“”ഹാ സുരേഷേട്ടാ.. ഏട്ടനെന്താ ഇവിടെ..
ഹിമ സുരേഷിനെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു..
“”ഞാൻ വൈഫുമായി ചുമ്മാ കറങ്ങാൻ ഇറങ്ങിയതാണ്.. അപ്പോഴാണ് നീ ഇവിടെ നിൽക്കുന്നത് കണ്ടത്..
“”ആഹാ എന്നിട്ട് ചേച്ചി എന്തിയെ..
“”അവൾ ദേ ഒരു കൂട്ടുകാരിയുമായി സംസാരിച്ചു നിൽപ്പുണ്ട്..
പിന്നിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സുരേഷ് പറഞ്ഞു..
“”ഏട്ടാ ഇതാണ് എന്റെ ഹസ്ബൻഡ് ഡേവിഡ്..
“”ഓ ഇതാണോ ആള്..എനിക്ക് അറിയാം..
ഡേവിഡിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു സുരേഷ് പറഞ്ഞു..
“”അല്ല ഏട്ടനെങ്ങനെ ഇച്ഛനെ അറിയാം..
“”ഹാ ബെസ്റ്റ്.. ഈ നിക്കുന്ന മാഷല്ലേ അന്ന് വിശാലിനെ ഹോസ്പിറ്റലിൽ എത്തിച്ചതും അവിടുത്തെ ബിൽ പേ ചെയ്തതും ഒക്കെ..
അല്ല മാഷ് നിന്നോട് ഇതൊന്നും പറഞ്ഞിട്ടില്ലേ….
അത് കേട്ടതും ഹിമ ഡേവിഡിനെ തറപ്പിച്ചൊന്ന് നോക്കി..
ഡേവിഡാകെ പതറി നിൽക്കുകയാണ്..
അവന്റെ നെറ്റിത്തടത്തിൽ നിന്നു വിയർപ്പ് പൊടിയുന്നുണ്ട്..
“”ഞാൻ നാട്ടിൽ ഇല്ലായിരുന്നു മോളെ .. നമ്മുടെ വിശാൽ മരിച്ചു കുറച്ചു നാൾ കഴിഞ്ഞതും ജോലിയുമായി ബന്ധപ്പെട്ടു ഞാൻ ചെന്നൈകയിൽ ആയിരുന്നു..
കുറച്ചു നാളെ ആയുള്ളൂ വന്നിട്ട്..
വന്നപ്പോൾ ആണ് നിന്റെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ ഞാൻ അറിയുന്നത്..
പക്ഷേ ഈ മാഷായിരിക്കും നിന്റെ ഭർത്താവെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല….
അയാൾ ചെറു ചിരിയോടെ പറഞ്ഞു..
“”വന്ന അന്ന് ആണെന്ന് തോന്നുന്നു ഞാൻ ഈ മാഷിനെ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു.. അല്ലേ മാഷേ..
സുരേഷിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം ഡേവിഡ് ” മ്മ്മ്മ് “
എന്ന് ഇരുത്തി മൂളി..
“”നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു മോളെ ..
വിശാലിന്റെ കൂടെയുള്ള നിന്റെ ജീവിതം എങ്ങനെ ആയിരുന്നെന്നൊക്കെ എനിക്ക് അറിയാം..
എന്തായാലും ഇപ്പോൾ നല്ലൊരു ജീവിതമാണ് നിനക്ക് കിട്ടിയതെന്ന് നിന്റെ മുഖത്തെ ഈ സന്തോഷം കാണുമ്പോൾ മനസ്സിലാവും….
സുരേഷ് അത് പറഞ്ഞു നിർത്തുമ്പോൾ ഡേവിഡിന്റെ മുഖമാകെ വിളറി വെളുത്തിരുന്നു..
ഇത്രയും കാലം താൻ മറച്ചു പിടിച്ച രഹസ്യം അവൾക്ക് മുന്നിൽ ഇനി വെളിപ്പെടുത്തേണ്ടി വരുമെന്ന് അവന് മനസ്സിലായി..
അതറിയുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം ഓർത്തവന്റെ നെഞ്ച് പിടഞ്ഞു..
“”അല്ല മാഷേ.. മാഷെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..
സുരേഷ് ഡേവിഡിനെ നോക്കി കൊണ്ട് ചോദിച്ചു..
“”ഹേയ് ഒന്നുമില്ല..
പതറിയ സ്വരത്തിലവൻ മറുപടി പറഞ്ഞു.
ഞാൻ ഇച്ഛനെ തറപ്പിച്ചു നോക്കിയതും ഇച്ഛൻ മെല്ലെ തല താഴ്ത്തി നിന്നു..
അപ്പോഴേക്കും സുരേഷേട്ടന്റെ ഭാര്യ അവിടേക്ക് വന്നു..
അവർ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു..
കാരണം എന്റെ ചിന്തകൾക്ക് അപ്പോഴേക്കും തീ പിടിച്ചു തുടങ്ങിയിരുന്നു..
ഇച്ഛന്റെ മുഖത്തെ വെപ്രാളം കൂടി കണ്ടപ്പോൾ എന്റെ സംശയങ്ങൾ അതിരുകൾ ഭേദിച്ചു കടന്നു പോയി..
“”ശെരിയെന്നാൽ ഞങ്ങൾ പോവാട്ടോ.. പിന്നെ ഇതുപോലെ എന്നെങ്കിലും കാണാം..
എന്നും പറഞ്ഞവർ യാത്ര പറയുമ്പോൾ ഒരു കൃത്രിമ ചിരി അവർക്ക് സമ്മാനിച്ചു ഞാൻ നിന്നു..
എന്റെ ചോദ്യം ചെയ്യൽ ഉണ്ടാവുമെന്ന് ഭയാനെന്നോണം ഇച്ഛൻ വേഗം ചെന്ന് കാറിൽ കേറി..
പിന്നാലെ ഞാൻ ചെന്ന് ബാക്ക് ഡോർ തുറന്നു കൈയിൽ ഇരുന്ന സാധങ്ങൾ കാറിനുള്ളിൽ വെച്ച് ഡോർ അടച്ചു..
പിന്നീട് ഫ്രണ്ട് ഡോർ തുറന്നു അകത്തേക്ക് കേറി ഇരുന്നു കൊണ്ടു ഡോർ ശക്തിയായി അടച്ചു..
അതിൽ നിന്നും തന്നെ എന്റെ ഉള്ളിലെ ദേഷ്യം ഇച്ഛന് മനസ്സിലായി കാണുമെന്നു എനിക്ക് തോന്നി..
എന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ ഒന്നും മിണ്ടാതെ ആള് കാർ സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് തിരിച്ചു..
വരാനുള്ള ഭൂകമ്പത്തിന് മുന്നോടി എന്നോണം കാറിനുള്ളിൽ ഞങ്ങൾ ഇരുവരും മൗനം പാലിച്ചു.
പരസ്പരം നോക്കാൻ പോലും ഞങ്ങൾ മടിച്ചു..
മനസ്സിൽ ഉയർന്നു വന്നു കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ ഹിമയുടെ മനസ്സ് കുഴങ്ങി കൊണ്ടിരുന്നു..
എന്തായാലും വീട്ടിലെത്തി എല്ലാം ചോദിക്കണം എന്നവൾ ഉറപ്പിച്ചിരുന്നു..
ഡേവിഡ് ആണെങ്കിൽ സത്യം മുഴുവൻ പറയേണ്ടി വന്നാൽ ഉള്ള ഹിമയുടെ പ്രതികരണം എന്താവുമെന്ന് അറിയാതെ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയിരുന്നു..
കടിഞ്ഞാൺ ഇല്ലാത്ത പട്ടം പോലെ അവന്റെ മനസ്സ് പാറി നടന്നു..
ദൂരങ്ങൾ പിന്നിട്ടു ചെത്തിമറ്റം തറവാടിന് മുന്നിൽ ചെന്നു കാർ നിന്നു..
ഹിമ വേഗം തന്നെ ഡോർ തുറന്നു പുറത്തിറങ്ങി തറവാടിന് ഉള്ളിലേക്ക് നടന്നു..
അമ്മയും അന്നയും പോയ വിശേഷങ്ങൾ ചോദിക്കാൻ അടുത്തേക്ക് വന്നെങ്കിലും അവൾ അവരെ മൈൻഡ് ചെയ്യാതെ നേരെ റൂമിലേക്ക് നടന്നു..
“”ഇവൾക്കിത് എന്തുപറ്റി.. രണ്ടും തമ്മിൽ വല്ല വഴക്കും ഉണ്ടായോ..
അമ്മ അന്നയോടായി പറഞ്ഞു..
“”ഹാ ആർക്കറിയാം.. ചേട്ടായിയോട് ചോദിക്കാം..
അന്ന അത് പറയുമ്പോളേക്കും ഡേവിഡ് വാങ്ങിയ ഡ്രെസ്സും ഒക്കെ എടുത്തു കൊണ്ടു കേറി വന്നു..
അവർക്കുള്ളത് ഏൽപ്പിച്ചവൻ അവരെ നോക്കി തന്റെ മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു..
“”മോനെ ഡേവിഡേ.. നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ.. അവളെന്താ മോന്തയും കുത്തി വീർപ്പിച്ചു കേറി പോയത്….
“”ഹേ വഴക്കൊന്നും ഉണ്ടായില്ലമ്മേ..
അവൾക്ക് തലവേദന ആണെന്ന് പറഞ്ഞു..
എന്തായാലും ഞാൻ അങ്ങോട്ട് ചെല്ലട്ടെ എന്നും പറഞ്ഞവൻ റൂമിലേക്ക് നടന്നു..
സ്റ്റൈയർകേസിന്റെ ഓരോ പടികളും കേറുമ്പോൾ ഡേവിഡിന്റെ നെഞ്ചിടുപ്പ് ഏറി വന്നു കൊണ്ടിരുന്നു..
ഹിമ എങ്ങനെ പ്രതികരിക്കുമെന്നറിത്തത് കൊണ്ട് തന്നെ അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു നിന്നു ..
റൂമിന് മുന്നിൽ എത്തി പാതി ചാരിയ വാതിൽ തുറന്നവൻ അകത്തേക്ക് കേറി ഡോർ ലോക്ക് ചെയ്തു..
റൂമിലെ ടേബിളിലേക്ക് ഡ്രസ്സ് വെച്ച ശേഷം കട്ടിലിൽ തലയിണയിലേക്ക് മുഖം പൂഴ്ത്തി കമഴ്ന്നു കിടക്കുന്ന ഹിമക്ക് അരുകിലേക്ക് പതിയെ നടന്നു ചെന്നു..
“”ഡി..
നേർത്ത സ്വരത്തിൽ അവൻ വിളിച്ചു..
അവൾ ഒന്നും മിണ്ടാതെ അതേ കിടപ്പ് തുടർന്നത് കണ്ടവൻ അവളുടെ തോളിൽ വിറയാർന്ന കൈ തൊട്ടു കൊണ്ടു മെല്ലെ ഒരിക്കൽ കൂടി വിളിച്ചു..
അതോടെ അവൾ ചാടി എഴുന്നേറ്റു അവന്റെ നേരെ നേരെ നോക്കി..
ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..
അവളുടെ കണ്ണീർ തുടയ്ക്കാൻ അവൻ കൈ നീട്ടി..
“”തൊട്ട് പോവരുതെന്നെ..
അവളവന് നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..
പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം കണ്ട് ഡേവിഡ് ആകെ പതറി പോയി..
“”ഡി.. ഞാൻ..
“”നിങ്ങൾ കൂടുതൽ ഒന്നും പറയണ്ട.. എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം മാത്രം പറഞ്ഞാൽ മതി..
നിങ്ങളാണോ ആക്‌സിഡന്റ് ആയി കിടന്ന വിശാലേട്ടനെ ഹോസ്പിറ്റലിൽ എത്തിച്ചത്..?
“”മ്മം.. അതേ..
ശബ്ദം താഴ്ത്തിയവൻ മറുപടി പറഞ്ഞു..
“”എന്നിട്ടെന്തു കൊണ്ട് എന്നോട് ഇതുവരെ ഈ കാര്യം മറച്ചു വെച്ചു..
“”ഡി അത്.. അത് പിന്നെ.. ഞാൻ..
ഡേവിഡിന്റെ വാക്കുകൾക്ക് ഇടയിൽ വിറയൽ അനുഭവപ്പെട്ടു..
“”സത്യം പറ..എന്തിനാണ് എന്നോട് ആ കാര്യം മറച്ചു വെച്ചത്..
ഇനി നിങ്ങൾ തന്നെ ആണോ ആ ആക്‌സിഡന്റ് ഉണ്ടാക്കിയത്….
ഹിമയുടെ ചോദ്യം ചാട്ടുളി കണക്കിന് ഡേവിഡിന്റെ കാതുകളെ തുളച്ചു കേറി….
അവന്റെ ഉച്ചി മുതൽ ഉള്ളം കാൽ വരെ ഒരു തരിപ്പ് അനുഭവപ്പെട്ടു..
“”പറ.. എനിക്കറിയണം സത്യം..
അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു..
“”ഡി ഞാൻ എല്ലാം പറയാം പക്ഷേ നീയത് ക്ഷമയോടെ കേൾക്കണം..
എന്റെ കാറിടിച്ചാണ് അന്ന് ആ ആക്‌സിഡന്റ് ഉണ്ടായത്..
ഡേവിഡിന്റെ വാക്കുകൾ കേട്ടതും ഹിമ ഞെട്ടലോടെ ബെഡിലേക്ക് ഇരുന്നു പോയി..
“”പക്ഷേ അന്ന് ആ കാറോടിച്ചത് ഞാനല്ല ഡെന്നിസ് ആയിരുന്നു..
കൂട്ടുകാരന്റെ വീട്ടിൽ പോവാനെന്നും പറഞ്ഞു അവൻ ഇവിടെ നിന്നും കാറും എടുത്തു പോയ വഴിക്കാണ് ആക്‌സിഡന്റ് ഉണ്ടായത്..
അന്നേരം അവനാകെ പേടിച്ചു വിരണ്ടെന്നെ വിളിച്ചു കാര്യം പറഞ്ഞതും ഞാൻ വേഗം തന്നെ അവിടേക്ക് ചെന്നു ….
ഇരുട്ട് വീണു കിടന്നിരുന്ന ആ ഇടവഴിയിൽ രക്തത്തിൽ കുളിച്ച് ബോധമറ്റു കിടക്കുന്ന വിശാലിനെയും അതിനടുത്തു ഭയന്ന് വിറച്ചു നിൽക്കുന്ന ഡെന്നിസിനെയും ആണ് ഞാൻ ചെല്ലുമ്പോൾ കണ്ടത്..
ഡെന്നിസിനോട് വണ്ടി എടുത്തു പൊക്കോളാൻ പറഞ്ഞിട്ട് ഞാൻ
വേഗം തന്നെ വിശാലിനെ കോരിയെടുത്തു
ഞാൻ വന്ന വണ്ടിയിൽ കിടത്തി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു..
ശെരിക്കും ആ നിമിഷം ഞാനും ആകെ പതറി പോയിരുന്നു..
അപ്പോഴാണ് അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്നിരുന്ന ഫോൺ നേഴ്സ് എന്റെ കൈയിൽ കൊണ്ടു വന്നു തന്നത്..
ഞാനത് വാങ്ങിയ നിമിഷം തന്നെ സുരേഷിന്റെ കോൾ അതിലേക്ക് വന്നു..
പെട്ടെന്ന് തന്നെ ഞാനാ കോൾ എടുത്തു അയാളോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു ..
അവൻ വന്നതിന് ശേഷം ബിൽ പേ ചെയ്യാനുള്ള കാശും അവനെ ഏൽപ്പിച്ചാണ് ഞാൻ അവിടെ നിന്നും പോരുന്നത്..
വഴിയരികിൽ വണ്ടി തട്ടികിടക്കുന്നത് കണ്ട് ഞാൻ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു എന്ന് മാത്രമാണ് സുരേഷിനോട് ഞാൻ പറഞ്ഞത്..
അല്ലെങ്കിൽ അതിന്റെ പേരിൽ കേസും കൂട്ടവുമായി എന്റെ അനിയന്റെ ജീവിതം തകരുമെന്ന് എനിക്ക് തോന്നി..
അതുകൊണ്ട് തന്നെ വേറെ വഴിയില്ലാതെ എനിക്ക് അങ്ങനെ പറയേണ്ടി വന്നു..
പോരാത്തതിന് സാക്ഷികൾ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും എനിക്കുറപ്പായിരുന്നു..
പിറ്റേന്ന് രാവിലെ പത്രത്തിൽ നിന്നാണ് വിശാൽ മരിച്ചെന്ന വിവരം ഞങ്ങൾ അറിയുന്നത്….
അവന്റെ പേരും ഞാൻ അപ്പോഴാണ് അറിയുന്നത്..
അവന്റെ വീട് വരെ പോണമെന്നും അവന്റെ മരണനാന്തര ചടങ്ങിൽ പങ്കെടുത്തു ആ ആത്മാവിനോട് മാപ്പ് പറയണമെന്നും തോന്നിയാണ് ഞാൻ അവന്റെ വീട്ടിലേക്ക് വന്നത്….
അന്ന് അവിടെ വെച്ചാണ് നിന്നെ ഞാൻ ആദ്യമായി കാണുന്നത്..
അവിടെ വെച്ചു നിനക്കുണ്ടായ അനുഭവങ്ങൾ ഒക്കെ ഞാൻ നേരിൽ കണ്ടിരുന്നു..
അങ്ങനെ നിന്നെക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് നീ വിശാലിന്റെ ഭാര്യ ആണെന്നും നിന്റെ ജീവിതത്തിൽ നിങ്ങൾക്ക് ഇടയിൽ ഉണ്ടായ കാര്യങ്ങളും ഒക്കെ ഞാൻ അറിയുന്നത് ..
ശെരിക്കും അതൊക്കെ കേട്ടപ്പോൾ നിന്നോട് എനിക്ക് സഹതാപം ആയിരുന്നു ആദ്യം തോന്നിയത്..
പിന്നീട് അതിന്റെ പേരിൽ നിന്നെക്കുറിച്ചു കൂടുതൽ കൂടുതൽ ഞാൻ അറിയാൻ ശ്രമിച്ചു..
അത് അവസാനം നിന്നോടുള്ള ഇഷ്ടത്തിൽ കൊണ്ട് ചെന്നാണ് എന്നെ എത്തിച്ചത് ..
അങ്ങനെ ആണ് അന്ന് നിന്നെ പെണ്ണ് ചോദിച്ചു ഞാൻ വീട്ടിൽ എത്തിയത്..
ഒറ്റ ശ്വാസത്തിൽ തന്നെ ഡേവിഡ് ഇതെല്ലാം പറയുമ്പോൾ നീറി പിടയുന്ന മനസ്സുമായിട്ടാണ് ഹിമയെല്ലാം കേട്ട് നിന്നത് ..
“”നിന്നോട് എല്ലാം തുറന്നു പറയണമെന്ന് പലവട്ടം ഞാൻ വിചാരിച്ചതാണ് ..
പക്ഷേ നിന്നെ നഷ്ടപ്പെടുമോ എന്ന പേടി കാരണം പിന്നീട് എനിക്കതിന് കഴിഞ്ഞില്ല….
ഇതാണ് സത്യം.. നീ എന്നെ വിശ്വസിക്കണം..
“”മിണ്ടരുത് നിങ്ങൾ..വിശ്വസിക്കണം പോലും..
എന്നെ ചതിക്കുവല്ലായിരുന്നോ നിങ്ങൾ….
വിശാലേട്ടനെ നിങ്ങളുടെ അനിയൻ കൊന്നതിനുള്ള പ്രായശ്ചിത്തം ആയിരുന്നല്ലേ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി….
“”അല്ലടി ഒരിക്കലും അല്ല.. ശെരിക്കും നിന്നെ ഇഷ്ടപ്പെട്ടു തന്നെയാണ് ഞാൻ താലി കെട്ടിയത്….
എന്നും പറഞ്ഞു അവനവളുടെ തോളിൽ കൈ വെച്ചതും അവൾ ആ കൈ തട്ടി മാറ്റി..
“”തൊടരുതെന്നെ നിങ്ങൾ ചതിയനാണ്.. ചതിയൻ..
സ്നേഹം നടിച്ചു നിങ്ങളെന്നെ ചതിക്കുവായിരുന്നു..
അവളുടെ കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
“”ഹിമേ..
വിറയാർന്ന ശബ്ദത്തിൽ അവൻ വിളിച്ചു..
“”നിങ്ങൾ ഇവിടെ നിന്നൊന്ന് ഇറങ്ങി പോയി തരുമോ..
എനിക്കിനി നിങ്ങളെ കാണണ്ട..
നിങ്ങളെ വിശ്വസിച്ചു സ്നേഹിച്ച ഞാൻ മണ്ടിയാണ്..
അല്ലെങ്കിലും ഇതെല്ലാം എന്റെ വിധിയാണ്….
എല്ലാവരും പറഞ്ഞത് പോലെ ശപിക്കപ്പെട്ട ജന്മം തന്നെയാണ് എന്റെ..
ഇനിയും എന്നെ വിഡ്ഢിയാക്കാതെ ഒന്ന് പോയി താ..
എന്നും പറഞ്ഞവളവന്റെ ഷർട്ട് പിടിച്ചുലച്ചു കൊണ്ടു കരഞ്ഞു തളർന്നു നിലത്തേക്ക് ഊർന്നിരുന്നു
“”ഡി ഞാൻ പറയുന്നതൊന്നു കേൾക്ക്..
“”വേണ്ട എനിക്ക് ഇതിൽ കൂടുതൽ ഒന്നും കേൾക്കണ്ട..
നിങ്ങൾ ഇവിടെ നിന്നൊന്ന് പോയി തരുമോ പ്ലീസ് ..
എനിക്കൽപ്പം സമാധാനം വേണം..
അത് കെഞ്ചി പറയുന്നത് കേട്ടതും പിന്നൊന്നും പറയാൻ നിൽക്കാതെ ഡേവിഡ് ഡോർ തുറന്നു മുറിയിൽ നിന്നും ഇറങ്ങി പോയി..
ഇതുവരെ താൻ പേടിച്ചിരുന്നത് ഒടുവിൽ സംഭവിച്ചു..
എല്ലാം ഹിമ അറിഞ്ഞു കഴിഞ്ഞു..
ഇനി അവളെ തനിക്ക് എന്നന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയത്തോടെ പിടയുന്ന മനസ്സുമായവൻ ഹാളിലേക്ക് നടന്നു ..
കരഞ്ഞു കലങ്ങിയ അവന്റെ മുഖം കണ്ട് അമ്മയും ഡെന്നിസും അന്നയും മാറി മാറി കാര്യം തിരക്കിയെങ്കിലും അവൻ മൗനം പാലിച്ചു..
അവരോട് എങ്ങനെ പറയണമെന്നറിയാതെ ആ നെഞ്ച് പിടയുകയായിരുന്നു..
വിശാൽ മരിച്ചെന്ന അറിഞ്ഞ നിമിഷം മുതൽ ഭ്രാന്തനെ പോലെ പേടിച്ചരണ്ടു റൂമിനുള്ളിൽ നേരെ ചൊവ്വേ ഭക്ഷണവും വെള്ളവും പോലുമില്ലാതെ ദിവസങ്ങളോളം കഴിഞ്ഞിരുന്ന ഡെന്നിസിന്റെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു..
അന്നവനെ പഴയത് പോലെ ആക്കിയെടുക്കാൻ താനും അച്ഛയും അമ്മയും ഒരുപാട് ശ്രമിച്ചു നോക്കിയതാണ്….
ഒടുവിൽ ഇനിയും ഇവിടെ നിന്നാൽ അവനെ നഷ്ടപ്പെടും എന്ന് പേടിച്ചാണ് പഠിത്തതിന്റെ പേരും പറഞ്ഞു അവനെ ഇവിടെ നിന്നും മാറ്റിയത്..
വിശാലിന്റെ ഭാര്യയായിരുന്നു ഹിമയെന്ന് സത്യം അവനിപ്പോഴും അറിയില്ല..
എല്ലാം മറന്നു തുടങ്ങിയ അവനിതറിയുമ്പോൾ പിന്നിടുള്ള അവന്റെ അവസ്ഥയും തനിക്കു ഊഹിക്കാൻ പറ്റില്ല..
ഡേവിഡിന് ആകെ ഭ്രാന്ത് പിടിക്കുമമ്പോലെ തോന്നി..
എന്ത് ചെയ്യും എന്നറിയാതെ അവന്റെ ഹൃദയം പിടഞ്ഞു..
അപ്പോഴാണ് ബാഗും എടുത്തു കൊണ്ട് ഹിമ സ്റ്റെപ് ഇറങ്ങി വന്നത്..
അത് കണ്ടതും അമ്മ അവളുടെ അടുത്തേക്ക് ഓടി ചെന്നു..
“”എന്താ മോളെ..എന്തുപറ്റി..
നീ എങ്ങോട്ടാണ് ഈ ബാഗും എടുത്തു കൊണ്ട് പോവുന്നത്..
അമ്മ വെപ്രാളത്തോടെ ചോദിച്ചു..
“”ഞാനെന്റെ വീട്ടിൽ പോവുന്നു…
ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു..
“”വീട്ടിൽ പോവാനോ.. എന്തിന്..
എന്താ മോളെ പ്രശ്നം….
“”എനിക്കിനി ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കാൻ കഴിയില്ല അമ്മേ..
ഒരു ചതിയന്റെ ഒപ്പം ജീവിക്കാൻ എനിക്കാവില്ല..
നിറഞ്ഞൊഴുകിയ കണ്ണീരോടെ അവൾ പറഞ്ഞു..
“”മോളെ നീ എന്തൊക്കെയാണ് ഈ പറയുന്നത്….
ഒന്നും മനസ്സിലാവാതെ അമ്മ ചോദിച്ചു..
“”ഞാൻ എല്ലാം അറിഞ്ഞമ്മേ.. നിങ്ങൾ എല്ലാവരും എന്നെ വിഡ്ഢി ആക്കുവായിരുന്നല്ലേ..
മകന് സംഭവിച്ച കൈയബദ്ധത്തിന്റെ പരിഹാരം ആയിട്ടാണല്ലേ നിങ്ങൾ എല്ലാവരും കൂടെ എനിക്ക് ഈ താലി സമ്മാനിച്ചത്..
ഹിമ പറഞ്ഞത് കേട്ടതും ഒരു നിമിഷം അമ്മ ഞെട്ടി തരിച്ചു നിന്നു..
എല്ലാം പറഞ്ഞൊ എന്നർത്ഥത്തിൽ അവർ ഡേവിഡിനെ നോക്കി..
അവൻ നിറകണ്ണുകളോടെ അമ്മയെ ദയനീയമായി നോക്കി..
“”മോളെ മോള് വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ.. എന്റെ മോൻ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല..
“”മതിയമ്മേ മോനെ ന്യായീകരിച്ചത്.. നിങ്ങൾ ആരെങ്കിലും ഈ സത്യം എന്നോട് തുറന്നു പറഞ്ഞിരുന്നോ.. ഇല്ലല്ലോ ..
എല്ലാവരും കൂടെ എന്നെ വിഡ്ഢിയാക്കി കൊണ്ടിരുന്നു..
“”മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..
“”എനിക്ക് ഒന്നും കേൾക്കേണ്ടമ്മേ..
ഞാനെന്റെ വീട്ടിൽ പോവാണ്..
ഇനിയും ഇവിടെ നിന്ന് വിഡ്ഢി വേഷം കെട്ടാൻ എനിക്കാവില്ല..
“”ചേട്ടത്തി എന്തൊക്കെയാണ് ഈ പറയുന്നത്….
ഞങ്ങൾ ചേട്ടത്തിയെ എന്ത് വിഡ്ഢിയാക്കി എന്നാണ് ഈ പറയുന്നത്….
ഡെന്നിസ് ഇടക്ക് കേറി ചോദിച്ചു..
അതിന് മറുപടി ഒന്നും പറയാതെ അവനെ തുറിച്ചു നോക്കിയ ശേഷം നടന്നവൾ മുറ്റത്തേക്ക് ഇറങ്ങി..
അമ്മയും ഡെന്നിസും അന്നയും കൂടി അവളുടെ പിന്നാലെ ചെന്ന് പോവരുതെന്നു പലവട്ടം പറഞ്ഞിട്ടും അവൾക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല..
അവൾ ഗേറ്റ് കടന്നു പോവുന്നത് ജനലഴികളിൽ കൂടി നോക്കി നെഞ്ച് നീറി പിടഞ്ഞു ഇരിക്കാനേ ഡേവിഡിനപ്പോൾ കഴിഞ്ഞുള്ളൂ….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Janmam written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission