ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു മരവിപ്പ് ആയിരുന്നു. താൻ കാരണം എത്ര പേര് ദുഖിച്ചിരുന്നു. സ്വന്തം അമ്മയെ പോലും മനസിലാക്കിയില്ല. എന്തൊക്കെ ചെയ്താലും തന്റെ തെറ്റിനുള്ള പരിഹാരമാവില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നു. തന്നെ ഒരു നല്ല സുഹൃത്തായി കണ്ട് പെരുമാറിയ അലീനയെ മറ്റൊരു കണ്ണിലൂടെ കണ്ടത് ഓർക്കുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് അവന് തോന്നി. ഇനിയും ഓരോന്നും ചിന്തിച്ചാൽ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോളാണ് അടുത്തുള്ള ബാറിലേക്ക് കാർ കയറ്റിയത്. എല്ലാം താൽക്കാലികമായി മറക്കാൻ മറ്റൊരു വഴിയും അപ്പോൾ അവന് മുന്നിൽ ഉണ്ടായിരുന്നില്ല. ബോധം മറയും വരെ കുടിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഏറെ വൈകിയപ്പോൾ ഏതോ ഓട്ടോയിൽ വീട്ടിലേക്ക് പോയി. കാളിങ് ബെൽ അടിച്ചപ്പോൾ തന്നെ ജാനു വന്നു ഡോർ തുറന്നു കൊടുത്തിരുന്നു. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തപ്പി തടഞ്ഞു എങ്ങനെയൊക്കെയോ മുകളിലേക്ക് കയറി കട്ടിലിൽ കിടന്നു. അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു.
എത്രയൊക്കെ വാശി മനസ്സിൽ സൂക്ഷിച്ചിട്ടും വെറുക്കാനാവാത്തതിനാലാണ് കാളിങ് ബെൽ കേട്ടതും ഓടി പോയി വാതിൽ തുറന്നത്. ബോധമില്ലാതെ നിൽക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ തന്റെ അച്ഛനെയാണ് ഓർമ വന്നത്. ആദ്യമായി ജീവിതത്തോട് അറപ്പും വെറുപ്പും തോന്നി. അവനിൽ നിന്ന് സോറി എന്ന വാക്കെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു. ഏട്ടന്റെ ജീവിതത്തിലും മനസിലും അൽപം പോലും തനിക്ക് സ്ഥാനം ഉണ്ടാവില്ല. അച്ഛൻ ഒരിക്കലെങ്കിലും അമ്മയെ സ്നേഹിച്ചിരുന്നു
താൻ അതിനേക്കാൾ അധഃപതിച്ച പെണ്ണായി പോയി.
പിന്നാലെ പോയി അവന്റെ റൂമിലേക്ക് എത്തി നോക്കുമ്പോൾ ഇന്ദ്രൻ ഉറങ്ങുന്നുണ്ടായിരുന്നു. അടുത്തുള്ള മുറിയിൽ കയറി ലൈറ്റ് ഓഫ് ആക്കി. ആദ്യമായി ഒറ്റയ്ക്ക് ആവാൻ ആഗ്രഹിച്ചു പോയി. എന്നിലെ ഭയം എങ്ങനെ ഇല്ലാതായെന്നു മനസിലായില്ല. ആദ്യമായി ഇരുളിനോടു പ്രണയം തോന്നി. മറ്റൊന്നിനെയും കാണണ്ടല്ലോ. ഇത് വരെ ഒറ്റക്ക് ആയിരുന്നു. ഇടയ്ക്ക് എപ്പോഴോ ഒരു കൂട്ട് ആഗ്രഹിച്ചു പോയി അർഹത പെട്ടത് അല്ലാഞ്ഞിട്ടും കൊതിച്ചു പോയി. ചിലപ്പോൾ വിഷ്ണു ഏട്ടനോട് ചെയ്ത തെറ്റിന്റെ പ്രതിഫലം ആവാം. അല്ലെങ്കിൽ ഒരിക്കലും സന്തോഷം അറിയരുതെന്ന ദൈവത്തിന്റെ വാശി ആവാം. കരയുകയാണെന്ന് തലയണ നനഞ്ഞപ്പോളാണ് മനസിലായത്. ഇനി കരയാൻ പാടില്ല. ഒഴിഞ്ഞു പോവണം. എന്റെ ആവശ്യം ഈ വീട്ടിൽ ആർക്കും ഇല്ലാത്തത് പോലെ എനിക്കും വേണ്ട. എന്നെ വേണ്ടവർ മറ്റെവിടെങ്കിലും ഉണ്ടാവാം. കണ്ടില്ലേ പ്രകാശം നഷ്ടമായപ്പോൾ സ്വന്തം നിഴലും ഉപേക്ഷിച്ചു പോയിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് നിശ്ചയം ഉണ്ടായിരുന്നു.
