“ആദീ…”
അവളുടെ വിറയാർന്ന ശബ്ദം കാതുകളിൽ പതിച്ചപ്പോൾ ഞാൻ തിരിഞ്ഞു..
ഞാൻ നിന്നിരുന്ന പടവിന്റെ ഒന്ന് രണ്ടു പടവുകൾക്കപ്പുറമായിരുന്നു അവൾ നിന്നിരുന്നത്…
എന്നും കാണുന്ന തെളിച്ചം അവളുടെ മുഖത്തില്ലെന്നു തോന്നി…
കാതുകൾക്കിരുവശത്തു നിന്നും ചെറിയ മുടിയിഴകളെടുത്തു പിറകിൽ കെട്ടി അതിനുമുകളിൽ തുളസിക്കതിർ ചൂടി മാത്രം വരാറുള്ള ആമി ഇന്നാദ്യമായി പതിവിനു വിപരീതമായി അലസമായി മുടിയഴിച്ചിട്ടിരിയ്ക്കുന്നു…
കണ്ണുകൾ കലങ്ങി കണ്മഷി പരന്നിട്ടുണ്ട്… നെറ്റിയ്ക്കു മുകളിൽ എന്നും തൊടാറുള്ള ചെറിയ കറുത്ത പൊട്ടില്ല… അതിനു മുകളിൽ ചന്ദനക്കുറിയില്ല…
അപരാധിയെപ്പോലെ മാറി നിൽക്കുന്ന ആമിയുടെ അരികിലേക്ക് കണ്ണിലൊരായിരം ചോദ്യങ്ങളുമായി നടന്നടുക്കുമ്പോൾ അല്പം മുൻപ് വരെ തോന്നിയ ഭയം എന്നെ സ്പർശിച്ചതേയില്ല!!!!
“ഞാനിന്നലെ പോയിരുന്നു… നീ പറഞ്ഞു തന്ന വഴിയിലൂടെ നിന്റെ മേൽവിലാസവും തേടി….
പക്ഷെ കണ്ട കാഴ്ചകളെല്ലാം ഒന്നിനൊന്നു വിചിത്രമായിരുന്നു… “
“അറിഞ്ഞു…”
“എന്തിനായിരുന്നു കള്ളങ്ങളൊരുപാട് പറഞ്ഞെന്നെ കബളിപ്പിച്ചത്?? എല്ലാം നിനക്കൊരു തമാശയായിരുന്നോ?? പ്രാണൻ പറിച്ചുതന്ന് ഞാൻ സ്നേഹിച്ചത്… എന്റെ ജീവിതത്തിൽ നടന്നതും ഇപ്പൊ നടക്കുന്നതുമായ എല്ലാം ഒന്നിടവിടാതെ നിന്നോട് പങ്കു വച്ചത്… എല്ലാം നിനക്കൊരു തമാശയായിരുന്നോ ആമീ??”
ശബ്ദമില്ലാതെ നിശ്ശബ്ദമായി നോക്കിയതല്ലാതെ അവളുത്തരം തന്നില്ല…
“ഇന്നേവരെ നീയെന്നോട് പറഞ്ഞത് മുഴുവൻ കള്ളങ്ങളായിരുന്നു… നിന്റെ പേര്… വീട്.. നിന്റെ സ്വപ്‌നങ്ങൾ…
എന്തിനായിരുന്നു നീയെന്നോട്? എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തത്?? നിന്നെ സ്നേഹിച്ചതോ?? അതോ നിന്റെ കപട നാടകം കണ്ടു വിശ്വസിച്ചു നിറമുള്ള സ്വപ്നങ്ങളൊരുപാട് നെയ്തു കൂട്ടിയതോ?? പറ… സത്യമറിയാതെ ഞാനിവിടുന്നു പോവില്ല… നീയും..”
