“ഒരു മഴ നനഞ്ഞപ്പോഴേക്കും മാഷിന് വട്ടായോ..? “
അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു…
“പ്രണയം തന്നെ ഒരു വട്ടാണെടോ.. താൻ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ…? “
അവൾക്കൊപ്പം അവനും ബാൽക്കണിയിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു.
“അതിന് എന്നെ ആരെങ്കിലും പ്രേമിക്കണ്ടേ മാഷേ..? ‘
അവൾ ടവൽ ബാൽക്കണിയുടെ കമ്പിയിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു.
അതിന് ഉത്തരം പറയാതെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.. പിന്നെ വെറുതെ ഒന്ന് പുഞ്ചിരിച്ചു.
“അതെന്താ നീ സുന്ദരി അല്ലേ…? “
ജാനവ് ബാൽക്കണിൽ ഇട്ടിരുന്ന ചെറിയ കുട്ടകസേരയിൽ ഇരുന്നു.. അപ്പോഴും പുറത്ത് മഴ ആർത്തുലച്ചു പെയ്യുന്നുണ്ടായിരുന്നു .
“ഹ്മ്മ് മാഷ് എന്നെ കളിയാക്കിയത് ആണോ..? “
അവളുടെ മുഖത്തേ പ്രസന്ന ഭാവം പെട്ടെന്ന് മങ്ങിയത് പോലെ അവന് തോന്നി..
“എന്താടോ അങ്ങനെ ചോദിക്കാൻ നീ സുന്ദരി തന്നെ ആണ്..”
ജാനവ് അത് പറഞ്ഞപ്പോൾ ഋതുന്റെ ചുണ്ടിൽ പുച്ഛത്തോടെ ഉള്ള ഒരു ചിരി വിരിഞ്ഞു ..
“മാഷിന് എന്റെ അവസ്ഥ അറിയാത്തത് കൊണ്ടാണ്.. അച്ഛനും അമ്മയും ഉണ്ണിയും എല്ലാം ഭംഗിയുള്ളവർ ആണ് ഞാനോ…? കറുത്ത് തടിച്ചു പൊക്കം കുറഞ്ഞ ഒരുവൾ.. “
ഋതു അത് പറഞ്ഞപ്പോൾ ജാനവിനും അല്പം സങ്കടം തോന്നി.
“ഒരാളുടെ രൂപം ആണോ അയാളുടെ സൗന്ദര്യം നിർവചിക്കുന്നത്… ശരീരത്തേക്കാൾ സൗന്ദര്യം നമ്മുടെ മനസിന് ആണ് വേണ്ടത്… “
ജാനവ് അത് പറഞ്ഞപ്പോൾ വീണ്ടും അവളുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞു..
“ഇതൊക്കെ പറയാനും കേൾക്കാനും മാത്രം കൊള്ളാം..
എന്നെ പോലെ ഉള്ളവർ ദിവസവും എന്തെല്ലാം അനുഭവിക്കുന്നുണ്ടെന്ന് അറിയോ..
സ്കൂളിലും കോളേജിലും എല്ലാം മറ്റുള്ളവർക്ക് മുൻപിൽ വെറും ഒരു കോമാളി മാത്രം ആകുന്ന അവസ്ഥ അറിയോ..?
ഏത് റേഷൻ കടയിൽ നിന്നാണ് അരി വാങ്ങുന്നത്.. നിനക്ക് ഉള്ള ഡ്രസ്സ് ഒക്കെ എവിടെ നിന്നും കിട്ടുന്നു അങ്ങനെ തുടങ്ങി എത്ര ചോദ്യങ്ങൾ ആണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്ന് അറിയോ..
എല്ലാവരുടെയും വിചാരം ഭക്ഷണം കഴിച്ചാൽ മാത്രേ വണ്ണം വെക്കു എന്ന്… ഭക്ഷണം മാത്രം അല്ല ഒരാളെ വണ്ണം വെപ്പിക്കുന്നത് .
സ്കൂളിലും കോളേജിലും എല്ലാവരുടെയും കളിയാക്കലുകൾ ഭയന്ന് ആണ് ഞാൻ അധികം ആരോടും മിണ്ടാതെ ആയത്.. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു കോളേജിലെ പരുപാടികളിൽ എല്ലാം പങ്കെടുക്കണം എന്ന് പക്ഷേ എല്ലാവരുടെയും കളിയാക്കലുകൾ ഭയന്ന് ഞാൻ സ്വയം ഒതുങ്ങി കൂടുക ആയിരുന്നു ..
എന്തിന് ഏറെ ഇന്നേ വരെ സ്കൂളിലോ കോളേജിലോ ഒരു ആഘോഷത്തിന് പോലും ഞാൻ പോയിട്ട് ഇല്ല. കോളേജിൽ ഓണത്തിന് എല്ലാവരും സാരി ഉടുക്കണം എന്ന് പറഞ്ഞപ്പോൾ പോകാതെ ഞാൻ ഒഴിഞ്ഞു മാറിയത് ആണ്…
മാഷിന് അറിയോ ഇഷ്ടം ഉള്ള ഒരു ഡ്രസ്സ് പോലും ഇടാൻ എനിക്ക് പറ്റാറില്ല.. നാലാളു കൂടുന്നിടത്ത് നിന്നും ഒക്കെ ഞാൻ മനഃപൂർവം മാറി നില്കുന്നത് ആണ് ..
ഒരല്പം കൂടി മുതിർന്നപ്പോൾ ബന്ധുക്കളുടെ വക കുത്തുവാക്കുകൾ വേറെയും . നിനക്ക് എങ്ങനെ ചെറുക്കനെ കിട്ടും എന്ന ചോദ്യം ചോദിച്ചു എന്റെ അച്ഛന്റെയും അമ്മയുടെയും സമാധാനം കൂടി അവർ കളയുന്നു .
മാഷ് ചോദിച്ചില്ലേ, എനിക്ക് പ്രണയം ഉണ്ടായിട്ട് ഉണ്ടോ എന്ന് .. ഉണ്ട്, എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു പക്ഷേ പോയി പറഞ്ഞപ്പോൾ അയാളുടെ കോൺസപ്റ്റ് ൽ ഞാൻ ഇല്ലെന്നു പറഞ്ഞു.
അയാൾക്ക് ഇഷ്ടം ഉള്ളത് പോലെ മെലിയാൻ ഞാൻ എത്ര ശ്രമിച്ചിട്ടുണ്ട് എന്ന് അറിയോ.. പട്ടിണി കിടന്നും എക്സ്സർസൈസ് ചെയ്തും ഒക്കെ ഞാൻ നോക്കി..
ഒരു പ്രയോജനവും ഉണ്ടായില്ല.. വണ്ണം ഉള്ളവർക്ക് ആഗ്രഹം പാടില്ലെന്ന് ഞാൻ അങ്ങനെ പഠിച്ചു. സൗന്ദര്യം മനസ്സിൽ ആണെന്നൊക്കെ പറയുന്നത് വെറുതെ ആണ് എല്ലാവരും എന്നും നോക്കുന്നത് നമ്മൾ കാണാൻ എങ്ങനെ ആണെന്ന് തന്നെ ആണ്..
മാഷ് ഈ പരസ്യങ്ങളിൽ എവിടെ എങ്കിലും എന്നെ പോലെ തടിച്ചു നിറം കുറഞ്ഞ ഒരു പെൺകുട്ടിയെ കണ്ടിട്ട് ഉണ്ടോ.. അല്ലെങ്കിൽ ആരെങ്കിലും എഴുതുന്ന കഥകളിൽ ഉണ്ടോ . മിക്കവാറും എല്ലാവരുടെയും എഴുത്തുകളിൽ പോലും മെലിഞ്ഞു സുന്ദരി ആയ പെൺകുട്ടികൾ ആവും ..
അങ്ങനെ ഉള്ളപ്പോൾ എന്നെ ഒന്നും ആരും പ്രണയിക്കില്ല മാഷേ… “
ഋതു അത് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണീർ മുത്തുകൾ താഴേക്ക് പതിച്ചു.
ജാനവ് എഴുന്നേറ്റ് അവളുടെ അരികിൽ ഇരുന്ന് വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി…
“ഋതു .. “
അവൻ ആർദ്രമായി വിളിച്ചു..
അവൾ മെല്ലെ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി.. ആ മിഴികൾ അപ്പോഴും നിറഞ്ഞിരുന്നു.. നിറഞ്ഞു തുളുമ്പിയ കണ്ണീർ അവൻ തന്റെ വിരലുകളാൽ തുടച്ചു കളഞ്ഞു.. ശേഷം അവളുടെ നെറ്റിയിൽ അവൻ ചുണ്ടുകൾ അമർത്തി.
“ഈ ലോകത്ത് ആരും എല്ലാം തികഞ്ഞവരായി ഇല്ല ഋതു.. നീ ഇങ്ങനെ ജനിച്ചതിനുള്ള കാരണം അധികം വൈകാതെ നീ അറിയും..
നിനക്കായി മാത്രം പൂക്കുന്ന റോസാപൂക്കളും ചെറു പുഞ്ചിരിയും അധികം വൈകാതെ നിന്നെ തേടി എത്തും..
നീ എവിടെ ഒക്കെ സ്വയം ഒഴിഞ്ഞു മാറി നിന്നോ അവിടെ ഒക്കെ അവന്റെ കൈകൾ കോർത്തു നീ നടക്കും..
നിന്റെ രൂപത്തെക്കാൾ സൗന്ദര്യം നിന്റെ മനസ്സിന് ആണെന്ന് തിരിച്ചറിയുന്ന അവൻ നിന്നെ ചേർത്ത് പിടിക്കും…
ലോകം മുഴുവൻ അസൂയയോടെ നോക്കുന്ന ഒരു പ്രണയം നിനക്ക് സ്വന്തം ആകും… “
ജാനവ് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.. പുറത്ത് പെയ്യുന്ന മഴക്ക് ഒപ്പം വിരുന്ന് വന്ന കാറ്റ് അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് കടന്ന് പോയി . അവളുടെ മുഖത്ത് പതിച്ച മഴ തുള്ളികൾ ബാൽക്കണിയിലെ മഞ്ഞ ബൾബ്ന്റെ പ്രകാശത്തിൽ തിളങ്ങി…
“ഇനി ഉള്ള ഓരോ രാവും പകലും നിന്നിൽ പ്രണയം പൂക്കും പെണ്ണേ… “
ജാനവിന്റെ വാക്കുകൾ അവളുടെ കവിളുകളിൽ നാണത്താൽ സിന്ദൂരചുവപ്പ് പടർത്തി…
പക്ഷേ ഈ സമയം മുഴുവൻ ഒന്ന് ഉറങ്ങാൻ പോലും ആകാതെ അഭിമന്യുവിന്റെ ചിന്തകൾ മുഴുവൻ ഋതുവിനെ ഓർത്ത് ശ്വാസമുട്ടുക ആയിരുന്നു..
അവളോട് മാപ്പ് ചോദിക്കാൻ അവന്റെ ഹൃദയം വല്ലാതെ വെമ്പി..
ഒന്ന് കണ്ണടക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മുഴുവൻ അവളുടെ ഇറനണിഞ്ഞ മിഴികൾ ആയിരുന്നു..
നിറക്കണ്ണുകളോടെ ക്ലാസ്സിലേക്ക് പോയി മറഞ്ഞ ഋതുവിന്റെ രൂപം അഭിമന്യുവിനെ വല്ലാതെ വേട്ടയാടി..
അവൻ എഴുന്നേറ്റ് ടേബിൾ ലാമ്പ് ന്റെ വെളിച്ചത്തിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങി.. അമ്മയുടെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അമ്മ നല്ല ഉറക്കം.. വിളിച്ചുണർത്തി സംസാരിക്കാൻ തോന്നാത്തത് കൊണ്ടവൻ മുറിയിലേക്ക് തന്നെ തിരികെ നടന്നു..
പലതവണ മഞ്ജിത്ത് സാർ നെ വിളിക്കാം എന്ന് കരുതിയെങ്കിലും വേണ്ട എന്ന് വച്ചു.. പിന്നെ നേരെ ടെറസിലേക്ക് നടന്നു..
ടെറസിൽ ഷീറ്റ് ഇട്ടിട്ടുള്ളത് കൊണ്ട് മഴ പെയ്തിറങ്ങുമ്പോൾ ഉള്ള ശബ്ദം അവന് അല്പം ആരോചകമായി തോന്നി..
എങ്കിലും പോകാൻ മറ്റൊരിടം ഇല്ലാത്തവനെ പോലെ അവൻ അവിടെ ഇരുന്നു..
തന്റെ ഏതോ ഒരു ശിഷ്യയെ ഓർത്ത് താൻ എന്തിനാണ് ഇങ്ങനെ അസ്വസ്ഥം ആകുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും അവന് മനസിലായില്ല..
ആർത്തുലച്ചു പെയ്യുന്ന മഴ പോലും ഓര്മിപ്പിക്കുന്നത് അവളുടെ നിറഞ്ഞ മിഴികൾ ആണെന്ന ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു.
ആദ്യം ആയിട്ടാണ് താൻ കാരണം ഒരു പെണ്ണിന്റെ കണ്ണ് നിറയുന്നത് എന്നോർത്തപ്പോൾ അവന്റെ ഹൃദയം വല്ലാതെ പിടച്ചു .
കോളേജ് വിട്ട് വന്നപ്പോൾ മുതൽ ഇന്നത്തെ വിശേഷങ്ങൾ അമ്മ ചോദിക്കുന്നുണ്ട് എങ്കിലും തനിക്ക് ഒന്നും പറയാൻ ആകാത്തതിന്റെ കാരണവും അവൾ തന്നെ അല്ലേ…
നമ്മുടെ ചിന്തകൾ ഒരാളിൽ മാത്രം ചുറ്റിതിരിഞ്ഞു ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥ അവൻ അന്ന് ആദ്യം ആയി അനുഭവിച്ചു…
പക്ഷേ ഇതൊക്കെ എന്ത് കൊണ്ടാണ് എന്ന് തിരിച്ചറിയാൻ ആവാതെ അവൻ കുഴഞ്ഞു..
ഇടക്ക് പുസ്തകങ്ങളിലും ഫോണിലും എല്ലാം അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ നിറമിഴികൾ അവനെ ഒന്നിലും ആശ്വാസം കണ്ടെത്താൻ സമ്മതിച്ചില്ല…
എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചപ്പോഴും ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും എന്നൊരു ജാള്യത അവനെ വന്നു പൊതിഞ്ഞു.. എങ്കിലും ഇന്നലത്തെ പോലെ ആർക്ക് മുൻപിൽ താൻ തലകുനിക്കാൻ പാടില്ല എന്നവൻ മനസ്സിൽ കുറിച്ചു.
കോളേജിലേക്ക് ഇറങ്ങുമ്പോഴും അവളോട് ക്ഷമ ചോദിക്കണോ വേണ്ടയോ എന്ന ആശയകുഴപ്പം അവനെ അലട്ടി ..
അത്കൊണ്ട് തന്നെ അവൻ നേരെ പോയത് തന്റെ ഉറ്റ തോഴനും എഴുത്തുകാരനും ആയ ആര്യനെ കാണാൻ ആയിരുന്നു..
“എന്താടാ.. ഇന്ന് കോളേജ് ലീവ് ആണോ…? “
രാവിലെ തന്നെ വീട്ടിലേക്ക് വന്ന അഭിമന്യുവിനെ അതിശയത്തോടെ നോക്കി കൊണ്ട് ആര്യൻ ചോദിച്ചു..
“അ.. അത്.. എ.. എനിക്ക് നിന്നോട് സംസാരിക്കണം… “
അഭിമന്യുവിന്റെ മുഖത്തേ ടെൻഷൻ കണ്ടതും ആര്യൻ അവനെയും വിളിച്ചു കൊണ്ട് ഗാർഡനിലേക്ക് പോയി.. ശേഷം അവന് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ കേട്ടു…
“ഓഹ് ഇതായിരുന്നോ കാര്യം നിന്റെ മുഖം കണ്ടാൽ തോന്നുമല്ലോ എന്തോ വല്യ സംഭവം ആണെന്ന്… “
ആര്യൻ അത് പറഞ്ഞതും അഭി ദേഷ്യത്തോടെ പോകാൻ എഴുന്നേറ്റു…
“ഹാ ചൂടാവല്ലേ മാഷേ… ഇപ്പോൾ അവളോട് മാപ്പ് പറയണോ വേണ്ടയോ എന്നത് അല്ലേ നിന്റെ പ്രശ്നം…
നീ ധൈര്യം ആയിട്ട് മാപ്പ് പറഞ്ഞോ.. അവളോട് ക്ഷമ ചോദിച്ചത് കൊണ്ട് നീ താഴ്ന്നു പോകില്ല.. തെറ്റ് പറ്റിയത് ആരായാലും ക്ഷമ ചോദിക്കുക എന്നത് മോശം കാര്യം ഒന്നുമല്ല. “
ആര്യൻ പറഞ്ഞത് ശരി ആണെന്ന് അഭിമന്യുവിനും തോന്നി അത്കൊണ്ട് തന്നെ ആര്യനോട് യാത്ര പറഞ്ഞ് കോളേജിലേക്ക് പോകുമ്പോൾ പഴയ ടെൻഷൻ അവനിൽ ഇല്ലായിരുന്നു..
കോളേജിൽ എത്തി സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം അവന്റെ മിഴികൾ അവളെ തേടി അലഞ്ഞു .
അവളെ കാണാതെ ആയപ്പോൾ എന്തൊരു സങ്കടം അവനെ വീർപ്പുമുട്ടിച്ചു..
അത്കൊണ്ട് തന്നെ സ്റ്റാഫ് റൂമിൽ ഇരിക്കാതെ അവൻ അവൾക്കായി കോളേജിലെ ഓരോ ഇടനാഴിയിലും അലഞ്ഞു…
അപ്പോഴാണ് ഗുൽമോഹറിന്റെ ചുവട്ടിൽ ബഷീറിന്റെ ബാല്യകാലസഖി യും വായിച്ചു കൊണ്ടിരിക്കുന്ന ഋതുവിനെ അവൻ കണ്ടത്…
അപ്പോൾ തന്നെ അവൻ അവൾക്ക് അരികിലേക്ക് കുതിച്ചു.. അവൻ അവളുടെ അടുത്ത് വന്ന് നിന്നെങ്കിലും വായനയിൽ മുഴുകി ഇരുന്ന അവൾ അത് അറിഞ്ഞില്ല..
അവൻ ചെറുതായി ഒന്ന് മുരടനക്കിയതും അവൾ തല ഉയർത്തി നോക്കി.. അവനെ കണ്ട ഉടനെ തന്നെ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചുവച്ചു കൊണ്ടവൾ ബഹുമാനപൂർവം എഴുന്നേറ്റ് നിന്നു..
അവൾ ഒരു പുഞ്ചിരിയോടെ അവനെ വിഷ് ചെയ്തു. തിരികെ വിഷ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും എന്തോ ഒന്ന് അവനെ തടഞ്ഞു..
(തുടരും… )
പ്രണയം മാത്രം ആയി എഴുതി എനിക്ക് വല്യ പരിചയം ഇല്ല അത്കൊണ്ട് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരിക… കഥയെ കുറിച്ച് ഒരു വരി എങ്കിലും എഴുതാൻ മറക്കരുത്…
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Waiting for next part 😍