രാവിലെ താമസിച്ചാണ് അവൻ ഉണർന്നത്. തലയ്ക്കു നല്ല ഭാരം തോന്നിയിരുന്നു. ഇന്നലത്തെ ഓരോ സംഭവങ്ങളും അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. അറിയാതെ തല കുനിഞ്ഞു. ഇന്നലെ എപ്പോൾ വീട്ടിൽ എത്തിയെന്നത് പോലും ഓർമ ഇല്ല. തലയ്ക്കു ഒരു മരവിപ്പ് മാത്രം. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൻ ചുറ്റും പരതി.
ജാനു… ! താൻ അവളെ മറന്നെന്നു അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന ഓരോ സംഭവങ്ങളും അത്രത്തോളം മനസിനെ പിടിച്ച് കുലുക്കിയിരുന്നു. പക്ഷെ രാത്രിയിൽ പോലും അവളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്നലെ താൻ വരുമ്പോൾ അവളിവിടെ ഉണ്ടായിരുന്നില്ലേ? വാതിൽ തുറന്നു താരാതെ അകത്തു കയറാൻ ആവില്ലല്ലോ?
അവൻ ടേബിളിൽ നോക്കി. പതിവ് ചായ അവിടെ ഉണ്ടായിരുന്നില്ല. താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ ഉണ്ടാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അവിടവും ശൂന്യമായിരുന്നു. രാവിലെയും ഒന്നും പാകം ചെയ്തതിന്റെ ലക്ഷണം ഒന്നുമില്ല. ഇന്നലെ അവൾക്ക് കൊടുത്ത മോഹന വാഗ്ദാനങ്ങൾ ആണ് ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത്. പാവം കാത്തിരുന്നിട്ടുണ്ടാവും. തെറ്റുകൾക്ക് മേലെ തെറ്റുകളാണ് താൻ ചെയ്ത് കൂട്ടുന്നത്. മുറ്റത്തു നോക്കി വീണ്ടും മുകളിലേക്ക് പോവുമ്പോൾ അവിടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. അലമാരയിൽ അവളുടെ സാധനങ്ങൾ കാണാതായപ്പോൾ ശൂന്യതയാണ് തോന്നിയത്. തന്റേതെന്ന് ധൈര്യത്തോടെ പറയാൻ ഉണ്ടായിരുന്ന ഒരു വ്യക്തിയെ കൂടി താൻ അകറ്റിയിരിക്കുന്നു. അത്രത്തോളം വേദനിക്കാതെ അവൾ തന്നെ ഒറ്റക്കാക്കി പോകില്ലെന്ന് അവന് അറിയാമായിരുന്നു.
വേഗം മാധവ മാമയെ വിളിച്ചു. അവിടുത്തെ വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ തന്നെ മാമൻ ജാനുവിനെ തിരക്കി. അവൾ അവിടെ എത്തിയില്ല എന്ന മനസ്സിലായതും എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ട് ആക്കി. തനിയെ രുദ്രേച്ചിയുടെ അടുക്കൽ പോവില്ലെന്ന് അറിയാമായിരുന്നു. ഇനി കോളേജിൽ പോയിട്ടുണ്ടാവുമോ? ദേവികയ്ക്ക് ഉറപ്പായും അവളെ പറ്റി അറിയാമായിരിക്കും. ദേവികയുടെ നമ്പർ അറിയാത്തത് കൊണ്ട് അവളുടെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ ചെന്നപ്പോളാണ് ദേവിക കോളേജിൽ ഉണ്ടെന്ന് അറിഞ്ഞത്. ക്ലാസ്സ് ടൈം ആയത് കൊണ്ട് ബ്രേക്ക് ആവുന്നത് വരെ വെയിറ്റ് ചെയ്യാൻ ജാനു പതിവായി ഇരിക്കാറുള്ള മരച്ചുവട്ടിലേക്ക് നടന്നു.
