Skip to content

ദേവാസുരം – 10

devasuram

യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരിലും ദുഃഖം നിഴലിച്ചിരുന്നു. പെട്ടെന്നൊരു മടങ്ങി പോക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത ദിവസം പോകാമെന്നു നിർബന്ധിച്ചെങ്കിലും നിൽക്കാതെ പോകുന്നതിന്റെ പരിഭവമായിരുന്നു രുദ്രയ്ക്ക്. ഓഫീസിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം എല്ലാവർക്കും മനസിലായി. തിരികെ പോകുമ്പോൾ കാറിലും എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇന്ദ്രൻ ആരെയൊക്കെയോ ഇടയ്ക്ക് വിളിക്കുന്നുണ്ടെങ്കിലും കാൾ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അവസാനം അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ജാനു ശ്രദ്ധിച്ചു. കുട്ടികൾക്കും അത് മനസിലായത് കൊണ്ടാവാം അവരും ശ്വാസം അടക്കി പിടിച്ചാണ് ഇരുന്നത്. അവരെ വീട്ടിൽ ആക്കിയിട്ടു ജാനുവുമായിട്ടാണ് ഓഫീസിലേക്ക് പോയത്. ആരെയൊക്കെയോ വീഡിയോ കാൾ ചെയ്യുന്നതും സ്റ്റാഫിനോടൊക്കെ കയർത്തു സംസാരിക്കുന്നതും കണ്ടപ്പോളാണ് ജാനു പുറത്തേക്ക് ഇറങ്ങിയത്. ഗസ്റ്റ്‌ റൂമിനോട്‌ ചേർന്നുള്ള കോർട്യാർഡിനു അടുത്ത് നിന്നപ്പോൾ ഇന്ദ്രനും അങ്ങോട്ടേക്ക് വന്നു.

“താൻ മടുത്തോ?”

“ഹേയ് ഇല്ല. പ്രശ്നങ്ങളൊക്കെ തീർത്തോ?”

“തീർന്നെന്ന് പറയാം. പക്ഷെ നമുക്ക് ഒരു സ്ഥലത്ത് കൂടെ പോണം. അല്ലാതെ ശെരിയാവില്ല.”

“എവിടാ?”

“അലീനയുടെ അടുത്ത്.”

അത് പറഞ്ഞതും ജാനുവിന്റെ മുഖം വാടി.

ഡോർ തുറന്നു ഇന്ദ്രനെ കണ്ടപ്പോൾ അലീനയുടെ മുഖത്തു അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. അവന്റെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നു. ജാനുവിനെ കൂടെ കൂടിയതിന്റെ നീരസം അവളിലും ഉണ്ടായിരുന്നു.

“നീ എന്താ ഫോൺ എടുക്കാത്തത്?”

ആ ചോദ്യം കേൾക്കാത്തത് പോലെ അവൾ സോഫയിലേക്ക് ഇരുന്നു.

“നിനക്ക് ചെവിയും കേൾക്കില്ലേ? എത്ര നേരായിട്ട് ഞാൻ വിളിക്കുന്നതാണ്.”

അവളോടൊപ്പം ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.

അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ജാനുവും മറ്റൊരു കസേരയിൽ ഇരുന്നു.

“എനിക്ക് വയ്യാരുന്നു.”

“എന്ത് പറ്റി? പനിയൊന്നും ഇല്ലല്ലോ?”

അവളുടെ നെറ്റിയിൽ തൊട്ടു നോക്കി കൊണ്ടാണ് ഇന്ദ്രൻ അത് പറഞ്ഞത്.

അവന്റെ ആ പ്രവൃത്തി ജാനുവിലും സങ്കടം നിറച്ചു.

“നിനക്ക് മടിയാണ്. ഇന്ന് ഓഫീസിൽ ഞാൻ വന്നില്ലായിരുന്നെങ്കിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നു. നിന്നെ ഏൽപിച്ചിട്ടല്ലേ ഞാൻ പോയത്. നിനക്ക് അതിന് പറ്റില്ലായിരുന്നെങ്കിൽ എന്നെ അറിയിക്കണമായിരുന്നു. അല്ലാതെ..”

“എനിക്ക് പറ്റില്ലായിരുന്നു.”

“അതിന് കാരണമാണ് ഞാൻ ചോദിച്ചത്.”

“എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ആണല്ലോ. എനിക്ക് മടുത്തു.”

ജാനുവിനെ നോക്കി കൊണ്ടാണ് അലീന അത് പറഞ്ഞത്.

“നീ ഇങ്ങനെ പറയാനും മാത്രം എന്താണ് പറ്റിയത്?”

“നോക്ക് ഇന്ദ്രാ എനിക്ക് നല്ല തലവേദന ഉണ്ട്. നമ്മൾ ഇപ്പോ സംസാരിച്ചാൽ ശെരിയാവില്ല.”

“അലീ നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വായ തുറന്ന് പറയാതെ ആരും അറിയാൻ പോണില്ല. എല്ലാം മനസ്സിൽ വെച്ചിട്ട് മറ്റുള്ളവർ എങ്ങനെ അറിയാനാണ്. ഞങ്ങൾ ഇറങ്ങുവാണു. നീ കുറച്ചു ദിവസം റസ്റ്റ്‌ എടുക്ക്. ഓഫീസിൽ വരുന്നില്ലെങ്കിൽ വരണ്ട.”

അലീന താഴേയ്ക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. അവർ പോകുന്നത് വരെ ആ ഇരുപ്പ് തുടർന്നിരുന്നു. അവർ പോയതിന് ശേഷം നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു റൂമിലേക്ക് പോയി. ബെഡിൽ കിടക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

തിരികെ വീട്ടിലേക്ക് പോകുമ്പോളും ഇരുവരും നിശ്ശബ്ദരായിരുന്നു. അലീനയ്ക്ക് എന്ത് സംഭവിച്ചു എന്നതായിരുന്നു ഇന്ദ്രന്റെ ചിന്ത. ജാനുവിന് ആണെങ്കിൽ ഇന്ദ്രനും അലീനയും അടുത്ത് ഇടപെടുന്നതിൽ അസൂയയും. അവൾ ചെറുതായൊക്കെ മുഖം വീർപ്പിച്ചു ഇരുന്നു.

“എന്താ താനൊന്നും മിണ്ടാത്തത്?”

“ഒന്നുമില്ല.”

“ഡോ അലീനയുടെ സ്വഭാവം തനിക്ക് അറിയാഞ്ഞിട്ടാണ്. അവൾ സാധാരണ പെൺകുട്ടികളെ പോലെ ഒന്നുമല്ല. ഒരു ടൈപ്പ് ആണ്. അവൾക്ക് എന്ത് മനസിൽ തോന്നിയാലും മുഖത്തു നോക്കി പറയും. ഇഷ്ടം ഉള്ളവരോട് നല്ല സ്നേഹവുമായിരിക്കും. താനുമായി അധികം കമ്പനി ആകാത്തത് കൊണ്ടാണ് തന്നോട് അകൽച്ച കാണിക്കുന്നത്. പിന്നെ അവളെ എനിക്ക് അങ്ങനെ ഒറ്റക്ക് വിടാനും പറ്റില്ല.”

“മ്മ്.”

“ഓ പിന്നെയും മ്മ്. താൻ എന്തെങ്കിലും മിണ്ടെടോ.”

അവൾ ഒരു ചെറിയ ചിരി അവന് സമ്മാനിച്ചു. നേരം വൈകിയത് കൊണ്ട് രാത്രിയിലേക്കുള്ള ഫുഡും വാങ്ങിയാണ് അവർ വീട്ടിലേക്ക് പോയത്.

ദിവസങ്ങൾ വീണ്ടും കടന്നു പോയി കൊണ്ടിരുന്നു. ജാനുവിന് ക്ലാസും തുടങ്ങി. ഇന്ദ്രന്റെ മനസിലും ജാനുവിനോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവൾക്കും അത് മനസ്സിലായിരുന്നു. അവൻ ഇഷ്ടം തുറന്നു പറയുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് അവളും. ഇന്ദ്രനാവട്ടെ ജാനുവിന്റെ പിറന്നാളിന് തന്റെ സ്നേഹം പൂർണമായും അവൾക്കു നൽകാനുള്ള കാത്തിരുപ്പിലായിരുന്നു.

പതിവ് ചായയുമായി ഇന്ദ്രനെ ഉണർത്താൻ റൂമിലേക്ക് വരികയായിരുന്നു ജാനു.

“Happy B’day ജാനു.”

പിന്നിൽ നിന്നും കെട്ടിപിടിച്ചു അവളുടെ കാതോരമായി അവൻ പറഞ്ഞു. 

