അടിവാരത്തെ ഷാപ്പിന് കുറച്ച് ദൂരെ ആയി ജീപ്പ് നിർത്തി ടോമിച്ചൻ ഇറങ്ങി..ഷാപ്പിന്റെ ഭാഗത്തു കുറച്ച് ആളുകൾ കൂടി നിൽപ്പുണ്ട്. കത്തിയമർന്ന ഷാപ്പിന്റെ അവശിഷ്ടങ്ങളിൽ നിന്നും പുക ഉയരുന്നു.
ടോമിച്ചൻ വരുന്നത് കണ്ടു ഡേവിഡ് അങ്ങോട്ടേക്ക് ചെന്നു.അയാളുടെ നെറ്റിയിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു…
“ഡേവിഡേ… എന്താ പറ്റിയത് ഇവിടെ.. ആരാ തീ വച്ചത്.”
ചോദിച്ചു കൊണ്ട് ടോമിച്ചൻ ചുറ്റും നോക്കി.
“അറിയത്തില്ല ഞാനവിടുന്നു ഇവിടെ വന്നു കേറിയപ്പോൾ ഒരു ഒമിനി വാനിൽ കുറച്ച് പേര് ഇവിടെ വന്നു. ഷാപ്പിൽ കേറി കുടിച്ചുകൊണ്ടിരുന്നവരോട് മോശമായി പെരുമാറി. അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി വന്നവരായിട്ട എനിക്ക് തോന്നിയത്. മാത്രമല്ല അവർ വന്ന വണ്ടിയിൽ കമ്പി വടി, സൈക്കിൾ ചെയിൻ, ഇടികട്ട, ഒരു ജാർ നിറയെ പെട്രോൾ ഇതെല്ലാം ഉണ്ടായിരുന്നു. അതിൽ നിന്നു തന്നെ അവരുടെ ലക്ഷ്യം നമ്മുടെ ഷാപ്പ് തന്നെ ആയിരുന്നു എന്നത് ഉറപ്പിച്ചു പറയാം. ആരുടെയോ നിർദേശനുസരണം വന്നവരാണ്.”
ഡേവിഡ് പറഞ്ഞു കൊണ്ട് നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങിയ ചോര തുടച്ചു കളഞ്ഞു.
“ആ ഒമിനി വാനിന്റെ നമ്പർ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഫേക്ക് നമ്പർ ഒട്ടിച്ചുകൊണ്ട് വന്നതാണോ എന്നും അറിയില്ല. “
ഡേവിഡ് പറഞ്ഞു കൊണ്ട് കാറിൽ ചാരി നിന്നു.
“നിനക്ക് വന്നവരെ ആരെയെങ്കിലും ഇനി കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കുമോ.”
ടോമിച്ചൻ ഡേവിഡിനെ നോക്കി.
“രണ്ടു പേരെ കണ്ടാൽ തിരിച്ചറിയും. ഒരാൾ നന്നായി തടിച്ച, കറുത്ത പൊക്കമുള്ള ആൾ ആണ്. മറ്റൊരുത്തന് താടി മീശയുണ്ട്. കണ്ടാൽ റൗഡിയെ പോലെ തോന്നിക്കുന്ന ഒരുത്തൻ .ഏകദേശം സിനിമാനടൻ ജോണിയെ പോലെ ഇരിക്കും “
നെറ്റിയിൽ നിന്നും ഊറി വരുന്ന രക്തം തുടച്ചു കളഞ്ഞു കൊണ്ട് ഡേവിഡ് പറഞ്ഞു.
ഷാപ്പിൽ നിന്നും അടിക്കിടയിൽ പ്രണാരക്ഷാർത്ഥം ഇറങ്ങി ഓടിയ, കറിക്കാരൻ നാണുവും, ജീവനക്കാരായ തൊണ്ടി ബിജുവും,അന്തോണിയും ടോമിച്ചന്റെ അടുത്തേക്ക് വന്നു. അപ്പോഴേക്കും പനകള്ളുമായി ചെത്തുകാരൻ തങ്കച്ചനും, തെങ്ങും കള്ളുമായി തെങ്ങുചെത്തുക്കാരൻ രാജപ്പനും അവിടെക്കെത്തി.കത്തികിടക്കുന്ന ഷാപ്പ് കണ്ടു അവർ അമ്പരന്നു ടോമിച്ചനെയും ഡേവിഡിനെയും നോക്കി കാര്യങ്ങൾ തിരക്കി.
“ഇതാരാ ഷാപ്പ് ഇതുപോലെ കത്തിച്ചത്. അടിവാരത്തു ഇപ്പോൾ സംസാരം ഇതാണ്. ഏത് നായിന്റെ മക്കൾ ആണ് ഇത് ചെയ്തത് “
ചെത്തുകാരൻ തങ്കച്ചൻ രോഷം പൂണ്ടു.
കയ്യിലിരുന്ന കള്ള് കന്നാസ് താഴെ വച്ചു.
“അവന്മാര് നാലഞ്ചു പേര് ഉണ്ടായിരുന്നു. പെട്രോൾ കൊണ്ടുവന്നു ഒഴിച്ചപ്പോൾ ഞങ്ങൾ ഇറങ്ങി ഓടി, ഇല്ലെങ്കിൽ ഞങ്ങളെ കൂടി കത്തിച്ചേനെ. രണ്ടും കല്പിച്ചു പ്രശ്നം ഉണ്ടാക്കാൻ വന്നവരാണ്. കണ്ടിട്ട് എല്ലാം കഞ്ചാവ് പാർട്ടിസ് ആണെന്ന തോന്നിയത് “
കറിക്കാരൻ നാണു പേടിയോടെ ടോമിച്ചനോട് പറഞ്ഞു.
“ആരായാലും ഈ തെമ്മാടി തരം കാണിച്ചവരെ വെറുതെ വിടരുത്. പനംകുല ചെത്തുന്ന കത്തിക്കു പൂളി കളഞ്ഞേനെ അവന്മാരെ എന്റെ കയ്യിൽ കിട്ടിയാൽ “
പനച്ചെത്തുകാരൻ തങ്കച്ചൻ പുറകിൽ തൂക്കിയിട്ടിരുന്ന കത്തി എടുത്തു മൂർച്ചയുള്ള ഭാഗത്തു കൈകൊണ്ടു കൈ ചേർത്തു മൂർച്ച നോക്കി കൊണ്ട് പറഞ്ഞു.
“നിങ്ങൾ ഇത്രയും പേര് ഇവിടെ ഉണ്ടായിട്ടും വന്നവരിൽ ഒരാളെപ്പോലും പിടിക്കാൻ കഴിഞ്ഞില്ല. പിന്നെ എന്തോന്ന് പറയാനാ. നാളെ ഇവന്മാർ നിങ്ങടെ ഓരോരുത്തരുടെയും വീട്ടിൽ കേറി വന്നാൽ എന്ത് ചെയ്യും. ങേ…”
ടോമിച്ചൻ അവിടെ കൂടി നിന്നവരോടായി അനിഷ്ടത്തോടെ പറഞ്ഞു.
“പെട്ടന്ന് കുറച്ചാളുകൾ വന്നു ആക്രമിച്ചപ്പോൾ പേടിച്ചു പോയി. കുറച്ച് പേര് മദ്യലഹരിയിലും ആയിരുന്നു “
കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു.
“ഡേവിഡേ… അടിവാരത്തു ഒരു ക്ലിനിക് ഉണ്ട്. അവിടെ പോയി മുറിവ് ഡ്രെസ്സ് ചെയ്തിട്ട് വാ, ഞാനിവിടെ കാണും “
ടോമിച്ചൻ ഡേവിഡിനോട് പറഞ്ഞു.
നാണുവിന്റെ കൂടെ ബൈക്കിൽ ഡേവിഡ് ക്ലിനിക്കിലെക്ക് പോയി. ക്ലിനിക്കിന്റെ മുൻപിൽ ബൈക്ക് നിർത്തി, ഡേവിഡ് ഇറങ്ങി ക്ലിനിക്കിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് ഉള്ളിൽ നിന്നും ലിജി ഇറങ്ങി വരുന്നത് കണ്ടത്.ലിജി ഡേവിഡിനെ കണ്ടു അമ്പരന്നു നോക്കി.
“എന്താ ഇവിടെ, എന്ത് പറ്റി “
ലിജി ഡേവിഡിനെ നോക്കി.
“ഒരു ചെറിയ വഴക്ക്, കുറച്ച് പേര് വന്നു ഷാപ്പ് കത്തിച്ചു. തടയാൻ ചെന്നപ്പോൾ കിട്ടിയതാ ഇത്. അവർ അഞ്ചാറു ആളുകൾ ഉണ്ടായിരുന്നു “
ഡേവിഡ് പറഞ്ഞു.
“, ലിജിക്ക് എന്ത് പറ്റി “
ഡേവിഡ് ലിജിയുടെ മുഖത്തേക്ക് നോക്കി.
“ചെറിയ പനിയും ജലദോഷവും “
ലിജി പറഞ്ഞു കൊണ്ട് കയ്യിലിരുന്ന മരുന്നുകൾ പേഴ്സിനുള്ളിൽ വച്ചു.
നാണു ഒ പി ടിക്കറ്റും ആയി വന്നു. ഒരു നേഴ്സ് വന്നു ഡേവിഡിനെ കസേരയിൽ ഇരുത്തി നെറ്റിയിലെ മുറിവ് പരിശോധിച്ചു. അതിന് ശേഷം ഡ്രെസ്സിങ് റൂമിലേക്ക് കൊണ്ടുപോയി.
“ആരാ നാണുച്ചേട്ടാ, വന്നു വഴക്കുണ്ടാക്കിയവർ “
ലിജി ബെഞ്ചിലിരിക്കുന്ന നാണുവിന്റെ അടുത്ത് ചെന്നു.
“അറിയില്ല കൊച്ചേ, ആരോ കരുതികൂട്ടി വന്നതാ, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് പറഞ്ഞാൽ മതി. ടോമിച്ചനോട് ഈ കരയിൽ വൈരാഗ്യം ഉള്ളവർ ആരാണെന്ന എനിക്ക് മനസ്സിലാകാത്തത് “
നാണു ആലോചനയോടെ പറഞ്ഞു.
ലിജി പോകാതെ നാണുവിന്റെ അടുത്ത് തന്നെ നിന്നു.