അവിടെ ജാനുവിനെ കണ്ടതും അവന് ആശ്വാസം തോന്നി. അവളുടെ അടുക്കലേക്ക് നടക്കാൻ ഒരുങ്ങിയപ്പോളാണ് കൂടെയുള്ള ആളിൽ അവന്റെ ശ്രദ്ധ പതിഞ്ഞത്. അന്നൊരിക്കൽ താൻ ഇവിടെ ആദ്യമായി എത്തിയപ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി ദേഷ്യത്തിൽ ജാനുവിനോട് സംസാരിച്ച് നിറഞ്ഞ കണ്ണുകളോടെ ക്ലാസ്സിലെ നിന്ന് ഇറങ്ങി പോയ അവന്റെ രൂപം ഇന്നും ഇന്ദ്രന്റെ മുന്നിൽ തെളിഞ്ഞു നിന്നിരുന്നു. ഇപ്പോൾ അവന്റെ മുഖത്ത് ആ ഭാവങ്ങളൊന്നും കാണാനില്ലായിരുന്നു. സൗമ്യ ഭാവത്തോടെ അവൻ ജാനുവിനെ നോക്കി ഇരിക്കയാണ്. അവൾ തല കുനിച്ച് ഇരിക്കുന്ന കൊണ്ട് അവളിലെ ഭാവം അവന് മനസിലായില്ല.
“ജാനു നിന്നോട് അന്നും ഇന്നും എനിക്ക് ഒരു ദേഷ്യവുമില്ല. ഇന്ദ്രൻ നിന്റെ ജീവിതത്തിൽ വന്നതോടെ ഞാൻ മനഃപൂർവം ഒഴിഞ്ഞു പോയതാണ്. പക്ഷെ ദേവു പറഞ്ഞത് വെച്ച് നീ ഇങ്ങനെ നരകിച്ചു ജീവിക്കണ്ട ജാനു. ആരോരുമില്ലെന്ന് വെച്ചു നീ അവിടെ നിൽക്കേണ്ട കാര്യമില്ല. നീ എന്റെയൊപ്പം വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ട് പോകും നിന്നെ. മറ്റൊന്നും കൊണ്ട് ഞാൻ നിന്റെ സ്നേഹത്തെ ഇരിക്കലും തൂക്കി നോക്കില്ല. സഹതാപം കൊണ്ടൊന്നുമല്ല. അന്നും ഇന്നും ഇഷ്ടം തന്നെയാണ്. ഇപ്പോളതു കൂടിയിട്ടേ ഉള്ളൂ. മറ്റുള്ളോർക്ക് വേണ്ടി സ്വന്തം ജീവിതം ദാനമായി കൊടുത്ത നിന്നോട് ഇപ്പോൾ ആരാധനയാണ്.”
വിഷ്ണു പറഞ്ഞ് നിർത്തി മറുപടിക്കായി ജാനുവിനെ നോക്കി. അവൾ അതേ ഇരുപ്പ് തുടരുകയാണ്. അവളുടെ മറുപടി എന്താണെങ്കിലും സ്വീകരിക്കാൻ വിഷ്ണുവിനൊപ്പം ഇന്ദ്രനും തയ്യാറായിരുന്നു.
പക്ഷെ അവളുടെ നാവ് കൊണ്ട് അത് കേൾക്കാൻ ഇന്ദ്രന് ഭയം തോന്നി. ഇത് വരെ പ്രകടമാക്കാത്ത തന്റെ സ്നേഹത്തേക്കാൾ ഒത്തിരി പ്രധാന്യമർഹിക്കുന്നത് വിഷ്ണുവിന്റെ സ്നേഹം തന്നെയാണ്. അന്നും ഇന്നും അവളോട് അവൻ കാണിക്കുന്ന കരുതൽ തനിക്ക് പോലും മതിപ്പ് തോന്നിക്കുന്ന തരത്തിലാണ്. അങ്ങനെയുള്ള വിഷ്ണുവിനെ എന്തിന്റെ പേരിലാണ് അവൾ തള്ളി പറയുക. അവളെ വിട്ടുകൊടുത്ത് കൊണ്ട് തിരികെ നടന്നു പോവുമ്പോളും മനസ് മറ്റെങ്ങോ പാറി നടക്കുകയായിരുന്നു.
“എന്നെ വീണ്ടും ഏട്ടന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ കാണിച്ച മനസിന് ഒരുപാട് നന്ദിയുണ്ട്. പക്ഷെ ഈ താലി മരണം വരെ അണിയണമെന്നതാണ് എന്റെ ആഗ്രഹം. അത്ര പെട്ടെന്ന് അറുത്ത് മാറ്റാൻ കഴിയുന്ന ഒന്നാണോ താലി. എത്രയൊക്കെ അവഗണന എന്നോട് കാട്ടിയാലും ഇന്ദ്രേട്ടന്റെ മനസ് എനിക്ക് അറിയാം. ഏട്ടന്റെ പെരുമാറ്റം പലപ്പോഴും എന്നെ തളർത്തിയിട്ടുണ്ടാവാം. ഒരിക്കലും എനിക്ക് ഏട്ടനെ മറക്കാനോ വെറുക്കാനോ കഴിയില്ല. ഞാനും വിഷ്ണു ഏട്ടനും ആയുള്ള ബന്ധം അറിഞ്ഞു കൊണ്ടാണ് ഏട്ടൻ എന്നെ വിവാഹം ചെയ്തത്. ഞാൻ ഒന്നും പറയാതെ തന്നെ അദ്ദേഹം എന്നെ മനസിലാക്കിയിരുന്നു. അപ്പോഴത്തെ സങ്കടം കൊണ്ടാണ് ഞാൻ ദേവുവിനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞത് അല്ലാതെ മറ്റൊന്നും ഇല്ല. ഉണ്ടായാലും എന്റെ മരണം വരെ എന്റെ പാതി അദ്ദേഹം ആയിരിക്കും.”
