വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ
3
കുഞ്ഞച്ചനും അന്നാമ്മക്കും പിടിപ്പതു തിരക്കായിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് അടുപ്പിക്കേണ്ടത്? കാരണവന്മാർ ഉമ്മറത്ത് മുറുക്കി, ചരൽ വിരിച്ച മുറ്റത്തു വിരലിടകളിലൂടെ നീട്ടിത്തുപ്പി, ചുവന്ന ചിത്രപ്പണികൾ ചെയ്തു, പുരാണം പറഞ്ഞുകൊണ്ടിരുന്നു. ആചാരവും മുറയും തെറ്റിച്ചാൽ അവരുടെ ചീത്ത ഉറപ്പാണ്.
“കഴകത്തില്ലാത്തവൻ.. അറിയാന്മേലേ, അറിയാവുന്നൊരോട് ചോദിക്കണ്ടേ ..”
നിലവിളക്ക്.. ചന്ദനം.. ദക്ഷിണക്ക് വെറ്റയും പാക്കും കാശും..കിണ്ടിയും വെള്ളവും.. അങ്ങിനെ എന്തൊക്കെ! വീട്ടിൽ ‘നിലവണയൊഴിക്കൽ* ചടങ്ങുണ്ട്. അരിമാവുകൊണ്ടു നിലത്തു ചിത്രരേഖകളും കുരിശും എഴുതി ഭംഗിയാക്കണം. ഉയരമുള്ള വലിയ കൊരണ്ടിയിലും ചിത്രവും കുരിശും വരയ്ക്കണം. ചെണ്ടയടിച്ചുകൊഴുപ്പിച്ചു അന്തം ചാർത്തിനു കൊരണ്ടിയിൽ കോടിമുണ്ട് വിരിച്ചു തയ്യാറാക്കി വെക്കണം.
കുഞ്ഞച്ചന്റെ മടിശീലയിൽനിന്നു പണം കുറെ പുറത്തുചാടി. രാത്രിയിൽ മുറ്റത്തു വലിയ നിലവിളക്കിന്റെ ചുറ്റും അമയന്നൂര് നിന്ന് വന്ന പെണ്ണുങ്ങളുടെ മാർഗംകളി കൊഴുകൊഴുത്തു.
“മേയ്കിണാന്ത പീലിയുമായിൽ ….
മേൽത്തൊനും മേനിയും..
തെയ് തെയ് പിടിത്ത ദണ്ഡും..
കൈയും മെയ്യും എന്നന്നേക്കും വാഴ്ത്തവേ..”
പത്രോസിനെ ആനയിച്ചു കൊണ്ടുവന്നു. വായ്ക്കുരവ ഉയർന്നു. ഷുരകന്റെ ഊഴമാണ് ഇനി
“മാളോരെല്ലാരോടുമായി ചോദിക്കുന്നു..
അന്തം ചാർത്താനിരിക്കട്ടേ ..”
ശരിക്കു കേട്ടില്ലെന്നു ഭാവിച്ചു മൂന്നുതവണ പറയിപ്പിച്ചേ ബന്ധുക്കൾ അനുവാദം നൽകുകയുള്ളൂ. തുടർന്ന് മുടിവെട്ട്, ക്ഷൗരം. തുടർന്ന് എണ്ണ തേച്ചുകുളി. ഇനി ചെറുക്കന് ഭക്ഷണം കല്യാണത്തിനു ശേഷം മാത്രം. അന്തംചാർത്തിനു കൊരണ്ടിയിൽ വിരിച്ച കോടിമുണ്ടും, ചക്രവും വാങ്ങി ഭക്ഷണം കഴിച്ചു ക്ഷുരകൻ സ്ഥലം വിട്ടു.
താലിച്ചരടുപിരിക്കാൻ മന്ത്രകോടിയിൽനിന്നു എഴിഴ എടുത്തു വെന്തചോറിൻ പശയിൽ പിരിച്ചു. അതിൽ താലി കോർത്ത് മന്ത്രകോടിയുടെ മടക്കിനുള്ളിൽ ശ്രദ്ധയോടെ വെച്ചു. ഇതിനിടെയിലാണ് പത്രോസിനെ കെട്ട് പഠിപ്പിക്കുന്ന തിരക്ക്. പലവട്ടം കെട്ടിയിട്ടും ഒക്കുന്നില്ല. ആൺകെട്ടുണ്ട്.. പെൺ കെട്ടുമുണ്ട്. ആൺകെട്ടാണ് വേണ്ടത്.. ഒരിക്കലും അഴിയാത്ത വിവാഹബന്ധത്തിന് ആൺകെട്ടു വേണം. കെട്ടൊത്തില്ലെങ്കിൽ പള്ളീലച്ചൻ അഴിച്ചു വീണ്ടും കെട്ടാൻ പറയും. പെൺവീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ നാണം കെടും.
കുന്നത്തെ കുഞ്ഞാപ്പിയുടെ വക പരിചമുട്ടുകളി തുടങ്ങി. പതിയെ ചുവടുവെച്ചു പിന്നെ വീറും വാശിയുമായി എട്ടുപേർ വാളും പരിചയുമായി അങ്ങോട്ടുമിങ്ങോട്ടും വട്ടംചുറ്റി, ചാടിവെട്ടിയുള്ള പുരുഷന്മാരുടെ നൃത്തം.
“തായിന്താ…തരികിട..തായിന്താ
അടവ് ചുവടു പയറ്റി ഞങ്ങള്
കളി തുടങ്ങട്ടേ ഗുരുക്കളേ..”
ഒരുപാടു ഉറക്കളക്കേണ്ടെന്നു പറഞ്ഞു പത്രോസിനെ നേരത്തെ ഉറങ്ങാൻ വിട്ടു.
രാവിലെ കുളികഴിഞ്ഞു കോടിമുണ്ടും, മണവാളക്കുപ്പായവും തോളിൽ നാലായി മടക്കി ഏത്താപ്പു കൊളുത്തിയ നേര്യതും, കഴുത്തിൽ കുരിശുമാലയുമായി പത്രോസ് യോഗ്യനായി നിന്നു. കൈനീട്ടുമ്പോൾ കൊടുക്കാൻ പാകത്തിന് വെറ്റയും പാക്കും ചക്രവും അടുപ്പിച്ചു വെച്ചിരുന്നു. എഴുത്തിനിരുത്തിയ ആശാന് ദക്ഷിണ; കൂടെ കോടിമുണ്ടും. പിന്നെത്തെ ഊഴം കാരണവന്മാർക്കുള്ള ദക്ഷിണയാണ്.
പ്രാർത്ഥിച്ചു കഴിഞ്ഞു പള്ളിയിലേക്കിറങ്ങുമ്പോൾ നെല്ലും നീരും വെക്കേണ്ട സമയമായി. അമ്മയുടെ ഒരു കൈയ്യിൽ നെല്ലും, മലരും, കർപ്പൂരവും വെച്ച തളിക… മറ്റേക്കയ്യിൽ മൂന്നുതിരികത്തിയ നിലവിളക്ക്… പിന്നാലെ മണവാളനും ബന്ധുക്കളും ഇറങ്ങി..
കല്യാണം കേമമായി നടന്നു. പോത്തിറച്ചി ഉലർത്തിയതും, നെയ്മീൻ തുണ്ടം, രണ്ടു നാൾ മുൻപ് കുടംപുളിയിട്ടു വച്ച കറിയും ഒക്കെ കൂടിയ വിഭവ സമൃദ്ധമായ സദ്യ നാട്ടുകാർക്കും വീട്ടുകാർക്കും വിളമ്പി. ഒടുവിൽ മധുരത്തിന് പാനിയും പഴവും വെന്ത കുത്തരിച്ചോറിൽ ഇളക്കി കഴിച്ചു ഏമ്പക്കവും വിട്ടു എല്ലാവരും പോയി.
ചടങ്ങുകളെല്ലാം കഴിഞ്ഞു ബന്ധുക്കളൊക്കെ പിരിഞ്ഞുപോയപ്പോഴേക്കും പത്രോസ് തളർന്നു പോയിരുന്നു. മുറ്റത്തുകെട്ടിയ ഓലപന്തൽ നാളെ അഴിച്ചാൽ മതിയെന്നു പറഞ്ഞു പണിക്കാരെ പറഞ്ഞുവിട്ടു.
പത്രോസ് സാറയെ കണ്ടു കണ്ണ് മിഴിച്ചുപോയി. ഇങ്ങനെയും ഒരു സൗന്ദര്യമോ?
ജലാശയത്തിൽ രണ്ടു സ്വര്ണമത്സ്യങ്ങൾപോലെ അവർ അറിയാത്ത ആഴങ്ങളിലേക്കും ദൂരെക്കരകളിലേക്കും നീന്തി. കാട്ടുപാത പെട്ടെന്നൊരു പൂന്തോട്ടത്തിൽ അവസാനിച്ചതുപോലെ..
നെഞ്ചിൽ തലചേർത്തു, ഒരു പുഞ്ചിരിയോടെ ഉറങ്ങുന്ന സാറയെ നോക്കി പത്രോസ് സ്വയം ചോദിച്ചു
“ഈ സൗന്ദര്യം ഇക്കാലമത്രയും എവിടെയായിരുന്നു?”
അവളുടെ വീട്ടിലും, ബന്ധുവീടുകളിലും വിരുന്ന്‌ചോറുണ്ടു ആദ്യത്തെ മാസം കടന്നത് പെട്ടെന്നായിരുന്നു. സാറാമ്മക്കു അടുക്കളയേക്കാൾ പ്രിയം കൃഷിയോടായിരുന്നു. കപ്പയും ചേമ്പും വാഴയും ചേനയുമൊക്കെ അവൾക്കു വഴങ്ങുമായിരുന്നു. അപ്പച്ചന്റെതു കൂടാതെ, അവൾ പിന്നാമ്പുറത്തു ആവശ്യത്തിന് ചീനിയും, ചീരയും, കപ്പിളവും വളർത്തി. ചിലപ്പോൾ അവൾ പുസ്തകത്തിൽ കുനിഞ്ഞിരിക്കുന്ന പതോസിന്റെ ശല്യപ്പെടുത്തും
“കാപ്പി വേണോ അച്ചായാ..”
“ഇതെന്തോന്നാ പരീക്ഷക്കു പഠിക്കുവാണോ.”
“വാ അച്ചായാ.. കുറെ നേരത്തേക്കു ഈ പൊസ്തകമൊന്നു മാറ്റി വെയ്ക് ..”
“ദേ.. ഇങ്ങോട്ടൊന്നു നോക്കിയേ..”
മൃദുവായ കൈപ്പത്തികളാൽ രണ്ടു കവിളിലും കൂട്ടിപ്പിടിച്ചു ചുണ്ടിലൊരു മുത്തം..
“അച്ചായോ..വായോ..”
ഉറക്കെയൊരു ചിരിയുമായി ഓടിപ്പോകുന്ന സാറാമ്മ.
പത്രോസെല്ലാം കേൾക്കും; പക്ഷെ തൂമ്പയും കൊട്ടയുമെടുക്കണമെന്നാവുമ്പോൾ അയാൾ പിന്നാമ്പുറത്തുകൂടി ഗ്രാമത്തിലെ ചില ചെറുപ്പക്കാരുടെ കൂട്ടിലേക്ക് ചേക്കേറും. വിശ്വനാഥന്റെയും, ദേവന്റെയും, ചെറിയാന്റെയും, അഗസ്റ്റിയുടെയും കൂട്ടിലേക്ക്..
വിശ്വനാഥൻ പറഞ്ഞു
“ഏറനാട്ടും, വള്ളുവനാട്ടും, പൊന്നാനിയിലുമൊക്കെ വലിയ ലഹളകൾ നടക്കുന്നെന്നൊക്കെ കേൾക്കുന്നുണ്ട്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, നെല്ലിക്കുത്ത് അലി മുസലിയാർ എന്നൊക്കെയുള്ള ഖലീഫത് നേതാക്കന്മാരാണ് മുസ്ലിം കർഷകരുമായി ബ്രിട്ടീഷ് പട്ടാളക്കാരോടും, ഭൂജന്മിമാരോടും പൊരുതുന്നത്. ഭൂജന്മിമാരും പട്ടാളവും ഒറ്റക്കെട്ടായി ആളുകളെ തിരഞ്ഞുപിടിച്ച് ജയിലിലേക്കയക്കുകയാണ്. കലാപം പരന്നു, ഇപ്പോൾ ആരെക്കിട്ടിയാലും വെടിവെച്ചു കൊല്ലും എന്നാണ് കേൾക്കുന്നത്.
ബ്രിട്ടീഷുകാര് മദ്രാസിൽനിന്നും കോയമ്പത്തൂരു നിന്നും പട്ടാളത്തെ ഇറക്കിയിരിക്കുകയാണ്. ഓരോ ദിവസവും വെടിവെയ്പ്പിൽ ആളുകൾ കൊല്ലപ്പെടുന്നു. ഹിച്ച് കോക് എന്നൊരു പോലീസ് മേധാവിയെപ്പറ്റിയും വാർത്തകൾ വരുന്നുണ്ട്. മേൽമുറിയിലെ വെടിവയ്പ്പിൽ ഇരുനൂറിലേറെ ആളുകൾ മരിച്ചത്രെ.”
ഗ്രാമത്തിന്റെ അതിരുകൾ കടന്നാൽ കാടുപിടിച്ച കുന്നിന്റെ നിറുകയിലൊരു വലിയ പാറയുണ്ട്. നൂറ് ആനകളെ ഒരുമിച്ചു നിർത്തിയതുപോലുള്ള ഒരു കൂറ്റൻ പാറക്കെട്ട്. അതിന്റെ മുകളിലാണ് പത്രോസിന്റെ കൂടിക്കാഴ്ചകൾ നടക്കാറുള്ളത്. ദേവനും, വിശ്വനാഥനും, ചെറിയാനും, അഗസ്തിയും, പത്രോസും കേട്ടതും, വായിച്ചതുമായ വാർത്തകൾ പങ്കുവെക്കുന്ന സ്ഥലമാണത്.
“1921 ആഗസ്ത് മാസത്തിലെ 20 മുതലുള്ള രണ്ടാഴ്ചക്കാലം ദിവസേന നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു.” വിശ്വനാഥൻ പത്രക്കുറിപ്പുകൾ പുറത്തെടുത്തു.
നിലമ്പൂർ കോവിലകം, മഞ്ചേരി ഖജനാവ്, നമ്പൂതിരിബാങ്ക് ഇവയൊക്കെ കൊള്ളയടിക്കപ്പെട്ടു. മുസ്ലിങ്ങൾ സവർണരുടെ വീടുകൾ ആക്രമിച്ചു. ഒറ്റുകാരെയും, പട്ടാളക്കാരുമായി ഒത്താശചെയ്യുന്നവരെയും കൊല ചെയ്തു. ഹിന്ദുക്കൾ വീടുകൾ വിട്ടു ഓടി രക്ഷപെട്ടുകൊണ്ടിരുന്നു. ചിലേടങ്ങളിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്തി എന്നും വാർത്തകൾ വന്നു.
രണ്ടുമാസക്കാലം ഓരോ ദിവസവും മുന്നൂറിന് മേൽ ആളുകളെ പട്ടാളം വെടിവെച്ചുകൊന്നു എന്ന് അനൗദ്യോഗികമായുള്ള കണക്കുകൾ . കളക്ടർ തോമസിനെ ചില പത്രങ്ങൾ വിളിച്ചത് “ഡയർ ഓഫ് മലബാർ”* എന്നായിരുന്നു. പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, എ എസ് പി ആമു സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ പട്ടാളം, മുസ്ലിം കർഷകരുടെ ആൾക്കൂട്ടത്തെ വെടിവെച്ചു വീഴ്ത്തി. ചില കണക്കുകൾ പറയുന്നത് മരിച്ചവർ പതിനായിരത്തിനു മുകളിൽ, ജയിലിൽ അൻപതിനായിരത്തിനു മേൽ, നാടുകടത്തപ്പെട്ടവർ അന്പത്തിനായിരത്തിനു മേൽ…
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉത്തരവ് പ്രകാരം നമ്പൂതിരി ബാങ്കിലെ പണവും പണ്ടവും തിരിച്ചുകൊടുത്തുവെന്നും, കിഴക്കേകോവിലകത്തിനു കലാപകാരികളിൽ നിന്ന് രക്ഷനേടാൻ മുസ്ലിങ്ങളെ തന്നെ കാവൽ നിർത്തിയെന്നും, ഒടയപുരത്തെ ചേക്കുട്ടിയും സംഘവും കോട്ടക്കൽ ആര്യവൈദ്യശാലക്ക് സംരക്ഷണം ഏർപെടുത്തിയെന്നും പിന്നീട് വാർത്തകളിൽ വന്നു.
അലി മുസലിയാറും, വാരിയൻ കുന്നത്ത് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും, ഇബ്രാഹിം മുസ്‍ലിയാരും, പാങ്ങിൽ മുസ്‍ലിയാരും ഒക്കെ ജയിലിലായി.
വാർത്തകൾ തുടർന്നുകൊണ്ടിരുന്നു. ഏതോ ദൂരെയൊരു നാട്ടിലെ മനുഷ്യരുടെ ദുരവസ്ഥയോർത്തു വിശ്വനാഥനും കൂട്ടുകാരും ദുഖിച്ചു.
നവംബറിലായിരുന്നു ഇന്ത്യയുടെ മനസാക്ഷിയെ വേദനിപ്പിച്ച വാഗൻ ട്രാജഡി ഉണ്ടായത്. മദ്രാസ് മെയിലിൽ ചേർത്തുഘടിപ്പിച്ച 1711 ചരക്കു വാഗണിൽ തടവുകാരെ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ബോഗിയിലേക്ക് നൂറോളം തടവുകാരെ കുത്തിനിറച്ചു കയറ്റുകയായിരുന്നു. പുറത്തേക്കു തള്ളിനിന്നിരുന്നവരെ തോക്കിന്റെ പാത്തികൊണ്ട് അമർത്തി ഉള്ളിലാക്കി കതകടച്ചു ഭദ്രമായി പൂട്ടി. തടവുകാരെ ചരക്കു ബോഗിയിൽ കൊണ്ടുപോകുന്നത് ഹിച്ച് കോക്കിന്റെയും ആമു സാഹിബിന്റെയും ബുദ്ധിയായിരുന്നു
വൈകിട്ട് ഏഴരക്ക് പുറപ്പെട്ട ട്രെയിൻ പോത്തന്നൂര് എത്തുമ്പോൾ സമയം വെളുപ്പിന് നാലുമണി.. അതിനുള്ളിൽ വായുവോ വെളിച്ചമോ ഉണ്ടായിരുന്നില്ല. ഷൊർണൂർ കഴിഞ്ഞതുമുതൽ ആളുകൾ ദാഹിച്ചു നിലവിളിക്കുവാൻ തുടങ്ങിയിരുന്നു. ഒട്ടിനിൽക്കുന്നവന്റെ വിയർപ്പു നക്കുവാനും, പിന്നെ മാന്തിപ്പൊളിച്ചു ചോരകുടിക്കാനുമൊക്കെ ആളുകൾ തുടങ്ങി. ചിലരൊക്കെ തറയിലെ ഇളകിപ്പോയ ആണികളുടെ സുഷിരങ്ങളിൽ നിന്ന് ജീവശ്വാസം വലിച്ചുകയറ്റി. ആളുകൾ അറിയാതെ മലമൂത്രവിസർജനം ചെയ്യുവാനും തുടങ്ങി.
പോത്തന്നൂരിൽ വാതിൽ തുറന്നപ്പോൾ 64 മൃതശരീരങ്ങൾ കണ്ണുതുറിച്ചു, നാക്കു നീട്ടി മരിച്ചു കിടന്നു. അറുപതു മാപ്പിളമാരും, നാല് തീയന്മാരും.
വിശ്വനാഥനും കൂട്ടുകാരും പാറക്കെട്ടിൽ ഇരുട്ട് വീഴുന്നതുവരെ സംസാരിച്ചിരുന്നു. നേരം വൈകി വീട്ടിലേക്കു കയറിവന്ന പത്രോസിനെ നോക്കി കുഞ്ഞച്ചൻ ചീത്ത പറഞ്ഞു.
“പറമ്പിൽ പണിയാതെ തെണ്ടിനടക്കുന്ന നീയൊക്കെ എന്നാടാ നന്നാവുന്നത് ?”
ഒരു തോർത്തുടുത്തു എണ്ണയും കുഴമ്പുമൊക്കെ ദേഹത്ത് തേച്ചുപിടിപ്പിച്ചു കുളിക്കാൻ തയ്യാറെടുക്കുന്ന അപ്പനെ പത്രോസ് രൂക്ഷമായി നോക്കി. അപ്പന് വള്ളുവനാട്ടിലെ ഹിച് കോക്കിന്റെയോ ആമു സുപ്രണ്ടിന്റെയോ മുഖമാണെന്നു അവനു തോന്നി.
(തുടരും)
References
*നിലവണയൊഴിക്കൽ: അരിമാവു വെള്ളംചേർത്തു നീട്ടിയെടുത്തു, അതുകൊണ്ടു ‘തറ’യും ‘കൊരണ്ടി’യും വരച്ചു അലങ്കരിക്കുന്ന ചടങ്ങു്. ഇവിടെയാണ് മണവാളന്റെ മുടിയും താടിയും ഷുരകൻ വൃത്തിയാക്കുന്നത് . *’അന്തം ചാർത്തൽ’: മണവാളനെ മുടിയും താടിയും വെട്ടി, ഒരുക്കുന്ന ചടങ്ങു്
* ഹിച് കോക്ക്, ആമു സൂപ്രണ്ട്: 1921 – കാലത്തെ മലബാറിലെ ബ്രിട്ടീഷ് പോലീസ് മേധാവികൾ
* 10 നവംബർ 1921 വാഗൺ ട്രാജഡി, ബ്രിട്ടീഷ് ഇന്ത്യയിൽ (ഇപ്പോഴത്തെ മലപ്പുറം ജില്ല) നടന്ന രണ്ടാമത്തെ ഏറ്റവും ക്രൂരമായ അടിച്ചമർത്തൽ. (ആദ്യത്തേത്, 1919 ലെ അമൃതസറിൽ നടന്ന ജാലിയൻവാല കൂട്ടക്കൊല)
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
ഒരു മാനിക്വിൻ കഥ – പരിണാമം
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Novel is going good, it reminds histories..
Novel is going good, it reminds histories..
Thank you Anoop