ…. ഞാൻ ധ്രുവൻ… മുറിച്ചിട്ടാൽ മുറികൂടുന്ന നിയോഗിപ്പടയിലെ ഒരംഗം…. നന്മയുടെ സംരക്ഷകൻ…. നിന്നെ പോലൊരു നികൃഷ്ടജന്മത്തെ ഈ ഭൂമിയിൽ മേയാൻ വിട്ടിട്ട് എനിക്ക് അങ്ങനെയങ്ങു പോകാൻ പറ്റുമോ….?

നീ എന്താ പറഞ്ഞത് നീ നല്ലൊരു കവിയാണെന്നോ… അതെ നീ നല്ലൊരു കവി തന്നെയാണ്…. നിന്നെക്കൊണ്ട് കവിത ഞാൻ പാടിപ്പിക്കാം … ധ്രുവൻ എന്ന കടുവയുടെ കഥ…… ധ്രുവൻ എന്ന നിയോഗിയുടെ കഥ…. തോൽക്കാൻ മനസ്സില്ലാത്ത ധ്രുവൻ എന്ന പോരാളിയുടെ കഥ… അത് നീ കവിതയായി പാടും.. പാടിപ്പിക്കും ഞാൻ… പക്ഷെ അത് നീയങ്ങ് പരലോകത്ത് എത്തിയിട്ടാണെന്നു മാത്രം…

പറഞ്ഞു തീർന്നതും ധ്രുവൻ ഉറക്കെ ഒന്ന് ഗർജ്ജിച്ചു….. സഹ്യപർവ്വതം ഒന്നാകെ തന്റെ രാജാവിന്റെ ഗർജ്ജനത്തിൽ വിറങ്ങലിച്ചു….

അതെ…  ഇത് ഇവന്റെ കഥയാണ്…. സഹ്യന്റെ ചക്രവർത്തിയുടെ കഥ…… ദൈവത്തിന്റെ ഏറ്റവും വിശ്വസ്തനായ പോരാളിയുടെ കഥ….

ധ്രുവന്റെ കഥ….

             *******************

വർഷങ്ങൾക്ക് മുൻപുള്ള ഒരു പ്രഭാതം….

ബാലസൂര്യന്റെ പൊൻകിരണങ്ങൾ സഹ്യനെ തഴുകി ഉണർത്തി….ആരണ്യകത്തിൽ പക്ഷികളുടെ കളകളാരവം ഉയർന്നു….

മലനിരകളെ ആലിംഗനം ചെയ്തു നിൽക്കുന്ന മൂടൽമഞ്ഞ് പിരിയാൻ മടിക്കുന്ന കാമുകിയെ പോലെ മലനാടിന്റെ സംരക്ഷകനെ പൊതിഞ്ഞു നിന്നു….

മഞ്ഞു തുള്ളികൾ ഇലത്തുമ്പുകളിൽ ഊഞ്ഞാലാടി രസിച്ചു…. അവസാനം പിടിവിട്ട് ഭൂമിദേവിയെ കുളിരണയിച്ചു കൊണ്ട് മണ്ണിൽ പതിച്ചു…. അരുവികൾ ആരവം ഉയർത്തി ഒഴുകി കൊണ്ടിരിക്കുന്നു….

ശാന്തമായ അന്തരീക്ഷം ഹരിത വർണ്ണത്തിൽ കുളിച്ചു നിന്നു…. അരുണവർണ്ണമാർന്ന ആകാശത്തിന് കീഴിൽ പച്ചപട്ട് പുതച്ച്‌ വിശ്രമിക്കുന്ന പുൽമേടുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പെട്ടെന്നവിടെ ഡമരുനാദം ഉയർന്നു….

ഹരഹര മഹാദേവ……

പ്രകൃതിയിൽ ഉയർന്ന രുദ്രനാമത്തോടൊപ്പം ആ മുഖവും പുൽമേടിന് മുകളിൽ തെളിഞ്ഞു….

ജഡ പിടിച്ച മുടിയും താടിയുമായി…. ഇടത് കൈയിൽ ഉയർത്തി പിടിച്ച ഉടുക്ക് അതിരൗദ്ര താളത്തിൽ മുഴക്കി കൊണ്ട് ദേഹമാസകലം ഭസ്മം പൂശിയ ആ മനുഷ്യരൂപം അതിവേഗം കുന്നു കയറി….

ആ പുൽമേടിന്റെ  ഒത്ത നടുക്കായി വളർന്നു പന്തലിച്ചു നിൽക്കുന്ന ഒറ്റമരത്തിന്റെ ചുവട്ടിൽ അവശയായി കിടക്കുന്ന പെൺകടുവയുടെ അടുത്തേക്കാണ് ആ അഘോരി അതിവേഗം നടന്നടുത്തത്….

അവളുടെ അടുത്ത് എത്തിയ അദ്ദേഹം അവിടെ മുട്ട് കുത്തിയിരുന്നു…. സ്നേഹപൂർവ്വം അദ്ദേഹം അവളെ തഴുകി….

അനുസരണയുള്ള പൂച്ച കുട്ടിയെ പോലെ അവൾ അദ്ദേഹത്തെ ദയനീയമായി നോക്കി കൊണ്ട് മിഴികൾ ചിമ്മി… അഘോരി അവളുടെ വീർത്ത വയറിലേക്ക് ആദരവോടെ നോക്കി…

നന്ദ….. സാരമില്ല മോളെ… നീ പുണ്യം ചെയ്ത ഒരമ്മയാകാൻ പോകുന്നു…. നിന്റെ വയറ്റിൽ കിടക്കുന്നത് അസാധാരണനായ ഒരുവനാണ്….

ഈ ലോകത്തിന്റെ കാവൽക്കാരനാകാൻ നിയോഗിക്കപ്പെട്ട  സാക്ഷാൽ ശ്രീ പരമേശ്വരന്റെ അംശമുള്ള അപൂർവ ജന്മം…. അവനെ ഗർഭം ധരിക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യവതിയാണ് മകളേ നീ…. ഈ വേദന അധികമില്ല എന്റെ കുഞ്ഞേ… ലോക നന്മക്കായി നീ അനുഭവിക്കുന്ന ഈ വേദന നിന്റെ ജന്മത്തിന്റെ പൂർത്തീകരണമാണ്… അവൻ വരികയാണ് മോളെ…. അവൻ വരികയാണ്….. സർവലോകപരിപാലനത്തിനായി ദൈവം സൃഷ്ട്ടിച്ച നിയോഗി വരികയാണ്…..

അദ്ദേഹം ഇത് പറയുന്ന സമയത്ത് തന്നെ.. ഈ ഭൂമിയിലെ സർവ്വ ദേവാലയങ്ങളിലും അവനു വേണ്ടിയുള്ള പ്രാർത്ഥന ഗീതങ്ങൾ ഉയർന്നു… കിഴക്ക് നിന്നും കാറ്റ് ആഞ്ഞു വീശി… വൃക്ഷതലപ്പുകൾ ആടിയുലഞ്ഞു… ആഴക്കടലിൽ തിരകൾ വാനോളം ഉയർന്നു… മിന്നൽ പിണറുകൾ അന്തരീക്ഷത്തെ നെടുകെ പിളർന്നു കൊണ്ട് പാഞ്ഞു…

സർവ്വചരാചരങ്ങളെ….. ഇത് അവന്റെ വരവാണ്…. ഓതുക സ്വാഗതഗീതം… അവൻ വരുന്നു… രക്ഷകൻ വരുന്നു…. സഹ്യന്റെ ചക്രവർത്തി വരുന്നു….

അയാൾ ഒരു ഭ്രാന്തനെ പോലെ ആ കുന്നിൻ മുകളിൽ കൂടി അലറിക്കൊണ്ട് പാഞ്ഞു നടന്നു…

തൊട്ടടുത്ത നിമിഷം നന്ദ ഒന്ന് വേദനയോടെ ഒന്ന് ഗർജ്ജിച്ചു… തൊട്ടടുത്ത നിമിഷം…. അവൻ ഭൂമിയിൽ പതിച്ചു…..

ആ കാഴ്ച കണ്ട് അഘോരി ഒന്ന് നിശ്ചലനായി…. എന്നിട്ട് അവന്റെ വരവിന്റെ സൂചന എന്ന പോലെ തന്റെ കയ്യിലെ ശംഖ് മൂന്ന് വട്ടം മുഴക്കി….  ആ ശംഖനാദത്തിന്റെ അലയൊലികൾ എട്ടു ദിക്കിലും മാറ്റൊലി കൊണ്ടു…..

 പിന്നെ മെല്ലെ അവരുടെ അടുത്തേക്ക് എത്തി…. അപ്പോഴേക്കും നന്ദ ആ കുഞ്ഞിനെ നക്കി തുടച്ചു തുടങ്ങിയിരുന്നു…. അവളുടെ കണ്ണുകളിൽ നീർമുത്തുകൾ തിളങ്ങി…

അഘോരി ഇരു കൈകൾ കൊണ്ടും അവനെ വാരിയെടുത്തു…. അവന്റെ മുഖത്തേക്ക് നോക്കി… കണ്ണുകൾ തുറക്കില്ല എന്ന് വാശിയുള്ളത് പോലെ അവൻ അവ ഇറുക്കിയടച്ചു… പിന്നെ തന്റെ നിദ്രക്ക് ഭംഗം വന്നതിലുള്ള അമർഷം പോലെ കരഞ്ഞു തുടങ്ങി.. മെല്ലെ അവൻ ചുരുണ്ടു കൂടികൊണ്ട് തന്റെ പ്രേതിഷേധം അറിയിച്ചു…

അഘോരി ഓമനത്തം തുളുമ്പുന്ന ആ പിഞ്ചു മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….നോക്കി നിൽക്കെ അഘോരിയുടെ മുഖം തെളിഞ്ഞു… അയാൾ ആകാശത്തേക്ക് നോക്കി…

എന്റെ ദൈവമേ….. എന്റെ ദൈവമേ… നീ തന്നു… ഞങ്ങളുടെ രക്ഷകനെ നീ എന്റെ കൈയിൽ ഏൽപ്പിച്ചു തന്നു…. മഹാനായ പ്രപഞ്ച സ്രഷ്ടാവേ… തിന്മക്കെതിരെയുള്ള പോരാട്ടത്തിനായി നന്മയുടെ ശക്തനായ പോരാളി…. ഇവൻ ഇന്ന് മുതൽ….

ധ്രുവൻ….

അഘോരി ആ നാമം മുഴക്കിയതും അനുഗ്രഹവർഷം പോലെ മഴ പെയ്തിറങ്ങി… നന്ദയുടെ മുഖം അഭിമാനം കൊണ്ട് വിടർന്നു….

അഘോരി ധ്രുവനെ നിലത്ത് കിടത്തി….

നന്ദയുടെ മുഖം ഇരു കൈകളിലും ആയി കോരിയെടുത്തു…

എന്റെ മകളെ… ഇവനെ സൂക്ഷിക്കണം… തിന്മയുടെ കിങ്കരന്മാർ ഇവനെ തേടിയെത്തും… ആർക്കും വിട്ടുകൊടുക്കാതെ ഇവനെ നീ സൂക്ഷിക്കണം ഇന്നേക്ക് തൊണ്ണൂറാം നാൾ. ചിത്രപൗർണമി ദിനത്തിൽ അവൻ  വരും…. ധ്രുവന്റെ ജന്മരഹസ്യം അവനെ അറിയിക്കാൻ…. അത് വരെ… അത് വരെ നീ തന്നെയാണ് അവന് തുണ…..

അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് അഘോരി കുന്നിറങ്ങി… തിരിഞ്ഞു നോക്കാതെ കുന്നിറങ്ങി പോകുന്ന അഘോരിയെ നോക്കി കൊണ്ട് നന്ദ നിന്നു….

അവളുടെ മനസിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി… പിന്നെ മെല്ലെ അവൾ ധ്രുവനെ നോക്കി… മുഖത്തു വീഴുന്ന മഴതുള്ളികൾ അലോസരമുണ്ടാക്കിയതിൽ പ്രേതിഷേധിച്ചു അവൻ കരഞ്ഞു കൊണ്ടിരുന്നു…. അപ്പോഴും എന്തോ ഒരു വാശി പോലെ അവൻ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു….

