Skip to content

നിന്നിലലിയാൻ – 5

ninnilaliyan novel

ധ്യാമിടെ വാക്കുകൾ കേട്ടതും അവന്റെ ഉള്ളിൽ വല്ലാത്തൊരു അനുഭൂതി വന്ന് നിറഞ്ഞു… ഇത്രയും നാൾ താൻ തേടി നടന്നവൾ ഇപ്പോൾ ഇതാ എവിടെ ആണെന്ന് താൻ അറിയാൻ പോകുന്നു…

അതോർത്തതും അവനിൽ അടക്കാൻ പറ്റാത്ത സന്തോഷം തോന്നി …. നെറ്റ് ഓൺ ആക്കി വാട്സ്ആപ്പ് എടുത്ത് ധ്യാമി അയച്ച ചിത്രം അവൻ ഡൌൺലോഡ് ആക്കാൻ ശ്രമിച്ചു…. ഒച്ചിനെക്കാൾ പതുക്കെ ആണ് നെറ്റിന്റെ സ്പീഡ് എന്ന് അവന് തോന്നി…. അവൻ അക്ഷമയോടെ ഫോണിലേക്ക് കണ്ണും നട്ടിരുന്നു… പതുക്കെ ആ ചിത്രം ഡൌൺലോഡ് ആകാൻ തുടങ്ങിയതും ആര്യൻ അതിലേക്ക് ആകാംഷയോടെ നോക്കി നിന്നു….

ആ ചിത്രം ഫോണിൽ തെളിഞ്ഞതും അവന്റെ മുഖം വാടി…. അത് ഇതൾ ആയിരുന്നില്ല… വല്ലാത്തൊരു നിരാശയും സങ്കടവും ദേഷ്യവും എല്ലാം അവന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങി … കൺകോണിൽ ഒരു തുള്ളി കണ്ണീർ അവന്റെ വേദനയുടെ അടയാളം എന്ന പോലെ തെളിഞ്ഞു വന്നു….

പെട്ടെന്ന് ആണ് ധ്യാമിയുടെ കാൾ വന്നത്…. ആദ്യം എന്ത് കൊണ്ടോ അവന് ആ കാൾ എടുക്കാൻ തോന്നിയില്ല .. പിന്നെയും അവൾ വിളിച്ചപ്പോൾ അവൻ കാൾ എടുത്തു…

“എന്തായി ആര്യേട്ടാ… അത് തന്നെ ആണോ ആള്…?”

അത് ചോദിക്കുമ്പോൾ പെണ്ണിന്റെ ഉള്ളിൽ വല്ലാത്തൊരു ആകാംഷ ആയിരുന്നു….

“അല്ല…. “

അത്രയും പറഞ്ഞ് അവൻ കാൾ കട്ട്‌ ചെയ്തു…

ആര്യന്റെ മറുപടി ധ്യാമിയിലും എന്തോ ഒരു നോവ് ഉണർത്തി…. ധ്യാമിയുടെ മുഖം വാടുന്നത് കണ്ടപ്പോൾ തന്നെ ദിയ ക്ക് കാര്യം മനസിലായി    ….

“ചേച്ചി, ഞാൻ ഒരു സംശയം ചോദിക്കട്ടെ… നിനക്ക് ആര്യേട്ടനെ ഇഷ്ടം ആണ് എന്നിട്ടും എന്തിനാ ഇതൾ ചേച്ചി യെ കണ്ടെത്താൻ നീ ശ്രമിക്കുന്നത് ….? ആ ചേച്ചി തിരിച്ചു വന്നാൽ പിന്നെ ഒരിക്കലും ആര്യട്ടനിൽ നിനക്ക് പ്രണയം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ???”..

ദിയ മിഴികൾ കൂർപ്പിച്ചു കൊണ്ട് ധ്യാമിയോട് ചോദിച്ചു….

“ഇതളിനെ ഇത്രമേൽ പ്രണയിക്കുന്ന ആര്യേട്ടൻ ഒരിക്കലും എന്നെ ആ സ്ഥാനത്ത് കാണില്ല …. പ്രണയം നഷ്ടപെടുക എന്നാൽ അത് അല്പം ഭീകരം തന്നെ അല്ലേ… ഒത്തിരി സ്നേഹിച്ചിട്ട് പെട്ടെന്ന് ഒരു ദിവസം അയാൾ നഷ്ടമാകുന്ന അവസ്ഥ….. ആ വേദന അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല മോളെ ….”

ധ്യാമി അത്രയും മാത്രം പറഞ്ഞു കൊണ്ട് മുറിവിട്ട് പോകുമ്പോൾ ദിയ കാണുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകളിലെ നീർതിളക്കം…

തന്റെ ചോദ്യം അബദ്ധം ആയോ എന്ന് ദിയ ഒരുമാത്ര വെറുതെ ചിന്തിച്ചു…. പിന്നെ ആര്യനും ധ്യാമിയും ഒരുപോലെ ആണോ എന്ന് അവൾ ഓർത്തു….

അല്ല….  ആര്യൻ ഇതളിന്റെ പ്രണയം ആവോളം ഹൃദയത്തിൽ ചേർത്തുവച്ചവൻ ആണ്… ആ പ്രണയത്തിന്റെ മധുരവും കയ്പ്പും ഒരുപോലെ അറിഞ്ഞവൻ…. പക്ഷേ ധ്യാമി അങ്ങനെ അല്ല…. അവൾ ഒരിക്കലും പ്രണയത്തിന്റെ മധുരം രുചിച്ചിട്ടില്ല… ആദ്യം തന്നെ പ്രണയം അവളിൽ കയ്പ്പുരസം അല്ലേ നിറച്ചത്….

പ്രണയത്തിന്റെ രുചി പ്രണയിക്കുന്ന ആളെ ആശ്രയിച്ചാണ് ഉള്ളത് എന്ന് ആ പത്താം ക്ലാസുകാരിക്ക് അറിയില്ലായിരുന്നു….

                            ÷•÷•÷•÷•÷

“ആഹ്… എനിക്ക് നോവുന്നു ആര്യേട്ടാ .. “

ഇതൾ ചിണുങ്ങി കൊണ്ട് പറഞ്ഞു …

“ഒന്ന് അടങ്ങി നിൽക്ക് പെണ്ണേ… ദേ കഴിഞ്ഞു… ഒരു സ്ലൈഡ് കുത്തുമ്പോൾ നീ ഇങ്ങനെ കിടന്ന് കാറിയാൽ നാട്ടുകാർ എന്നെ തെറ്റിദ്ധരിക്കും കുരുപ്പേ  ….”

ആര്യൻ അവളുടെ മുടിയിൽ മുല്ലപ്പൂവ് ചൂടിക്കൊടുക്കുന്നതിന് ഇടയിൽ പറഞ്ഞു…

അതിന് മറുപടി ആയി അവൾ അവനെ കോക്രി കാണിച്ചു   ….

“ഉം  .. ഇപ്പോൾ സുന്ദരി ആയിട്ടുണ്ട്    ….”

ആര്യൻ അവളെ തനിക്ക് നേരെ നിർത്തികൊണ്ട് പറഞ്ഞു  …

“ഓഹോ ഞാൻ നേരത്തെ സുന്ദരി അല്ലായിരുന്നോ?”

ഒരു പുരികക്കൊടി വില്ല് പോലെ വളച്ച് കൊണ്ടവൾ ചോദിച്ചു  ….

“എന്റെ കാന്താരി എപ്പോഴും സുന്ദരി അല്ലേ  ….?”.

ആര്യൻ അവളുടെ നീണ്ട മൂക്കിൻ തുമ്പിൽ ചെറുതായി വലിച്ച് കൊണ്ട് ചോദിച്ചു….

പെട്ടെന്ന് ആണ് ആരോ വരുന്ന ശബ്ദം കേട്ടത്… ആര്യൻ അവളെയും ചേർത്ത് പിടിച്ച് ആലിന്റെ പിന്നിൽ മറഞ്ഞു നിന്നു …. ഹരികിഷോർ ഏട്ടൻ ആയിരുന്നു അത് വഴി വന്നത് എന്ന് അറിഞ്ഞതും ഇതൾ അല്പം പേടിയോടെ ആര്യന്റെ അരികിൽ ചേർന്ന് നിന്നു….

ഹരിയേട്ടൻ പോയ ശേഷവും ആര്യൻ അവളെ അങ്ങനെ തന്നെ ചേർത്ത് നിർത്തിയിരുന്നു  ….

ചൂണ്ട് വിരൽ കൊണ്ടവളുടെ നെറ്റിയിലേക്ക് വീണ് കിടന്ന മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് ആര്യൻ പെണ്ണിന്റെ നെറ്റിയിൽ ചുണ്ടമർത്തി… ആദ്യ ചുംബനം  …. ഒരു നിമിഷം പെണ്ണ് അങ്ങനെ തന്നെ തരിച് നിന്നു…. അവളുടെ ചുണ്ടുകൾക്ക് മുകളിൽ വിയർപ്പ് പൊടിഞ്ഞു    … മിഴികൾ ഒരു പിടപ്പോടെ അവനെ നോക്കിയ ശേഷം നാണത്തോടെ താഴോട്ടു നോക്കി… അപ്പോൾ അവളുടെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി തത്തികളിച്ചു…..

ആര്യൻ മെല്ലെ അവളുടെ അധരങ്ങളെ സ്വന്തം ആക്കാൻ തുനിഞ്ഞതും പെണ്ണ് ഒരു ചിരിയോടെ അവനെ തള്ളി മാറ്റി ഓടി അകന്നു   …. അതിനിടയിൽ അവളുടെ കരിവളകൾ പൊട്ടിയത് ഒന്നും അവൾ അറിഞ്ഞില്ല … അവൾ പോകുന്നതും നോക്കി ആര്യൻ ഒരു കുസൃതി ചിരിയോടെ നിന്നു  ….

ഇടി മുഴക്കം കേട്ടതും ആര്യൻ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു …. അവൻ മെല്ലെ എഴുന്നേറ്റ് അലമാരിയിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു… അതിന്റെ ഉള്ളിൽ നിന്നും പൊട്ടിയ കരിവള തുണ്ടുകളും…. അവ കണ്ടതും അവന്റെ ഉള്ളം ഒന്ന് പിടഞ്ഞു… കുറുമ്പോടെ തന്നെ നോക്കി ചിരിക്കുന്ന ഒരു പെണ്ണിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു .. ഒപ്പം അവന്റെ കൺകോണിൽ ഒരു തുള്ളി കണ്ണീരും……

                           ÷•÷•÷•÷•÷

“ആര്യേട്ടാ ….”

ധ്യാമി ബൈക്കിൽ പോകുവായിരുന്ന ആര്യനെ അല്പം ഉറക്കെ വിളിച്ചു…. അവളെ കണ്ടതും അവൻ വണ്ടി ഒതുക്കി…

“എന്താടോ രാവിലെ തന്നെ വഴി തടയൽ..?”

ആര്യൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു ..

“സോറി, ഞാൻ കാരണം ഇന്നലെ വിഷമം ആയല്ലേ…?”

ധ്യാമി അല്പം സ്വരം താഴ്ത്തി പറഞ്ഞു…

“ഹെയ് അത് സാരമില്ല… കുറച്ച് നേരത്തേക്ക് ആണെങ്കിലും ഞാൻ വെറുതെ കൊതിച്ചു, അത് എന്റെ ഇതൾ ആവണം എന്ന്…. പിന്നെ തന്റെ തെറ്റ് കൊണ്ട് അല്ലാലോ അത് ഇതൾ ആകാഞ്ഞത്…. “

ആര്യൻ അത് പറയുമ്പോൾ ധ്യാമി എന്താ മറുപടി പറയേണ്ടത് എന്ന് അറിയാതെ അങ്ങനെ തന്നെ നിന്നു ….

” താൻ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് അതിശയം തോന്നുന്നു… ഞാൻ കരുതിയിരുന്നത് നിനക്ക് എന്നോടും ഇതളിനോടും ദേഷ്യം ആണെന്ന് ആയിരുന്നു…. സത്യത്തിൽ നീ ഒരു  അത്ഭുതം ആണ് ധ്യാമി   …. “

ആര്യൻ അത് പറഞ്ഞപ്പോൾ പെണ്ണ് വെറുതെ ഒന്ന് പുഞ്ചിരിച്ചു  ….

“ഞാൻ എന്തിനാ ആര്യേട്ടനെയും ഇതളിനെയും വെറുക്കുന്നത്  …. നിങ്ങൾ രണ്ടാളും എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല …. എനിക്ക് ആര്യേട്ടനോട് ബഹുമാനം ആണ് തോന്നുന്നത്, ഇപ്പോഴും ജീവന് തുല്യം ഇതളിനെ സ്നേഹിക്കുന്നില്ലേ  ….?

അങ്ങനെ ഉള്ളപ്പോൾ എന്നാൽ കഴിയുന്ന സഹായം ഞാനും ചെയുന്നു അത്രേ ഒള്ളു  ….”

പുഞ്ചിരിയോടെ മറുപടി പറയുന്ന ആ പെണ്ണിനെ ആര്യൻ കണ്ണിമയ്ക്കാതെ നോക്കി അല്പ നേരം നോക്കി നിന്നു… പിന്നെ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളിൽ നിന്നും അവൻ നോട്ടം മാറ്റി  …

“തനിക്ക് എന്റെ ഫോൺ നമ്പർ എവിടെ നിന്ന് കിട്ടി…?”

ആര്യൻ അല്പം സംശയത്തോടെ ചോദിച്ചു …

“അതോ …. അത് ഞാൻ പണ്ട് അച്ഛന്റെ ഫോണിന് അടിച്ച് മാറ്റിയതാ  ….”

പെണ്ണ് അല്പം കുസൃതിയോടെ പറഞ്ഞു….

“ആഹാ കൊള്ളാല്ലോ…. എന്നിട്ട് ഇത്രയും നാളും താൻ ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ …?”

ആര്യൻ അതിശയത്തോടെ ചോദിച്ചു ….

പെട്ടെന്ന് എന്തോ പറയാൻ വന്നെങ്കിലും ധ്യാമി അത് പറയാതെ അവനിൽ നിന്നും നോട്ടം പിൻവലിച്ചു   ….

ഒരിക്കൽ അത്ര ഇഷ്ടത്തോടെ കട്ടെടുത്ത നമ്പർ…. എത്രവട്ടം അതിലേക്ക് വിളിക്കാൻ മനം തുടിച്ചിരുന്നു  …. അന്നൊക്കെ അതിന് തുനിയുമ്പോൾ കൈകൾ വിറക്കുമായിരിന്നു… ഹൃദയമിടിപ്പ് പോലും വല്ലാതെ ഉയരും  …. അങ്ങനെ എത്രവട്ടം ആ ശ്രമം ഉപേക്ഷിച്ചിരിക്കുന്നു ….

പെണ്ണിന്റെ മനസ്സിൽ ഓടിയെത്തിയ ചിന്തകളെ തുടച്ച് മാറ്റാൻ എന്ന പോലെ അവളുടെ മേൽ മഴത്തുള്ളികൾ പതിച്ചു …. അപ്പോഴാണ് താൻ കാത്ത് നിന്നത് എന്തിനാണ് എന്നത് പോലും അവൾ ഓർത്തത് ….

“ആര്യേട്ടാ, ഞാൻ കാത്ത് നിന്നത് ഒരു കാര്യം പറയാനാ …. എന്റെ ഫ്രണ്ട് ന് മ്യൂസിക് ഡയറക്ടർ ജിഷ്ണു വും ആയി നല്ല ബന്ധം ആണ്  …. ആര്യേട്ടന്റെ കാര്യം അവൻ അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടുണ്ട്…. നാളെ രാവിലെ ഒന്ന് പോയി കാണാമോ …?”

ധ്യാമി അത് ചോദിച്ചതും അവന് വല്ലാത്ത സന്തോഷം തോന്നി ….

“താങ്ക്സ് ധ്യാമി, നാളെ രാവിലെ തന്നെ ഞാൻ പോകാം…. മഴ കൂടുന്ന ലക്ഷണം ആണ്. താൻ കേറ് ഞാൻ വീട്ടിൽ കൊണ്ടാക്കാം…”

ആര്യൻ അത് പറഞ്ഞപ്പോൾ ധ്യാമി ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ മഴ കൂടുന്നത് കണ്ടതും അവൾ അവനൊപ്പം വണ്ടിയിൽ കേറി….

ഒരിക്കൽ ഒത്തിരി ആഗ്രഹിച്ചിരുന്നു, ആര്യനൊപ്പം മഴ നനഞ്ഞു കൊണ്ട് ഒരു ബൈക്ക് യാത്ര …. പക്ഷേ ഇന്ന് അത് സാധ്യമാകുമ്പോൾ പെണ്ണിന്റെ ഉള്ളം ശുന്യം ആണ് …. അറിയാതെ പോലും അവന് തന്റെ പ്രണയം ശല്യമാകാതെ ഇരിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു  ….

വീട്ടിൽ എത്താറായതും ഒരു കാർ ധ്യാമിടെ വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകുന്നത് അവർ കണ്ടു …. ആര്യൻ ധ്യാമിയെ ഗേറ്റ് ന്റെ മുൻപിൽ ഇറക്കിയതും കാർ തുറന്ന് ഒരാൾ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു….

(തുടരും…).

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ആത്മസഖി

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ninnilaliyan written by Revathy

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!