Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 4

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

4

തിരുവിതാംകൂറിലും, മലബാറിലും ഇന്ത്യ ഒട്ടാകെയും സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. മലബാറിലെ മത സൗഹാർദ്ദം തകർക്കുവാൻ ബ്രിട്ടീഷുകാർ വിജയിച്ചു. ഭൂമി മുഴുവൻ ജന്മിയുടെ സ്വകാര്യ സ്വത്തായി ബ്രിട്ടീഷുകാർ അംഗീകരിച്ചതോടുകൂടി, ബലമായ കുടിയിറക്കുകൾ മലബാറിൽ സാധാരണയായി. ജന്മിമാർ കാണക്കാരനിൽ നിന്ന് കൂടുതൽ ആവശ്യപ്പെട്ടപ്പോൾ, അതിൽ കൂടുതൽ അവർ വെറുംപാട്ടക്കാരനിൽ നിന്നും ഈടാക്കി. വിളവിന്റെ മുക്കാലും അതിൽ കൂടുതലും നൽകിയ കൃഷിക്കാർക്ക് മിച്ചം പട്ടിണി മാത്രമായപ്പോൾ അവർ പ്രതികരിച്ചു.
കർഷകരുടെ വിഷമങ്ങൾക്കു ഇസ്ലാം പണ്ഡിതന്മാരുടെ സഹായം കിട്ടിയപ്പോൾ കർഷക പ്രശ്നങ്ങൾ, മതവിഷയങ്ങളുമായും, തുർക്കിയുടെ ഖലീഫ സ്ഥാനവുമായി കൂടിക്കുഴഞ്ഞു. ഒടുവിൽ തെരുവിലേക്ക് വടിയും കത്തിയുമായി ഇറങ്ങിയ വിദ്യാഹീനരായ ജനക്കൂട്ടം ഈച്ചകളെപോലെ വെടിയേറ്റു മരിച്ചു. മരിച്ചവർ ‘ശുഹദാക്കൾ’ ആവുമെന്നു പറഞ്ഞു പഠിപ്പിച്ച നേതാക്കളും ജയിലിലായി. 1922 ജനുവരി 20 ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പട്ടാളക്കോടതി വെടിവെച്ചുകൊന്നു. ഫെബ്രുവരി 17 ന് അലി മുസ്‍ലിയാരെ തൂക്കിക്കൊന്നു. ഓടിപ്പോയ ഹിന്ദുകുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചുവന്നു. തിരിച്ചുവരാതെ പോയത്, പരസ്പര വിശ്വാസവും ബഹുമാനവും മാത്രം. ഇരുകൂട്ടരും തങ്ങളുടെ ഉണങ്ങാത്ത മുറിവുകളുമായി ജീവിച്ചു; ആ വേദനകൾ തങ്ങളുടെ കുട്ടികളോടും പറഞ്ഞു അവയൊന്നും ഒരിക്കലും മറക്കാതെയും പൊറുക്കാതെയും നീറിക്കത്തുന്ന തീയായി ഇന്നും പുകയുന്നു.
പത്രോസിന്റെയും കൂട്ടുകാരുടെയും കൂടിക്കാഴ്ചകൾ തുടർന്നു .
സാറ വിയർത്തും മുഷിഞ്ഞും പകൽ ഒരു പണിക്കാരിയായി നടന്നു. അവൾക്കു കൃഷിയുടെ ഒരു വ്യത്യസ്‌തമായ ഗന്ധം ഉണ്ടായിരുന്നു.
തൊടിയിലെ പയ്യാനിയിൽ വളർന്നു കയറിയ കുരുമുളക് തോട്ടത്തിൽ അപ്പന്റെയും, അമ്മച്ചിയുടെയും ഒച്ച കേൾക്കാം. പെങ്ങമ്മാരും സാറയുമുണ്ട്. ജനാലയുടെ അഴികൾക്കിടയിലൂടെ പത്രോസിനു അവരെ കേൾക്കാമായിരുന്നു.
“എവിടെ ആ അനങ്ങാമൂരി? ..” അപ്പന്റെ ശബ്ദം.
“എന്തോ വായിക്കാണ് ..” സാറ
“പുസ്‌തകോം തുറന്നു ചുമ്മാ ഇരിക്കുവാ..” അമ്മിണി .. അവൾക്കല്പം ഏഷണി കൂടുതലാണ്. ലീലാമ്മയും എന്തോ പറഞ്ഞു. പത്രോസിന് അത് തിരിഞ്ഞില്ല
“ഇല്ല.. എന്തോ എഴുതുവോ പഠിക്കുവോ ആണ് ..” സാറ പറയുന്നു.
“പുസ്‌തകത്തിൽ അവൻ പേറു കെടക്കുവാ..”
അമ്മച്ചി മരുമകളെ കുറ്റം പറഞ്ഞു
“നിനക്ക് കഴിവില്ലാഞ്ഞിട്ടാ.”
“ഞാമ്പറഞ്ഞാ അച്ചായൻ കേക്കുവോ?”
“കെട്ടിയോള് പറഞ്ഞാല് ആണുങ്ങള് കേൾക്കണം ..ഇല്ലേ കേൾപ്പിക്കണം ..” അപ്പന് പറ്റിയ അമ്മ തന്നെ.
“നാളെ ഇഞ്ചിയിറക്കാൻ പോവ്വാ.. എല്ലാരും കൂടിക്കോണം.. ഇവിടെയൊള്ളോരും ഇപ്പൊ ഇവിടെ ഇല്ലാത്തോരും കൂടി കേൾക്കാൻ പറയുവാ.. എന്റെ ചൂരൽ കമ്പ്‌ ഉത്തരത്തിലുണ്ട് ..”
അപ്പൻ കുറച്ചു ഉറക്കെ പറഞ്ഞത് താൻ കേൾക്കാനാണോ എന്ന് പത്രോസിനു തോന്നി. ഇനി അതും കൂടിയേ ബാക്കിയുള്ളു.. ഭാര്യയുടെ മുന്നിൽ അപ്പന്റെ തല്ലു കൊള്ളണം.
പുസ്‌തകം മടക്കി അയാൾ കണ്ണടച്ചിരുന്നു. കോൺഗ്രസ് അയിത്തത്തിനെതിരായ സത്യാഗ്രഹം തുടങ്ങുവാൻ പോകുകയാണ്. ഇതുവരെ ചെയ്തതൊന്നും ഒന്നുമല്ല. ഇത്തവണ ഏറ്റുമുട്ടുന്നത് ഈ ദേശത്തിന്റെ മേല്ജാതിക്കാരോടാണ്; ഫലത്തിൽ മഹാരാജാവിനോടാണ്.
പരമു ഏണിമേലിരുന്ന് എന്തോ പണിക്കാരോട് പറയുന്ന ഒച്ച പിന്നാമ്പുറത്തു അവ്യക്‌തമായി കേൾക്കാമായിരുന്നു
പ്ലാവിലകൂട്ടിക്കുത്തി തേങ്ങാപ്പീരയിട്ട ചൂടുകഞ്ഞിയാണ് കുഞ്ഞച്ചന്റെ അത്താഴം. പിന്നാലെ കുടുംബപ്രാർത്ഥന വിശ്വാസപ്രമാണം വരെ. മുറ്റത്തുകൂടി പതിവുള്ള ഉലാത്തലിന്റെ ഇടയ്ക്കു കുഞ്ഞച്ചൻ പറഞ്ഞു
“എല്ലാരും രാവിലെ കാപ്പികുടിച്ചു പറമ്പിലേക്കിറങ്ങിക്കോ… നാളെ ഇഞ്ചി നടണം.:”
അല്പം കഴിഞ്ഞു വീണ്ടും അപ്പച്ചന്റെ ശബ്ദം കേട്ടു..
“പത്രോസിനോട് കൂടിയാ പറയുന്നത്.. രാവിലെ പറമ്പിലേക്കിറങ്ങിക്കോ.. കൃഷികാലത്തു അടയിരുന്നാൽ, മഴക്കാലത്ത് വയറ്റിൽ ചിതല് കേറും..”
പിന്നെയും അപ്പച്ചന്റെ ശബ്ദം കേട്ടു..
“വായിക്കേം പഠിക്കേം ചെയ്യണേല്, പറമ്പിലെ പണി കഴിഞ്ഞാവമല്ലോ.. ”
“പട്ടിക്ക് വല്ലതും കൊടുത്തോ?..”
“നാളെ ഒന്ന് തെളിഞ്ഞു കിട്ടിയാ മതിയാരുന്നു.. ”
“മഴ പെയ്യത്തില്ലാരിക്കും..”
രാത്രി ഒൻപതാവുമ്പോഴേക്ക് എല്ലാവർക്കും പായ വിരിക്കാം. പിന്നെയും കൊച്ചുപണികൾ ബാക്കിയുണ്ടാവും. പട്ടിക്ക് തീറ്റ കൊടുക്കണം, കോഴിക്കൂട് അടച്ചുറപ്പാക്കണം. , പിൻവാതിൽ കൊട്ടിയടച്ചു സാക്ഷയിട്ടുകഴിയുമ്പോൾ ഒരു ദിവസത്തിന്റെ ഏതാണ്ടൊരു അവസാനമാകും.
മുഖവും കഴുത്തും കൈയ്യുമൊക്കെ ഒന്നുകൂടി കഴുകിയെടുത്തു കുട്ടിക്കൂറയുടെ വെളുത്ത പൊടി ധാരാളമായി ഉപയോഗിച്ച് സാറ, മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാജാരവിവർമ്മയുടെ ചിത്രരചന പോലെ അവരുടെ കിടപ്പുമുറിയിൽ തിളങ്ങും. പുസ്‌തകത്തിൽ കണ്ണുംനട്ടിരിക്കുന്ന പത്രോസിനെ അവൾ സ്നേഹപൂർവ്വം വിളിക്കും
“അച്ചായോ .. കിടക്കണ്ടേ..”
ഉറങ്ങും മുൻപ് സാറ പത്രോസിനോട് പറഞ്ഞു.
“നാളെ ഇഞ്ചി നടാൻ ഞാനും കൂടുവാ..”
“ശരി ..”
“ഞങ്ങടെ കൂടെ വരുവോ?..”
“എന്തിനാ..?”
“ഒരുമിച്ചാവുമ്പോൾ പെട്ടെന്നാവും.. പിന്നെ എല്ലാരും കൂടെ പണിയെടുക്കുമ്പോ സന്തോഷമല്ലേ ..”
പത്രോസ് നിശബ്ദനായി കിടന്നു.
“എന്താ ആലോചിക്കുന്നേ?”
“നാളെ എനിക്ക് മീറ്റിങ്ങുണ്ട് ..ഞങ്ങള് വലിയൊരു സമരത്തിന് പോവ്വാ ..”
സാറാമ്മ കിടക്കയിൽ എഴുന്നേറ്റിരുന്നു.
“വലിയ സമരം .. വൈക്കത്തു ക്ഷേത്രത്തിന്റെ വഴി തുറക്കാൻ കോൺഗ്രസ്സ് സമരത്തിന് പോവ്വാ..”
“അമ്പലത്തില് നിങ്ങക്കെന്തു കാര്യം?”
” അയിത്തം ഒരു കൂട്ടരുടെ മാത്രം പ്രശ്നമല്ല. നാടിൻറെ ശാപമാണ്. വിവേകാനന്ദസ്വാമി പറഞ്ഞതു കേട്ടിട്ടില്ലേ.. കേരളം ഒരു ഭ്രാന്താലയമാണെന്ന് ….”
“എന്റെ മാതാവേ.. അച്ചായന് പോലീസിനെ പേടിയില്ലേ..അവമ്മരുടെ കൈയ്യിൽ കിട്ടിയാൽ എന്താവുമെന്നറിയോ?”
സാറാമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..ശബ്ദം ഇടറി.
“ഒന്നുമില്ലടി.. വല്യ നേതാക്കന്മാർ വരുന്നുണ്ട്.. ചിലപ്പോൾ ഗാന്ധിജി വരെ വന്നേക്കും.. അവാവുന്നപോലെയൊക്കെ സമരത്തെ സഹായിക്കണം. നമ്മുടെ ഈ ലോകത്തു സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയോ? നമ്മൾ ഇംഗ്ലീഷുകാരുടെ അടിമകളാണ്. പഴയ ജാതിവ്യവസ്ഥയുടെ പേരിൽ ഒരു പാട് കഷ്ടപ്പാട് ഇവിടുത്തെ ഒരു വിഭാഗം ആളുകൾ അനുഭവിക്കുന്നുണ്ട്.. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കിയാൽ അത് ശരിയാണോ?”
പത്രോസിന്റെ വാക്കുകൾ ദേശഭക്തിയുടെ ഏതോ ക്ലസ്സെടുക്കുന്നതു പോലെ തോന്നിച്ചു. അതിനൊന്നും സാറാമ്മയെ അനുനയിപ്പിക്കാൻ സാധിച്ചില്ല. അവൾ അവളുടെ മനസ്സിലെ ആധികളൊക്കെ പുറത്തേക്കിട്ടു
“എനിക്കതൊന്നും അറിയില്ല; അറിയേണ്ടതുമില്ല. അച്ചായൻ എന്നെ കെട്ടികൊണ്ടുവന്നിട്ട്, നാട് നന്നാക്കാൻ എന്നെയിട്ടിട്ടു പോവാൻ പറ്റില്ല.. എനിക്കറിയാം ഇതെല്ലം അപകടത്തിന്റെ വഴിയാണ്.. ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു കയറാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?.. എന്റെ ദൈവമേ…” ”
അവൾ പത്രോസിനെ കെട്ടിപ്പിടിച്ചു..
“പോകേണ്ട അച്ചായാ.. അപകടമാ .. അപ്പച്ചനോടും അമ്മച്ചിയോടും എന്ത് പറയാനാ പോകുന്നത്?..”
“നീ കരയാതെടീ… ഒക്കെ പെട്ടെന്ന് തീരും..”
സാറാമ്മക്കു നല്ല ദേഷ്യം വന്നു.. പത്രോസിനെ എങ്ങിനെ അനുനയിപ്പിക്കുമെന്നു അവൾക്കു മനസ്സിലാവുന്നില്ല. ദേഷ്യത്തിൽ ചീത്ത പറഞ്ഞിട്ടോ?… സങ്കടത്തിൽ കണ്ണുനീരൊഴുക്കിയിട്ടോ ?… സ്നേഹത്തിൽ വശീകരിച്ചോ?….അങ്ങിനെയൊന്നും അഭിനയിക്കാൻ സാറാമ്മക്ക് ആവുമായിരുന്നില്ല. അവൾ പഠിച്ചത്, പരസ്പരം മനസ്സിലാക്കി സ്നേഹിക്കുക, ആവുന്നതിനുമപ്പുറം അറിഞ്ഞു ആത്മാർഥമായി പണിയെടുക്കുക, ദൈവത്തെ രാവിലെയും വൈകിട്ടും വിളിച്ചു, നന്മ മാത്രം ചെയ്തു ജീവിക്കുക.. ഇതിനിടയിൽ അമ്പലപ്പടിക്കലെ സമരത്തിനെന്തു പ്രസക്തി? ഇംഗ്ലീഷുകാരുടെ അടിമയാണെന്നു പറയുന്നത് സാറാമ്മയ്ക്കു മനസ്സിലായില്ല. രാവിലെയോ വൈകിട്ടോ, ഈ പോയ കാലങ്ങളിലെപ്പോഴോ അവൾ ഒരു ഇംഗ്ലീഷുകാരനെപ്പോലും കണ്ടിട്ടില്ല.
“ഇങ്ങനെ എന്നെ ഒറ്റക്കിട്ടേച്ചു നാട് നന്നാക്കാൻ പോവാനാരുന്നേ എന്തിനാ കെട്ടിയത്?.. ഒറ്റത്തടിയായിട്ടു ജീവിച്ചാ പോരാരുന്നോ?”
പത്രോസിനെ ഉത്തരമില്ല
“ഞാൻ സമരത്തിന്റെ മുന്നിലൊന്നും കേറി നിൽക്കത്തില്ല; ഞാൻ ശ്രദ്ധിച്ചോളാം; ഒരു കുഴപ്പോം ഉണ്ടാകത്തില്ല… എന്നാലും പണികളുണ്ട്.. മുൻപിൽ നില്കുന്നോർക്കു സഹായങ്ങള് വേണം.. പോകാതെ വയ്യ. ഞാൻ ഒറ്റക്കല്ല, വേറെയും ഇവിടുന്ന് ആളുകളുണ്ട് ”
“അപ്പൊ.. നമ്മുടെ ഇഞ്ചി കൃഷി?..”
“നീ കിടക്ക് ..ഇഞ്ചിയൊക്കെ ഒണ്ടായിക്കോളും. ഇഞ്ചി നടുന്നതിനേക്കാൾ വലിയ പ്രശ്നങ്ങളിലാണ് ഈ നാട്. എനിക്ക് കണ്ടില്ലെന്നു നടിച്ചു മാറിനിൽക്കാൻ പറ്റത്തില്ല…”
“കൃഷി ചെയ്തില്ലേ കുടുംബം എങ്ങിനെ കഴിയും?”
“ഈ ലോകത്തിലെല്ലാവരും കൃഷിക്കാരാവണമെന്നില്ല. ചിലർ അധ്യാപകരാവും, ചിലർ പൊതുപ്രവർത്തകരാവും.”
“എന്നെ ഇഷ്ടമില്ലേ ?”
“നിന്നെ ഇഷ്ടമാണ്..”
“ഇഷ്ടമാണേൽ എന്റെ കൂടെ നിൽക്ക്..”
“നിന്നേം ഇഷ്ടമാ.. ഈ രാജ്യത്തോടും ഇഷ്‍ടമാ..”
“അങ്ങിനെ രണ്ടാളെ ഇഷ്ടപെടേണ്ട.. എന്നെ വേണ്ടങ്കിൽ തിരിച്ചു വീട്ടിൽ വിട്ടേരെ..”
സാറാമ്മയുടെ കരച്ചിൽ ഉറക്കയായി.
“വായടക്കടീ.. ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കിയാലുണ്ടല്ലോ? ”
പത്രോസിന്റെ ദേഷ്യം അവൾ ആദ്യമായി കാണുകയാണ്..അവൾ പകച്ചു പോയി.
“എവിടെങ്കിലും പോ.. എന്നെ വേണ്ടാത്തോരെ.. എനിക്കും വേണ്ട..”
അവൾ കയർ കട്ടിലിൽ തിരിഞ്ഞു കിടന്നു കരഞ്ഞു. പത്രോസ് മേല്കൂരയിലേക്കു കണ്ണുനട്ട് കിടന്നു. സ്ത്രീകൾ എത്ര സ്വാർത്ഥരാണെന്നാണ് അയാൾ ചിന്തിച്ചത്. സ്വന്തം ഭർത്താവ്, വീട്, വരുമാനം… അതിനു പുറത്തുള്ളതൊന്നും അവരുടെ പ്രശ്നങ്ങളല്ല. അവയെല്ലാം അവർക്ക് അനാവശ്യങ്ങളാണ്. പുറത്തു പട്ടി കുരക്കുന്നു. തൊട്ടടുത്ത് കിടക്കുന്ന സാറക്കും തനിക്കുമിടയിൽ ഒരുപാടു ദൂരമുണ്ടെന്നു പത്രോസിനു തോന്നി.
ഗ്രാമം നിലവിൽ കുളിച്ചുറങ്ങി. വിയർപ്പൊഴുക്കിയ മനുഷ്യർ, പകലത്തെ അധ്വാനത്തിന്റെ പ്രതിഫലമായി, നിദ്രയുടെ ഏറ്റം അടിത്തട്ടിലെ മധുരവും നുണഞ്ഞുറങ്ങി..
ഉറക്കം ഇല്ലാതെ പത്രോസ് മാത്രം ആ രാത്രിയിൽ ഉണർന്നു കിടന്നു..
ജീവിതം ഒരു കുട്ടികുരങ്ങനെപ്പോലെ തലകുത്തിമറിയുന്നു. പ്രത്യക്ഷത്തിൽ ഏറ്റവും ശരിയായി തോന്നിയേക്കാവുന്ന ഒരു ജീവിതചര്യയെ ഉൾക്കൊള്ളാനാവാത്ത മനസ്സ്, മനുഷ്യനെ അവനുപോലും ശരിക്കറിയാത്ത ഒരു വീഥിയിലേക്കു തള്ളിവിടുന്നു.
നേരം വെളുക്കുന്നതിനു മുൻപേ പത്രോസ് പോയി. കുഞ്ഞച്ചൻ മകനെ തിരക്കി ഒച്ചയിടുമ്പോഴേക്ക് പത്രോസിന്റെ വള്ളം വൈക്കത്തേക്കു പോയിക്കഴിഞ്ഞിരുന്നു.
കുഞ്ഞച്ചന് കൂട്ടായി പിന്നീടൊരിക്കലും അയാളുടെ പാത്തൂസിനെ കിട്ടിയില്ല.
പക്ഷെ സാറാമ്മ നാത്തൂന്മാർക്കു ഒപ്പത്തിനൊപ്പം നിന്ന് അപ്പച്ചന്റെ കൂടെ മണ്ണിൽ അധ്വാനിച്ചു.

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 4”

Leave a Reply

Don`t copy text!