“ഞാൻ ഇന്ന് വൈകിട്ട് നേരത്തെ എത്തും. താൻ ഇതൊക്കെ ഇട്ടു ഒരുങ്ങി നിൽക്കണം.”

കയ്യിലേക്ക് ഒരു പാക്കറ്റ് നൽകി കൊണ്ട് ഇന്ദ്രൻ പറഞ്ഞു.

സന്തോഷത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കിയ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

“ആഹ് ബെസ്റ്റ്. താൻ കരയുവാണോ?”

“അമ്മയല്ലാതെ ആദ്യമായാണ് മറ്റൊരാൾ സമ്മാനം തരുന്നത്.”

“ഇത് അതിന് സമ്മാനം അല്ല. എന്റെ ജാനുവിന് ഇന്ന് മുഴുവൻ സർപ്രൈസ് ആണ്. പിന്നെ അൽപം വർക്ക്‌ ഉള്ള കൊണ്ടാണ് ഓഫിസിൽ പോവുന്നത്. ഉച്ച കഴിഞ്ഞ് ഞാൻ വരും.”

അതും പറഞ്ഞ് ചിരിയോടെ അവൻ ഫ്രഷ് ആവാനായി പോയി. അവൾ അവൻ തന്ന കവർ തുറന്നു നോക്കി. ചില്ലി റെഡ് നിറത്തിൽ ത്രെഡ് വർക്ക്‌ ചെയ്ത ഒരു സാരി ആയിരുന്നു അത്. അന്നത്തെ ദിവസം അവൾ കോളേജിൽ പോയില്ല. അവന് വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു. ഉച്ചയ്ക്ക് തന്നെ ഡ്രെസ്സൊക്കെ മാറ്റി അവനെയും നോക്കി ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. വല്ലാത്ത ആകാംഷ തന്നിൽ നിറയുന്നത് അവൾ അറിഞ്ഞിരുന്നു. പലപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

ഓഫീസിലെ ജോലികൾ തീർത്തു വേണ്ട നിർദേശങ്ങളും കൊടുത്ത് തിരികെ ഇറങ്ങിയപ്പോളാണ് ഫോൺ ബെൽ ചെയ്തത്.

“ഡാ പറയെടാ..”

“നീ വേഗം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ വരുവോ?”

“എന്താടാ എന്ത് പറ്റി?”

“അലീന ഇവിടെ അഡ്മിറ്റ്‌ ആണ്.”

“ഞാൻ ദേ വരുന്നു.”

ധൃതിയിൽ കാറുമെടുത്ത് ഇന്ദ്രൻ അങ്ങോട്ടേക്ക് പാഞ്ഞു.

“എന്താടാ പറ്റിയത്.?”

റൂമിന് വെളിയിലായി നിന്ന അലെക്സിനോട് അവൻ ചോദിച്ചു.

“അറിയില്ലെടാ. കുറച്ചു ദിവസമായിട്ട് വിളിച്ചാൽ എടുക്കുന്നില്ലായിരുന്നു. ഇന്ന് ഞാൻ ചെന്നു നോക്കുമ്പോൾ വെയിൻ കട്ട്‌ ചെയ്ത് കിടക്കുന്നതാണ് കണ്ടത്. ആ സമയത്ത് ചെന്നില്ലായിരുന്നെങ്കിൽ..”

“ഇത്രക്ക് ഒക്കെ ചെയ്യാൻ എന്താടാ പ്രശനം?”

“അറിയില്ല.”

മുഖം താഴ്ത്തി കൊണ്ടാണ് അലക്സ് അത് പറഞ്ഞത്.

സംസാരിക്കുന്നതിന് ഇടയിൽ രണ്ടു തവണ ഇന്ദ്രന്റെ ഫോൺ ബെൽ ചെയ്തിരുന്നു. ഓഫിസിൽ നിന്ന് ആയത് കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു. മാറി നിന്ന് എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് സൈലന്റ് ആക്കി വച്ചു.

“ഡോക്ടർ എന്ത് പറഞ്ഞു?”

“കുഴപ്പം ഒന്നുമില്ലെടാ. ഇപ്പോ മയക്കത്തിൽ ആണ്.”

“നീ വല്ലതും കഴിച്ചോ? ഞാൻ എന്തെങ്കിലും വാങ്ങി വരാം. നിന്റെ ഡ്രെസ്സിൽ ബ്ലഡ്‌ ആണല്ലോ ഒരു ഷർട്ടും വാങ്ങാം.”

