Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 1

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

1

അശ്രദ്ധമായി വരച്ച വരകൾ പോലെയായിരുന്നു ഗ്രാമത്തിലെ വഴികളും ഉപവഴികളും. അവക്കിടയിൽ ഗ്രാമം നിരവധി തുണ്ടുകളായി കിടന്നു. മീനച്ചിലാറും, അതിന്റെ ഇരുകരകളിലുമായി വയലുകളും, കുന്നുകളും, പാറകളും, അവയ്ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന തോടുകളും അലങ്കരിച്ചു കിടക്കുന്ന ഗ്രാമം. മണ്ണിൽ പകലന്തിയോളം വിയർപ്പൊഴുക്കി പണിയെടുക്കുകയും, വളർന്നു വരുന്ന കൃഷിച്ചെടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്ന അനവധി കർഷകരിൽ ഒരാളായിരുന്നു ആഞ്ഞിലിമൂട്ടിലെ കുഞ്ഞച്ചൻ.
കുഞ്ഞെറുക്കന്റെ മകൻ ചാണ്ടിമാപ്പിള, അപ്പൻ വഴി വീതം കിട്ടിയ നാലേക്കർ സ്ഥലം നാല്പതുവര്ഷത്തെ പരിശ്രമങ്ങൾക്കുശേഷം മക്കൾക്ക് വീതം വെച്ചു കൊടുത്തപ്പോൾ ഏഴാമത്തെ മകൻ കുഞ്ഞച്ചനു രണ്ടേക്കർ മുപ്പതുസെൻറ് ലഭിച്ചു. കുഞ്ഞച്ചന്റെ ഭാര്യ അന്നാമ്മ ആദ്യ പ്രസവത്തിൽ ആൺകുഞ്ഞിനെ നൽകി. പിന്നാലെ രണ്ടു പെൺകുട്ടികൾ. മൂന്നാമത്തെ പ്രസവത്തോടെ ഇനി പാടില്ല എന്ന് അപ്പോത്തിക്കിരി കട്ടായം പറഞ്ഞതോടെ കുഞ്ഞച്ചന് കൂടുതൽ ആൺതരികൾ ഉണ്ടാവില്ല എന്ന സ്ഥിതിയായി. അടുത്ത തലമുറ മകൻ പത്രോസിലൂടെ വളർന്നു, വരുംതലമുറകൾ ഈ ദേശത്തു നിറയുന്ന കാലത്തെപ്പറ്റി കുഞ്ഞച്ചൻ സ്വപ്നം കണ്ടു.
കുഞ്ഞച്ചൻ മണ്ണിനെ സ്നേഹിച്ച കർഷകനായിരുന്നു. അയാളുടെ ഉള്ളിൽ എപ്പോഴും മണ്ണും കൃഷിയും, വളവും, കീടങ്ങളും, അവയോടുള്ള പോരാട്ടങ്ങളും നിറഞ്ഞുനിന്നു. എല്ലാ പിതാക്കന്മാരെപ്പോലെ ആയാളും തന്റെ മകനെ തന്നെക്കാൾ വലിയ കൃഷിക്കാരനാക്കാൻ ആഗ്രഹിച്ചു.
ആട്ടിൻകൂടിന്റെ തറയിലെ അലകുപാളികൾക്കിടയിൽ താഴെ വീഴാതെ തടഞ്ഞു നിന്ന കറുത്ത മണികളുമായി പത്രോസ് ഉമ്മറത്തിണ്ണയിലിരുന്നു കളിച്ചു. തെങ്ങോലച്ചീന്തുകൾ പിനച്ചു ഓലപന്തുണ്ടാക്കി കുഞ്ഞച്ചൻ മകനു കൊടുത്തു. വെള്ളക്കയിൽ ഈർക്കിലി കുത്തിയുണ്ടാക്കിയ എലിമൂളിയും വട്ടം ചുറ്റിച്ചു പത്രോസ് വീട്ടു മുറ്റത്തിന് വട്ടം വെച്ചു.