അരമണിക്കൂറിനുള്ളിൽ മുറിവ് ഡ്രെസ്സ് ചെയ്‌ത് ഡേവിഡ് പുറത്തേക്കു വന്നു.
നാണുവിന്റെ അടുത്ത് ലിജി നിൽക്കുന്നത് കണ്ടു ഡേവിഡ് അങ്ങോട്ട് ചെന്നു.
“, ലിജി പോയില്ലേ ഇതു വരെ, പനി കുറവുണ്ടോ “
ഡേവിഡ് എന്തെങ്കിലും ചോദിച്ചു തുടങ്ങണമല്ലോ എന്നോർത്ത് ചോദിച്ചു.
“എന്തായി എന്നറിയാൻ നിന്നതാ… പിന്നെ ആരാ വന്നു വഴക്കുണ്ടാക്കിയതെന്നു വല്ല സൂചനയും കിട്ടിയോ “
പുറത്തേക്കു നടക്കുന്നതിനിടയിൽ ലിജി ഡേവിഡിനോട് ചോദിച്ചു.
“ഇല്ല… പക്ഷെ അവന്മാർ ഈ അടിവാരത്തു എവിടെ ഉണ്ടെങ്കിലും പൊക്കിയിരിക്കും “
ഡേവിഡ് വാശിയോട് പറഞ്ഞു.
“അന്ന് വീട്ടിൽ വന്നവന്മാരിൽ ആരെങ്കിലും ഉണ്ടായിരുന്നോ? ആ ഷെബിയും കൂട്ടുകാരന്മാരും “
ലിജിയുടെ ചോദ്യം കേട്ടു ഡേവിഡ് ആലോചിച്ചു നിന്നു.
“ഇല്ല അവന്മാരെ ആരെയും കണ്ടില്ല. ഇനി അവൻമാരുടെ കൊട്ടേഷൻ ആണോ എന്നും സംശയമുണ്ട് “
ഡേവിഡ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ നാണു ബൈക്ക് സ്റ്റാർട്ട് ചെയ്തു
“അതകാനും സാധ്യത ഉണ്ട്. അപ്പനും മകനും അത്ര ക്രൂരന്മാര…”
ലിജി ദേഷ്യത്തോടെ പറഞ്ഞു.
“നോക്കാം.. ലിജി വീട്ടിലേക്കല്ലേ, അവിടെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ?”
ഡേവിഡ് ബൈക്കിൽ കയറി കൊണ്ട് ചോദിച്ചു.
“ഇല്ല.. പക്ഷെ ഞങ്ങളെ സഹായിക്കാൻ വന്നു ഇപ്പോൾ നിങ്ങളുടെയൊക്കെ സമാധാനം പോയി അല്ലെ “
ലിജി വിഷമത്തോടെ ഡേവിഡിനെ നോക്കി.
“ഇതൊന്നും കണ്ടു പേടിച്ചോടുന്നവനല്ല ടോമിച്ചൻ. അതറിയാതെയാ ഒളിച്ചും പാത്തുമുള്ള അവന്മാരുടെ ട്രിപ്പീസുകളി.. അത് ഒടുക്കത്തെ കളി ആകാതിരുന്നാൽ മതി. എന്തായാലും ഷാപ്പ് കത്തി. കത്തിച്ചവരെ കണ്ടെത്തിയിട്ടേ ഇനി വേറെ കാര്യങ്ങൾ ഉള്ളു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം, എന്നാൽ പൊക്കോ…”
പറഞ്ഞിട്ട് ഡേവിഡ് നാണുവിനോട് ബൈക്കെടുത്തോളാൻ പറഞ്ഞു.
ഡേവിഡ് പോകുന്നതും നോക്കി നിന്നിട്ടു ലിജി വീട്ടിലേക്കു നടക്കാൻ തുടങ്ങി. പെട്ടന്ന് പുറകിൽ നിന്നും ആരോ കൈകൊട്ടി വിളിക്കുന്നപോലെ..
തിരിഞ്ഞു നോക്കി
ഒരു പുതപ്പു ദേഹത്ത് ചുറ്റി ഒരാൾ സാവകാശം അവളുടെ അടുത്തേക്ക് വന്നു. തൊപ്പി വച്ചിരിക്കുന്നതിനാൽ മുഖം വ്യെക്തമല്ല..
ലിജിയുടെ മുൻപിൽ വന്നു നിന്ന അയാൾ അടിമുടി ഒന്ന് നോക്കി.
“ആ പോയ ആളെ മോൾക്കറിയാമോ? അതാരാ, മോളെവിടുത്തെയാ “
അയാളുടെ ചോദ്യം കേട്ടു ലിജി അയാളെ സൂക്ഷിച്ചു നോക്കി.
ഒറ്റനോട്ടത്തിൽ നല്ല പ്രായം തോന്നിക്കും. നടക്കുന്നത് ഒരു വടി കുത്തിയാണ്. താടിരോമങ്ങൾ ചെമ്പിച്ചിരിക്കുന്നു. പല്ലുകളിൽ കറപ്പു ബാധിച്ചിട്ടുണ്ട്
“എനിക്ക് പരിചയമുണ്ട്.. ഞാൻ ആന്റണിയുടെ മകളാ…”
പറഞ്ഞിട്ട് ലിജി സംശയത്തോടെ അയാളെ നോക്കി.
“ഒരു പരിചയവുമില്ലാത്ത എന്നെ കുറിച്ച് എന്തിനാ അറിയുന്നത്..നിങ്ങൾ ആരാ?”
ലിജിയുടെ ചോദ്യം കേട്ടു അയാൾ ഒന്ന് ചിരിച്ചു.
“ഒന്നുമില്ല.. ആ ബൈക്കിൽ പോയ ആളെ ഒരു കണ്ടുപരിചയം പോലെ. അതുകൊണ്ട് ചോദിച്ചതാ. അതിന്റെ കൂടെ മോളേ കുറിച്ച് ചോദിച്ചു എന്ന് മാത്രം. മോളു പൊക്കോ “
പറഞ്ഞിട്ട് അയാൾ മെല്ലെ തിരിഞ്ഞു നടന്നു.
കുറച്ച് ദൂരം ചെന്നിട്ടു അയാൾ തിരിഞ്ഞു നോക്കി. ലിജി നടന്നു മറയുന്നത് വരെ…
അയാൾ കയ്യിലിരുന്ന വടി ദൂരേക്ക് എറിഞ്ഞു കളഞ്ഞു. കൂനികൂടി നിന്ന അയാൾ നിവർന്നു നേരെ നിന്നു. എത്തുന്ന കണ്ണുകളുമായി നിന്ന അയാളുടെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി വിടർന്നു. ഒട്ടിച്ചിരുന്ന താടി മീശ അയാൾ ഇളക്കി എടുത്തു ചുരുട്ടി ദൂരേക്ക് എറിഞ്ഞു. ഉറച്ച കാലടികളോട് മുൻപോട്ടു നടന്നു.
ഡേവിഡ് തിരിച്ചു ചെല്ലുമ്പോൾ കത്തിപോയ ഷാപ്പിന് മുൻപിൽ നിലത്തും, നിരത്തിയിട്ട തടികളിലും,അവിടവിടെയായി കിടക്കുന്ന വലിയ പാറകളിലും കയറിയിരുന്നു സ്ഥിരം കുടിയന്മാർ, തങ്കച്ചനും രാജപ്പനും കൊണ്ടുവന്ന കള്ള് കുടിച്ചു കൊണ്ടിരിക്കുകയാണ്. ഷാപ്പില്ലെങ്കിലും കള്ള് കൊണ്ടുവന്നതിനാൽ കാര്യങ്ങൾ നടക്കട്ടെ എന്ന് ടോമിച്ചൻ പറഞ്ഞത് കൊണ്ട് അവിടെ വച്ച് തന്നെ പതിവുകാർക്ക് കള്ള് കൊടുക്കുകയായിരുന്നു.
ജീപ്പിൽ ചാരി നിൽക്കുന്ന ടോമിച്ചന്റെ അടുത്തേക്ക് ഡേവിഡ് ചെന്നു.
“ഇനി എന്താ പ്ലാൻ, നാളെ തന്നെ ഷാപ്പ് പണിയേണ്ടേ, അവന്മാരെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കാം. ക്ലിനിക്കിൽ വച്ച് ലിജി കണ്ടിരുന്നു. അവൾ പറയുന്നത്, അന്ന് അവരുടെ വീട്ടിൽ വച്ച് ഉടക്കുണ്ടാക്കിയ അവന്മാരുടെ പണിയ എന്നാണ്.എക്സ് എം ൽ എ അല്ലെ അതിലൊരുത്തന്റെ തന്ത.”
ഡേവിഡ് പറഞ്ഞപ്പോൾ എന്തോ ഓർത്തു നിന്നിട്ടു ടോമിച്ചൻ ഒന്ന് മൂളി.
“ഡേവിഡ് നാളെ തന്നെ ഷാപ്പിന്റെ കാര്യം നോക്കിക്കോ, ഇതു ചെയ്തവന്മാർ ആരായാലും കയ്യിൽ വരാതെ ഇരിക്കില്ല. ആദ്യം പെട്ടന്ന് തന്നെ ഷാപ്പ് പഴയരീതിയിൽ ആക്കി, കച്ചവടം നടക്കട്ടെ. നമുക്ക് തിരിക്കാം “
നാണുവിനോടും തൊണ്ടി രാജുവിനോടും കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു ടോമിച്ചൻ ജീപ്പിൽ കയറി.ഡേവിഡ് കാറിൽ മുൻപിലും ടോമിച്ചൻ ജീപ്പിൽ പിന്നിലുമായി കുട്ടിക്കാനത്തേക്ക് തിരിച്ചു. പൂഞ്ഞാർ കഴിഞ്ഞു കുറച്ച് മുൻപോട്ടു പോയപ്പോൾ മുതൽ മഴ ചാറുവാൻ തുടങ്ങി. ഈരാറ്റുപേട്ട പേട്ട ടൗണിലേക്ക് തിരിയുന്ന കവലയിൽ എത്തി വാഗമണ്ണിനുള്ള വഴിയേ തിരിഞ്ഞു രണ്ടു കിലോമീറ്റർ പോയതും ഡേവിഡ് കാർ വഴിയുടെ സൈഡ് ഒതുക്കി നിർത്തി. ഒരു മുറുക്കാൻ കടയുടെ മുൻപിൽ കിടക്കുന്ന വണ്ടി ശ്രെദ്ധിച്ചു. അടുത്ത് രണ്ടു മൂന്നു പഴയ വാഹനങ്ങളുടെ പാർട്സുകൾ വിൽക്കുന്ന കടകളുണ്ട്. അവ അടച്ചിട്ടിരിക്കുകയാണ്.
ആകെ മുറുക്കാൻ കട മാത്രമാണ് തുറന്നിട്ടുള്ളത്.
ഡേവിഡ് വണ്ടി നിർത്തിയിരിക്കുന്നതിന്റെ അരുകിൽ ടോമിച്ചൻ ജീപ്പ് കൊണ്ട് നിർത്തി ഡേവിഡിനെ നോക്കി.
“എന്താ ഇവിടെ നിർത്തിയിരിക്കുന്നത് “
ടോമിച്ചന്റെ ചോദ്യം കേട്ടു ഡേവിഡ് മുറുക്കാൻ കടക്കുനേരെ കൈ ചൂണ്ടി.
“അവിടെ കിടക്കുന്ന ഒമിനിവാനിൽ ആണ് അവന്മാർ വന്നത്. അവന്മാർ ഇവിടെ എവിടെയോ ഉണ്ട് “
ഡേവിഡ് പറഞ്ഞത് കേട്ടു ടോമിച്ചൻ ജീപ്പ് റോഡിൽ നിന്നും താഴേക്കു ഇറക്കി നിർത്തി ഇറങ്ങി.
“സൂക്ഷിക്കണം, അവന്മാരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ട്.”
ഡേവിഡ് മുന്നറിയിപ്പ് കൊടുത്തു കൊണ്ട് ടോമിച്ചനൊപ്പം നടന്നു.
മുറുക്കാൻ കടയിൽ എത്തിയ ടോമിച്ചൻ ഒമിനി വാനിലേക്ക് നോക്കി. രണ്ടു പേര് അതിനുള്ളിൽ ഉണ്ട്.
ഡേവിഡ് മുഖം കുറച്ച് മറച്ചു കൊണ്ട് ഒമിനിവാനിലേക്ക് നോക്കി ടോമിച്ചനോട് പറഞ്ഞു.
“ഇവന്മാർ രണ്ടുപേര അവിടെ വന്നു ഷാപ്പ് കത്തിച്ചവൻ മാർ “
ഡേവിഡ് സ്ഥിരീകരിച്ചു.
ടോമിച്ചൻ മുറുക്കാൻ കടയിൽ ഇരിക്കുന്ന വൃദ്ധനോട് ഒരു സിഗരറ്റ് മേടിച്ചു, തീകൊളുത്തി വലിച്ചു കൊണ്ട് ഒമിനിക്ക് നേരെ നടന്നു.
ഡ്രൈവിങ് സീറ്റിനടുത്തെത്തി ഗ്ലാസിൽ മെല്ലെ തട്ടി.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആൾ ഗ്ലാസ് മെല്ലെ താഴ്ത്തി ടോമിച്ചനെ നോക്കി.
ഒരു ഒത്ത ഗുണ്ടയുടെ ഭാവങ്ങൾ ആയിരുന്നു അവന്.
“ഞാൻ ടോമിച്ചൻ. മനസ്സിലായോ നിനക്ക്. നീ ഇന്ന് വന്നു തന്തയില്ല തരം കാണിച്ചു, ഷാപ്പ് കത്തിച്ചില്ലേ. അതെന്റെ ഷാപ്പാ “
ടോമിച്ചൻ പറഞ്ഞത് കേട്ടതും അയാൾ മിന്നൽ വേഗത്തിൽ ആയുധമെടുക്കാൻ കുനിയാൻ തുടങ്ങിയതും ചെവിക്കല്ല് പൊളിയുന്ന രീതിയിൽ ഉള്ള ഇടിയും കൊടുത്തു, അവന്റെ കഴുത്തിനു പിടിച്ചു സൈഡ് ഡോറിന്റെ വിൻഡോയിൽ കൂടി പിടിച്ചു പുറത്തേക്കു വലിച്ചതും ഒരു പോലെ ആയിരുന്നു.അവന്റെ തലയടക്കം പകുതി വണ്ടിക്കു വെളിയിലും ബാക്കി അകത്തുമായി നിന്നു.
അപ്പോഴേക്കും മറുസൈഡിലെ ഡോർ തുറന്നു രണ്ടാമൻ ചാടി ഇറങ്ങി.
“കഴുവേറി മോനെ, നീ എന്നെ സൈക്കിൾ ചെയിൻ കൊണ്ട് അടിക്കും അല്ലെ “
അലറിക്കൊണ്ട് കയ്യിൽ കരുതിയ കമ്പി വടിക്ക് ഡേവിഡ് ആഞ്ഞൊരടി!
അടിയേറ്റ് അയാൾ പുറകോട്ടു തെറിച്ചു.
അതേ സമയം ടോമിച്ചൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും അവനെ വലിച്ചു പുറത്തേക്കിട്ട് ഒമിനിയോട് ചേർത്തു മുട്ടുകാലിനു അവന്റെ നാഭി നോക്കി ഒരിടി കൊടുത്തു.ഇടികൊണ്ട് താഴേക്കു കുനിഞ്ഞ അവൻ ഒരഭ്യാസിയെ പോലെ ചാടി എഴുനേറ്റു ഉയർന്നു പൊങ്ങി ടോമിച്ചന്റെ നെഞ്ചിൽ ചവുട്ടി. ചവുട്ട് കൊണ്ടാ ടോമിച്ചൻ രണ്ടടി പുറകോട്ടു തെറിച്ചു കാറിൽ ഇടിച്ചു നിന്നു.
പാഞ്ഞു വന്നു അവൻ രണ്ടാമതും ആഞ്ഞു തൊഴിച്ചു, ടോമിച്ചൻ തെന്നി മാറിയതും അവന്റെ തൊഴി കാറിന്റെ സൈഡ് മിററിൽ കൊണ്ട് അടർന്നു തെറിച്ചു പോയി. മിന്നൽ വേഗത്തിൽ തിരിഞ്ഞു വന്ന അവന്റെ അടുത്ത ചവുട്ട് നെഞ്ചിനു നേരെ വന്നതും ടോമിച്ചൻ ആ കാലിൽ പിടുത്തമിട്ടു.വായുവിൽ വച്ച് കറക്കി തലകീഴായി ടാറിട്ട റോഡിൽ ഒരു കുത്ത് കുത്തി. അവന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി മുഴങ്ങി.പൊക്കിയെടുത്തു ഒരേറു കൊടുത്തു. ഒമിനിയുടെ ഫ്രണ്ട് ഗ്ലാസിൽ ചെന്നിടിച്ചു, ഗ്ലാസ് പൊട്ടിച്ചിതറി. അയാൾ നിലത്തേക്ക് വീണു ഞരങ്ങി.
പെട്ടന്ന് ഇരുട്ടിൽ നിന്നും രണ്ടു പേര് അലറിക്കൊണ്ട് ടോമിച്ചന് നേരെ പാഞ്ഞടുത്തു.ഡേവിഡിന്റെ കമ്പി വടിക്കുള്ള അടിയേറ്റ് ഒരുത്തൻ തെറിച്ചു. മുൻപിലെത്തി മറ്റൊരുത്തന്റെ സൈക്കിൾ ചെയിൻ ടോമിച്ചന് നേരെ വീശിയതും മിന്നൽ വേഗത്തിൽ താഴേക്ക് കുനിഞ്ഞു അവന്റെ അടിവയറിൽ തലകൊണ്ട് ആഞ്ഞിടിച്ചു. നിലവിളിച്ചു കൊണ്ട് പുറകോട്ടു മലച്ച അവന്റെ കയ്യിൽ ഇരുന്നു സൈക്കിൾ ചെയിൻ വായുവിൽ കറങ്ങി. അതിൽ പിടിച്ചു ടോമിച്ചൻ മുൻപോട്ടു വലിച്ചു. അവൻ മുൻപോട്ടു വന്നതും ടോമിച്ചൻ ജീപ്പിന്റെ ബോണറ്റിൽ ചവുട്ടി പൊങ്ങി അവന്റെ നെഞ്ചിൽ ഒരു ചവുട്ട്. പുറകോട്ടു തെറിച്ച അവന്റെ കയ്യിൽ പിടിച്ചു വലിച്ചു റോഡിൽ അടിച്ചു. റോഡിൽ അടിച്ചു വീണ അവൻ കുറച്ച് മുകളിലേക്കു പൊങ്ങി താഴെ വീണു.
ഒമിനി വാനിന്റെ മുൻപിൽ വീണു കിടന്നവൻ എഴുനേറ്റു ടോമിച്ചന് നേരെ നീങ്ങി. ആഞ്ഞു വീശിയ അവന്റെ കയ്യിൽ പിടിച്ചു, മുട്ടുകാലിൽ ചവുട്ടി ഇരുത്തി ടോമിച്ചൻ തലമുടിയിൽ പിടിച്ചു മുഖം ടാറിട്ട റോഡിൽ ഉരച്ചു. അവൻ അലറി നിലവിളിച്ചു. അവനെ പൊക്കി ഒമിനിയിൽ ചാരി നിർത്തി..
“പുലയാടി മോനെ… നീയെന്റെ ഷാപ്പ് കത്തിക്കും അല്ലെ. അത് കത്തിയാൽ ടോമിച്ചന് ഒരു രോമം പോകുന്നത് പോലെയേ തോന്നത്തൊള്ളൂ. പറയടാ.. ആര് പറഞ്ഞിട്ട നീയൊക്കെ എന്റെ ഷാപ്പ് കത്തിച്ചത്. പറഞ്ഞില്ലെങ്കിൽ നിന്നെയൊക്കെ ഇവിടെ കൂട്ടിയിട്ടു കത്തിക്കും ഞാൻ… കഴുവേറി… പറയെടാ… ആരാണിത്തിനു പിന്നിൽ “
അവന്റെ കയ്യിലെ വിരലുകളിൽ പിടിച്ചു ഒരൊടി!
അവന്റെ തൊണ്ടയിൽ നിന്നും ഒരു കരച്ചിൽ പുറത്തേക്കു വന്നു.
“എന്നെ കൊല്ലരുത്…. ഒന്നും ചെയ്യരുത്…. ഒരാൾ വന്നു ആ ഷാപ്പ് കത്തിക്കണമെന്നും അതിനായി പതിനായിരം രൂപ തരാമെന്നും പറഞ്ഞു കൊട്ടേഷൻ തന്നു. അയാൾ ആരാണെന്നോ, എന്തിനാണ് ഞങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെന്നോ ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് അയാൾ പൈസ തന്നു. ഞങ്ങൾ ചെയ്തു. ഇതിൽ കൂടുതലൊന്നും എനിക്കറിയില്ല “
അവന്റെ സ്വരം എലി കരയുന്നപോലെ ആയിരുന്നു.
“അയാളെ കണ്ടാൽ എങ്ങനെ ഇരിക്കും “
ടോമിച്ചൻ മുട്ടുകാൽ അവന്റെ വയറിൽ മുട്ടിച്ചു കൊണ്ട് ചോദിച്ചു.
“അയാൾ താടി വളർത്തിയിരുന്നു. മുഖം തൊപ്പി വച്ചിരിക്കുന്നത് കൊണ്ട് വ്യെക്തമല്ലായിരുന്നു. കുറച്ച് പ്രായമായ ആളെ പോലെയാ തോന്നിയത് “
പറഞ്ഞു കൊണ്ട് വേദനയാൽ അയാൾ പുളഞ്ഞു.
“നീ ആരെങ്കിലും കാശ് കൊണ്ട് തന്നാൽ കൊട്ടേഷൻ എടുക്കും അല്ലേടാ “
അവന്റെ അടിവയറിൽ മുട്ടുകാലിനു ഒന്നുകൂടി കൊടുത്തു ടോമിച്ചൻ.
അതുകണ്ടു നിലത്തു കിടന്നവർ ഒരു വിധം ചാടി എഴുനേറ്റു ഇരുട്ടിലേക്കു ഓടി. പുറകെ പോകാൻ തുടങ്ങിയ ഡേവിഡിനെ ടോമിച്ചൻ തടഞ്ഞു.
“വേണ്ട.. ഇവന്മാർ വെറും ഡെമ്മികളാ, കളിക്കുന്നത് വേറെ ആരോ ആണ് “
ഇടികൊണ്ട് നിലത്തിരുന്നവൻ എഴുനേറ്റു വേച്ചു വേച്ചു ഇരുട്ടിലേക്കു നടന്നു.
ഇതിനോടകം മുറുക്കാൻ കടയിൽ ഇരുന്ന വൃദ്ധൻ അടി തുടങ്ങിയപ്പോഴേ കട പോലും അടക്കാതെ ഇറങ്ങി ഓടിയിരുന്നു.
ടോമിച്ചൻ മുറുക്കാൻ കട അടച്ചിട്ടു.
ഒമിനിക്കുള്ളിൽ കേറി വണ്ടി ന്യൂട്രേലിൽ ഇട്ടു.പുറത്തിറങ്ങി.ഡേവിടും ടോമിച്ചനും കൂടി ഒമിനി വാൻ തള്ളി താഴ്ചയിലുള്ള റബ്ബർ തോട്ടത്തിന് നേരെ തിരിച്ചിട്ടു. പെട്രോൾ ടാങ്ക് തുറന്നു. ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു ടാങ്കിനുള്ളിൽ ഇട്ടതും ഒമിനി താഴെക്ക് തള്ളിയതും ഒരുമിച്ചായിരുന്നു. കത്തികൊണ്ട് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. പോകുന്ന വഴി പെട്രോൾ ടാങ്ക് പൊട്ടി തെറിച്ചു തീ ആളികത്തി. ടോമിച്ചനും ഡേവിടും പോയി വാഹനങ്ങളിൽ കയറി ഓടിച്ചു പോയി.
ഗേറ്റിൽ എത്തുമ്പോൾ സെക്യൂരിറ്റി കാരൻ വന്നു ഗേറ്റ് തുറന്നു.
ജീപ്പ് പാർക്കു ചെയ്തു ടോമിച്ചൻ ഇറങ്ങുമ്പോൾ ജെസ്സി വാതിൽ തുറന്നു.
“നിങ്ങളെന്താ ഇത്രയും താമസിച്ചത്. ഞങ്ങൾ ആകെ പേടിച്ചിരിക്കുകയായിരുന്നു.”
ജെസ്സി വേവലാതിയോടെ പറഞ്ഞു.
“താമസിക്കുമെന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോയത് “
ചോദിച്ചു കൊണ്ട് ടോമിച്ചൻ ജെസ്സിയോടൊപ്പം അകത്തേക്ക് കയറി.
ടോമിച്ചൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ശോശാമ്മയും ജെസ്സിയും കൂടി ഭക്ഷണം ഊണുമേശയിൽ നിരത്തിയിരുന്നു.
“ടോമിച്ചാ, ചോറ് വിളമ്പട്ടെടാ “
ശോശാമ്മ സ്റ്റൈർകേസ് ഇറങ്ങി വരുന്ന ടോമിച്ചനെ നോക്കി.
“ങ്ങാ വിളമ്പിക്കോ, വിശക്കുന്നുണ്ട് “
ശോശാമ്മയും ജെസ്സിയും കൂടി ടോമിച്ചന് ഭക്ഷണം വിളമ്പി കൊടുത്തു.
“എടാ ടോമിച്ചാ, ഉള്ളത് കൊണ്ട് ജീവിച്ചാൽ മതി, കർത്താവ് തന്നിട്ടുണ്ടല്ലോ. നമുക്ക് സമാധാനവും സന്തോഷവും ആണ് വേണ്ടത്. നഷ്ടപ്പെട്ടതെല്ലാം പൊക്കോട്ടെ. അതിന്റെ പുറകെ ഒന്നും പോകണ്ട.. നീ പണ്ടത്തെ പോലെയല്ല. നിന്നെ കാത്തു ഒരു പെണ്ണുണ്ട് ഇവിടെ. അതോർത്തോണം. പണത്തിനും സ്വത്തിനും പുറകെ പോയാൽ ജീവിക്കാൻ മറന്നു പോകും. പ്രായത്തെ പിടിച്ചു നിർത്താൻ കാശിനു സാധിക്കില്ല. കണ്ണടച്ചു തുറക്കുന്നതിനു മുൻപ് നല്ല പ്രായം പോകും.. പിന്നെ അതോർത്തു ദുഃഖച്ചിട്ടു കാര്യമില്ല. നിന്റെ ഒരു കുഞ്ഞിനെ എടുത്തോണ്ട് നടന്നു ലളിച്ചിട്ടു വേണം എനിക്ക് കർത്താവിന്റെ അടുത്തേക്ക് പോകാൻ. ആ ആഗ്രഹം മാത്രമേ ഇനി ഈ അമ്മക്കുള്ളു “
ശോശാമ്മ കുറച്ച് ചോറുകൂടി ടോമിച്ചന്റെ പാത്രത്തിലേക്കു വിളമ്പിക്കൊണ്ട് പറഞ്ഞു.
ജെസ്സി ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കികൊണ്ട് നിന്നു, ചെറിയ ചിരിയോടെ.
ടോമിച്ചൻ മറുപടി ഒന്നും പറയാതെ എഴുനേറ്റു പോയി കൈ കഴുകി.
മുകളിലേക്കു പോയി.
ജെസ്സി വരുമ്പോൾ ടോമിച്ചൻ ബെഡിൽ വെറുതെ ചാരികിടക്കുകയായിരുന്നു.
ജെസ്സി അടുത്ത് വന്നിരുന്നു ടോമിച്ചനെ നോക്കി.
“എന്താ ഇത്രയും വലിയ ആലോചന. അമ്മച്ചി പറഞ്ഞാ കാര്യമാണോ “
ജെസ്സി ചിരിയോടെ ചോദിച്ചു.
ടോമിച്ചൻ ജെസ്സിയെ നോക്കി.
“ഏതു കാര്യം,നീയെന്തിനാ ഇങ്ങനെ നോക്കി ചിരിക്കുന്നത്.”
ടോമിച്ചൻ ചോദിച്ചു.
“ഓഹോ, ഒന്നുമറിയാത്തപോലെ, അമ്മച്ചി പറഞ്ഞില്ലേ, നമുക്ക് ഒരു കുഞ്ഞ് ഉടനെ വേണമെന്നും, അതിനെ എടുത്തു അമ്മച്ചിക്ക് ലാളിക്കണമെന്നും ഒക്കെ. അല്ലെങ്കിൽ ഇന്ന്, നാളെ എന്ന് പറഞ്ഞു കാലങ്ങൾ കടന്നു പോകും, നമ്മൾ വയസ്സായി ഇവിടെ ഇങ്ങനെ ഇരിക്കും “
ജെസ്സി കുസൃതിയോടെ പറഞ്ഞു.
“കടയിൽ മേടിക്കാൻ കിട്ടുന്നതല്ലല്ലോ ഇതു. വെറുതെ പറഞ്ഞോണ്ടിരുന്നാലും കിട്ടില്ല. വാക്കിലല്ല പ്രവർത്തിയിലാ കാര്യം. അതറിയാവോ നിനക്ക് “
ടോമിച്ചൻ ചിരിച്ചു കൊണ്ട് ജെസ്സിയുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ ആഗ്രഹങ്ങളുടെ, വികാരങ്ങളുടെ ഒരു കടൽ ഇരമ്പുന്നുണ്ടെന്നു ടോമിച്ചന് തോന്നി.
“നിങ്ങൾ ഇങ്ങനെ നോക്കാതെ മനുഷ്യ… എനിക്ക് ഒരു നാണം “
ജെസ്സി നോട്ടം മാറ്റി.
ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു.
“എന്റെയും ആഗ്രഹം അതാ, ഉടനെ ഒരു കുഞ്ഞ്. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നാലേ ഒരർത്ഥം ഉണ്ടാകൂ. ഒരു ലക്ഷ്യബോധം വരത്തൊള്ളൂ.”
പറഞ്ഞിട്ട് ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു ഒരു വലി.
ജെസ്സി ടോമിച്ചന്റെ മാറിലേക്ക് വീണു. ടോമിച്ചൻ കൈനീട്ടി ലൈറ്റ് അണച്ചു….
പുതിയൊരു പ്രഭാതം തേടി രാത്രി അലയുകയായിരുന്നു അപ്പോൾ
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Very very interesting. Eagerly waiting for next part. Every every day I’m searching so many times for next part.
Truly Awsome.!!!!!