കണ്ണന്റെ ശബ്ദത്തിൽ പതിവില്ലാത്ത അമർഷം കലർന്നിരുന്നു…
“ആദീ… ഞാൻ… ഞാൻ പറഞ്ഞതൊന്നും കള്ളമല്ല ആദീ.. ദയവു ചെയ്ത് ഇങ്ങനെയൊന്നും പറയല്ലേ…”
അവളുടെ ശബ്ദം വിറയാർന്നു…
“നിന്റെ ഭാഗം ന്യായീകരിയ്ക്കാൻ ശ്രമിച്ചു ബുദ്ധിമുട്ടണമെന്നില്ല… എന്റെ മനസ്സിലുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം എനിയ്ക്കറിഞ്ഞേ തീരു… നീയാരാണ്.. എവിടെ നിന്നു വരുന്നു.. എനിയ്ക്കു മുൻപിൽ കെട്ടിയാടിയ നാടകത്തിന്റെ അർത്ഥോദ്ദേശം… എല്ലാം വ്യക്തമായി പറഞ്ഞു തീർക്കാതെ നമ്മളിവിടുന്നു പിരിയില്ല..”
“സത്യമായിട്ടും ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല ആദി… കാര്യങ്ങൾ മനസ്സിലാക്കാതെ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തരുത്…”
കവിളിലേയ്ക്കൊഴുകി വീണ കണ്ണുനീരിനെ പുറം കൈ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവൾ ആദിയെ നോക്കി പറഞ്ഞു..
“അഭിരാമി എന്നൊരു പെൺകുട്ടി ഈ ഗ്രാമത്തിലില്ല!! സ്വന്തമാണെന്നു നീയവകാശപ്പെടുന്ന വീടാണെങ്കിൽ പാതി ജഢമായി മരണം കാത്തു കിടക്കുന്നു… സ്ഥിരമായി ധാവണി ധരിയ്ക്കുന്ന ഒരു പെൺകുട്ടി പോലും ഇന്നീ ഗ്രാമത്തിലില്ല!!
നീ പറയുന്നതെല്ലാം സത്യമാണെങ്കിൽ പിന്നെ നീയാര്? വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുപോയി മോക്ഷം പ്രാപ്തമാവാതെ അലഞ്ഞു തിരിയുന്ന ആത്മാവോ??”
നിമിഷങ്ങൾ തണുത്ത നിശ്ശബ്ദതയിൽ മരവിച്ചുകൊണ്ടേയിരുന്നു…
“ഭ്രാന്തിന്റെ തൂക്കുപാലത്തിൽ എന്റെ മനസ്സിനെ കൊണ്ട് ചെന്നെത്തിച്ചിട്ട് മൗനം പാലിച്ചിരിയ്ക്കാൻ നിനക്കെങ്ങനെ കഴിയുന്നു ആമീ??
പറ… വസു പറഞ്ഞതുപോലെ നീയൊരു യക്ഷിയാണോ??? കെട്ടുകഥകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള, പൊടിപ്പും തൊങ്ങലും വച്ച് അവരവതരിപ്പിച്ചു ഭയപ്പെടുത്തുന്ന തരത്തിലുള്ളൊരു പ്രേതാത്മാവാണോ നീ?? പറയെടി…”
ആമിയുടെ ഇരു ചുമലിലും കൈകളമർത്തി ചോദ്യങ്ങളെറിയുമ്പോൾ കണ്ണന്റെ ശബ്ദമുയർന്നു…
“അതെ….”
“എന്ത്???”
വിശ്വസിയ്ക്കാനാവാതെ അവൻ ആമിയുടെ കണ്ണുകളിലേക്ക് നോക്കി..