ഒഴിവു സമയങ്ങളിൽ കുഞ്ഞച്ചൻ പത്രോസിനോട് കൃഷിയെപ്പറ്റി പറഞ്ഞു.
“മണ്ണ് ചതിക്കത്തില്ലടാ പാത്തൂസ്..” അയാൾ പത്രോസിനെ അരുമയോടെ പാത്തൂസ് എന്നാണ് വിളിക്കുക “മണ്ണ് നീതിയുള്ളതാ .. അതിനെ സ്നേഹിച്ചു പരിപാലിച്ചാൽ അത് നിന്നെയും പരിപാലിക്കും..”
പത്രോസിന്റെ കൈയ്ക്കും കാലിനും ഇണങ്ങുന്ന ഒരു കുഞ്ഞിതൂമ്പയും കൊല്ലൻ ഉണ്ടാക്കികൊടുത്തു. വീടിനു ചുറ്റും അവനു പുല്ലു ചെത്തിപ്പറിക്കാമല്ലോ. പാവൽ തോട്ടത്തിലേക്കും കുഞ്ഞച്ചൻ മകന്റെ കൈ പിടിച്ചു കൊണ്ടുപോകും.
“പാത്തൂസ്, പാവലിന്റെ തിരിക്കു പേപ്പർ കെട്ടിക്കോ.. ഈച്ച കുത്തിക്കളയുന്നെന് മുൻപേ..”
കുറച്ചു കൂടി വളർന്നപ്പോൾ പത്രോസിനു ആഴ്ചച്ചന്തയിൽ പോകാനും ക്ഷണം കിട്ടി
“പാത്തൂസ് .. നീ എന്റെകൂടെ ആഴ്ചചന്തക്കു പോരെ..കച്ചോടോം കാണാം.. അപ്പച്ചൻ പലഹാരോം മേടിച്ചു തരാം..”
അമ്മിണിയും ലീലാമ്മയും അപ്പച്ചന്റെ പക്ഷപാതിത്വം ശ്രദ്ധിക്കാൻ തുടങ്ങി. അവർ അമ്മയോട് പരാതി പറഞ്ഞു.
“അപ്പച്ചന് അവനോട് മാത്രമേ സ്നേഹോള്ളൂ..”
“അങ്ങിനെ ഒന്നുമില്ല പിള്ളേരെ.. അപ്പനമ്മമാർക്ക് എല്ലാരും ഒരുപോലെയാ..” അന്നാമ്മ പെൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കും. ” പാത്തൂസ് ഒരാൺകുട്ടിയാ.. അവനു പഠിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്..അവനു വേണ്ടാത്തതായും കുറെ കാര്യങ്ങളുണ്ട്..”
“അവനെന്താ പഠിക്കണ്ടാത്തത്?” അമ്മിണി ചോദിച്ചു
“നിലത്തു നിക്കടി..” അന്നാമ്മക്ക് ദേഷ്യം വന്നു. “അവനു പെറാൻ പഠിക്കണ്ടാ..അവനു അടുക്കളജോലി പഠിക്കേണ്ട .. എന്റെ തല തിന്നാതെ പൊയ്ക്കോ..”
പത്രോസിന്റെ പഠിത്തം ഏഴാം തരത്തിൽ നിർത്തേണ്ടതായിരുന്നു. കുഞ്ഞച്ചന്റെ ലോകത്തു അതിൽ കൂടിയ പഠിത്തമൊന്നും പ്രയോജനമുള്ളതായിരുന്നില്ല. കൂട്ടാനും കുറയ്ക്കാനും അറിയണം. മനക്കണക്ക് അറിയണം. കണക്കിന്റെ പട്ടിക പന്ത്രണ്ടു വരെ കാണാതെ അറിയണം. പോരേ?
കൂടുതൽ പഠിച്ച് പത്രാസു കാണിച്ചിട്ടെന്തു പ്രയോജനം? വാഴവിത്തു മരുന്നിൽ മുക്കി ഒരു രാത്രി വെച്ചാൽ പിണ്ടിദീനം ഉണ്ടാവില്ലെന്ന് പഠിപ്പിച്ചാൽ പ്രയോജനമുണ്ട്. വളർത്തു മൽസ്യങ്ങൾക്കു ചേമ്പില അരിഞ്ഞു കൊടുത്താൽ നല്ലതാണെന്നു പഠിപ്പിച്ചാൽ പ്രയോജനമുണ്ട്. ഒരുപിടി മണ്ണ് വാരിയെടുത്തു നോക്കിയിട്ടു എന്ത് കൃഷി ഇതിൽ പറ്റുമെന്ന് അറിയാൻ പഠിപ്പിച്ചാൽ പ്രയോജനമുണ്ട്
പത്രൊസ്‌ പിന്നെയും പഠിച്ചു എട്ടിലും ഒമ്പതിലും എത്തി. ചെറിയ ക്ലാസ് മുതലേ അഗസ്തിയും ദേവനുമായിരുന്നു കൂട്ടുകാർ. വിശ്വനാഥ് വയസ്സിൽ മൂത്തയാളായിരുന്നു. സ്കൂളിനടുത്തായിരുന്നു അയാളുടെ വീട്. സ്കൂൾ കഴിഞ്ഞാലും പത്രോസ് കുറെ സമയം വിശ്വനാഥിന്റെ വീട്ടിൽ ചിലവഴിക്കും. അലമാരയിൽ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളെ അത്ഭുതത്തോടെ നോക്കികാണും.
വിശ്വനാഥ് പറഞ്ഞാണ്, പത്രോസ് സ്വാതന്ത്ര്യസമരത്തെപ്പറ്റി ആദ്യം കേട്ടത്. കച്ചവടത്തിന് വന്ന വെള്ളക്കാർ നമ്മുടെ രാജ്യത്തെ പലവിധത്തിൽ അവരുടെ വരുതിയിലാക്കി. ചിലേടത്തു അവർ നേരിട്ട് ഭരിക്കുന്നു. മറ്റു ചിലേടത്തു നാട്ടു രാജാക്കന്മാരുടെ പിറകിൽ നിന്ന് ഭരിക്കുന്നു. മദ്രാസിൽ അവർ നേരിട്ട് ഭരിക്കുന്നു. തിരുവിതാംകൂറിൽ രാജാവിന്റെ കൈയ്യിലും കാലിലും ചരടുകെട്ടി അവർ പിന്നിൽ നിന്ന് കളിക്കുന്നു. ഈ നാടിൻറെ സ്വത്തുക്കൾ മുഴുവൻ ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കയറ്റി അയക്കുന്നു.
പത്രോസിനു ഏറ്റവും രസകരമായി തോന്നിയത്, ഇംഗ്ളണ്ട് നമ്മുടെ രാജ്യത്തെക്കാൾ വളരെ ചെറിയ ഒരു രാജ്യമാണെന്നുള്ള അറിവാണ്. അതെങ്ങിനെ സാധിക്കും എന്ന് പത്രോസിനു മനസ്സിലായില്ല.
വായനയിലൂടെയല്ലാതെ മനുഷ്യന് വളരാനാവില്ല എന്ന് വിശ്വനാഥൻ ഇപ്പോഴും ഓർമിപ്പിക്കും. വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണം. പണമുള്ളവനും പണമില്ലാത്തവനും, മേല്ജാതിക്കാർക്കും, കീഴ്ജാതിക്കാർക്കും വിദ്യാഭ്യാസത്തിന് അവസരം ലഭിക്കണം..
തിരുവനന്തപുരത്തു വെങ്ങാനൂർ എന്ന സ്ഥലത്തു പുലയർക്കുവേണ്ടി പള്ളിക്കൂടം തുടങ്ങിയ കഥ വിശ്വനാഥൻ പറഞ്ഞു.
പണിയാളരുടെ ആൺകുട്ടികൾ പണിയാളന്മാരാവണം. പെൺകുട്ടികൾ കുട്ടിയായിരിക്കുമ്പോഴേ പെറ്റു പെറ്റ് ഒരുപാട് പണിയാളന്മാരെ നൽകണം.. കുട്ടികൾ പഠിച്ചു പോയാൽ ഇതൊക്കെ നടക്കുമോ? ഇങ്ങനെയാണ് ജന്മിമാരുടെ ചിന്തകൾ. പുലയൻ പഠിയ്ക്കരുതെന്ന് എഴുതിവെച്ചപ്പോൾ അത് ആത്മീയത കൊണ്ടല്ല, അവരുടെ സാമ്പത്തികനേട്ടങ്ങൾക്ക് വേണ്ടിയായിരുന്നു.
സാധാരണ പള്ളിക്കൂടങ്ങളിൽ പുലയക്കുട്ടികൾക്ക് പ്രവേശനം നല്കാത്തതുകൊണ്ട് അയ്യങ്കാളി എന്ന പുലയ നേതാവാണ് ആ പള്ളിക്കൂടത്തിനു വേണ്ടി മുൻകൈ എടുത്തത്. വിദ്യാഭ്യാസം ഇല്ലെങ്കിൽ ഒരിക്കലും പുലയരുടെയും പറയരുടെയും ജീവിതം മെച്ചപ്പെടില്ല എന്ന് അയ്യങ്കാളിക്ക് അറിയാമായിരുന്നു. കീഴ്ജാതിക്കാർ വിദ്യാഭ്യാസം നേടുന്നത് സവർണർ ഏതുവിധേനയും എതിർത്തു. ദളിതർക്കു വേണ്ടി ആദ്യമായി നിർമിച്ച വെങ്ങാനൂറിലെ പള്ളിക്കൂടം പണിതീർന്ന അതേ രാത്രിയിൽ തന്നെ തീയിട്ടു നശിപ്പിച്ചു.
അയ്യൻ‌കാളി ഇതിനെ പ്രതിക്ഷേധിച്ച് തുടങ്ങിയതാണ് കൃഷിഭൂമി തരിശിടൽ സമരം. ഒരു ദളിതനും പാടത്തേക്കു പോയില്ല. നൂറുകണക്കിന് പാടങ്ങൾ കൃഷിയിറക്കാതെ കിടന്നു. പട്ടിണിയാണെങ്കിലും കർഷകർ ഒരുമിച്ചു നിന്നു. കൃഷിഭൂമികളെല്ലാം തരിശായി കിടന്നപ്പോൾ ജന്മികൾ സ്വന്തമായി കൃഷിചെയ്യുവാനും ശ്രമിച്ചു. അപ്പോളാണ് പണിക്കാരുടെ ജോലിഭാരം ജന്മിമാർ അറിഞ്ഞത്. മേൽമുണ്ട് തോളത്തിട്ട്, വരമ്പത്തുനിന്ന് പണിക്കാരിപ്പെണ്ണുങ്ങളുടെ മുന്നും പിന്നും നോക്കിനിൽക്കുന്നതുപോലെ സുഖമുള്ള കാര്യമല്ല ചേറിലിറങ്ങി പണിയെടുക്കുന്നത് എന്ന് അവർ മനസ്സിലാക്കി.
1904 തുടങ്ങിയ സമരം 1907 ആയപ്പോഴേക്കും വിജയം കണ്ടു. പുലയക്കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പോയി പഠിക്കാമെന്നു ഉത്തരവായി.
വിശ്വനാഥൻ തുടർന്നു.
“എന്നിട്ടും തുടർന്നുവന്ന ഏഴു വർഷങ്ങൾ സ്ഥിതി മോശമായി തുടർന്നു. ഒരു പള്ളിക്കൂടവും പുലയക്കുട്ടികൾക്ക് പ്രവേശനം കൊടുത്തില്ല. അയ്യങ്കാളിയുടെ നിരന്തരമായ ഇടപെടൽ മൂലം 1914 ൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ദളിത് കുട്ടികളെ നിർബന്ധമായും പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിക്കണം.
“ഈ ഉത്തരവിന്റെ ബലത്തിൽ പഞ്ചമി എന്നൊരു പുലയ പെൺകുട്ടിയുമായി അയ്യൻ‌കാളി നെയ്യാറ്റിൻകരയിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അധ്യാപകർ കുട്ടിയെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ അയ്യൻ‌കാളി ബലമായി കുട്ടിയെ പള്ളിക്കൂടത്തിലെ ബഞ്ചിലിരുത്തി.
“നമ്മുടെ നാട്ടിലെ ജാതിചിന്തകൾ എത്ര ശോചനീയമാണ്! അന്ന് രാത്രി പഞ്ചമിയെന്ന പുലയപെൺകുട്ടി കയറി അയിത്തമാക്കി എന്ന് ആരോപിച്ച് സവർണർ ആ പള്ളിക്കൂടവും തീയിട്ടു നശിപ്പിച്ചു.”
പത്രോസ് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചു; നാട്ടിലുടനീളം നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് തന്നാലാവുന്ന പോലെ എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹിച്ചു. കൃഷിക്കും, കീടനാശിനിക്കും അകലെ, പുസ്‌തകങ്ങളുടെയും അവയിലൂടെ തുറന്നു കിട്ടിയ പുതിയ ലോകങ്ങളിലേക്കും അവൻ യാത്ര ചെയ്തു. ചാണകവും, ആട്ടിൻകാഷ്ഠവും കോരാൻ പത്രോസ് മുന്നിട്ടിറങ്ങിയില്ല. മണ്ണിൽ പണിയെടുക്കേണ്ട നേരം, അവന്റെ മനസ്സ് നിറയെ ഗോപാൽകൃഷ്ണ ഗോഖലെ, ദാദാഭായ് നവറോയ്, മോത്തിലാൽ നെഹ്‌റു, ലാലലജ്പത് റായ്, മോഹൻദാസ് ഗാന്ധി എന്നിങ്ങനെ കുറെ പേരുകളുടെ മാസ്മരികതയായിരുന്നു.
കുഞ്ഞച്ചൻ സാമ-ദാന-ഭേദ-ദണ്ഡനങ്ങളിലൂടെ പതോസിനെ മാറ്റിയെടുക്കാൻ പാടുപെട്ടു. അപ്പന്റെ ചീത്തകേട്ട് പത്രോസ് മറുപടിയില്ലാതെ നിന്നു. ഉത്തരത്തിൽ, എല്ലാം കണ്ടും കേട്ടുമിരിക്കുന്ന അപ്പന്റെ ചൂരൽ വടി താഴെയിറങ്ങി, കാലുകളിലും പുറത്തും വേദനകളുടെ ഓർമകൾ നൽകി വീണ്ടും മുകളിൽ പോയിരുന്നു.
അമ്മ ചുവന്നു പൊന്തിച്ച അടിപാടുകളിൽ എണ്ണതേച്ചു ആശ്വസിപ്പിക്കുമ്പോൾ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“എന്റെ മോനെ, അപ്പൻ പറയുന്നത് കേട്ട് നടക്ക്.. വേണ്ടതിനൊന്നും എന്റെ മോൻ പോകണ്ട..”
പക്ഷെ സമയം മുൻപോട്ടു പോകുന്നതിനനുസരിച്ചു പത്രോസ് ബലവാനായിവന്നു.
ഒരുദിവസം പത്രോസ് അമ്മയോട് രഹസ്യത്തിൽ പറഞ്ഞു. “എനിക്കൊരു സ്ഥലത്തു പോകണം.. കോൺഗ്രസിന്റെ സമ്മേളനം..പത്തു രൂപ വേണം..”
“എന്റെ കുഞ്ഞേ.. നിനക്കെന്തിന്റെ കേടാ? അപ്പച്ചൻ അറിഞ്ഞാൽ നിന്നെ വെച്ചേക്കത്തില്ല..നമുക്കിതൊന്നും വേണ്ടടാ മോനെ..”
പത്രോസ് ചെവികൊടുത്തില്ല. അവൻ ഒരാഴ്ചത്തേക്ക് വീടുവിട്ടു പോയി. ഒറ്റപ്പാലത്തു* കോൺഗ്രസിന്റെ സമ്മേളനമാണെന്നാണ് പറഞ്ഞത്. വെള്ളക്കാർക്കെതിരെയുള്ള കൂട്ടമാണെന്നും ഏതോ വലിയ അപകടത്തിലേക്കാണ് മകൻ പോകുന്നതെന്നും അമ്മക്ക് മനസ്സിലായിരുന്നു. പക്ഷെ, അവർക്കു ഉപദേശിക്കാനും തടയാനും കഴിയാത്തവിധം മകൻ വളർന്നുകഴിഞ്ഞിരുന്നു. അമ്മക്ക് അറിയാത്ത കാര്യങ്ങളാണ് പത്രോസ് പറയുന്നത്. അമ്മയുടെ കണ്ണുനീരിനോ പ്രീണനങ്ങൾക്കോ അവനെ തടയുവാൻ കഴിഞ്ഞില്ല.
ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഇത്രയും ദൂരം അവൻ യാത്ര ചെയ്തത്. കൂട്ടത്തിൽ വിശ്വനാഥനും, അഗസ്തിയുമുണ്ടായിരുന്നു. ദേവനും ചെറിയാനും പോരാൻ കുറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തിരുവിതാംകൂർ രാജ്യത്തിനു പുറത്തേക്കുള്ള ആദ്യയാത്ര. ഒറ്റപ്പാലം ബ്രിട്ടീഷ് അധീനതയിലുള്ള വള്ളുവനാട് താലൂക്കിൽ പെട്ട സ്ഥലമായിരുന്നു. ഗാന്ധിജിയുടെ പടങ്ങളും, കോൺഗ്രസിന്റെ പതാകകളും അലങ്കരിച്ച സമ്മേളന സ്ഥലത്തു തെക്കും വടക്കുമുള്ള മലയാളനാടുകളിൽ നിന്നെല്ലാം ആളുകൾ വന്നിരുന്നു.
വിദ്യാർത്ഥി സമ്മേളനത്തിന്റെ അധ്യക്ഷൻ ‘ഇൻഡിപെൻഡന്റ്’ പത്രാധിപർ ജോർജ് ജോസഫ് ആയിരുന്നു. ഖിലാഫത് പ്രസ്ഥാനത്തെപ്പറ്റിയും ആളുകൾ പ്രസംഗിച്ചു. മഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തോറ്റതിനു ശേഷം, സാമ്രാജ്യത്തിൽ നിന്ന് സിറിയ, ലബനോൻ, ഇറാക്ക്, അർമീനിയ തുടങ്ങിയ പ്രദേശങ്ങൾ സ്വതന്ത്രമായി.
അബ്ദുൽ ഹമീദ് രണ്ടാമൻ, തന്റെ സുന്നി മുസ്ലിമുകളുടെ ഖലീഫ എന്ന പദവി ഉറപ്പിച്ചു നിർത്താൻ ഇന്ത്യൻ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടതിന്റെ തുടർച്ചയായാണ് ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയത്. ഹിന്ദുക്കളും മുസ്ലിമുകളും ഒരുമിച്ച് ഒറ്റപ്പാലം സമ്മേളനത്തിൽ പങ്കെടുത്തത് മലബാർ കളക്ടർ തോമസ് അസന്തുഷ്ടനായിരുന്നു. ജാതീയമായി ആളുകളെ വിഭജിച്ചു നിർത്തുക എന്നത് ബ്രിട്ടീഷുകാരുടെ പരമ്പരാഗത രീതിയായിരുന്നു.
ഒറ്റപ്പാലം കച്ചേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പെരുമ്പിലാവിൽ രാവുണ്ണിമേനോൻ വക്കീൽ പണി നിർത്തി മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകനായി സമ്മേളനത്തിന്റെ ചുമതലകളുമായി അവിടെ ഉണ്ടായിരുന്നു. ഗാന്ധിജിയുടെ നിസ്സഹകരണമന്ത്രത്തെപ്പറ്റി ആളുകൾ സംസാരിച്ചു. ജോലിയുപേക്ഷിച്ചു വന്നവർ, വീടുപേക്ഷിച്ചു വന്നവർ, ഒരുപാടു പഠിച്ചവർ.. ഇവരുടെ ഇടയിലൂടെ ആളുകളെ പരിചയപ്പെട്ടും സംസാരിച്ചും നടന്നപ്പോൾ, പത്രോസിനു ഒരു പുതുജീവൻ ലഭിച്ചു.
ഈ നാട്ടിൽനിന്നു ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കും.. നമ്മൾ ജനിച്ച ഈ നാട് നമ്മുടേത് മാത്രം..
ഗാന്ധിജിയുടെ നിസ്സഹകരണമന്ത്രവുമായി ഒത്തുകൂടിയ മൂവായിരത്തിലധികം പേരിൽ ഒരാളായി പത്രോസ് നാല് ദിവസം അവിടെയുണ്ടായിരുന്നു. അധ്യക്ഷൻ പ്രകാശം*സാറിന്റെ അടുത്തു ചെന്നു “ഗുഡ് മോർണിംഗ് ” എന്ന് പറഞ്ഞു; കൂടുതൽ സംസാരിക്കുവാൻ ആഗ്രഹിച്ചെങ്കിലും ഇഗ്ലീഷ് ഭാഷ അത്രക്കങ്ങു വഴങ്ങിയില്ല.
പ്രകാശം സാറിന്റെ പ്രസംഗം മൊഴിമാറ്റം ചെയ്തു പറഞ്ഞത് കേശവമേനോന്* സാറാണ്. സർക്കാർ ജോലിക്കാർ ജോലി ഉപേക്ഷിക്കാനും, അഭിഭാഷകർ കോടതി ബഹിഷ്കരിക്കാനും, കുട്ടികളെ സർക്കാർ സ്കൂളിൽ അയക്കാതിരിക്കാനുമൊക്കെ പ്രാസംഗികർ ആഹ്വാനം ചെയ്തു. പത്രോസിനു സർക്കാർ ജോലിയില്ലാത്തതുകൊണ്ടും, അഭിഭാഷകൻ അല്ലാത്തതുകൊണ്ടും, സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചതുകൊണ്ടും പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടിവന്നില്ല.
സ്ത്രീകളും കുട്ടികളും ദേശഭക്‌തി ഗാനങ്ങൾ ആലപിച്ചു. ചർക്കയിൽ നൂൽ നൂറ്റു. ഒരു ഉത്സവപ്രതീതി ആയിരുന്നു ഒറ്റപ്പാലത്ത്. ഇത്ര ആളുകൾ കൂടുമെന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല; മൂവായിരത്തിലധികം പേർ നിറഞ്ഞ സമ്മേളനങ്ങൾ അവരെ വിറളി പിടിപ്പിച്ചു.
“ഒറ്റപ്പാലത്തു വന്നിട്ട് ഇവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു കാണാമായിരുന്നു.” അഗസ്തിക്കു ചുറ്റിയടിക്കാൻ മോഹം. ദേവനും ചെറിയാനും പത്രോസും കൂടെക്കൂടി. തീവണ്ടിയാപ്പീസും പരിസരങ്ങളുമൊക്കെ ചുറ്റിക്കറങ്ങി.
അടുത്ത ദിവസം പുറത്തിറങ്ങാൻ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ വിശ്വനാഥൻ ഓടിവന്നു.
“പോകല്ലേ.. അപകടമുണ്ട്..”
തലേന്ന് നടക്കാനിറങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് കണക്കിന് അടി കിട്ടി.
“പോലീസുകാർ മാത്രമല്ല; തല്ലാൻ പുറത്തുനിന്നും ആളിറങ്ങിയിട്ടുണ്ട്.”
നാലാം ദിവസം അങ്ങാടിയിലെത്തിയ ചില പ്രവർത്തകർക്ക് പോലീസിന്റെ തല്ലുകിട്ടി. അതു തിരക്കിപ്പോയ രാവുണ്ണിമേനോനും, ഹമീദ് ഖാനും ചെങ്ങളത്തു മാധവമേനോനും* വല്ലാതെ അടികിട്ടി. അവരെ സമ്മേളനസ്ഥലത്തേക്ക് എടുത്തുകൊണ്ടു വരേണ്ടിവന്നു.
ഒറ്റപ്പാലം അങ്ങാടി ചുറ്റികാണാനുള്ള മോഹം പത്രോസും കൂട്ടുകാരും തൽക്കാലം ഉപേക്ഷിച്ചു.
ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയപ്പോൾ പത്രോസിനെ പലരും തിരിച്ചറിഞ്ഞില്ല. താടിയും മുടിയും വളർന്നു, അശ്രദ്ധമായ മുഷിഞ്ഞ വേഷത്തിൽ അയാൾ തിരിച്ചെത്തിയപ്പോൾ വീട് ഒരു മരണവീട് പോലെ നിശബ്ദമായിരുന്നു. പത്രോസിനെ കണ്ടതോടെ, തീയിൽ ചവിട്ടിയതു പോലെ കുഞ്ഞച്ചൻ മുറ്റത്തും ഉമ്മറത്തുമായി ചാടിത്തുള്ളി. അന്നമ്മ സമാധാന ശ്രമങ്ങളൊക്കെ നടത്തി നോക്കിയിട്ടു ഫലം കണ്ടില്ല. അമ്മിണിയും, ലീലാമ്മയും ഭയന്ന് അടുക്കള പിന്നാമ്പുറത്തു മറഞ്ഞു നിന്നു.
കുഞ്ഞച്ചൻ പൊട്ടിത്തെറിച്ചു.
പത്രോസിന്റെ മുഖമടച്ചു തല്ലി!
അനുസരണയിൽ ജീവിച്ചില്ലെങ്കിൽ നിന്റെ ജീവിതം, കെടാത്ത തീയും ചാവാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണെന്നു മുന്നറിയിപ്പ് നൽകി. ആകെയുള്ള ഒരു ആൺതരി വഴിപിഴച്ചുപോയ വിധിയെ ചൊല്ലി അയാൾ സ്വയം ശപിക്കുകയും, ആ കൂട്ടത്തിൽ ഇളം തിണ്ണയിലിരുന്ന ഒരു പാവം ഓട്ടുകിണ്ടി തൊഴിച്ചു തൊണ്ടിലേക്കു തെറിപ്പിക്കുകയും ചെയ്തു.

(തുടരും)

References
* ഏപ്രിൽ 1921 : ഒറ്റപ്പാലത്തു ഭാരതപ്പുഴയുടെ തീരത്തു നടന്ന ആദ്യത്തെ അഖിലകേരള രാഷ്ട്രീയ സമ്മേളനം KPCC യുടെ ആദ്യത്തെ ചരിത്ര പ്രാധാന്യമുള്ള സമ്മേളനം. ഭാഷയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി മലബാർ എന്നീ പ്രദേശങ്ങൾ യോജിപ്പിച്ചു ഒരു സംസ്ഥാനമാക്കാനുള്ള ആദ്യത്തെ പ്രമേയം ഈ സമ്മേളനത്തിൽ അംഗീകരിച്ചു.
* രാവുണ്ണിമേനോൻ, ഹമീദ് ഖാൻ, ചെങ്ങളത്തു മാധവമേനോൻ: ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിന്റെ സംഘാടകർ
* ആന്ധ്രകേസരി ടി.പ്രകാശം (1872 – 1957) സ്വാതന്ത്ര്യസമര സേനാനി, അഭിഭാഷകൻ, എഴുത്തുകാരൻ. മദ്രാസ് പ്രെസിഡെൻസി ചീഫ് മിനിസ്റ്റർ, ആദ്യത്തെ ആന്ധ്രാ സംസ്ഥാന ചീഫ് മിനിസ്റ്റർ.
* കെ പി കേശവമേനോൻ (1886 – 1978) സാമൂഹ്യപരിഷ്‌കർത്താവ്, എഴുത്തുകാരൻ, ‘മാതൃഭൂമി’ പത്രത്തിന്റെ സ്ഥാപകൻ

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 1”

Leave a Reply

Don`t copy text!