“മ്മ്.”

തിരികെ നടക്കുമ്പോളും അവൾ എന്തിന് അങ്ങനെ ചെയ്‌തെന്ന ചോദ്യം മാത്രമായിരുന്നു അവന്റെ മനസ്സിൽ. താനും അവളെ മറക്കാൻ തുടങ്ങിയിരുന്നു. പക്ഷെ അവൾ സ്വയം ഇല്ലാതാവുന്നത് കാണുമ്പോൾ സഹിക്കുന്നില്ല. അറിയാതെ ഉള്ളിലൊരു നീറ്റൽ. ഇനി അതിന് താനും കാരണക്കാരൻ ആണോ എന്നാ ചിന്ത അവനെ തളർത്തി.

അവൻ ക്യാന്റീനിലേക്ക് പോയി അലെക്സിനും അലീനയ്ക്കും കഴിക്കാറുള്ളത് വാങ്ങി അടുത്ത കടയിൽ നിന്ന് ഒരു ഷർട്ടും വാങ്ങി തിരികെ വരുമ്പോൾ റൂമിന് പുറത്ത് അലക്സ് ഉണ്ടായിരുന്നില്ല. റൂമിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് ഡോർ തുറന്നത്.

“എന്തിനാ അലീ നീ ഇങ്ങനൊക്കെ ചെയ്തത്?  നിനക്ക് ഭ്രാന്ത്‌ പിടിച്ചോ?”

“പിന്നെ ഞാൻ എന്തിന് ജീവിക്കണം അലക്സ്. നിനക്ക് അറിയില്ലേ എല്ലാം.”

ഇരുവരുടെയും സംസാരം കേട്ടതും ഇന്ദ്രൻ അവിടെ തന്നെ നിന്നു.

“നീ ഇനിയും എന്ത് പറഞ്ഞാണ് എന്നെ അവഗണിക്കാൻ പോകുന്നത്. ചെറുപ്പം മുതലേ നിന്നെ മാത്രമേ മാനസിൽ കൊണ്ട് നടന്നിട്ടുള്ളൂ. അത് കൊണ്ട് തന്നെ നിന്നോട് മിണ്ടാനും അടുക്കാനും ഒക്കെ ഉള്ളിലൊരു നാണമായിരുന്നു. മറ്റാരുടെ മുന്നിലും തോറ്റു കൊടുത്തില്ലെങ്കിലും നിന്റെ കാര്യം വരുമ്പോൾ ഞാൻ വെറുമൊരു പെണ്ണായി പോകുന്നു. നീ മറ്റുള്ള പെൺകുട്ടികളോട് മിണ്ടുന്നതു പോലും എനിക്ക് സഹിക്കാനാവുന്നില്ല. പല തവണ ഞാൻ എന്റെ ഇഷ്ടം നിന്നോട് പറയാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല. അവസാനം എങ്ങനെയൊക്കെയോ ഞാനത് നിന്നെ അറിയിച്ചപ്പോൾ ഇന്ദ്രന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു നീ എന്നെ ഒഴിവാക്കി. നിന്നോടെനിക്കുള്ള ഇഷ്ടം ഒരിക്കലും അവനെ അറിയിക്കരുതെന്ന് പറഞ്ഞത് കൊണ്ടാണ് അവൻ എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ മറ്റു കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത്. മറ്റൊരു പെൺകുട്ടി അവന്റെ ജീവിതത്തിൽ വരുമ്പോൾ നീ എന്നോട് എടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അത് കൊണ്ടാണ് ഉഷാമ്മയോട് പറഞ്ഞ് ഇന്ദ്രനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്.”

അലീനയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

“ഇപ്പോളും നീ എന്നിൽ നിന്ന് അകലുകയാണ്. എന്റെ കാത്തിരിപ്പിനും പ്രതീക്ഷയ്‌ക്കും ഒരു വിലയും നീ എന്ത് കൊണ്ടാണ് നൽകാത്തത്.”

“ഞാൻ പറയുന്നതൊന്ന് നീ മനസിലാക്കു അലീ. ഇന്ദ്രൻ ഒരു പാവമാണ്. അവന്റെ മനസ്സിൽ നിന്നോടുള്ള പ്രണയം കുത്തി നിറച്ചത് ഞാനാണ്. നിനക്ക് എന്നോട് ഇഷ്ടമാണെന്ന് അറിഞ്ഞാൽ അവൻ ഉറപ്പായും ഒഴിഞ്ഞു മാറും പക്ഷെ എന്ത് സമാധാനത്തിൽ നമ്മൾ ഒന്നിച്ചു ജീവിക്കും. എന്നും അവന്റെ മാനസിൽ ഒരു കുറ്റ ബോധം ഉണ്ടാവില്ലേ?  അവൻ നമ്മുടെ ഫ്രണ്ട് അല്ലേ വിട്ട് കളയാനാകുമോ?”

“എനിക്ക് മനസിലായി  അലക്സ്. പക്ഷെ ഇപ്പോ അവൻ വിവാഹം കഴിച്ചില്ലേ?”

അവൾ ദയനീയമായി അലെക്സിനെ നോക്കി.

“അതേ. പക്ഷെ അവൻ ജാനുവിനോട് കാട്ടുന്ന അകൽച്ച നീ കണ്ടില്ലേ? അവൻ ഉറപ്പായും അവളെ സ്നേഹിക്കും. പക്ഷെ അതൊരിക്കലും നമുക്ക് വേണ്ടി ആവരുത്. അവന്റെ സ്വന്തം ഇഷ്ടപ്രകാരം ആവണം. അത് കൊണ്ടാണ് കുറച്ചു സമയം ഞാൻ ആവശ്യപ്പെടുന്നത്. നീ ഇങ്ങനൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.”

“നിനക്ക് എന്താണെങ്കിലും എന്നോടും പറഞ്ഞ് കൂടെ. ഒന്ന് കാൾ ചെയ്താൽ പോലും എടുക്കില്ല. എന്നെ ഒറ്റക്ക് ആക്കി പോയിട്ടല്ലേ ഞാൻ ഇങ്ങനെ ചെയ്തത്.”

“ഞാൻ ഇനി ഒരിക്കലും നിന്നെ ഒറ്റക്ക് ആക്കില്ല.”

അവളുടെ കൈകളിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ ഇന്ദ്രൻ അങ്ങോട്ടേക്ക് കടന്നു ചെന്നു.

“ആഹ് എണീറ്റോ കാന്താരി.”

അവനെ കണ്ടതും അലക്സ് തന്റെ കൈകൾ അടർത്തി മാറ്റി. കണ്ണുകൾ തുടച്ചു.

“എന്നാ പണിയാണ് കാണിച്ചത്?”

അവൾക്കരികിലായി ഇരുന്നു കൊണ്ട് ഇന്ദ്രൻ ചോദിച്ചു. അവൾ ചെറുതായി ചിരിച്ചു കാണിച്ചു.

“കൊള്ളാം ഏതായാലും.”

കുറച്ചു സമയം നിശബ്ദമായിരുന്നു എല്ലാവരും.

“ഡാ നീ ഇവിടെ ഉണ്ടാവില്ലേ? എനിക്ക് പോണമായിരുന്നു. ഇന്ന് ജാനുവിന്റെ പിറന്നാളാണ്. ഞങ്ങൾക്ക് കുറേ പ്ലാനൊക്കെ ഉണ്ടായിരുന്നു. ഞാൻ നാളെ വരാം.”

അതും പറഞ്ഞ് വാങ്ങിയ സാധനങ്ങൾ ടേബിളിൽ വെച്ചു തിരിഞ്ഞു നോക്കാതെ അവിടുന്ന് ഇറങ്ങി. ഒരു മരവിപ്പാണ് ഇന്ദ്രന്  തോന്നിയത്. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എങ്ങോട്ടേക്കെങ്കിലും പോകാൻ ആണ് ആഗ്രഹിച്ചത്. ഇനിയും അവർക്കിടയിൽ ഒരു കരടാവാതെ ഇരിക്കാനാണ് അപ്പോൾ തോന്നിയത് പോലെ എന്തൊക്കെയോ പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയത്. തന്റെ അമ്മയെ പോലും വേദനിപ്പിച്ചത് ഓർക്കും തോറും അവൻ കുറ്റബോധത്താൽ നീറി. എങ്ങോട്ടെന്നില്ലാതെ അവൻ പുറത്തേക്കു ഇറങ്ങി.

സന്ധ്യ ആവാറായിട്ടും ഇന്ദ്രനെ കാണാതെ ആയപ്പോളാണ് അവൾ അവനെ വിളിച്ചത്.

കുറേ തവണ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ വല്ലാത്ത ഭയം അവളിൽ കുമിഞ്ഞു കൂടി. മനഃപൂർവം താമസിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഓഫീസിൽ തിരക്കുണ്ടായിട്ടാവും വരാത്തതെന്ന് വിചാരിച്ചു അവൾ സമാധാനിച്ചു. കുറേ കഴിഞ്ഞും കാണാതായപ്പോൾ ഓഫീസിലെ നമ്പറിൽ വിളിച്ചു. അവിടുന്നും നേരത്തേ പോയെന്ന് അറിഞ്ഞപ്പോൾ കയ്യും കാലും തളരുന്നത് പോലെയാണ് തോന്നിയത്. ജാനുവിന്റെ ടെൻഷൻ കൊണ്ട് ആവണം ഇന്ദ്രന്റെ പി എ  യുടെ നമ്പർ സെക്യൂരിറ്റി കൊടുത്തത്. അവരെ വിളിക്കുമ്പോൾ എവിടെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മതിയെന്ന പ്രാർത്ഥന ആയിരുന്നു.

“ഹലോ”

“ഹലോ..ഞാൻ മിസിസ് ഇന്ദ്രജിത്ത് ആണ്. ഏട്ടൻ ഓഫീസിൽ നിന്ന് പോന്നിരുന്നോ? വിളിച്ചിട്ട് കിട്ടുന്നില്ല.”

“ആഹ് മാഡം. സാർ നേരത്തേ ഇറങ്ങിയല്ലോ. അലീന മാഡത്തിനെ കാണാനായാണ്..”

ബാക്കി അവർ പറയുന്നത് കേൾക്കാതെ കാൾ കട്ട്‌ ചെയ്ത് നിർവികാരതയോടെ വെറും നിലത്ത് അവൾ ഇരുന്നു. കുറേ സമയം ആ ഇരുപ്പ് തുടർന്നിട്ട് മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ റൂമിലേക്ക് പോയി. 

ഇന്ദ്രന്റെ മനസ്സിൽ തനിക്ക് ഒരിക്കലും സ്ഥാനം ഉണ്ടാവില്ലെന്നത് അവളെ തളർത്തി കൊണ്ടിരുന്നു. എപ്പോളായാലും അലീനയെ തേടി അവൻ പോകുമെന്ന തിരിച്ചറിവ് അവളിൽ ആഴ്ന്നിറങ്ങിയിരുന്നു. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി പുച്ഛത്തോടെ അവൾ ചിരിച്ചു. അവൻ വാങ്ങി കൊടുത്ത സാരിയിലും നെറ്റിയിലെ സിന്ദൂരത്തിലും താലിയിലുമെല്ലാം അവളുടെ വിരലുകൾ സഞ്ചരിച്ചു. ഭ്രാന്തമായ ആവേശത്തോടെ തന്റെ ആഭരണങ്ങൾ അഴിച്ചെറിഞ്ഞു. നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചു. പൊട്ടിച്ചെറിയാനായി കൈ താലിയിൽ അമർന്നതും ഒരു തളർച്ചയോടെ താഴേക്ക് ഭിത്തിയിൽ ചാരി ഇരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. സമയം കടന്നു പോകും തോറും താനൊരു ഭ്രാന്തിയാകുമെന്ന ചിന്തയാണ് അവളെ ദേവികയെ വിളിപ്പിച്ചത്. അവളെ വിളിച്ച് തന്റെ ദുഃഖങ്ങൾ മുഴുവൻ പങ്കുവെച്ചു. അവളുടെ വാക്കുകൾ ഒരു ഉചിതമായ തീരുമാനമെടുക്കാൻ അവളെ പ്രാപ്തയാക്കി എന്ന് വേണം പറയാൻ.

“ജാനു ഇത് നിന്റെ ജീവിതമാണ്. എന്ത് തീരുമാനം എടുത്താലും നീ നിന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കണം. പിന്നെ ഇനിയും ഏട്ടനിൽ മാറ്റം ഇല്ലെങ്കിൽ ഞാനൊരിക്കലും നിന്നെ ഈ ബന്ധം തുടർന്നു പോകാൻ നിർബന്ധിക്കില്ല.”

അത്രയും പറഞ്ഞ് ദേവു കാൾ കട്ട്‌ ചെയ്തു. ജാനു തന്റെ ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയ്ത് അടുത്ത മുറിയിലേക്ക് പോയി.

തുടരും…

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devasuram written by Anjali Anju

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!