“ഇത്രയും നാൾ ആദി കരുതിയത് പോലെ ഞാനൊരു മനുഷ്യ സ്ത്രീയല്ല… ഒരു നൂറ്റാണ്ടോളമായി മോക്ഷ പ്രാപ്തി നേടാതെ അലഞ്ഞു നടക്കുന്നൊരു പ്രേതാത്മാവാണ്…”
കുളത്തിന്റെ ചുറ്റുമതിലിൽ കാതു കൂർപ്പിച്ചിരുന്ന അമ്പലപ്രാവുകൾ ശക്തിയോടെ ചിറകടിച്ചു ദൂരേയ്ക്ക് പറന്നു…
കുളപ്പടവിൽ വീണുകിടന്ന കരിയിലകൾ കാറ്റിൽ പെട്ട് കുളത്തിലേക്ക് പാറി വീണു…
കേൾക്കരുതെന്നു ആഗ്രഹിച്ച മറുപടി കാതുകളിൽ തറച്ചിറങ്ങിയപ്പോൾ പൊള്ളലേറ്റതുപോലെ അവളുടെ ചുമലുകളിൽ നിന്നും കണ്ണൻ കൈ പിൻവലിച്ചു…
പാടുപെട്ടു ചുവടുകൾ പിൻവലിച്ചു അവൻ കുളപ്പടവിൽ തളർന്നിരുന്നു പോയി!!!
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി…മൗനത്തിന്റെ വേലിയേറ്റം പറയാനുറച്ച വാക്കുകളെ വിഴുങ്ങിക്കൊണ്ടേയിരുന്നു…
“ഞാനിതു വിശ്വസിക്കില്ല ആമി… നീ കള്ളിയാണ്… പെരുങ്കള്ളി!!
അതുമല്ലെങ്കിൽ സാഡിസ്റ്റ്… എന്റെ വേദന കണ്ടു സന്തോഷിയ്ക്കാൻ മനപ്പൂർവ്വം നീ കെട്ടി ചമച്ച കഥകളാവുമിതൊക്കെ…
അല്ലാതെ ആത്മാവും യക്ഷിയുമൊന്നുമില്ല… ദൈവത്തിൽ പോലും വിശ്വസിയ്ക്കാത്ത ഞാൻ ഇതുപോലൊരു വലിയ കള്ളം ഒരിയ്ക്കലും വിശ്വസിക്കില്ല…”
തന്റെ ശബ്ദത്തിൽ സ്വയമറിയാതൊരു കിതപ്പ് പടർന്നു കയറുന്നുണ്ടെന്നു തോന്നി അയാൾക്ക്…
“എന്തിന്?? ആദിയോട് കള്ളം പറഞ്ഞിട്ട് എനിയ്‌ക്കെന്തു നേട്ടം?? ഞാൻ പറഞ്ഞത് മുഴുവൻ പകൽ പോലെ സത്യമാണ്… ഞാൻ ആണയിടുന്നു… ഇതാണ് സത്യം… ഈ പാലപ്പൂവിന്റെ ഗന്ധം ആദിയ്ക്ക് തിരിച്ചറിയാനാവുന്നില്ലേ?? മനുഷ്യർക്ക് ഇത്തരം ഗന്ധമുണ്ടാവില്ലല്ലോ..
എന്നെങ്കിലും ആദി എല്ലാ സത്യങ്ങളും തിരിച്ചറിയുമെന്നു എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു… ഞാനേറെ ഭയന്നിരുന്ന ദിവസമാണിത്…”
അവളുടെ കണ്ണുകളിൽ ദൈന്യത തളം കെട്ടിയിരുന്നു…
“അങ്ങനെയെങ്കിൽ… നീയെന്തിന് എന്നെ തേടി വന്നു?? നീയൊരു മിഥ്യയാണ്… ഞാൻ സത്യവും.. നമ്മൾ തമ്മിൽ രാവും പകലും പോലെ വലിയ അന്തരമുണ്ട്… എല്ലാമറിഞ്ഞിട്ടും നീ എന്തിനിതൊക്കെ ചെയ്തു കൂട്ടി?? എന്താ നിന്റെ ഉദ്ദേശം??”
“അത്… ഞാൻ..”
“യക്ഷികൾ പരകായ പ്രവേശത്തിന് വേണ്ടിയും വിശപ്പടക്കാൻ വേണ്ടിയുമെല്ലാം മനുഷ്യ ശരീരം തിരഞ്ഞെടുക്കുമെന്നു കഥകളിൽ ഒരുപാട് വായിച്ചിട്ടുണ്ട്… അതുപോലൊരു ശരീരം മാത്രമായിരുന്നോ ഞാൻ നിനക്ക്??”
“ആദിയുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ പറഞ്ഞു തരാം… എന്നോടൊപ്പം കുറച്ചു സമയം ഒന്ന് വരാമോ?”
യാചനാ ഭാവത്തിൽ അവളത് പറഞ്ഞപ്പോൾ നിരസിയ്ക്കാൻ മനസ്സനുവദിച്ചില്ല…
നട്ടുച്ചയ്ക്ക് പോലും താപം കടന്നു വരാത്ത വിധം മരങ്ങൾ തണൽ വീഴ്ത്തിയ നടപ്പാതകളിലൂടെ അവൾ മുൻപോട്ടു നടന്നുപ്പോൾ ജിജ്ഞാസയോടെ ഞാനവളെ പിന്തുടർന്നു…
വഴികളിലെങ്ങും കനത്തിൽ വീണു മൂടിയ കരിയിലകൾക്കിടയിലൂടെ ചെറു ജീവികൾ അവളെ ശ്വാസമടക്കി നോക്കുന്നതുപോലെ തോന്നി…
പൂർണ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ അവളുടെ കൊലുസിന്റെ താളത്തിലുള്ള ശബ്ദം മാത്രം ഉയർന്നു കേട്ടു…
യാത്രയ്‌ക്കൊടുവിൽ ആ പഴയ ഇടിഞ്ഞു വീഴാറായ വീടിനു മുന്പിലെത്തി ചേർന്നപ്പോൾ ഞാൻ സംശയ ഭാവത്തിൽ അവളെ നോക്കി…
കൂടെ വരാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു അവൾ മുൻപിൽ നടന്നപ്പോൾ നേരിയ ഭയം തോന്നിയെങ്കിലും ഞാൻ പുറമെ കാണിച്ചില്ല…
വീടിന്റെ അകത്തേയ്ക്ക് നിസ്സംശയം അവൾ കയറിയപ്പോൾ തീർത്തും നിർവികാരതയോടെ ഞാനവളെ അനുഗമിച്ചു…
പൊടി പിടിച്ചു വിജനമായൊരു മുറിയിൽ സൂക്ഷിച്ചു വച്ച വർഷങ്ങൾ പഴക്കം തോന്നിയ്ക്കുന്ന ഇരുമ്പു പെട്ടി കയ്യിലെടുത്തു അവൾ പതിയെ തുറന്നു…
“ആദിയ്ക്കറിയോ?? ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ പെട്ടിയ്ക്ക്… പക്ഷെ ഇതിനുള്ളിലുള്ളതെല്ലാം കേടു വരാതെ ഞാൻ സൂക്ഷിച്ചു വെച്ചതാണ്… ആദി വരുമ്പോൾ കാണിയ്ക്കാൻ..”
പഴമയുടെ ഗന്ധമുള്ള ഒരു പുസ്തകം അവളെനിയ്ക്കു നേരെ നീട്ടി… ചായങ്ങൾ അല്പം പടർന്നിട്ടുണ്ടെങ്കിലും ചിത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നു…
ഓരോ പേജുകൾ മറിയ്ക്കും തോറും നൂറായിരം സംശയങ്ങൾ എന്റെ ഉള്ളിൽ ജന്മം കൊണ്ടു…
അതിന്റെ എല്ലാ പേജുകളും എന്റെ ചിത്രങ്ങളായിരുന്നു… ചന്ദനക്കുറിയുണിഞ്ഞ, മുണ്ടും ഷർട്ടും ധരിച്ച എന്റെ ചിത്രങ്ങൾ… അതും നൂറു വർഷങ്ങള്ക്കു മുൻപ് വരച്ച ചിത്രങ്ങൾ!!!
തലയ്ക്കുള്ളിൽ അവ്യക്തമായി അനേകം സംഭവങ്ങൾ കെട്ടഴിയുന്നതുപോലെ തോന്നിയെനിയ്ക്ക്….
വിശ്വസിയ്ക്കാൻ പ്രയാസം തോന്നി..
“ഇത്… ഇത് ആമി വരച്ച ചിത്രങ്ങളാണോ???”
“അതെ… മരിയ്ക്കുന്നതിനു മുൻപ് ഞാൻ വരച്ച ചിത്രങ്ങളാണിത്…”
“പക്ഷെ നൂറു വർഷങ്ങള്ക്കു മുൻപ്… ഇതെങ്ങനെ?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല…”
“ഇത് കണ്ടിട്ടും ആദിയ്ക്ക് ഒന്നും ഓർമ വരുന്നില്ലേ??”
“ഓർമ വരാനോ?? നീയെന്തൊക്കെ ഭ്രാന്താ വിളിച്ചു പറയുന്നത് ആമി?? നമ്മൾ തമ്മിൽ കണ്ടു മുട്ടിയത് തന്നെ ദിവസങ്ങൾക്കു മുമ്പല്ലേ?? പിന്നെ നൂറു വർഷങ്ങള്ക്ക് മുൻപ് നീ വരച്ചുകൂട്ടിയ ചിത്രങ്ങൾക്കെല്ലാം എങ്ങനെ എന്റെ രൂപം കൈ വന്നു??”
അവളുടെ കണ്ണുകളിൽ വീണ്ടും നിരാശ പടർന്നു കയറി…
എന്റെ കൈ പിടിച്ചുകൊണ്ട് അവൾ മറ്റൊരു മുറിയിലേയ്ക്ക് നടന്നു.. ചിതലരിച്ച ഒരു പഴയ തംബുരു അവളെനിയ്ക്കു നേരെ എടുത്തു കാണിച്ചു… എവിടെയോ കണ്ടു മറന്നത് പോലെ ആ തംബുരു എന്റെ ഓർമകളിൽ അവ്യക്തമായി തെളിഞ്ഞു…
“നോക്ക്… നിന്നെ കാണിയ്ക്കാൻ വേണ്ടി മാത്രം ഞാൻ സൂക്ഷിച്ചതാണിത്… നോക്ക് ആദി… ഓർമ വരുന്നുണ്ടോ എന്തെങ്കിലും??”
ഇല്ലെന്നു തലയാട്ടാനാണ് തോന്നിയത്…
ഭ്രാന്തമായ ആവേശത്തോടെ പൊടി പിടിച്ചതും മൃതിയുടെ അവസാന നിമിഷങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിയ്ക്കുന്നതുമായ എന്തൊക്കെയോ വസ്തുക്കൾ അവൾ എനിയ്ക്ക് നേരെ കാണിച്ചു…
അറിയില്ലെന്ന് തലയാട്ടുമ്പോഴും ഓർമകളിലെങ്ങോ അവ്യക്തമായി അവയെല്ലാം എന്നെ എന്തൊക്കെയോ ഓർമിപ്പിച്ചു… ഓർത്തെടുക്കാൻ കഴിയാത്ത വിധം എല്ലാമെല്ലാം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു…
നിറ കണ്ണുകളോടെ അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…
ഓരോ തുള്ളി കണ്ണു നീരും അവളുടെ കവിളുകളെ സ്പർശിച്ചുകൊണ്ടു ഉതിർന്നു വീഴുമ്പോൾ അറിയാതെ എന്റെ ഹൃദയവും നീറിക്കൊണ്ടേയിരുന്നു…
കുനിഞ്ഞ ശിരസ്സുമായി അവൾ പുറത്തേക്കിറങ്ങി…
“ആമി… നിനക്കെന്താ പറ്റിയത്?? ശരിയ്ക്കും നീയെന്തിനാ എന്നെ തേടി വന്നത്?? എന്താ നമ്മൾ തമ്മിലുള്ള ബന്ധം?? എനിയ്ക്കറിയണം…”
അവളുടെ കണ്ണുകളിൽ വിവിധ ഭാവങ്ങൾ മാറി മറിയുന്നുണ്ടായിരുന്നു…
എന്റെ കണ്ണുകളിലേക്ക് നോക്കി വല്ലാത്തൊരു ഭാവത്തോടെ അവൾ പറയാൻ തുടങ്ങി…
“പ്രണയം… നൂറു വർഷങ്ങള്ക്കു മുൻപ് ഇതേ ഗ്രാമത്തിൽ ഇതേ സ്ഥലങ്ങളിൽ പ്രണയിച്ചു നടന്നവരായിരുന്നു നമ്മൾ… തീവ്രമായ… മരണത്തിനു പോലും അവസാനിപ്പിയ്ക്കാനാവാത്ത പ്രണയം…
കാത്തിരിയ്ക്കുകയായിരുന്നു ഞാൻ… വർഷങ്ങളോളം… നൂറു വർഷങ്ങളായി ആദിയുടെ വരവിനായി മാത്രം … പൊലിഞ്ഞു പോയ നമ്മുടെ പ്രണയത്തിന്റെ സാഫല്യത്തിനു വേണ്ടി മാത്രം…”
അവളുടെ ഓരോ വാക്കുകളും ഞെട്ടലോടെ മാത്രം ഞാൻ കേട്ടു…
“എന്ന് വച്ചാൽ??നൂറു വർഷങ്ങള്ക്കു മുൻപ് നിന്നോടൊപ്പം ഞാനും ഇവിടെ പ്രണയിച്ചു നടന്നിരുന്നു എന്നാണോ??”
“അതെ… വർഷങ്ങൾക്കു ശേഷം പുനർജ്ജന്മം സ്വീകരിച്ചു ആദി സ്വമേധയാ ഇങ്ങോട്ട് വന്നത് എനിയ്ക്ക് വേണ്ടിയാണ്…. സമയവും നിമിത്തവും ആദിയെ ഇങ്ങോട്ട് കൊണ്ട് വന്നില്ലേ??? കാലം ആദിയുടെ മനസ്സിൽ എന്നെ വീണ്ടും പ്രതിഷ്ഠിച്ചില്ലേ?? എന്റെ പ്രണയത്തിനും കാത്തിരുപ്പിനും വർഷങ്ങളുടെ ആഴവും ഉറപ്പുമുണ്ട്…”
“പക്ഷെ ആമി… എന്തുകൊണ്ട് പുനർജ്ജന്മം എന്നെ മാത്രം കടാക്ഷിച്ചു??? നീയിപ്പോഴും മോക്ഷം കിട്ടാതെ അലയുന്നതെന്താ??? നമുക്കിടയിൽ എന്താണ് സംഭവിച്ചത്?? നമ്മുടെ പ്രണയം മരണത്തിനു കീഴടങ്ങിയതെങ്ങനെ? പറ ആമീ… എനിയ്ക്കെല്ലാം അറിയണം…”
“ആദിയ്ക്ക് എല്ലാം മനസ്സിലാവാൻ ഇനി ഒരൊറ്റ വഴി മാത്രമേ എന്റെ മുൻപിലുള്ളൂ… വാ…”
എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ വീടിന്റെ പാടിവാതിൽ കടന്നു മുൻപോട്ടു നടന്നു…
(തുടരും….)
രചന: സ്വാതി.കെ.എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission