Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 9

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

9

ആകാശത്തിന്റെ ആയിരം കിളിവാതിലുകൾ ഒരുമിച്ചു തുറന്നതുപോലെ മഴ തുടങ്ങി. നിർത്താതെ, നിലക്കാതെയുള്ള മഴ. തുള്ളിക്കൊരുകുടം എന്ന നിലയിൽ പെയ്യുന്ന മഴ നോക്കി വൈക്കം ദേശത്തെ വയസ്സായവർ പറഞ്ഞു..
“ഇത് പതിവ് മഴയല്ല .. എന്തോ ദുരന്തം വരുമ്പോളൊരു ആരവം ഈ മഴത്തുള്ളികൾക്കിടയിൽ കേൾക്കാം..”
ക്ഷേത്രം രാവിലെ നാലുമണിമുതൽ വൈകിട്ട് എട്ടുമണി വരെ ആരാധനാക്രമങ്ങളുമായി നിലകൊണ്ടു. നാലുമണിക്കത്തെ പള്ളിയുണർത്തലും, നിർമാല്യ ദർശനവും തുടങ്ങി വൈകിട്ടത്തെ അത്താഴപൂജവരെ എല്ലാം പതിവുപോലെ നടന്നു.
ശംഭോ മഹാദേവ..
നനഞ്ഞു നിന്ന ഒരു കൂട്ടം സത്യാഗ്രഹികളെ ഭക്‌തർ അവജ്ഞയോടെ വീക്ഷിച്ചു.
മഴ തകർത്തു പെയ്യുമ്പോൾ സത്യാഗ്രഹ ആശ്രമത്തിൽ, അറിയാവുന്ന കഥകളൊക്കെ പരസ്പരം പറഞ്ഞു എല്ലാവരും സമയം പോക്കി.
“ഖരൻ എന്നൊരു അസുരൻ ചിദംബരത്തു പോയി തപസ്സുചെയ്ത് ശിവപ്രീതി നേടി. ഭഗവാൻ ശിവൻ ഖരന് മൂന്നു ശിവലിംഗങ്ങൾ നൽകി. ഇരുകൈകളിലും ഓരോന്നും, മൂന്നാമത്തേത് വായിൽ കടിച്ചുപിടിച്ചുമായിരുന്നു ഖരന്റെ യാത്ര.”
ചങ്ങനാശ്ശേരിയിൽ നിന്നുവന്ന ശങ്കുപിള്ള വൈക്കം ക്ഷേത്രത്തിന്റെ ഉല്പത്തി പുരാണം പറഞ്ഞു.
“വൈക്കത്തെത്തിയപ്പോൾ ഖരൻ ക്ഷീണിച്ചു വിശ്രമിച്ചു. വിശ്രമിച്ചെഴുന്നേൽക്കുമ്പോൾ വലതു കൈയിൽ കൊണ്ടുവന്ന ശിവലിംഗം ഉയർത്താൻ കഴിഞ്ഞില്ല. അതുകൊണ്ട്, ശിവലിംഗം വൈക്കത്ത് വ്യാക്രപാദൻ എന്ന മഹർഷിയെ ഏല്പിച്ചു യാത്ര തുടർന്നു. ഇടതു കൈയ്യിൽ എടുത്ത ശിവലിംഗം ഏറ്റുമാനൂരും, മൂന്നാമത്തേത് കടുത്തുരുത്തി തളിയിലും പ്രതിഷ്ഠിച്ചു.
വ്യാക്രപദൻ ശിവലിംഗത്തെ പൂജിച്ചു വൈക്കത്തു ജീവിച്ചു. ഒരു വൃശ്ചിക മാസത്തിലെ കറുത്തപക്ഷത്തിന്റെ അഷ്ടമിനാളിൽ ഏഴര വെളുപ്പിന് ശിവപാർവ്വതിമാർ വ്യാക്രപാദന് ദർശനം നൽകി. അങ്ങിനെയാണ് വൈക്കത്തഷ്ടമിയുടെ തുടക്കം.”
