ടോർച്ചു വെട്ടത്തിൽ ടോമിച്ചനും ആന്റണിയും കണ്ടു..!!
ചോരയിൽ കുളിച്ചു തൂങ്ങി കിടന്നു പിടക്കുന്ന ഒരു കാട്ടുമക്കാൻ (മരപ്പട്ടി ).
തലകീഴായി കിടന്നു പിടക്കുന്ന മരപ്പട്ടിയുടെ വായിൽ നിന്നും താഴേക്കു രക്തം ഒലിച്ചിറങ്ങുകയാണ്!!താഴെ രക്തം തളം കെട്ടി കിടക്കുന്നു!!
“ഇതെങ്ങനെയാ ടോമിച്ചാ ഈ മരപ്പട്ടി ഇവിടെ വന്നു തൂങ്ങി കിടക്കുന്നത്!!ഇതെന്ത് പറ്റിയതാ…വല്ല അബദ്ധവും പറ്റിയതാണോ? ഭയങ്കരമായി രക്തം ഒഴുകുന്നുണ്ടല്ലോ,പെട്ടന്ന് രാത്രിയിൽ കണ്ടാൽ ജീവൻ പോകുമല്ലോ ?”
പറഞ്ഞു കൊണ്ട് ആന്റണി തൂങ്ങികിടന്നു പിടക്കുന്ന മരപ്പട്ടിയുടെ അടുത്തേക്ക് ചെന്നു. സൂക്ഷിച്ചു നോക്കി.
“ആന്റണിച്ച, അത് എന്തെങ്കിലും അപകടം പറ്റി വന്നതായിരിക്കും, അതിനെ എടുത്തു കള, ഇരുട്ടിൽ പെട്ടന്ന് കണ്ടപ്പോൾ പേടിച്ചു പോയി “
ടോമിച്ചൻ ടോർച് തെളിച്ചു കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.
” ഇത് അപകടം പറ്റിയതല്ല. കഴുത്തു പകുതി മുറിച്ചു ആരോ മനഃപൂർവം കൊണ്ട് കെട്ടി തൂക്കിയിരിക്കുവാ, പനവള്ളിയിൽ ….”
ആന്റണി പറയുന്നത് കേട്ടു ടോമിച്ചൻ അതിനടുത്തേക്ക് ചെന്നു.
ആന്റണി പറഞ്ഞത് ശരിയാണ്,കാലിൽ പനവള്ളി കൊണ്ട് കെട്ടി തൂക്കിയിട്ടിരിക്കുകയാണ് മരപ്പട്ടിയെ.
“ടോമിച്ചാ, ഇപ്പോൾ ഇവിടെ ആരോ ഉണ്ടായിരുന്നു. പുറകിൽ ശവം സൂക്ഷിച്ചിരിക്കുന്നിടത്തു നമ്മൾ ഒരാൾ നിൽക്കുന്നത് കണ്ടത് വെറും തോന്നൽ ആയിരുന്നില്ല!!. അവിടെ ഒരാൾ നിൽപ്പുണ്ടായിരുന്നു!!
അയാളാണ് ഇത് ചെയ്തിരിക്കുന്നത്. നമ്മളോട് ഒരു വെല്ലുവിളി പോലെ!!”
ആന്റണി ടോമിച്ചന് നേരെ നോക്കി.
“അതേ ആന്റണിച്ച, ആരോ ഇവിടെ ഉണ്ടായിരുന്നു, അവന്റെ മുന്നറിയിപ്പാണ് ഈ കെട്ടി തൂക്കിയിട്ടിരിക്കുന്ന മരപ്പട്ടി.”
ടോമിച്ചൻ അത് പറഞ്ഞു കൊണ്ട് ചുറ്റും ടോർച്ചടിച്ചു നോക്കി.
അതേ സമയം കുറച്ചകലെയായി ഒരു വാഹനം സ്റ്റാർട് ചെയ്യുന്ന ഒച്ചകേട്ടു.
സാവധാനം ആ ശബ്‌ദം അകന്നകന്നു പോകുന്നപോലെ.ആന്റണിയും കേട്ടു ആ ശബ്‌ദം.
“ആന്റണിച്ച,ആ വണ്ടിയിൽ ആണ് അവനിവിടെ വന്നതും, ഇപ്പോൾ തിരിച്ചു പോയിരിക്കുന്നതും.നമ്മളെ പിന്തുടർന്നു വന്നതായിരിക്കാം. അപ്പോൾ ഒരു കാര്യം ഉറപ്പായി. ഈ ചത്തുകിടക്കുന്നവൻ മാത്രമല്ല ഇവന്റെ പുറകിൽ ആരൊക്കെയോ ഉണ്ടായിരുന്നു. എന്നെ ജീവിക്കാൻ അനുവദിക്കുകേല എന്ന് ശപഥം എടുത്തു കൊണ്ട്.”
ടോമിച്ചന്റെ മുഖം വലിഞ്ഞു മുറുകി.
“നീ ടെൻഷൻ അടിക്കണ്ടടാ, ഏത് നാറിയായാലും നമ്മള് കണ്ടു പിടിച്ചു അവന്റെ കൂമ്പ് ഇടിച്ചു കലക്കും. അതിനു മുൻപ് എന്നെ പോലീസ് പൊക്കാതിരുന്നാൽ മതിയായിരുന്നു “
ആന്റണി ടോമിച്ചന്റെ ചുമലിൽ പിടിച്ചു.
“അതോർത്തു നിങ്ങൾ വിഷമിക്കണ്ട. നാളെ നിങ്ങളെ അങ്ങ് തട്ടുവാ. പിന്നെ ഒരു പോലീസുകാരനും തപ്പി വരുകേല.”
ടോമിച്ചൻ പറയുന്നത് എന്താണെന്നു മനസ്സിലാവാതെ ആന്റണി നിന്നു.
“അവൻ കണ്ട സ്ഥിതിക്കു ഇവിടെ ഇനി സേഫ് ആണോ ടോമിച്ചാ. അവനാ ശവവും കണ്ടിട്ടുണ്ട്. അതെടുത്തു അങ്ങു കത്തിച്ചാലോ “?
ആന്റണി സംശയം പ്രകടിപ്പിച്ചു.
“ഇവൻ നേരത്തെ ചത്തുപോയവനല്ലേ, പോലിസ് റെക്കാർഡിലും അങ്ങനെ തന്നെ.. വന്നവൻ പോയി ഇനി ഇങ്ങോട്ട് വരുവാനുള്ള സാധ്യത കാണുന്നില്ല, നമ്മൾ അവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു എന്നവന് മനസ്സിലായ സ്ഥിതിക്ക്. പിന്നെ പൂട്ടി ഇട്ടിരിക്കുന്ന അതിനകത്തു ശവം ആണെന്ന് അവനറിയാൻ സാധ്യത കുറവാണ്. എന്തായാലും ഇനി ഇന്നുറങ്ങേണ്ട.കുറച്ചു ജാഗ്രതയോടെ ഇരിക്കാം..”
ടോമിച്ചൻ ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്ന് ഒരു ബീഡിയെടുത്തു തീ കൊളുത്തി. അപ്പോഴേക്കും ആന്റണി ബോട്ടിലിൽ ബാക്കിയിരുന്ന ബ്രാണ്ടിയിൽ നിന്നും ഒരു ലാർജ് ഗ്ലാസ്സിലേക്ക് ഒഴിച്ചു.
“ആ കഴുവേറി കുടിച്ചത് മൊത്തം ആവിയാക്കി കളഞ്ഞു.”
പറഞ്ഞിട്ട് ഗ്ലാസിലൊഴിച്ച ബ്രാണ്ടി എടുത്തു ആന്റണി വായിലേക്ക് കമഴ്ത്തി.
നേരം പരുപര വെളുത്തപ്പോഴേക്കും ടോമിച്ചൻ ഡേവിഡിനെ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു.
ആന്റണി വരാന്തയിൽ കിടന്നു ഉറങ്ങുകയാണ്.
ഏഴുമണി ആയപ്പോഴേക്കും പഴയ ഒരു കെ ൽ ഒ യുടെ മഹേന്ദ്ര ജീപ്പ് വന്നു ടോമിച്ചന്റെ അടുത്ത് നിന്നു.
നിലത്തു കിടന്നു ഉറങ്ങുകയായിരുന്ന ആന്റണി ചതിയെഴുനേറ്റു അഴിഞ്ഞു പോയ ഉടുമുണ്ടുപോലും എടുക്കാതെ ഓടാൻ തുടങ്ങി.
“ആന്റണിച്ച ഇത് പോലീസുകാരല്ല നമ്മുടെ സ്വന്തം ആളാ… ഓടണ്ട “
ടോമിച്ചൻ ചിരിച്ചു കൊണ്ട് വിളിച്ചു പറയുന്നത് കേട്ടു ആന്റണി നിന്നു.പിന്നെ തിരിഞ്ഞു നോക്കിയിട്ട് ടോമിച്ചന്റെ അടുത്തേക്ക് വന്നു.
വന്നു നിന്ന ജീപ്പിൽ നിന്നും ഡേവിഡ് ഇറങ്ങി ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.
“നമ്മൾ കള്ള് കൊണ്ട് വരാൻ മേടിച്ചതിൽ ഒരു ജീപ്പ ഇത്… നല്ല റണ്ണിംഗ് കൺട്ടീഷൻ ആണ്. ടാക്സും രീടെസ്റ്റും നടത്തിയതാ . അതുകൊണ്ടാ ഇത് തന്നെ എടുത്തത്.”
ഡേവിഡ് ടോമിച്ചനോട് പറഞ്ഞു.
“ഞാൻ ജീപ്പിന്റെ ശബ്‌ദം കേട്ടു പോലീസുകാര് പൊക്കാൻ വരുകയാണെന്നോർത്തു എഴുനേറ്റു ഓടിയതാ “
കുറച്ച് ജാള്യത്തോടെ ഡേവിഡിനോട് പറഞ്ഞു.
“ആന്റണിച്ച, ഇത് ഡേവിഡ്, ആന്റണിച്ചന്റെ വീട്ടിൽ പോകുകയും അവിടുത്തെ കാര്യങ്ങൾ നോക്കിയിരുന്നതും ഡേവിടാണ്. നമ്മുടെ ഷാപ്പും ബാറുകൾ നോക്കി നടത്തുന്നതും ഡേവിഡ് ആണ്.”
ആന്റണി സ്നേഹത്തോടെ ഡേവിഡിനെ നോക്കി. ഡേവിഡ് ആന്റണിയെ നോക്കി ചിരിച്ചു.
“ആന്റണിച്ച,നിങ്ങളുടെ എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം എടുത്തു ഇപ്പോൾ കൊണ്ടുവന്ന ജീപ്പിൽ വയ്ക്ക്. എന്നിട്ട് ഇട്ടിരിക്കുന്ന ഡ്രസ്സ്,അണ്ടർവെയർ അടക്കം ഊരി അ ശവത്തെ ധരിപ്പിക്ക്..എന്നിട്ട് അകത്ത് ഒരു കൈലി മുണ്ടും ഷർട്ടും കടപ്പുണ്ട്, അതെടുത്തിട് .”
ടോമിച്ചൻ പറയുന്നത് കേട്ടു ആന്റണി ഒന്നും മനസ്സിലാകാത്ത രീതിയിൽ നോക്കി.
“നീ എന്തിനുള്ള പുറപ്പാടാ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.”
പറഞ്ഞിട്ട് അകത്ത് കയറി കൈലി മുണ്ടും ഷർട്ടും ധരിച്ചു, ഇട്ടിരുന്ന വസ്ത്രങ്ങൾ കൈയിലെടുത്തു ഇറങ്ങി വന്നു. ആന്റണിയുടെ കൂടെ ഡേവിടും ശവം സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് പോയി.
റോയിയുടെ ശവം സ്പിരിറ്റിൽ നിന്നുമെടുത്തു.ആന്റണി ഇട്ടുകൊണ്ടുവന്ന വസ്ത്രങ്ങൾ ധരിപ്പിച്ചു.
ഒരു ബീഡി എടുത്തു ശവത്തിന്റെ ചുണ്ടിൽ കയറ്റി വച്ചു.ആന്റണിയും ഡേവിടും കൂടി റോയിയുടെ ശവം എടുത്തുകൊണ്ടു വന്നു ജീപ്പിന്റെ മുൻസീറ്റിൽ കൊണ്ട് സീറ്റിൽ ചാരി ഇരുത്തി.
“ആന്റണിച്ച ഞാൻ പറയുമ്പോൾ ഈ ജീപ്പുമായി കട്ടപ്പനക്കുള്ള റോഡിലേക്ക് ഇറങ്ങുക പുറകെ ഞങ്ങളും വരും. അതേ സമയം പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കൊടുക്കും. എന്റെ ജീപ്പും മോഷ്ടിച്ചു നിങ്ങൾ കടന്നു, പുറകെ ഞാനും ഫോള്ളോ ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തായി ഒരു പൈപ്പ് പിടിപ്പിച്ചിട്ടുണ്ട്.അതിനടുത്തായി ഒരു സ്വിച്ച് പിടിപ്പിച്ചിട്ടുണ്ട്. ഞാൻ എപ്പോൾ നിർത്താതെ ഹോണടിക്കുന്നു. അതേ നിമിഷം സ്വിച്ച് ഇട്ടോണം.. അപ്പോ പൈപ്പിലൂടെ പെട്രോൾ ജീപ്പിനെ പുറകിലുള്ള വഴിയിലേക്ക് ഒഴുകി കൊണ്ടിരുന്നോളും.എന്റെ ജീപ്പിന്റെ പുറകെ പോലീസുകാരും കാണും അപ്പോൾ. വലിയ ആ വളവാകുമ്പോൾ റോഡിൽ വീഴുന്ന പെട്രോളിന് തീ കൊടുത്തു ഞാൻ ജീപ്പ് നിർത്തും. പുറകെ വരുന്ന പോലീസുകാരും നിർത്തും. വളവുതിരിച്ചു പോലീസുകാർക്ക് കാണാൻ പറ്റാത്ത രീതിയിൽ,ശവത്തിനെ സ്റ്റിയറിങ്ങ് വീലിനടുത്തേക്ക് ചേർത്തു തലയ്ക്കു തീകൊടുതോണം .ശവത്തിന്റെ തലയ്ക്കു തീ കൊടുക്കാൻ പറഞ്ഞത് പോലീസുകാർപെട്ടന്ന് അവിടെ എത്തിയാലും തിരിച്ചറിയാതിരിക്കാനാണ്. സ്പിരിറ്റിൽ കുളിപ്പിച്ച ശവം കത്തി കേറാൻ സെക്കണ്ടുകൾ മതി. മിനിറ്റുകൾ കൊണ്ട് ജീപ്പ് മുഴുവൻ കത്തിക്കോളും. സ്പിരിറ്റ് പെട്രോളുമായി മിക്സ് ചെയ്തു ജീപ്പിന്റെ അകവശം മുഴുവൻ കുളിപ്പിച്ചിട്ടുണ്ട്..തീ കൊളുത്തിയാൽ ഉടനെ ജീപ്പിൽ നിന്നും താഴേക്കു ചാടിക്കോണം. പോലീസ്കാരുടെ പുറകെ പത്രക്കാരും മീഡിയ കാരും വരും. അവരു വരുമ്പോൾ കത്തുന്ന ജീപ്പും അതിലിരുന്നു കത്തുന്ന ആളെയുമെ കാണാവൂ. ഈ പറഞ്ഞപോലെ, പറഞ്ഞ ആ കൃത്യം സ്ഥലത്തു വച്ചു തന്നെ ചെയ്തോണം. ടൈമിംഗ് തെറ്റിയാൽ എല്ലാം തവിടുപൊടിയാകും. ഈ ശവം കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ. പോലീസുകാരുടെ കൂടെ നമ്മുടെ ആളുകളുണ്ട്. കുറച്ച് നേരം ജീപ്പിനടുത്തേക്ക് മറ്റുള്ളവർ വാരാതെ നോക്കിക്കോളും. “
ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണി ഒന്ന് ചിരിച്ചു.
“അപ്പോ ഇന്ന് കൊണ്ട് ആന്റണി ചാകും. പോലീസിന്റെ കണ്ണിലും, ലോകത്തിന്റെ കണ്ണിലും അല്ലെ ടോമിച്ചാ. നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു. നീ ബുദ്ധിരക്ഷസന. വണ്ടിക്കു തീകൊളുത്തി ചാടി രക്ഷപ്പെടുന്ന കാര്യം ഞാനേറ്റു.”
അപ്പോഴേക്കും എ എസ് ഐ രാജുവിന്റെ ഫോൺ വന്നു. ടോമിച്ചൻ രാജുവിനോട് സംസാരിച്ചിട്ട് ഫോൺ വച്ചു.
“ഡേവിടേ.. രാജു സാറ് കുട്ടിക്കാനം ജംഗ്ഷനിൽ ഉണ്ട്. എലപ്പാറയിൽ നിന്നും ഒരു പോലിസ് ജീപ്പ് കുട്ടിക്കാനത്തേക്ക് വരുന്നുണ്ട്. വേറെ എങ്ങോ പോകാൻ വേണ്ടി.അവർ കുട്ടിക്കാനം അടുക്കാറാകുമ്പോൾ രാജു സാർ അവർക്കു അറിയിപ്പ് കൊടുക്കും, ആന്റണി ടോമിച്ചന്റെ ജീപ്പുമായി കട്ടപ്പന ഭാഗത്തേക്ക് പോയെന്നു. അതേ സമയം നമ്മൾ വഴിയിൽ തയ്യാറായി നിൽക്കണം. അടുക്കാറാകുമ്പോൾ രാജു സാറ് മെസ്സേജ് തരും. അപ്പോഴേ ആന്റണിച്ചൻ ജീപ്പുമായി വിട്ടോണം, പുറകെ ഞാനും. പിന്നെ പറഞ്ഞ പോലെ “
ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണി തലകുലുക്കി ജീപ്പിൽ കയറി. ശവത്തെ തനിക്കരുകിലേക്ക് ചേർത്തു ഇരുത്തി ജീപ്പ് സ്റ്റാർട്ട് ചെയ്തു വഴിയിലേക്ക് ഓടിച്ചു. പുറകെ ടോമിച്ചനും ഡേവിടും കയറിയ ജീപ്പും. മെയിൻ റോഡിലേക്കിറങ്ങുന്ന ഭാഗത്തു അവർ നോക്കി നിന്നു.
അതേ സമയം കുട്ടിക്കാനത് നിന്നും കട്ടപ്പനയിലേക്ക് തിരിയുന്ന ഭാഗത്തു നിന്ന എ എസ് ഐ രാജുവിന്റെ അടുത്തേക്ക് പോലിസ് ജീപ്പ് പാഞ്ഞു വന്നു നിന്നു..മൊബൈലിൽ സെറ്റ് ചെയ്തു വച്ചിരുന്ന മെസ്സേജ് ടോമിച്ചനയച്ചു രാജു ജീപ്പിന്റെ പുറകിലേക്ക് കയറി.
“എന്താടോ സംഭവിച്ചത് “
എസ് ഐ മൈക്കിൾ രാജുവിനെ നോക്കി ചോദിച്ചു.
“സാറെ ജയിൽ ചാടിയ ആന്റണി ടോമിച്ചന്റെ പഴയജീപ്പും എടുത്തു പാഞ്ഞു പോകുന്നു. പുറകെ മറ്റൊരു ജീപ്പിൽ ടോമിച്ചനും ഡേവിടും, എന്നെ കണ്ട് പോലീസ്റ്റേഷനിൽ പറയണം എന്ന് പറഞ്ഞു പുറകെ പോയിട്ടുണ്ട്. തക്ക സമയത്താണ് സാറും വന്നത്. പോലിസ് ജീപ്പ് കട്ടപ്പനക്കുള്ള റോഡിലൂടെ പാഞ്ഞു.
“ഈ ആന്റണിയെ പിടിച്ചാൽ എനിക്ക് ഒരു പ്രെമോഷനുള്ള സാധ്യത കാണുന്നുണ്ട്.പറത്തി വിടടോ “
ആവേശം മൂത്ത എസ് ഐ മൈക്കിൾ ഡ്രൈവറോട് പറഞ്ഞു.
പോലിസ് ജീപ്പ് ദൂരേന്നു കണ്ടതും ആന്റണി ജീപ്പ് വഴിയിലിറക്കി , പുറകെ ടോമിച്ചനും. പോലീസ് ജീപ്പ് അടുത്ത് വരൂതോറും ആന്റണിയും ടോമിച്ചനും അവരുടെ വാഹനങ്ങൾക്ക് സ്പീഡ് കൂട്ടി. ടോമിച്ചന്റെ ജീപ്പ് വഴിയുടെ മദ്ധ്യത്തിലൂടെ ആണ് പോയി കൊണ്ടിരുന്നത്. പുറകെ പോലിസ് ജീപ്പും. വലിയ വളവ് എത്താറായതും ഡേവിഡ് തുടർച്ചയായി ഹോണ്മുഴക്കി. അതുകേട്ടതും ജീപ്പിൽ നിന്നും വഴിയിലേക്ക് പെട്രോൾ ഒഴുകാൻ തുടങ്ങി. ഡേവിഡ് ജീപ്പിന്റെ സ്പീഡ് കുറച്ചു. അതേ നിമിഷം ടോമിച്ചൻ തിപ്പെട്ടി കത്തിച്ചു ജീപ്പിന്റെ കുറച്ച് മുൻപിലേക്കു തെറിപ്പിച്ചു വിട്ടു. വഴിയിൽ തീ പടർന്നതും ഡേവിഡ് ജീപ്പ് ചവുട്ടി നിർത്തി. പുറകെ പാഞ്ഞു വന്ന പോലീസ് ജീപ്പും ടോമിച്ചന്റെ ജീപ്പിന്റെ തൊട്ടടുത്തായി നിന്നു. പോലീസുകാർ ചാടിയിറങ്ങി.ആന്റണിയുടെ ജീപ്പിനു പുറകെ തീ ആളികത്തി പോകുകയാണ്. വളവ് തിരിയാൻ തുടങ്ങിയ ജീപ്പിന് പൊടുന്നനെ തീപ്പിടിച്ചു. ജീപ്പ് പോയി വഴിയുടെ സൈഡിൽ നിന്ന വലിയ മരത്തിൽ വലിയ ശബ്ദത്തോടെ ഇടിച്ചു കയറി ആളി കത്താൻ തുടങ്ങി. അങ്ങോട്ട് അടുക്കാൻ ആവാതെ പോലീസുകാർ ജീപ്പിനടുത്തു തന്നെ നിന്നു.
മുൻപോട്ടു പോകുവാൻ തുടങ്ങിയ മറ്റു പോലീസുകാരെ എ എസ് ഐ രാജു തടഞ്ഞു.
“ചാകുന്നവൻ ചാകട്ടെ, അങ്ങോട്ട് ചെന്നിട്ടു ഒന്നും ചെയ്യാനില്ല.ജീപ്പ് പൊട്ടി തെറിക്കാൻ സാധ്യത ഉണ്ട്. വേണമെങ്കിൽ ഫയർ ഫോഴ്‌സിൽ അറിയിക്കാം. പക്ഷെ അവർ വരുമ്പോഴേക്കും ജീപ്പിന്റെ അസ്ഥികൂടമേ കാണൂ “
രാജുവിന്റെ അഭിപ്രായത്തോടെ മറ്റു പോലീസുകാർ യോജിപ്പ് പ്രകടിപ്പിച്ചു.
“ആ കഴുവേറി എന്റെ കയ്യിൽ നിന്നും രെക്ഷ പെടുകയില്ല എന്ന് മനസിലാക്കി ജീപ്പ് കത്തിച്ചു ചത്തു… ശേ “
എസ് ഐ മൈക്കിൾ കോപത്തോടെ കൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ഇടിച്ചു.
“അതേ സാറെ… അവന് രക്ഷപെടാൻ പറ്റത്തില്ലെന്നു തോന്നിയപ്പോ ആത്മഹത്യാ ചെയ്തതാ.. പോട്ടെ, ഇവനൊക്കെ ജീവിച്ചിരുന്നിട്ടു കാര്യമില്ല “
എ എസ് ഐ രാജു പറഞ്ഞിട്ട് ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി.ടോമിച്ചൻ ഒന്ന് ചിരിച്ചു.
അപ്പോഴേക്കും എവിടുന്നൊക്കെയോ ഒന്ന് രണ്ടു പത്രക്കാർ എത്തി. .സെൻട്രൽ ജയിൽ ചാടിയ പ്രതിയെ പോലിസ് പിന്തുടരുന്നു എന്ന ഫോൺ സന്ദേശതെ തുടർന്നു വന്നവരായിരുന്നു അവർ. ഹൈറേഞ്ച് ലോക്കൽ ചാനൽ അടക്കം രണ്ടുമൂന്ന് ചാനെലുകാർ എത്തിയിരുന്നു.
ടോമിച്ഛനോടും എസ് ഐ മൈക്കിലിനോടും കാര്യങ്ങൾ തിരക്കി. ചിലർ മുൻപോട്ടു പോയി കത്തി കൊണ്ടിരിക്കുന്ന ജീപ്പിന്റെ ഫോട്ടോയും എടുക്കുന്നുണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ ഒരാൾ ഇരുന്നു കത്തുന്നത് അവരുടെ ക്യാമെറയിൽ പതിഞ്ഞിരുന്നു.
ഡേവിഡ് ഫോണെടുത്തു കോട്ടയത്തുള്ള എല്ലാ പത്രം ഓഫീസിലേക്കും സംഭവം അറിയിച്ചു.
ടോമിച്ചൻ എസ് ഐ മൈക്കിളിന്റെ അടുത്തേക്ക് ചെന്നു.
“സാറെ, ഞാനാണ് ടോമിച്ചൻ, എന്റെ ജീപ്പ അയാൾ അടിച്ചോണ്ടു പോയത്. ജീപ്പ് പോയാൽ പോട്ടെ, കുറ്റവാളി ആണെങ്കിലും അയാൾ കത്തി പോയല്ലോ എന്നോർക്കുമ്പോഴാ സങ്കടം. ജീപ്പെടുത്തോണ്ട് പോകുമ്പോൾ വഴിയിൽ നിന്ന ആരോ ആണ് വിളിച്ചു പറഞ്ഞത് ഇത് സെൻട്രൽ ജയിലിൽ നിന്നും ചാടിയ ആന്റണി ആണെന്ന്. ലുക്ക്ഔട് നോട്ടീസ് എല്ലായിടത്തും ഉണ്ടല്ലോ “
ടോമിച്ചൻ പറഞ്ഞത് കേട്ടു എസ് ഐ മൈക്കിൾ ബോണറ്റിൽ ഇരുന്ന തൊപ്പി എടുത്തു തലയിൽ വച്ചു.
“തനിക്കു പരാതി വല്ലതും ഉണ്ടെങ്കിൽ സ്റ്റേഷനിൽ വന്നു എഴുതി തന്നേക്ക്. അതുകൊണ്ട് കാര്യമൊന്നുമില്ല.ജീപ്പ് പോയി തട്ടിക്കൊണ്ടു പോയവനും പോയി.പിന്നെ എവിടെ പോയി അന്വേഷിക്കാനാ “
പറഞ്ഞിട്ട് ജീപ്പിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. അപ്പോഴേക്കും അറിഞ്ഞു കേട്ടു ആളുകളുടെ ഒരു കൂട്ടം തന്നെ എത്തിയിരുന്നു. കത്തിയാളുന്നു ജീപ്പിലേക്കും നോക്കി നിസ്സഹായരായി നിന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഫയർഫോഴ്‌സ് എത്തി. അപ്പോഴേക്കും ജീപ്പ് ഭൂരിഭാഗവും കത്തി പോയിരുന്നു.തീ അണച്ചു കഴിഞ്ഞപ്പോൾ ജീപ്പിന്റെ ബോഡിയും ഡ്രൈവിംഗ് സീറ്റിൽ കത്തി കരിഞ്ഞു ഇരിക്കുന്ന ഒരാളുടെ ശരീരവും കാണായി. പോലീസുകാരും പത്ര.. ചാനൽ കാരും അങ്ങോട്ടേക്ക് ചെന്നു.
“ഡേവിഡേ… നമ്മുടെ പണി കഴിഞ്ഞു. പോയേക്കാം “
ടോമിച്ചൻ ജീപ്പിൽ കയറി. ആ സമയത്തു ഡേവിഡിന്റെ ഫോണിൽ ഒരു മിസ്സ്ഡ് കാൾ വന്നു.
“ആന്റണിച്ചന്റെ മിസ്സ്ഡ് കാൾ വന്നിട്ടുണ്ട്”
ഡേവിഡ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്തായാലും ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടന്നല്ലോ. കർത്താവ് നമ്മുടെ കൂടാ. വാ പോകാം “
ടോമിച്ചൻ പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാഞ്ഞു കിടന്നു..
വീടിന് മുൻപിൽ ജീപ്പ് നിർത്തി ഡേവിഡ് ഇറങ്ങി.
“ഞാൻ അടിവാരം വരെ പോകുവാ, ആന്റണിച്ചന്റെ വീട്ടിലും ഒന്ന് കേറണം. അവരെല്ലാം പേടിച്ചിരിക്കുകയാവും.”
ഡേവിഡ് പറഞ്ഞു കൊണ്ട് കാറിന് നേരെ നടന്നു.
“ഡേവിഡ്… ആന്റണിച്ചനെ കുറിച്ച് ഒന്നും മിണ്ടണ്ട.ഇന്ന് വൈകുന്നേരതെ ന്യൂസിൽ കാണും ..അവർ കുറച്ച് നാൾ അങ്ങനെ വിശ്വസിച്ചോട്ടെ…”
ടോമിച്ചൻ ഡേവിഡിനോട് പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി.
“എവിടെ പോയതാടാ ഈ വെളുപ്പങ്കാലത്തു തന്നെ.ജെസ്സി പറഞ്ഞു രാവിലെ എന്തോ അത്യവശ്യതിന് പോയതാണെന്ന്..”
ഹാളിലേക്ക് വന്ന ശോശാമ്മ ടോമിച്ചൻ കയറി വരുന്നത് കണ്ടു ചോദിച്ചു.
“ആ ഏലപ്പാറ വരെ ഒന്ന് പോകണമായിരുന്നു. ബാറിന്റെ ഒരാവശ്യത്തിന് വേണ്ടി ആയിരുന്നു. അമ്മച്ചി കഴിക്കാൻ എടുത്തു വയ്ക്ക്. ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം “
ശോശാമ്മയോട് പറഞ്ഞിട്ട് മുകളിലേക്കു കയറി പോയി.ജെസ്സി കഴുകാനുള്ള തുണികൾ എടുത്തു വച്ചുകൊണ്ടിരിക്കുബോൾ ആണ് ടോമിച്ചൻ കയറി വന്നത്.
“രാത്രി പണി ഇപ്പോഴാണോ കഴിഞ്ഞത്. നേരം ഉച്ചയാകാറായി. ഒരു കാര്യം പറഞ്ഞേക്കാം. ഈ രാത്രി പരിപാടി നിർത്തിക്കോണം. ഇവിടെ ആകെ രണ്ടു പെണ്ണുങ്ങൾ മാത്രമേ ഉള്ളു എന്നോർത്താൽ നല്ലത് “
ജെസ്സി പറഞ്ഞു കൊണ്ട് തുണികൾ ബക്കറ്റിനുള്ളിൽ നിറച്ചു.
“ഇന്നിനി എങ്ങും പോകുന്നില്ല പോരെ.. തിന്നുക, ഉറങ്ങുക അത്രതന്നെ “
ടോമിച്ചൻ ഷർട്ട് ഊരി ഹാങ്ങെറിൽ തൂക്കി.
“അതീ ബക്കറ്റിലോട്ടു ഇട് മനുഷ്യ. വിയർപ്പിൽ കുളിച്ച ഷർട്ടാ, ഈ മുറി മൊത്തം വൃത്തികേട് ആകും “
ഹാങ്ങെറിൽ ഷർട്ട് എടുത്തു ജെസ്സി ബക്കറ്റിലേക്കിട്ടു.
“വാ ചോറെടുത്തു തരാം. എന്നിട്ട് വേണം തുണി കഴുകാൻ “
ജെസ്സി തുണിയുമായി താഴേക്കു പോയി.
ടോമിച്ചൻ താഴേക്കു ചെന്നപ്പോൾ ജെസ്സി ചോറെടുത്തു വച്ചുകൊണ്ടിരിക്കുകയായിരുന്നു…
ചോറുണ്ടു കൊണ്ടിരിക്കുമ്പോൾ ജെസ്സി അടുത്ത് വന്നു നിന്നു.
“നമ്മളോട് വീട് വരെ ചെല്ലാൻ പറഞ്ഞു മെറിൻ വിളിച്ചിരുന്നു. ഇവിടുന്നു ആരും ചെല്ലുന്നില്ലെന്നു പറഞ്ഞു സങ്കടപ്പെട്ട വച്ചത്. അവൾക്ക് വിശേഷം ഉണ്ടെന്ന്. അവിടെ ഇപ്പോൾ ആരുമില്ലല്ലോ സ്റ്റാലിൻ ചായൻ അല്ലാതെ. അതിന്റെതായ വിഷമം ഉണ്ട് “
ജെസ്സി പറഞ്ഞു.
“എനിക്ക് സമയം കിട്ടത്തില്ല. നീ അമ്മച്ചിയേയും കൂട്ടി പോയിട്ട് വാ നാളെ. നേരം ഇരുട്ടുന്നതിനു മുൻപ് തിരിച്ചു വന്നേക്കണം. അവരെയും ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ “
ടോമിച്ചൻ പുളിശ്ശേരി എടുത്തു ചോറിൽ ഒഴിച്ചു കൊണ്ട് ജെസ്സിയെ നോക്കി.
“നീ കഴിച്ചായിരുന്നോ “
ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി അടുത്ത് കിടന്ന കസേരയിൽ ഇരുന്നു.
“ഇപ്പോൾ എങ്കിലും ചോദിച്ചല്ലോ, നിങ്ങളെ കാണാത്തത് കൊണ്ട് ഞാൻ കഴിച്ചില്ല “
ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ എന്തെങ്കിലും ചോദിക്കണം എന്നോർത്ത് ചോദിച്ചതാ. കഴിച്ചില്ലെങ്കിൽ കഴിക്കണ്ട.”
ടോമിച്ചൻ ചോറ് ഉരുട്ടി വായിൽ വച്ചു കൊണ്ട് പറഞ്ഞു.
“ഭർത്താവ് കഴിച്ചില്ലല്ലോ എന്നോർത്ത് കാത്തിരുന്ന എന്നോട് നിങ്ങൾ ഇത് തന്നെ പറയണം കേട്ടോ… ദുഷ്ടൻ “
ജെസ്സി പറഞ്ഞു കൊണ്ട് പോകുവാൻ എഴുനേറ്റു. ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.
“ഇരിക്കടി അവിടെ ‘”
പറഞ്ഞിട്ട് ചോറ് ഉരുട്ടി പിണങ്ങി ഇരിക്കുന്ന ജെസ്സിയുടെ വായിക്കുള്ളിലേക്ക് വച്ചു കൊടുത്തു.
“ഭാര്യ വിശന്നിരിക്കുമ്പോൾ ഭർത്താവ് വെട്ടി വിഴുങ്ങുന്നത് ശരിയല്ലല്ലോ? ഇന്ന കഴിക്ക്. “
ഉരുളകളായി ചോറ് എടുത്തു ജെസ്സിയുടെ വായിൽ വച്ചു കൊടുത്തു കൊണ്ടിരുന്നു.
“ഇന്നുമുതൽ നിങ്ങളെനിക്ക് വാരി തന്നാൽ മതി. അതിനാ സ്വാദു കൂടുതൽ. പിന്നെ ഒരു സത്യം പറയട്ടെ. ഞാനും അമ്മയും നേരത്തെ കഴിച്ചായിരുന്നു. നിങ്ങൾ എപ്പോ വരുമെന്ന് കരുതിയ ഞങ്ങൾ വിശന്നിരിക്കുന്നത്.അല്ല പിന്നെ”
പറഞ്ഞിട്ട് ജെസ്സി ടോമിച്ചനെ നോക്കി കണ്ണിറുക്കിയിട്ടു അടുക്കളയിലേക്ക് പോയി..
വൈകുന്നേരം ടീവി ന്യൂസിൽ ജയിൽ ചാടിയ പ്രതി ആന്റണി, ടോമിച്ചൻ എന്ന ആളുടെ ജീപ്പും തട്ടിയെടുത്തു കടന്നു കളയാൻ ശ്രെമിക്കവേ പോലീസുകാരിൽ നിന്നും രെക്ഷപെടാൻ സാധിക്കാതെ ജീപ്പ് സ്വയം കത്തിച്ചു ആത്മഹത്യാ ചെയ്തു എന്ന വാർത്ത ഫ്ലാഷ് ന്യൂസ് ആയി വന്നു കൊണ്ടിരുന്നു. ലോക്കൽ ചാനലിൽ അതൊരു പ്രധാന വാർത്ത ആയിരുന്നു.!!!
അടിവാരത്തു പോയി ഷാപ്പിൽ കയറിയിട്ട് ഡേവിഡ് നേരെ ആന്റണിയുടെ വീട്ടിലേക്കു ചെന്നു.
കാറ് നിർത്തി ഇറങ്ങിയ ഡേവിഡ് കണ്ടു.
ആന്റണിയുടെ വീടിന് മുൻപിൽ ഒരാൾക്കൂട്ടം!!
ഡേവിഡ് വേഗം അങ്ങോട്ട് നടന്നു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
👍👍👍