നന്ദ മൃദുവായി അവന്റെ പുറംകഴുത്തിൽ കടിച്ചു കൊണ്ട് കുന്നിറങ്ങി….

അവളുടെ ലക്ഷ്യം മഴയിൽ നിന്നും രക്ഷ കിട്ടുന്ന ഒരു സ്ഥലമായിരുന്നു….

പറയിടുകൾക്ക് ഇടയിലുള്ള ചെറിയൊരു വിടവിൽ അവൾ ധ്രുവനെ കിടത്തിയ ശേഷം നന്ദ മുകളിലേക്ക് നോക്കി…. മഴത്തുള്ളികൾ മുഖത്തു വീഴുമ്പോൾ വല്ലാത്തൊരു സംതൃപ്തി അവൾക്ക് തോന്നി….

രണ്ട് ദിവസങ്ങൾക്കു ശേഷം…..

നന്ദ ഒരു ഗുഹ കണ്ടെത്തി ധ്രുവനെ അങ്ങോട്ട് മാറ്റി….. അത്യാവശ്യം വിസ്താരമുള്ള അവിടെ ധ്രുവൻ മെല്ലെ പിച്ചവെച്ചു തുടങ്ങിയിരുന്നു….. നന്ദ സദാ ജാഗരൂകയായിരുന്നു…..

ഇരുട്ടിന്റെ കരിമ്പടം കാടിന് മുകളിൽ പതിച്ചു കഴിഞ്ഞിരുന്നു….. നന്ദ ഗുഹക്കുള്ളിൽ വിശ്രമത്തിലായിരുന്നു അവളുടെ മാറോട് പറ്റി ചേർന്ന് ധ്രുവനും ഉറക്കത്തിൽ ആയിരുന്നു….

പെട്ടെന്ന് നന്ദ ഞെട്ടി ഉണർന്നു… അവൾ തല തിരിച്ചു ഗുഹ കവാടത്തിലേക്ക് നോക്കി….

അവളുടെ കാതുകളും ചെവിയും കണ്ണുകളും ഉണർന്നു…. വളരെ ശ്രദ്ധയോടെ അവൾ പുറത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു…

കുറച്ചു സമയം അവൾ അനങ്ങിയില്ല ചെവികൾ ഉയർത്തി അവൾ പുറത്തെ ശബ്ദങ്ങൾ ശ്രദ്ധിച്ചു… പിന്നെ മെല്ലെ എഴുന്നേറ്റു…

അമ്മ എഴുന്നേറ്റത് അറിഞ്ഞത് പോലെ ധ്രുവൻ മെല്ലെ ഞരങ്ങി…. അവൻ കണ്ണ് തുറന്നു…. നന്ദ പെട്ടെന്ന് അവനെ സ്നേഹത്തോടെ നക്കി തുവർത്താൻ തുടങ്ങി….

അവൻ വീണ്ടും ഉറക്കത്തിലേക്ക് ആണ്ടു….

നന്ദ മെല്ലെ പുറത്തേക്ക് നടന്നു… ഓരോ അടി വെക്കുമ്പോഴും അവൾ അതീവ ശ്രദ്ധാലു ആയിരുന്നു…

മെല്ലെ അവൾ പുറത്തേക്ക് നടന്നു….. ഗുഹ കവാടത്തിനു പുറത്ത് എത്തിയതും അവളുടെ ശ്രദ്ധ സമീപത്ത് കുറ്റിച്ചെടികൾ കൂട്ടമായി വളർന്നു നിൽക്കുന്ന ഭാഗത്തേക്ക് മാത്രമായി…

നന്ദ പോരാട്ടത്തിന് തയ്യാറായി കഴിഞ്ഞു…. അവൾ അതീവ ശ്രദ്ധയോടെ തന്റെ മൂക്ക് വികസിപ്പിച്ചു കൊണ്ട് മെല്ലെ ഒന്ന് മുരണ്ടു….

കുറ്റികാടിനുള്ളിൽ നിന്നും രണ്ട് തീപ്പൊട്ടുകൾ ദൃശ്യമായി…. നന്ദയുടെ മുഖഭാവം പൂർണമായും മാറിയിരുന്നു… ശൗര്യം നിറഞ്ഞ ആ പെൺകടുവയുടെ മുഖം ആരിലും ഭയം ഉണർത്തുന്ന ഒന്നായി മാറിയിരുന്നു…

അവൾ പൂർണമായും ഗുഹക്ക് ഉള്ളിൽ നിന്നും പുറത്തേക്കിറങ്ങി ആകാശത്തേക്ക് നോക്കി കാട് നടുങ്ങുമാറ്‌ ഉറക്കെ ഒന്ന് ഗർജ്ജിച്ചു…. കുറ്റികാടിന്റെ ഉള്ളിൽ നിന്നും അതെ ശക്തിയിൽ മറു ഗർജനം ഉയർന്നു….

പിന്നാലെ മൂർച്ചയുള്ള നഖങ്ങൾ ആക്രമണത്തിനായി സജ്‌ജമാക്കി കൊണ്ട് കറുത്ത മുൻകാലുകൾ കുറ്റികാടിനു ഉള്ളിൽ നിന്നും പുറത്തെ മണ്ണിൽ ഉറച്ചു….

അതിന് പിന്നാലെ നന്ദ വ്യക്തമായി കണ്ടു ക്രൗര്യം തിങ്ങിയ ആ കണ്ണുകൾ…. മുഖത്തെ പൈശാചിക ഭാവം….

മായൻ……

നന്ദ അറിയാതെ പറഞ്ഞു പോയി…

മായൻ….. ക്രൂരത മാത്രം കൈമുതലായുള്ള ആ കാട്ടിലെ സാധു മൃഗങ്ങൾക്ക് പേടിസ്വപ്നം മാത്രം നൽകുന്ന കരിമ്പുലി…

അവൻ മെല്ലെ പുറത്തേക്കിറങ്ങി നന്ദയെ നോക്കി മുരണ്ടു…. ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു…..

നന്ദ തന്റെ മുഖം മുന്നിലേക്ക് കൂർപ്പിച്ചു കൊണ്ട് ഇടത് വശത്തേക്ക് മെല്ലെ നടക്കാൻ തുടങ്ങി….

മായൻ…..നീ  വേട്ടക്കിറങ്ങിയതാണോ കുഞ്ഞേ….?

നന്ദ മയനെ നോക്കി മുരണ്ടു….

അതേ…. നന്ദ… ഒരു പെൺകടുവയെ വേട്ടയാടാൻ ഇറങ്ങിയതാണ്…..

മായന്റെ കണ്ണുകൾ തിളങ്ങി….

നീ ചെറുപ്പമാണ് മായൻ…. എടുത്തചാട്ടം കൂടും…. കാടിന്റെ നിയമങ്ങൾ തെറ്റിച്ചത് കൊണ്ടാണ് നിന്റെ അച്ഛനെ എനിക്ക് കൊല്ലേണ്ടി വന്നത്… നീയും ആ വഴിക്ക് നീങ്ങരുത്….

നാവാട്ടം നിർത്തി പോരാട്ടത്തിന് തയ്യാറാകൂ നന്ദ… ഇന്നത്തോടെ ഈ കാടിന്റെ അധികാരം എനിക്ക് സ്വന്തം….

മായൻ പറഞ്ഞു കൊണ്ട് കാലുകൾ മടക്കി നിലത്തേക്ക് ഇരുന്നു….. ഏതു സമയത്തും മുന്നിലേക്ക് കുതിക്കാൻ തയ്യാറായി തന്നെയാണ് അവന്റെ ഇരുപ്പ്….

മായൻ… എന്നെ തോൽപ്പിക്കാൻ നിനക്കാവില്ല… ചെറുപ്പത്തിന്റെ ചോര തിളപ്പ് നീ എന്നോട് കാണിക്കാതെ നല്ലൊരു ഇണയെ കണ്ടു പിടിക്കാൻ നോക്ക്…

കരിമ്പുലിയും  കടുവയും  ഇണ ചേരുന്നതിൽ തെറ്റുണ്ടോ നന്ദ…..

അത് ചോദിക്കുമ്പോൾ ആ കരിമ്പുലിയുടെ മുഖത്തെ കുടിലഭാവം പൂർവാധികം വർധിച്ചിരുന്നു…

നീ അതിരുകൾ ലംഘിക്കുന്നു മായൻ….

നന്ദ അലറി…..

അതിരുകൾ ലംഘിക്കപ്പെടാൻ ഉള്ളതാണ് നന്ദാ….എന്നും കരുത്തുള്ള യുവത്വത്തിന് മുന്നിൽ അധികാരത്തിന്റെ ധാർഷ്ട്യത്താൽ നിന്നെ പോലുള്ളവർ കെട്ടിപ്പൊക്കിയ അതിർത്തികൾ തകർന്നു വീണിട്ടുണ്ട്… ഇവിടെയും അത് സംഭവിക്കും…..

മായൻ കണ്ണുകൾ കുറുകി വന്നു… അവൻ വീറോടെ തന്നെ നന്ദയോട് പ്രതികരിച്ചു…..

ഈ കാട്ടിലെ സസ്യാഹാരികൾ നമ്മുക്ക് വിനോദത്തിനും കൂടിയുള്ളതാണ്…. അത് പാടില്ല എന്ന് പറയാൻ നിനക്ക് ആരാണ് നന്ദാ അധികാരം തന്നത്…. അങ്ങനെ ചെയ്തത്തിന്റെ പേരിൽ നീ എന്റെ അച്ഛനെ…..?

നിർത്തു മായൻ…. നീയും നിന്റെ അച്ഛനെ പോലെ വിഡ്ഢിത്തം വിളമ്പാതെ ഇരിക്കു…. നമ്മുക്ക് വിശപ്പടക്കാൻ വേട്ടയാടാം… അത് പ്രകൃതിനിയമമാണ്… പക്ഷെ നീയും നിന്റെ അച്ഛനും വെറുതെ സാധുമൃഗങ്ങളെ കൊന്നൊടുക്കുന്നു…. ഈ നന്ദ ജീവിച്ചിരിക്കുന്നിടത്തോളം കാലം അത് അനുവദിക്കില്ല….

എന്നാൽ നീ മരിക്ക് നന്ദാ… ഞാൻ അത് എളുപ്പമാക്കി തരാം…

ഗർജ്ജിച്ചു കൊണ്ട് മായൻ നന്ദക്ക്‌ നേരെ കുതിച്ചു… നന്ദയും ഗർജ്ജിച്ചു കൊണ്ട് മായൻ അരികിലേക്ക് എത്താൻ കാത്ത് നിന്നു…

പെട്ടെന്നാണ് നന്ദയുടെ നേരെ കുതിച്ചു പാഞ്ഞു വന്ന മായന്റെ മുന്നിലേക്ക് മിന്നൽ പോലെ ഒരു ചെന്നായ വന്നു വട്ടം നിന്നത്…

നിർത്തു മായൻ നിന്റെ മണ്ടത്തരം… !

അലറി കൊണ്ടവൻ മായന്റെ കണ്ണുകളിലേക്ക് നോക്കി…. പിടിച്ചു നിർത്തിയത് പോലെ മായൻ നിന്നു….

എന്ത് അസംബന്ധം ആണ് നീ ഈ കാണിക്കുന്നത്…. ആരെയാണ് നീ തോൽപ്പിക്കാൻ ശ്രമിക്കുന്നത്….  ആരെയാണ് നീ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്….?

മായന്റെ നേരെ അത്രയും പറഞ്ഞിട്ട് ആ ചെന്നായ നന്ദയുടെ നേരെ തിരിഞ്ഞു…

ക്ഷമിക്കണം നന്ദാ…. എന്റെ ചങ്ങാതി ചെയ്ത തെറ്റിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു…

തന്റെ മുന്നിൽ നിൽക്കുന്ന ചെന്നായയെ തല ചെരിച്ചു നന്ദാ ഒന്ന് നോക്കി…..