ആർക്കെങ്കിലും എന്തെങ്കിലും സാധിച്ചുകിട്ടണമെങ്കിൽ ഒരുപായവും ശങ്കുപിള്ള പറഞ്ഞുകൊടുത്തു.
“ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് ഏതെങ്കിലും ഭക്തൻ ഏറ്റുമാനൂരും, കടുത്തുരുത്തിയിലും, വൈക്കത്തും ദർശനം ചെയ്താൽ ഉദ്ദേശപ്രാപ്തിയും, അനുഗ്രഹങ്ങളും ലഭിക്കുമെന്നാണ് വിശാസം..”
തേവന് അതത്ര വിശ്വാസം വന്നില്ല. അയാൾ മറുചോദ്യം ചോദിച്ചു.
“കാര്യപ്രാപ്തിയുണ്ടാവുമെങ്കിൽ, ശങ്കുപിള്ളേച്ചനും, രാമൻ ഇളയതും കൂടി നാളെ രാവിലെ തന്നെ മൂന്നേടത്തും പോയി വന്നുകൂടേ? നമ്മളിവിടെ സത്യാഗ്രഹമെന്നു പറഞ്ഞു കൊതുകുകടി കൊള്ളേണ്ടല്ലോ..”
“എടോ തേവാ, ഇതൊക്കെ വിശ്വാസത്തിന്റെ കാര്യം. ചോദ്യങ്ങൾ ചോദിക്കുന്നവർ അവിശ്വാസി..അവിശ്വാസിക്ക് ദൈവാനുഗ്രഹം എങ്ങിനെ കിട്ടും?” ശങ്കുപിള്ള പറഞ്ഞു.
രാമൻ ഇളയതിനും കഥകളുടെ ഒരു കൂമ്പാരം കൂടെയുണ്ടായിരുന്നു. പറയി പഞ്ചമിയെപ്പറ്റിയുള്ള കഥയായിരുന്നു എല്ലാവർക്കും ഇഷ്ടപെട്ടത്.
വടക്കു ഉജ്ജയ്ൻ എന്നൊരു നാടുണ്ട്.. അവിടുത്തെ രാജാവായ വിക്രമാദിത്യനെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. ഈ കഥ രാജാവിന്റെ സദസ്സിലെ വരരുചി എന്ന ബ്രാഹ്മണനെപറ്റിയാണ്. വരരുചി നമ്മുടെ നാട്ടിൽ വന്നു. ആലുവക്ക് അടുത്ത്.. അവിടെ വെച്ച് പഞ്ചമി എന്നു പേരുള്ള പറയിയെ കാണാനിടയായി. ചെമ്പിൽ കടഞ്ഞുവെച്ച ശരീരവുമായി അവൾ അരയിലൊരു കൊച്ചു തോർത്തുമായി നിന്നു. (അന്ന് കാലത്ത്, മാറു മറയ്ക്കാറില്ലെന്നത് അറിയാമല്ലോ). മറച്ചുവെച്ച പിൻഭാഗവും, മറയ്ക്കാതെ നിന്ന മുൻഭാഗവും കണ്ട് വരരുചി ഉത്തരേന്ത്യൻ പെണ്ണുങ്ങളെയൊക്കെ മറന്നു ആലുവയിലങ്ങു കൂടി. പഞ്ചമി പ്രസവിച്ചുകൊണ്ടിരുന്നു.
അവർക്ക് പന്ത്രണ്ടു കുട്ടികൾ ജനിച്ചു. അവരാണ്, പറയി പെറ്റ പന്തിരുകുലം. അതിലൊരാളാണ് തച്ചുശാസ്ത്രത്തിന്റെയും, വാസ്തുശാസ്ത്രത്തിന്റെയും അവസാന വാക്കായ രാമൻ പെരുന്തച്ചൻ.
