ഡേവിഡ് കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ ചെന്നു.
വരാന്തയിൽ കിടക്കുന്ന ലില്ലിക്കുട്ടിയുടെ അടുത്തിരുന്നു കരയുകയാണ് ലിജിയും ലിഷയും. ലില്ലികുട്ടിയുടെ നെറ്റിയിൽ നിന്നും ചോരയൊലിക്കുന്നുണ്ട്!!
അനക്കമില്ലാതെ കിടക്കുകയാണ്..
ലിജി അടുത്തിരുന്നു കുലുക്കി വിളിക്കുന്നുണ്ട്.ലില്ലിക്കുട്ടിയിൽ നിന്നും പ്രതികരണം ഒന്നുമില്ല.
ഡേവിഡ് അടുത്ത് ചെന്നു ലില്ലിക്കുട്ടിയുടെ മൂക്കിൽ കൈവച്ചു നോക്കി. ശ്വാസം ഉണ്ട്…
“പിടിക്ക്, പെട്ടന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം.വേഗം “
കൂടി നിന്നവരോടായി ഡേവിഡ് പറഞ്ഞു.
ആൾക്കൂട്ടത്തിൽ നിന്നും ചെറുപ്പക്കാരായ രണ്ടു പേര് മുൻപോട്ടു വന്നു ഡേവിഡിനെ സഹായിക്കാൻ.
അവർ ലില്ലിക്കുട്ടിയെ എടുത്തുകൊണ്ടുപോയി ഡേവിഡിന്റെ കാറിൽ കിടത്തി.
അപ്പോഴേക്കും ഡ്രെസ്സ് മാറി ലിജിയും ലിഷയും കാറിനടുത്തേക്ക് വന്നു. അവർ ലില്ലിക്കുട്ടിയുടെ കൂടെ കയറി ഇരുന്നു. അരമണിക്കൂറിനുള്ളിൽ അവർ ഈരാറ്റുപേട്ട പി എൻ സി ഹോസ്പിറ്റലിൽ എത്തി. ലില്ലിക്കുട്ടിയെ അറ്റെൻഡർ മാർ ട്രോളിയിൽ കിടത്തി ഐ സി യു വിലേക്ക് കൊണ്ടുപോയി.പുറത്തുള്ള കസേരകളിൽ ലിജിയെയും ലിഷയെയും ഇരുത്തി ഡേവിഡ് ഐ സി യു വിന്റെ മുൻപിൽ പോയി വെയിറ്റ് ചെയ്തു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടർ തോമസ് ഇറങ്ങി വന്നു.
ഡേവിഡിനെ നോക്കി ലില്ലിക്കുട്ടിയുടെ കൂടെ വന്ന ആളല്ലേ എന്ന് ചോദിച്ചു. അതേ എന്ന് ഡേവിഡ് തലകുലുക്കി.
“ലില്ലിക്കുട്ടിക്ക് കുഴപ്പമൊന്നുമില്ല. തല എവിടെയോ ശക്തിയായി ഇടിച്ചിട്ടുണ്ട്.ഭയന്ന് പോയതുകൊണ്ടാണ് ബോധകേടു ഉണ്ടായത്. ടാബ്‌ലെറ്റും ഇൻജെക്ഷനും കൊടുത്തു ട്രിപ്പ് ഇട്ടിരിക്കുകയാണ്. കുറച്ചു കഴിയുമ്പോൾ ബോധം വന്നോളും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിച്ചോളും. വിസിറ്റിംഗ് റൂമിൽ വെയിറ്റ് ചെയ്തോളു “
പറഞ്ഞിട്ട് ഡോക്ടർ തോമസ് ഡ്യൂട്ടി റൂമിലേക്ക് പോയി.
ഡേവിഡ് തിരികെ പോയി ലിജിയോടും ലിഷയോടും കാര്യങ്ങൾ പറഞ്ഞിട്ട് അവരുടെ അടുത്തിരുന്നു.
“തിരക്കിനിടയിൽ ചോദിക്കാൻ മറന്നുപോയി. എന്താ അവിടെ സംഭവിച്ചത്.?”
ഡേവിഡ് ലിജിയോട് ചോദിച്ചു.
