Skip to content

പുനർജ്ജനി – 6

Punarjani novel

വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ അറയ്ക്കുള്ളിലെ കട്ടിലിരുന്നു തന്നെ തുറിച്ചു നോക്കുന്നു!!

കഴുത്തിനൊപ്പം നീണ്ടു കിടക്കുന്ന ചുരുണ്ട തലമുടി അലസമായി മുഖത്തേയ്ക്ക് പാറി വീണു കിടക്കുന്നുണ്ട് …

ശ്വാസമെടുക്കാൻ പോലും വല്ലാത്ത പ്രയാസം തോന്നി…

വർഷങ്ങളായി പൂട്ടിയിട്ടിരിയ്ക്കുന്ന മുറിയ്ക്കുള്ളിൽ ഒരാൾ!!

വിശ്വസിയ്ക്കാൻ പ്രയാസം തോന്നി…

പൂർണ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ എന്റെ ശ്വാസോച്ഛാസത്തിന്റെ ശബ്ദം മാത്രം ഉയർന്നു കേട്ടുകൊണ്ടിരുന്നു..

ചലനമറ്റു ശിലാപ്രതിമ കണക്കെ നിന്ന് പോയി… നിമിഷങ്ങളോളം….

പൊടുന്നനെ പിറകിൽ മുറിയുടെ വാതിൽ പൂർണമായും അടയുന്ന ശബ്ദം കേട്ടു!!

അറയ്ക്കുള്ളിലേയ്ക്കുള്ള രഹസ്യ വാതിലും നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ അടഞ്ഞു!!

കൈകാലുകളിൽ വിറയൽ പടർന്നു കയറി!!

ചോർന്നുകൊണ്ടിരിയ്ക്കുന്ന ധൈര്യത്തെ വീണ്ടെടുക്കുവാൻ പാടുപെട്ടു ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരുന്നു…

പക്ഷെ കടന്നു പോവുന്ന ഓരോ നിമിഷവും വലിയൊരു സത്യത്തിന്റെ വാതിൽ എനിയ്ക്ക് മുൻപിൽ തുറന്നു തരികയായിരുന്നു!!

വസ്ത്രവും കഴുത്തോളം നീട്ടിയ മുടിയും മുഖത്തെ ഗൗരവ ഭാവവും മാറ്റി നിർത്തിയാൽ താനും അയാളും തമ്മിൽ കാഴ്ചയ്ക്ക് സമാനരാണ്!!

കറുത്ത നിറമുള്ള താടിയും ശരീരപ്രകൃതിയും ‘റൊമാന്റിക് ഐസ് ‘ എന്ന് അമ്മു കളിയാക്കി വിളിയ്ക്കുന്ന കണ്ണുകളുൾപ്പെടെ  എല്ലാമെല്ലാം പറിച്ചെടുത്തു വച്ചതുപോലെ!!

പക്ഷെ എങ്ങനെ??

ഓർക്കുന്തോറും ആമി വരച്ച ചിത്രങ്ങൾ ഓർമകളിൽ തെളിഞ്ഞു വന്നു…

നൂറു വർഷങ്ങൾക്ക് മുൻപ് മരണം വരിച്ച ആദിത്യൻ!!!

പൊടുന്നനെ കയ്യിലിരുന്ന എമർജൻസി ലൈറ്റ് പിടി വിട്ടു താഴെ വീണു… വീഴ്ചയുടെ ആഘാതത്തിൽ വെളിച്ചം അണഞ്ഞു… ചുറ്റും കട്ട പിടിച്ച ഇരുട്ടിൽ ഞാനാകെ വിയർത്തൊഴുകി… തൊണ്ടയാകെ വറ്റി വരളുന്നത് പോലെ…

ഇരുട്ടിൽ പണിപ്പെട്ടു തിരഞ്ഞൊടുവിൽ എമർജൻസി കയ്യിൽ കിട്ടി…. വേഗത്തിൽ ഓൺ ചെയ്തു നോക്കിയപ്പോൾ അല്പം മുൻപ് വരെ എനിയ്ക്ക് മുൻപിലിരുന്നയാൾ അപ്രത്യക്ഷനായിരിയ്ക്കുന്നു!!

പെട്ടെന്ന് തന്നെ മുകളിലേയ്ക്ക് കയറി വാതിൽ തുറക്കാൻ ശ്രമിച്ചു..

വാതിൽ ആരോ പുറത്തു നിന്നും പൂട്ടിയിരിയ്ക്കുന്നു!!

സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളുടെ പൊരുൾ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…

ഉറക്കെയൊരു ശബ്ദം കേട്ടാൽ പോലും മാനസിക നില തകർന്നു പോയേക്കുമെന്നു ഞാൻ ഭയപ്പെട്ടു..

ഇത്തരമൊരു സാഹസത്തിനു മുതിർന്ന നിമിഷത്തെ മനസ്സാൽ ശപിച്ചുകൊണ്ട് ചാരി വച്ചിരുന്ന ഇരുമ്പു കസേരകളിലൊന്നു വലിച്ചെടുത്തു പതിയെ ഇരുന്നു…

സമയമിഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു…

ചിന്തകൾ കാടു കയറാൻ തുടങ്ങുന്നുണ്ടായിരുന്നു…

പൊടുന്നനെ ആമിയുടെ ചിരിച്ച മുഖം ഓർമയിൽ തെളിഞ്ഞു…

പാടില്ല… ഭയന്നിരുന്നാൽ ഒരുപക്ഷെ അവളെ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടേക്കാം…

ഇവിടെ കണ്ടത് തന്റെ പൂർവ്വ ജന്മമാണെങ്കിൽ പിന്നെന്തിന് ഭയപ്പെടണം??

ഏറെ പ്രയാസപ്പെട്ടാണെങ്കിലും നിമിഷങ്ങൾക്കുള്ളിൽ സമനില വീണ്ടെടുത്തു…

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു തിരച്ചിൽ ആരംഭിച്ചു.. കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള എന്തെങ്കിലും ഒരു തെളിവ് ഇവിടെ നിന്നും കിട്ടാതിരിയ്ക്കില്ല…

അനേകം താളിയോല ഗ്രന്ഥങ്ങൾ അടുക്കി വച്ച പെട്ടികൾ അങ്ങിങ്ങായി കൂട്ടി വച്ചിരിയ്ക്കുന്നു!!

ചുമരുകളിൽ നിറയെ അതിമനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു വച്ചിരിയ്ക്കുന്നു!!

തംബുരു മീട്ടുകയും പാട്ടു പാടുകയും ചെയ്യുന്ന പെൺകുട്ടിയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങൾ!!

നീണ്ട തലമുടിയും ഹൃദയാവർജ്ജകമായ ചിരിയുമുള്ള പെൺകുട്ടി!!

ആമി!!

അത്ഭുതം തോന്നി!!

ആമിയുടെ ചിത്രങ്ങളെങ്ങിനെ ഈ അറയുടെ ചുവരിൽ??

വിവിധ പെട്ടികളിൽ അടുക്കി വച്ചിരിയ്ക്കുന്ന ചെറുപ്പക്കാരനായ യുവാവിന്റെ വസ്ത്രങ്ങൾ…

ചുമരിനോട് ചേർന്ന് ഒതുക്കി വച്ചിരിയ്ക്കുന്ന വീണയും തമ്പുരുവും… ഒന്നിനും പറയത്തക്ക കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നത് അത്യധികം ആശ്ചര്യമായി!!

എല്ലാറ്റിനുമുപരി ഈ മുറിയോടും വസ്തുക്കളോടും വല്ലാത്തൊരാത്മബന്ധമുള്ളതുപോലെ… മുൻപെപ്പോഴോ ഇവയെല്ലാം താൻ കണ്ടിട്ടുണ്ട്!!

മുൻപോട്ടു ചെന്ന് പതിയെ വീണക്കമ്പിയിൽ സ്പർശിച്ചു…

ഒന്നേ തൊട്ടുള്ളൂ… വീണയുടെ മനോഹരമായ ശബ്ദം മുറിയിൽ നിറഞ്ഞു… ഒപ്പം മനോഹരമായ പുരുഷ ശബ്ദത്തിൽ സംഗീതവും ഒഴുകിയെത്തി!!

അകറ്റി നിർത്തിയ ഭയം വീണ്ടുമെന്ന തേടിയെത്തി…

കൈകൾ വീണയിൽ നിന്നും പിൻവലിച്ചതും സംഗീതം നിന്നതും ഒരുമിച്ചായിരുന്നു!!

സംയമനം വീണ്ടെടുത്ത് ഞാൻ വീണ്ടും തിരച്ചിൽ തുടർന്നു…

കവിതകളെഴുതി വച്ച അനേകം പുസ്തകങ്ങൾ!!

പ്രണയ കവിതകൾ!!

എല്ലാം മുൻപെങ്ങോ കേട്ട് മറന്നതാണ്!!

സുപരിചിതമായ ഒരുപാട് സാധനങ്ങൾ !!

സമയം കടന്നു പൊയ്‌ക്കൊണ്ടിരിയ്ക്കവേ നഷ്ടമായതെന്തൊക്കെയോ തിരിച്ചുകിട്ടിയ സന്തോഷം ഹൃദയത്തിൽ നിറഞ്ഞു…

ഞാൻ പോലുമറിയാതെ എനിയ്ക്കെന്തൊക്കെയോ മാറ്റങ്ങൾ സംഭവിയ്ക്കുന്നുണ്ടായിരുന്നു!!

ചുണ്ടിൽ ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത ഏതൊക്കെയോ പാട്ടിന്റെ വരികൾ സ്ഥാനം പിടിച്ചു!!

വശ്യമായ ഈണത്തിൽ…. മനോഹരമായ ശബ്ദത്തിൽ…

അല്പം മുൻപ് വരെ മനസ്സിനെ അലയിരുന്ന ഭയം പൂർണമായും ഇല്ലാതാവുന്നത് ഞാൻ മനസ്സിലാക്കി…

ചുവരിൽ തൂക്കിയിട്ടിരിയ്ക്കുന്ന കണ്ണാടിയിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന പൊടി കയ്യിൽ കിട്ടിയ തുണിയെടുത്തു പതിയെ തുടച്ചു…

വല്ലാത്തൊരു ഞെട്ടൽ ഉടലിനെ പൊതിഞ്ഞു!!

കണ്ണാടിയിൽ കാണുന്ന പ്രതിബിംബം നേരത്തെ മുറിയിൽ കണ്ടയാളുടേത്!!

ശുഭ വസ്ത്ര ധാരിയായ ചെറുപ്പക്കാരൻ!!

മുഖത്തേയ്ക്ക് പാറി വീണു കിടക്കുന്ന ചുരുണ്ട തലമുടി !!

നെറ്റിയിൽ ചന്ദനക്കുറി!!

കൈ വിരലുകൾ കൂട്ടിപ്പിടിച്ചു കണ്ണ് തിരുമ്മി വീണ്ടും നോക്കി…

സത്യമാണ്!!

കണ്ണാടിയിൽ കാണുന്ന പ്രതിബിംബം തന്റേതല്ല!!

വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ ആദിത്യന്റേത്!!

അവിശ്വസനീയം!!

തല രണ്ടായി പിളരുന്നത് പോലെ തോന്നി…

ഓർമകളിൽ ആരോ കടും ചായക്കൂട്ടുകൾ ഒരുമിച്ചു ചേർത്തൊഴിച്ചതുപോലെ!!

സംഭവിയ്ക്കുന്നതെന്താണെന്നു മനസ്സിലാക്കാൻ വിഫല ശ്രമം നടത്തി നോക്കി….

ഏറെ നേരം തല പൊത്തിപ്പിടിച്ചുകൊണ്ടു അടുത്തുള്ള ചെറിയ കട്ടിലിലിരുന്നു..

കണ്ണുകൾ ഇരുക്കിയടച്ചിരുന്നു…

ഓർമ്മകൾ ഏറെ വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു…

പതിയെ പതിയെ പഴയ ഓർമകളിലേക്ക് ആദിത്യൻ കൂപ്പു കുത്തുകയായിരുന്നു!! നൂറു വർഷങ്ങൾക്കു മുൻപുള്ള ആ പഴയ കാലഘട്ടത്തിലേയ്ക്ക്!!

@@@@@@@@@@@@@@@@@

ഇരുളിന്റെ ആദ്യ പാളി പതിയെ പകലിനെ ആലിംഗനം ചെയ്തു തുടങ്ങിയിരുന്നു…

നെറ്റിയിൽ ചന്ദനക്കുറിയുമായി ആദിത്യനും നന്ദനും വെളിച്ചം മങ്ങിത്തുടങ്ങിയ ഇടവഴിയിലൂടെ വീട്ടിലേയ്ക്ക് നടന്നു…

നാട്ടിലെ പേരുകേട്ട ഗാനമേള സംഘത്തിലെ പ്രധാന ഗായകനായിരുന്നു ആദിത്യൻ…

അവധി ദിവസങ്ങളിലുള്ള ഈ അമ്പല ദർശനം പതിവായിട്ടിപ്പോൾ നാളേറെ കഴിഞ്ഞിരിയ്ക്കുന്നു…

“എടാ ആദി.. നിന്റെ ആമിയെന്തു പറയുന്നു??”

“മലയാളം…”

നന്ദന് നേരെ നോക്കി കണ്ണിറുക്കുമ്പോൾ ഒരു ചെറു ചിരി ആദിയുടെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു…

“ഓഹ്… ചിരിയ്ക്കണമായിരിയ്ക്കും…”

“വേണെങ്കിൽ ചിരിയ്ക്കാം…”

“നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഗൗരവമായിട്ടു സംസാരിയ്ക്കുമ്പോൾ തമാശിയ്ക്കരുതെന്ന്..”

നന്ദൻ നെറ്റി ചുളിച്ചു…

“ഓഹ്… ഇല്ല നീ ചോദിയ്ക്ക്…”

“എടാ നീയിതെന്തു ഭാവിച്ചാ?? ഈ നാട്ടിലെ അത്യാവശ്യം പേര് കേട്ട തറവാട്ടിലെ ചെക്കൻ അടുത്ത വീട്ടിലെ അടുക്കളക്കാരിയെ പ്രണയിയ്ക്കുന്നുണ്ടെന്നു നാലാളറിഞ്ഞാൽ എന്താ ഉണ്ടാവാ?? നാട്ടുകാരുടെ കാര്യം പോട്ടെ… നിന്റെ വീട്ടിലറിഞ്ഞാൽ എന്തായിരിയ്ക്കും അവസ്ഥ?? അതറിയോ നിനക്ക്??”

“നീയിതിങ്ങനെ ഇടയ്ക്കിടെ പറയണമെന്നില്ല നന്ദാ… എല്ലാം എനിയ്ക്കറിയാം…”

“ചിന്തിയ്ക്കണം ആദി.. നിന്നെപ്പോലെയല്ല അവളുടെ കാര്യം… ആരോരുമില്ലാത്ത പാവം പെണ്ണാണ്.. ദയ തോന്നി ബന്ധുക്കൾ കൊടുത്ത ആശ്രയം നീ കാരണം ഇല്ലാതായാലുള്ള അവസ്ഥയെക്കുറിച്ചു ഞാൻ ഓർമിപ്പിച്ചെന്നേയുള്ളൂ..”

“അങ്ങനെ ഉപേക്ഷിയ്ക്കാൻ വേണ്ടിയല്ല ആദിത്യൻ അവളെ പ്രണയിച്ചത്… വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ താലി കെട്ടി കൂടെ കൂട്ടിയിരിയ്ക്കും… ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിയ്ക്കാൻ ഈ നാടും നാട്ടുകാരും ഒരു തടസ്സമാണെങ്കിൽ മറ്റെവിടെയെങ്കിലും പോയി ഞങ്ങൾ ജീവിയ്ക്കും.. എന്താ സംശയമുണ്ടോ നിനക്ക്??”

“നിന്നെ സംശയമുണ്ടായിട്ടല്ലടാ.. ആരും കാണില്ലെന്ന് കരുതി കുളക്കടവിലും ഇടവഴികളിലുമെല്ലാം നിങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ പലരും അത് ശ്രദ്ധിയ്ക്കുന്നുണ്ടെന്നു നീ മനസ്സിലാക്കണം… അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ… അവസാനം ആമിയ്ക്കൊരു ചീത്തപ്പെരുണ്ടാവരുത്…”

“നീയെന്തു സുഹൃത്താ നന്ദാ?? എപ്പോഴും ഇതുപോലെ നിരുത്സാഹപ്പെടുത്താതെ വല്ലപ്പോഴും നിനക്കൊന്നു കൂടെ നിന്നൂടെ??”

“എന്താ കൂട്ടുകാര് രണ്ടാളും കൂടെ ഒരു ഗൂഡാലോചന??”

പിറകിൽ നിന്നും അച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ ആ സംസാരം താൽക്കാലികമായി ഉപേക്ഷിച്ചു…

വീടെത്തുവോളം അച്ഛനോടൊപ്പം രസകരമായ മറ്റു സംഭാഷണങ്ങളിൽ മുഴുകി…

അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും വല്യച്ഛനും വല്യമ്മയും അവരുടെ മകനും (ഉണ്ണിയേട്ടൻ) അടങ്ങുന്ന തറവാട് വീട്…

തൊട്ടരികിലുള്ള വീട്ടിലെ അടുക്കളക്കാരിയായ ആമിയുമൊത്തുള്ള പ്രണയം തുടങ്ങിയിട്ട് കൊല്ലം മൂന്നു കഴിഞ്ഞു..

അമ്മായിയുടെയും മകന്റെയും ഉപദ്രവം സഹിയ്ക്ക വയ്യാതെ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ ആമിയെ അമ്മയുടെ ബന്ധുക്കൾ കൂട്ടിക്കൊണ്ടു വന്നു താമസിപ്പിച്ചതാണിവിടെ…

ഇടയ്ക്കിടെ മുറചെറുക്കനെന്ന് അവകാശം പറഞ്ഞ് അയാൾ വന്നു കാണുമെന്നതൊഴിച്ചാൽ അവിടെ അവൾക്ക് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…

ഇല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ പിൻവശത്തെ വാതിൽ പാതി തുറന്നിട്ട് ആദി മുറിയിലേയ്ക്ക് പോയി… എല്ലാ ശനിയാഴ്ചയും പതിവുള്ളതാണിത്..

രാത്രി പതിനൊന്നു മണിയായാൽ ആമിയെത്തും… പുലർച്ചെ നാലു മണി വരെ പിന്നീട് അവരുടെ സമയമാണ്…

മുറിയുടെ ഉള്ളിൽ നിന്നും പൂട്ടി താഴെയുള്ള അറയിലേയ്ക്ക് ചെന്ന് വാതിൽ ബന്ധിച്ചാൽ സ്വസ്ഥം..

സംശയത്തോടെ നീണ്ടു വരുന്ന ദൃഷ്ടികളെയും ചോദ്യങ്ങളെയും കുത്തുവാക്കുകളെയും ഭയക്കാതെ പുലരുവോളം ഒന്നിച്ചിരിയ്ക്കാം.. ആരെയും ഭയപ്പെടാതെ…

ഓരോന്നാലോജിച്ചു വെറുതെ കിടന്നു…

നിമിഷങ്ങൾ കടന്നു പോകവെ വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടു…

മുറിയ്ക്കുള്ളിലേക്കുള്ള കോണിപ്പടിയിറങ്ങി അവൾ അരികിലേക്ക് വന്നപ്പോൾ ആയിരം പൂർണ ചന്ദ്രന്മാർ ഒരുമിച്ചുദിച്ച പോലെ എന്റെ ഹൃദയവും പ്രകാശിച്ചു!!!

(തുടരും…)

രചന:സ്വാതി. കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!