ആലുവക്കടുത്തു മഹാദേവ ക്ഷേത്രം പണിയുമ്പോഴാണ്, പെരുന്തച്ചന്റെ ഉളി വീണു സ്വന്തം മകൻ കൊല്ലപ്പെടുന്നത്. ഉളി വീണ സ്ഥലമാണ് ഉളിയന്നൂർ ആയത് ..
ഒട്ടേറെ ക്ഷേത്രങ്ങൾ അദ്ദേഹം നിർമിച്ചു. അതിലൊന്നാണ് വൈക്കം ശിവക്ഷേത്രം.. അണ്ഡാകാരത്തിലുള്ള ശ്രീകോവിലുള്ള ഒരേ ഒരു ക്ഷേത്രം..”
“അങ്ങിനെ നോക്കുമ്പോൾ പറയിയുടെ മകൻ പണിത ക്ഷേത്രത്തിൽ കീഴ്ജാതിക്കാരെ കയറ്റാതിരിക്കുന്നത് ന്യായമോ?” തേവൻ ചോദിച്ചു.
“കല്ലിലും, തടിയിലും, മണ്ണിലും, ലോഹങ്ങളിലും ഒക്കെ പണിയെടുക്കന്നതാരാ? കീഴ്ജാതിയെന്നു മുദ്രകുത്തിയ മനുഷ്യരല്ലേ? പക്ഷെ പ്രതിഷ്ഠ കഴിഞ്ഞാൽ ആശാരിമാർക്ക് സ്ഥലം നാലമ്പലത്തിനു പുറത്തും… ഈ ദുസ്ഥിതിയെ ആണ് നമ്മൾ ഇവിടെ എതിരിടുന്നത്.’ ശങ്കുപിള്ള വിശദീകരിച്ചു.
ഒരു ഇല്ലാൽ നമ്പൂതിരിയെക്കുറിച്ചുള്ള ഒരു കഥ ചന്ദ്രൻ പങ്കു വെച്ചു..
പണ്ട് ക്ഷേത്രം നൂറ്റിയേറ്റു വീട്ടുകാരുടേതായിരുന്നു. അതിലൊരുകൂട്ടരുടെ മുന്പനായിരുന്നു ഇല്ലാൽ നമ്പൂതിരി.
ഉടമസ്ഥാവകാശം പറഞ്ഞു വഴക്കു മൂത്തപ്പോൾ ഒരു ദിവസം നമ്പൂതിരി ഉച്ചപൂജ മുടക്കാൻ തീരുമാനിച്ചു.
പടിഞ്ഞാറേ നടയിലെ വാതിലിൽ മേൽമുണ്ട് വെച്ചിട്ടു അയാൾ അകത്തു കടന്നു. തയ്യാറാക്കിവച്ചിരുന്ന ഉച്ചനിവേദ്യത്തിൽ അയാൾ മുറുക്കിത്തുപ്പി അശുദ്ധമാക്കി. അങ്ങിനെ പൂജ മുടങ്ങി.
നമ്പൂതിരി പുറത്തേക്കിറങ്ങുമ്പോൾ വാതിലിൽ തൂക്കിയ രണ്ടാംമുണ്ട് വലിച്ചെടുത്തു തോളിലിട്ടു. അതിന്റെ കൂടെ കഴുത്തിൽചുറ്റിയതോ ഒരു വിഷസർപ്പം! സർപ്പദംശമേറ്റു അയാൾ താഴെ വീണു, ഇഴഞ്ഞും വലിഞ്ഞും അയാൾ എങ്ങിനെയോ പുറത്തെത്തി മരിച്ചുവെന്നാണ് കഥ. അതിനു ശേഷം പടിഞ്ഞാറേ വാതിൽ എന്നന്നേക്കുമായി അടക്കപ്പെട്ടു.
ദുരന്തങ്ങൾ ഒളിപ്പിച്ച മഴവെള്ളം പെരിയാർ നിറച്ചു. മലയോരങ്ങളിൽ കാട് കൃഷിഭൂമിയാക്കിയ കർഷകരുടെ കൂരകൾക്കു മേലെ പ്രകൃതി ആകാശത്തോടും മണ്ണിനോടും ഗൂഢാലോചന ചെയ്‌തു. പകൽ മുഴുവൻ പണിതു തളർന്നുറങ്ങിയ ചെറുകുടുംബങ്ങളുടെ മേൽ മലകൾ പിളർന്നു വീണു. ഒന്ന് നിലവിളിക്കാന്പോലും സമയം കൊടുക്കാതെ ഒരു നൂറു കുന്നുകളിലെ ചേറുമണ്ണിന്റെ അടിയിലേക്ക് അവർ അപ്രത്യക്ഷരായി.
മഴ പനിയുമായിട്ടാണ് വന്നത്. പനികൂടിയവരൊക്കെ അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയി വിശ്രമിക്കാനാണ് തീരുമാനം. പക്ഷെ ചന്ദ്രന് പനി കൂടിയപ്പോൾ വീട്ടിലേക്കു പോകാൻ കഴിഞ്ഞില്ല.
കായൽ മുറിച്ചുകടക്കാനാവുമായിരുന്നില്ല. വെള്ളം വട്ടം ചുറ്റിയൊഴുകുകയാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശവങ്ങൾ ഒഴുകിപ്പോകുന്നു. മാത്രമല്ല, ഇടയ്ക്കിടെ മനുഷ്യരുടെ ചലനമറ്റ ശരീരങ്ങളും ഒഴുകുന്നുണ്ട്. മേലെ നിന്ന് വള്ളമിറക്കിയാലും തവണക്കടവിൽ വള്ളമടുപ്പിക്കാമെന്നു ഉറപ്പില്ല. ചന്ദ്രൻ കമ്പിളിയും പുതച്ചു സത്യാഗ്രഹക്കൂരയുടെ ഒരു കോണിൽ ഇരുന്നു.
“ചന്ദ്ര.. ചൂട് കാപ്പി കുടിക്ക്..ചുക്കിട്ടതാണ് ” പത്രോസ് ചന്ദ്രനെ പ്രത്യേകമായി നോക്കി അവനു ചെയ്യാവുന്ന സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു. രാത്രിയിൽ പലതവണ എഴുന്നേറ്റു ചന്ദ്രന്റെ പനി നോക്കും. നിർബന്ധിച്ചു ചൂട് കഞ്ഞി കുടിപ്പിക്കും.
കരിന്തിരി മല അപ്പാടെ ഒഴുകിപ്പോയത്രേ. കോതമംഗലം – കുട്ടൻപുഴ -മാങ്കുളം വഴികളൊക്കെ നശിച്ചു. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലുള്ള മുന്നാറിൽ വെള്ളപ്പൊക്കം എങ്ങിനെ സംഭവിക്കുക എന്നത് ഒരു അവിശ്വസനീയമായ കാര്യമായിരുന്നു.
മഴയിൽ തീർത്ഥക്കുളം നിറഞ്ഞു; അമ്പലക്കിണറും നിറഞ്ഞു വെള്ളം കൈയെത്തും പാകത്തിലായി. പതിനാറു കൂറ്റൻ തൂണുകൾ അലങ്കരിച്ച കവാടത്തിൽ എഴുതിച്ചേർത്ത ഓം നമഃ ശിവായ് പ്രകൃതി ക്ഷോഭത്തിൽ പതറാതെ തലയുയർത്തി നിന്നു.
വൈക്കം തപാൽ ഓഫിസിന്റെ അഞ്ചൽപിള്ളയായിരുന്നു സുകുമാരൻനായർ. മണിയടിച്ചു എട്ടു മൈൽ ഓടണമെന്നതാണ് അഞ്ചലോട്ടത്തിന്റെ ചട്ടം. എന്നാൽ നാൽപതു കഴിഞ്ഞ സുകുമാരൻ നായർ തപാലുരുപ്പടികളുടെ സഞ്ചിയും തൂക്കി ആഫീസിൽ നിന്ന് കുറച്ചോടും. പിന്നെ ഓട്ടം നിർത്തി നടപ്പു തുടങ്ങും. അയാളുടെ അചഞ്ചലമായ രാജഭക്തിയുടെ സാക്ഷ്യപത്രമായാണ് തപാൽ വകുപ്പിൽ ജോലി ലഭിച്ചത്. രാജഭക്തിയുടെ തീവ്രത പോലെ തന്നെ അയാൾ സത്യഗ്രഹികളെ തീവ്രമായി വെറുത്തു. സത്യാഗ്രഹികൾ വൈക്കത്തപ്പന്റെ ശാപം വിളിച്ചു വരുത്തുമെന്ന് അയാൾ കിട്ടിയ അവസരങ്ങളിലൊക്കെ വിളിച്ചു പറഞ്ഞു.
സത്യാഗ്രഹികളുടെ കൂരക്കു മേലെ മഴ തകർത്തു പെയ്തു. പുറത്തിറങ്ങാൻ വയ്യാത്തവിധം കല്ലൻ മഴത്തുള്ളികൾ തറയിലടിച്ചു ചിതറി. മലവെള്ളം ഒഴുകിയിറങ്ങി കായലിലെ ജലനിരപ്പ് കൂടിക്കൊണ്ടിരുന്നു. ഭക്തരുടെയും സത്യാഗ്രഹികളുടെയും കണ്ണുകളിൽ ആശങ്കകളാണ്
“ചന്ദ്രോ.. ഇതെങ്ങോട്ടാ ഈ പോക്ക്? മലവെള്ളത്തിൽ ഈ മലയാളനാട് മുങ്ങിപ്പോകുമോ?”
പൊത്തുകളിൽ ഒളിച്ചിരുന്ന ഇഴജന്തുക്കൾ പുറത്തേക്കിറങ്ങി; പ്രത്യേകിച്ചും രാത്രികളിൽ.
“ഈ സ്ഥിതിയിൽ എങ്ങിനെ മുന്നോട്ടു പോകും?”
ജോർജ് ജോസഫും, കെ എം കേശവനും സമരം തുടരണമെന്ന് നിലപാടെടുത്തു. അവരുടെ ഉറച്ച തീരുമാനത്തിൽ എല്ലാവരും ഒരുമിച്ചു.
“മഴ ഒരു താത്കാലിക സ്ഥിതിയാണ്. ഇത്രയെത്തിയ നമ്മൾ ഒരു തീരുമാനമാവാതെ പിന്തിരിയരുത്.. നമ്മൾ തോറ്റോടുന്നത് കാണാനാണ് ഇണ്ടൻതുരുത്തി മനക്കാർ, പ്രത്യേകിച്ചു ആ നീലകണ്ഠൻ നമ്പൂതിരി കാത്തിരിക്കുന്നത്. എന്താണ് നിങ്ങൾക്കു പറയാനുള്ളത്?”
“അങ്ങ് പറഞ്ഞതാണ് ന്യായം.. നമുക്ക് സമരം തുടരാം..”
“രണ്ടോ മൂന്നോ ദിവസംകൂടി.. മഴ കുറയും, വെള്ളം ഇറങ്ങും..”
അരയൊപ്പം വെള്ളത്തിൽ ഇറങ്ങി സമരം തുടരാൻ തീരുമാനിച്ചു. ഒരുമിച്ചു നിൽകുമ്പോൾ എന്തൊരു ആവേശമാണ്. മഴയെങ്കിൽ മഴ, വെള്ളമെങ്കിൽ വെള്ളം.. സത്യാഗ്രഹികൾ അമ്പലത്തിന്റെ നാലു ഗോപുരങ്ങൾക്കു മുന്നിലും സമരം തുടർന്നു. അരയൊപ്പം വെള്ളത്തിൽ; ചിലപ്പോൾ കഴുത്തറ്റം വെള്ളത്തിൽ.