വിഷ്ണുവിന്റെ മുഖത്തു നോക്കി ഉറച്ച ശബ്ദത്തോടെ ജാനു പറഞ്ഞു നിർത്തി.
“ഏട്ടനോട് ചെയ്ത തെറ്റിന് എന്ത് ചെയ്താലും പരിഹാരമാവില്ലെന്ന് അറിയാം. ക്ഷമിക്കണം അത് മാത്രേ എനിക്ക് ഇപ്പോ പറയാനാവൂ.”
“ഡോ ദേവിക പറഞ്ഞപ്പോൾ.. തന്റെ അവസ്ഥ ഓർത്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. താൻ പറഞ്ഞതാണ് ശെരി. ഭാര്യാ ഭർതൃ ബന്ധമെന്നത് വാക്കുകൾക്ക് അതീതമാണ്. പരസ്പര വിശ്വാസമാണ് അതിന് അടിത്തറ. താൻ അവനെ അത്രത്തോളം വിശ്വസിക്കുമ്പോൾ ഉറപ്പായും അവൻ തന്നെ മനസിലാക്കും. ഒരു പക്ഷെ എന്റെ വാക്ക് കേട്ട് എന്നോടൊപ്പം താൻ വന്നിരുന്നെങ്കിൽ എനിക്ക് തന്നോടുള്ള വിശ്വാസം നഷ്ടമായേനെ.
എത്രയും വേഗം നിങ്ങൾ ഒന്നാവട്ടെ.”
അത്രയും പറഞ്ഞ് ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് അവൻ നടന്നകന്നു. അവൻ പോവുന്നതും നോക്കി ജാനു ദീർഘ നിശ്വാസം വിട്ടു.
തിരികെ വീട്ടിലേക്ക് പോകുമ്പോളും ജാനുവിനെ പറ്റിയുള്ള ചിന്തകളായിരുന്നു മനസ് നിറയെ. അപ്പോളത്തെ ഒരു തോന്നലിൽ തിരികെ നടന്നെങ്കിലും പിന്നീട് അവളുടെ മറുപടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു. എന്ത് കൊണ്ടോ അവളെ വിട്ട് പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചിരുന്നു. ഇല്ല അവൾ തന്നെ വിട്ട് പോകില്ല. അങ്ങനെ പോവാൻ അവൾക്കാകുമോ? പോകാതിരിക്കാൻ താൻ അവളെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? മോഹന വാഗ്ദാനങ്ങൾ നൽകി പറ്റിച്ചിട്ടുണ്ട്. അങ്ങനെയല്ല ഇടയ്ക്ക് എപ്പോഴൊക്കെയോ താൻ അവളെ പ്രണയിച്ചിരുന്നില്ലേ. അവളെ ഞാനത് അറിയിച്ചിട്ടില്ലേ… എന്തൊക്കെ ചെയ്താലും ഇന്നലെ അവളെ ഞാൻ മറന്നിരുന്നു. തനിക്കെങ്ങനെ അതിന് കഴിഞ്ഞു. മനസ് തുറന്ന് സംസാരിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ.. ഇനി എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും അവളത് വിശ്വസിക്കുമോ? അറിയില്ല. ഭ്രാന്തെടുക്കുന്ന ചിന്തകളുമായാണ് വീട്ടിലേക്ക് ചെന്നത്. എത്ര സമയം ലിവിങ്ങിൽ ഇരുന്നെന്ന് അറിയില്ല. ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോട്ടേക്ക് നോക്കിയത്. ജാനു ആയിരിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവൾ കടന്നു വന്നപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറയുന്നുണ്ടായിരുന്നു. തന്നെ നോക്കുക പോലും ചെയ്യാതെ അവൾ കടന്നു പോയപ്പോൾ ഒരു ചെറിയ നിരാശ തോന്നിയെങ്കിലും ഇനിയും തന്റെ മൗനം അവളെ നഷ്ടമാക്കിയാലോ എന്ന തോന്നൽ കൊണ്ടാണ് അവൾക്ക് പിന്നാലെ ചെന്നത്. റൂമിൽ അവളെ കാണാതായപ്പോൾ വീണ്ടും സംശയമായി. ഇനി അവളെ താൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ചിന്തിച്ചു പോയി.
