മഴ തകർത്തു പെയ്യുകയാണ്… മഴത്തുള്ളികൾ വീണു മങ്ങിയ ലോറിയുടെ മുൻവശത്തെ ഗ്ലാസ് ടോമിച്ചൻ തുണികൊണ്ട് തുടച്ചു കൊടുത്തു കൊണ്ടിരുന്നു. ചുറ്റും നേർത്ത മഴ മഞ്ഞു വ്യാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ പ്രകാശിപ്പിച്ചു കൊണ്ട് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോയി കൊണ്ടിരുന്നു.കോട്ടയം മനോരമ ജംഗ്ഷനിലെ സിഗ്നലിൽ എത്തിയിരുന്നു അപ്പോൾ അവർ.പച്ചലൈറ്റ് കത്തിയതും ആന്റണി ലോറി മുൻപോട്ടെടുത്തു, ജില്ലാ ആശുപത്രിയുടെ മുൻപിലൂടെ ലോറി ചന്തകവലയിൽ എത്തി. ആന്റണി ലോറി തിരിച്ചു ചന്തക്കുള്ളിലൂടെ ഉള്ള വഴിയിലൂടെ കയറ്റി മുൻപോട്ടെടുത്തു സിനിമ തീയേറ്ററിന്റെ പുറകുവശത്തു ചരക്കു ലോറികൾ പാർക്കു ചെയ്തിരിക്കുന്ന ഭാഗത്തു ഒതുക്കി നിർത്തി.
“ആന്റണിച്ച, നിങ്ങള് ചത്തതല്ലേ ഇന്നലെ. പിന്നെ എങ്ങനെ നിങ്ങള് സുഹൃത്തുക്കളെ വിളിച്ചു.”
ടോമിച്ചൻ സംശയത്തോടെ ആന്റണിയെ നോക്കി.
“അതോ എന്റെ കൂടെ മറ്റൊരു ആന്റണി ഉണ്ടായിരുന്നു, ജയിലിൽ പോകുന്നതിനു മുൻപ്,എല്ലാ കൊള്ളരുതായ്മക്കും കൂട്ടിന്, ജയിലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. നീ വന്നപ്പോൾ അവനെ മറ്റൊരു സെല്ലിലേക്ക് മാറ്റി. നിനക്കവനെ നല്ല പരിചയം കാണില്ല.നീ പോയി കഴിഞ്ഞപ്പോൾ വീണ്ടും എന്റെ സെല്ലിൽ വന്നു. ഞങ്ങൾ ഒരുമിച്ച പ്ലാൻ ചെയ്തു ജയിൽ ചാടിയത്. അവൻ ഉടുമ്പുംചോലക്കും ഞാൻ അടിവാരത്തിനും പോയി..അവൻ എന്നെ വിളിച്ചിരുന്നത് അന്തോണി എന്നാണ്.അവനെ ഞാൻ ആന്റപ്പൻ എന്നും.വർഷങ്ങൾക്കു മുൻപ് ചന്തയിൽ ഓരോ ആവശ്യത്തിന് വരുമ്പോൾ ഞങ്ങൾ രണ്ടുപേരും കൂടിയ പതിവായി വരാറ്. എന്റെ പേര് ആന്റണി എന്നാണെന്നു ഇവർക്കറിയില്ല. മറ്റേ ആന്റണിയുടെ കൂട്ടുകാരാ ഇവർ. അവനാണെന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്.മറ്റേ ആന്റണി മര്യാദക്കാരനായി ഉടുമ്പുംചോലയിൽ ഉണ്ട്. അവൻ മരിച്ചത് ഞാനാണെന്ന് കരുതിക്കോളും. ഇതിനോടകം അവൻ വാർത്തയും കണ്ടു കാണും. ഇവരാണെങ്കിൽ വിളിച്ചത് അവനാണെന്നും വിചാരിച്ചോളും, ആളുകളെ കൺഫ്യൂഷൻ ആക്കികഴിഞ്ഞാൽ പിന്നെ അങ്ങ് പൊക്കോളും. മാത്രമല്ല എന്നെ ഈ വേഷത്തിൽ കണ്ടാൽ പെറ്റ തള്ളപോലും തിരിച്ചറിയത്തില്ല. ഒരു തോർത്തെടുത്തു തലവഴി കെട്ടിയേക്കാം. ഒന്നുകൂടി ഒരു ഉറപ്പിനു വേണ്ടി “
ആന്റണി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് തോർത്തെടുത്തി കണ്ണും മൂക്കും വായും പുറത്തു കാണുന്ന രീതിയിൽ ചുറ്റികെട്ടി.
മഴ കുറച്ച് കുറഞ്ഞിട്ടുണ്ട്.
“വിവരം തന്നതനുസരിച്ചു ആ ഇറച്ചി കടയുടെ സൈഡിലൂടെ ഉള്ള വഴിയിലൂടെ അകത്തേക്ക് കയറി മുകളിലേക്കു ചെല്ലുമ്പോൾ ഉള്ള രണ്ടാമത്തെ മുറിയിൽ ആണെന്നാണ്. എന്തായാലും അങ്ങോട്ട് കേറി നോക്കാം “
കുട നിവർത്തി ആന്റണി മഴയത്തേക്ക് ഇറങ്ങി, ഉറുമി എടുത്തു അരയിൽ തിരുകി ടോമിച്ചനും ഇറങ്ങി. അവർ ചന്തക്കുള്ളിലെ ഇറച്ചി കടയുടെ ഭാഗത്തേക്ക് നടന്നു. മഴയാണെങ്കിലും ചന്തയിൽ ആളുകകളുടെ നല്ല തിരക്കുണ്ട്. പച്ചക്കറി.. പഴ കടക്കാർ സജീവമാണ്. വിലകുറവ് വിളിച്ചുപറഞ്ഞു കൊണ്ട് വാങ്ങിക്കാനെത്തുന്നവരെ ആകർഷിക്കാൻ നോക്കുന്നുണ്ട് കച്ചവടക്കാർ.. പലചരക്കു കടകളിലും, മറ്റു സ്റ്റേഷനറി കടകളിലും ആളുകൾ കൂട്ടം കൂടിയും ഒറ്റതിരിഞ്ഞും നിന്നു സാധനങ്ങൾ വാങ്ങിക്കുന്നു. അരിയും പച്ചക്കറികളും ആയി വന്ന ലോറികൾ മഴയായതിനാൽ ലോഡ് ഇറക്കാതെ നിർത്തി ഇട്ടിരിക്കുന്നു.ആകെ ഒരു ബെഹളമയം ആണ്.ടോമിച്ചനും ആന്റണിയും ഇറച്ചി കടയുടെ മുൻപിൽ എത്തി… പോത്ത്, പന്നി, ആട് എന്നിവയെ കൊന്നു തൊലി ഉരിച്ചു കെട്ടി തൂക്കിയിട്ടിരിക്കുന്നു.ഇറച്ചി ചെത്തി എടുത്തതിനു ശേഷമുള്ള എല്ലുകളും തലകളും ഒരു ഭാഗത്തു കൂട്ടി ഇട്ടിട്ടുണ്ട്.ഇറച്ചി വാങ്ങാൻ വരുന്നവർക്ക് തൂക്കി ഇട്ടിരിക്കുന്നതിൽ നിന്നും മുറിച്ചു കൊടുത്തു കൊണ്ട് മൂന്ന് പേര് കടക്കുള്ളിൽ ഉണ്ട്. തൊട്ടപ്പുറത്തായി ഒരു കോഴികടയും, അവിടെ ഒരു കൂട് നിറയെ കോഴികളും ഇരിപ്പുണ്ട്.തല വെട്ടിയ കോഴികൾ ചോരയൊലിപ്പിച്ചു നിലത്തു കിടന്നു പിടക്കുന്നുണ്ട്. അവയുടെ ചിറകുകളിൽ ചവുട്ടി പിടിച്ചു രണ്ടു ബംഗാളികളും നിൽക്കുന്നു.
ടോമിച്ചൻ കയ്യിലിരുന്ന ഉറുമി എടുത്തു ആന്റണിയുടെ കയ്യിൽ കൊടുത്തിട്ടു മുണ്ടൊന്നു അഴിച്ചുടുത്തു. മടക്കി കുത്തി. തോളിൽ ഇട്ടിരുന്ന തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി.
“ആന്റണിച്ച, ഞാൻ മുകളിലേക്കു ചെല്ലാം. ഇവിടെ കരുതി നിന്നോണം. ഇവന്മാർ കൂട്ടത്തോടെ വന്നാൽ ഉറൂമി എടുത്തു കൊടുത്തോ. അപ്പോഴേക്കും മുകളിൽ ഉള്ളവനെയും കൊണ്ട് ഞാൻ വരാം “
ആന്റോണിയോട് പറഞ്ഞിട്ട് ടോമിച്ചൻ ഇറച്ചികടയുടെ വലതുഭാഗത്തുള്ള ഇടവഴിയിലൂടെ അകത്തേക്ക് നടന്നു. ആന്റണി ഇറച്ചികടയിലുള്ളവരെ നിരീക്ഷിച്ചുകൊണ്ട് താഴെ നിന്നു.
പഴകിയ തടികൊണ്ടുള്ള കോവണി വഴി ടോമിച്ചൻ മുകളിലേക്കു കയറി.
പൊട്ടിഅടർന്ന സിമന്റു ഭിത്തികളിൽ പിടിച്ചു ടോമിച്ചൻ രണ്ടാമത്തെ മുറിയുടെ മുൻപിൽ എത്തി.അടച്ചിട്ട വാതിലിൽ മുട്ടി.
അതേ സമയം താഴെ ഇറച്ചിക്കടയിൽ നിന്നും ഒരുത്തൻ ഇറച്ചി മുറിച്ചു കൊണ്ടിരുന്ന ചോരപുരണ്ട കത്തിയുമായി ആന്റണിയുടെ അടുത്തെത്തി.
“ആരാ നീ… അകത്തേക്ക് ഇപ്പോൾ ഒരുത്തൻ പോയത് ആരെ കാണാനാണ്? ഞങ്ങളുടെ അനുവാദമില്ലാതെ ഒരുത്തരും മുകളിലേക്കു പോകാറില്ല “
കത്തിയുമായി വന്നവൻ താടി ചൊറിഞ്ഞു കൊണ്ട് ആന്റണിയോട് ചോദിച്ചു.. അയാളുടെ ശബ്ദതിനു ഭീക്ഷണിയുടെ നിറം ഉണ്ടെന്ന് തോന്നി.
“ഞങ്ങള് വന്നത് ഇവിടെ ഒരുത്തൻ ഞങ്ങൾക്കിട്ട് ഒലത്തിയിട്ടു ഒളിച്ചിരിപ്പുണ്ടെന്നു അറിഞ്ഞു. അവനെ അങ്ങ് ഇടുക്കിയിൽ കൊണ്ടുപോയി മലകേറ്റം പഠിപ്പിക്കാം എന്ന് വിചാരിച്ചു. എന്താ നിങ്ങൾക്കെന്തെങ്കിലും അഭിപ്രായവിത്യാസം ഉണ്ടോ?”
ആന്റണി അവനെ സൂക്ഷിച്ചു നോക്കി.
“ഓഹോ അപ്പോ മുകളിൽ ഉള്ളവനെയും കൊണ്ടേ പോകൂ അല്ലെ. രണ്ടും കൽപ്പിച്ചാ… കോട്ടയം ചന്തയിൽ വന്നു ആളായിട്ട് തിരിച്ചു പോകാമെന്നു കരുതിയാൽ തെറ്റി മോനെ.. അധികം വിളച്ചിൽ എടുക്കാതെ മുകളിലേക്കു പോയവനെ തിരിച്ചു വിളിച്ചു സ്ഥലം വിട്ടോ. അതാ തടിക്കു നല്ലത്, പറഞ്ഞില്ലന്നു വേണ്ട “
കത്തിയിലെ ചോര വിരലുകൊണ്ട് തുടച്ചു ആന്റണിയെ നോക്കി പരിഹാസത്തിൽ ചിരിച്ചു.
“അതെന്താടാ, കോട്ടയം ചന്ത നിന്നെ പോലുള്ളവർക്ക് സ്ത്രീധനം കിട്ടിയതാണോ? ഞങ്ങൾക്ക് അവനെ മതി. കൊണ്ട് പോകുകയും ചെയ്യും “
ആന്റണി പറഞ്ഞു തീർന്നതും ജനൽ ചില്ലുകൾ തകർത്തു കൊണ്ട് മുകളിൽ നിന്നും ഒരാൾ ഇറച്ചികടയുടെ മുൻപിൽ നിർത്തി ഇട്ടിരുന്ന ലോറിയിലെ പച്ചക്കറിക്കു മുകളിൽ വന്നു വീണു. പുറകെ ഭിത്തിയിൽ നിന്നും ഇളകിതെറിച്ച ഒരു ജനാലയും. ഇറച്ചി കടയിൽ ഉണ്ടായിരുന്നവർ അതുകണ്ടു ചാടി ഇറങ്ങി.ചന്തയിൽ അവിടവിടെ ആയി നിന്നിരുന്ന ആളുകൾ കാര്യമെന്തെന്നറിയാതെ അങ്ങോട്ട് ഓടി കൂടി. ടോമിച്ചൻ മുകളിലെ മുറിയിൽ നിന്നും ലോറിയിലെ പച്ചക്കറിക്കു മീതെക്ക് ചാടി.
ടോമിച്ചനെ കണ്ടു പച്ചക്കറിയുടെ മുകളിൽ നിന്നും താഴേക്കു ചാടാൻ ഒരുങ്ങിയ അലി ഹുസൈനെ ലോറിയുടെ സൈഡ് കമ്പിയിൽ ചേർത്തൊരു ചവിട്ടു കൊടുത്തു. കമ്പിയിൽ ഇടിച്ചു മുൻപോട്ടു വേച്ചു പോയ ഹുസൈൻ ബാലൻസിൽ നിന്നു തിരിഞ്ഞു ടോമിച്ചന് നേരെ കൈ വീശി. അടി ടോമിച്ചന്റെ തോളത്തു കൊണ്ടു. അടുത്ത ഹുസൈന്റെ അടി തടഞ്ഞ ടോമിച്ചൻ കൈക്കുപിടിച്ചു ചവുട്ടി ഇരുത്തി മുഖമടച്ചു മുട്ടുകാൽ വച്ചു ആഞ്ഞോരിടി!!
ഹുസൈന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ഒരേ സമയം ചോര തെറിച്ചു… ആർത്തലച്ചു പെയ്യുന്ന മഴ ഹുസൈന്റെ മുഖത്തെ ചോരയുമായി താഴെക്കൊഴുകി. ചാടിയെഴുന്നേറ്റ ഹുസൈൻ ടോമിച്ചന്റെ ഊക്കൻ തൊഴിയേറ്റ് ലോറിയിൽ നിന്നും മഴവെള്ളം ഒഴുകുന്ന റോഡിലേക്ക് വീണു.ടോമിച്ചൻ ലോറിയിൽ നിന്നും റോഡിലേക്ക് ചാടി.
“നീയും ഇവനും കൂടി അവനെ ഇവിടെ വന്നു തല്ലും. അല്ലേടാ നാറി…”
ഇറച്ചിക്കടയിൽ നിന്നും ഒരുത്തൻ ഇറച്ചി വെട്ടുന്ന കത്തിയുമായി ടോമിച്ചന് നേരെ പാഞ്ഞടുത്തു. കടയുടെ സൈഡിൽ ഇരുന്ന ഇറച്ചി ചെത്തി എടുത്തു വച്ചിരുന്ന പോത്തിന്റെ തലയുടെ കൊമ്പിൽ പിടിച്ചു പൊക്കി എടുത്തു ടോമിച്ചന്റെ തനിക്കു നേരെ പാഞ്ഞു വന്നവനെ വീശിയടിച്ചു. തലക്കടിയേറ്റ അവൻ ഇറച്ചിക്കടക്കുള്ളിലേക്ക് തെറിച്ചു ചോര നിറച്ചു വച്ചിരുന്ന വലിയ പാത്രത്തിനുള്ളിലേക്ക് വീണു. ആന്റണി തന്നെ കുത്താൻ വന്നവനെതിരെ ഉറുമി വീശി. വായ്ത്തല കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും ഒരു കഷ്ണം മാംസം തെറിച്ചു പോയി. അലറി കരഞ്ഞ അവന്റെ നെഞ്ചിൻകൂട് തകർത്തു ആന്റണിയുടെ ഇടി വീണു. രണ്ടു പേര് കത്തിയുമായി ടോമിച്ചന് നേരെ കുതിച്ചു. തൂക്കി ഇട്ടിരുന്ന ഇറച്ചി പോത്തിന്റെ കാലോടെ വലിച്ചെടുത്തു ടോമിച്ചൻ അവർക്കു നേരെ ആഞ്ഞടിച്ചു.അടിയേറ്റ് രണ്ടുപേരും ഒരേ പോലെ തെറിച്ചു. പുറകിൽ നിന്നും പാഞ്ഞുവന്ന ബംഗാളിയുടെ കുത്ത് ഇറച്ചി കൊണ്ട് തടുത്ത ടോമിച്ചൻ പോത്തിന്റെ കാലുകൊണ്ട് അവന്റെ തലയിൽ വീശി അടിച്ച്, അവനെ പൊക്കി എടുത്തു റോഡിലിക്കെറിഞ്ഞു.. ടാറിട്ട റോഡിലൂടെ നിരങ്ങി പോയ ബംഗാളി ചന്തയുടെ സൈഡിൽ ഇരുന്ന പെട്ടി വണ്ടിയിൽ ചെന്നിടിച്ചു. വണ്ടിയിൽ നിന്നും കൂട്ടത്തോടെ നാരങ്ങയും നെല്ലിക്കയും അവന്റെ ദേഹത്തേക്ക് വീണു.ഇറച്ചിക്കടയിൽ നിന്നും വലിച്ചെടുത്ത പോത്തിന്റെ ആറാംവാരി എല്ലുമായി ആന്റണി മറ്റൊരുത്തനെ നേരിട്ടു. മഴവെള്ളത്തിൽ നിന്നും എഴുനേറ്റു കുതിച്ചു വന്നവന്റെ അടിയിൽ നിന്നും ഒഴിഞ്ഞു മാറിയ ടോമിച്ചൻ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു ചവുട്ടി ഇരുത്തി, അതേസമയം തന്റെ നേരെ കത്തിയുമായി കുതിച്ചു ചാടിയവന്റെ കുത്തിൽ നിന്നും ലോറിക്കടിയിലേക്ക് ഉരുണ്ടു മാറി. നിലത്തുകിടന്നവന്റെ തോളിൽ കുത്തേറ്റു. കത്തി വലിച്ചൂരി തിരിയുന്നതിനു മുൻപ് ആന്റണിയുടെ വീശിയ ഉറുമിയുടെ അറ്റം കൊണ്ട് അവന്റെ കയ്യിൽ നിന്നും കത്തി തെറിച്ചു. ലോറിക്കടിയിലൂടെ ഉരുണ്ടു മറുഭാഗത്തു ചെന്ന ടോമിച്ചൻ ചാടിയെഴുനേറ്റു.മഴവെള്ളത്തിൽ നിന്നും എഴുനേറ്റു ഓടാനാഞ്ഞ ഹുസൈന്റെ കഴുത്തിൽ പിടിച്ചു തിരിച്ചു മുഖമടച്ചൊരടിയും, നാഭിനോക്കി ശക്തിയിൽ ഒരു ചവിട്ടും കൊടുത്തു.. ചവിട്ടേറ്റ ഹുസൈൻ അടുത്തുള്ള പച്ചക്കറി കടയിൽ കൂട്ടി ഇട്ടിരുന്ന തക്കാളികൾക്ക് മീതെ പതിച്ചു. തക്കാളികൾ നാലുപാടും തെറിച്ചു.പച്ചക്കറി കടയിൽ സാധനം വാങ്ങിക്കാനെത്തിയ സ്ത്രികൾ അടക്കമുള്ളവർ ഇറങ്ങി ഓടി. വെട്ടിതിരിഞ്ഞ ടോമിച്ചൻ ആന്റണിയെ പുറകിൽ നിന്നും കുത്താൻ കത്തിയുമായി പോകുന്നവനെ ആണ് കണ്ടത്. കയ്യിൽ കിട്ടിയ മത്തങ്ങാ എടുത്തു ടോമിച്ചൻ അവനെ എറിഞ്ഞു.
“ആന്റണിച്ച കുനിഞ്ഞോ “
ടോമിച്ചൻ അലറി..
അതുകേട്ടു ആന്റണി തെന്നി മാറി. മത്തങ്ങാ കുത്താൻ വന്നവന്റെ തലയിൽ വന്നു പതിച്ചു ചിതറി.മുൻപോട്ടു വീണ അവൻ ചാടി എഴുനേറ്റു ടോമിച്ചന് നേരെ പാഞ്ഞു.പുറകിൽ നിന്നും ആന്റണിയുടെ ചവിട്ടേറ്റു തെറിച്ചു അവൻ ടോമിച്ചന്റെ മുൻപിൽ വീണു. പിടഞ്ഞെഴുന്നേറ്റ അവൻ അടുത്ത് പച്ചക്കറി നിറച്ചു വച്ചിരുന്ന കൊട്ട എടുത്തു ടോമിച്ചന് നേരെ എറിഞ്ഞു.ദേഹത്ത് വീണ പച്ചക്കറികൾ കൈ കൊണ്ടു തട്ടി തെറിപ്പിച്ചു ടോമിച്ചൻ താഴേക്കു കുനിഞ്ഞു തല കൊണ്ട് അവന്റെ വയറിൽ ഇടിച്ചു പൊക്കി വട്ടം കറക്കി തലകീഴായി റോഡിൽ ഒരു കുത്ത്. താഴെകിട്ടു കാലിൽ പിടിച്ചൊരു തിരിയും തിരിച്ചു. എല്ലൊടിയുന്നതിനോടൊപ്പം അവന്റെ നിലവിളിയും മഴയിൽ മുഴങ്ങി.
പുറകിൽ നിന്നും കിട്ടിയ ചവുട്ടിൽ ടോമിച്ചൻ റോഡിലേക്ക് വീണു. ഉരുണ്ടു മാറി തന്റെ നേരെ ചവിട്ടാൻ വന്നവന്റെ കാലിൽ പിടിച്ചു വലിച്ചു കാലുയർത്തി നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു.തെറിച്ചു പോയി വീണ അവന്റെ നേരെ ചെന്ന ടോമിച്ചൻ കയ്യിൽ കിട്ടിയ കൈതച്ചക്ക അലറി കൊണ്ട് എഴുനേൽക്കാൻ തുടങ്ങിയ അവന്റെ വായിലേക്ക് ഇടിച്ചു കയറ്റി.. കണ്ണുമിഴിച്ചു മരണ വെപ്രാളത്തോടെ അവനെഴുന്നേറ്റോടി.
അപ്പോഴേക്കും ആന്റണിയുടെ ഇടിയേറ്റ് അവസാനത്തവനും നിലത്തു വീണിരുന്നു.
ഇടിയേറ്റ് നിലത്തു കിടന്ന ഹുസൈൻ എഴുനേറ്റു ചന്തക്കകത്തൂടെ വേച്ചു വേച്ചു ഓടി.
“അന്തോണിച്ച . ലോറിയും കൊണ്ട് പോരെ”
വിളിച്ചു പറഞ്ഞിട്ട് മുഖത്തു വീഴുന്ന മഴത്തുള്ളികൾ തുടച്ചു മാറ്റി ഹുസൈന്റെ പുറകെ ഓടി.
ചന്തയിലൂടെ ഓടിയ ഹുസൈൻ ബേക്കർ ജംഗ്ഷനിലേക്ക് ഉള്ള വഴിയേ പാഞ്ഞു. പുറകെ ടോമിച്ചനും. മഴ തകർത്തു പെയ്തുകൊണ്ടിരുന്നു.
“എന്തതിശയമേ… ദൈവത്തിൻ സോത്രം
എത്രമനോഹരമേ…”
തങ്കൻ പാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനയിൽ സ്ത്രികൾ ആടി പാടി… സ്റ്റേജിൽ നിൽക്കുന്ന തങ്കൻ പാസ്റ്റരുടെയും സജോ പാസ്റ്റരുടെയും ശബ്‌ദം മൈക്കിലൂടെ അലയടിച്ചു.
“കർത്താവ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു….. നിങ്ങളെ തൊട്ടിരിക്കുന്നു.. ഹല്ലേലുയ…. കൈ മുകളിലേക്കുയർത്തി ഉച്ചത്തിൽ ചൊല്ലുക….”
സ്ത്രികൾ കൈകൾ കൊട്ടി പാടി തുടങ്ങി.അവർക്കിടയിൽ നിന്നും വെള്ള സാരി ഉടുത്ത ചില സ്ത്രികൾ ബാധ കേറിയത് പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് സ്റ്റേജിന്റെ അടുത്തേക്ക് ഓടി. അവർ സ്റ്റേജിലേക്ക് ഇഴഞ്ഞു കയറി നിലത്തുകിടന്നു ഉരുളുവാനും കോപ്രായങ്ങൾ കാണുക്കുവാനും തുടങ്ങി.
അത് കണ്ടു മറ്റു സ്ത്രികൾ എഴുനേറ്റു കൈകൊട്ടി പാടി.
തങ്കൻ പാസ്റ്റർ സ്റ്റേജിലേക്ക് ചില ആളുകളെ വിളിച്ചു ക്യാൻസറും കുഷ്ഠവും വസൂരിയും എയ്ഡ്‌സും തങ്ങൾ പ്രാർത്ഥിച്ചു മാറ്റിയ അനുഭവ സാക്ഷ്യം പറയിച്ചു… സജോ പാസ്റ്റർ ചില സ്ത്രികളുടെ വീടും വീട്ടു പേരും വീടിന്റെ അകത്തുള്ള മുറികളുടെ എണ്ണവും, വീടിന്റെ അടുത്ത് നിലക്കുന്ന കൈതയും തെങ്ങും കവുങ്ങും ദിവ്യദൃഷ്ടിയിൽ കണ്ടു പറഞ്ഞു. അത്കേട്ട് ചില സ്ത്രികൾ ഭക്തി കൂടി ഉറഞ്ഞു തുള്ളി.
“.നിങ്ങൾ നിങ്ങളുടെ സമ്പത്ത് വലിച്ചെറിയുക. ആഭരണങ്ങൾ കർത്താവിൽ നിഷേപിക്കുക.എല്ലാം ഉപേക്ഷിച്ചു ലളിതമായ രീതിയിൽ ജീവിക്കൂ സഹോദരി സഹോദരൻമാരെ.”
മൈക്കിലൂടെ സജോയുടെ ശബ്‌ദം സ്ത്രികളുടെ ആവേശത്തെ ഇരട്ടിച്ചു.
ഭക്തിയുടെ മൂർത്താവസ്ഥയിൽ സ്ത്രികൾ തങ്ങളുടെ കഴുത്തിലും കാതിലും കയ്യിലും കിടന്ന ആഭരണങ്ങൾ ഊരി സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.ചിലർ മുടിയഴിച്ചിട്ടു തുള്ളുകയും, ഭിത്തിയിൽ അള്ളിപിടിച്ചു കയറുവാൻ ശ്രെമിക്കുകയും ചെയ്തുകൊണ്ടിരുന്നു.തങ്കൻ പാസ്റ്റർ സ്ത്രികൾ വലിച്ചെറിയുന്ന സ്വർണ്ണാഭരണങ്ങളും പണവും പെറുക്കി കർത്താവിനു കൊടുക്കാൻ ബക്കറ്റിൽ ഇട്ടുകൊണ്ടിരുന്നു. ആ സമയത്തു മഴയത്തുനിന്നും അങ്ങോട്ട് പാഞ്ഞുവന്ന ഹുസൈൻ സ്ത്രികളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. പുറകെ കുതിച്ചെത്തിയ ടോമിച്ചൻ ഹുസൈനെ പുറകിൽ നിന്നും കോളറിൽ കേറി പിടിച്ചു .ഹുസൈൻ തിരിഞ്ഞതും ടോമിച്ചന്റെ ശക്തമായ ചവിട്ടേറ്റു തെറിച്ചു സ്റ്റേജിലേക്കു വീണു. ചാടി എഴുന്നേറ്റ ഹുസൈൻ മൈക്ക് സ്റ്റാൻഡ് പൊക്കി എടുത്തു ടോമിച്ചനു നേരെ വീശി . ടോമിച്ചൻ അടിയിൽ നിന്നും തെന്നിമാറി.ഹുസൈന്റെ അടി ലക്ഷ്യം തെറ്റി സജോ പാസ്റ്ററിന്റെ തലയിൽ കൊണ്ടു. “സ്ത്രോത്രം “എന്ന് നിലവിളിച്ചു കൊണ്ട് സജോ സ്ത്രികളുടെ ഇടയിലേക്കോടി. കർത്താവിനു കൊടുക്കാൻ ബക്കറ്റിൽ സമാഹരിച്ച സ്വർണ്ണാഭരണങ്ങളുമായി തങ്കൻ പാസ്റ്റർ കാറിന് നേരെ പാഞ്ഞു.വീണ്ടും സ്റ്റാന്റു പൊക്കി ടോമിച്ചനെ അടിക്കാൻ തുടങ്ങിയ ഹുസൈനിൽ നിന്നു ഒഴിഞ്ഞു മാറി കാലിൽ അടിച്ച് നിലത്തിട്ടു. പൊക്കിയെടുത്തു തൂണിൽ ചേർത്തു നാഭിക്കു മുട്ടുകാൽ വച്ചൊരിടിയും കറക്കി തിരിച്ചു ചവുട്ടി ഇരുത്തി കൈകൾ പുറകോട്ടു തിരിച്ചു മൈക്കിന്റെ കേബിൾ വലിച്ചെടുത്തു വരിഞ്ഞു കെട്ടുകയും ചെയ്തു . കൈകൊട്ടി പാടികൊണ്ടിരുന്ന സ്ത്രികൾ നാലുപാടും ചിതറി ഓടി.നിലത്തു കിടന്ന സജോയ്ക്കു ഓടുന്ന സ്ത്രികളുടെ ചവിട്ട് കിട്ടി.അപ്പോഴേക്കും ആന്റണി ലോറിയുമായി പുറത്ത് എത്തിയിരുന്നു .ആന്റണി ലോറിയിൽ നിന്നും ഇറങ്ങി..ഓടിയ സ്ത്രികൾക്കിടയിൽ മറിഞ്ഞു വീണു കിടന്ന പ്രായമുള്ള വൃദ്ധയെ കണ്ടു ആന്റണി അങ്ങോട്ട് ചെന്നു പിടിച്ചെഴുനേൽപ്പിച്ചു.
“അമ്മച്ചി, വീട്ടിലിരുന്നു ബൈബിൾ വായിച്ചാൽ കിട്ടാത്ത,പള്ളിയിൽ പോയി മുട്ട് കുത്ത് കർത്താവിനോട് പ്രാർത്ഥിച്ചാൽ കിട്ടാത്ത എന്ത് അനുഗ്രഹമാ ഇവിടെ വന്നു കൈകൊട്ടി പാടി കയ്യിലുള്ള പണവും സ്വർണ്ണവും ഇവന്മാരുടെ കാൽക്കൽ കൊണ്ട് വച്ചാൽ കിട്ടുന്നത്. യേശു ദേവൻ ഇതു പൊറുക്കുകയില്ല കേട്ടോ. കർത്താവിനു പൊന്നും പണവും ഒന്നും വേണ്ട. നമ്മളൊക്കെ സന്തോഷത്തോടെ ഇരിക്കാൻ വേണ്ടിയാ പാപങ്ങൾ ഏറ്റെടുത്തു കുരിശിൽ കയറിയത്.അതോർക്കണം കേട്ടോ അമ്മച്ചി…. ഞാനും ഒരു സത്യക്രിസ്ത്യാനിയാ.. അതുകൊണ്ടാ പറയുന്നത്. അമ്മച്ചി ഇന്ന ഈ കുടയുമായി മഴനനയാതെ പൊക്കോ “
ആന്റണി കയ്യിലിരുന്ന കുട ആ അമ്മച്ചിക്ക് കൊടുത്തു.
“മോനേതാ…. എവിടുത്തെയാ.. ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ “
ആ പ്രായമായ സ്ത്രി ആന്റണിയെ സൂക്ഷിച്ചു നോക്കി.
“ഞാൻ അങ്ങ് ഇടുക്കിയിൽ നിന്ന.. പോലീസില.. ഒരു കള്ളനെ പിടിക്കാൻ വന്നതാ “
അത് കേട്ടു അവർ ഒന്ന് ചിരിച്ചിട്ട് മുൻപോട്ടു നടന്നു.
ടോമിച്ചൻ ഹുസൈനെ പൊക്കിയെടുത്തു കൊണ്ട് വന്നു ലോറിക്കുള്ളിലേക്കിട്ടു.
“ടോമിച്ചാ, പോലീസുകാർ ചന്തയിൽ എത്തിയിട്ടുണ്ട്. ഇവനെയും കൊണ്ട് എത്രയും പെട്ടന്ന് വിട്ടേക്കാം “
ആന്റണി ലോറിയിൽ കയറി സ്റ്റാർട് ചെയ്തു. ടോമിച്ചൻ തോർത്ത് പിഴിഞ്ഞ് തലമുടി തുവർത്തി കൊണ്ട് ലോറിയിലേക്ക് കയറി.
നാഗബടം പാലം കയറി ഈരാറ്റുപേട്ട ലക്ഷ്യമാക്കി ലോറി പാഞ്ഞു.
“ടോമിച്ചാ, എന്തെങ്കിലും പറ്റിയോ നിനക്ക്.”
ലോറി ഓടിക്കുന്നതിനിടയിൽ ആന്റണി ടോമിച്ചനെ നോക്കി.
“അവിടെയും ഇവിടെയും കുറച്ച് മുറിഞ്ഞിട്ടുണ്ട്. സാരമില്ല. ഇവനെ എന്ത് വന്നാലും പൊക്കണം എന്നെ ഉണ്ടായിരുന്നൊള്ളു.”
ടോമിച്ചൻ നനഞ്ഞ തോർത്ത് കൊണ്ട് ദേഹം തുടച്ചു.
“ആന്റണിച്ചന് കുഴപ്പമൊന്നുമില്ലല്ലോ. അല്ലെ “
ടോമിച്ചന്റെ ചോദ്യത്തിന് ആന്റണി ഒന്ന് ചിരിച്ചു.
“ഒരുത്തന്റെ ഒരിടിയും കിട്ടി, മറ്റൊരുത്തന്റെ കുത്ത് തടഞ്ഞപ്പോൾ ചെറുതായി കയ്യിൽ കൊള്ളുകയും ചെയ്തു. അത് സാരമില്ലടാ. നിന്റെ കൂടെ എന്തിനും ഇ ആന്റണി കാണും. എന്നെ ഇനിയാരും തിരിച്ചറിയാൻ പോകുന്നില്ല ഈ വേഷത്തിൽ. ഇനി മുൻപോട്ടു ഈ കോലം മതി “
ആന്റണി ആക്സിലേറ്റർ കൂട്ടി… ലോറി മഴത്തുള്ളികളെ വകഞ്ഞു മാറ്റി പാഞ്ഞു.പാലായിൽ എത്തിയപ്പോൾ മഴ തോർന്നു. മഹാറാണി തിയേറ്റർ ജംഗ്ഷനിൽ നിന്നും ഈരാറ്റുപേട്ടക്ക് തിരിഞ്ഞപ്പോൾ ടോമിച്ചൻ ആന്റണിയെ നോക്കി.
“ആന്റണിച്ച, ഈരാറ്റുപേട്ട എത്തുന്നതിനു മുൻപ് ഇവനെ കൊണ്ടു ആരാണ് ഇതിനു പിന്നിൽ എന്ന് പറയിപ്പിക്കണം.ലിജിയെ ഡേവിഡിന്റെ കൂടെ വിട്ടു സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ഇവനെ അവിടെ കൊണ്ടു ചെല്ലുമ്പോൾ ആന്റണിച്ചന്റെ കുടുംബം ഇവനെ തിരിച്ചറിഞ്ഞാൽ പണി എളുപ്പമാകും.ആന്റണിച്ചൻ വണ്ടി വിട്ടോ, ഞാൻ അവനെ ഒന്ന് കണ്ടു നോക്കട്ടെ “
ടോമിച്ചൻ ലോറിയിൽ നിന്നും താഴെ ഇറങ്ങാതെ ലോറിയുടെ കമ്പിയിൽ പിടിച്ചു പുറകുവശത്തേക്കു കയറി.പുറകിൽ മഴനനഞ്ഞു കിടന്ന ഹുസൈനെ പിടിച്ചു പൊക്കി കമ്പിയിലേക്ക് ചേർത്തു ഇരുത്തി.ചോരയൊലിക്കുന്ന മുഖം ആയാസപ്പെട്ടു ഉയർത്തി ഹുസൈൻ ദയനീയമായി ടോമിച്ചനെ നോക്കി.
“ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മണി മണി പോലെ ഉത്തരം പറഞ്ഞോണം. ഇല്ലങ്കിൽ ചവുട്ടി നിന്റെ എല്ലൂരി പിച്ചാത്തിക്കു പിടി ഇടും ഞാൻ…”
ടോമിച്ചൻ ഹുസൈന്റെ താടിക്ക് പിടിച്ചു ഉയർത്തി താക്കീതു കൊടുത്തു.
“പറ.. നീയും ആ പാസ്റ്റർമാരും തമ്മിൽ എന്താ ബന്ധം.”
ടോമിച്ചന്റെ ചോദ്യം കേട്ടു ഹുസൈൻ വായിക്കുള്ളിൽ കിടന്ന ചോര പുറത്തേക്കു തുപ്പികളഞ്ഞു.
“തങ്കൻ പാസ്റ്ററിന്റെയും സജോ പാസ്റ്ററിന്റെയും ശിശ്രുഷ പ്രാർത്ഥന പരിപാടിക്ക് വേണ്ട ആളുകളെ തയ്യാറാക്കി നിർത്തുന്നത് ഞാനായിരുന്നു. പ്രാർത്ഥനക്കിടക്കു പ്രേതബാധ കേറിയവരെ പോലെ അഭിനയിക്കുന്നതിനു ദിവസേന ആയിരം രൂപ വച്ചു കൊടുക്കും. കൂടാതെ രോഗം ദേദമായി എന്ന് പറഞ്ഞു സാക്ഷ്യം പറയുന്നവർക്കും കിട്ടും എഴുന്നൂറ്റൻപതു രൂപ. മറ്റുള്ള പ്രാർത്ഥനക്കു വരുന്നവരിൽ വിശ്വാസം ഉണ്ടാക്കി ഈ തുക സ്വർണ്ണമായും പണമായും ഇവരിൽ നിന്നും ഇടക്കുകയാണ് പതിവ്. കൂടാതെ വിദേശത്തുനിന്നും കോടികൾ തങ്കൻ പാസ്റ്ററിന്റെയും സജോ പാസ്റ്ററിന്റെയും അക്കൗണ്ടുകളിൽ എത്താറുള്ളതായി അറിയാം.പിന്നെ പ്രാർത്ഥനക്കു എത്തുന്നവരുടെ വീടുകളും സ്ഥലങ്ങളും അവരെ കുറിച്ചുള്ള മറ്റു വിവരങ്ങളും നേരത്തെ തന്നെ ശേഖരിച്ചു പാസ്റ്റർ മാർക്ക് കൊടുക്കുന്നതും ഞാൻ തന്നെ ആണ്.”
ഹുസൈൻ പറഞ്ഞിട്ട് അടഞ്ഞു പോയ കണ്ണുകൾ ആയസപ്പെട്ടു തുറന്നു.
“കൂടുതൽ അന്യമതസ്ഥരെ ഇതിലേക്ക് ആകർഷിക്കാൻ പണവും സഹായങ്ങളും വാഗ്ദാനം ചെയ്യാറുണ്ട്. ഇത്രയുമേ എനിക്കറിയതൊള്ളു “
ഹുസൈൻ ഒരു ദീർഘാനിശ്വാസം എടുത്തു കമ്പിയിലേക്ക് കൂടുതൽ ചാരിയിരുന്നു.
“നിന്റെ അറിവിൽ ഈ പാസ്റ്റർമാർ പ്രാർത്ഥിച്ചു എത്ര പേരുടെ മാറാരോഗങ്ങൾ മാറ്റിയിട്ടുണ്ട്. നേരാംവണ്ണം “
ടോമിച്ചൻ ഹുസൈന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി. ആരുമില്ലെന്നു ഹുസൈൻ തലയാട്ടി.
“ഇനി ഒരു ചോദ്യം മാത്രം. ഇതിന്റെ ഉത്തരം ആണ് എനിക്ക് വേണ്ടത്. എനിക്കെതിരെ നിന്നെ ഇറക്കിയിരിക്കുന്നത് ആരാണ്? സത്യം മാത്രം പറഞ്ഞോണം. എനിക്കിട്ടു പണിയനാണ് നിന്നെ ജയിലിൽ നിന്നും ഇറക്കിയതെന്നു എനിക്കറിയാം. ഒരാളോ… അതോ ഒന്നിലേറെ പേരോ?”ഹുസൈൻ ദയനീയമായി ടോമിച്ചനെ നോക്കി.
“തങ്കൻ പാസ്റ്ററോട് മാത്രമാണ് ഈ കാര്യത്തിൽ ഞാനുമായി നേരിട്ടു ബന്ധം ഉള്ളത്. അതുകൊണ്ട് ആണ് ഞാൻ അങ്ങോട്ട് ഓടി കയറിയത്. കഴിഞ്ഞ ദിവസം പാസ്റ്റരോട് ആർക്കു വേണ്ടി എന്ന് ചോദിച്ചപ്പോൾ എല്ലാം കർത്താവിനു വേണ്ടി, കൂടുതൽ ഒന്നും പറയാനില്ലെന്നും പറഞ്ഞു. ചന്തയിലെ ഇറച്ചി കട പാസ്റ്ററിന്റെ ആണ്. അവിടെ നിൽക്കുന്നവരെല്ലാം പാസ്റ്ററിന്റെ ആഞനുവർത്തികൾ ആണ്. എന്തും ചെയ്യുന്നവർ. അതുകൊണ്ടാണ് ഞാനവിടെ ഒളിച്ചു താമസിച്ചത് “
അയാൾ പറയുന്നത് സത്യം ആണെന്ന് ടോമിച്ചന് തോന്നി. ഒപ്പം നിരാശയും.
“നീ എന്തിനാടാ കഴുവേറി, ആന്റണിയുടെ കുടുംബത്തിൽ പോയി അയാളുടെ ഭാര്യയെയും മക്കളെയും ഉപദ്രേവിച്ചത്. ങേ “
ടോമിച്ചൻ ഹുസൈന്റെ താടിക്കു ഒരു തട്ട് കൊടുത്തു.
“ആന്റണി എവിടെയുണ്ട് എന്നറിയാനായിരുന്നു. മാത്രമല്ല അവിടെ നടത്തുന്ന അക്രമം ടോമിച്ചന്റെ ദേഹത്ത് കെട്ടിവയ്ക്കാനും കൂടിയാണ് ചെന്നത്. പക്ഷെ അപ്പോഴേക്കും ആളുകൾ എത്തിയത് കൊണ്ടു ഒന്നും ചെയ്യുവാൻ പറ്റിയില്ല “
ഹുസൈൻ പറഞ്ഞിട്ട് വീണ്ടും തുടർന്നു.
“മാത്രമല്ല എന്റെ അറിവിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൂടി ഇവരുടെ കൂടെയുണ്ട്.”
ഹുസൈൻ പറഞ്ഞതും ടോമിച്ചൻ താഴ്ന്നു പോയ മുഖം പിടിച്ചുയർത്തി.
“പറയെടാ… ആരാ അവരൊക്കെ….”
ടോമിച്ചൻ ആകാംഷയോടെ നോക്കി.
” ഈരാറ്റുപേട്ട സി ഐ ഫിലിപ്പോസും വാഗമൺ സി ഐ നടേശനും… ഇവർക്ക് പിന്നിൽ മറ്റാരോ ഉണ്ട്. അതെനിക്കറിയില്ല…. വേറെ ഒന്നും എനിക്കറിയത്തില്ല… എന്നെ ഒന്നും ചെയ്യരുത് “
ഹുസൈൻ വേദന കടിച്ചമർത്തി ടോമിച്ചനെ നോക്കി.
“നിന്നെ വെറുതെ വിടാനോ? നിന്റെ അടികൊണ്ടു ഒരു സാധു സ്ത്രി ഹോസ്പിറ്റലിൽ കിടപ്പുണ്ട്. അവരുടെ അവസ്ഥ എന്താണെന്നു അവിടെ ചെല്ലുമ്പോൾ അറിയാം.വീട്ടിൽ കേറി പെൺകുട്ടികളോട് അതിക്രമം, വല്ലവന്റെയും കാശുമേടിച്ചു എനിക്കിട്ടു പുളുത്താനുള്ള നിന്റെ അമിതാവേശം…. കഴുവേറി എന്റെ വീട്ടിക്കേറി പണിയാൻ വന്നാൽ ഒടിച്ചു മടക്കി അന്ത്യകൂദാശ തന്നു പെട്ടിക്കകത്തു ആക്കും ഞാൻ.”
ടോമിച്ചൻ മുരണ്ടു.
ഡേവിഡിനെ ഫോണിൽ വിളിച്ചു ലിജിയെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് വരുവാൻ അറിയിച്ചു. മുക്കാൽ മണിക്കൂറിനുള്ളിൽ അവർ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ അടുത്തെത്തി.
ടോമിച്ചൻ ഹുസൈന്റെ കെട്ടഴിച്ചു.
“ഇറങ്ങി ഓടാൻ ഉദ്ദേശമുണ്ടെങ്കിൽ എറിഞ്ഞു വീഴിക്കും നിന്നെ ഞാൻ “
മുന്നറിയിപ്പ് കൊടുത്തിട്ടു ടോമിച്ചൻ ലോറിയിൽ നിന്നും ഇറങ്ങി. പുറകെ ആയാസപ്പെട്ടു ഹുസൈനും.
ടോമിച്ചൻ ഹുസൈനെയും കൊണ്ടു സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ മുറ്റത്തു ഡേവിടും ലിജിയും നിൽപ്പുണ്ടായിരുന്നു.
“ഇവനാണോ, വീട്ടിൽ വന്നു അതിക്രമം കാണിച്ചത്?”
ടോമിച്ചൻ ഹുസൈനെ ലിജിയുടെ മുൻപിലേക്കു നീക്കി നിർത്തി.അയാൾ ലിജിയെ ഒന്ന് നോക്കിയിട്ട് തലതാഴ്ത്തി.
“അതേ ഇവനാ എന്റെ അമ്മച്ചിയെ ഉപദ്രവിച്ചത്. ഞങ്ങളെ ഉപദ്രെവിക്കാൻ നോക്കിയത് ഇവനാ “
ലിജി ഹുസൈന് നേരെ കോപത്തോടെ കൈ ചൂണ്ടി.ടോമിച്ചൻ ഹുസൈനെ പിടിച്ചു പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് ഒരു തള്ളുകൊടുത്തു. അയാൾ പോലിസ് സ്റ്റേഷനുള്ളിൽ ഇരുന്ന പോലീസുകാരന്റെ മുൻപിൽ പോയി വീണു.
ടോമിച്ചൻ പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി. പി സി രാമകൃഷ്ണൻ ടോമിച്ചന്റെ അടുത്തേക്ക് വന്നു.
“നീ ഏതാ..? ആരാ ഇത്?”
കോസ്റ്റബിൾ ടോമിച്ചനെയും ഹുസൈനെയും മാറി നോക്കി. അപ്പോൾ ഡേവിഡ് ലിജിയെയും കൂട്ടി അകത്തേക്ക് വന്നു.
“സാറെ, ഞങ്ങൾ രാവിലെ ഒരു പരാതി തന്നിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന പ്രതി ഇവനാണ് “
ഡേവിഡ് പറഞ്ഞു. ഹുസൈൻ മെല്ലെ എഴുനേറ്റു ഭിത്തിയിൽ ചാരി നിന്നു.
“നിങ്ങൾ വെയിറ്റ് ചെയ്യ്, സി ഐ സാറ് പുറത്തേക്കു പോയേക്കുവാ. ഇപ്പൊ വരും “
കോൺസ്റ്റബിൾ രാമകൃഷ്ണൻ പറഞ്ഞു.
ടോമിച്ചനും ഡേവിടും ലിജിയും പുറത്തെ ബെഞ്ചിൽ പോയിരുന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ സി ഐ യുടെ ജീപ്പ് വന്നു സ്റ്റേഷൻ മുറ്റത്തു നിന്നു. അതിൽ നിന്നും സി ഐ ഫിലിപ്പോസ് ഇറങ്ങി.നാൽപത്തഞ്ചു വയസിനോടടുത്തു പ്രായമുള്ള ആറടി പൊക്കത്തിൽ അജാനുബാഹു ആയ ഒരാൾ!!
തൊപ്പി ഊരി, ബെഞ്ചിലിരിക്കുന്ന ടോമിച്ചനെയും ലിജിയും ഡേവിഡിനെയും നോക്കിയിട്ട് സ്റ്റേഷനുള്ളിലേക്ക് ചെന്നു.
പെട്ടന്ന് മുൻപിൽ ചോരയൊലിപ്പിച്ചു കൊണ്ടു നിൽക്കുന്ന ഹുസൈനെ കണ്ടു അയാൾ ഒന്ന് പകച്ചു.ഹുസൈനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഫിലിപ്പോസ് റൂമിനുള്ളിലേക്ക് പോയി.പുറകെ കോസ്റ്റബിൾ രാമകൃഷ്ണൻ കയറി ചെന്നു.
“ആരാടോ പുറത്ത് നിൽക്കുന്നത്. ഈ അകത്ത് ചോരയൊലിപ്പിച്ചു നിൽക്കുന്നവൻ ആരാ എന്താ പ്രശ്നം “
കസേരയിൽ ഇരുന്നു കൊണ്ടു ഫിലിപ്പോസ് ചോദിച്ചു.
“സാറെ ഇന്നലെ അടിവാരത്തു വീട്ടിൽ കേറി ഉപദ്രേവിച്ചു എന്നൊരു പരാതി പുറത്ത് നിൽക്കുന്ന ആ പെൺകുട്ടി ഇന്ന് രാവിലെ തന്നിരുന്നു.അതിൽ പറയുന്ന പ്രതി ഇവനാണ് “
കോൺസ്റ്റബിൾ പറഞ്ഞത് കേട്ടു ഫിലിപ്പോസ് ഒന്ന് മൂളിയിട്ടു ഹുസൈനെ അകത്തേക്ക് വിളിക്കാൻ നിർദേശിച്ചു.
അകത്തേക്ക് കേറി വന്ന ഹുസൈനെ ഫിലിപ്പോസ് അടിമുടി ഒന്ന് നോക്കി.
“നിന്നെ ആരാ തല്ലി പഴുപ്പിച്ചു വെച്ചിരിക്കുന്നത്. ദേഹം മൊത്തം പഞ്ചർ ആണല്ലോ. പാച്ചുവർക്ക് നന്നായിട്ടു വേണ്ടി വരും “
ചോദിച്ചിട്ട് കോൺസ്റ്റബിൾ രാമകൃഷ്ണനോട് പൊയ്ക്കോളാൻ പറഞ്ഞു.രാമകൃഷ്ണൻ പോയതും ഫിലിപ്പോസ് ഹുസൈന്റെ അടുത്തേക്ക് ചെന്നു.
“എന്താടാ ഇത്? നീ എല്ലാവരെയും കുരുക്കിൽ കേറ്റുവോ? നീ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ “?
തെല്ലു ആശങ്കയോടെ ഫിലിപ്പോസ് ചോദിച്ചു.
“ഇല്ല.. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. കോട്ടയം ചന്തയിൽ വന്ന അവൻ, ആ ടോമിച്ചൻ എന്നെ ഈ പരുവത്തിൽ ആക്കിയത്.”
ഹുസൈൻ വായിൽ വന്ന ചോര വിഴുങ്ങി കൊണ്ടു പറഞ്ഞു.
“നമ്മുടെ ആളുകൾ എങ്ങോട്ട് കെട്ടിയെടുത്തു പോയിരിക്കുകയായിരുന്നു. അവന്മാരുടെ ആരുടെ എങ്കിലും പിണ്ഡം വയ്‌പ്പായിരുന്നോ “?
ഫിലിപ്പോസ് ദേഷ്യത്തിൽ ഹുസൈനെ നോക്കി.
“അവിടെ ഉണ്ടായിരുന്ന എല്ലാവനെയും ഇവന്മാർ ചവിട്ടിക്കൂട്ടി ചന്തയിൽ ഇട്ടിട്ടുണ്ട്.” ഹുസൈൻ അനിഷ്ടത്തോടെ പറഞ്ഞു.
“നീ പുറത്തോട്ടു നിന്നോ, അവരെ ഒന്ന് കണ്ടിട്ട് വരട്ടെ “
പറഞ്ഞിട്ട് ഫിലിപ്പോസ് പുറത്തേക്കു നടന്നു. അയാളെ കണ്ടു എഴുനേറ്റു നിന്ന ടോമിച്ചനെയും കൂട്ടരെയും തുറിച്ചു നോക്കി.
“അയാളെ ആരാ അടിച്ച് നുറുക്കി വച്ചിരിക്കുന്നത്. ങേ, നീയാണോ “ചോദിച്ചു കൊണ്ടു ടോമിച്ചന്റെ നേരെ തിരിഞ്ഞു.
“ടോമിച്ചൻ, അബ്കാരി പ്രമാണി അല്ലെ? കള്ളച്ചാരായവും കള്ളും വിറ്റു കിട്ടുന്ന കാശിന്റെ ഹുങ്കിൽ അകത്ത് നിൽക്കുന്നവനെ തല്ലി അവശനാക്കാൻ നിനക്കാര ലൈസൻസ് തന്നത്. ങേ “
സി ഐ ഫിലിപ്പോസ് ടോമിച്ചന്റെ നേരെ ശബ്‌ദം ഉയർത്തി.
“സാറെ. അവനാണ് ഈ നിൽക്കുന്ന പെൺകുട്ടിയെ അപമാനിക്കാൻ ശ്രെമിച്ചതും, ഇവരുടെ അമ്മയെ തല്ലിയതും. അവരിപ്പോൾ ഇവിടെ ആശുപത്രിയിൽ ഉണ്ട് “
ഡേവിഡ് ഇടയിൽ കയറി പറഞ്ഞു.
“ഇവനോട് ചോദിക്കുബോൾ ഇവൻ മറുപടി പറയണം.. അല്ലാതെ നീ അല്ല പറയേണ്ടത് “
ഫിലിപ്പോസ് ഡേവിഡിന് നേരെ മുരണ്ടു.
“സാറെ,”വിളിച്ചു കൊണ്ടു ടോമിച്ചൻ ഫിലിപ്പോസിന്റെ മുൻപിലേക്കു കയറി നിന്നു.
“ഞാനാ അകത്ത് നിൽക്കുന്നവനെ തല്ലിയത്. ഇന്ന് ഈ നിൽക്കുന്ന പെൺകുട്ടി അവനെതിരെ ഒരു പരാതി തന്നിട്ട് ഇതുവരെ ഒന്ന് അന്വേഷിച്ചോ. ഇല്ല. നിങ്ങൾ പോയാൽ കിട്ടാത്ത പ്രതിയെ അന്വേഷിച്ചു കണ്ടെത്തി പിടിച്ചുകെട്ടി മുൻപിൽ കൊണ്ടു തന്നപ്പോൾ, ഞാൻ ആയോ കുറ്റക്കാരൻ. ഈ നിൽക്കുന്ന ലിജി അവനെ തിരിച്ചറിഞ്ഞിട്ടുണ്ട്.”
ടോമിച്ചൻ ഫിലിപ്പോസിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“പ്രതിയെ പിടിക്കാൻ പോലീസുകാർക്ക് അറിയാം. നിയമം കയ്യിലെടുക്കാൻ നിന്നോടാരു പറഞ്ഞു റാസ്‌ക്കൽ… എന്റെ നേരെ നിന്നു കുരക്കുന്നോ? പരാതി തന്നിട്ടുണ്ടെങ്കിൽ സമയം കിട്ടുമ്പോൾ അന്വേഷിക്കും “?
ഗർജ്ജിച്ചു കൊണ്ടു ഫിലിപ്സ് ടോമിച്ചനെ പിടിച്ചു തള്ളി.
“സാറെ… അദ്ദേഹത്തെ എന്തിനാ ഉപദ്രെവിക്കാൻ ചെല്ലുന്നതു. സാറിന്റെ പെരുമാറ്റം കണ്ടാൽ പ്രതിയെ കൊണ്ടുവന്നത് എന്തോ മഹാപാതകം ചെയ്തപോലെ ആണെല്ലോ. ഞങ്ങൾ പാവപെട്ടവർക്കും ഇവിടെ ജീവിക്കണ്ടേ”
ലിജി കോപത്തോടെ ഫിലിപ്പോസിനോട് ചോദിച്ചു
“എന്താടി… പോലീസുകാരോടാണോ നിന്റെ കുന്തളിപ്പ്. അടിച്ച് നിന്റെ കരണം പുകക്കും ഞാൻ “
ഫിലിപ്പോസ് ലിജിക്ക് നേരെ കയ്യോങ്ങി.
“വേണ്ട സാറെ… സാറിൽ നിന്നും ഇങ്ങനെയൊരു പ്രതികരണമേ പ്രതീക്ഷിച്ചിരുന്നുള്ളു. കാരണം ജോലി ഇവിടെയും കൂറ് വേറെ ഉള്ളവന്റെ അടുത്തുമാണല്ലോ.. പ്രതിയെ കണ്ടെത്തി സാറിന്റെ മുൻപിൽ കൊണ്ടു തന്നു. ഇനി സാറിന്റെ ഇഷ്ടം പോലെ “
ടോമിച്ചൻ മുണ്ട് മടക്കി കുത്തി തോർത്തെടുത്തു തലയിൽ കെട്ടി.
“വാ.. പോകാം.. ഇവിടെനിന്നും നീതി കിട്ടത്തില്ല “
ടോമിച്ചൻ ലിജിയോടും ഡേവിഡിനോടും പറഞ്ഞിട്ട് ഇറങ്ങി നടക്കാൻ തുടങ്ങി.
“നിൽക്കടാ അവിടെ “
ഫിലിപ്പോസിന്റെ വലതുകരം ടോമിച്ചന്റെ തോളിൽ പതിച്ചു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
👍👍👍👍