നിപുണൻ…. നീ തക്ക സമയത്ത് തന്നെ എത്തി… അല്ലെങ്കിൽ അച്ഛൻ പോയ വഴിയേ മകനും പോകുമായിരുന്നു…

നന്ദ മുരണ്ടു…..

മായൻ അത് കേട്ട് വീണ്ടും മുരണ്ടു കൊണ്ട് നന്ദയുടെ നേർക്ക് തിരിഞ്ഞു….

മായൻ….

നിപുണൻ താക്കീതിന്റെ സ്വരത്തിൽ വിളിച്ചു കൊണ്ട് മായനെ വിലക്കി…

നന്ദ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഈ കാടിന്റെ നന്മക്ക് വേണ്ടിയാണ്… ഈ വനത്തിലെ ഏറ്റവും കരുത്തുള്ള ആൾ പറയുമ്പോൾ അത് അനുസരിക്കാനുള്ള ബാധ്യത നമ്മൾക്കുണ്ട്….

കരുത്ത് തെളിയിക്കാനുള്ള ഒരവസരം എനിക്ക് തരൂ നിപുണൻ…. ഞാൻ ഇവളെ ഞെരിച്ചമർത്തി എന്റെ വർഗത്തിന്റെ കരുത്ത് തെളിയിച്ചു തരാം….

നിനക്ക് അതിന് കഴിയില്ല മായൻ…. നന്ദയെ ജയിക്കാനുള്ള കരുത്ത് നിനക്കില്ല…. വരൂ പോകാം….

മായനെ വീണ്ടും വിലക്കി കൊണ്ട് നിപുണൻ തിരിഞ്ഞു നടക്കാനൊരുങ്ങി… എന്നാൽ മായൻ അവിടെ തന്നെ തറഞ്ഞു നിന്നു…

മായൻ ഞാൻ നിപുണനാണ് വിളിക്കുന്നത്…. എന്റെ കൂടെ വരാൻ…

നിപുണൻ പറഞ്ഞത് കേട്ട് മായൻ മെല്ലെ പിന്തിരിഞ്ഞു…

നിപുണൻ…. നിന്റെ അഭിനയം കൊള്ളാം… എനിക്ക് ഇഷ്ടപ്പെട്ടു… ഇവൻ ഈ കാട്ടിൽ കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മകൾക്കെല്ലാം നിന്റെയും നിന്റെ കൂട്ടരുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം ലഭിക്കുന്നുണ്ട് എന്ന് എനിക്കറിയാം… നിർത്തിക്കോണം… എല്ലാം അവസാനിപ്പിച്ചോണം… ഇല്ലെങ്കിൽ അത് എല്ലാവർക്കും ദോഷം ചെയ്യും…

നന്ദ പുറകിൽ നിന്നും വിളിച്ചു പറയുന്നത് നിപുണനും മായനും കേട്ടു…

ഇവളെയിന്നു ഞാൻ…..?

മായൻ ദേഷ്യത്തോടെ വീണ്ടും തിരിഞ്ഞു നിന്നു….

വേണ്ട… അവളുടെ കൈക്കരുത്ത് ഒരിക്കൽ ഞാൻ അറിഞ്ഞതാണ്… നീ ചിന്തിക്കുന്നതിനും അപ്പുറത്താണ് നന്ദ…. വെറുതെ മേടിച്ചു കൂട്ടണ്ട…

നിപുണൻ വീണ്ടും മായനെ തടഞ്ഞു… പെട്ടെന്നാണ് ഇരുവരുടെയും കണ്ണിൽ ആ ദൃശ്യം പതിഞ്ഞത്…

തപ്പിതടഞ്ഞു ഗുഹ കവാടത്തിൽ വന്ന് അന്തംവിട്ടു കണ്ണും മിഴിച്ചു കാഴ്ചകൾ കാണുന്ന ഒരു കടുവ കുഞ്ഞ്….

മായാനും നിപുണനും ധ്രുവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ട നന്ദ മെല്ലെ ധ്രുവന്റെ സമീപത്തേക്ക് ചെന്നു….

മായനും നിപുണനും പരസ്പരം നോക്കി… നിപുണന്റെ മുഖത്ത് കൗശലം നിറഞ്ഞു…

നീ വാ….

മായനെ വിളിച്ചു കൊണ്ട് നിപുണൻ തിരിഞ്ഞു നടന്നു… മായൻ ധ്രുവനെ നോക്കി നാവു നുണഞ്ഞു കൊണ്ട് തിരിഞ്ഞു നിപുണന്റെ പുറകെ നടന്നു….

കടുവ കുഞ്ഞിന്റെ ഇറച്ചിക്ക് നല്ല രുചിയായിരിക്കും അല്ലെ നിപുണൻ…

മായന്റെ ചോദ്യം കേട്ട് നിപുണൻ ഒരു നിമിഷം നിന്നു…

നീ എന്നെയും കൂടി കൊലക്ക് കൊടുത്തേ അടങ്ങൂ… അല്ലെ…?

നിപുണൻ ചോദിച്ചത് കേട്ട് മായൻ അത്ഭുതത്തോടെ അവനെ നോക്കി…

ചങ്ങാതി….. നീ എന്താ അങ്ങനെ പറഞ്ഞത്….?

അവന്റെയൊരു ചങ്ങാതി… നിനക്ക് കുറച്ചെങ്കിലും ബുദ്ധിയുണ്ടോ മായൻ… എടുത്ത് ചാട്ടം കൂടുന്നുണ്ട്… നിനക്ക് ചെന്നായ കൂട്ടത്തിന്റെ പിന്തുണ മാത്രമേയുള്ളു… ബാക്കി മുഴുവൻ മൃഗങ്ങളും നന്ദയുടെ മേധാവിത്വം അംഗീകരികരിക്കുന്നവരാണ് … അവളോട് ഏറ്റുമുട്ടി നീ പരാജയപ്പെട്ടാൽ എനിക്കോ നിനക്കോ ഇവിടെ നിൽക്കാൻ പോലും പറ്റില്ല… നിന്നെ പിന്തുണക്കുന്നതിന്റെ പേരിൽ ചെന്നായ കൂട്ടത്തിൽ പോലും ഇപ്പോൾ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്….

പിന്നെ നമ്മൾ എന്ത് വേണമെന്നാണ് പറയുന്നത്…

കാത്തിരിക്കണം…. അവസരം വരാൻ കാത്തിരിക്കണം…

എത്രകാലം നിപുണൻ.. ഈ പുരുഷത്വം ആ പെൺകടുവയുടെ മുന്നിൽ പണയം വെച്ചുകൊണ്ട് എത്രനാൾ കാത്തിരിക്കണം….

മായൻ അക്ഷമയോടെ ചോദിച്ചത് കേട്ട് നിപുണൻ ആകാശത്തേക്ക് നോക്കി…

അധികകാലം വേണ്ടി വരില്ല മായൻ… അവൻ വരാറായി…. സർവ്വനാശത്തിന്റെ രാജകുമാരൻ… ഇരുട്ടിന്റെ അധിപൻ… അവന്റെ എഴുന്നെള്ളത്തിനു സമയമായി….

അത് പറയുമ്പോൾ നിപുണന്റെ കണ്ണുകൾ അസാധാരണമാം വിധം തിളങ്ങി….

                                      തുടരും……

 

 

Unnikrishnan Kulakkat Novels

ദുര്യോധന

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ധ്രുവൻ – The Niyogi – 1”

  1. ദുര്യോധനയ്ക്ക് ശേഷം ഇങ്ങനെ ഒരു ആശയം കൊണ്ട് വരാൻ കാണിച്ചതിന് 👏🏻👏🏻👏🏻

    കഥയിൽ ചോദ്യം ഇല്ല അത് കൊണ്ട് ലോജിക് ഒന്നും നോക്കുന്നില്ല നിങ്ങ പൊളിക്ക് ബ്രോ ❤️❤️❤️❤️

    ഇത് വായിക്കുമ്പോ പണ്ട് ബാലരമ വായിച്ച പോലെ ഉണ്ട് 😁😁😁

    എന്തായാലും പുതിയ കഥയ്ക്ക് ആശംസകൾ 😍❤️🥰

Leave a Reply

Don`t copy text!