വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 15
ഏബ്രഹാം ചാക്കോ
കുന്നംകരി – കിടങ്ങറ ദേശത്തു നമ്പൂതിരി ഇല്ലങ്ങളിലേക്കുള്ള എണ്ണയും ഉപ്പും ശുദ്ധമായി ലഭിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന കാലത്ത്, ശൂദ്രനായന്മാർ ചെങ്ങന്നൂർ ഭാഗത്തു നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന നസ്രാണികളായിരുന്നു കിഴക്കേൽ കുടുംബം.
കീഴ്ജാതികളും പുറംജാതികളും ഉപജീവനത്തിന് എണ്ണയും ഉപ്പും ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്നതുകൊണ്ടു, തൊട്ടു ശുദ്ധമാക്കാൻ കൈയ്യെത്തും ദൂരത്ത് ഒരു നസ്രാണി കുടുംബം ഉണ്ടാവേണ്ടത് ഇല്ലങ്ങളുടെ ആവശ്യമായിരുന്നു.
കൂട്ടുകുടുംബത്തിലെ സ്ത്രീകൾ വർഷത്തിലൊന്നുവീതം ആരോഗ്യമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രസവിച്ചു. വലിയ ഉരുളി നിറയെ മലബാറു കപ്പയിൽ എല്ലും ഇറച്ചിയും വേയിച്ചു മൂക്കുമുട്ടെ തിന്നു അവർ വളർന്നു. ആൺകുട്ടികളും പെൺകുട്ടികളും നിരന്തരം പണി ചെയ്തു. കൂട്ടുകുടുംബം വളർന്നു വലുതായപ്പോൾ പല വീടുകൾ വന്ന് നാട് നിറഞ്ഞു. കിഴക്കേൽ കുടുംബം വളർന്നു പടർന്നു പല ശാഖകളായി.
കിഴക്കേൽ യോഹന്നാന്റെ ഭാര്യ കിടപ്പിലായപ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ അവതാളത്തിലായി. ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോൾ ജീവിതത്തിനു ഒരു ബലക്കുറവ് പോലെ തോന്നാൻ തുടങ്ങി. അങ്ങിനെയാണ് മകളെ ഒന്നോ രണ്ടോ ആഴ്ചകൾക്കു വീട്ടിലേക്കു വിളിക്കാമെന്ന് വിചാരിച്ചത്.
ഒരു ദിവസം സാറാമ്മയുടെ വീട്ടിൽ നിന്നും ആളു വന്നു. അമ്മക്ക് സുഖമില്ല; സാറാമ്മയെ ഒരു സഹായത്തിനു വിടണം..
അമ്മക്ക് ദീനമായിട്ട് കുറെ ആയി.
പോകുന്നെങ്കിൽ കെട്ടിയ പുരുഷന്റെ കൂടെയാവണമെന്നു ശഠിച്ചു ഇത്രകാലം സാറാമ്മ പിടിച്ചു നിന്നു. പത്രോസ് പോയിട്ട് വർഷം ഒന്നാവാൻ പോകുന്നു.. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെപ്പോലും കണ്ടിട്ടില്ല. സ്വന്തം വീട്ടിലായാലും, ഭർത്താവ് വിട്ടു പോയവൾ എന്ന പേരുദോഷം മുഖത്തൊട്ടിച്ചാണ് പോകുന്നത്. എന്നാലും അമ്മക്ക് സുഖമില്ലെങ്കിൽ, പോയി കൂടെ നിന്ന് സഹായിക്കേണ്ടേ?..
സാറാമ്മയുടെ ആദ്യ പ്രസവം എടുക്കാൻ കഴിയാതെ വന്നത് അങ്ങിനെയാണ്.
“അവളുടെ അമ്മ കിടപ്പിലായപ്പോൾ, നമുക്കവളെ വിടില്ലാന്നു പറയാനൊക്കുമോ?” കുഞ്ഞച്ചൻ അന്നാമ്മയോട് പറഞ്ഞു.
“സാറാമ്മ രണ്ടാഴ്ചത്തേക്ക് അവളുടെ വീട്ടിൽ പോയി വരട്ടെ..”
കുഞ്ഞച്ചൻ ആരോടും പറയാത്ത ഒരു കാര്യമുണ്ടായിരുന്നു. പത്രോസിനെ കണ്ട കാര്യം. അതയാൾ മറക്കാൻ ആഗ്രഹിച്ചു. കാൽ വളരുന്നതും, കൈ വളരുന്നതും നോക്കി വളർത്തിയ മകനെ വഴിയിൽ ഒരു പേപ്പട്ടിയെതു പോലെ ആളുകൾ തല്ലുന്നത് കാണേണ്ടിവരുന്ന ദൗർഭാഗ്യം ഒരു പിതാവിനും കൊടുക്കരുതേ… വെള്ളവും വളവും നൽകി വളർത്തി വലുതാക്കിയ വൃക്ഷം ഫലം നൽകാത്തതുപോലെ അയാൾ നിരാശനായിരുന്നു. മരമായിരുന്നെങ്കിൽ ചുവടെ വെട്ടി പാഴ്‌മരമായി വിറകിനെടുക്കാമായിരുന്നു.
വൈക്കത്തു പോയി തിരിച്ചുവന്നപ്പോൾ അന്നാമ്മ ആകാംഷയോടെ ചോദിച്ചു.
“ചെറുക്കനെ കണ്ടോ?”
“കണ്ടു..”
“എന്നാ പറഞ്ഞേ ..”
“ഒരു പാട് ആളുകളുണ്ട്.. വലിയ നേതാക്കന്മാരുണ്ട്.. അവനു കുഴപ്പമില്ല.. എന്തൊക്കെയോ പരിപാടികളിൽ തിരക്കിലാണ്. കഴിഞ്ഞാൽ ഉടനെ വരുമെന്ന് പറഞ്ഞു..”
“നിങ്ങൾ സ്നേഹമായാണോ സംസാരിച്ചത്?”
“അവനു തിരക്കായിരുന്നു. പത്തു മിനിറ്റ് വർത്തമാനം പറഞ്ഞു അവൻ പോയി.”
എല്ലാം കേട്ട് സാറാമ്മ നിൽക്കുന്നുണ്ടായിരുന്നു. കുഞ്ഞച്ചൻ അവളോട് പറഞ്ഞു.
“വിഷമിക്കണ്ട, അവൻ സുഖമായിരിക്കുന്നു. കുറെ കോൺഗ്രസ്സുകാരുടെ നടുവിൽ തിരക്കുകളിലാണ്. അവരൊക്കെക്കൂടി ചെന്ന് പറഞ്ഞാൽ ഇംഗ്ലീഷുകാർ കപ്പൽ കയറി ഇവിടം വിട്ടു പോകുവെന്നാണ് അവരുടെ വിചാരം..അവൻ വരും.. വരാതെ എവിടെ പോകാനാണ്?..”
കൂടുതൽ കള്ളങ്ങൾ പറയാൻ താല്പര്യമില്ലാത്തതുകൊണ്ടു കുഞ്ഞച്ചൻ മറ്റെന്തോ കാര്യങ്ങൾ പറഞ്ഞു അവിടെനിന്നു മാറി. സത്യം പറഞ്ഞാൽ വീട്ടിൽ സമാധാനമുണ്ടാകുകയില്ല. അവൻ അവന്റെ വഴിക്കു പോയി. പോലീസ്, ജയിൽ ഒക്കെയായി അവന്റെ ജീവിതം നശിച്ചു. പരമുവിനോട് എന്താണ് പറയേണ്ടതെന്നു പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്. നമ്മൾ വൈക്കത്തു പോയി. പത്രോസുമായി പത്തു മിനിറ്റ് സംസാരിച്ചു; തിരിച്ചു പൊന്നു. അവനു തിരക്കായിരുന്നു. അധികം താമസിയാതെ വരും…രണ്ടാളും പറയുന്നത് മാറിപ്പോകാൻ പാടില്ല
കുന്നംകരിയിലേക്ക് പോകുവാൻ ഒരുക്കങ്ങളായി. അമ്മിണിയും ലീലാമ്മയും വീട്ടിലിരിക്കട്ടെ എന്ന് തീരുമാനിച്ചു. പോകും മുൻപേ കുഞ്ഞച്ചൻ സാറാമ്മയോട് ഒരുകാര്യം പറഞ്ഞു.
“നിങ്ങടെ നാട്ടില് ആറും പുഴേം, കുളോമൊക്കെ കൂടുതലാ.. കൊച്ചുവറീതിനെ നന്നായിട്ടു നോക്കിക്കോണം. അല്ലെങ്കിൽ പിന്നെ അവനെ ഇവിടെ ഞങ്ങളുടെ കൂടെ നിർത്തിക്കോ..”
“ഞാൻ നോക്കിക്കോളാം അപ്പച്ചാ.. ഒരു കുഴപ്പൊമുണ്ടാവില്ല..”
അന്നാമ്മ മരുമകളുടെ വീട്ടിലേക്കു വെറും കൈയ്യായിട്ടല്ല പോയത്. വെളിച്ചെണ്ണയിൽ മിനുക്കിയ കുടംപുളി, നെല്ലിക്ക അച്ചാർ, അച്ചപ്പം, കുഴലപ്പം, കുമ്പിൾ, അവലോസുണ്ട.. എല്ലാം പൊതിഞ്ഞെടുത്തു സഞ്ചിയിലാക്കി.
കൊച്ചുവറീതിനെ എണ്ണ തേച്ചു കുളിപ്പിച്ചു, പള്ളിപ്പെരുനാളിനു വാങ്ങിയ ഉടുപ്പുമിടുവിച്ചു മിടുക്കനാക്കി. അവൻ സാറാമ്മയുടെ ഒക്കത്തിരുന്നു ചിരിച്ചു. യാത്ര പോകുന്നത് ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങളുണ്ടോ? സാറാമ്മ ഒക്കത്തു കൊച്ചുവറീതുമായി ഉമ്മറത്തേക്കെത്തിയപ്പോൾ, കുഞ്ഞച്ചന്റെ മനസ്സ് നിറഞ്ഞു. അയാളുടെ മനസ്സിലേക്ക് പത്രോസിന്റെ കുട്ടിക്കാലം ഓടിയെത്തി.
“എന്റെ മോന് കണ്ണ് കിട്ടേണ്ട.. ഒരു പൊട്ടുകൂടി കുത്തിയേക്ക്..”
അമ്മയുടെ ഒക്കത്തിരുന്നു കൊച്ചുവറീത് യാത്രയായി. ചട്ടയും, അടുക്കിട്ട മുണ്ടും, നേര്യതും, തോടയും, കുണുക്കും. അന്നാമ്മയുടെ കഴുത്തിൽ കാശുമാലയുണ്ട്. സാറാമ്മയുടെ കഴുത്തിൽ മാങ്ങാമാല. അന്നാമ്മയും സാറാമ്മയും നടന്നു പോകുന്നത് കണ്ടാൽ അമ്മയും മോളും പോലുള്ള ചേർച്ചയാണ്. കൂടെ മൽമൽ മുണ്ടും നേര്യതും ധരിച്ചു കുഞ്ഞച്ചൻ. പിന്നാലെ ചുമട് തലയിലേറ്റി പരമു.
കടവിലേക്ക് രണ്ടു മൈൽ ദൂരമുണ്ട്. കുഞ്ഞച്ചൻ കാളവണ്ടി ഏർപ്പാടാക്കിയിരുന്നു.
മണികെട്ടിയ കാളയുടെ നടപ്പിന്റെ താളത്തിൽ, ഇരുമ്പുപട്ട ചരല്മണ്ണിൽ ഞെരിഞ്ഞുരുളുന്നതിന്റെ സംഗീതത്തിൽ അന്നാമ്മയും, സാറാമ്മയും കൊച്ചുവറീതും കാളവണ്ടി യാത്ര ആസ്വദിച്ചു. കാളവണ്ടിക്കാരൻ കുഞ്ഞന്ത്ര ഇടയ്ക്കിടെ കാളകൾക്ക് മാത്രം മനസ്സിലാവുന്ന ഏതോ ശബ്ദം പുറപ്പെടുവിച്ച്, കൈയ്യിലിരുന്ന അത്ഭുതവടിയുടെ അറ്റത്തെ ചണച്ചരടുകൊണ്ടു കാളകളുടെ പിന്നിൽ താളം കൊട്ടികൊണ്ടിരുന്നു. വള്ളക്കടവ് വരെ കാളവണ്ടിക്ക് പിന്നാലെ കുഞ്ഞച്ചനും പരമുവും നടന്നു. പരമുവിന്റെ തലച്ചുമട് വണ്ടിയിൽ വെച്ചിരുന്നതുകൊണ്ടു ചുമടുതാങ്ങിയുടെ ആവശ്യം ഉണ്ടായില്ല.
കിഴക്കേൽ യോഹന്നാന് മക്കൾ മൂന്ന്, ജെയിംസും മത്തായിയും, സാറാമ്മയും..
മൂത്തവൻ ജെയിംസ്, പുതുപ്പള്ളിയിലെ ഭാര്യവീട്ടിൽ ആണ്കുട്ടികളില്ലാത്തതുകൊണ്ട് ദത്തു നിൽക്കുന്നു. കുടുംബത്തിൽ അപ്പനും അമ്മയ്ക്കും കൂട്ടായി മത്തായി നില്കുന്നു. സാറാമ്മ, ഏറ്റം ഇളയവൾ, അമ്മ ലാളിച്ചു വളർത്തിയവൾ, പത്രോസിനെ കെട്ടി കോട്ടയത്ത് പൂവത്തുംമൂട്ടിലേക്ക് പോയി.
പാപ്പി കടവിലുണ്ടായിരുന്നു. സാറാമ്മയെ കണ്ടു പാപ്പിയുടെ മുഖം തെളിഞ്ഞു.
“നിനക്ക് സുഖാണോ സാറക്കൊച്ചേ?”
“അതെ, പാപ്പിചേട്ടാ..” അവൾ കൊച്ചുവറീതിനെ കാട്ടി പറഞ്ഞു ” ആറുമാസമായി..”
“നന്നായി, കുറച്ചു ദിവസം നീ ഉണ്ടാവുമല്ലോ..”
യോഹന്നാൻ ബന്ധുക്കളെ ആദരപൂർവം സ്വീകരിച്ചു. കിണ്ടിയിലെ വെള്ളത്തിൽ കാൽ കഴുകിയിട്ടു കുഞ്ഞച്ചൻ ചാവടിയിലെ കസേരയിൽ യോഹന്നാനോടൊപ്പം ഉപവിഷ്ടനായി.
അറയും നിറയുമുള്ള ഒരു വലിയ ഓലകെട്ടിയ വീടായിരുന്നു അത്. മത്തായിയുടെ ഭാര്യ ത്രേസ്യ, സാറാമ്മയുടെ ഒക്കത്തുനിന്നു കൊച്ചുവറീതിനെ എടുത്തു.
“വാ സാറ കൊച്ചേ .. എത്ര കാലമായി കണ്ടിട്ട്.. ”
ത്രേസ്യ സാറാമ്മയുടെ കൈപിടിച്ച് അടുക്കളയിലേക്കു കൊണ്ടുപോയി. ത്രേസ്യ കെട്ടിവന്നപ്പോൾ സാറാമ്മ ഒരു കൊച്ചുപെണ്ണായിരുന്നു… പുതിയവീട്ടിൽ ത്രേസ്യക്ക് കിട്ടിയ ഒരു അനുജത്തി ആയിരുന്നു സാറാമ്മ. അവൾ “സാറകൊച്ചേ..” എന്നാണ് വിളിച്ചിരുന്നത്
അന്നാമ്മ സുഖവിവരങ്ങൾ തിരക്കി ഏലിയാമ്മയുടെ കട്ടിലിനരികിൽ തന്നെ ഇരുന്നു.
“ദൈവമായിട്ടു ഞങ്ങൾക്ക് തന്ന മോളാണ് സാറാമ്മ.. അവളെ ഇഷ്ടപെടാത്ത ഒരാള് പോലുമില്ല അവിടെ.. എല്ലാത്തിലും അടക്കോം, ഒതുക്കോം പിന്നെ കാര്യശേഷിയുമുള്ള പെങ്കൊച്ചാ..”
ഏലിയാമ്മയുടെ മനം കുളിർത്തു. സ്വന്തം മോളെ പറ്റി അമ്മായിയമ്മ പുകഴ്ത്തിപ്പറയുമ്പോൾ, അതിലും വലിയ അംഗീകാരം വേറെ എന്തുണ്ട്? അവളെ വഴക്കുപറഞ്ഞു ഓരോന്ന് പഠിപ്പിച്ചു വിട്ടതിനെപ്പറ്റി ആ അമ്മക്ക് ചാരിതാർഥ്യം തോന്നി.
ഒക്കത്തിരുന്ന കൊച്ചുവറീതിനു ഒരു നല്ല ഉമ്മ കൊടുത്തിട്ടു ത്രേസ്യ സംഭാരവും എടുത്തു ചാവടിയിലേക്കു പോയി.
“സംഭാരം ആവാമല്ലോ?” ത്രേസ്യ കൂജയിൽ നിന്ന് പിച്ചള ടംബ്ലറിലേക്കു സംഭാരം വീഴ്ത്തി.
“നല്ല സംഭാരം.” കുറച്ചു കുടിച്ചിട്ട് കുഞ്ഞച്ചൻ ചോദിച്ചു “എന്താണിതിൽ പ്രത്യകിച്ചിട്ടത്?”
“ചെറിയ ഉള്ളി ചതച്ചത്, പച്ചമുളക്, ഇഞ്ചി .. കൂടാതെ പച്ചമാങ്ങാ ചതച്ചത്..”
ഇനിയൊരു ഗ്ലാസ്സ് കൂടി ഒഴിക്കാൻ ത്രേസ്യ തുനിഞ്ഞപ്പോൾ യോഹന്നാൻ തടഞ്ഞു.. “വേണ്ട മോളെ, മത്തായി വേറെ സംഭാരം കൊണ്ടുവരുന്നുണ്ട്..”
മത്തായി കൊണ്ടുവരുന്നത്, രാവിലെ എടുത്ത മധുരകള്ളാണെന്ന് ത്രേസ്യക്ക് അറിയാം. അവൾ ഒരു ചിരിയുമായി അടുക്കളയിലേക്കു പോയി.
“അച്ചായന് രാവിലത്തെ ഇളവൻ കൊണ്ടു വരുന്നുണ്ട്..ഇവുടുത്തെ തെങ്ങു ചെത്തിയതാ..”
മത്തായി മധുര കള്ളുമായി എത്തി; ചെറുകുമിളകൾ നുരഞ്ഞു മുകളിലേക്ക് ഉയരുന്ന നാടൻ കള്ള് ..
കാരണവന്മാർ ഓരോരോ നാട്ടുവിശേഷങ്ങൾ പറഞ്ഞിരുന്നു.
സാറാമ്മയുടെ അമ്മ ഏലിയാമ്മ എഴുന്നേറ്റു വന്നു, അവർ നന്നേ ക്ഷീണിച്ചിട്ടുണ്ട്. സാറപ്പെണ്ണിനെ കണ്ടു അവർ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇനി മകളെ കാണാൻ പറ്റുമോ എന്ന് വരെ അവർ ചിന്തിച്ചിരുന്നു. കൊച്ചു വറീതിനെ മടിയിലിരുത്തി ഉമ്മവെച്ചു.
പിച്ചള പിഞ്ഞാണിയിൽ ചൂട് ചോറും കറികളും വിളമ്പി. വറ്റ മീൻ കറിയും കരിമീൻ വറുത്തതും, മൂരിയിറച്ചി ഉലർത്തിയതും കൂടാതെ താറാവിന്റെ കുരുമുളകിട്ട കറിയും.. പരമുവിന് പിന്നാമ്പുറത്തു സാറാമ്മ ചോറ് വിളമ്പി.
ഊണ് കഴിഞ്ഞു യോഹന്നാനും കുഞ്ഞച്ചനും പറമ്പിലൊക്കെ കൃഷികാര്യങ്ങൾ പറഞ്ഞു നടന്നു. അവരുടെ പിന്നാലെ കൃഷിവർത്തമാനങ്ങൾ കേട്ട് പരമുവും കൂടി.
വെള്ളപ്പൊക്കം യോഹന്നാന്റെ കൃഷിയിടത്തിലും കനത്ത നാശങ്ങൾ ഉണ്ടാക്കിയിരുന്നു. നാട്ടിലൊക്കെ ദാരിദ്ര്യമാണ്. വീടുകളിൽ കൂവ അടയും, പന കഞ്ഞിയും* ആണ് ഭക്ഷണം. കർക്കിടകം പോയെങ്കിലും പഞ്ഞ മാസം പോയിട്ടില്ല.
പിന്നെ ചോദിയ്ക്കാൻ മനസ്സിൽ കരുതിയിരുന്ന കാര്യം യോഹന്നാൻ ചോദിച്ചു.
“പത്രോസ് എവിടെയാ? പോയിട്ട് വർഷം ഒന്ന് കഴിഞ്ഞില്ലേ?..”
“അവൻ വൈക്കത്തെവിടെയോ ഉണ്ടെന്നാണ് കേട്ടത്.. പോയപ്പോൾ രണ്ടോ മൂന്നോ ദിവസം എന്നെ കരുതിയുള്ളൂ.. പക്ഷെ അവനിങ്ങനെ പോകുമെന്ന് ഞങ്ങളാരും കരുതിയില്ല..”
“നോക്കൂ..കുഞ്ഞച്ചാ .. ഞങ്ങടെ പെണ്ണിന്റെ എന്തെങ്കിലും പരാതികൊണ്ടാണെങ്കിൽ അത് പറയണം. അവളെ ജനിച്ചത് മുതൽ വളർത്തിയത് മറ്റൊരു വീട്ടിൽ ജീവിക്കാൻ വേണ്ടിയാണ്. അടുക്കളയായാലും, പറമ്പിലെ കൃഷിയായാലും ആരും എന്റെ കൊച്ചിനെ മാറ്റി നിർത്തില്ല..എല്ലാത്തിനും മോളിൽ നിങ്ങക്കൊരു ആൺകുഞ്ഞിനെ പെറ്റു തന്നില്ലേ?”
“ഒക്കെ ശരിയാ.. അവള് ഞങ്ങൾക്ക് മകളാണ്.. മരുമോളല്ല..തലയിൽ വെളിച്ചം കേറി ഇന്നല്ലെങ്കിൽ നാളെ അവൻ തിരിച്ചു വരും. അവന്റെ അമ്മ കരഞ്ഞു പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല ..”
യോഹന്നാൻ താടിയും നെഞ്ചും കൈകൊണ്ടു ഉഴിഞ്ഞിട്ടു പറഞ്ഞു,
“എന്റെ മോളു ചെറുപ്രായമാ.. അവളുടെ ജീവിതം നശിച്ചു പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. മകൻ സ്വയം തിരിച്ചുവരുന്നില്ലെങ്കിൽ, അപ്പന്റെ സ്ഥാനത്തു നിന്ന് കുഞ്ഞച്ചൻ പോയി അവനെ വിളിച്ചോണ്ട് വരണം.. പട്ടക്കാരനും, ബന്ധുക്കളും, നാട്ടുകാരുമൊക്കെ കൂടി ഘോഷമായി നടത്തി മിന്നു കെട്ടിച്ചു കൊടുത്തതല്ലേ.. ആരെങ്കിലും ഉത്തരവാദിത്തം എടുക്കാതെ വയ്യ..”
പത്രോസിന്റെ പേരിൽ ഇന്ന് കുഞ്ഞച്ചന് വാക്ക് മുട്ടി. അയാൾ ഉത്തരമില്ലാതെ ദൂരേക്ക് നോക്കി.
“തിരിച്ചു വരും.. വരാതെ എവിടെ പോവാനാണ് ..അവന്റെ തലയിൽ സ്വാതന്ത്യവും സത്യാഗ്രഹവും ഗാന്ധിയുമൊക്കെ കേറിപ്പറ്റി. ഒക്കെ ശരിയാവും.. കർത്താവ് കൈ വിടില്ല..”
കമുകിന്റെ തുഞ്ചത്തെ അടയ്കാകുലകളെപ്പറ്റിയും, തെങ്ങിൻ മണ്ടയിലെ ചെള്ളിനെപ്പറ്റിയുമൊക്കെ സംസാരിച്ചപ്പോഴേക്കു കാപ്പിയും പലഹാരങ്ങളും തീന്മേശയിൽ നിരന്നു.
“ഞങ്ങളിറങ്ങുവാ.. ഇരുട്ടും മുൻപ് വീടെത്തണം, ലീലാമ്മയും അമ്മിണിയും തനിച്ചാണ്.”
അവർ യാത്ര പറഞ്ഞിറങ്ങി. ഇറങ്ങും മുൻപ് കൊച്ചുവറീത് അപ്പച്ചനും അമ്മച്ചിക്കും ഓരോ ഉമ്മകൾ സമ്മാനിച്ചു.
കടവിലെത്തിയപ്പോൾ വള്ളം അക്കരയിലാണ്.
പരമു വള്ളക്കാരനു വേണ്ടി ഉറക്കെ കൂവി. പാപ്പി അക്കരയിൽ നിന്ന് നീളൻ മുളങ്കമ്പ് മീനച്ചിലാറ്റിൽ കുത്തിയിറക്കി വെള്ളവുമായി വന്നു.
(തുടരും)
Reference
* ദാരിദ്ര്യ മാസങ്ങളിലെ ഭക്ഷണം: കൂവക്കിഴങ് ഉരച്ചു കലക്കി ഉണ്ടാക്കിയെടുക്കുന്ന കൂവപ്പൊടി മുരിക്കിലയിൽ പരാതി ചുട്ടെടുക്കുന്ന കൂവയട. കൊടപ്പനയുടെ തടി ഇടിച്ചു കലക്കി അരിച്ചെടുക്കുന്ന പനം പൊടി കൊണ്ടുണ്ടാക്കുന്ന പനയട
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
ഒരു മാനിക്വിൻ കഥ – പരിണാമം
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission