Skip to content

രണ്ടാം ജന്മം – 17

randam janmam

ഡേവിഡിന്റെ നെഞ്ചിടുപ്പിന്റെ താളം ആസ്വദിച്ചു അവന്റെ മാറിലെ ചൂടേറ്റ് കിടന്നു ഹിമ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു..

മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകളുമായി കിടന്ന ഡേവിഡ് ഹിമ ഉറങ്ങിയെന്നു മനസ്സിലായതോടെ അവളെ ഉണർത്താതെ മെല്ലെ മാറ്റി കിടത്തി എഴുന്നേറ്റ് ഫോൺ എടുത്തു മാറി നിന്ന് ഹരിയെ വിളിച്ചു..

കുറച്ചു നേരത്തെ സംസാരത്തിനോടുവിൽ ഒരാശ്വാസം കിട്ടിയെന്നോണം അവൻ തിരികെ വന്നു കട്ടിലിൽ ഹിമയുടെ അരികിലായി ഇരുന്നു….

തുറന്നിട്ട ജനലിന് അഭിമുഖമായി ചെരിഞ്ഞു കിടന്നിരുന്ന ഹിമയുടെ മുഖത്ത് നിലാവെട്ടം വീണപ്പോൾ അവൾ കൂടുതൽ മനോഹരിയായത് പോലെ അവന് തോന്നി..

ഇളം കാറ്റേറ്റ് അവളുടെ നെറ്റിത്തടത്തിലേക്ക് വീണു കിടന്നിരുന്ന മുടിയിഴകളെ വിരലാൽ കോതി ഒതുക്കി കൊണ്ടവൻ അവിടെ ഒരുമ്മ നൽകിയ ശേഷം എഴുന്നേറ്റു ഇപ്പുറത്തായി വന്നു കിടന്നു..

നേർത്ത തണുപ്പുള്ള കാറ്റ് അവരെ തഴുകി കൊണ്ടിരുന്നു..

അവളെ മെല്ലെ ചേർത്ത് പിടിച്ചു കിടന്നു പതിയെ പതിയെ അവനും മയക്കത്തിലേക്ക് വഴുതി..

നേരം പുലർന്നു സ്വർണ്ണവർണ്ണം പൂശുന്ന സൂര്യ രശ്മികൾ മുറിക്കുള്ളിലേക്ക് എത്തി നോക്കി തുടങ്ങി..

ഹിമ പതിയെ എഴുന്നേറ്റു മുടിയും വാരി കെട്ടി ഉറങ്ങി കിടന്നിരുന്ന ഡേവിഡിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അവന്റെ നെറ്റിയിൽ ചുംബിച്ചു….

പിന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അവളെ അവൻ മാറിലേക്ക് വലിച്ചിട്ടു..

“”ആഹാ അപ്പോൾ മോൻ കള്ളയുറക്കം ആയിരുന്നല്ലേ ..

അവന്റെ മൂക്കിൽ നുള്ളി കൊണ്ടവൾ കുറുമ്പോടെ പറഞ്ഞു..

“”മ്മം.. നീ ഇത്തിരി നേരം കൂടി ഇവിടെ കിടന്നിട്ട് പോയാൽ മതി..

“”അയ്യടാ എനിക്ക് അടുക്കളയിൽ പണിയുണ്ട്.. വിട് ഞാൻ പോട്ടെ..

“”പണിയൊക്കെ പിന്നെ ചെയ്യാം.. നീ ഇപ്പോൾ ഇവിടെ കിടക്ക്..

“”പോ ഇച്ഛാ അവിടുന്ന്.. അമ്മ ഒറ്റക്ക് കിടന്നു പണിയേണ്ടി വരും.. ഞാൻ ചെല്ലട്ടെ അങ്ങോട്ട്..

“”ഓ എന്നാൽ പോ….

ഒരൽപ്പം ദേഷ്യം നടിച്ചവൻ പറഞ്ഞു..

“”അപ്പോഴേക്കും ദേഷ്യം വന്നോ..

അല്ല എന്താ കാലത്തെ തന്നെ ഒരു റൊമാൻസ് ഒക്കെ..

“”ശ്ശെടാ എനിക്കെന്റെ കെട്ടിയോൾടെ അടുത്ത് റൊമാന്റിക് ആയിക്കൂടെ..

“”ഓ ആയിക്കോ.. പക്ഷേ മോനോട് റൊമാന്റിക്കാൻ എനിക്കിപ്പോൾ നേരമില്ല….

അതുകൊണ്ടെന്റെ പുന്നാര കെട്ടിയോൻ തത്കാലം ഈ തലയിണയും കെട്ടിപിടിച്ചു കിടന്നു റൊമാന്റിക്കോ..

എന്നും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് തലയിണയും എടുത്തു വെച്ച് അവന്റെ കവിളത്തൊരു നുള്ളും കൊടുത്തവൾ എഴുന്നേറ്റു പോയി..

ഞങ്ങളുടെ തീരുമാനം അറിയാനായി ഇട്ടിച്ചൻ വീണ്ടും വിളിച്ചു….

ഞങ്ങൾ കല്യാണത്തിന് സമ്മതം മൂളിയതും പിന്നെല്ലാം പെട്ടെന്നായിരുന്നു..

അധികം നീട്ടിക്കൊണ്ട് പോവാൻ ആർക്കും താല്പര്യം ഇല്ലായിരുന്നത് കൊണ്ട് തന്നെ വിരുന്ന്  വേഗം കെങ്കേമമായി തന്നെ നടത്തി കല്യാണ തീയതിയും കുറിച്ചു..

ഡ്രസ്സ് എടുക്കലും സ്വർണ്ണം എടുക്കലും മറ്റുമായി ആകെ തിരക്കായിരുന്നു പിന്നീട് അങ്ങോട്ട്..

ബന്ധുക്കൾ പലരും ഇടയ്ക്കിടെ തറവാട്ടിൽ വന്നു പോയി..

ഞങ്ങളുടെ കല്യാണം ആഘോഷം ഒന്നുമില്ലാതെ നടത്തിയത് കൊണ്ടു തന്നെ ഡെന്നിസിന്റെ കല്യാണം വലിയൊരു ആഘോഷമാക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു..

അങ്ങനെ കല്യാണ ദിവസം വന്നെത്തി..

ചെത്തിമറ്റം തറവാട് ബന്ധുക്കളെ കൊണ്ടു നിറഞ്ഞു..

ആകെ ഒരു ബഹളമായ അന്തരീക്ഷം ആയിരുന്നു..

ഡേവിഡ് തലയെടുപ്പുള്ള കൊമ്പനെ പോലെ എല്ലാവരുടെയും ഇടയിലൂടെ ഓരോന്നിനും ഓടി നടന്നു ..

ഹരിയും ദേവികയും ഒക്കെ എത്തിച്ചേർന്നിരുന്നു..

ഒരുവിധം നടക്കാൻ പാകത്തിൽ ഹരിയുടെ അസുഖം അപ്പോഴേക്കും ഭേദപ്പെട്ടു കഴിഞ്ഞിരുന്നു..

ഡെന്നിസിനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ എല്ലാവരും ഇടക്ക് കളിയാക്കി കൊണ്ടിരുന്നു..

കല്യാണത്തിന്റെ യാതൊരു ടെൻഷനും അവനില്ലായിരുന്നു..

ആള് ചിരിച്ചു കളിച്ചു നടന്നു..

സമയം ആവാറായതോടെ വീട്ടിൽ വെച്ചുള്ള പ്രാത്ഥനയും ദക്ഷിണ കൊടുക്കലും ഒക്കെ നടത്തി എല്ലാവരും കൂടി പള്ളിയിലേക്ക് ഇറങ്ങി..

പാട്ടു കുർബാനയും മറ്റും നടത്തി ആഘോഷമായിട്ടായിരുന്നു വിവാഹം..

ഞാൻ അതെല്ലാം ആസ്വദിച്ചു നിന്നു..

എന്റെ നിൽപ്പ് കണ്ട് ഇച്ഛൻ എന്റെ അരികിലേക്ക് വന്നു..

“”എന്താടി ഇതൊക്ക കണ്ടിട്ട് ഒന്നൂടി കെട്ടാൻ തോന്നുന്നുണ്ടോ..

ചെറുചിരിയോടെ ഡേവിഡ് ചോദിച്ചു..

“”ഹാ ആഗ്രഹം ഉണ്ട് പക്ഷേ പറ്റിയ ചെറുക്കനെ കിട്ടണ്ടേ..

ഒരു കള്ളചിരിയോടെ ഹിമ മറുപടി കൊടുത്തു..

“”അമ്പടി നീ കൊള്ളാമല്ലോ.. ആ പൂതി അങ്ങ് മാറ്റി വെച്ചേക്ക്..

അങ്ങനെ ഒരുത്തനും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല..

“”ഹാ പാവം ഞാൻ പെട്ടു പോയില്ലേ..

“”ഓഹോ അങ്ങനെ ആണോ എങ്കിൽ പിന്നെ ഞാൻ ഡിവോഴ്സ് തന്നേക്കാം…. നീ പോയി വേറെ കെട്ടിക്കോ..

“”ഓ താൻ ഡിവോഴ്സ് തരുമോടോ.. പറയടോ തനിക്ക് ഡിവോഴ്സ് വേണോടോ..

പറ.. പറ..

എന്നും പറഞ്ഞു ഞാൻ ഇച്ഛന്റെ ചെവിയിൽ പിടിച്ചു നുള്ളി..

“”ആ.. വിട് വിട് വേദനിക്കുന്നടി..

“”ഇല്ല വിടില്ല.. എനിക്കിപ്പോൾ അറിയണം നിങ്ങളെന്നെ ഡിവോഴ്സ് ചെയ്യുമോ ഇല്ലയോ..

“”ഇല്ലേ.. ഞാൻ വെറുതെ പറഞ്ഞതാണ്…..

നീ ചെവിയിൽ നിന്ന് വിട്..

അത് കേട്ടതും ഞാൻ പിടി വിട്ടു..

‘””നിങ്ങളുടെ ഇളക്കം ഞാൻ കാണുന്നുണ്ട്..

അനിയൻ പറയുന്നത് നിങ്ങൾ അൺറൊമാന്റിക് മൂരാച്ചി ആണ്, പെമ്പിള്ളേരുടെ മുഖത്ത് നോക്കില്ല എന്നൊക്കെ ആണ്..

പക്ഷേ എനിക്കല്ലേ അറിയൂ കാട്ടു കോഴിയാണെന്ന്….

പെമ്പിള്ളേരുടെ നടുക്ക് നിന്നും മാറാൻ നിങ്ങൾക്ക് നേരം ഇല്ലല്ലോ ..

“”ഡി അത് ഞാൻ അങ്ങോട്ട് പോയതല്ല…..

അവരെന്റെ അടുത്തോട്ടു വന്നതാണ്..

പാവം ഞാൻ എന്ത് ചെയ്യാനാണ് ..

എനിക്ക് ഇത്തിരി സൗന്ദര്യം കൂടിപ്പോയി അതിപ്പോൾ എന്റെ തെറ്റാണോ..

“”ഉവ്വ നല്ല സൗന്ദര്യം….

മിക്കവാറും മോന്റെ മോന്തയുടെ ഷേപ്പ് ഞാൻ അങ്ങ് മാറ്റേണ്ടി വരും….

അതുകൊണ്ട് കൂടുതൽ അങ്ങോട്ട് ഇളകാൻ നിൽക്കണ്ട..

എന്റെ കണ്ണുകൾ നിങ്ങളുടെ പിന്നാലെ ഉണ്ട് അതോർമ്മ വേണം..

ഹിമ അത് പറയുമ്പോൾ ഡേവിഡ് നിന്ന് ചിരിക്കുകയായിരുന്നു..

“”അതേ ഒരുപാട് അങ്ങോട്ട് കിണിക്കണ്ട..

ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാണ്..

ചുണ്ടുകൾ കൂർപ്പിച്ചു ദേഷ്യം നടിച്ചവൾ പറഞ്ഞു..

“”ഓ ആയിക്കോട്ടെ.. എന്നാലേ എനിക്ക് ഇത്തിരി പണിയുണ്ട്..

അവന്റെ കൂട്ടുകാർ ഒക്കെ വന്നിട്ടുണ്ട്..

അവരെയൊക്കെ ഒന്ന് സെറ്റിൽ ചെയ്തു വിടണം….

അതുകൊണ്ട് ഞാൻ അങ്ങോട്ട് ചെല്ലട്ടെ….

“””മ്മ്മം പോവുന്നതൊക്ക കൊള്ളാം പക്ഷേ കുടിക്കാൻ ഒന്നും പോയേക്കരുത്..

“”ആയിക്കോട്ടെ..എന്നും പറഞ്ഞു ഡേവിഡ് അവിടെ നിന്നും പോയി..

കല്യാണം ഭംഗിയായി തന്നെ അവസാനിച്ചു..

ഞങ്ങളെല്ലാം തിരികെ വീട്ടിലെത്തി….

ചെക്കനെയും പെണ്ണിനേയും കത്തച്ച നിലവിളക്ക് കൊടുത്തു വീട്ടിലേക്ക് കയറ്റി..

ഡെന്നിസിന്റെ ഭാര്യ അന്ന ഒരു വായാടി പെണ്ണായത് കൊണ്ട് തന്നെ നേരം പോവുന്നത് അറിഞ്ഞേയില്ല……

ഫോണിൽ ഇടക്ക് സംസാരിച്ചിട്ടുണ്ടെങ്കിലും അവൾ ഇത്രത്തോളം അടുപ്പം കാണിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..

ഒരു കുഞ്ഞനിയത്തിയെ പോലെ ഓരോന്ന് പറഞ്ഞു ചേച്ചി.. ചേച്ചി.. എന്നും വിളിച്ചു അവളെന്റെ പിന്നിൽ നിന്ന് മാറാതെ നടന്നു….

അത് കണ്ട് ഒരു ഗർഭപാത്രത്തിൽ നിന്നും പിറവിയെടുത്ത ചേച്ചിയും അനിയത്തിയും പോലെ തോന്നുന്നു എന്ന് ആരൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു….

ഡെന്നിസ് ആണെങ്കിൽ മറ്റാരുടെയോ കല്യാണമാണ് നടന്നതെന്ന മട്ടിൽ ചിരിച്ചു കളിച്ചു നടപ്പുണ്ട്….

വീട്ടിൽ ചെറിയൊരു പാർട്ടി അറേഞ്ചു ചെയ്തിരുന്നു…..

പാട്ടും കൂത്തും ബഹളവും ഒക്കെ ആയി അത് നടന്നു കൊണ്ടിരുന്നു…..

സമയം പോവും തോറും ബന്ധുക്കൾ ഓരോന്നായി കൊഴിഞ്ഞു പോയി കൊണ്ടിരുന്നു..

വീട്ടിൽ വെച്ചുള്ള പാർട്ടിയൊക്കെ കഴിഞ്ഞു എല്ലാവരും പോയപ്പോളേക്കും അച്ഛൻ നല്ല ഫിറ്റ്‌ ആയി കഴിഞ്ഞിരുന്നു..

കൂട്ടത്തിൽ ഇച്ഛനും കുറച്ചു കുടിച്ചിട്ടുണ്ടെന്ന് തോന്നി..

ഞാൻ നോക്കുമ്പോൾ  ആളുടെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു..

“”ഞാൻ ഒരുപാട് ഭാഗ്യം ചെയ്തവൻ ആണ് അല്ലേടി ഏലിയാമ്മേ..

സ്നേഹം ഉള്ള കെട്ടിയോളും മക്കളും മരുമക്കളും ഒക്കെ ഇതുപോലെ വേറെ ആർക്ക് കിട്ടൂടി..

അച്ഛൻ അമ്മയെ നോക്കി കൊണ്ടു പറഞ്ഞു..

“”ഓ തുടങ്ങി.. ഇനി ഓരോന്ന് കരച്ചിലും പിഴിച്ചിലും ആയിരിക്കും നോക്കിക്കോ..

അമ്മ ചെറിയൊരു ദേഷ്യം നടിച്ചു പറഞ്ഞു..

“”ഇല്ലെടി കെട്ടിയോളെ ഞാൻ ഇന്ന് കരയില്ല..

എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ് ഇന്ന്….

ഈ ഇരിക്കുന്ന ഇരുപ്പിൽ ഞാനിനി മരിച്ചു പോയാലും  കുഴപ്പമില്ല..

“”ഇതെന്താ അച്ഛാ ഇങ്ങനെ ഒക്കെ പറയുന്നത്….

തമാശക്ക് പോലും ഇങ്ങനെ ഒന്നും പറയല്ലേ..

അച്ഛനെ അങ്ങനെ ഒന്നും മരിക്കാൻ ഞങ്ങൾ വിടില്ല..

ഞാൻ ഇടക്ക് കേറി പറഞ്ഞു..

“”ഓ..എന്റെ മോളെ കുടിച്ചു പോയാൽ പിന്നെ ഇതാണ് ഇങ്ങേരുടെ പരുപാടി..

ചുമ്മാ വള വളാന്ന് ഓരോന്ന് പറഞ്ഞോണ്ടിരിക്കും….

നീ അതൊന്നും മൈൻഡ് ചെയ്യാൻ പോവണ്ട..

അമ്മ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു..

“”നീ പോടീ അവിടുന്ന്.. നിന്നെ പോലെ അല്ല എന്റെ കൊച്ചിന് എന്നോട് സ്നേഹം ഉണ്ട്….

ഇവളെന്റെ മരുമകൾ അല്ല മകളാണ്….

എന്റെ മക്കളെക്കാൾ സ്നേഹം എനിക്ക് തരുന്ന എന്റെ സ്വന്തം മോള്….

എന്നും പറഞ്ഞു അച്ഛൻ  അടുത്ത് വന്ന് എന്റെ നെറുകയിൽ ചുംബിച്ചു..

മോളെ എനിക്ക് ഒരുപാട് ഇഷ്ടാ.. എന്റെ മോളാ നീ..

അത് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

“”അച്ഛേ.. ഇവിടെ ഒരു മരുമകൾ കൂടി ഉണ്ടേ.. എന്നെ കൂടി ഒന്ന് മൈൻഡ് ചെയ്യണേ….

അന്ന അത്  കേട്ടു കൊണ്ട് ചിരിയോടെ പറഞ്ഞു..

“”നീയും ഇങ്ങോട്ട് വാടി മോളെ എന്നും പറഞ്ഞു അച്ഛൻ അവളെയും വിളിച്ചു..

അവൾ അടുത്ത് വന്നതും അവളുടെ നെറുകിലും ചുംബിച്ചു..

“”ഇതെന്റെ പിള്ളേരാണ്.. ഇവരെ ഒരാളും കരയിച്ചു പോവരുത്…..

എന്നും പറഞ്ഞു അച്ഛൻ ഇരുവശത്തും ഞങ്ങളെ ചേർത്ത് പിടിച്ചു..

“”ഓ അച്ഛക്ക് മരുമക്കളെ കിട്ടിയപ്പോൾ ഞങ്ങൾ മക്കൾ പുറത്തായോ..

ഡെന്നിസ് ചെറു ചിരിയോടെ ചോദിച്ചു..

“”നീ പോടാ കുരുത്തം കെട്ടവനെ..

മോളെ അന്നേ.. നീ ഇവനെ ഒന്ന് നന്നാക്കി എടുത്തേക്കണേ..

“”അക്കാര്യം ഞാൻ ഏറ്റ് അച്ഛേ..

എന്നവൾ പറയുമ്പോൾ എല്ലാവരുടെയും ചുണ്ടിൽ ചെറു ചിരി വിടർന്നു….

“”അച്ഛ ഭക്ഷണം കഴിച്ചതല്ലേ..ഇനി പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞു ഡേവിഡ് അച്ഛന്റെ അടുത്തേക്ക് വന്നു..

“”മോനെ അച്ഛക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ വേണം ഈ കുടുംബം നോക്കാൻ..

പിന്നെ നിന്റെ അമ്മയെ പ്രത്യേകം നോക്കിക്കോളണം….

അവള് പാവമാടാ….

“”ഓ ആയിക്കോട്ടെ.. അച്ഛ ഇപ്പോൾ കിടക്കാൻ നോക്ക് എന്നും ഡേവിഡ് അച്ഛനെ പിടിച്ചു കൊണ്ടു പോയി റൂമിൽ കിടത്തി….

“”അച്ഛ നല്ല ഫിറ്റാണ്.. അതാണ് ഇങ്ങനെ..

എന്തായാലും നേരം ഒരുപാടായി വാ മക്കളെ നമുക്ക് കഴിച്ചിട്ട് കിടക്കാം..

എന്നമ്മ പറഞ്ഞതും ഞങ്ങൾ എല്ലാവരും കൂടെ ഭക്ഷണം കഴിക്കാനിരുന്നു..

ഓരോ തമാശകളും പറഞ്ഞു ചിരിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ എല്ലാവരും കിടക്കാനായി റൂമികളിലേക്ക് പോയി..

റൂമിലെത്തിയതും ഇച്ഛൻ എന്നെ വട്ടം ചുറ്റിപ്പിടിച്ചു.. എന്റെ കഴുത്തിൽ ഉമ്മ വെച്ചതും ഞാൻ കുതറി മാറി..

“”ഹോ എന്തൊരു നാറ്റമാണ് ഇത്..

എന്ത് വിഷമാണ് മനുഷ്യാ നിങ്ങൾ കുടിച്ചത്..

“”എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ ഒരൽപ്പം നാടൻ കള്ള് കുടിച്ചു പോയി ..

“”ഉവ്വ.. എന്തായാലും ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചു..

പൊന്നുമോൻ ഇത് ആവർത്തിക്കാൻ നിൽക്കേണ്ട..

ചുണ്ടുകൾ കൂർപ്പിച്ചു ഒരൽപ്പം ദേഷ്യത്തോടെ ഞാൻ പറഞ്ഞു..

“”ഇല്ലേ.. ഇനി കുടിക്കില്ല.. പോരെ..

ഒരുമ്മ താടി..

“”ഉമ്മ.. കുമ്മയാണ് ഞാൻ തരാൻ പോവുന്നത് മര്യാദക്ക് പോയി കിടക്കാൻ നോക്ക് മനുഷ്യാ എന്നും പറഞ്ഞു ഞാൻ പോയി ബെഡിൽ കിടന്നു..

എന്റെ പിന്നാലെ വന്നു ഇച്ഛൻ പിന്നെയും ഉമ്മയൊക്കെ ചോദിച്ചു തോണ്ടി എങ്കിലും ഞാൻ ദേഷ്യപ്പെട്ടത്തോടെ ആള് തിരിഞ്ഞു കിടന്നു..

കുറച്ചു നേരമായി അനക്കം ഒന്നും ഇല്ലാത്ത കൊണ്ടു ഞാൻ പതിയെ തല ഉയർത്തി നോക്കി..

ആള് നല്ല ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..

ചെറു പുഞ്ചിരിയോടെ ഞാൻ പതിയെ ഇച്ഛനെ കെട്ടിപിടിച്ചു കിടന്നു….

പിറ്റേന്ന് പുലർച്ചെ അമ്മയുടെ അലർച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്..

ഞാനും ഇച്ഛനും ഓടി ചെല്ലുമ്പോൾ ഡെന്നിസും ഭാര്യയും ഇറങ്ങി വരുന്നത് കണ്ടു..

ഞങ്ങൾ എല്ലാവരും അച്ഛനും അമ്മയും കിടക്കുന്ന റൂമിലേക്ക് ഓടി ചെല്ലുമ്പോൾ കണ്ടത് അച്ഛനെ കുലുക്കി വിളിച്ചു കൊണ്ടു പൊട്ടി കരയുന്ന അമ്മയെയാണ്….

“”എന്താ അമ്മേ എന്തുപറ്റി..

ഡേവിഡ് വെപ്രാളത്തോടെ ചോദിച്ചു..

ഒന്നും മനസ്സിലാവാതെ  ഞങ്ങളുടെ എല്ലാം മുഖത്ത് പരിഭ്രമം നിഴലിച്ചു നിന്നു..

“”മോനെ അച്ഛ വിളിച്ചിട്ട് അനങ്ങുന്നില്ല..

എന്നും പറഞ്ഞു അമ്മ പൊട്ടി കരഞ്ഞു..

ഞാനും അന്നയും കൂടി അമ്മയുടെ അടുത്ത് ചെന്ന് നിന്നതും അമ്മ കരഞ്ഞു കൊണ്ടെന്റെ തോളിലേക്ക് ചാഞ്ഞു..

ഡേവിഡും ഡെന്നിസും കൂടി അച്ഛനെ കുലുക്കി വിളിച്ചു നോക്കി..

പക്ഷേ ആ ശരീരത്തിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല..

അച്ഛ പുഞ്ചിരിയോടെ നിശബ്ദനായി കണ്ണടച്ച് തന്നെ കിടക്കുന്നു..

എല്ലാവരുടെയും ഹൃദയം ഒരു നിമിഷമൊന്ന് പിടഞ്ഞു..

കണ്ണുകൾ നിറഞ്ഞു തുടങ്ങി ..

ഡേവിഡും ഡെന്നിസും കൂടി പെട്ടെന്ന് തന്നെ അച്ഛനെ എടുത്തു കൊണ്ടു വന്നു കാറിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് പോയി..

ഞാനും അന്നയും കൂടി അമ്മയെ ആശ്വസിപ്പിച്ചു കൊണ്ടു വീട്ടിൽ തന്നെ ഇരുന്നു….

എന്റെ മനസ്സ് നീറി പുകയുകയായിരുന്നു..

അച്ഛനൊരാപത്തും വരുത്തരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു….

കുറച്ചു സമയം കഴിഞ്ഞതും ഹിമക്ക് ഹോസ്പിറ്റലിൽ നിന്നും ഡേവിഡിന്റെ കോൾ വന്നു ..

അമ്മയുടെ അടുത്ത് നിന്നും എഴുന്നേറ്റവൾ  മാറി നിന്ന് കൊണ്ടു കോൾ അറ്റൻഡ് ചെയ്തു….

ഫോണിലൂടെ ഡേവിഡിന്റെ കരച്ചിൽ ശബ്ദം  കേട്ടതും ഹിമക്ക് ആകെ വെപ്രാളമായി..

“”എന്താ ഇച്ഛാ.. എന്തുപറ്റി.. അച്ഛന് എന്താ പറ്റിയെ പറ..

“”അച്ഛ.. അച്ഛ….പോയടി..

എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ടു ഇച്ഛൻ കോൾ കട്ട്‌ ചെയ്തു…..

അത് കേട്ടതും ഞാനാകെ തകർന്ന് പോയി..

ഹൃദയം പിടഞ്ഞെന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

എന്റെ കൈയിൽ നിന്നും ഫോൺ ഊർന്നു താഴേക്ക് വീണു….

ആകെ ഒരു തരം മരവിപ്പ് ആയിരുന്നു….

ഞാൻ അമ്മയെ നോക്കി..

അമ്മ കരഞ്ഞു തളർന്നു കിടക്കുവാണ്..

അന്ന ആണെങ്കിൽ അമ്മയുടെ അടുത്തിരുന്നു എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട് ..

അച്ഛൻ നമ്മളെ വിട്ട് പോയെന്ന് ഈ അവസ്ഥയിൽ ഞാൻ എങ്ങനെ ചെന്ന് അമ്മയോട് പറയും…..

എനിക്ക് അറിയില്ല..

എന്നെ കൊണ്ട് അതിന് കഴിയുമെന്ന് തോന്നുന്നില്ല..

ആകെ തളർന്നു പോവുന്നത് പോലെ….

കരഞ്ഞു കൊണ്ടു ഞാൻ നിലത്തേക്ക് ഊർന്നിരുന്നു..

അമ്മ ഇടയ്ക്കിടെ ഹോസ്പിറ്റലിൽ പോവാമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ ഞാൻ അടുത്ത് ചെന്ന് ഒരുവിധം അമ്മയെ സമാധാനിപ്പിച്ച് ഇരുത്തി….

ഒടുവിൽ ഉച്ചയോടു അടുത്ത് ബോഡിയുമായി ആംബുലൻസ് വന്നപ്പോൾ ആണ് അച്ഛൻ മരിച്ചെന്നുള്ള സത്യം അമ്മ അറിയുന്നത്….

പിന്നൊരു നിലവിളി ആയിരുന്നു..

പിടിച്ചു നിൽക്കാൻ ആവാതെ ഞാനും അന്നയും പൊട്ടി കരഞ്ഞു പോയി….

മരിച്ചു കിടക്കുന്ന അച്ഛന്റെ ശരീരം കണ്ടതും അമ്മ തല കറങ്ങി വീണു..

പെട്ടെന്ന് എല്ലാവരും കൂടി താങ്ങിയെടുത്തു അമ്മയെ അകത്തു കിടത്തി….

ആരോ നേഴ്സിനെ വിളിച്ചു വരുത്തിച്ചു അമ്മക്ക് ട്രിപ്പ് ഇട്ടു കൊടുപ്പിച്ചു..

ആളുകൾ ഓരോരുത്തരായി വന്നു തുടങ്ങി..

ഹാളിലെ സാധങ്ങൾ എല്ലാം മാറ്റി അച്ഛന്റെ ബോഡി ഹാളിൽ വെച്ചു..

സന്തോഷം അലയടിച്ചിരുന്ന വീട്ടിൽ ആകെ തേങ്ങൽ ശബ്ദം മുഴങ്ങി കേട്ടു…

രംഗബോധമില്ലാത്ത കോമാളിയെ പോലെ വന്നു സൈലന്റ് അറ്റാക്കിലൂടെ മരണം കവർന്നെടുത്തത് ഞങ്ങളുടെ കുടുബത്തിന്റെ നെടും തൂണിനെ തന്നെ ആയിരുന്നു…..

പുഞ്ചിരിയോടെ മോളെ എന്ന് വിളിച്ചു ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആവോളം സമ്മാനിച്ച ആളിപ്പോൾ ആത്മാവ് വേർപ്പെട്ട ജീവനറ്റ വെറും ശരീരം മാത്രമായി കിടക്കുന്നത് കണ്ടു നിൽക്കാനുള്ള  കരുത്തെനിക്ക് ഇല്ലായിരുന്നു…..

അച്ഛൻ അവസാനമായി പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി നിന്നു..

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരുന്ന ഞാൻ ഇടയിൽ ഇച്ഛനെ നോക്കി….

ഒരു മകന്റെ കടമ എന്നോണം ശവമടക്കിനുള്ള കാര്യങ്ങൾ ഒക്കെ ഓടി നടന്നു ചെയ്യുകയാണ് ആള്..

ആ മുഖത്ത് സങ്കടം കുമിഞ്ഞു കൂടിയിരുന്നു എങ്കിലും ഒരു തുള്ളി കണ്ണീർ വരാതെ ഇരുന്നതിൽ എനിക്ക് അത്ഭുതം തോന്നി….

പുറമെ ശാന്തമെങ്കിലും ഇച്ഛന്റെ ഉള്ളിൽ ഒരു സങ്കട കടൽ അലയടിക്കുണ്ടെന്നു എനിക്ക് മനസ്സിലായി……

അച്ഛന്റെ ശരീരം ഒരു നോക്ക് പോലും കാണാൻ കൂട്ടാക്കാതെ ആള് ഓരോന്ന് ചെയ്തു നടക്കുകയാണ്….

കരഞ്ഞു പോവുമോ എന്നൊരു ഭയം ഇച്ഛന് ഉള്ളത് പോലെ എനിക്ക് തോന്നി….

ഞാൻ അടുത്ത് ചെന്നപ്പോൾ ഒക്കെ ആള് ഒഴിഞ്ഞു മാറി നടന്നു..

പിറ്റേന്ന് രാവിലെ അടക്കത്തിനുള്ള സമയം  ആവാറായതും പള്ളീലച്ചൻ വന്നു പ്രാത്ഥിച്ചു…..

പ്രാത്ഥന കഴിഞ്ഞതും ഞങ്ങൾ ഓരോരുത്തരായി അന്ത്യചുംബനം കൊടുത്തു….

പക്ഷേ ഇച്ഛൻ മാത്രം അത് നൽകിയില്ല..

മരിച്ചു കിടക്കുന്ന അച്ഛന്റെ മുഖം  കാണാൻ ഇച്ഛൻ കൂട്ടാക്കിയില്ല….

ജീവനോടെയുള്ള അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രം എന്റെ ഓർമ്മയിൽ മതി എന്നും പറഞ്ഞു ഇച്ഛൻ അതിൽ നിന്നും ഒഴിവായി….

ആ നെഞ്ച് നീറി പിടയുകയായിരുന്നു..

ആരൊക്കെയോ ചേർന്നു ബോഡി എടുത്തതും കൂട്ട നിലവിളി ഉയർന്നു..

ആ നിലവിളികളുടെ അകമ്പടിയോടെ അച്ഛന്റെ ശരീരം ശവകോട്ടയിലേക്ക് കൊണ്ടുപോയി…

ശവകോട്ടയിൽ എത്തി കല്ലറക്ക് മുന്നിൽ വെച്ച് വികാരി അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ടു അവസാന പ്രാത്ഥനയും നടത്തി കഴിഞ്ഞതും ഞങ്ങൾ എല്ലാം ഓരോ പിടി മണ്ണും സമർപ്പിച്ചു അച്ഛന്റെ ശരീരം കല്ലറയിൽ അടക്കം ചെയ്തു..

അമ്മ കരഞ്ഞു തളർന്നതിനാൽ ആരൊക്കെയോ ചേർന്ന് അമ്മയെ വേഗം വീട്ടിൽ എത്തിച്ചു…

പതിയെ ഞങ്ങളും വീട്ടിലേക്ക് പോന്നു….

വൈകുന്നേരത്തോടെ വന്ന ബന്ധുക്കൾ ഓരോരുത്തരും  മടങ്ങി തുടങ്ങി..

ഹരിയേട്ടനും ദേവേട്ടത്തിയും ഇടക്ക് വരാമെന്നൊക്കെ പറഞ്ഞു  യാത്ര പറഞ്ഞു ഇറങ്ങി….

അമ്മ കരഞ്ഞു തളർന്നു ഒരേ കിടപ്പായിരുന്നു..

അമ്മയുടെ അനിയത്തി പോവാതെ ഇവിടെ ഉണ്ടായിരുന്നത് ഞങ്ങൾക്ക് ഒരാശ്വാസം ആയിരുന്നു….

ഞാനും അമ്മയുടെ അനിയത്തിയും അമ്മയുടെ കൂടെ തന്നെ ഇരുന്നു ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു..

ഡെന്നിസ് ആണെങ്കിൽ മുറിയിൽ കേറി കൊച്ചു കുട്ടിയെ പോലെ കരഞ്ഞു കൊണ്ടിരുന്നു….

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അന്ന അവനെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്..

“”മോളെ….നീ ഡേവിഡിന്റെ അടുത്തോട്ടു ചെല്ല്.. അവനാകെ വിഷമിച്ചു ഇരിക്കുവായിരിക്കും…..

എന്നും പറഞ്ഞു അമ്മയുടെ അനിയത്തി എന്നെ ഇച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു….

ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിൽ എത്തുമ്പോൾ ലൈറ്റ് പോലും ഇടാതെ ഇച്ഛൻ കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു..

ഞാൻ പതിയെ അടുത്ത് ചെന്നു തോളിൽ കൈവെച്ചു ഇച്ഛാ എന്ന് വിളിച്ചതും എന്നെ കെട്ടിപിടിച്ചു ഒരു പൊട്ടി കരച്ചിലായിരുന്നു ഇച്ഛൻ..

അതുവരെ ഉള്ളിൽ ഒതുക്കിപ്പിടിച്ച സങ്കടമെല്ലാം കണ്ണീരായി ഇച്ഛൻ ഒഴുക്കി..

എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും കരഞ്ഞു പോയി..

ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ മടിയിലേക്ക് തലവെച്ചു കിടന്ന് അച്ഛനെ കുറിച്ച് ഓരോന്ന് പറഞ്ഞു ഇച്ഛൻ കരയുമ്പോൾ എന്റെ നെഞ്ച് വിങ്ങി പൊട്ടുകയായിരുന്നു…..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!