“നല്ല പൊക്കമുള്ള, കണ്ടാൽ ഗുണ്ടയെ പോലെ തോന്നിക്കുന്ന ഒരാൾ രണ്ടു പേരോടൊപ്പം വീട്ടിൽ വന്നു. അവർ ഞങ്ങളെ കയറിപിടിക്കാൻ വന്നു. ഞങ്ങൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. അതിനിടയിലേക്ക് വന്ന അമ്മയെ അയാൾ മുടിക്ക് കുത്തി പിടിച്ചു തെറി പറഞ്ഞു, “എവിടെയാടി നിന്റെ കെട്ടിയോൻ ആന്റണി ” എന്ന് ചോദിച്ചു കൊണ്ട് മുഖത്തു തല്ലുകയും മുറ്റത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ഞങ്ങളുടെ നിലവിളി കേട്ടു ആളുകൾ വരുവാൻ തുടങ്ങിയപ്പോൾ അവർ ബുള്ളറ്റിൽ കയറി പോയി, പാവം അമ്മച്ചി, ജീവിതത്തിൽ പാവത്തിന് ഇതുവരെ ഒരു സ്വസ്ഥതയും സമാധാനവും സന്തോഷവും കിട്ടിയിട്ടില്ല. വിധി, അല്ലാതെന്താ… “?
പറഞ്ഞിട്ട് വിങ്ങി പൊട്ടി ഇരിക്കുകയായിരുന്ന ലിഷയെ ചേർത്തു പിടിച്ചു കൊണ്ട് ലിജി പറഞ്ഞു.
“പപ്പാ ജയിലിൽ ചാടിയത് കേട്ടു രണ്ടുദിവസമായി അമ്മച്ചി സങ്കടത്തിൽ ആയിരുന്നു.പപ്പായെ അന്വേഷിച്ചു പോലീസുകാർ രണ്ടു തവണ വന്നിട്ട് പോയി. കുളിക്കാൻ പോയ ഞങ്ങളെ ഒരാൾ കൊല്ലാൻ നോക്കി.ആ സൈമണിന്റെ മകന്റെ ശല്യം തീർന്നല്ലോ എന്ന് സമാധാനിച്ചിരിക്കുമ്പോഴാ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നത്. ഇങ്ങനെ അനുഭവിക്കാൻ ഞങ്ങൾ എന്ത് തെറ്റാ ചെയ്തിരിക്കുന്നത്. ഞങ്ങൾ ആരോട് ഒന്നിന്നുമില്ലാതെ ഒതുങ്ങി കഴിയുന്നവരാ. എന്നിട്ടും…..”
ലിജിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
“പപ്പയ്ക്ക് ജയിലിൽ നിന്നിറങ്ങാൻ നേരമില്ല. ഭാര്യയും രണ്ടു പെൺ മക്കളും ഉണ്ടെന്ന വിചാരമുണ്ടെങ്കിൽ ഇങ്ങനെ ഒക്കെ നടക്കുമോ? ഞങ്ങൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരായി ഇങ്ങനെ പേടിച്ചു കഴിയേണ്ട അവസ്ഥ ഉണ്ടാകുമോ? എല്ലാം വിധിയാണ്. ഇപ്പൊ ഒന്നിനോടും ആഗ്രഹങ്ങളില്ല, പ്രതീക്ഷകളില്ല.സ്വപ്നം കാണാൻ പോലും പേടിയാ. എത്രയും പെട്ടന്ന് ഈ ജീവിതം മതിയാക്കി പോയാൽ മതി. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം…. ആർക്കു വേണ്ടി? എന്തിന്?….”
ലിജി മടിയിൽ കിടക്കുന്ന ലിഷയുടെ മുടിയിൽ തഴുകി കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. ഡേവിഡ് ലിജിയുടെ മുഖഭാവം ശ്രെദ്ധിച്ചു.
വളരെ സുന്ദരി ആണ്. പക്ഷെ മുഖത്തു നിരാശയുടെ നിഴൽ ചിത്രങ്ങൾ വീണുകിടക്കുന്നു.. കണ്ണീരണിഞ്ഞ മിഴികളും, കവിൾത്തടങ്ങളും….
‘സങ്കടപെടണ്ട, ഞാനുണ്ട് നിന്റെ കൂടെ, നിന്റെ ദുഖത്തിലും സന്തോഷത്തിലും പങ്കു ചേരാൻ, സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു, മോഹങ്ങൾ മനസ്സിൽ നിറച്ചു, സ്നേഹം കൊണ്ട് മൂടുവാൻ, സംരക്ഷിച്ചു ചേർത്തു പിടിക്കുവാൻ ഞാനുണ്ട് ‘എന്ന് അവളോട് പറയുവാൻ ഡേവിഡിന്റെ മനസ്സ് കൊതിച്ചു.
പക്ഷെ അതിന് പറ്റിയ സാഹചര്യമല്ല ഇത്. ഇപ്പോൾ ഇവർക്ക് വേണ്ടത് തന്റെ സഹായവും സംരക്ഷണവും ആണ്..
“അമ്മച്ചിയെ എനിക്കൊന്നു കാണാൻ പറ്റുവോ “
ലിജി ഡേവിഡിനെ നോക്കി.
“അമ്മച്ചിക്ക് ട്രിപ്പ് ഇട്ടു കിടത്തിയിരിക്കുവാ.. ബോധം വീണാൽ ഉടനെ അവർ അറിയിക്കും. അമ്മച്ചിക്ക് കുഴപ്പമൊന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞില്ലേ.ഇടക്ക് ചെന്നു ചോദിച്ചാൽ അവർക്കു ഇഷ്ടപ്പെട്ടില്ലങ്കിലോ. ഇവിടെ വെയിറ്റ് ചെയ്യാം “
ഡേവിഡ് ലിജിയെ സമാധാനിപ്പിച്ചു.
“ഞങ്ങള് കാരണം ബുദ്ധിമുട്ടായി അല്ലെ.ഇതാ പറയുന്നത് ഗതിയില്ലാതെ ഇരിക്കുന്നവരെ സഹായിക്കാൻ പോകരുതെന്ന്. അമ്മച്ചി പാവമാ, ഞങ്ങൾക്ക് ആകെയുള്ള ആശ്രയം.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പൊക്കൊളു. ഞാൻ ഉണ്ടല്ലോ ഇവിടെ “
ലിജി ഡേവിഡിനെ നോക്കി.
“ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല. ഇതൊക്കെ ഓരോ കടമകൾ ആയി കണ്ടാൽ മതി. എല്ലാ ബുദ്ധിമുട്ടുകളും ഉടനെ മാറി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഉയർച്ചയും ഉണ്ടാകാൻ പോകുകയാണെന്നു എന്റെ മനസ്സ് പറയുന്നു.”
ഡേവിഡ് പറഞ്ഞത് കേട്ടു ലിജി ഒന്ന് ചിരിച്ചു.
“ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം. എങ്കിലും പറഞ്ഞതല്ല.
ഇന്നെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പ്രതീക്ഷിക്കാം “
ലിജി ഒരു നെടുവീർപ്പോടെ നേരെ ഇരുന്നു.
“അതിരിക്കട്ടെ, ആക്രമിക്കാൻ വന്നവരെ
ലിജി ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? ആരെയെങ്കിലും, ഷെബിയൊ കൂട്ടുകാരോ ആരെങ്കിലും ഉണ്ടായിരുന്നോ അവരുടെ കൂടെ ?”
ഡേവിഡ് ചോദിച്ചു കൊണ്ട് ലിജിക്ക് അഭിമുഖമായി തിരിഞ്ഞു.
“ഇല്ല..ഇവരെ ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ല. ഉയരം കൂടിയ ആള് തല മൊട്ടയടിച്ചിരുന്നു… കുറ്റിമുടിയും, താടിമീശയും ഉണ്ടായിരുന്നു അയാൾക്ക്. നെറ്റിയിൽ വലിയ ഒരു കറുത്ത പാടും, വെട്ടുകൊണ്ട മുറിപ്പാടും ഉണ്ടായിരുന്നു “
ലിജി ഓരോ കാര്യവും ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.
ജെസ്സിയും ശോശാമ്മയും കുരിശു വരച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. ടോമിച്ചൻ മുകളിൽ നിന്നും ഇറങ്ങി വന്നു ഫോണെടുത്തു.
അങ്ങേതലക്കൽ ഡേവിഡ് ആയിരുന്നു.
നടന്ന കാര്യങ്ങൾ എല്ലാം ഡേവിഡ് ടോമിച്ചനെ അറിയിച്ചു.ആക്രമിക്കാൻ വന്നവരെ കുറിച്ച് ലിജി പറഞ്ഞ കാര്യങ്ങളും ടോമിച്ചനോട് വിശദീകരിച്ചു. എല്ലാം കേട്ടശേഷം ടോമിച്ചൻ ഒന്നിരുത്തി മൂളി.ഇന്ന് വരുകയില്ലന്നും രാത്രി ആയതു കൊണ്ട് ആന്റണിയുടെ വീട്ടുകാരുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കുകയാണെന്നും അറിയിച്ചു.
ഹോസ്പിറ്റലിൽ ലില്ലിക്കുട്ടിക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പറഞ്ഞിട്ട് ഫോൺ വച്ചു ടോമിച്ചൻ സോഫയിൽ പോയിരുന്നു. ഡേവിഡ് പറഞ്ഞ കാര്യങ്ങൾ ആലോചിച്ചിരുന്ന ടോമിച്ചന്റെ കണ്ണുകൾ വിടർന്നു. പുരികങ്ങൾ വില്ലുപോലെ വളഞ്ഞു. എന്തോ കാര്യം കണ്ടുപിടിച്ച ഭാവമായിരുന്നു അപ്പോൾ മുഖത്ത്.
മൊട്ടത്തല, കുറ്റിതാടി, നെറ്റിയിലെ കറുത്ത വലിയ മറുകും, വെട്ടുകൊണ്ടാ മുറി പാടും….. ഏതാവനല്ലേ? ജയിലിൽ വച്ചു തന്നെ ആക്രമിക്കാൻ വന്നവൻ. ഇവനാണ് ആന്റണിച്ചൻ ജയിൽ ചാടി എന്ന് പറഞ്ഞവൻ…എങ്കിൽ അപകടമാണ്. മാത്രമല്ല ഇവനെക്കുറിച്ചു ആന്റണിച്ചനോട് ചോദിച്ചാൽ കൂടുതൽ അറിയാൻ പറ്റും….
പെട്ടന്ന് ടോമിച്ചന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.ഡിസ്പ്ലയിൽ ആന്റണി എന്ന് തെളിഞ്ഞു വരുന്നു.
ടോമിച്ചൻ ഫോണെടുത്തു..
“ടോമിച്ചാ.. ഞാനാ ആന്റണി, ഇവിടെ ഫാമിൽ ഉണ്ട്. വണ്ടിയിൽ നിന്നു ചാടിയപ്പോൾ കാല് കുറച്ച് മുറിഞ്ഞു. അത് സാരമില്ല. അപ്പോ എല്ലാവരുടെയും മുൻപിൽ ആന്റണി ചത്തലോ അല്ലെ “?
ആന്റണി ഉത്കണ്ഠയോടെ ചോദിച്ചു.
“നിങ്ങൾ എപ്പോഴേ ചത്തുപോയി.. ഇനി ജയിൽ ചാടിയ ആന്റണി ഇല്ല… ഇന്നത്തെ അന്തി പത്രങ്ങളിൽ എല്ലാം വാർത്ത ഉണ്ട്. ലോക്കൽ ചാനലിലും മറ്റു ന്യൂസ് ചാനലുകളിലും ഉണ്ടായിരുന്നു. അവരെല്ലാം കൂടി ആന്റണിയെ കൊന്നു “
ടോമിച്ചൻ തിരിച്ചുകൊണ്ട് പറഞ്ഞു.
“ടോമിച്ചാ, ഇതിനൊക്കെ എങ്ങനെയാട ഞാൻ നന്ദി പറയുന്നത്. പ്രത്യുപകാരമായി നിനക്ക് വേണ്ടി ഞാൻ എന്താ ചെയ്യേണ്ടത്. പറഞ്ഞോ “
ആന്റണി ടോമിച്ചനോട് ചോദിച്ചു
“ആന്റണിച്ച, നിങ്ങളൊന്നും ചെയ്യണ്ട. ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്.അന്ന് ജയിലിൽ വച്ചു നമ്മളെ ആക്രമിച്ചവരിൽ നെറ്റിയിൽ മറുകും വെട്ടുകൊണ്ട പാടുള്ള ആ ഉയരമുള്ളവൻ ഇല്ലേ. അവനാണോ ജയിലിന്റെ പുറത്തു വന്നിരിക്കുന്നത് “?
ടോമിച്ചന്റെ ചോദ്യം കേട്ടു ആന്റണി അന്ധളിച്ചു.
“അതേ, അവൻ തന്നെ. അവനെ ആരോ പുറത്തിറക്കിയിരിക്കുന്നതാണ്, നിനക്കെതിരെ… അവൻ ഭയകര അപകടകാരിയാണ്. കൊലപാതകങ്ങൾ ചെയ്തു അറപ്പു മാറിയവൻ. ജയിലിൽ വച്ചു രണ്ടു പ്രാവിശ്യം ഞാനുമായി കൊമ്പ് കോർത്തു..അവന്റെ പേര് അലി ഹുസൈൻ… എന്താ… എന്തെങ്കിലും പ്രശ്നം ഉണ്ടോ “?
ആന്റണി ഒറ്റശ്വാസത്തിൽ ചോദിച്ചു.
“നീ ബേജാറാവണ്ട…അവൻ നിന്റെ വീട്ടിൽ പോയി എന്തോ ബഹളം ഉണ്ടാക്കി. ഡേവിഡ് തക്കസമയത്തു ചെന്നത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ലാ. ലില്ലി ചേടത്തി ഈരാറ്റുപേട്ടയിലെ ഹോസ്പ്പിറ്റലിൽ ആണ്. ലിജിയും ലിഷയും ഡേവിഡിനൊപ്പം ഹോസ്പിറ്റലിൽ ഉണ്ട്. പേടിക്കാനൊന്നുമില്ല “
ടോമിച്ചൻ പറഞ്ഞപ്പോൾ അപ്പുറത്ത് കുറച്ച് നേരം നിശബ്ദത വന്നു.
“ടോമിച്ചാ, എന്റെ ലില്ലിക്കുട്ടിക്ക് ഒന്നുമില്ലല്ലോ അല്ലെ. അവക്ക് ഞാൻ കഷ്ടപ്പാടും സ്വയര്യക്കേടും മാത്രമേ കൊടുത്തിട്ടുള്ളു. എന്റെ മക്കളെയും നേരാവണ്ണം ഞാൻ നോക്കിയിട്ടില്ല. ഇനിയെങ്കിലും അവരെ എനിക്ക് നന്നായി നോക്കണം, സ്നേഹിക്കണം… ടോമിച്ചാ അവർക്കൊന്നും വരുത്തല്ലേടാ. അവന് എന്റെ ജീവൻ വേണേ കൊടുത്തേക്കാം. അവൻ കണ്ണിചോര ഇല്ലാത്തവനാ. അതാ എനിക്ക് പേടി “
ആന്റണി വിഷമത്തോടെ പറഞ്ഞു.
“ടോമിച്ചാ, അവനെ എത്രയും പെട്ടന്ന് നമുക്ക് കണ്ടു പിടിക്കണം. അല്ലെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ പറ്റത്തില്ല. നമ്മുടെ ഒക്കെ വീട്ടിൽ കേറി വരും “
ആന്റണി കോപത്തോടെ പറഞ്ഞു.
“ആന്റണിച്ച, ഞാൻ അവനെവിടെ ആണെന്ന് അന്വേഷിച്ചോണ്ട് ഇരിക്കുവാ. ഡേവിടും അന്വേഷിക്കുന്നുണ്ട്. അവൻ താമസിക്കാതെ നമ്മടെ കയ്യിൽ വരും. അവനെതിരെ ഒരു കേസ് ലിജിയെ കൊണ്ട് ഡേവിഡ് ഈരാറ്റുപേട്ട സ്റ്റേഷനിൽ കൊടുക്കുന്നുണ്ട്. ആന്റണിച്ചൻ സമാധാനമായി ഇരുന്നോ. അവിടെ ഇരിക്കുന്ന ബാക്കി ബ്രാണ്ടി അടിച്ച് കടന്നു ഉറങ്ങിക്കോ. ബാക്കി നാളെ നോക്കാം. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല “
ടോമിച്ചൻ ആന്റണിയോട് പറഞ്ഞിട്ട് ഫോൺ വച്ചു.
“എന്താ ഇവിടെ ഫോണിൽ ഒരു സംസാരം.എന്താ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്.”
ചോദിച്ചു കൊണ്ട് ജെസ്സി ടോമിച്ചനടുത്തിരുന്നു.
ആ സമയത്താണ് ടീവി ന്യൂസിൽ വാർത്ത വീണ്ടും വന്നത്. അത് ജെസ്സിയും ശ്രെദ്ധിച്ചു.
“നിങ്ങടെ കാര്യമല്ലേ ടീവി യിൽ പറയുന്നത്. നമ്മുടെ ജീപ്പ് ജയിൽ ചാടിയ ആന്റണി എന്ന ആള് തട്ടിക്കൊണ്ടുപോയി തീ വച്ചു ആത്മഹത്യാ ചെയ്‌തെന്നോ? നിങ്ങളറിഞ്ഞില്ലേ ഇതൊന്നും “?
ജെസ്സി ടോമിച്ചനെ നോക്കി.
“അറിഞ്ഞു, അത് അന്വേഷിച്ചു പോയതാ. പക്ഷെ അയാൾ വണ്ടി കത്തിച്ചു ആത്മഹത്യാ ചെയ്തു.”
ടോമിച്ചൻ ജെസ്സിയോട് ചെറിയൊരു കള്ളം പറഞ്ഞു.
“എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്. നിങ്ങൾ എന്നോടും ഓരോ കാര്യങ്ങൾ മറച്ചു വയ്ക്കാൻ തുടങ്ങി അല്ലെ? ആയിക്കോട്ടെ. ഞാൻ കരുതി, ഞാനറിയാത്ത ഒരു കാര്യവും നിങ്ങടെ ജീവിതത്തിൽ ഇല്ല എന്ന്…. ഇനി ഇതുപോലെ എന്തെങ്കിലും മറച്ചു വച്ചിട്ടുണ്ടോ മിസ്റ്റർ ടോമിച്ചൻ “
ഇടുപ്പിൽ കൈകുത്തി എഴുനേറ്റു നിന്നു ജെസ്സി ടോമിച്ചനെ നോക്കി.
“എനിക്ക് നാലഞ്ചു ഭാര്യമാർ വേറെ ഉണ്ട്. അതിൽ എട്ടുപത്ത് പിള്ളേരും ഉണ്ട്. അത് ഞാൻ നിന്നോട് മറച്ചു വച്ചു. എന്നോട് ക്ഷമിക്കണം ജെസ്സി. ഇതെല്ലാം എനിക്ക് ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയതാണ്….”
ടോമിച്ചൻ വിഷമത്തോടെ ജെസ്സിയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തു ഒരു കാർമേഘം ഇപ്പോൾ പെയ്യും എന്ന മട്ടിൽ തങ്ങി നിൽക്കുന്നത് ടോമിച്ചൻ കണ്ടു.
“ഇടി മണ്ടൂസേ…. വണ്ടി കത്തിയ കാര്യം ഞാൻ മനപ്പൂർവം പറയാതിരുന്നതാ… വെറുതെ വിഷമിപ്പിക്കണ്ട എന്നോർത്ത്… ഇതൊക്കെ എന്തോന്ന് പറയാനാ….”
ടോമിച്ചൻ പറയുന്നത് കേട്ടു ജെസ്സി വീണ്ടും സോഫയിൽ ഇരുന്നു.
“അപ്പോ ഭാര്യമാരും പിള്ളേരും… അതോ “
ജെസ്സി ഒളിക്കണ്ണിട്ടു നോക്കി.
“അതെന്റെ ഒരു ആഗ്രഹം പറഞ്ഞതാ “
ടോമിച്ചൻ പറഞ്ഞത് കേട്ടു ജെസ്സി ടോമിച്ചന്റെ ചെവിയിൽ കയറി പിടിച്ചു.
“നിങ്ങടെ പൂതി കൊള്ളാം. അത് മനസ്സിൽ വച്ചാൽ മതി. പിന്നെ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങടെ ആഗ്രഹം നടക്കാൻ പോകുന്നില്ല… അതോർത്തോ”
ജെസ്സി ടോമിച്ചന്റെ ചെവിയിൽ പിടിച്ചു രണ്ടു തിരി തിരിച്ചു.
“എടി, ഒരു പെണ്ണ് കെട്ടിയ ബോധമുള്ളവന്മാരാരും ഒന്നുകൂടി കെട്ടണമെന്ന് ആഗ്രഹിക്കില്ല. വെറുതെ ആരെങ്കിലും വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു %&₹#%*വയ്ക്കുമോ “
ടോമിച്ചൻ സോഫയിൽ നിന്നും എഴുനേറ്റു.
“അതാ നിങ്ങക്കും നല്ലത്, വറക്കാനുള്ള മീൻ മസാല പുരട്ടി വച്ചിരിക്കുവാ. ഞാൻ പോയി മീൻ വറുക്കട്ടെ “
ജെസ്സി അടുക്കളയിലേക്ക് നടന്നു.
ടോമിച്ചൻ മുകളിലെ റൂമിലേക്ക് പോയി. വീണ്ടും ഡേവിഡിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു.
കിടക്കയിൽ കേറി നിവർന്നു കിടന്നു.
പുലർച്ചെ ആറുമണി ആയപ്പോൾ ആന്റണിയുടെ കോൾ വന്നു.
“ടോമിച്ചാ, ഹുസൈൻ എവിടെ ഉണ്ടെന്ന് കണ്ടു പിടിച്ചു. അവൻ കോട്ടയം ചന്തകവലയിൽ ഉള്ള ഒരു കെട്ടിടത്തില ഒളിച്ചു താമസിക്കുന്നത്. ചന്തയിൽ ഉള്ള കുറച്ചു പേര് ആണ് അവനെ സംരെക്ഷിച്ചോണ്ടിരിക്കുന്നത്. അവിടുന്ന് അവനെ പൊക്കുക അത്ര എളുപ്പമല്ല. കുറച്ച് ബുദ്ധിമുട്ടാണ് “
ആന്റണി പറഞ്ഞു.
“ആന്റണിച്ച, അവൻ പുറത്തു വിലസുമ്പോൾ നമുക്ക് സമാധാനകേടും, അപകടവുമ.അവനെ കിട്ടിയാൽ ചിലപ്പോൾ ഇതിന്റെ പുറകിൽ ആരാണെന്നു അറിയാൻ പറ്റും. താമസിക്കുന്ന ഓരോ നിമിഷവും പ്രശ്നം ആണ്. നിങ്ങക്ക് പേടിയുണ്ടോ കോട്ടയത്ത് പോയി അവനെ പൊക്കാൻ”
ടോമിച്ചൻ ചോദിച്ചു.
“നീ പറ, പോകണമെങ്കിൽ ഞാൻ റെഡി.എനിക്കൊരു പുല്ലനെയും പേടിയില്ല. എന്റെ ഭാര്യയുടെയും മക്കളുടെയും നേരെ കൈ പൊക്കിയവനാ…ആ കഴുവേറിയെ ഇടിച്ചു മലത്തി കുടലെടുത്തില്ലെങ്കിൽ എനിക്കും ഉറക്കം വരൂകേല “
ആന്റണി ആവേശത്തോടെ പറഞ്ഞു.
“എന്നാ ആന്റണിച്ചൻ വേഷം മാറി എന്റെ പഴയ ആ വീട്ടിലേക്കു വാ. അവിടെ ലോറി കിടപ്പുണ്ട്. അവനാ ഇങ്ങനത്തെ കാര്യത്തിന് പോകുമ്പോൾ രാശി “
അപ്പോഴേക്കും കാപ്പിയുമായി ജെസ്സി കയറി വന്നു.
“ഞാൻ അടിവാരം വരെ പോകുവാ, വൈകുന്നേരമേ വരൂ, നീ അമ്മയെയും കൂട്ടി കുമളിക്ക് പോയിട്ട് ഇരുട്ടുന്നതിനു മുൻപ് എത്തിയേക്കണം. രാവിലെ തന്നെ ഇറങ്ങിക്കോ “
ടോമിച്ചൻ കാപ്പി മേടിച്ചു കുടിച്ചു കൊണ്ട് ജെസ്സിയോട് പറഞ്ഞു.
കുളിച്ചു ഡ്രെസ്സ് ധരിച്ചു ടോമിച്ചൻ പുറത്തേക്കു നടന്നു.
“അപ്പോ പറഞ്ഞത് കേട്ടല്ലോ..”
ഹാളിൽ നിന്ന ജെസ്സിയെ ടോമിച്ചൻ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു…ജെസ്സി തലകുലുക്കി.
ടോമിച്ചൻ ജീപ്പ്പൂമെടുത്തു പഴയ വീടിന്റെ മുറ്റത്തു വന്നിറങ്ങി. ലോറി മൂടി ഇട്ടിരുന്ന ടർപോളിൻ വലിച്ചു മാറ്റി.
ലോറി സ്റ്റാർട്ടാക്കി ഹീറ്റു ചെയ്തു.
വീടിനുള്ളിൽ കയറി ഡ്രെസ്സ് മാറി പഴയ ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ചു. അഴയിൽ കിടന്ന തോർത്തെടുത്തു തലയിൽ വട്ടത്തിൽ കെട്ടി. പുറത്തു വന്നു ലോറിയിൽ ചാരി നിന്നു ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു തീ കൊളുത്തി. വലിച്ചു കൊണ്ടിരിക്കുമ്പോൾ ആന്റണി എത്തി. ഒറ്റനോട്ടത്തിൽ ഒരു യാചകനാണെന്നാണ് ടോമിച്ചന് തോന്നിയത്.
“നിങ്ങളെന്താ പ്രച്ചന്ന വേഷ മത്സരത്തിനു പോകുവാണോ. “
ടോമിച്ചന്റെ ചോദ്യം കേട്ടു ആന്റണി ചിരിച്ചു.
“ഒരു വഴിക്കു പോകുവല്ലേ. ഇരിക്കട്ടെ”
ആന്റണി ടോമിച്ചന്റെ കയ്യിൽ നിന്നും ഒരു ബീഡി മേടിച്ചു കത്തിച്ചു .
“ഇതുകൂടി വച്ചോ, ഉറുമിയ “
ടോമിച്ചൻ ഒരു പൊതി എടുത്തു ആന്റണിയുടെ കയ്യിൽ കൊടുത്തു.
“ടോമിച്ചാ ചന്തയിൽ എന്റെ നാലഞ്ചു പേര് ഉണ്ട്. അവരാ വിളിച്ചു പറഞ്ഞത്. വർഷങ്ങളായിട്ടുള്ള പരിചയമാ “
ആന്റണി പറഞ്ഞു കൊണ്ട് ലോറിയിലേക്ക് കയറി. സ്റ്റാർട്ട് ചെയ്തു.
വലിച്ചു കൊണ്ടിരുന്ന ബീഡിയുടെ കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ടോമിച്ചനും കയറി…..ലോറി മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി.
“ഈ വേഷം ഇട്ടപ്പോൾ പഴയ കാലത്തിലേക്കു പോയി. ഒന്നുമില്ലായിരുന്നു എങ്കിലും അതായിരുന്നു നല്ല കാലം.. വെറുതെ ഓർത്തു പോകുന്നു. കഴിഞ്ഞ കാലങ്ങൾ ആണെല്ലോ എല്ലാവരുടെയും പ്രിയപ്പെട്ടത് അല്ലെ ആന്റണിച്ച “
ടോമിച്ചൻ ചോദിച്ചു.
“എനിക്ക് പഴയ കാലം ഓർക്കാൻ ഇഷ്ടമല്ല ടോമിച്ചാ. അത്രക്കും കൊള്ളരുതായ്മയ ചെയ്തു കൂട്ടിയത്” മെയിൻ റോഡിലേക്കിറങ്ങിയതും ഗിയർ മാറ്റി ആന്റണി ആക്സിലേറ്റർ കൂട്ടി.
“വണ്ടിക്കു നല്ല പുള്ളിങ്ങാ…. നിന്റെ വണ്ടി അല്ലെ. അപ്പോ പറക്കും “
ലോറി ഏലപ്പാറയിലെത്തി തിരിഞ്ഞു വാഗമൺ റൂട്ടിലൂടെ പാഞ്ഞു. ഈരാറ്റുപേട്ട എത്തിയപ്പോൾ ഡേവിഡിനെ വിളിച്ചു കാര്യം പറഞ്ഞു..ടൌൺ കഴിഞ്ഞു പാലാ റൂട്ടിൽ ഉള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു…..
പാലാ ഭാഗത്തേക്ക് പോകും തോറും മഴ കൂടി വന്നു….. പാലാ ടൌൺ കഴിഞ്ഞു കോട്ടയം ലക്ഷ്യമാക്കി മഴത്തുള്ളികളെ വകഞ്ഞു മാറ്റി ലോറി വേഗത്തിൽ ഓടിക്കൊണ്ടിരുന്നു
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Waiting……… 😢😢