Skip to content

കൊലക്കൊമ്പൻ – 19

kolakomban

പുറത്തേക്കു തലതിരിച്ചു നിറഞ്ഞു തൂവിയ മിഴികൾ ടോമിച്ചൻ കാണാതെ ജെസ്സി തുടച്ചു കളഞ്ഞു. എന്നാൽ ജെസ്സി അറിയാതെ ടോമിച്ചൻ അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

ഇവൾക്ക് തന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ ?  മാത്രമല്ല കോടീശ്വരി ആയ ഇവൾ എന്ത് കണ്ടിട്ടാണ് വെറും ഒരു ലോറിക്കാരനായ തന്നെ ഇഷ്ടപെടുന്നത്. സ്ത്രികളുടെ മനസ്സിൽ പ്രണയമുദിച്ചാൽ പിന്നെ തിരിച്ചറിവുകൾ നഷ്ടപ്പെടുമോ?

പലപ്പോഴും അവൾ മനസ്സുതുറക്കുമ്പോഴും താൻ ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചത് അവളോട്‌ ഇഷ്ടം തോന്നാത്തത് കൊണ്ടല്ല, മറിച്ച് അവളോടുള്ള ഇഷ്ടക്കൂടുതൽ ഉള്ളതുകൊണ്ടായിരുന്നു എന്ന് ഇവളറിഞ്ഞിരുന്നോ? മുൻപിൽ ശത്രുക്കൾ പതുങ്ങി ഇരിപ്പുണ്ട്. ഇവളെ അവരിൽ നിന്നും രക്ഷപ്പെടുത്തുമ്പോൾ ശത്രുവാണോ താനാണോ അവശേഷിക്കുന്നത് എന്ന് ഒരുറപ്പുമില്ല. ശത്രു  കൊല്ലപ്പെട്ടാലും അതല്ല തനിക്കാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിലും ഇവളെ അത് ബാധിക്കരുത്. അവൾ ആഗ്രഹിച്ച ജോലി, അതിലൂടെ അവൾക്കു നേടാൻ സാധിക്കുന്ന സൗഭാഗ്യങ്ങൾ,സന്തോഷം നിറഞ്ഞ ജീവിതം, അതെല്ലാം തന്റെ ഇഷ്ടത്തോടെ അവൾക്കു നഷ്ടപെടാം. ഈ ചെറിയ മലയോരപ്രേദേശത്തു അവളുടെ മോഹങ്ങളും സ്വപ്നങ്ങളും തളച്ചിടപ്പെട്ടു പോയേക്കാം. അതുകൊണ്ടാണ് ഈ ടോമിച്ചന് ഇവളോട് തോന്നിയ ഇഷ്ടത്തെ മൂടിവച്ചു പെരുമാറേണ്ടി വന്നത്.പക്ഷെ ഇന്ന് പലരും നിനക്ക് പറ്റിയ പെണ്ണ് ഇവളാണെന്നു പറഞ്ഞപ്പോൾ മനസ്സിന്റെ കൊട്ടിയടക്കപ്പെട്ടു പോയ വാതിൽ തനിയെ തുറന്നു പോയതുപോലെ.അതിന്റെ കൂടെ കള്ളുംകൂടി ചെന്നപ്പോൾ ഉള്ളിൽ മൂടി വച്ചിരുന്ന സ്നേഹം പുറത്തു ചാടി പോയോ?

“കള്ളുള്ളിൽ ചെന്നാൽപെണ്ണിന്റെ മുൻപിൽ,

ഉള്ളം തുറക്കും കള്ളമില്ലാതെ”

ചായക്കടയിലെ മത്തായിച്ചൻ കുടിച്ചു പാടുന്ന പാട്ടാണ് ഇത്. അത് വളരെ സത്യമാണെന്നു ടോമിച്ചന് തോന്നി.

ടോമിച്ചന്റെ ഇഷ്ടമല്ല മറിച്ച് അവളുടെ ഉയർച്ചയും മോഹസാക്ഷാൽകാരങ്ങൾക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടത്.മാത്രമല്ല  പ്രാബലനായ ഒരു ശത്രു എവിടെയോ ഇരുന്നു കരുക്കൾ നീക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ താൻ മാത്രമാണ് ഇവിടെ ഉള്ളത്.ബന്ധങ്ങൾ തന്നെ ദുർബലനാക്കാം. അതുകൊണ്ട് ഇപ്പോൾ പറയണ്ട. മറിച്ചാണെങ്കിൽ കാലം തെളിയിക്കട്ടെ.

പെട്ടന്ന് മുൻപിലേക്കു പാളി വന്ന ഒരു ജീപ്പിൽ ഇടിക്കാതിരിക്കാൻ ടോമിച്ചൻ ലോറി സഡൻ ബ്രേക്ക്‌ ഇട്ടു.

മുൻപോട്ടു ലോറി ഉലഞ്ഞതും ജെസ്സിയുടെ നെറ്റി ലോറിയുടെ ക്യാബിനുള്ളിലെ സൈഡ് കമ്പിയിൽ ചെന്നിടിച്ചതും ഒരുമിച്ചായിരുന്നു.

ജെസ്സിയുടെ നെറ്റി ചെറുതായി മുറിഞ്ഞു ചോര വന്നു. കണ്ണിൽ നിറഞ്ഞിരുന്ന മിഴിനീരും കവിളിലൂടെ ഒലിച്ചിറങ്ങി.

ലോറി നിർത്തി ടോമിച്ചൻ ജെസ്സിയുടെ നെറ്റിയിലേക്ക് നോക്കി.

“നെറ്റി പൊട്ടിയോ? ചോര വരുന്നുണ്ടല്ലോ?  ലോറിയുടെ മുൻപിലേക്കു പാളി വന്ന ജീപ്പിൽ ഇടിക്കാതിരിക്കാൻ ചവുട്ടിയതാ. നിനക്ക് നന്നായി പിടിച്ചിരിക്കാൻ വയ്യായിരുന്നോ, ?”

ടോമിച്ചൻ ചോദിച്ചു കൊണ്ട് തോളിൽ കിടന്ന തോർത്തെടുത്തു ജെസ്സിയുടെ നെറ്റിയിലെ ചോര തുടച്ചു.

“നിന്റെ കണ്ണ് നിറഞ്ഞല്ലോ, നന്നായി വേദനിച്ചു കാണും അല്ലേ? ഇവിടെ അടുത്തൊരു ക്ലിനിക് ഉണ്ട്, അവിടെപ്പോയി മുറിവൊന്നു ഡ്രസ്സ്‌ ചെയ്യാം. ഇപ്പോൾ ഈ തോർത്ത്‌ വച്ചു വട്ടത്തിൽ കെട്ടാം “

തോർത്ത്‌ കൊണ്ട് ടോമിച്ചൻ ജെസ്സിയുടെ തലയിൽ വട്ടത്തിൽ കെട്ടി.

ജെസ്സി ടോമിച്ചനെ പാളി നോക്കുനുണ്ടായിരുന്നു, അയാളുടെ മുഖത്തെ പരിഭ്രമം ജെസ്സിക്ക് തിരിച്ചറിയാമായിരുന്നു. ഇയാളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ, ഇത്രയും കാലം മനസ്സുതുറന്നു കാണിച്ച തന്റെ സ്നേഹം ഇയാൾക്ക് മനസ്സിലായില്ലേ. ഇപ്പോൾ ഈ കാണിക്കുന്ന കരുതൽ, തന്റെ  നെറ്റി മുറിഞ്ഞപ്പോൾ കാണിക്കുന്ന വെപ്രാളം,  തന്നെ ഇയാളുടെ ജീവിതത്തിലേക്ക് ചേർത്തു നിർത്തി കാണിച്ചാൽ എന്താണ് കുഴപ്പം? ഇനി കുറച്ച് മുൻപ് പറഞ്ഞ ആ പെണ്ണ് തനായിരിക്കുമോ? തനാണല്ലോ ഇന്ന്  കൂടെയുണ്ടാരുന്നത്?ആ

ആ ചിന്ത മനസ്സിലൂടെ കടന്നുപോയപ്പോൾ ഉള്ളിൽ തിങ്ങികൂടി ഇരുന്ന ശോകമൂകമായ ഒരു മഞ്ഞുമല  ഉരുക്കാൻ തുടങ്ങുന്നതുപോലെ തോന്നി ജെസ്സിക്ക്. ചിലപ്പോൾ ആണെങ്കിലോ? തന്നോട് തുറന്നുപറയാതെ ഇരിക്കുന്നത് കൊണ്ടാണെങ്കിലോ?അതോർത്തപ്പോൾ മനസ്സിന് ഒരാശ്വാസം തോന്നി.

“നീ എന്താ എന്നെ ഇങ്ങനെ തുറിച്ചു നോക്കി ഇരിക്കുന്നത്.ചെകുത്താനെ നോക്കുന്നതുപോലെ, തലയിടിച്ചപ്പം ബോധം പോയോ “

തന്നെ തുറിച്ചു നോക്കിയിരിക്കുന്ന ജെസ്സിയെ ടോമിച്ചൻ തട്ടി വിളിച്ചു.

“ങ്ങാ..”ചിന്തയിൽ നിന്നുമുണർന്നപോലെ ജെസ്സി ഒന്ന് തലക്കുടഞ്ഞു.

ജാള്യത്തോടെ ടോമിച്ചനെ നോക്കി.

“ഇല്ല, ബോധമൊന്നും പോയില്ല, എന്തോ ആലോചിച്ചിരുന്നതാ, പോകാം “

ജെസ്സി സീറ്റിൽ ചാരി ഇരുന്നു.

ടോമിച്ചൻ ലോറി അടുത്ത് കണ്ട ക്ലിനിക്കിനു മുൻപിൽ നിർത്തി.

ജെസ്സി ഇറങ്ങാൻ തുടങ്ങിയപ്പോൾ കാലിൽ മസിൽഉരുണ്ടു കേറി ഭയങ്കര വേദന.ഇറങ്ങാതെ ജെസ്സി ലോറിയിൽ തന്നെ ഇരുന്നു.

ടോമിച്ചൻ ലോറിയുടെ മറുഭാഗത്തു ചെന്നു ലോറിയിൽ ഇരിക്കുന്ന ജെസ്സിയെ നോക്കി.

“ഫെവികിക്ക് തേച്ചു ഒട്ടിച്ചു വച്ചിരിക്കുന്നത് പോലെ അവിടെ ഇരിക്കാതെ ഇങ്ങോട്ടിറങ്ങി വാ. ക്ലിനിക് ഇങ്ങോട്ട് വരത്തില്ല,ആവശ്യക്കാർ അങ്ങോട്ട്‌ പോകണം “

ടോമിച്ചൻ ജെസ്സിയെ നോക്കി പറഞ്ഞു.

“ഇവിടെനിന്നും ഇറങ്ങാൻ പറ്റുന്നില്ല മനുഷ്യ, എന്റെ കാലിനു ഭയങ്കര വേദന, ഒരഞ്ചുമിനിറ്റ് ഇരുന്നാൽ മാറും “

ജെസ്സി വേദനയോടെ പറഞ്ഞു

“എന്നാ ക്ലിനിക്കിൽ ചെന്നു ട്രോളി എടുത്തോണ്ട് വരാം “

ടോമിച്ചൻ ക്ലിനിക്കിലേക്ക് പോകുവാൻ തിരിഞ്ഞു.

“എനിക്കെങ്ങും വേണ്ട ട്രോളി, അതിൽ കേറി ചത്ത ശവം പോലെ കിടക്കാൻ എന്നെ കിട്ടത്തില്ല “

ജെസ്സി നിഷേധഭാവത്തിൽ തലയാട്ടി.

“എന്നാ ഞാൻപോയി ഒരു വിമാനം കൊണ്ടുവരാം, മതിയോ “

ടോമിച്ചൻ കലിപ്പോടെ ചോദിച്ചു.

“ട്രോളിയും വേണ്ട, വിമാനവും വേണ്ട, നിങ്ങളവിടെ മരം പോലെ നിക്കാതെ എന്നെ ഒന്നെടുതിറക്കിയാൽ കാര്യം തീർന്നില്ലേ? അതിനാണോ വിമാനവും തീവണ്ടിയും?”

ജെസ്സി തെല്ലു നീരസത്തോടെ ചോദിച്ചു.

“എന്നാ ഇങ്ങു വാ,”

പറഞ്ഞിട്ട് ടോമിച്ചൻ ചവിട്ടുപടിയിൽ കയറി നിന്ന് ജെസ്സിയുടെ കയ്യിൽ പിടിച്ചു.

“നിങ്ങളെന്നെ എന്നാ കാണിക്കാൻ പോകുവാ, നിൽപ്പ് കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നല്ലോ “?

ജെസ്സി കൈ പൊക്കി പിടിച്ചു.

“നിന്നെ പീഡിപ്പിക്കാൻ പോകുവാ, സിനിമയിൽ പറഞ്ഞപോലെ ഇന്ന് പീഡിപ്പിക്കാൻ ഒരു ഈച്ചയെപ്പോലും കിട്ടിയില്ല, ഇങ്ങോട്ടിറങ്ങടി “

ടോമിച്ചൻ ജെസ്സിയെ എടുത്തിറക്കി,താഴെ നിർത്താതെ തോളിലിട്ടു ക്ലിനിക്കിന് നേരെ നടന്നു.

“ദേ, ഞാൻ വെറുതെ പറഞ്ഞതാ, നാണം കെടുത്താതെ എന്നെ താഴെ നിർത്ത്, ആളുകൾ നോക്കുന്നു,”

ജെസ്സി പതുക്കെ പറഞ്ഞു.

ഡോക്ടറെ കാണുവാൻ വന്ന മറ്റ് രോഗികളും, നഴ്സുമ്മാരും ഈ കാഴ്ച കണ്ടു അമ്പരന്നു. ചിലർ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“നിങ്ങളെന്നെ നാറ്റിച്ചേ അടങ്ങൂ, അല്ലേ “

ടോമിച്ചന്റെ തോളിൽ കിടന്നുകൊണ്ട് ജെസ്സി പിറുപിറുത്തു.

ക്ലിനിക്കിനുള്ളിലേക്ക് കയറിയ ടോമിച്ചൻ ഡ്രസ്സ്‌ ചെയ്യുന്ന റൂമിന്റെ മുൻപിലുള്ള കസേരയിൽ ജെസ്സിയെ ഇരുത്തി.

“എന്ത് പറ്റിയതാ “

ഒരു നേഴ്സ് വന്നു ചോദിച്ചു.

“ലോറി ബ്രേക്ക്‌ ഇട്ടപ്പോൾ നെറ്റി പോയി ഇടിച്ചതാ, കുറച്ച് മുറിഞ്ഞിട്ടുണ്ട് “

ടോമിച്ചൻ ജെസ്സിയുടെ തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു കാണിച്ചു കൊടുത്തു.

“നിങ്ങൾ പുറത്തേക്കിറങ്ങി നിന്നോ, ഡോക്ടർ വന്നു നോക്കിയിട്ട് ഡ്രസ്സ്‌ ചെയ്തിട്ട് വിളിക്കാം “

നഴ്‌സിന്റെ നിർദേശം കേട്ടതും ജെസ്സിയെ ഒന്ന് നോക്കിയിട്ട് ടോമിച്ചൻ പുറത്തേക്കു നടന്നു.

അൽപ്പസമയത്തിനുള്ളിൽ ഡോക്ടർ ജെറി  വന്നു പരിശോധിച്ചിട്ടു മരുന്നുവച്ചു ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞിട്ട് പോയി.

“അതാരാ എടുത്തോണ്ട് വന്നത്, ഭർത്താവ് ആയിരിക്കും അല്ലേ, ഇതുപോലെ സ്നേഹമുള്ള ഭർത്താവിനെ കിട്ടാൻ പാടാ ഇന്നത്തെ കാലത്തു, ഞങ്ങടെയൊക്കെ കെട്ടിയന്മാരാണെങ്കിൽ പറയും വേണങ്കിൽ നടന്നുപോയാൽ മതിയെന്ന്.”

ജെസ്സിയുടെ മുറിവ് ഡ്രസ്സ്‌ ക്ലീൻ ചെയ്തുകൊണ്ട് ഒരു നേഴ്സ് പറഞ്ഞു.

ജെസ്സി അതിന് മറുപടി പറയാതെ ഒന്ന് ചിരിച്ചു.

അപ്പോൾ മറ്റൊരു നേഴ്സ് ഒരു പുതിയ  ഫയൽ കൊണ്ടുവന്നു .

അതിൽ എഴുതിയിരിക്കുന്നത് കണ്ടു ജെസ്സിയുടെ കണ്ണുകൾ വിടർന്നു.

“ജെസ്സി ടോമിച്ചൻ, പ്രായം 29, കുമളി “

എന്നാൽ ജെസ്സി അതിനെക്കുറിച്ചു നഴ്സസിനോട് ഒന്നും മിണ്ടിയില്ല.

“കൊച്ചിന്റെ ഭർത്താവിന് ഭയങ്കര ടെൻഷൻ ആണെന്ന് തോന്നുന്നു. ഞാൻ പിന്നെ ചെന്നു ചെറിയ മുറിവേ ഉള്ളു ഇന്നും ഇപ്പൊ തന്നെ പോകാമെന്നുമൊക്കെ പറഞ്ഞു. പൈസ എത്രയായാലും ഏറ്റവും നല്ല മരുന്നു കൊടുക്കണമെന്ന എന്നോട് പറഞ്ഞത്. ഭാര്യമാരോട് ഇത്രയും സ്നേഹമുള്ള ഭർത്താക്കന്മാർ ഇപ്പോൾ ഉണ്ടോ “

പുറത്തുനിന്നും അകത്തേക്ക് വന്ന പ്രായമായ ഒരു നേഴ്സ് ജെസ്സിയെ ഡ്രസ്സ്‌ ചെയ്തുകൊണ്ട് നിന്ന നഴ്സിനോട് പറഞ്ഞിട്ട് ജെസ്സിയെ നോക്കി ചിരിച്ചു.

“മോള് ഭാഗ്യം ചെയ്തവളാ, അല്ലെങ്കിൽ ഇതുപോലെ സ്നേഹിക്കുന്ന ഒരാളെ കിട്ടുമോ “

അവർ പറഞ്ഞിട്ട് മറ്റൊരു റൂമിലേക്ക്‌ പോയി.

അരമണിക്കൂറിനുള്ളിൽ മുറിവ് ഡ്രസ്സ്‌ ചെയ്തു,ജെസ്സി പുറത്തുവന്നു. ടോമിച്ചൻ ഫാർമസിയിൽ പോയി  പണമടച്ചു മരുന്നും വാങ്ങി.

കസേരയിൽ ഇരിക്കുകയായിരുന്ന ജെസ്സിയുടെ അടുത്തേക്ക് വന്ന ടോമിച്ചൻ അവളുടെ  മുഖത്തേക്ക് നോക്കി.

“നിനക്ക് തന്നെ നടക്കാൻ പറ്റുമോ “

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി ചിരിച്ചു.

“അങ്ങോട്ടും എടുത്തോണ്ട് പോകാനുള്ള പ്ലാൻ ആണോ, ഞാൻ നടന്നോള്ളാം, ഇപ്പൊ വേദനയൊക്കെ മാറി, പോകാം “

ജെസ്സി കസേരയിൽ നിന്നും എഴുനേറ്റു, ടോമിച്ചനൊപ്പം ലോറിക്കടുത്തേക്ക് നടന്നു.

“ക്ലിനിക്കിലെ എല്ലാവരും നിങ്ങളെന്റെ ഭർത്താവ് ആണെന്നും പറഞ്ഞാ ഇരിക്കുന്നത്.നിങ്ങക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു എന്നൊരു നേഴ്സ് വന്നു പറഞ്ഞു. എന്നെ കുറിച്ചോർത്തു ഇത്ര ടെൻഷൻ അടിക്കാൻ ഞാൻ നിങ്ങടെ ആരാ, അത് പറ “

തിരിച്ചു പോകുമ്പോൾ ജെസ്സി ടോമിച്ചനോട് ചോദിച്ചു. ടോമിച്ചനിൽ നിന്നും മറുപടി ഒന്നും വന്നില്ല.

“സ്നേഹം മൂടി വയ്ക്കാനുള്ളതല്ല, തുറന്നു കാണിക്കാനുള്ളതാ, പിന്നെ പോകുന്നവഴി നമുക്ക് ഫാക്ട്ടറിയിൽ ഒന്ന് കയറിയാലോ, ഇടക്കൊക്കെ പോയി അന്വേഷിച്ചില്ലെങ്കിൽ കുഴപ്പമ, മാത്രമല്ല ലൈസിയെയും മക്കളെയും ഓടിച്ചെങ്കിലും അവരോടു കൂറ് പുലർത്തുന്ന ആരെങ്കിലും ഫാക്ട്ടറിയിൽ കാണാതിരിക്കില്ല, അവരിൽ നിന്നും കാര്യങ്ങൾ അറിയുന്നുണ്ടാകും ലൈസിയാന്റി. അതുകൊണ്ട് ഒരു കണ്ണ് അവിടെയുള്ളത് നല്ലതാ,സ്റ്റാലിനിച്ചായന് ഭേദമയാൽ ഫാക്ടറിയുടെ ചുമതല ഏൽപ്പിക്കാമായിരുന്നു.”

ജെസ്സിയും ടോമിച്ചനും പുലിമക്കിൽ ടീ എക്സ്പോർട്ടിങ് പ്ലാന്റ്റ്റേഷന്റെ മുൻപിൽ ലോറി നിർത്തി ഇറങ്ങി.

ജോലിക്കാർ ജെസ്സിയെ കണ്ടു ആദരവോടെ ചിരിച്ചു.

ജെസ്സി ടോമിച്ചനെയും കൊണ്ട് നേരെ ഓഫീസിലേക്ക് ചെന്നു.

ഫാക്ടറി മാനേജർ സിബി ജെസ്സിയെ കണ്ടു എഴുനേറ്റു.

“എന്താ മേഡം ഒരു മുന്നറിയിപ്പൊന്നും ഇല്ലാതെ “

“ഞങ്ങൾ വേറൊരു സ്ഥലം വരെ പോയിട്ട് വരുന്നവഴി കേറിയതാ. അരമണിക്കൂർ ഞങ്ങൾ ക്യാബിനിൽ കാണും, ഈ മാസത്തെ എക്സ്പോർറ്റിംഗിന്റെയും കേരളത്തിലെ   നമ്മുടെ മാർക്കറ്റിംഗ് ഡീറ്റെയിൽസിന്റെയും ഫയലുകൾ കൊണ്ടുവരണം. പിന്നെ ഇത് ടോമിച്ചൻ, ഇനി അങ്ങോട്ട്‌ ഇവിടുത്തെ കാര്യങ്ങളിൽ എല്ലാം ഇദ്ദേഹത്തിന്റെയും ശ്രെദ്ധ കാണും “

ജെസ്സി ടോമിച്ചനെയും കൊണ്ട് ഫാക്ടറി ചുറ്റിനടന്നു കാണിച്ചു.ഓരോ സെക്ഷനും ഓരോ കെട്ടിടത്തിൽ ആയിരുന്നു.

ഉണങ്ങിക്കൊണ്ട് വരുന്ന കൊളുന്ത് സൂക്ഷിക്കുന്നതിനു, അത്‌ തരം തിരിച്ചു എടുക്കുന്നതിനു, തേയിലയാക്കി മാറ്റുന്നതിനു, സൈസ് അനുസരിച്ചു, ക്വാളിറ്റി നോക്കി മാറ്റുന്നതിനു, ക്വാളിറ്റി ടെസ്റ്റിന് പാക്കിങ്ങിനു അങ്ങനെ എല്ലാ സെക്ഷനിലും ടോമിച്ചനെ കൊണ്ടുപോയി ജെസ്സി പരിചയപെടുത്തി. തിരിച്ചിറങ്ങുമ്പോൾ ടോമിച്ചൻ ക്വാളിറ്റി ടെസ്റ്റിൽ നിൽക്കുന്ന ഒരുത്തനെ അടുത്ത് വിളിച്ചു.

“നിന്റെ പേരെന്താ “

ടോമിച്ചന്റെ ചോദ്യം അയാൾക്കിഷ്ടപ്പെട്ടില്ലെങ്കിലും മറുപടി കൊടുത്തു.

“സ്റ്റിറ്റീഫൻ മാത്യു “

“ങും, ക്വാളിറ്റി ഒക്കെ നന്നായി ചെക്ക് ചെയ്യുന്നുണ്ടല്ലോ അല്ലേ “

ടോമിച്ചൻ ചോദിച്ചുകൊണ്ട് അയാളെ സൂക്ഷിച്ചു നോക്കി.

“ഉണ്ട്, ഇത്രയും നാൾ ഞാനാണിവിടെ അത് നോക്കി കൊണ്ടിരുന്നത്, ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല “

സ്റ്റിഫൻ തെല്ലു നീരസത്തോടെ പറഞ്ഞു.

“ആ ഇനിയും അങ്ങനെ തന്നെ വേണം, പിന്നെ താനേതു യൂണിയനിൽ പെട്ടതാ. യൂണിയൻ പ്രവർത്തനം ഒക്കെ ഉണ്ടോ ഇതിനകത്ത് “

ടോമിച്ചൻ ചോദിച്ചത് കേട്ടു “കുറച്ചൊക്കെ “എന്ന് നിസാരമായി മറുപടി കൊടുത്തു സ്റ്റിഫൻ.

“തനിക്കെന്നെ അത്രക്കങ്ങോട്ട് പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. തിരിച്ചു എനിക്കും അതുപോലെ പിടിച്ചില്ല. നിന്നെ കണ്ടപ്പോൾ നിന്റെ ജോലി ഇവിടെയും കൂറ് മറ്റെവിടെയോ ആണെന്നൊരു വെളിപാട് ഉണ്ടായി. അതുകൊണ്ടാ ചോദിച്ചത്. എന്തായാലും ജോലി നടക്കട്ടെ. ഇടക്കിടെ ഞാൻ വരാം “

ടോമിച്ചൻ ഇറങ്ങി ചെല്ലുമ്പോൾ ഒരാൾ കുറച്ച് ഫയലുകളുമായി വന്നു ജെസ്സിയെ ഏൽപ്പിക്കുകയായിരുന്നു.

“എന്തായിരുന്നു അവിടെ ഒരു സംസാരം “

ജെസ്സി ടോമിച്ചനെ നോക്കി.

“നിന്നെ കണ്ടപ്പോൾ ആ സ്റ്റിഫൻ എന്ന് പറയുന്നവന്റെ മുഖത്തൊരു പുച്ഛഭാവം. അവനെയൊന്നു സൂക്ഷിച്ചോ, ഷണ്മുഖത്തിന്റെ ആളാ “

ടോമിച്ചൻ മുന്നറിയിപ്പ് കൊടുത്തു.

“നിങ്ങള് കൂടെയുള്ളപ്പോൾ എന്ത് പേടിക്കാൻ “

പ്രൈവറ്റ് റൂമിലെത്തി ഫയലുകൾ നോക്കി റെഡിയാക്കി വച്ചപ്പോഴേക്കും പ്യൂൺ ലീലാമ്മ കാന്റീനിൽ നിന്നും ജെസ്സിക്കും ടോമിച്ചനുമുള്ള ഭക്ഷണവുമായി വന്നു.

ഭക്ഷണം കഴിഞ്ഞു, വിശ്രെമിച്ചശേഷം ജെസ്സി ജോലിക്കാരുടെ അടുത്ത് ചെന്നു കുശലന്വേഷണങ്ങൾ നടത്തി, മാനേജർ സിബിയെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചശേഷം ടോമിച്ചനുമായി പുലിമാക്കിൽ ബംഗ്ലാവിലേക്കു തിരിച്ചു.

ഉപ്പുതറ കാർലോസിന്റെ വീട്ടിൽ റോണിയും സെലിനും മെറിനും വന്നതിന്റെ സന്തോഷത്തിൽ എൽസി അവർക്കുവേണ്ടിയിട്ടു ഗംഭീര സദ്യ തന്നെ തയ്യറാക്കി. കാർലോസ് കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി മുളകും മസാലയും കുരുമുളകും വെളുത്തുള്ളിയും, തേങ്ങാക്കൊത്തും  ഇട്ടു വരട്ടിയത് സ്പെഷ്യൽ ആയിരുന്നു. ഭക്ഷണത്തോടൊപ്പം ആണുങ്ങൾ ചെറിയ മദ്യസേവയും നടത്തി.മെറിൻ ഭക്ഷണത്തിനു ശേഷം ഒരു പുസ്തകവുമായി ഗാർഡനിലേക്ക് പോയി.

ജോമിയുടെ നിർബന്ധത്തിന് വഴങ്ങി റോണിയും രണ്ടു മൂന്ന് ലാർജ് അകത്താക്കി.

“അളിയാ , ഞങ്ങളുടെ സെലിന്റെ ഭാഗ്യമാണ് റോണിച്ചൻ. ആദ്യമൊക്കെ എതിർത്തെങ്കിലും സ്വാന്തമായി കണ്ടെത്തി സ്നേഹിച്ചവന്റെ കൂടെ പൊറുക്കുമ്പോൾ കിട്ടന്ന സന്തോഷം ഞങ്ങടെ പെങ്ങൾക്ക് വേറെ എതെങ്കിലും ഒരുത്തന്റെ കൂടെ ഇറക്കിവിട്ട കിട്ടുമോ, ആഗ്രഹിച്ചത് കിട്ടിയാലേ പെണ്മനസ്സിൽ സന്തോഷവും സതൃപ്തിയും ഉണ്ടാകൂ, ആണുങ്ങളാണെങ്കിൽ എല്ലാം പെട്ടന്നങ്ങു മറക്കും, പക്ഷെ പെണ്ണുങ്ങൾക്കു  തങ്ങൾക്കു നഷ്ടപ്പെട്ടതിനെ മനസ്സിൽ നിന്നും പെട്ടന്ന് മറന്നുകളയാൻ സാധിക്കാതില്ല.ജീവിതകാലം മുഴുവൻ അതോർത്തു ദുഖിച്ചോണ്ട് ഇരിക്കും “

ഫ്രാൻസി ഒരു ലാർജ് ഒഴിച്ചടിച്ചിട്ടു റോണിയെ നോക്കി.

“റോണിച്ച എനിക്കും ഒരാശ, ഒന്ന് പെണ്ണ് കെട്ടണമെന്ന്, പപ്പയും മമ്മിയും നിർബന്ധിക്കുമ്പോൾ പറ്റാത്തില്ലന്ന് പറയാൻ പറ്റുമോ, അതുകൊണ്ട് റോണിച്ചൻ ഒരു പെണ്ണിനെ കണ്ടുപിടിക്കണം  “

ഇട്ടിരുന്ന ഷർട്ടിന്റെ കോളർ പുറകോട്ടു ആക്കി ഫ്രാൻസി കസേരയിൽ ചാഞ്ഞിരുന്നു.

“അതല്ല, നിനക്ക് പെണ്ണ് കെട്ടാൻ മുട്ടിനിൽക്കുന്നത് കൊണ്ടല്ല, അല്ലേടാ, അതിനു പപ്പക്കും മമ്മിക്കും കുറ്റം “

ജോമി ഫ്രാൻസിക്കിട്ട് ഒരു തട്ട് കൊടുത്തു.

“കെട്ടേണ്ടവരൊക്കെ കെട്ടിക്കോണം, അല്ലാതെ തന്തയും തള്ളയും കാരണം കല്യാണം നടന്നില്ലാനൊന്നും ഒരുത്തനും മിണ്ടിയേക്കരുത് “

കാർലോസ് പാത്രത്തിൽ നിന്നും വരട്ടിയത് പന്നിയിറച്ചി കഷ്ണം എടുത്തു വായിലിട്ടുകൊണ്ട് പറഞ്ഞു.

കുറച്ച് ഫിറ്റായ റോണി കസേരയിൽ നിന്നും എഴുനേറ്റു.

“ഞാൻ പോകുവാ, അധികം അയാൾ സെലിനു പിടിക്കതില്ല, ഇവിടുത്തെ സന്തതി അല്ലേ, ഉറക്കത്തില്ല, കരച്ചിലും പിഴിച്ചിലും കൊണ്ട് “

റോണി പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി പോയി

മുറിയുടെ വാതിലിൽ ചെന്നു മുട്ടി വിളിച്ചപ്പോൾ സെലിൻ കതകുതുറന്നു.

“ങ്ങാ, അളിയന്മാരുടെയും അമ്മായിയപ്പന്റെയും കൂടെ മദ്യസേവ നടത്തിയിട്ടുള്ള വരവാ അല്ലേ,”

മുൻപിൽ ആടിയാടി നിൽക്കുന്ന റോണിയെ സെലിൻ സൂക്ഷിച്ചു നോക്കി.

“ആണുങ്ങളാണെങ്കിൽ കുറച്ച് കുടിച്ചില്ലെങ്കിൽ പൗരുഷം വരത്തില്ല, ഉപ്പുകണ്ടം കാർലോസിന്റെ മകളെ മെരുക്കണമെങ്കിൽ കുറച്ച് മദ്യം അകത്ത് ചെല്ലുന്നതു നല്ലതാ “

റോണി കട്ടിലിൽ ഇരുന്നു സെലിന്റെ   കയ്യിൽ പിടിച്ചു.

“ഇരിക്കെടി എന്റെ അടുത്ത്, ഉടനെ തന്നെ ഒരു കുഞ്ഞ് വേണം, അത്യാവശ്യമാ, കുന്നുമ്മേൽ ബംഗ്ലാവിന്റെ അവകാശി ആയിട്ടു “

റോണി കുഴഞ്ഞു പോകുന്ന തല പൊക്കി സെലിന്റെ നേരെ നോക്കി.

“എന്റെ പോക്കറ്റിൽ ഇരിക്കുകയാണോ കുഞ്ഞിനെ വേണമെന്ന് തോന്നുമ്പോൾ ഒക്കെ എടുത്തു തരാൻ, അതിനൊക്കെ ഒരു നേരവും കാലവും ഉണ്ട്. മാത്രമല്ല ഈ ഫോമിൽ ആണെങ്കിൽ ജനിക്കുന്ന കൊച്ച് ആദ്യം ചോദിക്കുന്നത് പാലിന് പകരം ബ്രാണ്ടിയോ വിസ്കിയോ ആയിരിക്കും. വിത്തു ഗുണം പത്തു ഗുണം എന്നല്ലേ, നിങ്ങളവിടെ എങ്ങാനും കിടന്നുറങ്ങാൻ നോക്ക്, എനിക്ക് താഴെ അടുക്കളയിൽ പണിയുണ്ട് “

പറഞ്ഞിട്ട് റോണിയുടെ കയ്യിലെ പിടുത്തം വിടീച്ചു സെലിൻ മുറിക്കു പുറത്തേക്കു പോയി.

വൈകുന്നേരം ആയപ്പോൾ ടോമിച്ചൻ ഒന്ന് കറങ്ങാൻ കുമളി ടൗണിലേക്ക് പോയി. ടൗണിലെ ജുവലറിക്കു മുൻപിൽ എത്തിയപ്പോൾ കോരമാപ്പിള പറഞ്ഞ വാക്കുകൾ മനസ്സിൽ വീണ്ടും ഉയർന്നു വന്നു.

“എടാ ടോമിച്ചാ, ഒരു താലിയും ചരടും മാലയും എപ്പോഴും കയ്യിലിരിക്കുന്നത് നല്ലതാ ഒത്തുവന്നാൽ അപ്പോഴേ കെട്ടിക്കോണം, പിന്നത്തേന് വച്ചാൽ ഒന്നും നടക്കത്തില്ല “

ടോമിച്ചൻ സ്വർണ്ണകടയുടെ നേരെ നോക്കി. കടയിൽ വലിയ തിരക്കൊന്നുമില്ല, ഒരെണ്ണം മേടിച്ചു കയ്യിൽ വച്ചാലോ, വേണോ വേണ്ടയോ എന്ന് സംശയിച്ചു കുറച്ച് നേരം നിന്നു. പിന്നെ രണ്ടും കല്പിച്ചു കടയിലേക്ക് കയറി.

ഒരു താലിയും മാലയും വാങ്ങി. തിരിച്ചിറങ്ങി അടുത്ത് കണ്ട ഫാൻസി കടയിൽ കയറി.

“നല്ല ബലമുള്ള, വലിച്ചാൽ പൊട്ടാത്ത ഒരു ചരട് വേണം “

ടോമിച്ചൻ പറഞ്ഞത് കേട്ടു കടക്കാരൻ സംശയത്തോടെ നോക്കി.

“ചരട് എന്തിന് വേണ്ടിട്ടാ, കയ്യിൽ കെട്ടാനോ അതോ കഴുത്തിൽ കെട്ടാനോ? “

“ഒരു പെണ്ണിന്റെ കഴുത്തിൽ കെട്ടാനാ, ചരട് ആർക്ക്, എന്തിന് എന്നൊക്കെ പറഞ്ഞാലേ കിട്ടാത്തൊള്ളോ “

ടോമിച്ചൻ നീരസത്തോടെ കടക്കാരനെ നോക്കി.

“പെണ്ണിന്റെ കഴുത്തിൽ കെട്ടാൻ പറ്റിയ ചരട് ഇവിടെ ഉണ്ട്. തന്റെ പറച്ചിൽ കേട്ടാൽ തോന്നും പെണ്ണിന്റെ കഴുത്തിൽ കുരുക്കിട്ട് കെട്ടിതൂക്കാൻ ആണോന്ന്? സാധാ ചരടുണ്ടിവിടെ, അതിന് ബലം പോരെങ്കിൽ ദേ അപ്പുറത്തെ കടയിൽ വലിച്ചാൽ പൊട്ടാത്ത നല്ല പ്ലാസ്റ്റിക് കയർ കിട്ടും “

കടക്കാരൻ തന്നെ പരിഹസിച്ചതാണെന്നു ടോമിച്ചന് മനസിലായി. എങ്കിലും ചരടും വാങ്ങിച്ചു വന്നു ലോറിയിൽ കയറി. എല്ലാം ഡാഷ് ബോർഡിൽ ഭദ്രമായി വച്ചു അടച്ചു.

തിരിച്ചു വന്നു ലോറി നിർത്തി സാധനങ്ങളുമെടുത്തു ടോമിച്ചൻ തന്റെ മുറിയിലേക്ക് നടന്നു.

കട്ടിലിലിരുന്നു.

മനസ്സ് ആകെ കലങ്ങി മറഞ്ഞിരിക്കുന്നതുപോലെ!!അവളോട്‌ പറയണോ? വേണ്ടയോ?

അവളുടെ സ്വപ്നങ്ങൾ, ഭാവി, ഇതെല്ലാം താൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ അവൾക്കു നഷ്ടപ്പെടുമോ? താനവളെ കല്യാണം കഴിച്ചാലും അവളുടെ ആഗ്രഹങ്ങൾ നടത്തി കൊടുത്താൽ പോരെ, അങ്ങനെ എങ്കിൽ പിന്നെടുള്ളത് അവളുടെ ശത്രു, ഷണ്മുഖം!ഒരിക്കൽ അയാളെത്തി, രണ്ടുപേരുടെ ജീവനെടുത്തു, രണ്ടു കുടുംബങ്ങൾ അനാഥമാക്കി. താൻ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു. അപ്പോൾ അടുത്ത വരവിൽ എന്തും സംഭവിക്കാം, അവർ തനിക്കും ജെസ്സിക്കുമെതിരെ ഇപ്പോൾ തന്നെ പദ്ധതികൾ പ്ലാൻ ചെയ്തു കാണും.ഓരോ നിമിഷവും ആപത്തു മുൻപിൽ കണ്ടുകൊണ്ടു വേണം മുൻപോട്ടു പോകാൻ. ഇതിനൊരു അവസാനം കാണാതെ വെറുതെ ഒരു പെണ്ണിനെ കണ്ണീർക്കയത്തിലേക്കു തള്ളി വിടണോ?

എന്തായാലും ഇത്രയുമായ സ്ഥിതിക്ക് രണ്ടിലൊന്ന് അറിഞ്ഞിട്ടു മതി ഇഷ്ടം തുറന്നു പറച്ചിൽ.

താലി മാലയും ചരടും എടുത്തു ടോമിച്ചൻ റൂമിലെ മേശക്കുള്ളിൽ വച്ചു പൂട്ടി. തിരിഞ്ഞപ്പോൾ വാതിൽക്കൽ ജെസ്സി തന്നെയും നോക്കി നിൽക്കുന്നു

                              (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!