തിരികെ ഇറങ്ങാൻ പോയപ്പോളാണ് വലിയൊരു ബാഗുമായി വീണ്ടും അവൾ റൂമിലേക്ക് വന്നത്. അപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി തുടങ്ങിയിരുന്നു. ആള് പെട്ടിയും കിടക്കയുമെടുത്തു പോയിട്ട് തിരിച്ചു വരുന്ന വഴിയാണ്. മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാം കൂടെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി. അത് കണ്ടതും ജാനു ദഹിപ്പിക്കും പോലെ അവനെ നോക്കി.
“ചിരിക്കുകയൊന്നും വേണ്ട. അങ്ങനിപ്പോ ഞാൻ പോണില്ല.”
അവളുടെ മറുപടി കേട്ടതും കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാനാണ് തോന്നിയത്.
“കോളേജിൽ വന്നിട്ട് എന്നെ കൂട്ടാതെ പോന്നത് എന്താ?”
അവൾ ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൻ തന്റെ തല കുനിച്ചു. അവൾ അവനരികിലേക്ക് ചെന്ന് മുഖത്തേക്ക് നോക്കി.
“ഇനി എന്നെ ഒറ്റയ്ക്ക് ആക്കി പോകുവോ?”
മറുപടിയായി അവളെ ചേർത്ത് നിർത്തുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.
“ജാനു.. ഞാൻ ഇന്നലെ… സോറി..”
“ഏട്ടൻ എന്തിനാ സോറി പറയണേ. കാര്യം അറിയാതെ ഞാനാണ് ഓരോന്നും ആലോചിച്ചു കൂട്ടിയത്.”
അവന്റെ മുഖത്തേക്ക് നോക്കി ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു. അപ്പോളും അവന്റെ മുഖത്തു സങ്കടം നിഴലിച്ചിരുന്നു. തെറ്റ് ചെയ്തവനെ പോലെ അവൻ നിലത്തേക്ക് നോക്കിയാണ് നിന്നത്. അവന്റെ മനസ്സ് അവൾക്കും മനസിലാവുന്നുണ്ടായിരുന്നു.
“ഏട്ടൻ റെഡി ആവൂ. നമുക്ക് ഒരിടം വരെ പോവാം.”
“എവിടെ?”
“അതൊക്കെ ഉണ്ടെന്നേ.”
അതും പറഞ്ഞ് ഡ്രെസ്സും കൊടുത്ത് അവൾ അവനെ ഫ്രഷ് ആവാനായി പറഞ്ഞ് വിട്ടു. അവൻ തിരികെ ഇറങ്ങുമ്പോളേക്കും അവൾ അവനുള്ള ചായയുമായി വന്നിരുന്നു.
രുദ്രയുടെ വീട്ടിലേക്കാണ് അവർ ചെന്നത്. പറയാതെ ചെന്നത് അവർക്കും സർപ്രൈസ് ആയിരുന്നു. ദേഷ്യമൊന്നും ഇല്ലായിരുന്നെങ്കിലും ഉഷയോട് ഇടപെഴകാൻ ഇന്ദ്രന് എന്ത് കൊണ്ടോ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കൊക്കെ പാളി അവരെ നോക്കുമെങ്കിലും കുറ്റബോധം അവനെ കാർന്നു തിന്നുകൊണ്ടിരുന്നു. അത് മനസിലാക്കിയെന്ന വണ്ണം രാത്രിയിൽ ഇന്ദ്രനും ഉഷയ്ക്കും തനിച്ച് സംസാരിക്കാൻ സാഹചര്യം ഉണ്ടാക്കി കൊടുത്തത് ജാനുവാണ്.
ക്ഷമ പറഞ്ഞും ക്ഷമിച്ചും അമ്മയും മകനും സംസാരിക്കുന്നത് കണ്ടപ്പോളാണ് അവളുടെ ദൗത്യം പൂർണമായത്. അവർക്കായി അവിടുന്ന് ഒഴിഞ്ഞു മാറി തിരികെ റൂമിൽ എത്തുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയിരുന്നു. അമ്മയും മക്കളും അകലുന്നതിന്റെ വേദന തന്നോളം അറിയുന്ന ആരാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഇന്ദ്രേട്ടന്റെയും ഉഷാമ്മയുടെയും സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. ആ അമ്മയുടെ സന്തോഷം ഇപ്പോളും കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കുറേ സമയം കഴിഞ്ഞിട്ടും അമ്മയുടെയും മോന്റെയും വിശേഷം പറച്ചിൽ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഫ്രഷ് ആയി ഇറങ്ങി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോളാണ് പുറകിൽ കാൽപ്പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് അതാരാണെന്ന് ഊഹിക്കാമായിരുന്നു.
“താങ്ക്സ്”
പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു കാതോരത്തായി അവൻ പറഞ്ഞു. ഒരു ചിരിയോടെ തിരിഞ്ഞ് അവനെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ കാണാമായിരുന്നു അവളോടുള്ള പ്രണയം. ആ പ്രണയാഗ്നി താങ്ങാൻ ആവാതെ അവൾ തന്റെ കണ്ണുകളെ പിൻവാങ്ങി. അവളുടെ കവിൾ തടങ്ങൾ നാണത്താൽ ചുവന്നിരുന്നു. സിന്ദൂര ചെപ്പിൽ നിന്ന് ഒരു നുള്ള് അവൻ തന്റെ പ്രണയോപഹാരമായി നെറ്റിയിൽ ചാർത്തിയപ്പോൾ കണ്ണുകളടച്ച് അവൾ സ്വീകരിച്ചു. കൺകോണിൽ വിരിഞ്ഞ മിഴിനീർ തുടച്ചുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. മുഖം ഉയർത്താതെ നിന്ന അവളുടെ താണ്ടിയിൽ പിടിച്ചു ഉയർത്തി അവളുടെ അധരങ്ങളെയും അവൻ സ്വന്തമാക്കി. കണ്ണുകളടച്ചു ആ ചുടു ചുംബനം അവൾ സ്വീകരിച്ചു. ശ്വാസം ലഭിക്കാതെ വന്നപ്പോളാണ് അവന്റെ ഷർട്ടിൽ അവൾ പിടിമുറുക്കിയത്. അവളുടെ നഖങ്ങൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയപ്പോളാണ് അവൻ അവളെ സ്വതന്ത്രമാക്കിയത്. ശ്വാസം വലിച്ച് വിടുന്ന ജാനുവിനെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്. അവളുടെ അധരങ്ങൾ വീണ്ടും അവനെ ആകർഷിച്ചുകൊണ്ടിരുന്നു. അവനിൽ അവൾ അലിഞ്ഞു ചേരുമ്പോൾ പുറത്ത് മഴത്തുള്ളികളും മണ്ണിനോട് അലിഞ്ഞു ചേരുന്നുണ്ടായിരുന്നു. ഒടുവിൽ അവന്റെ നെഞ്ചിലെ താരാട്ടു കേട്ട് ഉറങ്ങുമ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വം അവളും അറിയുകയായിരുന്നു.
“എന്നാലും എന്റെ ദേവു നീ എങ്ങനെ നിന്റെ അച്ഛനെ കൊണ്ട് ഇത് സമ്മതിപ്പിച്ചു?”
വിവാഹ വസ്ത്രമണിഞ്ഞു നിൽക്കുന്ന ദേവുവിന് മുല്ലപ്പൂ ചൂടിച്ചു കൊണ്ടാണ് ജാനു അത് ചോദിച്ചത്.
“ഓ ഇതൊക്കെ വലിയ കാര്യമാണോ? ധൈര്യം വേണം മിസ്റ്റർ. അല്ലാതെ നിന്നെ പോലെ..”
ജാനുവിന്റെ മുഖത്തെ ഭാവം മാറിയപ്പോളാണ് താൻ പറഞ്ഞതിലെ അബദ്ധം ദേവുവിനും മനസിലായത്.
“അയ്യോ ഞാൻ അങ്ങനെ പറഞ്ഞതല്ലെടാ. ഈ ലോകത്ത് എനിക്ക് ഏറ്റവും കടപ്പാട് നിന്നോടാണ്. നീ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് എന്റെ വിഷ്ണു ഏട്ടനെ കിട്ടുമായിരുന്നോ? ഒരിക്കലും ഏട്ടനെന്നെ മനസിലാക്കുമെന്ന് ഞാൻ വിചാരിച്ചതല്ല. ആദ്യമൊക്കെ നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്നീട് ഏട്ടനും എന്നെ മനസിലാക്കി. ഒരർത്ഥത്തിൽ നോക്കിയാൽ നീ തന്ന ദാനമാണ് എന്റെ ജീവിതം.”
ജാനുവിനെ നോക്കി ദേവു ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അങ്ങനെയൊന്നും പറയല്ലേ. എല്ലാവരുടെ ജീവിതവും പലരുടെയും ദാനമാണ്. ആദ്യം ദൈവത്തിന്റെ പിന്നെ അച്ഛനും അമ്മയും അങ്ങനെ പലരും… നീ സെന്റി അടിക്കാതെ വേഗം റെഡി ആവൂ. സമയം അടുക്കാറായി.”
“അല്ല നിങ്ങളുടെ അലീനയുടെ കല്യാണം കഴിഞ്ഞില്ലേ?”
“ആഹ്. അവർ ഇപ്പോ അമേരിക്കയിൽ സെറ്റിൽ ആയി. പുതിയ അതിഥിക്ക് കാത്തിരിക്കുന്നു.”
“ആണോ?”
“മ്മ്. പിന്നെ രുദ്രേച്ചിക്ക് ഇന്ന് വരാൻ പറ്റില്ല കേട്ടോ..”
“അയ്യോ അതെന്താ?”
“ചേച്ചിയുടെ മോൻ ഇല്ലേ ശങ്കു അവനെ ബാംഗ്ലൂരിലെ സ്കൂളിൽ ചേർക്കാൻ ഇന്നാണ് പോകേണ്ടത്. ചേച്ചി പ്രത്യേകം പറയാൻ പറഞ്ഞതാ.”
“ആണോ.. മ്മ്. അപ്പോ ഉഷാമ്മ?”
“അമ്മയും അച്ഛനും വന്നിട്ടുണ്ട്.”
“അല്ല നിന്റെ കെട്ടിയോനും പിള്ളേരും എന്തേയ്?”
“അത് പറഞ്ഞപ്പോളാ ഓർത്തത്. മോൻ ഉണർന്നിട്ടുണ്ടാവും മോളെ പോലെയല്ല അവൻ ദേഷ്യക്കാരനാ എപ്പോളും കരഞ്ഞോണ്ട് ഇരിക്കും.”
“ഓ അച്ഛനെ പോലെയാവും അല്ലേ?”
അതും പറഞ്ഞ് ദേവു കളിയാക്കി ചിരിച്ചു.
“അത്രക്ക് നീ എന്റെ കെട്ടിയോനെ കളിയാക്കണ്ട കേട്ടോ. എനിക്കും വരും അവസരം.”
താഴേക്ക് ചെല്ലുമ്പോളേ കണ്ടു ഉഷയുടെ കയ്യിൽ കിടന്നു കരയുന്ന ആദി മോനെ.. ഇന്ദ്രനാണെങ്കിൽ ഓരോന്നും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആമി മോളും അവളെ കൊണ്ട് ആവുന്ന പോലെ താഴെ നിന്ന് കൊച്ചനുജനെ എന്തൊക്കെയോ കാട്ടുന്നുണ്ട്. എല്ലാം കണ്ടപ്പോൾ ചിരിയാണ് വന്നത്. വേഗത്തിൽ ചെന്ന് മോനെ എടുത്തു. സ്വിച്ചിട്ട പോലെ ആള് കരച്ചിൽ നിർത്തി. അവൾ വിജയിഭാവത്തിൽ അവനെ നോക്കി.
“ഓ അല്ലെങ്കിലും എല്ലാവർക്കും അമ്മയെ മതിയല്ലോ പാവം ഞാൻ.”
“അച്ഛേ… നിച്ച് അച്ഛയെ മതി..”
താഴെ കൊഞ്ചിക്കൊണ്ട് ആമി പറയുന്നത് കേട്ടപ്പോൾ ഇന്ദ്രനും ചിരി പൊട്ടി.
“അച്ഛന്റെ ആമി വായോ..”
അവളെ കൈകളിൽ കോരിയെടുത്തതും ആമി ഇന്ദ്രന്റെ കവിളിൽ ഉമ്മ
കൊടുത്തു.
“കണ്ടോ എനിക്കും ചോദിക്കാനും പറയാനും ആളുണ്ട്.”
“ഓ സമ്മതിച്ചു.”
“പിന്നെ നമുക്ക് ഇവിടെ പാട്ട് പാടണ്ടേ?”
ഒരു കുസൃതി ചിരിയോടെ അവളോട് രഹസ്യത്തിൽ ഇന്ദ്രൻ ചോദിച്ചു.
“ദേ മനുഷ്യാ.. പണ്ടെങ്ങാണ്ട് നിങ്ങളുടെ കൂടെ പാടണം എന്ന് പറഞ്ഞെന്നും പറഞ്ഞ് എവിടെ പോയാലും ഈ പാട്ട് പാടുന്ന സ്വഭാവം നിങ്ങൾ നിർത്തിയില്ലേൽ ഞാൻ നിങ്ങളെ ഇട്ടിട്ടും പോകും പറഞ്ഞേക്കാം. ഈ പേരും പറഞ്ഞ് കുറേ ആയി മനുഷ്യനെ ഉപദ്രവിക്കുന്നു..”
ഞെട്ടി ഉണർന്നു ചുറ്റും നോക്കിയപ്പോളാണ് താൻ സ്വപ്നം കാണുകയാണെന്ന് അവന് മനസിലായത്. കട്ടിലിൽ നിന്നും എഴുന്നേറ്റു. ടേബിളിൽ വെച്ചിരുന്ന ഫോട്ടോയിലേക്ക് അവന്റെ ശ്രദ്ധ പോയി. തന്റെയും മക്കളുടേയുമൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന ജാനുവിന്റെ ചിത്രത്തിന് മുകളിലൂടെ അവന്റെ വിരലുകൾ സഞ്ചരിച്ചു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് അവൻ ശ്രദ്ധിച്ചു. നര വീണ തന്റെ മുടിയിഴകളെ അവൻ തലോടി.
“എന്നിലെ മാറ്റങ്ങൾ നീ കാണുന്നുണ്ടോ .. നീ ഇന്നും പഴയത് പോലെ തന്നെയല്ലേ. എന്നെയും മക്കളെയും പിരിഞ്ഞ് ഇത്രയും കാലം നീ എങ്ങനെ കഴിഞ്ഞു. നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ലെന്ന് തന്ന എന്റെ വാക്ക് സാധിക്കാൻ എനിക്ക് കഴിഞ്ഞില്ല. നിന്നെ പോലെ നമ്മുടെ മക്കളും അനാഥരാവരുതെന്നത് കൊണ്ടാണ് ഞാൻ നിന്റെ പിന്നാലെ വരാതിരുന്നത്. നീണ്ട ഇരുപത് വർഷക്കാലം നീയില്ലാതെ… ഓർക്കാൻ കൂടെ വയ്യ. ഇന്ന് നമ്മുടെ മക്കൾ രണ്ടാളും നല്ല ജീവിതം നേടി. ഞാനില്ലെങ്കിലും അവർ അനാഥരല്ല. ഇന്ന് ഞാനാണ് ഒറ്റക്ക് ആയത്. നീ പോയ അന്ന് മുതൽ ഒരർത്ഥത്തിൽ ഞാൻ ഒറ്റക്കായിരുന്നു. നിന്റെ ആഗ്രഹം പോലെ മരണം വരെ നീ സുമംഗലി ആയിരുന്നു. പക്ഷെ എന്നേക്കാൾ പാപി മറ്റാരാണ് ഉള്ളത്. എത്ര ശ്രമിച്ചാലും നിനക്ക് പകരമാവാൻ എനിക്ക് കഴിയില്ലായിരുന്നു. എങ്കിലും കടമകൾ ഓരോന്നും തീർത്ത് ഇന്ന് ഞാൻ നിന്നെയാണ് കാത്തിരിക്കുന്നത്. ഇനിയെങ്കിലും എന്നോടുള്ള പിണക്കം മതിയാക്കി വരൂ.. ഇനിയൊരിക്കലും നിനക്ക് തന്ന വാക്ക് ഞാൻ തെറ്റിക്കില്ല.”
വീണ്ടും കട്ടിലിലേക്ക് കിടക്കുമ്പോൾ കണ്ണുനീർ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒരു തണുത്ത കാറ്റ് ആ മുറിയിലേക്ക് കടന്നു വന്നു. ആ കാറ്റിന് ജാനുവിന്റെ ഗന്ധമാണെന്ന് അവൻ തിരിച്ചറിഞ്ഞു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. നെറ്റിയിൽ അവളുടെ കരസ്പർശം ഏറ്റത് പോലെ തണുപ്പ് അനുഭവപ്പെട്ടു. ഒടുവിൽ ആ തണുപ്പ് ശരീരത്തിൽ ഉടനീളം അനുഭവപ്പെട്ടു. പൊടുന്നനെ ജാനുവിന്റെ ശബ്ദം അവൻ കേട്ടു. കണ്ണ് തുറക്കുമ്പോൾ അവൾ അടുത്തുണ്ടായിരുന്നു. അവളുടെ കൈകളിൽ കൈ ചേർത്ത് ആകാശത്തിനും ഭൂമിക്കും ഇടയിലൂടെ അവർ സഞ്ചരിച്ചു. പൂർത്തിയാവാത്ത ആഗ്രഹങ്ങൾ സാധിക്കാനായി. ഇനിയൊരിക്കലും ആ കൈകൾ വിടില്ലെന്ന ഉറപ്പ് ഇരുവർക്കും ഉണ്ടായിരുന്നു. അതേ മരണത്തിനും അതീതമാണ് പ്രണയം…..
അവസാനിച്ചു…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devasuram written by Anjali Anju
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission