Skip to content

കാവൽ – 27

kaaval

ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ ലിജി മുറ്റമടിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് ഡേവിഡിന്റെ കാർ വന്നത്‌. അതിൽ നിന്നും ഡേവിഡും എഴുപതിനോടടുത്തു പ്രായം തോന്നിക്കുന്ന  തലമുടി നരച്ച ഒരു സ്ത്രിയും ഇറങ്ങി. ഡേവിഡിന്റെ അമ്മയാണ് കൂടെ വന്നിരിക്കുന്നതെന്നു ഒറ്റ നോട്ടത്തിൽ ലിജിക്ക് മനസ്സിലായി. മുകളിലേക്കു എടുത്തു കുത്തിയിരുന്ന പാവാടത്തുമ്പു ഇറക്കിയിട്ടു, കയ്യിലിരുന്ന ചൂല് വീടിന്റെ ഇറയത്തു ചാരിവച്ചു ലിജി അവർക്കടുത്തേക്ക് ചെന്നു.

“അമ്മേ, ഇതാണ് ലിജി, അമ്മേടെ ഭാവി മരുമകൾ. എങ്ങനുണ്ട് “

ഡേവിഡ് കൂടെ വന്ന അമ്മ ലീലാമ്മയോട് ചോദിച്ചു.

അവർ ലിജിയെ സൂക്ഷിച്ചു നോക്കി.പിന്നെ ലിജിയുടെ കയ്യിൽ പിടിച്ചു.

“കാഴ്ച്ചക്ക് ചെറിയ മങ്ങൽ ഉണ്ട് മോളേ,അത് കൊണ്ട് സൂക്ഷിച്ചു നോക്കണം മനസ്സിലാക്കണമെങ്കിൽ. എന്റെ മോൻ കണ്ടു പിടിച്ച പെൺകുട്ടിയെ എനിക്കിഷ്ടമായി.സുന്ദരിയാ, മോൾക്ക്‌ നല്ല മുഖശ്രീ ഉണ്ട് കേട്ടോ.”

ലീലാമ്മ ലിജിയെ നോക്കി സന്തോഷത്തോടെ പറഞ്ഞു. അവരുടെ സംസാരത്തിൽ നിന്നും അവർക്കു തന്നെ വളരെ ഇഷ്ടപ്പെട്ടു എന്ന് ലിജിക്ക് തോന്നി.

“അമ്മച്ചി വാ അകത്തേക്ക് പോകാം “

ലിജി ലീലാമ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് വീടിന് നേരെ നടന്നു. ആ സമയത്താണ് ആന്റണിയും ലില്ലിക്കുട്ടിയും വീടിനുള്ളിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി വന്നതും.

” ഇതാണ് എന്റെ അമ്മച്ചിയും ചാച്ചനും.ഒരനിയത്തി കൂടെ ഉണ്ട്. അവളകത്തുണ്ട് “

ലിജി ലീലാമ്മക്ക് തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി കൊടുത്തു.

ഡേവിഡ് തന്റെ അമ്മ ലീലാമ്മയെ ആന്റണിക്കും ലില്ലിക്കുട്ടിക്കും പരിചയപ്പെടുത്തി.അപ്പോഴേക്കും അകത്ത് നിന്നും ലിഷയും ഇറങ്ങി വന്നു.

“ഇതാണ് ഞങ്ങളുടെ ഇളയമകൾ ,ലിഷ . പഠിക്കുവാ, പ്ലസ്ടു വിന് “

ലില്ലിക്കുട്ടി  ലീലാമ്മയോട് പറഞ്ഞു.

ലീലാമ്മ ലിഷയെ നോക്കി ചിരിച്ചു.

പരിചയപ്പെടലിനൊടുവിൽ ലീലാമ്മക്ക് തങ്ങളെ എല്ലാവരെയും ഇഷ്ടമായി എന്ന് ലില്ലിക്കുട്ടിക്ക് മനസ്സിലായി. അവരുടെ മനസ്സ് നിറഞ്ഞു.

“ഞങ്ങള് പാവപെട്ടവരാ,ഇതൊക്കെ ടോമിച്ചൻ എന്ന് പറയുന്ന ഒരാളുടേതാണ്. ഡേവിഡ് എല്ലാം പറഞ്ഞുകാണുമല്ലോ അല്ലെ. കുറച്ച് സ്ഥലം ഉണ്ട്. അത് അങ്ങ് അടിവാരത്താ. വീട് കത്തിപോയപ്പോൾ ഇങ്ങോട്ട് പോന്നതാ “

ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ ആന്റണി ലീലാമ്മയോട് പറഞ്ഞു.

“ഞാനും പാവപെട്ടവളാ, ഡേവിഡ് ടോമിച്ചന്റെ കൂടെ വന്നതിനു ശേഷമാണ് ഒന്ന്‌ പച്ചപ്പിടിച്ചത്. ചെറുപ്പത്തിലേ അപ്പൻ ഉപേക്ഷിച്ചു പോയി. പിന്നെ പല വീടുകളിലും വീട്ടുജോലി ചെയ്ത ഡേവിഡിനെ വളർത്തിയതും പഠിപ്പിച്ചതും.ഇപ്പോഴും ഞാൻ അവിടെ ആങ്ങളയുടെ വീട്ടില താമസം. കുറച്ച് നാളായി ഇങ്ങോട്ട് വരാൻ ഡേവിഡ് നിർബന്ധിക്കുന്നു. ഇപ്പോഴാ ഇങ്ങോട്ട് വരാൻ തോന്നിയത്. അവനൊരു പെൺകുട്ടിയെ കണ്ടുപിടിച്ചു എന്ന് കേട്ടപ്പോൾ സമാധാനം ആയി. എന്റെ കണ്ണടഞ്ഞാലും അവനൊരു തുണ വേണമല്ലോ. ലിജി മോളേ എനിക്കിഷ്ടമായി.”

ലീലാമ്മ ആന്റണിയോടും ലില്ലിക്കുട്ടിയോടുമായി പറഞ്ഞു.

“എല്ലാം തുറന്നുപറയുന്നതല്ലേ നല്ലത്. അതുകൊണ്ടാ ലിജിയുടെ ചാച്ചൻ ഞങ്ങളുടെ അവസ്ഥ പറഞ്ഞത് “

ലില്ലിക്കുട്ടി ലീലാമ്മയോടായി പറഞ്ഞു.

“ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമല്യോ. അത് മതി. നല്ല മാനസികപൊരുത്തതോടെ, വിശ്വാസത്തോടെ, സ്നേഹത്തോടെ ജീവിക്കണം. എനിക്കതു മതി. മറ്റെന്തിനെക്കാളും അതിനാണ് പ്രാധാന്യം “

ലീലാമ്മ ഡേവിഡിനെയും ലിജിയും നോക്കി പറഞ്ഞു.

“അതേ.. പരസ്പരം വിശ്വാസവും സ്നേഹവും ഉള്ളയിടത്തെ കുടുംബജീവിതത്തിനു കെട്ടുറപ്പു ഉണ്ടായിരിക്കുള്ളു. ഇപ്പൊ കണ്ടില്ലേ, ഇന്ന് ഒരു കല്യാണം കഴിഞ്ഞാൽ, ഒരു മാസം കഴിയുമ്പോൾ ഡിവോഴ്സ് ആയി. പെണ്ണുങ്ങൾക്ക് സ്വാതന്ത്രം പോരാ എന്നുള്ള മുറുമുറുപ്പ്.എന്ത് സ്വാതന്ത്ര്യമാ, മുറിതുണിയും ഉടുത്തു ശരീരപ്രദർശനം കാണിക്കാനുള്ള സ്വാതന്ത്ര്യം. ഇന്നത്തെ കാലത്തു ഏത്  സ്ത്രികൾക്കും യാത്ര പോകുവാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, തങ്ങൾക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും, ജോലിക്ക് പോകുവാനുമുള്ള സ്വാതന്ത്ര്യം എല്ലായിടത്തും ഉണ്ട്. അത് പോരാന്നു പറഞ്ഞല്ലേ കുറച്ചു  ഫെമിനിസ്റ്റുകൾ ഫേസ്ബുക്കിലും മറ്റും പോയിരുന്നു ച്ഛർദ്ധിച്ചു വയ്ക്കുന്നത്. ഇത് കേട്ടു ആകർഷിടരായി മര്യാദക്ക് ജീവിക്കുന്ന പെണ്ണുങ്ങളും കൂടി നശിക്കും. ഏറ്റവും വലിയ തമാശ എന്തെന്നാൽ ഈ ഫെമിനിസം പറഞ്ഞു നടക്കുന്നവളുമാരുടെ ഒക്കത്തു ഓരോ പിള്ളേര് കാണും. പക്ഷെ അതിന്റെ ഒക്കെ തന്ത ആരാണെന്നു ചോദിച്ചാൽ ഇവളുമാർക്ക് ഉത്തരം ഇല്ല. അതിൽ നിന്നും തന്നെ മനസ്സിലാക്കാം തങ്ങളോ നശിച്ചു .എന്നാൽ മാനം മര്യാദക്ക് ജീവിക്കുന്നവരുടെ ജീവിതം  കൂടി കഴുവേറ്റിയേക്കാം എന്നാണ് ഇവളുമാരുടെ ഉദേശം എന്ന്. കുടുംബജീവിതം സുഖവും ദുഖവും നിറഞ്ഞതാണെന്നും പരസ്പരം മനസ്സുതുറന്നു സംസാരിച്ചു,തങ്ങൾക്കിടയിലുള്ള ചെറിയ ചെറിയ പിണക്കങ്ങൾ തീർത്തു മുൻപോട്ടു പോകേണ്ടതാണെന്നും മനസ്സിലാക്കിയാൽ തൊണ്ണൂറ് ശതമാനം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.”

ആന്റണി ലീലാമ്മയോട് പറയുന്നത് കേട്ടു ലില്ലിക്കുട്ടി അമ്പരന്നു പോയി.

തല്ലും, പിടിയും, കുടിയുമായി, തന്നെയും രണ്ട് പെണ്മക്കളെയും തിരിഞ്ഞു  പോലും നോക്കാതെ നടന്ന മനുഷ്യനാണോ ഈ ഇരുന്നു ആദർശം പറയുന്നതെന്ന് ഓർത്തു ലിജിയെ നോക്കി. അവളും ആന്റണിയെ അതിശയത്തോടെ നോക്കി നിൽക്കുകയായിരുന്നു.

“ആണുങ്ങളും മോശക്കാരൊന്നും അല്ല. മദ്യവും മയക്കുമരുന്നും വലിച്ചു കേറ്റി അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ അല്ലെ പോക്ക്. കുഞ്ഞ് പിള്ളേരെ പോലും ഇവന്മാർ വെറുതെ വിടുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് പേടി.ലോകം നാശത്തിലേക്കു പോകുന്നതിന്റെ സൂചനയാണ് ഇത് “

ലില്ലിക്കുട്ടി ആത്മാരോക്ഷത്തോടെ പഞ്ഞു കൊണ്ട് തുടർന്നു.

“അതും ശരിയാ,പെൺകുട്ടികൾ ജനിച്ചു കഴിഞ്ഞാൽ വളർത്തി സുരക്ഷിതമായ ഒരു കൈകളിൽ എത്തിക്കുന്നത് വരെ മനസ്സിൽ ആധിയാ. വീട്ടിൽ പോലും കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ.”

ലില്ലിക്കുട്ടി പറഞ്ഞത് കേട്ടു ലീലാമ്മ തലകുലുക്കി.

ഒൻപതര ആയപ്പോൾ കാപ്പി കുടി കഴിഞ്ഞു ഡേവിഡും ലീലാമ്മയും പോകാനിറങ്ങി.

“അപ്പോ ഞങ്ങളിറങ്ങുവാ,അധികം ആളുകളെയൊന്നും കല്യാണത്തിനു  വിളിക്കാനില്ലല്ലോ. നമ്മള് കുടുംബക്കാരു മാത്രമല്ലേ ഉള്ളു. ഒന്നോർത്താൽ അതും നല്ലതാ. ഇല്ലാത്ത കാശും മുടക്കി നാടൊട്ടുക്കു വിളിച്ചു സദ്യയും നടത്തിയിട്ടു, മൂക്കുമുട്ടെ തിന്നു ഏമ്പക്കവും വിട്ടു, സദ്യ കാൽകാശിന് കൊള്ളത്തില്ലന്ന്  കുറ്റം പറയുന്നത് കേൾക്കണ്ടല്ലോ.മാത്രമല്ല ഇഷ്ടപെട്ട രണ്ട് മനസ്സുകൾ ഒന്നിച്ചു ചേരുന്നതിനു എന്തിനാ ഒരുപാട് ആളുകൾ.കല്യാണം കഴിഞ്ഞു നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടായാൽ കൂട്ടം കൂടി തിന്നുമുടിപ്പിച്ച ഇവരാരെങ്കിലും ഒന്ന്‌ തിരിഞ്ഞു നോക്കുമോ “

യാത്രപറഞ്ഞു ലീലാമ്മ കാറിന് നേർക്കു നടന്നു. ഡേവിഡും പുറകെ നടന്നു.

“അയാളെ നീ കണ്ടു പിടിച്ചോ ഡേവി. നമ്മൾ ഇവിടെ വന്നതിനു പിന്നിൽ നിന്റെ കല്യാണം മാത്രമല്ല എന്ന കാര്യം നീ മറന്നിട്ടില്ലല്ലോ “?

കാറിലിരിക്കുമ്പോൾ ലീലാമ്മ ഡേവിഡിനെ നോക്കി ചോദിച്ചു.

“കണ്ടു പിടിച്ചു, സമ്പന്നതയിൽ സുഖിച്ചു ജീവിക്കുന്നു “

ഡേവിഡ് അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

“നിന്നെ തിരിച്ചറിഞ്ഞോ? ചിലപ്പോൾ ആപത്താണ് അത്. സൂക്ഷിക്കണം “

ലീലാമ്മ ഡേവിഡിന്റെ മുഖത്തേക്ക് നോക്കി.

“ഇല്ല, എന്നെ തിരിച്ചറിഞ്ഞിട്ടില്ല, എങ്ങനെ തിരിച്ചറിയാൻ ആണ്.”

ഡേവിഡിന്റെ മുഖത്തു ഒരു പുച്ഛച്ചിരി വിടർന്നു.

“നമ്മൾക്കിട്ട് പണിതിട്ടു അയാളെ  സുഖിച്ചു കഴിയാൻ ഞാൻ സമ്മതിക്കുമോ. കഷ്ടപ്പാടും അവഹേളനയും സഹിച്ചു ഇവിടം വരെ വന്നത് തന്നെ പണി കൊടുക്കാനാ . ഒന്ന്‌ കൊടുത്തു. അത് കുറച്ച് കൂടിപ്പോയി എന്നെനിക്കു തോന്നി. നഷ്ടങ്ങളും സങ്കടങ്ങളും എന്താണെന്നു  അയാളുകൂടി അറിയട്ടെ.”.

ഡേവിഡ് വഴിയിലേക്ക് ശ്രെദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിനക്കൊരു ആപത്തും വരരുത്. പ്രതികാരം ചെയ്യണമെന്നൊന്നും ഞാൻ പറയത്തില്ല. തിരിച്ചറിവും ബുദ്ധിമോശവും കൊണ്ട് സംഭവിച്ചതല്ലേ. കഴിഞ്ഞത് കഴിഞ്ഞു. ഒരിക്കലെങ്കിലും അയാളുടെ  നേരെ ഒന്ന്‌ നിൽക്കണം എനിക്ക്.അയാൾ തിരിച്ചറിയണം. അത്രേയുള്ളൂ “

ലീലാമ്മ നിറഞ്ഞുവന്ന കണ്ണുകൾ ഡേവിഡ് കാണാതെ തുടച്ചു.

“നീ കണ്ടുപിടിച്ച പെൺകുട്ടി കൊള്ളാം. അമ്മക്ക് ഭയങ്കര ഇഷ്ടമായി അവളെ. നിനക്കു നന്നായി ചേരും. വീട്ടുകാരുടെ പെരുമാറ്റവും നല്ലത്. ഒരു താലി ചരടിന്റെ പിൻബലത്തിൽ നിന്നെ വിശ്വസിച്ചു കൂടെ വരുന്ന ആ പെങ്കൊച്ചിന്റെ കണ്ണു നിറയാതെ നോക്കിക്കോണം. പെണ്ണിന്റെ കണ്ണീരും ശാപവും മേടിച്ചാൽ അത് അടുത്ത  പത്തു തലമുറ വരെ നീണ്ടു നിൽക്കും എന്നാണ് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ട് നിനക്ക് പറ്റാവുന്ന രീതിയിലൊക്കെ നന്നായിട്ടു നോക്കിക്കോണം. അവളുടെ ആഗ്രഹങ്ങൾ ചോദിച്ചു മനസ്സിലാക്കി പെരുമാറണം. ഭാര്യ എന്നാൽ ജീവിതകാലം മുഴുവൻ ഭർത്താവിന്റെ കൂടെ സുഖവും ദുഃഖവും അനുഭവിച്ചു കഴിയേണ്ടവളാണ്. അധികം ദുഃഖം കൊടുക്കാതെ പരമാവധി സന്തോഷം കൊടുക്കുവാൻ ശ്രെമിക്കുക “

ലീലാമ്മ ഡേവിഡിനോട് ഉപദേശരൂപേണ പറഞ്ഞിട്ട് കാറിന് പുറത്ത് ഓടി മറയുന്ന തേയില തോട്ടങ്ങളിലേക്ക് നോക്കിയിരുന്നു.

” സ്നേഹം ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. സ്നേഹിച്ചതിന്റെ പേരിൽ,  ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കേണ്ട അവസ്ഥ, ഭീകരമാണ്.അതിനിയും ആവർത്തിക്കരുത്.അത് നിന്നെ മനസ്സിലാക്കി തരാനാണ് അമ്മ ഈ പറയുന്നത്. നമുക്കാരോടും പ്രതികാരം വേണ്ട. അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ അനുഭവിക്കും..കർത്താവ് കൊടുക്കും”

ലീലാമ്മ പറയുന്നത് കേട്ടുകൊണ്ട് ഡേവിഡ് വഴിയിലേക്ക് ശ്രെദ്ധിച്ചു കൊണ്ട് കാർ ഓടിച്ചുകൊണ്ടിരുന്നു.

*******—-********************—-***********

അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഡേവിഡിന്റെയും ലിജിയുടെയും വിവാഹം നടന്നു. വിവാഹത്തിന്റെ എല്ലാ  ചിലവുകളും ടോമിച്ചനാണ് വഹിച്ചത്. അതുകൊണ്ട് തന്നെ ആന്റോണിക്കോ ലില്ലിക്കുട്ടിക്കോ ഒന്നിനെയും കുറിച്ച് വേവലാതി പെടേണ്ടി വന്നില്ല. ലിജിയെ സംബന്തിച്ചിടത്തോളം ഇങ്ങനെ ഒന്നിനും കുറവില്ലാത്ത ഒരു വിവാഹം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. കാരണം ആഗ്രഹിച്ചാലും സാധിക്കില്ല എന്നതുകൊണ്ട് സ്വൊപ്നം കണ്ടില്ല എന്നതാകും ശരി.

തന്റെ ഒരു മകളെ നല്ല രീതിയിൽ ഒരാളെ പിടിച്ചേൽപ്പിക്കാം പറ്റിയല്ലോ എന്നാ ആശ്വാസം ആന്റണിയുടെയും ലില്ലിക്കുട്ടിയുടെയും മുഖങ്ങളിൽ ഇപ്പോൾ കാണാം.

ലിജിയുടെ വിവാഹം കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം ആന്റണിയും ലില്ലിക്കുട്ടിയും വരാന്തയിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

“നിന്റെ കഷ്ടപ്പാടും കണ്ണീരും കണ്ടായിരിക്കണം ജയിലിൽ ഞാൻ കിടക്കുന്ന സെല്ലിൽ ദൈവം ടോമിച്ചനെ എത്തിച്ചത്. അവിടെ വച്ചു തുടങ്ങിയ ബന്ധത്തിന്റെ ഫലമാണ് ഈ കാണുന്നത്. ഇത്രയും നന്നായി എന്റെ മകളുടെ കല്യാണം നടത്തികൊടുക്കേണ്ട  ആവശ്യം അവനില്ല, നമ്മളവന്റെ ആരുമല്ല. ഒരു രക്തബന്ധവും ഇല്ല. എന്നിട്ടും സ്വന്തമായി കണ്ടു എല്ലാം ചെയ്തു തന്നു. ഈ ജീവിതത്തിൽ ഇതൊന്നും തിരിച്ചു കൊടുക്കാൻ പറ്റത്തില്ല. അതിന് കഴിയത്തുമില്ല.”

ആന്റണി ലില്ലിക്കുട്ടിയോട് പറഞ്ഞു കൊണ്ട് ഒരു ബീഡിക്കു തീ കൊളുത്തുമ്പോൾ ആണ് ടോമിച്ചന്റെ ജീപ്പ് മുറ്റത്തേക്ക് കയറി വന്നു നിന്നത്. ടോമിച്ചൻ അതിൽ നിന്നുമിറങ്ങി.

“രണ്ടുപേരും കൂടി ഇരുന്നു എന്താ രഹസ്യം പറച്ചിൽ.”

ടോമിച്ചൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

“ഒന്നുമില്ല, നിന്നെ കുറിച്ചാണ് സംസാരിച്ചോണ്ടിരുന്നത്. എന്റെ മകളെ ഒരു രാജകുമാരിയെ പോലെ പൊന്നിലും പട്ടിലും അണിയിച്ചൊരുക്കി വിട്ടില്ലേ.ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന്. നിന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആണെങ്കിൽ ഇതൊക്കെ ചെയ്യുമോ? ഈ കടപ്പാടൊക്കെ എങ്ങനെ വീട്ടും എന്ന് ലില്ലിക്കുട്ടിയോട് ചോദിക്കുകയായിരുന്നു ഞാൻ. ങ്ങാ നീ ചായകുടിച്ചോ “

ആന്റണി ടോമിച്ചനെ നോക്കി.

“ഞാൻ കുടിച്ചിട്ട വന്നത്. എന്നാലും ചേട്ടത്തി ഒരു ചായ ഇങ്ങെടുത്തോ “

പറഞ്ഞുകൊണ്ട് ടോമിച്ചൻ വരാന്തയിൽ ഇരുന്നു.ലില്ലിക്കുട്ടി അകത്ത് പോയി ഗ്ലാസിൽ ചായയുമായി വന്നു ടോമിച്ചന് കൊടുത്തു.

“ലിജി യും ഡേവിഡും എന്തെടുക്കുന്നു ടോമിച്ചാ “

ലില്ലിക്കുട്ടി ടോമിച്ചനെ നോക്കി.

“അവരൊക്കെ എപ്പോഴും ജെസ്സിയുടെയും അമ്മച്ചിയുടെയും കൂടെ അല്ലോ. ലിജിയെയും ലീലാമ്മചേടത്തിയെയും കിട്ടിയതിൽ പിന്നെ ജെസ്സിയുയും അമ്മച്ചിയുടെയും ക്ഷീണമൊക്കെ പമ്പകടന്നു. അവിടെ ഇപ്പോൾ എപ്പോഴും ആഘോഷവും ബെഹളവും ഒക്കെ ആയി ഒരു കുടുംബം പോലെയല്ലേ കഴിയുന്നത്.ലിജി ഇവിടെനിന്നും പോയ ആളല്ല.എപ്പോഴും ചിരിയും കളിയും ഒക്കെയാ ഇപ്പോ “.

ടോമിച്ചൻ കയ്യിലിരുന്ന ചായ കുടിച്ചുകൊണ്ടിരുന്നു.

“ഈ ആഴ്ച ഊട്ടിക്കോ, മറ്റൊ പോകുകയാണെന്നു പറയുന്നത് കേട്ടു. ഹണിമൂണിന്. ജെസ്സിയ മുൻകൈ എടുത്തു പറഞ്ഞു വിടുന്നത് “

ഗ്ലാസിന്റെ അടിയിൽ ഉണ്ടായിരുന്ന ചായയുടെ മട്ട് ഒഴിച്ചു കളഞ്ഞു ലില്ലിക്കുട്ടിയുടെ കയ്യിൽ ഗ്ലാസ്സ് കൊടുത്തു. അവർ ഗ്ലാസ്സുമായി അടുക്കളയിലേക്ക് പോയി.

“ടോമിച്ചാ, ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടുമെടാ ഞാൻ “

ആന്റണി ടോമിച്ചന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“കടമോ? എന്തോന്ന് കടം. ഞാനവൾക്ക് വേണ്ടി ചെയ്തു കൊടുത്തതൊന്നും കടമല്ല. കടമയാ. എന്നെ അന്യനായി കണ്ടു അതൊക്കെ വീട്ടാനാണോ നിങ്ങടെ ഉദ്ദേശം “

ടോമിച്ചൻ ആന്റണിയോട് ചോദിച്ചു.

“എന്നെ കൊണ്ട് നോക്കിയാൽ ഇതൊക്കെ വീട്ടാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ ടോമിച്ചാ. നിന്റെ കാരുണ്യം കൊണ്ട് അല്ലെ ഇപ്പൊ ഇവിടം അന്നത്തിനു മുട്ടില്ലാതെ കഴിഞ്ഞു പോകുന്നത്. പിന്നെ അന്യൻ, നിന്നെ ജയിലിൽ വച്ചു പരിചയപ്പെട്ടപ്പോൾ മുതൽ നീ എനിക്കാരൊക്കെയോ ആണ്.

മകനാണോ, അതോ കൂടപ്പിറപ്പാണോ എന്നൊന്നും അറിയത്തില്ല. പക്ഷെ ആന്റണിയുടെ ചങ്കിനകത്തു കർത്താവിന്റെ സ്ഥാനത്തു നീ ഇരിപ്പൊണ്ട്. അതെനിക്കറിയാം. നീ ചോദിച്ച എന്റെ ഹൃദയം പറിച്ചു നിന്റെ ഉള്ളം കയ്യിൽ വച്ചു തരും ഞാൻ. അത്രേയുമെ എനിക്കറിയത്തൊള്ളൂ “

ആന്റണി ചെറുതായി നനവ് പടന്ന കണ്ണുകൾ കൊണ്ട് ടോമിച്ചനെ നോക്കി.

“ടോമിച്ചാ, ജെസ്സിക്കിതു ഏതു മാസമാ, ഡേറ്റ് പറഞ്ഞിട്ടില്ലേ ഡോക്ടറു “

ലില്ലിക്കുട്ടി ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു.

“ഈ മാസം അവസാനമാ പറഞ്ഞിരിക്കുന്നത്. കട്ടപ്പന സെന്റ് ജോൺസിൽ ആ കാണിക്കുന്നത്.”

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ലിഷ മുറ്റത്തുകൂടി അങ്ങോട്ട്‌ വന്നു.

“ചേച്ചി പോയപ്പോൾ നല്ല വിഷമമുണ്ട് അല്ലെ “

ടോമിച്ചൻ ലിഷയെ നോക്കി. അവൾ വിഷമത്തോടെ തലകുലുക്കി.

“ങ്ങാ ഓർമ്മ വച്ചനാൾ മുതൽ ഒരുമിച്ചുണ്ടു, ഒരുപായിൽ കിടന്നുറങ്ങി, കളിച്ചു നടന്നവരല്ലേ ചേച്ചിയും അനിയത്തിയും. അപ്പോ അതിന്റെ വിഷമം അവൾക്കില്ലാതെ ഇരിക്കുമോ “

ആന്റണി പറഞ്ഞു.

“വിഷമിക്കുകയൊന്നും വേണ്ട. ചേച്ചിയെ കാണണം എന്ന് തോന്നുമ്പോൾ എപ്പോൾ വേണമെങ്കിലും പോയി കാണാമല്ലോ. പിന്നെന്താ “

ടോമിച്ചൻ ലിഷയോടു ചോദിച്ചു.

“നന്നായി പഠിച്ചോ. പഠിച്ചു നല്ലൊരു നിലയിൽ എത്തണം. ഇനി അങ്ങോട്ടുള്ള കാലത്തു വിദ്യാഭ്യാസവും പണവും ഒരാളുടെ ജീവിതത്തിൽ പ്രധാനമാണ്. അതോർമ്മയിൽ വച്ചു മുൻപോട്ടു പോകണം കേട്ടോ “

ടോമിച്ചൻ ലിഷയോടു പറഞ്ഞിട്ട് എഴുനേറ്റു.

“അപ്പോ, ഞാൻ പോകുവാ, ഈ വഴി വന്നപ്പോ കേറിയതാ. സമയം കിട്ടുമ്പോൾ അങ്ങോട്ടിറങ്.”

ടോമിച്ചൻ ജീപ്പിൽ കേറി പോകുന്നത് നോക്കി ആന്റണിയും ലില്ലിക്കുട്ടിയും നിന്നു.

“ഇതുപോലെയുള്ള ആളുകൾ ഇപ്പോഴും ഈ ലോകത്തുണ്ടല്ലോ, ശോശാമ്മ ചേട്ടത്തിയുടെ സ്വഭാവം ആണ്

ടോമിച്ചനും. കഷ്ടപ്പെടുന്നവരെ സ്നേഹിക്കുവാനും സഹായിക്കുവാനുമുള്ള ഒരു മനസ്സുണ്ട്.”

ലില്ലിക്കുട്ടി ആന്റണിയോട് പറഞ്ഞു.

********************************************

മന്ത്രിസഭാ സത്യപ്രതിജ്ഞക്കു ഫ്രഡ്‌ഡി ടോമിച്ചനെ തിർവനന്തപുരത്തേക്ക് ക്ഷെണിച്ചു എങ്കിലും ടോമിച്ചൻ ടി വി യിൽ വീട്ടുകാരുമൊത്തു കണ്ടോളാം എന്ന് പറഞ്ഞു.

ഫ്രഡിക്കു വനം വകുപ്പ് കിട്ടിയ വിവരം ഫ്രഡ്‌ഡി ഫോണിലൂടെ ടോമിച്ചനെ അറിയിച്ചു.

“ടോമിച്ചാ വനം വകുപ്പ കിട്ടിയിരിക്കുന്നത്‌. ഇതെല്ലാം ടോമിച്ചന്റെ അന്നത്തെ ബുദ്ധിപരമായ നീക്കത്തിലൂടെ കിട്ടിയതാ. എന്ത് വേണമെങ്കിലും പറഞ്ഞോണം ടോമിച്ചാ. ഫ്രഡ്‌ഡി ഉണ്ട് കൂടെ. ഒരു മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ചെയ്യാവുന്നതൊക്കെ ടോമിച്ചന് വേണ്ടി ഞാൻ ചെയ്തു തരും, സത്യപ്രതിജ്ഞക്കു വരാൻ പറ്റുകയാണെങ്കിൽ വരണം. കുറച്ച് തിരക്കുണ്ട് വയ്ക്കട്ടെ “

ഫ്രഡ്‌ഡി ഫോൺ വച്ചു.

“ഫ്രഡിക്കു വിഷമമായി കാണും, നിങ്ങൾക്ക് അവിടം വരെ ഒന്ന്‌ പോകതില്ലായിരുന്നോ. നിങ്ങള് കാരണം കൊണ്ടാ ഇലക്ഷനിൽ ഫ്രഡിക്കു ജയിക്കാൻ പറ്റിയതെന്നു അറിയാം. അതിന്റെ നന്ദിയാ.പിന്നെ ഫ്രഡ്‌ഡിയോട്  നിങ്ങൾക്കെതിരെ നിന്നു ഒളിയുദ്ധം ചെയ്യുന്നവൻ ആരാണെന്നു രഹസ്യമായി ഒന്നന്വേഷിക്കാൻ പറ. അയാൾക്ക്‌ ഇപ്പോൾ പോലീസുകാരെ വച്ചു രഹസ്യമായി അന്വേഷിക്കാൻ പറ്റുമല്ലോ. നിങ്ങള് പോയി ആവശ്യമില്ലാത്ത പ്രശ്നത്തിൽ ചാടാതിരിക്കാനാ പറയുന്നത്‌. നിങ്ങളിപ്പോൾ എന്ത് പറഞ്ഞാലും ഫ്രഡ്‌ഡി ചെയ്തു തരും”

ജെസ്സി ടോമിച്ചനോട് പറഞ്ഞു.

“ഫ്രഡ്‌ഡിയുടെ ഈ തിരക്കൊക്കെ കഴിയട്ടെ.അവനോടു പറയാം.. നേരിട്ടു ഒന്നിലും ഇടപെടാതിരിക്കുന്നതാണ് നല്ലത്. നീ പറഞ്ഞപോലെ ചെയ്യാം. ഓർമ്മയിൽ പരതി നോക്കിയിട്ട് ശത്രു പക്ഷത്തു ആരുടെയും മുഖം തെളിഞ്ഞു വരുന്നില്ല. അപ്പോൾ പുറത്തു നിന്നും ആരെങ്കിലും ആകാനാണ് സാധ്യത. പക്ഷെ ഈ ശത്രുത എന്തിന് വേണ്ടി? അതാണ് മനസ്സിലാകാത്തത്.”

ടോമിച്ചൻ ചിന്തധീനനായി.

“അടുത്ത ആഴ്ച ഹോസ്പിറ്റലിൽ പോണം.നിങ്ങള്  തിരക്കുകളൊക്കെ മാറ്റി വയ്ക്കണം. രണ്ട് ദിവസം മുൻപ് അഡ്മിറ്റ്‌ ആകണം. മറന്നേക്കരുത് “

ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു കൊണ്ട് സ്നേഹപൂർവ്വം പറഞ്ഞു.

“അടുത്ത ആഴ്ച എങ്ങും പോകുന്നില്ല. മുഴുവൻ സമയത്തും നിന്റെ കൂടെ തന്നെ ആയിരിക്കും. പോരെ “

ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുമ്പോൾ വാതിൽക്കൽ ലിജി വന്നു.

“അപ്പോ ഞാൻ പുറത്തേക്കൊന്നു പോകുവാ, നിങ്ങള് രണ്ടും കൂടി സംസാരിച്ചിരിക്ക്‌ “

പറഞ്ഞിട്ട് ടോമിച്ചൻ പുറത്തേക്ക്‌ നടന്നു.

ജീപ്പിൽ കയറി ഗേറ്റ് കടന്നപ്പോൾ ടോമിച്ചന് ഒരു കാൾ വന്നു.ജീപ്പൊതുക്കി ഫോൺ എടുത്തു.

“ഏലപ്പാറ ബാറിൽ വന്നു നാലഞ്ചുപേർ  പ്രശ്നം ഉണ്ടാക്കുന്നു. ബാർ അടിച്ച് തകർക്കുവാ.പ്രശ്നം ഉണ്ടാക്കാൻ തന്നെ വന്നത് പോലെയാ അവരുടെ നീക്കങ്ങൾ. പെട്ടന്ന് വാ “

ബാർ മാനേജർ ബൈജു പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഫോൺ കട്ടായി.

ടോമിച്ചൻ മുൻപോട്ടെടുത്തു. കുട്ടിക്കാനം കവലയിൽ എത്തിയപ്പോൾ മത്തായച്ഛന്റെ ചായക്കടക്കുമുൻപിൽ ആന്റണി നിൽക്കുന്നു. ടോമിച്ചൻ ആന്റണിയുടെ അടുത്ത് കൊണ്ട് ചെന്നു വണ്ടി നിർത്തി കാര്യം പറഞ്ഞു.

ആന്റണി തൊട്ടടുത്തുള്ള പലചരക്കുകടയിൽ മേടിച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന സാധനങ്ങളെടുത്തു ജീപ്പിൽ വച്ചു, വന്നു ജീപ്പിൽ കേറി.

“അതാരാ ബാറിൽ വന്നുകിടന്നു അലമ്പുണ്ടാക്കുന്നത്.”

ആന്റണി ടോമിച്ചനെ നോക്കി.

“അറിയത്തില്ല, മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ വന്നവരാണെന്ന ബൈജു പറഞ്ഞത്. അവിടെ ചെന്നാൽ അറിയാം”

ടോമിച്ചൻ ജീപ്പിന്റെ വേഗം കൂട്ടി.

ടോമിച്ചന്റെ ജീപ്പ് ഏലപ്പാറ ബാറിനു മുൻപിൽ പാഞ്ഞു ചെന്നു നിന്നു.

അതേ സമയം ബാറിന്റെ ഫ്രണ്ട് ഗ്ലാസ്സ് തകർത്തു ഒരാൾ ബാറിനുള്ളിൽ നിന്നും തെറിച്ചു ടോമിച്ചന്റെ ജീപ്പിനു മുൻപിൽ വന്നു വീണു. അത് ബാറിലെ വെയ്റ്റർ ഷിജു ആണെന്ന് ടോമിച്ചന് മനസ്സിലായി. ഷിജു ജീപ്പിനു മുൻപിൽ കിടന്നു ഞരങ്ങി.

ടോമിച്ചനും ആന്റണിയും ജീപ്പിൽ നിന്നുമിറങ്ങി.ബാറിൽ നിന്നും നാലഞ്ചു പേർ ഇറങ്ങി വന്നു ജീപ്പിനു ചുറ്റും വളഞ്ഞു  നിന്നു.കയ്യിൽ ഒരു കമ്പി വടിയുമായി ബാറിന്റെ  വാതിലടഞ്ഞു വന്നു നിൽക്കുന്ന ആളെ കണ്ടു ടോമിച്ചനും ആന്റണിയും സ്തബ്തരായി!

                                   (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!