Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 13

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 13
ഏബ്രഹാം ചാക്കോ

അറസ്റ്റിനു മുൻപ് വീട്ടിൽ പോകുവാൻ ചന്ദ്രനും തേവനും തയ്യാറെടുക്കുമ്പോൾ, പത്രോസ് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. വീട്ടിൽ ചെന്ന് കയറിയാൽ പിന്നെ, അവിടെനിന്നു തിരിച്ചുപോരാമെന്നു പ്രതീക്ഷിക്കേണ്ട. അപ്പച്ചൻ ഏതുരീതിയിലാവും സ്വീകരിക്കുക എന്നും അറിയില്ല. പോകണമെന്നുണ്ട്; പക്ഷെ പോകാനും കഴിയുന്നില്ല.
“നീ വീട്ടിൽ പോകുന്നില്ലേ പത്രോസ്?” ചന്ദ്രൻ ചോദിച്ചു
“ഇല്ല.. പോയാൽ തിരിച്ചു വരാൻ പറ്റിയില്ലെന്നു വരും. വീട്ടിൽ ഭയങ്കര എതിർപ്പുകളാണ്..”
“തേവനോ?”
“ഞാൻ പോവ്വാ.. ഞായറാഴ്ച വൈകിട്ട് കാണാം..”
തേവന്റെ വീട് പൂത്തോട്ടയിലാണ് . അധികം ദൂരമില്ല.
ചന്ദ്രൻ പത്രോസിനെ തന്റെ വീട്ടിലേക്കു വിളിച്ചു. കായലിനപ്പുറത്താണ് പള്ളിപ്പുറം. തവണക്കരയിലിറങ്ങി നടക്കണം. സുന്ദരമായ ദ്വീപ്. വൈക്കത്തു വന്നപ്പോൾ പള്ളിപ്പുറം കാണാനും കിട്ടിയ ഒരു അവസരം..
“നീ എന്റെ കൂടെ പോരൂ.. എന്റെ വീട്ടിലുള്ളവരെയും പരിചയപ്പെടാം.. അവർക്ക് സന്തോഷമേ ഉണ്ടാവൂ….”
പത്രോസിനു അത് സ്വീകാര്യമായിരുന്നു. ഒരു മാറ്റം എന്തായാലും നല്ലതു തന്നെ.. ചന്ദ്രനും പത്രോസും പിറ്റേന്ന് പള്ളിപ്പുറത്തേക്കുള്ള വള്ളത്തിൽ യാത്രയായി.
തവണക്കടവിൽ ബോട്ടിറങ്ങി ചന്ദ്രനും പത്രോസും തൈക്കാട്ടുശ്ശേരിയിലേക്കു നടന്നു. ഒരു മണിക്കൂറിനടുത്തു നടപ്പുണ്ട്. തെളിഞ്ഞ ആകാശത്തിനു കീഴിൽ കാറ്റിൽ തലയാട്ടിക്കളിച്ചു വരിവരിയായി നിൽക്കുന്ന തെങ്ങുകൾ.
“വീട്ടിലാരൊക്കെയുണ്ട്?” പത്രോസ് ചോദിച്ചു.
“അച്ഛൻ, അമ്മ, അനിയത്തി.. ”
ചന്ദ്രന്റെ അച്ഛൻ ഭാസ്കരൻ വീട്ടിലുണ്ടായിരുന്നില്ല. അടുത്ത കവലയിൽ തേങ്ങാക്കച്ചവടവുമായി അദ്ദേഹം പതിവ് പോലെ തിരക്കിലായിരുന്നു. ഉച്ചയൂണിന്റെ സമയത്തേ വീട്ടിലെത്തൂ. അമ്മ കാർത്യായനി ചന്ദ്രനെ കെട്ടിപ്പിടിച്ചു കണ്ണീരൊഴുക്കി.
“എന്ത് കോലമാടാ ഇത്? കണ്ണും കവിളുമൊക്കെ കുഴിഞ്ഞു! നിനക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ലേ? ”
“വെറുതെ ഓരോന്ന് പറയാതെ അമ്മെ..എനിക്കൊരു കുഴപ്പവുമില്ല.”
“ഇതാരാ?
“പത്രോസ്.. കൂട്ടുകാരനാ”
അമ്മ ഉച്ചയൂണ് കാലമാക്കാൻ അടുക്കളയിലേക്കു കയറി. അമ്മ പോയിട്ടും പോകാതെ അനുജത്തി വട്ടം ചുറ്റി നിന്നു.
“എന്താടീ പഞ്ചമീ നീ ചുറ്റിത്തിരിയണത്?”
അവൾ പാവാടതുമ്പിൽ തിരിപിടിപ്പിച്ചു ചന്ദ്രനെ പൊതിഞ്ഞു നിന്ന് ചോദിച്ചു
“എനിക്കെന്താ കൊണ്ടുവന്നേ?”
“നിനക്കൊന്നൂല്ല..”
“അങ്ങിനെ ചേട്ടൻ വെറും കൈയ്യായി വരില്ലെന്ന് എനിക്കറിയാലോ?”
പഞ്ചമി ജ്യേഷ്ഠന്റെ സഞ്ചിയിൽ കൈയിട്ടു തപ്പി, അയാൾ ജെട്ടിയിൽ നിന്ന് വാങ്ങിയ നാരങ്ങാ മിട്ടായികൾ അവളുടെ കൈയ്യിൽ തടഞ്ഞു. അവൾ മിട്ടായിയുമായി അടുക്കളയിലേക്ക് ഓടി.
പഞ്ചമിക്ക് ചന്ദ്രനെക്കാൾ രണ്ടുവയസ്സ് ഇളപ്പമാണ്. അടുക്കളയിൽ അമ്മയുടെ പ്രധാന സഹായിയാണ് അവൾ.
“അച്ഛൻ വരാൻ താമസിക്കും. നിങ്ങൾ കഴിച്ചോളൂ..” കാർത്യായനി പറഞ്ഞു.
കഴുകിയെടുത്ത തൂശനിലയിൽ ചൂടുചോറും സാമ്പാറും വിളമ്പി. കഴിച്ചുകൊണ്ടിരുന്നപ്പോൾ ചന്ദ്രൻ പത്രോസിനോട് ചോദിച്ചു.
“എങ്ങിനെയുണ്ടെടാ ഊണ്?”
പത്രോസ് ഉത്തരം അമ്മയോടും പഞ്ചമിയോടുമായി പറഞ്ഞു.
“സത്യാഗ്രഹ പന്തലിലെ ഭക്ഷണം കഴിച്ചു ഞങ്ങളുടെ രുചി തന്നെ നഷ്ടപ്പെട്ടുപോയി. കുറെകാലത്തിനുശേഷമാണ് ഇങ്ങനെയൊരു ഊണ് കഴിക്കുന്നത്.”
പഞ്ചമി ഇലയിലേക്കു വീണ്ടും പപ്പടം ഇട്ടു.
ഊണിനുശേഷം ചന്ദ്രൻ പത്രോസിനെ കൂട്ടി സ്ഥലമൊക്കെ കാട്ടിക്കൊടുത്തു. പള്ളിപ്പുറത്തിന്റെ പടിഞ്ഞാറേ അതിരുവരെ അവർ നടന്നു. മുന്നിൽ ജലപ്പരപ്പ് പരന്നു കിടന്നു.
“വയലാർ കായലാണ്. അതിനപ്പുറത്തു തുറവൂർ. അതിനുമപ്പുറത്തു അറബിക്കടൽ..”
തിരിച്ചു വരുന്ന വഴിയിൽ ചന്ദ്രന്റെ അച്ഛൻ ഭാസ്കരനെയും കണ്ടു. തിരക്കില്ലാത്ത കവലയുടെ മൂലയിലായിരുന്നു ഭാസ്ക്കരന്റെ കട. കടക്കുള്ളിലും പുറത്തും തേങ്ങാ കൂട്ടിയിട്ടിരുന്നു. അറുപതിനോടടുത്തു പ്രായം കാണും ഭാസ്കരന്. വെയിലിൽ വെന്തുവാടിയ ദേഹത്തു കാലം കോറിയ രേഖകൾ ധാരാളമായി ആ ദേഹത്ത് പ്രകടമായിരുന്നു.
“പള്ളിപ്പുറത്തുകാർക്കു രണ്ടു വശത്തും കായലാണ്. കിഴക്ക് വൈക്കം കായലും, പടിഞ്ഞാറു വയലാർ കായലും.. കാറ്റിനും വെള്ളത്തിനും ഒരിക്കലും കുറവില്ലാത്ത നാടാണ്..”
സംസാരിക്കുമ്പോൾ ഭാസ്ക്കരന്റെ സ്വതവേ അടഞ്ഞിരിക്കുന്ന കണ്ണുകൾ പുതിയ പ്രകാശവുമായി തുറക്കും.
“നല്ല ഭംഗിയുള്ള നാട്..” പത്രോസ് പറഞ്ഞു.
“അച്ഛാ, ഞങ്ങൾ ഗുരുദേവനെ കണ്ടു..” ചന്ദ്രൻ ഇടയ്ക്കു കയറി.. “കഴിഞ്ഞ ആഴ്ച.. ഞങ്ങളോട് സംസാരിക്കുകയും ചെയ്തു..”
“അതെയോ?..” ഭാസ്കരന്റെ കണ്ണിൽ തെളിച്ചം തിരിച്ചെത്തി.
“പുണ്യാത്മാവാണ്..നേരിൽ കാണാൻ കഴിഞ്ഞല്ലേ? ഭാഗ്യം..”
ഇരുട്ടും മുൻപേ ഭാസ്കരൻ കടപൂട്ടി വീട്ടിലെത്തി. കാപ്പികുടിച്ചു ഭാസ്കരൻ ഓരോ കാര്യങ്ങൾ പറഞ്ഞു. വെള്ളക്കാരും സവർണരും കൂടി ഈ നാട് അവരുടെ കാൽകീഴിൽ വച്ചിരിക്കുകയാണ്. പാവങ്ങൾക്കും, കീഴ്ജാതികൾക്കും ഇവിടെയെന്തു വില? ഗാന്ധിജിയുടെ സമരമൊക്കെ ഈ വെള്ളക്കാർ വകവെക്കുമോ? ജന്മികൾ നാട്ടിലെ കൃഷിനിലം മുഴുവൻ കൈയ്യാളി വെച്ചിരിക്കുന്നടത്തോളം കാലം ഈ നാട് രക്ഷപെടുന്നതെങ്ങിനെ? രാജാവും, പട്ടാളവും പോലീസുമെല്ലാം പണമുള്ളവർക്കും, മേല്ജാതിക്കാർക്കും വേണ്ടി മാത്രം!
“മാറും.. ഒരു ദിവസം ഈ കൃഷിസ്ഥലങ്ങളൊക്കെ കര്ഷകനു കിട്ടുന്ന ഒരു കാലം വരും. ജാതിയും മതവും വേലികൾ കെട്ടിയുയർത്താത്ത നന്മയുള്ള ഒരു നാട്.. അതാണെന്റെ സ്വപ്നം..” പത്രോസ് തന്റെ മനസ്സ് തുറന്നു
“പുളിങ്കുന്നിലെ പെരുമ്പറയന്റെ കഥ കേട്ടിട്ടുണ്ടോ?”
“ഇല്ല..പുളിങ്കുന്ന് എവിടെയാണ്?” പത്രോസ് ചോദിച്ചു.
“പുളിങ്കുന്ന് കുട്ടനാട്ടിലാണ്. വെളിയനാടിനു അടുത്ത്.. പുളിങ്കുന്നിലെ പെരുമ്പറയന്റെ കഥ അറിയാത്തവർ കുട്ടനാട്ടിൽ ഉണ്ടാവില്ല..അത് യഥാർത്ഥ കർഷകന്റെ കഥയാണ്; കുട്ടനാടിന്റെ ചേറ്റുമണ്ണിന്റെ കഥയാണ്.”
ഭാസ്കരൻ കഥ പറഞ്ഞു.
പെരുമ്പറയന്റെ പേരിൽ തന്നെ അവന്റെ ജാതിയുണ്ട്. അന്നും ഇന്നും, മണ്ണിലും ചേറിലും ഇറങ്ങുന്നവരിൽ ഭൂരിപക്ഷം പറയനും പുലയനും തന്നെ. കീഴ്ജാതികളെയെല്ലാം ചേർത്തു വിളിക്കാൻ ഒരു പേരേയുള്ളു …. പണിയാളുകൾ… ഊഴിയപ്പണി സമ്മതിച്ചു തലമുറ തലമുറയായി ജന്മിയുടെ കുടിയാരായി ജീവിക്കുന്നവർ. പെരുമ്പറയനെ കൊണ്ടുവന്നത് കോട്ടയത്തെ പാക്കിൽ നിന്നാണ്. ജന്മി അയാൾക്കു അയ്യനാട്‌ പാടശേഖരത്തിന്റെ ബണ്ടിൽ കുടിൽ കെട്ടാൻ സ്ഥലം കൊടുത്തു.
പറ്റിയാൽ മൂന്നു കൃഷി..മേടമാസത്തിൽ വിരിപ്പ്, കന്നിമാസത്തിൽ മുണ്ടകൻ, ധനുമാസത്തിൽ പുഞ്ച..
മഴ ചതിച്ചാൽ രണ്ടു കൃഷി.. ചിലപ്പോൾ ഒന്നോ ഒന്നുമില്ലാതെയോ വരാം ..
അയാൾക്കും അയാളുടെ പെണ്ണിനും പിടിപ്പതു പണിയുണ്ടായിരുന്നു. അറിഞ്ഞു വേലചെയ്യുന്ന പെരുമ്പറയൻ പണിയാളരിൽ മുന്പനായി. ബണ്ടിൽ ദിവസവും ചേറും മണ്ണും കോരിപ്പൊത്തും, കട്ടയുടച്ചു വയല് തെളിക്കും, ചക്രത്തിന്മേൽ പാട്ടുപാടിയിരുന്നു വെള്ളം ചവിട്ടും.
ചെമ്മായും പാടത്തു..
ചാത്തനും നീലിയും..
തമ്പ്രാൻ പടിക്കൽ ചെന്നേ..
തെയ്യം താരാ.. തകതാര താരാ ..
കാരിരുമ്പിൽ തീർത്ത ശരീരമായിരുന്നു പെരുമ്പറയന്റേത്. കിഴക്ക് വെള്ളകീറും മുൻപേ പണിക്കിറങ്ങും. അവനു ക്ഷീണമറിയില്ല; കൂടെയുള്ളവർ വരമ്പിലിരുന്നാലും അവൻ ഒരു വാശിയോടെ നിലം ഉഴുതു മറിച്ചുകൊണ്ടിരിക്കും. അവനു ഒരു പണിയാളന്റെ വിനയമില്ലെന്നു ചിലരൊക്കെ പരാതി പറയും. അന്തിക്കള്ളു രണ്ടുകുടം മോന്തി, തിണ്ണയിലിരുന്നു ഉറക്കെ പാടുന്ന പെരുമ്പറയന്റെ ശബ്ദം ദൂരെക്കാർക്കും കേൾക്കാമായിരുന്നു.
കവടിപിഞ്ഞാണി നിറച്ചു കഞ്ഞിയും, മുറിക്കാതെയിട്ടു വെച്ച മത്തിക്കറിയും വിളമ്പി, കൂട്ടിരിക്കുന്ന അവന്റെ പെണ്ണ്, രാത്രിയിൽ അവന്റെ കുഞ്ഞുങ്ങളെ പെറണമെന്ന് മോഹിച്ചു കൂട്ടുകിടന്നു.
മണ്ണിന്റെ മക്കൾക്ക് വെള്ളം മൽസ്യങ്ങളെക്കൊടുത്തു; കര, തേങ്ങായും നെല്ലും കൊടുത്തു. വിശന്നു കിടക്കാൻ ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത കുട്ടനാടിനെ അവർ സ്നേഹിച്ചു. .
വയല് നിരപ്പാക്കി ഞാറ് നടണം, കള പറിക്കണം.. പെരുംപറയനും പെണ്ണും അക്ഷീണം പണിയെടുത്തു. അവർക്ക് ഒഴിവുദിനങ്ങളോ രാത്രികളോ ഉണ്ടായിരുന്നില്ല. പകൽ വയലിൽ, അല്ലെങ്കിൽ തമ്പ്രാന്റെ വീട്ടിൽ, രാത്രിയിൽ വയലിന് കാവൽ..അവരുടെ ജോലികൾ തന്നെയായിരുന്നു അവരുടെ ജീവിതവും.. പക്ഷെ അവൾ തീണ്ടാരിയായാൽ കുടിലിനു പുറത്തു കാലുവെയ്ക്കാൻ പാടില്ല; പുറത്തിറങ്ങിയാൽ അയാൾ ചീത്തവിളിക്കും..
“തീണ്ടാരികള് പാടത്തിൽ ഇറങ്ങാൻ പാടില്ലാന്നു അറിയില്ലേടീ…”
“നിങ്ങള് കത്താനെകൊണ്ട് എൻ എറങ്ങീല്ലല്ലോ..”
“എറങ്ങാനും പാടില്ല..പാടത്തോട്ടു നോക്കാനും പാടില്ല.. കാല് കഴുകാൻ ഓലിയിൽ പോവാനും പാടില്ല..”
അവൾക്ക് അതൊക്കെ അറിയാം. കുട്ടനാട്ടിലെ പെണ്ണുങ്ങൾക്കൊക്കെ അറിയാം..ആരും പാടം അശുദ്ധമാക്കില്ല.
കതിരിട്ടു നിന്ന പടത്തിനു മുകളിൽ ആകാശം കറുത്തിരുണ്ട് വരുന്നത് കണ്ടു പണിയാളന്മാർ നിലവിളിച്ചു “ചതിക്കല്ലേ ദൈവങ്ങളേ..”
പക്ഷെ മഴ തകർത്തു പെയ്തു. പെരുമ്പറയന്റെയും, മറ്റു പണിയാളുടെയും പ്രാർത്ഥന ഉയരങ്ങളിലേ മഴമേഘങ്ങൾ കേട്ടില്ല.
രാത്രിയിൽ ബണ്ടു തകർന്നു. മൺകെട്ടിനെ മുറിച്ചു വെള്ളം കതിരണിഞ്ഞു നിൽക്കുന്ന നെൽച്ചെടികളിലേക്ക് ആർത്തലച്ചു ഒഴുകിയിറങ്ങി. ആണും പെണ്ണും കുട്ടികളും നെഞ്ചത്തടിച്ചു നിലവിളിച്ചു. “ചതിച്ചല്ലോ ദൈവേ..”
തമ്പുരാൻ പണിയാളുകളെ വിളിച്ചുകൂട്ടി.
ബണ്ടു കെട്ടണം. എങ്ങിനെയും കൃഷി നശിക്കാൻ പാടില്ല. രാത്രി മുഴുവൻ ആളുകൾ ചേറും മണ്ണും കോരി പണിയെടുത്തു. പണിയാളുകളുടെ ഏലം വിളികൾക്കു ആവേശം കൂട്ടാൻ മൂത്തുപുളിച്ച കള്ളിൻകുടങ്ങൾ നിരന്നു.
മട ഉറയ്ക്കണമെങ്കിൽ നരബലി വേണമെന്ന് ആരാണ് പറഞ്ഞുകൊടുത്തത്? നിർബന്ധിച്ചു കൊടുത്ത കള്ളിൻകുടങ്ങൾക്കുള്ളിലെ ചതി പെരുമ്പറയൻ തിരിച്ചറിഞ്ഞില്ല.
നാലുകുടം ഉള്ളിൽ ചെന്നാലും കുലുങ്ങാത്ത പെരുമ്പറയൻ, രണ്ടാമത്തെ കുടം ഉള്ളിലാക്കിയതോടെ നാക്ക് കുഴഞ്ഞും, കാഴ്ച മങ്ങിയും ഒരു മൂലയ്ക്ക് വീണു.
കൂടെയുള്ളവർ അയാളുടെ ദേഹത്തു മുള വച്ചുകെട്ടി, ബണ്ടിന് കുറുകെയിട്ട്, അതിനു മുകളിലേക്ക് ചേറുമണ്ണ് കോരിക്കോരിയിട്ടു ബണ്ടു ഉറപ്പിച്ചു.
പെരുമ്പറയൻ ബണ്ടിന്റെ ഉള്ളിൽ എന്നന്നേക്കുമായി ഉറങ്ങി. നിലവിളിച്ചു ഒച്ചകൂട്ടാൻ പെരുമ്പറയന്റെ പെണ്ണിനു സമയം കൊടുത്തില്ല. പെരുമ്പറയന്റെ പെണ്ണിന്റെ വായിൽ തുണി തിരുകി കൈകാലുകൾ കെട്ടി കളപ്പുരയിലേക്കു മാറ്റി.
“എന്നിട്ട്?”
ഭാസ്കരന്റെ നിശബ്ദത. കണ്ണുകളിലെ വെളിച്ചം കെടുത്തി അടഞ്ഞുപോയ കൺപോളകൾ.
അയാൾ പതിയെ തുടർന്നു.
“ആ രാത്രി അങ്ങിനെ അവസാനിച്ചില്ല. മുറിഞ്ഞ മടയിൽ തെങ്ങിൻകുറ്റികളിട്ട് ഒഴുക്കു തടഞ്ഞു ചെറിട്ടു പൊക്കി. പശചേറിനുള്ളിൽ പെരുമ്പറയനെ ജീവനോടെ കുഴിച്ചുമൂടി അവർ ആരവങ്ങളോടെ പിരിഞ്ഞു.
റാന്തൽ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ പെരുമ്പറയന്റെ പെണ്ണ് കളപ്പുരയുടെ ഒരു മൂലയിൽ കിടന്നു ഞരങ്ങുകയും കണ്ണീരൊഴുക്കുകയും ചെയ്തു. കായൽകാറ്റിൽ ചെരിഞ്ഞു പെയ്യുന്ന മഴ, കൊള്ളിയാൻ മിന്നിത്തിളങ്ങി. കളപ്പുരയിൽ എത്തിയ തമ്പുരാൻ കണ്ടത്, ചുവന്ന കണ്ണുകളും, ചേറിൽ മുങ്ങിയ ദേഹവുമായി എതിരെ നിൽക്കുന്ന പെരുമ്പറയനെയാണ്.
ഭാസ്കരൻ പിന്നെ ആ കഥ തുടർന്നില്ല. പത്രോസ് വളഞ്ഞ തെങ്ങിൻതടിയിൽ ചാരിനിന്നു കൈതോടിനക്കരേക്ക് നോക്കി. ചൂട്ടുകറ്റകൾ വീശി ആരോ നടന്നു പോകുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞു മുറ്റത്ത് ഉലാത്തികൊണ്ടിരുന്ന ഭാസ്കരനോട് ചന്ദ്രൻ പറഞ്ഞു.
“അച്ഛാ, ഞങ്ങൾ നാളെ രാവിലെ പോകും..”
“ഉം..”
“നീ ഇനി എന്നാടാ വരുന്നേ?” കാർത്യായനി ചോദിച്ചു. അമ്മയുടെ പിന്നിലായി പഞ്ചമി.
“സത്യഗ്രഹം തീർന്നാലുടനെ.. ചിലപ്പോൾ ഒരു മാസം, അല്ലെങ്കിൽ രണ്ടു മാസം.”
കായലിലെ കാറ്റുമേറ്റ് ചന്ദ്രനും, പത്രോസും ഉമ്മറത്തിണ്ണയിൽ തഴപ്പായിട്ടു കിടന്നു. നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്ന ആകാശത്തിനു ചുവട്ടിൽ നിലാവിൽ കുളിച്ചു തലയാട്ടുന്ന തെങ്ങുകൾ. ഓരോന്ന് പറഞ്ഞു പറഞ്ഞു അവർ എപ്പോഴോ ഉറങ്ങി.
മനസ്സിലേക്ക് പെരുമ്പറയൻ തിരിച്ചുവന്നു.
കളപ്പുരയിൽ നിന്നും, ഇടിവെട്ടിപ്പെയ്യുന്ന മഴയിലേക്ക് തമ്പുരാൻ ഭയന്നോടി. മിന്നൽപിണരുകൾ വെളിച്ചം വീഴ്ത്തിയ മുറ്റത്തു കാൽ വഴുതി, അയാൾ നടക്കല്ലിൽ തലയടിച്ചു വീണു.
ചോരയൊഴുകി കാഴ്ച മങ്ങിയ കണ്ണുകളിലൂടെ അയാൾ കണ്ടു.. മുറ്റത്തിന്റെ പുറത്തെ അതിരിൽ നിൽക്കുന്ന പെരുമ്പറയനെ.
കിഴക്കേ മുറ്റത്തിനരികിലെ കൂറ്റൻ മാവ് ഇടിമിന്നലിൽ നിന്നു കത്തി..എട്ടുകെട്ടിലെ ചെളിച്ചേരാത്ത മനുഷ്യർക്കുമേൽ ചെളിതുള്ളികൾ പോലുള്ള കുരുപ്പുകൾ പൊങ്ങി. പാമ്പും പഴുതാരയും, എലിയും, എട്ടുകാലിയും, അട്ടയും, തേളും, മുറ്റത്തിന്റെ അതിരുകൾ ഭേദിച്ചു എട്ടുകെട്ടിലേക്കു കയറി നിറഞ്ഞു.
പത്രോസ് ഉണർന്നു.
രാവിലെ അവർ കാപ്പികുടിച്ചിട്ടു ഇറങ്ങി. കാർത്യായനിയും, പഞ്ചമിയും മുറ്റത്തേക്കിറങ്ങിവന്നു. മകന്റെ കൂട്ടുകാർ വീട്ടിൽ വരുന്നതും അവരെ പരിചയപ്പെടുന്നതും കാർത്യായനിക്ക് ഇഷ്ടമാണ്. നമ്മുടെ കുട്ടികളുടെ കൂട്ടുകാർ ആരെന്നറിയുമ്പോൾ, നമുക്ക് കുട്ടികളുടെ പോക്ക് മനസ്സിലാവും. മാതാപിതാക്കൾക്ക് മുഖം കൊടുക്കാതെ രഹസ്യത്തിൽ നടക്കുന്ന കൂട്ടുകാരോ, അവരെ സൂക്ഷിക്കണം.
“ഇനിയും സമയമുണ്ടാക്കി വരണം..” കാർത്യായനി പറഞ്ഞു.
“വരാം..” പത്രോസ് ചിരിച്ചു.” ഈ നാട് എത്ര സുന്ദരം..”
അമ്മയുടെ പിന്നിൽ നിന്ന് പഞ്ചമി സ്നേഹപൂർവ്വം പുഞ്ചിരിച്ചു.
ഭാസ്കരൻ അവരുടെ കൂടെ തവണക്കടവിന്റെ പാതിവഴിവരെ കൂട്ടുപോയി. നടപ്പിനിടയിൽ അയാൾ പത്രോസിനോട് സമരത്തെപ്പറ്റിയൊക്കെ ചോദിക്കുകയും പറയുകയും ചെയ്തു.
“ഞാൻ ഇവനെ സമരത്തിന് വിടാൻ പാടില്ലാത്തതാണ്. ഇവനൊരുത്തനേ ഉള്ളു ആൺകുട്ടിയായിട്ട്. പക്ഷെ ഞാൻ തടയുന്നില്ല. ഈ നാട് മാറേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. അപകടത്തിൽ പെടരുത്. പോലീസിന്റെ കൈയ്യിൽ പെടാതെ നോക്കിക്കോണം. കൈയ്യിൽ വടിയും തോക്കും കൊടുത്തു വലിയ ഏമാന്മാർ ചെറിയ പോലീസുകാരെക്കൊണ്ട് എല്ലാ ദ്രോഹങ്ങളും നടത്തിയെടുക്കും. മനുഷ്യരെ ദ്രോഹിച്ചു കുറെയാവുമ്പോൾ അവർക്കും അതൊക്കെ ഒരു ദിനചര്യ പോലെയാവും..”
പത്രോസ് ഒന്നും മറുത്തു പറഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞാൽ ജയിലിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുകയാണെന്ന് എങ്ങിനെ പറയും?
പത്രോസ് പറഞ്ഞു
“എന്റെ വീട്ടിൽ നിന്നു ഞാൻ ഒളിച്ചു പോന്നതാണ്. സ്വാതന്ത്രസമരം അനാവശ്യമാണെന്നാണ് വീട്ടിലെല്ലാവരും കരുതുന്നത്. വീട്ടിൽ പറയുന്നത് ബ്രിട്ടീഷുകാരെ നമുക്ക് തോൽപ്പിക്കാനാവില്ല; രാജഭക്തി ദൈവീകമാണ്. ഇതിനൊക്കെ പോയാൽ ഈശ്വരകോപം ഉണ്ടാവും എന്നൊക്കെയാണ്..”
” കാശും, വടീം കൈവശമുള്ളോർക്ക്, അതില്ലാത്തോരെ അയിത്തമാണ്. പണിയൻ മടയിൽ വീണാലും, പണിയത്തി പെറാൻ കൂരയിൽ വാവിട്ടാലും, അവരോടെ പിള്ളേര് വിശന്നു വയറ്റില് തല്ലികരഞ്ഞാലും ആർക്കു ചേദം? ഇല്ലാത്തവന് തലക്കുമോളിൽ ഒരു കൂരയും, വയറു നിറക്കാൻ രണ്ടു പറ്റിനും വേണ്ടിയുള്ള ഓട്ടമാണ്, അതും കൊടുക്കില്ലാന്നു വന്നാൽ എന്താ ചെയ്ക?”
ദൂരെ തെക്കുകിഴക്കോട്ടു വിരൽ ചൂണ്ടി ഭാസ്കരൻ പറഞ്ഞു
“ദൂരെ കുട്ടനാട് കണ്ടോ? പച്ചച്ച നെൽപ്പാടങ്ങൾ മാത്രമല്ല നാം കാണേണ്ടത്. അതിന്റെ അടിയിലെ ചേറിനുള്ളിൽ കിടക്കുന്ന പെരുമ്പറയന്മാരെയും നമ്മൾ കാണണം..പെരുമ്പറയന്മാരെ കല്ലിൽ ആവാഹിച്ചു തിരികൊളുത്തിയാൽ ദോഷം തീരുമെന്ന് ഏതോ ഒരു അമ്പലവാസി നമ്പൂതിരി പറഞ്ഞത് വിശ്വസിച്ചിരിക്കുകയാണ് ജന്മിമാർ.. അവർക്കറിയില്ല, പെരുമ്പറയൻ മരിക്കുന്നില്ലെന്ന സത്യം.”
വഴിപിരിയും മുൻപ് അയാൾ ചന്ദ്രനെയും പത്രോസിനെയും തോളിൽ കൈയ്യിട്ടു പിടിച്ചു യാത്രയാക്കി.
“പോയിവാ.. ആപത്തുകണ്ടാൽ ഒഴിഞ്ഞു മാറിക്കോണം. ആരോഗ്യം നോക്കണം..” പിന്നെ പത്രോസിനോടായി പ്രത്യേകം പറഞ്ഞു.”ഇനിയും വരണം, കാണണം..”
ചന്ദ്രനും പത്രോസും തവണക്കടവിലേക്കു നടപ്പു തുടർന്നു.
ഇടയ്ക്കു പത്രോസ് പറഞ്ഞു.
“നിന്റെ അച്ഛൻ ഒരു വലിയ മനുഷ്യനാണ്”
“അച്ഛന്റെ മുതുവല്യച്ചൻ പുളിങ്കുന്നിൽനിന്ന് ഓടിപ്പോന്നവരാണ് എന്നാണ് കേൾവി. അച്ഛൻ വിശ്വസിക്കുന്നത്, അദ്ദേഹം ആറാം തലമുറയാണെന്നാണ്. ഒരിക്കലും ആർക്കും കൊല്ലാനാവാത്ത പെരുമ്പറയന്റെ വംശാവലി.”

(തുടരും)

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!