കറുത്ത ചരടിൽ ചീല മുറുക്കിക്കെട്ടി, അതിനുമേൽ തോർത്തുമുണ്ട് ചുറ്റിക്കെട്ടിയാണ് വെള്ളത്തിലേക്ക് ഇറങ്ങുന്നത്. കലക്കവെള്ളത്തിനുള്ളിൽ എന്താണ് ഒഴുകിനടക്കുന്നതെന്നു പറയാൻ പറ്റില്ല! അവനവന്റെ ഗുപ്‌തഭാഗങ്ങളൊക്കെ സംരക്ഷിക്കണമല്ലോ. ചെറുതായി ഓളമടിക്കുന്ന വെള്ളത്തിൽ സത്യാഗ്രഹികളുടെ തോർത്തുമുണ്ട് പൊന്തിക്കിടക്കുമ്പോൾ അമ്പലത്തിൽ നിന്ന് ഒഴുകിയെത്തിയ വെറ്റില, തേങ്ങാമുറി, തുളസി, കൂവളപ്പൂക്കൾ, കർപ്പൂരം എന്നിങ്ങനെ പലതും അവരുടെ ചുറ്റും ഒഴുകിക്കളിച്ചു.
ബൂട്ടിൽ വെള്ളംകേറാതെ മാറിനിന്ന പോലീസുകാർ തമ്മിൽ പറഞ്ഞു “ഇവന്മാർക്ക് കിറുക്കാണ്..”
രാത്രിയിൽ പത്രോസ് തൊട്ടടുത്ത് കിടക്കുന്ന ചന്ദ്രനോട് പറഞ്ഞു.
“എനിക്കും അറസ്റ്റ് വരിക്കണം. ഞാൻ സ്വാതന്ത്രസമരത്തിനു വന്നിട്ട് എന്നും കുശിനിപ്പണിയായിട്ട് സമയം കളയാൻ പറ്റില്ല.. ”
“നിനക്ക് ജയിലിൽ പോകണോ?”
“എന്താ സംശയം.. എന്റെ കൂടെവന്ന വിശ്വനാഥൻ ഇപ്പോൾ ജയിലിലാണ്..”
“ശരി.. പക്ഷെ അവര് ഹിന്ദുക്കളെ മാത്രമേ അറസ്റ്റിനു വിടുന്നുള്ളു..”
“എന്നുവച്ചാൽ?”
“എന്നുവച്ചാൽ, പത്രോസെന്ന് പേരുള്ള നിന്നെ അവര് വിടത്തില്ല ..”
പത്രോസ് കുറേനേരം നിശബ്ദനായി കിടന്നു. പിന്നെ പതിയെ പറഞ്ഞു..
“എങ്കിൽ എന്റെ പേര് മാറ്റിപറയണം..”
“അത് നടക്കുവോ?”
“നടക്കും..”
“എന്ത് പേരാ നിനക്കിഷ്ടം? പങ്കജാക്ഷൻ.. പ്രസന്നൻ.. പ്രഹ്ലാദൻ..?..”
“അറിയില്ല..”
“മഴ മാറട്ടെ.. സമയമുണ്ടല്ലോ..”
വെളുപ്പിനെ നാലുമണിക്കുള്ള പള്ളിയുണർത്തലും, നിർമ്മാല്യദര്ശനവും, ഉഷഃപൂജയും നിർബാധം നടന്നുകൊണ്ടിരുന്നു. ഉച്ചശീവേലി കഴിഞ്ഞാൽ അഞ്ചുമണിക്കെ നടതുറക്കു. പിന്നെ അത്താഴപൂജയോടെ എട്ടുമണിക്ക് അന്നത്തെ ആരാധനകൾ അവസാനിക്കും.
കരിന്തിരി മലപൊട്ടിയൊഴുകിയപ്പോൾ അടിയിൽപെട്ട ആരും പിന്നെ പുറത്തേക്കുവന്നില്ല.
ജീവനോടെ ജീവിതം വിട്ട നൂറുകണക്കിന് മനുഷ്യർ.
ചന്ദ്രനും പത്രോസും തേവനും മാധവൻ സാറിനെ കണ്ടു കാര്യം പറഞ്ഞു. കുശിനിപ്പണി ചെയ്തു മാസങ്ങളായി. സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിലിൽ പോകണം. സ്വതന്ത്രഭാരതത്തിനു വേണ്ടി അത്രയെങ്കിലും ചെയ്യണം.
അദ്ദേഹം അവരുടെ തോളിൽ തട്ടി അഭിനന്ദിച്ചു. അവരെപ്പോലെയുള്ള ചെറുപ്പക്കാരിലാണ് ഭാരതത്തിന്റെ പ്രതീക്ഷയെന്നു പറഞ്ഞു. അദ്ദേഹം പ്രത്യേകിച്ച് തേവന്റെ തോളിൽ തട്ടി പ്രോത്സാഹിപ്പിച്ചു.
“തേവൻ, നിന്നെപ്പോലുള്ളവർക്ക് ഉള്ളിൽ അണയാത്ത തീയുണ്ട്. അതാണ് മാറ്റം അനിവാര്യമാണെന്നതിന്റെ സാക്ഷി.”
“ഞാൻ പേര് മാറണോ?” പത്രോസ് ചോദിച്ചു.
“വേണ്ട, അതിന്റെ ആവശ്യമില്ല….തീയതി മുൻകൂട്ടി അറിയിക്കാം. സാധാരണ ആറുമാസത്തെ ജയിൽ വാസമാണ് ശിക്ഷ. അതിനു മുൻപ് വീട്ടിലൊക്കെ പോയി വരണമെങ്കിൽ അങ്ങിനെ ചെയ്യണം. പക്ഷെ ഇപ്പോൾ വെള്ളപ്പൊക്കമാണ്.. വെള്ളമൊന്നിറങ്ങട്ടെ..”
ദൂരെ വൈക്കം കായലിലൂടെ വട്ടംചുറ്റിയൊഴുകുന്ന കലങ്ങിയവെള്ളത്തിൽ ഒഴുകിപ്പോകുന്ന മനുഷ്യ ശരീരങ്ങൾ, കന്നുകാലികൾ, മരങ്ങൾ… ഒഴുക്കിനു മുകളിൽ കുഞ്ഞു തുരുത്തുകൾ പോലെയാണ് ചത്ത കന്നുകാലികൾ.. അതിനുമുകളിൽ ഇരുപ്പുറപ്പിച്ചു തലവെട്ടിക്കളിക്കുന്ന കാക്കകൾ.
തപാലാഫീസിന്റെ വാതില്പടിയുടെ മുകളിലൂടെ വെള്ളം ഊർന്നിറങ്ങി. തറയിലെ പൊടിയും ചെളിയുമെല്ലാം വെള്ളത്തിൽ പൊങ്ങിക്കളിച്ചു. അഞ്ചൽ പിള്ള വാതിലടച്ചു പുറത്തുകടന്നു. സത്യാഗ്രഹികളോടുള്ള വിരോധത്തിൽ തറയിലെറിഞ്ഞു കളഞ്ഞ ചില ഇൻലന്റുകൾ വെള്ളത്തിൽ മേശക്കാലുകൾക്കിടയിലൂടെ ഒഴുകിനടന്നു..
സത്യാഗ്രഹകൂരയിലെ അടുക്കളയിൽ വെള്ളം കേറിയിരുന്നു. വെള്ളം മുക്കിയ വഴികളിലൂടെ വള്ളം തുഴഞ്ഞു വന്ന്, നാട്ടുകാർ സത്യാഗ്രഹികൾക്കു പൊതിച്ചോറ് നൽകി.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!