എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല. അർച്ചനയുടെ ഉള്ളിലെ മഴമേഘങ്ങളെല്ലാം അവന്റെ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അവൾ സ്വയമടങ്ങട്ടെന്ന് കരുതി സിദ്ധാർഥ് അവളെ തടയാനും പോയില്ല. അവന്റെ വിരലുകൾ പതിയെ അവളുടെ മുടിയിഴകളെ തലോടിക്കോണ്ടിരുന്നു.
” അതേ നിന്നുനിന്ന് എന്റെ കാലുകഴക്കുന്നു “
കുറച്ചു സമയം കൂടി കഴിഞ്ഞ് ചെറുചിരിയോടെ അവളുടെ കാതോരം വന്ന് പതിയെ അവന്റെ അധരങ്ങൾ മൊഴിഞ്ഞു. പെട്ടന്ന് ഒരു നാണത്തോടെ അവൾ അവനിൽ നിന്നും അടർന്ന് മാറി.
” എന്തിനായിരുന്നു അച്ചൂ ഇതൊക്കെ ??? “
അല്പം നേരത്തിന് ശേഷം സിദ്ധാർഥ് പതിയെ ചോദിച്ചു. അപ്പോഴേക്കും അർച്ചനയുടെ മിഴികൾ വീണ്ടും തുളുമ്പിത്തുടങ്ങിയിരുന്നു.
” മനഃപൂർവമല്ല സിദ്ധുവേട്ടാ എന്റെ മുന്നിൽ അപ്പൊ വേറെ വഴികളൊന്നുമുണ്ടായിരുന്നില്ല. അച്ഛൻ പോയതിന്റെ ഷോക്കിൽ നിന്നും അമ്മ പതിയെ പുറത്തേക്ക് വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് സിദ്ധുവേട്ടന്റെ അച്ഛൻ …. അതമ്മയെ വല്ലാതെ വേദനിപ്പിച്ചു. പൂർണമായും തകർന്നടിഞ്ഞുപോയ ആ പാവത്തിനെ വീണ്ടും നോവിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ടാ ഞാനന്ന്…. “
” നമ്മളൊരുമിച്ച് സ്വപ്നം കണ്ട ജീവിതം നിസ്സാരമായി വലിച്ചെറിഞ്ഞുകളഞ്ഞതല്ലേ ??? “
അവൾ പറഞ്ഞുനിർത്തിയതിന് പിന്നാലെ പെട്ടന്നത് ചോദിക്കുമ്പോൾ സിദ്ധാർദ്ധിന്റെ സ്വരമിടാറിയിരുന്നു. ആ വാക്കുകൾ അവളുടെ ഹൃദയത്തെ കീറി മുറിച്ചു.
” അന്നെല്ലാം ഉപേക്ഷിക്കുമ്പോൾ നഷ്ടങ്ങളെല്ലാം എനിക്ക് മാത്രമാണെന്ന് ഞാൻ കരുതി . കുറച്ച് വൈകിയാണെങ്കിലും സിദ്ധുവേട്ടൻ എന്നെ മറക്കുമെന്നും വിചാരിച്ചു. പക്ഷേ എന്റെയാ തീരുമാനം സിദ്ധുവേട്ടനെ ഇത്രയും തകർത്തുകളയുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല സിദ്ധുവേട്ടാ….. “
തേങ്ങിക്കരഞ്ഞുകൊണ്ട് അർച്ചന പറഞ്ഞു നിർത്തി.
” നിനക്ക് തെറ്റ് പറ്റിയത് അവിടെയൊന്നുമല്ലച്ചൂ എന്നെ മനസിലാക്കുന്നിടത്താണ്. എന്റച്ഛനെയോ നിന്റമ്മയെയോ ഞാൻ കുറ്റപ്പെടുത്തില്ല. ഞാൻ സ്നേഹിച്ച നിനക്ക് തിരിച്ചറിയാൻ കഴിയാത്ത എന്റെ സ്നേഹത്തിന്റെ ആഴം അവരെങ്ങനെ തിരിച്ചറിയാനാ ??? “
നനവ് പടർന്ന കണ്ണുകൾ രണ്ട് വിരലുകൾ കൊണ്ട് അമർത്തിത്തുടച്ചുകൊണ്ട് സിദ്ധാർഥ് പറഞ്ഞു.
” എന്നോട് ക്ഷമിക്ക് സിദ്ധുവേട്ടാ … “
പറഞ്ഞതും അർച്ചന അവന്റെ നെഞ്ചിലേക്ക് വീണ് അവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ഇരുകൈകൾ കൊണ്ടും അവളെ ചുറ്റിപ്പിടിച്ച് അവനാ നെറുകയിൽ ഉമ്മ
വച്ചു.
” കുടിക്കുന്നില്ലേ ???? “
തന്നെത്തന്നെ നോക്കി നിന്ന സിദ്ധാർദ്ധിനോടായി അവൾ ചോദിച്ചു.
” കുടിക്കണോ ?? “.
ഒരു കള്ളച്ചിരിയോടെ അവൻ മറുചോദ്യം ചോദിച്ചു.
” എന്നോട് പ്രതികാരം ചെയ്യണ്ടേ ??? “
അവനെ കളിയാക്കിക്കൊണ്ട് അർച്ചന വീണ്ടും ചോദിച്ചു.
” നിന്നോടുള്ള പ്രതികാരം ഞാൻ തുടങ്ങാൻ പോണതേയുള്ളൂ. അത് പക്ഷേ കുടിച്ച് വാള് വെച്ചിട്ടല്ല. “
പറഞ്ഞതും അവനവളെ വീണ്ടും കൈക്കുള്ളിലൊതുക്കി. അവളുടെ കണ്ണുകളിൽ അമർത്തി ഉമ്മ
വച്ചു.
” സിദ്ധുവേട്ടാ വിട് ആരെങ്കിലും വരും “
അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് അർച്ചന പതിയെ പറഞ്ഞു. പക്ഷേ അവന്റെ കൈകൾ ഒന്നുകൂടി മുറുകുകയാണ് ചെയ്തത്. എങ്ങനെയൊക്കെയോ അവനെ തള്ളിമാറ്റി അർച്ചന പുറത്തേക്ക് ഓടി.
” ഈ പെണ്ണിന്റെയൊരു കാര്യം …. “
പുഞ്ചിരിയോടെ സിദ്ധാർഥ് സ്വയം പറഞ്ഞു.
” എന്താ മോളെ മുഖമൊക്കെയൊന്ന് ചുവന്നിട്ടുണ്ടല്ലോ ???? “
തന്റെ സീറ്റിൽ വന്നിരുന്ന അർച്ചനയ്ക്കരികിലേക്ക് ചെയർ നിരക്കി വന്നുകൊണ്ട് അലീന ചോദിച്ചു. നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.
” ഇനിയെന്തൊക്കെ കാണേണ്ടി വരുമോ എന്തോ … “
അവളെ നോക്കി ഒരു കള്ളച്ചിരിയോടെ അലീന പറഞ്ഞു. പെട്ടന്ന് അർച്ചനയുടെ നഖങ്ങൾ അവളുടെ കൈത്തണ്ടയിലമർന്നു.
” ആഹ് …. എന്തിനാടീ ജന്തൂ എന്നെ നുള്ളിയത് ?? “
വേദനയിൽ മുഖം ചുളുക്കിക്കൊണ്ട് അലീന ചോദിച്ചു. പെട്ടന്നാണ് ടേബിളിലിരുന്ന അർച്ചനയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.
” ഞാൻ പോണേ നമ്മളിനി സ്വർഗത്തിലെ കട്ടുറുമ്പാകും “
ഡിസ്പ്ലേയിൽ തെളിഞ്ഞ സിദ്ധാർദ്ധിന്റെ പേര് കണ്ട് ചിരിയോടെ പറഞ്ഞുകൊണ്ട് അലീന തന്റെ ടേബിളിനരികിലേക്ക് നിരങ്ങി നീങ്ങി.
സന്ധ്യയോടെ സിദ്ധാർദ്ധിന്റെ കാർ മംഗലത്ത് ഗേറ്റ് കടന്ന് അകത്തേക്ക് വന്നു. പൂമുഖത്ത് സംസാരിച്ചുകൊണ്ടിരുന്ന മഹാദേവനും സുമിത്രയും പരസ്പരം നോക്കി. കാറിൽ നിന്നിറങ്ങി അകത്തേക്ക് വന്ന അവനെക്കണ്ട് അവർ വീണ്ടും അമ്പരന്നു. അവനൊരൽപം പോലും മദ്യപിച്ചിരുന്നില്ല. സന്ധ്യകഴിഞ്ഞാൽ കുടിച്ച് ബോധം നശിക്കുന്ന മകനെ നാളുകൾക്ക് ശേഷം സ്വബോധത്തോടെ കണ്ട സന്തോഷത്തിൽ സുമിത്രയുടെ മിഴികൾ അറിയാതെ നിറഞ്ഞു.
” അമ്മയെന്താ ഇങ്ങനെ നോക്കുന്നത് ????? “
അകത്തേക്ക് കയറി വന്ന സിദ്ധാർഥ് ചിരിയോടെ ചോദിച്ചു.
” അല്ല ഇന്നെന്താ ഒരു മാറ്റമെന്ന് നോക്കുവായിരുന്നു. “
സുമിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
” എന്നും ഒരുപോലായാൽ മതിയോ ഇടക്കൊക്കെ ഒരു മാറ്റമൊക്കെ വേണ്ടേ കുട്ടീ “
കണ്ണിറുക്കി ചിരിച്ചുകൊണ്ട് സിദ്ധാർഥ് മുകളിലേക്ക് നടന്നു. മഹാദേവന്റെ മുഖത്തും മനസ്സ് നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.
” ഈശ്വരാ….. എന്റെ കുഞ്ഞിന് നേർവഴി കാട്ടിക്കൊടുക്കണേ… “
നിറകണ്ണുകളോടെ സുമിത്ര പ്രാർത്ഥിച്ചു. പറഞ്ഞില്ലെങ്കിലും മഹാദേവന്റെ മനസ്സിലും അപ്പോൾ അതുതന്നെയായിരുന്നു. സിദ്ധാർഥ് മുറിയിലെത്തി ഒരു മൂളിപ്പാട്ടോടെ ബാത്‌റൂമിലേക്ക് കയറി. തണുത്ത വെള്ളം ശിരസ്സിലൂടെ ഒഴുകിയിറങ്ങുമ്പോൾ അവന്റെ മനസ്സിലും ശരീരത്തിലും പതിവില്ലാത്ത ഒരുതരം കുളിര് തോന്നി. കുളി കഴിഞ്ഞിറങ്ങി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകാൻ തുടങ്ങുമ്പോഴായിരുന്നു സുമിത്ര മുറിയിലേക്ക് വന്നത്.
” എന്റെ കണ്ണാ വയസ്സ് ഇരുപത്തിയേഴായില്ലേ ഇതുവരെ തല നേരെ തുടക്കാനറിയില്ലേ നിനക്ക് ??? “
അവന്റെ തലമുടി നോക്കി സുമിത്ര ചോദിച്ചു. അവൻ തല വെട്ടിച്ചുകൊണ്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
” ഇങ്ങോട്ട് വന്നിരിക്ക് കണ്ണാ “
കസേരയിൽ വിരിച്ചിട്ടിരുന്ന തോർത്തെടുത്തുകൊണ്ട് സുമിത്ര വിളിച്ചു. അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ അവർക്കരികിലായി ബെഡിൽ ചെന്നിരുന്നു. തല തോർത്തിക്കഴിഞ്ഞതും സിദ്ധാർഥ് പതിയെ അവരുടെ മടിയിലേക്ക് കിടന്നു. സുമിത്ര വാത്സല്യത്തോടെ അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
” കണ്ണാ…. അമ്മയൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ??? “
സുമിത്ര പതിയെ ചോദിച്ചു.
” ഒന്നല്ല ഒരമ്പത് കാര്യം ചോദിച്ചാലും എന്റമ്മയോട് ഞാൻ സത്യമേ പറയൂ … “
മലർന്ന് കിടന്ന് അവരുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.
” നിന്റെ മനസ്സിൽ ഇപ്പോഴും ആ കുട്ടിയോട് സ്നേഹമുണ്ടോ ??? “
” ഏത് കുട്ടി ??? “
ഒന്നും മനസ്സിലാവാത്തത് പോലെ സിദ്ധാർഥ് ചോദിച്ചു.
” ദേ കണ്ണാ എന്നെ ദേഷ്യം പിടിപ്പിക്കരുത്. അവനൊന്നും മനസ്സിലായിട്ടില്ല ഞാൻ അർച്ചനേടെ കാര്യാ ചോദിച്ചത്. “
കൃത്രിമദേഷ്യത്തോടെ സുമിത്ര പറഞ്ഞു. സിദ്ധാർഥ് പതിയെ ഒന്ന് ചിരിച്ചു.
” അന്നും ഇന്നും അവളെ മാത്രേ ഞാൻ സ്നേഹിച്ചിട്ടുള്ളമ്മേ . അവളെന്നും എന്റെ പ്രാണനാണ്. “
അവനത് പറയുമ്പോൾ ആ മുഖത്ത് തന്നെയായിരുന്നു സുമിത്രയുടെ മിഴികൾ. അവൻ പറഞ്ഞതൊക്കെ വെറുതേ മൂളിക്കേട്ട് എന്തൊക്കെയോ ആലോചിച്ചുകൊണ്ട് സുമിത്ര പതിയെ താഴേക്ക് നടന്നു. അവർ പോയതും സിദ്ധാർഥ് പതിയെ കിടക്കയിലേക്ക് കയറിക്കിടന്നു. അപ്പോഴും അവന്റെ ഉള്ള് നിറയെ അർച്ചനയായിരുന്നു.
” ഇന്നെന്താ സുമീ കണ്ണനൊരു മാറ്റം ??? “
രാത്രിയിൽ മുറിയിലേക്ക് വന്ന സുമിത്രയോടായി മഹാദേവൻ ചോദിച്ചു.
” എന്തായാലും വേണ്ടില്ല ഇനിയെങ്കിലും അവനാ പഴയ ശീലങ്ങളൊക്കെ ഒന്ന് അവസാനിപ്പിച്ചാൽ മതിയായിരുന്നു. “
കിടക്കയിൽ അയാളുടെ അരികിലായി വന്നിരുന്നുകൊണ്ട് സുമിത്ര പറഞ്ഞു. മഹാദേവൻ എന്തൊക്കെയോ ആലോചിച്ചിരുന്ന് വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു.
നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഘോഷത്തിലായിരുന്നു സിദ്ധുവും അർച്ചനയും. ദിവസങ്ങൾകൊണ്ട് സിദ്ധാർഥ് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന് കഴിഞ്ഞിരുന്നു. മഹാദേവനോടുള്ള അവന്റെ അകൽച്ചയും നാൾ തോറും കുറഞ്ഞുകുറഞ്ഞ് വന്നുകൊണ്ടിരുന്നു. അങ്ങനെ മൂന്ന് മാസങ്ങൾ കൂടി വളരെ വേഗത്തിൽ കടന്നുപോയി.
” ഡീ അച്ചൂ നിന്റെ ഫോൺ റിങ് ചെയ്യുന്നു “
അലീനയുടെ സ്വരം കേട്ട് ബാത്‌റൂമിലായിരുന്ന അർച്ചന ധൃതിയിൽ ഓടി വന്ന് ഫോണെടുത്തു. ശ്രീദേവിയായിരുന്നു വിളിച്ചത്.
” ഹലോ അമ്മേ… “
കിതപ്പോടെ അവൾ വിളിച്ചു.
” മോളെ നീ ഓഫീസിലേക്കിറങ്ങാറായോ ?? “
ശ്രീദേവി ചോദിച്ചു.
” ഇല്ലമ്മേ സമയാവണതേയുള്ളൂ. “
അവൾ പറഞ്ഞു.
” എങ്കിൽ നീയിപ്പോതന്നെ ഇങ്ങോട്ട് പോരെ “
” എന്താമ്മേ അമ്മയ്ക്ക് വല്ലതും പറ്റിയോ അവിടെന്തേലും പ്രശ്നമുണ്ടോ ??? “
ശ്രീദേവി പറഞ്ഞത് കേട്ട് ആധിയോടെ അർച്ചന ചോദിച്ചു.
” ഇവിടൊരു കുഴപ്പവുമില്ല. നാളെ ഇവിടൊരു കുഞ്ഞ് വിശേഷമുണ്ട് അതിനാ നിന്നോട് വരാൻ പറഞ്ഞത്. പിന്നെ നിന്റെ കൂട്ടുകാരിയെക്കൂടെ കൂട്ടിക്കോ . അല്ലേ വേണ്ട ഞാൻ തന്നെ പറയാം. നീ ഫോൺ കൊടുക്ക്. “
ശ്രീദേവി പറഞ്ഞത് കേട്ട് ആശയക്കുഴപ്പത്തോടെ അർച്ചന ഫോൺ അലീനയ്ക്ക് നേരെ നീട്ടി.
” ആഹ് മോളെ നിങ്ങള് രണ്ടാളും കൂടി ഇപ്പൊത്തന്നെ ഇങ്ങോട്ട് പോര്. നാളെ ഇവിടൊരു കുഞ്ഞ് വിശേഷമുണ്ട് . അത് സർപ്രൈസാണ്. ശരി രണ്ടാളും വേഗമിറങ്ങാൻ നോക്ക്.. “
പറഞ്ഞിട്ട് ശ്രീദേവി ഫോൺ കട്ട് ചെയ്തു. അപ്പോഴും കട്ടിലിലിരുന്ന് ആലോചിക്കുകയായിരുന്നു അർച്ചന.
” ഡീ പോണ്ടേ ??? “
അവളെ തട്ടി വിളിച്ചുകൊണ്ട് അലീന ചോദിച്ചു..
” അല്ലേടി ഇപ്പൊ എന്തായിരിക്കും ഞാനറിയാത്തൊരു വിശേഷം ??? “
ആലോചനയോടെ നഖം കടിച്ചുകൊണ്ട് അർച്ചന ചോദിച്ചു.
” അതങ്ങോട്ട് ചെല്ലുമ്പോ അറിയാല്ലോ അല്ലാതെ നീയിവിടിരുന്ന് നഖം തിന്നോണ്ടിരുന്നിട്ടെന്ത് കാര്യം “
പറഞ്ഞിട്ട് അലീന കുളിക്കാനായി ബാത്‌റൂമിലേക്ക് നടന്നു.
” ആഹാ നീയിതുവരെ റെഡിയായില്ലേ ?? “
കുളിച്ചിറങ്ങിയിട്ടും പഴയ സ്ഥാനത്ത് തന്നെ ഇരുന്നിരുന്ന അർച്ചനയോടായി അലീന ചോദിച്ചു.
” എണീറ്റ് റെഡിയാകെഡീ പോത്തേ “
അവൾ വീണ്ടും പറഞ്ഞു. അവളെയൊന്നു നോക്കി അർച്ചന പതിയെ എണീറ്റ് റെഡിയാകാൻ തുടങ്ങി. അരമണിക്കൂറിനുള്ളിൽ അവർ ഇറങ്ങി. ബസ്സിലിരിക്കുമ്പോഴും പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു അർച്ചനയുടെ മനസ്സ്. പക്ഷേ അലീന വളരെയധികം ഉത്സാഹത്തിൽ തന്നെയായിരുന്നു. നാടും നാട്ടുവഴികളും കുളവുമൊക്കെ കണ്ട് ഒരു കൊച്ചുകുട്ടിയുടെ ആഹ്ളാദത്തിലായിരുന്നു അവൾ. ഓട്ടോറിക്ഷയിൽ ചിത്തിരയ്ക്ക് മുന്നിൽ വന്നിറങ്ങുമ്പോൾ ആ കൊച്ചുവീടിനെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു അവൾ.
” കേറി വാ മോളെ “
അവരെ കണ്ടതും നിറഞ്ഞ പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി വന്ന ശ്രീദേവി അലീനയുടെ തലയിൽ തലോടി സ്നേഹത്തോടെ വിളിച്ചു.
” എന്താമ്മേ വിശേഷം ???. “
വന്നുകയറിയപാടെ അർച്ചന ആകാംഷയോടെ ചോദിച്ചു.
” നീയൊന്നടങ്ങച്ചൂ അത് നാളെയല്ലേ തത്കാലം നീ പോയി കുളിച്ചു വല്ലതും കഴിക്ക് “
പുഞ്ചിരിയോടെ ശ്രീദേവി പറഞ്ഞത് കേട്ട് അവർ രണ്ടാളും അകത്തേക്ക് നടന്നു. വന്നത് മുതൽ അലീന ശ്രീദേവിയുടെ പിന്നാലെ തന്നെയായിരുന്നു. അടുക്കളയിൽ സഹായിക്കാനും കുളത്തിൽ കുളിക്കാൻ പോകാനുമൊക്കെ ഉത്സാഹത്തിൽ അവളും ശ്രീദേവിക്കൊപ്പം കൂടി. പക്ഷേ എന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ അർച്ചന മാത്രം ഒരുതരം അന്തം വിട്ട അവസ്ഥയിലായിരുന്നു. രാത്രി ശ്രീദേവിക്ക് അപ്പുറവുമിപ്പുറവുമായി കിടന്ന് അവരുടെ നെഞ്ചോടൊട്ടിക്കിടന്ന് അലീന ഉറങ്ങുമ്പോഴും ഉറക്കമില്ലാതെ കിടക്കുകയായിരുന്നു അർച്ചന.
രാവിലെ അലീനയുടെ വിളി കേട്ടാണ് അർച്ചന കണ്ണ് തുറന്നത്. അവൾ കുളിച്ച് ദാവണിയൊക്കെ ഉടുത്ത് സുന്ദരിയായിരുന്നു.
” പോയി കുളിക്കെഡീ “
അലീനയവളെ ഉന്തിത്തള്ളി ബാത്‌റൂമിലേക്ക് വിട്ടു. കുളിച്ചു വന്നപ്പോഴേക്കും അലീനയുടെ അതേ ഡിസൈൻ ദാവണി തന്നെ ശ്രീദേവി അവൾക്കും എടുത്തു വച്ചിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും മാധവനും കുടുംബവുമെല്ലാം എത്തിയിരുന്നു. ഒരുക്കങ്ങളിൽ നിന്നൊക്കെ ഒരു പെണ്ണുകാണലാണ് നടക്കാൻ പോകുന്നതെന്ന് അർച്ചന മനസ്സിലാക്കിയിരുന്നു. നിസ്സഹായതയോടെ അവൾ തളർന്നിരുന്നു. പക്ഷേ ഇതിലെല്ലാമുപരി എല്ലാമറിഞ്ഞിട്ടുമുള്ള അലീനയുടെ സന്തോഷമാണ് അവളെ കൂടുതൽ അമ്പരപ്പിച്ചത്.
ഏകദേശം പത്തുമണിയോടെ മുറ്റത്തൊരു കാർ വന്നത് കേട്ടതും അർച്ചനയുടെ നെഞ്ച് പടപാടാന്ന് മിടിക്കാൻ തുടങ്ങി.
” അച്ചൂ വന്നീ ചായ അവർക്ക് കൊണ്ട് കൊടുക്ക് “
കുറച്ചുകഴിഞ്ഞപ്പോൾ മുറിയിലേക്ക് വന്ന ശ്രീദേവിയുടെ വാക്കുകൾ കേട്ട് അർച്ചന ദയനീയമായി അവരെ നോക്കി. പക്ഷേ ആ മുഖത്ത് ഗൗരവം തന്നെയായിരുന്നു. വേറെ വഴിയൊന്നുമില്ലെന്ന് മനസ്സിലായ അവൾ വിറയ്ക്കുന്ന കൈകളിൽ ചായകപ്പുകൾ നിറച്ച ട്രെയുമായി ഉമ്മറത്തേക്ക് ചെന്നു.
” വാ മോളെ… “
മാധവൻ വിളിച്ചു.. മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങിയ അർച്ചന അഥിതികളെ കണ്ട് ഞെട്ടി. താൻ സ്വപ്നം കണ്ടതാണോ എന്നറിയാൻ അവൾ കണ്ണുകൾ ചിമ്മിത്തുറന്നു. മഹാദേവനും സുമിത്രയും സിദ്ധാർധുമായിരുന്നു അവിടെയിരുന്നത്. അവൾ ചുറ്റുമുള്ളവരെ നോക്കി അമ്പരന്ന് നിൽക്കുമ്പോൾ മറ്റുള്ളവരുടെ എല്ലാം മുഖത്ത് പുഞ്ചിരിയായിരുന്നു. അർച്ചന ശ്രീദേവിയെ നോക്കുമ്പോൾ ആ മുഖത്തും നിറഞ്ഞ സന്തോഷമായിരുന്നു.
തുടരും……..
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
നിനക്കായ്
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mazhapole written by Sreekutty
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Haai haai ithenikkishtapett 😜😁😁