ഒന്ന് കണ്ണ് പോലും ചിമ്മാതെ തന്നെ മാത്രം നോക്കി നിൽക്കുന്ന ബലരാമനെ കണ്ടപ്പോൾ നട്ടെല്ലിലൂടെ ഒരു തരിപ്പ് ഇറങ്ങി പോകുന്നത് കേദാർ അറിഞ്ഞു…..
അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം….
ഭയം എന്നൊരു വികാരം….
കാരണം എതിരെ നിൽക്കുന്നയാളുടെ പേര് ബലരാമൻ എന്നാണ്….
ചെറുതോട്ടത്തിൽ ബലരാമൻ….
നൂറ്റിയൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസൈന്യാധിപനായ സാക്ഷാൽ ദുര്യോധനൻ……
*********** *************
കേദാറിനെ തന്നെ സസൂക്ഷ്മം നീരിക്ഷിച്ചു കൊണ്ട് ബലരാമൻ അനങ്ങാതെ നിന്നു….. ഒന്ന് രണ്ട് നിമിഷങ്ങൾ അങ്ങനെ കടന്ന് പോയി….
ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തികൊണ്ട് ബലരാമൻ നടന്നു കേദാറിന്റെ തൊട്ടടുത്ത് വന്ന് നിന്നു….
വണ്ടിക്കുള്ളിൽ ജയറാം പകുതി ചത്ത നിലയിൽ ആയിരുന്നു…. എന്ത് ചെയ്യണമെന്ന് അയാൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല….
ആദ്യത്തെ ഒരു പതർച്ചക്കു ശേഷം കേദാറിന്റെ മാനസിക നില സാധാരണഗതിയിലേക്ക് തിരിച്ചെത്തിയിരുന്നു…..
അവൻ ബലരാമന്റെ മുഖത്തേക്ക് തന്നെ ഇമചിമ്മാതെ നോക്കി നിന്നു….
ബലരാമൻ…. ചെറുതോട്ടത്തിൽ ബലരാമൻ… ഇന്നാട്ടുകാരനായ ഒരു കച്ചവടക്കാരനാണ്…. കച്ചവടം എന്ന് പറഞ്ഞാൽ…. കടവും കടപ്പാടും നിറഞ്ഞ ഒരു സംഭവമാണല്ലോ…. അതിൽ കടം വെച്ചുകൊണ്ടിരിക്കുന്ന പരിപാടി എനിക്ക് ഇഷ്ടമല്ല…. രാവിലെ നീ തന്നത് തിരിച്ചു തരാൻ വന്നതാണ്… അല്ലെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരില്ല…. ബഷീറേ……
വര്ഷങ്ങളായി വടയമ്പാടിയുടെ ഏതു പ്രശ്നത്തിന്റെയും അവസാനവാക്കായി മുഴങ്ങി കേൾക്കുന്ന ആ ഗാംഭീര്യമാർന്ന ശബ്ദം അവിടെ മുഴങ്ങി…..
കേദാർ മറുപടി പറയാൻ ഒരുങ്ങിയതും ബലരാമൻ കൈ ഉയർത്തി തടഞ്ഞു…….. തൊട്ടടുത്ത നിമിഷം ബൊലേറോയുടെ ഇടത് വശത്തെ ഡോർ തുറന്നടയുന്ന ശബ്ദം കേട്ട് കേദാർ അങ്ങോട്ടേക്ക് നോക്കി….
ജയറാമിനെ തോക്കിൻ മുനയിൽ നിർത്തിയിരിക്കുന്ന ബഷീർ…..
ഡാ…… !
കേദാർ അലറിയതും…. അവന്റെ പിന്നിൽ നിന്നും രണ്ട് പേർ അവന്റെ കൈകൾ പിന്നിലേക്ക് വളച്ചു കെട്ടി വട്ടം പിടിച്ചു…..
കേദാർ പിടി വിടുവിക്കാനായി കുതറി…. പക്ഷെ കരുത്തുറ്റ ആ കൈകൾ കൂടുതൽ കൂടുതൽ അവനെ വരിഞ്ഞു മുറുക്കി…..
മോനെ കേദാറേ…. നീ അഭ്യസത്തിനു ഒന്നും മുതിരണ്ട…. ചെയ്യാൻ വന്നത് ചെയ്തിട്ട് ബലരാമൻ അങ്ങ് പോകും….. അതല്ല നിനക്ക് ഒരു വൺ മാൻ ഷോ നടത്തി…. ഈ നിൽക്കുന്ന പത്തുനൂറ് ആൾക്കാരെ തോല്പിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ പൊരുതി നോക്കാം….
ബലരാമന്റെ ശബ്ദം ഉറച്ചതായിരുന്നു…..
കൂലിക്കെടുത്തവന്മാരുടെ കൈകരുത്തിന്റെ ബലത്തിൽ വീമ്പു പറയാതെ ആണായി പിറന്നവനെങ്കിൽ ഒറ്റക്കൊറ്റക്ക് വാടാ….
പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് കേദാർ ചീറി….
നീ ചെറുപ്പമാട ചെക്കാ….. ചോരതിളപ്പ് കൂടും…. നിന്റെ പ്രായത്തിൽ എനിക്കും ഇങ്ങനെയൊക്കെ തന്നെയായിരുന്നു…. കൊണ്ടും കൊടുത്തും ബലരാമൻ വളർന്നപ്പോൾ മനസിലായ ഒരു കാര്യമുണ്ട്…. ആവേശം നല്ലതല്ല…. ആണാണെന്നു തെളിയിക്കാൻ ആരെങ്കിലും മദംപൊട്ടിയ കൊമ്പന്റെ മുൻപിൽ നെഞ്ച് വിരിച്ചു നിൽക്കുമോ….? അത് മണ്ടത്തരമല്ലേ കുഞ്ഞേ….?
കേദാറിന്റെ താടിയിൽ പിടിച്ചു കൊണ്ട് ബലരാമൻ ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ബഷീർ ജയറാമിനെയും കേദാറിനെ പിടിച്ചുവെച്ചവർ അവനെയും വണ്ടിയുടെ അരികിൽ നിന്നും മാറ്റി….
അന്തരീക്ഷത്തിൽ മുഴുവൻ പെട്രോളിന്റെ ഗന്ധം വ്യാപിച്ചു…അപ്പോഴാണ് കേദാർ അത് ശ്രദ്ധിക്കുന്നത്…
ബൊലേറോ പെട്രോളിൽ കുളിച്ചു കഴിഞ്ഞിരുന്നു….
നോ…..
കേദാർ അലറി…..
അത് ശ്രദ്ധിക്കാതെ ബലരാമൻ തീപ്പെട്ടി ഉരച്ചു കത്തിച്ചു വണ്ടിയുടെ നേർക്ക് എറിഞ്ഞു….. ബൊലേറോയുടെ മുൻപിൽ തറയിൽ വീണ തീപ്പട്ടി കൊള്ളി ആദ്യം ഒന്ന് അണയാൻ പോകുന്ന പോലെ തോന്നി… പിന്നെ പെട്രോൾ ഒലിച്ചിറങ്ങിയിടത്തൊക്കെ അതിവേഗം അഗ്നി പടർന്നു…..
ബലരാമൻ തിരിഞ്ഞു കേദാറിന്റെ അടുത്തേക്ക് വന്നു…
നീ രാവിലെ എന്നെ ഒന്ന് തോണ്ടി… അതിനുള്ള മറുപടിയാണിത്…. ഇനി ഇതിന്റെ പേരിൽ വീണ്ടും ഒരു പ്രശ്നമുണ്ടാക്കാനാണ് നിന്റെ ഭാവമെങ്കിൽ നീയും പച്ചക്ക് ഇതുപോലെ നിന്ന് കത്തും…. ബലരാമനാണ് പറയുന്നത്….ഇത് നിനക്കുള്ള ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് ആണ്…. ഇനി എന്റെ കുറുകെ വരരുത്…. ഒഴിവാക്കും ഞാൻ…. ഉറക്കികളയും…..
കേദാറിന്റെ മുഖത്ത് നോക്കി അത്രയും പറഞ്ഞിട്ട് ബലരാമൻ തിരിഞ്ഞു നടന്നു…. കേദാറിന്റെ ദേഹത്തു നിന്നും പിടി വിട്ട് മറ്റുള്ളവരും തിരിഞ്ഞു വാഹനങ്ങളിലേക്ക് നീങ്ങി…. അപ്പോഴേക്കും ബൊലേറോ ഒരു അഗ്‌നിഗോളമായി മാറിയിരുന്നു …..
അതിലെ അഗ്നി കേദാറിന്റെ കണ്ണുകളിൽ പ്രതിഫലിച്ചു….. ജയറാം ഓടി കേദാറിന്റെ സമീപത്തേക്ക് വന്നു…..
സാർ….. വണ്ടി…..
ജയറാമിന്റെ ശബ്ദം ഭയം കൊണ്ട് വിറച്ചിരുന്നു…… ബലരാമനും സംഘവും വന്ന വാഹനങ്ങൾ പൊടി പറത്തി കൊണ്ട് അവരുടെ സമീപത്ത് കൂടി ഒന്നിന് പുറകെ ഒന്നായി കുതിച്ചു പാഞ്ഞു…..
കേദാർ ഒന്നും അറിയുന്നുണ്ടായിരുന്നില്ല….. അപമാനവും പകയും കൊണ്ട് അവന്റെ ഉള്ളം നീറി…..
തോൽവി….. അതെന്തെന്ന് അറിയാത്തവൻ ജീവിതത്തിൽ ആദ്യമായി തോൽവി അറിയുമ്പോൾ അവന്റെ മനസ്സിൽ ഉണ്ടാകുന്ന വികാരം വിവരിക്കാൻ വാക്കുകൾ കിട്ടുകയില്ല….
കേദാറിന്റെ സർവ്വനിയന്ത്രണവും വിട്ടു നില്കുകയയാണെന്നു ജയറാമിന് മനസിലായി….. അവൻ കണ്ണുകൾ എടുക്കാതെ എരിഞ്ഞടങ്ങുന്ന തന്റെ വണ്ടിയിൽ തന്നെ തോന്നി നില്കുകയായാണ്….
ഗ്രൗണ്ടിന്റെ അതിരുകളിൽ ആൾക്കാർ കൂട്ടം കൂടുന്നത് ജയറാം തിരിച്ചറിഞ്ഞു….
സാർ…..
കേദാറിന്റെ തോളിൽ കൈ വെച്ചു കൊണ്ട് ജയറാം വിളിച്ചു….
എനിക്ക് കുറച്ചു മദ്യം വേണം ജയറാം സാറെ…..
വണ്ടിയിൽ നിന്നും കണ്ണുകൾ എടുക്കാതെ കേദാർ പറഞ്ഞു…. അവന്റെ ശബ്ദത്തിനു വല്ലാതെ കനം വെച്ചതായി ജയറാമിന് തോന്നി….
വഴിയുണ്ടാക്കാം…. നമുക്കിപ്പോൾ മാരാർ സാറിന്റെ വീട്ടിലേക്ക് പോകാം… ഇനി ഇവിടെ നിന്നിട്ട് എന്തിനാ….?
ജയറാം ചോദിച്ചത് കേട്ട് കേദാർ അയാളുടെ മുഖത്തേക്കൊന്നു നോക്കി….. മൂർച്ചയുള്ള ആ നോട്ടം സഹിക്കാനാവാതെ ജയറാം മുഖം താഴ്ത്തി…. കേദാർ വീണ്ടും തന്റെ വണ്ടിയിലേക്ക് നോക്കി….
പോകാം…..
കേദാറിന്റെ ശബ്ദം ഉറച്ചതായിരുന്നു….
ഇരുവരും….. ഗ്രൗണ്ടിന്റെ മറുവശത്തേക്ക്…മെല്ലെ നടന്നു….
ഗ്രൗണ്ടിന്റെ മറുപുറത്ത് അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യനും പതിനേഴു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവിടെ നടന്ന സംഭവങ്ങൾ എല്ലാം കണ്ട് ഭയപ്പെട്ട് നിൽക്കുന്നുണ്ടായിരുന്നു…..
ജയറാം കേദാറിനെയും കൂട്ടി അവരുടെ അടുക്കലേക്കാണ് നീങ്ങിയത്….
മാരാർ സാറെ….. ഇതാണ് പുതിയ എസ് ഐ….. കേദാർ സാറെ… ഇതാണ് ഞാൻ പറഞ്ഞ മാരാർ സാർ…. അത് സാറിന്റെ പേരക്കുട്ടി… മേഘ…..
കേദാർ ജയറാം പറഞ്ഞതൊന്നും ശ്രദ്ധിച്ചതേയില്ല…. അവൻ തിരിഞ്ഞു അഗ്നി വിഴുങ്ങി കൊണ്ടിരിക്കുന്ന തന്റെ വണ്ടിയെ നോക്കി…..
തീ അണയ്ക്കാൻ നോക്കുന്നില്ലേ ജയരാമാ ….?
മാരാർ ജയരാമനോട് ചോദിച്ചു….
വേണ്ട…… ആ കത്തുന്നത് എന്റെ നെഞ്ചാണ്….. അത് അണയണ്ട…. ആളി കത്തണം…. തീ കൊളുത്തിയവനെ ഈ മണ്ണിലിട്ട് തന്നെ പച്ചക്ക് കൊളുത്തണം…. എന്നാലേ അത് അണയൂ….
പല്ലുകൾ ഇറുമി കൊണ്ട് കേദാർ പറഞ്ഞു…. അവന്റെ ഉള്ളം പകയാൽ നീറി പുകഞ്ഞു…. കേദാറിന്റെ മുഖഭാവം കണ്ട മാരാരും ജയരാമനും മുഖത്തോട് മുഖം നോക്കി….
നമ്മുക്ക് വീട്ടിലേക്ക് ഇരിക്കാം…. ബാക്കി എന്നിട്ട് തീരുമാനിക്കാം….
പറഞ്ഞു കൊണ്ട് മാരാർ തിരിഞ്ഞു നടന്നു…. പുറകെ ബാക്കിയുള്ളവരും….
ആളി കത്തുന്ന വണ്ടിക്ക് ചുറ്റും അപ്പോഴും ആളുകൾ നില്പുണ്ടായിരുന്നു…. ചെറുതോട്ടത്തിൽ ബലരാമന്റെ ധീരകഥകളിൽ അവർക്ക് പറയാൻ ഒന്ന് കൂടി…..
വീടിന്റെ അകത്ത് എത്തിയതും കേദാർ സെറ്റിയിലേക്ക് ഒരൊറ്റ വീഴ്ചയായിരുന്നു…… മാരാരും ജയറാമും മുഖത്തോട് മുഖം നോക്കി….. ശേഷം മാരാർ മേഘയുടെ മുഖത്തേക്കും നോക്കി….. നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ മേഘ അകത്തേക്ക് കയറി പോയി….
വളരെ പെട്ടെന്ന് തന്നെ മേഘ തിരിച്ചെത്തി…. അവളുടെ കൈയിൽ പൊട്ടിക്കാത്ത ഒരു ഫുൾ ബോട്ടിൽ റം ഉണ്ടായിരുന്നു…. മാരാർ അത് വാങ്ങിയ ശേഷം മേഘയോട് ഗ്ലാസും വെള്ളവും എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കുപ്പി കേദാറിന്റെ മുന്പിലെ ടീപ്പോയിലേക്ക്ക് വെച്ചു….
തൊട്ടടുത്ത നിമിഷം കേദാർ കുപ്പി കൈയിലെടുത്ത് അടപ്പ് തുറന്ന് കുപ്പി വായിലേക്ക് കമിഴ്ത്തി…..
മാരാരും ജയറാമും ഒരുപോലെ നടുങ്ങി…. അകത്തു നിന്നും വെള്ളവും ഗ്ലാസ്സുമായി വന്ന മേഘയും ഒരു നിമിഷത്തേക്ക് ആ കാഴ്ച കണ്ടു സ്തബ്ധയായി പോയി…..
സാറെ…….?
ജയറാം പാതാർച്ചയോടെ വിളിച്ചു…..
കുപ്പി ഏകദേശം പകുതി ആയപ്പോഴേക്കും കേദാർ ടീപ്പോയിലേക്ക് കുപ്പി തിരിച്ചു വെച്ചു…. അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…. ശ്വാസം വിലങ്ങിയത് പോലെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു…. വെള്ളം വേണമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് കേദാർ വെപ്രാളത്തോടെ തന്റെ നെഞ്ച് തിരുമ്മി….
മാരാർ പെട്ടെന്ന് തന്നെ മേഘയുടെ കൈയിൽ നിന്നും വെള്ളം നിറച്ച ജഗ്ഗ് മേടിച്ചു കേദാറിന്റെ കൈയിലേക്ക് കൊടുത്തു…. അവൻ ആക്രാന്തത്തോടെ അതും വായിലേക്ക് കമിഴ്ത്തി…. ജഗ്ഗിലെ വെള്ളം പകുതിയാകുന്നത് വരെ ഒറ്റ വലിക്ക് കുടിച്ചു തീർത്തിട്ട് ജഗ്ഗും അവൻ ടീപ്പോയിലേക്ക് വെച്ചു….
ഓരോരോ കുത്തികഴപ്പേ….. !
ജയറാം ആത്മഗതം പോലെ പറഞ്ഞു…..
കേദാർ പ്രാണൻ തിരിച്ചു കിട്ടിയത് പോലെ ദീർഘമായി ഒന്ന് ശ്വാസം വലിച്ചു വിട്ടു…
അതേടോ ജയരാമാ…. താൻ പറഞ്ഞു തന്നെയാ എനിക്ക്….. ഇന്ന് മുതൽ അതിത്തിരി കൂടും…. അവനെ….ആ മലരാമനെ പച്ചക്ക് കൊളുത്തും വരെ അത് എന്റെ കൂടെ ഉണ്ടാകുകയും ചെയ്യും….
അത് പറയുമ്പോൾ കേദാറിന്റെ കണ്ണുകൾ ഉപ്പന്റെ കണ്ണുകൾ പോലെ ചുവന്നു കലങ്ങിയിരുന്നു….
സാറെ…. നമ്മുക്ക് അത് നിയമപരമായി നേരിടാൻ പറ്റില്ലേ…..?
മാരാർ ഒരു സംശയം പോലെ ചോദിച്ചു…..
താൻ ഏത് കോ…ത്തിലെ പോലീസുകാരൻ ആയിരുന്നെടോ….? എന്റെ ജീപ്പ് ബലരാമൻ കത്തിച്ചു എന്നും പറഞ്ഞു ഞാൻ തന്നെ കേസ് രെജിസ്റ്റർ ചെയ്യുക…. സാക്ഷികൾ ഞാനും ദി നിൽക്കുന്ന ജയരാമനും… രണ്ട് പേരും പോലീസുകാർ…. അല്ലെങ്കിൽ തന്നെ കോടതിയിൽ ചെന്നാൽ പോലീസുകാർക്ക് പുല്ല് വിലയാണ്….. അപ്പോഴാണ് ഇങ്ങനെയൊരു കേസുമായി….. അതും ബലരാമന് എതിരെ…. തനിക് ബോധമുണ്ടോടോ….?
കേദാർ പതുക്കെ ഫോമിലേക്ക് എത്തി തുടങ്ങിയെന്നു ജയറാമിനും മാരാർക്കും തോന്നി തുടങ്ങിയിരുന്നു…. കേദാർ സെറ്റിയിൽ നിന്നും എഴുന്നേറ്റു….
അവനെ പൂട്ടണമെങ്കിൽ നല്ല മണിച്ചിത്രതാഴിട്ട് പൂട്ടണം….. പൂട്ടും….. ഈ കേദാർ നല്ല തന്തക്ക് പിറന്നവനെങ്കിൽ ബലരാമനെ ഞാൻ പൂട്ടിയിരിക്കും…..
പക മൂത്ത കരിമൂർഖനെ പോലെ കേദാർ ചീറി…. അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ട മാരാരും ജയറാമും പരസ്പരം നോക്കി…. രണ്ട് പേർക്കും ഉള്ളിൽ നേരിയ ഭയം രൂപപ്പെട്ടിരുന്നു…. കാരണം അവരുടെ മുൻപിൽ നിന്നിരുന്ന കേദാർ അപ്പോൾ ഒരു പോലീസ് ഓഫീസർ അല്ലായിരുന്നു…. കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരു ചാവേർ ആയിരുന്നു…..
**************************
വടയമ്പാടിയുടെ ഹൃദയഭാഗത്ത് തന്നെ തല ഉയർത്തി നിൽക്കുന്ന ചെറുതോട്ടത്തിൽ ബംഗ്ലാവ്…..
ഏകദേശം 12 ഏക്കറോളം വരുന്ന സ്ഥലത്തിന് നടുവിലായി ആണ് ആ കൂറ്റൻ കെട്ടിടം നിൽക്കുന്നത്…. മെയിൻ റോഡിൽ നിന്നും ഗേറ്റ് കടന്നു ഇരുനൂറ് മീറ്ററോളം ഉള്ളിലേക്ക് ചെന്നാൽ വിശാലമായ മുറ്റത്തേക്ക് എത്താം…. വീട് നിൽക്കുന്ന സ്ഥലത്തിന് ചുറ്റും നിറയെ വിവിധ ഇനങ്ങളിൽ ഉള്ള വൃക്ഷങ്ങൾ നിൽക്കുന്നതിനാൽ മുറ്റത് നല്ല കുളിർമ ആയിരുന്നു…
നേരം പുലർന്നപ്പോൾ തന്നെ ചെറുതോട്ടത്തിൽ വീടിന്റെ മുറ്റത് സാമാന്യം നല്ലൊരു ജനക്കൂട്ടം ഉണ്ടായിരുന്നു…..
ബലരാമനെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കാൻ എത്തിയ ആൾക്കാർ തന്നെയായിരുന്നു അത്…. പണ്ഡിതൻ എന്നോ പാമരൻ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും ക്ഷമയോടെ തങ്ങളുടെ ഊഴം കാത്ത് നിന്നു….
വിശാലമായ കോലായിലെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് ബലരാമൻ ക്ഷമയോടെ അവരുടെ പരാതികൾ കേൾക്കുന്നുണ്ടായിരുന്നു….. അതിനുള്ള പരിഹാരങ്ങളും നിര്ദേശിക്കുന്നുണ്ടായിരുന്നു….. ബലരാമന്റെ തൊട്ടടുത്തായി…. ബഷീറും….. ബലരാമന്റെ മാനേജർ നാരായണ സ്വാമി എന്ന അറുപതുകാരനും…. ബലരാമന്റെ ഡ്രൈവറും സന്തതസഹചാരിയുമായ സുനിൽ എന്ന ചെറുപ്പക്കാരനും നില്പുണ്ടായിരുന്നു…..
വളരെ ശാന്തമായ അന്തരീക്ഷത്തെ പെട്ടെന്നാണ് ഇടിമുഴക്കം പോലെ എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം ഉയർന്നത്…..
ബഷീറും സുനിലും സ്വാമിയും ഉൾപ്പെടെ അവിടെ കൂടി നിന്ന സകല ആൾക്കാരും ശബ്ദം കേട്ട ഭാഗത്തേക്ക് തല ഉയർത്തി നോക്കി….. ഒരാളൊഴികെ….
ബലരാമൻ…..
ആ ശബ്ദം തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ…. ഗൗരവഭാവത്തിൽ തന്നെ ബലരാമൻ നിലത്ത് നിന്നും കോളാമ്പിയെടുത്തു വായിലെ മുറുക്കാൻ തുപ്പൽ അതിന്റെ ഉള്ളിൽ നിക്ഷേപിച്ചു…..
ഒരു യാഗാശ്വം പോലെ മുറ്റത്തെ മണൽ തരികളെ ഞെരിച്ചു കൊണ്ട് ബുള്ളറ്റ് അവിടെ വന്ന് നിന്നു…. അതിൽ നിന്നും അനന്തു ഇറങ്ങി….. കോലായിൽ ഇരിക്കുന്ന ബലരാമന്റെ നേർക്ക് എരിയുന്ന ഒരു നോട്ടം അനന്തു പായിച്ചു…. എന്നാൽ ബലരാമൻ അവനെ കണ്ട ഭാവം പോലും കാണിച്ചില്ല….
ബലരാമനെ തന്നെ നോക്കി കൊണ്ട് അനന്തു മെല്ലെ അകത്തേക്ക് നടന്നു….
അനന്തു…..
ആരോ വിളിക്കുന്നത് കേട്ട് അനന്തു തന്റെ നോട്ടം മാറ്റി….
ബെന്നിയോ…. നീ എന്താടാ ഇവിടെ….?
അനിയന്റെ എൻജീനയറിങ് അഡ്മിഷന്റെ കാര്യത്തിനായി വന്നതാടാ….
ഇങ്ങേരുടെ അടുത്തോ….? നിനക്കൊക്കെ പ്രാന്താടാ…. !
ബെന്നി പറഞ്ഞത് കേട്ട് അനന്തു പുച്ഛത്തോടെ പറഞ്ഞു….
എന്തായാലും നിന്റെ സഖാക്കന്മാരെക്കാളും എന്തുകൊണ്ടും നല്ലത് ഞങ്ങടെ രാമേട്ടനാണ്….
ബെന്നിയുടെ അടുത്ത് നിന്ന ഒരു സ്ത്രീ അനന്തുവിനെ കൊള്ളിച്ചു കൊണ്ട് പറഞ്ഞു…..
സഹകരണബാങ്കിൽ ഒരു ലോണിന് അപേക്ഷിച്ചിട്ടില്ലേ….. നിങ്ങൾ ഇനി ഇയാളെ കൊണ്ട് ആ ലോൺ അങ്ങ് ഒണ്ടാക്കിച്ച മതി…. കേട്ടാ….
സ്ത്രീയുടെ മുഖത്ത് നോക്കി ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് അനന്തു അകത്തേക്ക് നടന്നു….
ഡാ അനന്തു…. ശ്യാമേച്ചി ഒരു തമാശ പറഞ്ഞതാടാ….
അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ അവരുടെ ശബ്ദം അല്പം ഉയർന്നു പോയി….. ശബ്ദം കേട്ട് ബലരാമൻ മുഖമുയർത്തി നോക്കിയതും അവർ പെട്ടെന്ന് വാ പൊത്തി നിശബ്ദയായി….
അകത്തേക്ക് കയറിയ അനന്തു നേരെ പോയത് അടുക്കളയിലേക്കാണ്….. വല്യമ്മായിയെ…. പൂഹോയ്….
അടുക്കളയുടെ അകത്തേക്ക് കയറിയതും കുറ്റിയിൽ നിന്നും തള്ളിയിറക്കുന്ന നല്ല ചൂട് പുട്ടിന്റെ ഗന്ധമാണ് അനന്തുവിനെ വരവേറ്റത്…. ബലരാമന്റെ ഭാര്യ മീനാക്ഷിയും…. ബാലഭാസ്കറിന്റെ ഭാര്യ രമയും പാചകത്തിന്റെ തിരക്കിലാണ്….. രണ്ട് പേരും നല്ല ഐശ്വര്യമുള്ള വീട്ടമ്മമാർ…..
എത്തിയോ സഖാവ്….. നിന്റെ നാട് നന്നാക്കാലൊക്കെ കഴിഞ്ഞോടാ സഖാവെ….?
അനന്തുവിനെ കണ്ടതും മീനാക്ഷി ചോദിച്ചു….
ഓ….. പുറത്തു ചാരുകസേരയിൽ ഇരുന്നുകൊണ്ട് ഒരാൾ നന്നാക്കുന്നുണ്ടല്ലോ….? പിന്നെ നമ്മുക്കൊക്കെ എന്ത് റോൾ…..?
പറഞ്ഞു കൊണ്ട് അവൻ ഒരു പ്ലേറ്റ് എടുത്ത് അവിടെ ഇറക്കി വെച്ചിരുന്ന പുട്ടിൽ നിന്നും ഒരു കഷ്ണമെടുക്കാൻ കൈ നീട്ടിയതും അടുപ്പിൽ ഇരുന്ന കറി ഇളക്കി കൊണ്ടിരുന്ന തവി കൊണ്ട് രമ അവന്റെ കൈക്കിട്ടു ഒരെണ്ണം കൊടുത്തതും ഒപ്പമായിരുന്നു……
വിശന്നിട്ടാണ് തള്ളേ….. തിന്നാനും സമ്മതിക്കില്ലേ…..?
അനന്തു കൈ പെട്ടെന്ന് വലിച്ചു കൊണ്ട് പറഞ്ഞു….
നീ പോയി ആദ്യം കൈ കഴുകിയിട്ടു വാ…..
രമ തിരിഞ്ഞു നിന്നുകൊണ്ട് തവി ഉയർത്തി കാണിച്ചു കൊണ്ട് അവനോട് പറഞ്ഞു….
അമ്മാവന്മാരുടെ പോര് അമ്മായിമാർക്കും തുടങ്ങിയിട്ടുണ്ട്…… !
പിറുപിറുത്തു കൊണ്ട് അവൻ തിരിച്ചു കൈ കഴുകാനായി പോയി….
ഈ ചെറുക്കനെ ഇതെന്ത് വിചാരിച്ചാണ് ബാലാമണി ചേച്ചി ഇങ്ങനെ നിർത്തിയേക്കുന്നെ…. പിടിച്ചു കെട്ടിക്കാൻ പറ…..
രമ മീനാക്ഷിയോട് പറഞ്ഞു….
കഴിഞ്ഞാഴ്ച അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ ഞാൻ ബാലാമണിയോട് ചോദിച്ചു…. രാഷ്ട്രീയം പുഴുങ്ങി തിന്നാൽ വിശപ്പ് മാറുമോ ഏട്ടത്തി എന്നൊരു ചോദ്യം മാത്രമേ അവൾ തിരിച്ചു ചോദിച്ചുള്ളൂ….
പ്ലേറ്റിലേക്ക് പുട്ട് എടുത്ത് വെച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു… അപ്പോഴേക്കും അനന്തു തിരിച്ചെത്തിയിരുന്നു….. മീനാക്ഷി അവന്റെ നേരെ പാത്രം നീട്ടി…. അവൻ അത് വാങ്ങി സിങ്കിന്റെ മുകളിലേക്ക് കയറി ഇരുന്ന് കഴിക്കാൻ തുടങ്ങി….
നിനക്ക് ആ ഡൈനിങ് ഹാളിൽ പോയിരുന്നു കഴിക്കരുതോ അനന്തു….?
ഓ…. നമ്മുക്ക് അതിനുള്ള യോഗ്യത ആയിട്ടില്ല അമ്മായിയെ….. !
രമയുടെ ചോദ്യത്തിന് ഉത്തരം നൽകി കൊണ്ട് അനന്തു രണ്ട് പേരെയും സൂക്ഷിച്ചു നോക്കി…
നീ എന്താടാ ഇങ്ങനെ നോക്കുന്നത്….?
മീനാക്ഷി അവനോട് ചോദിച്ചു….
അല്ല ഞാൻ കല്യാണം കഴിക്കണമെന്നു നിങ്ങൾക്ക് എന്താണ് ഇത്ര വാശി….? കഴിഞ്ഞാഴ്ച തുടങ്ങി അമ്മ എനിക്ക് തലക്ക് സൈര്യം തന്നിട്ടില്ല…. നിങ്ങളുടെ ഭർത്താക്കന്മാരെ ഓർത്തണോ നിങ്ങൾക്ക് പേടി…. പേടിക്കണ്ട ഒന്നുമില്ലെങ്കിലും എന്റെ അമ്മാവന്മാരല്ലേ അത് മറന്നു ഞാൻ ഒന്നും ചെയ്യില്ല….
ഓ പിന്നെ അല്ലെങ്കിൽ നീ കൊറേ ഒലത്തിയേനെ….. !
അടുക്കളയുടെ വാതിൽക്കൽ നിന്നും ശബ്ദം കേട്ട മൂവരും ഞെട്ടി അങ്ങോട്ടേക്ക് നോക്കി…..
ബാലചന്ദ്രൻ….
ചെറുതോട്ടത്തിൽ ബ്രദേഴ്സിൽ ഏറ്റവും ഇളയ ആൾ…..
ഹല്ല…. ഇതാര്…. ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയാമോ….?
ബാലചന്ദ്രനെ കണ്ടതും അനന്തു ചോദിച്ചു…..
എങ്ങോട്ടേക്കുള്ള വഴി….?
അനന്തു ചോദിച്ചത് കേട്ട് ബാലചന്ദ്രൻ ആശ്ചര്യത്തോടെ ചോദിച്ചു…..
അടുക്കളയിലേക്കുള്ള വഴി…..
ഓ…. തമാശിച്ചതാണല്ലേ….?
അതെ… എന്തെ മനസിലായില്ലേ….?
നിനക്ക് കൃത്യമായി ഇങ്ങോട്ടേക്കുള്ള വഴി അറിയാമല്ലോ…. സന്തോഷം….
വരവ് വെച്ചിരിക്കുന്നു…..
ഡാ… നാണമുണ്ടോടാ… എന്റെ ഏട്ടന്മാരെ കുറിച്ച് നാട് മുഴുവൻ കുറ്റം പറഞ്ഞു കൊണ്ട് നടന്നിട്ട് ഇവിടെ വന്നിരുന്നു വെട്ടി വിഴുങ്ങാൻ…..
ഞാൻ വിഴുങ്ങുന്നതേ എനിക്കും കൂടി അവകാശപ്പെട്ട മുതലാണ്….. അല്ലെന്നു ആ കോലായിലിരുന്നു കൊണ്ട് നാടുവാഴി കളിക്കുന്ന നിങ്ങളുടെ ഏട്ടൻ തമ്പുരാൻ പോലും പറയില്ല…..
എന്നാലും അപാര തൊലിക്കട്ടി തന്നെടാ ഉവ്വേ നിനക്ക്…… !
അതെ…. കല്യാണം പോലും കഴിച്ചിട്ടില്ലല്ലോ…. അപ്പോൾ നിങ്ങളുടെ അവകാശവും എനിക്ക് ഉള്ളതാണ്….
ബാലചന്ദ്രനും അനന്തുവും ആയുള്ള സംസാരത്തിൽ ആ ഭാഗമെത്തിയപ്പോൾ മീനാക്ഷി ഇടപ്പെട്ടു…..
ഏട്ടന്മാർക്ക് വേണ്ടി കൊല്ലാനും ചാകാനും നടന്നു ഇങ്ങനെ ജീവിതം കളയുന്ന ഒരു മണ്ടൻ…… !
ആര്….. ഇങ്ങേരോ…..?
മീനാക്ഷി പറഞ്ഞത് കേട്ട് അനന്തു ബാലചന്ദ്രന്റെ മുഖത്ത് നോക്കി പൊട്ടി ചിരിച്ചു…..
എന്റെ അമ്മായി…. പുത്തന്പുരക്കലെ ഗീത ടീച്ചറുടെ കഥ എനിക്കും കുറച്ചൊക്കെ അറിയാം……
ചിരി അടക്കാൻ പാടുപെട്ട് കൊണ്ട് അനന്തു പറഞ്ഞു…..
പോടാ…. പോടാ…..
ബാലചന്ദ്രൻ കപടദേഷ്യത്തിൽ അവനോട് പറഞ്ഞു….
കൈ കഴുകി വന്നിട്ട് ബാലചന്ദ്രന്റെ മുണ്ടിന്റെ തുമ്പത്ത് കൈ തുടച്ചുകൊണ്ട് അനന്തു അങ്ങേരുടെ തോളിൽ കൈ ഇട്ടു….
അതെ മിസ്റ്റർ ചന്ദ്രൻമാമ…. ഇന്നലെ എന്തായിരുന്നു പുതിയ എസ് ഐയുമായി ചില ഇടപാടുകൾ നടന്നെന്നറിഞ്ഞു…. വണ്ടി കത്തിച്ചെന്നോ… എന്തൊക്കയോ…. ഈ പോക്ക് ആണെങ്കിൽ ബലരാമൻ അധികകാലം ഉണ്ടാകുമെന്നു തോന്നുന്നില്ല…..
അനന്തു…….
മീനാക്ഷിയുടേത് ഒരു അലർച്ചയായിരുന്നു…
മതി…. ഇനി നീ കൂടുതൽ ഒന്നും പറയണ്ട….. !
മീനാക്ഷി കടുത്ത സ്വരത്തിൽ പറഞ്ഞു…..
എനിക്കും എന്റെ അമ്മയ്ക്കും നഷ്ടപ്പെട്ടത് തിരിച്ചു തരാൻ അമ്മായിക്ക് കഴിയുമോ….? ചന്ദ്രൻമാമക്ക് കഴിയുമോ…..? നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ അനന്തു തീരുമാനിച്ചാൽ… ആരെങ്കിലും ഒരാളെ ബാക്കിയുണ്ടാകു…. ചെയ്യാത്തത് നിങ്ങളെയൊക്കെ ഓർത്തിട്ടാണ്…. അത് മറന്നു അനന്തു ഒന്നും ചെയ്യത്തുമില്ല….
അത്രയും പറഞ്ഞിട്ട് നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നതും തൊട്ട് മുൻപിൽ ബലരാമൻ…..
വായിൽ കിടക്കുന്ന മുറുക്കാൻ മെല്ലെ ചവച്ചു കൊണ്ട് ബലരാമൻ അനന്തുവിനെ തന്നെ സൂക്ഷിച്ചു നോക്കി……
എല്ലാ കാലവും വിജയം കൂടെയുണ്ടാകും എന്ന നിങ്ങളുടെ വിചാരമുണ്ടല്ലോ…. അത് തെറ്റാണ് എന്ന് ബോധ്യമാകുന്ന ഒരു കാലം വരും…. അന്ന് ഈ കണ്ട കാലമത്രയും ചെയ്തു കൂട്ടിയതിനൊക്കെ ഉത്തരം പറയേണ്ടി വരും…. നിങ്ങളെ കൊണ്ട് അത് പറയിപ്പിച്ചിരിക്കും….
അത്രയും പറഞ്ഞു നിർത്തിയിട്ട് ഒരു കൊടുംകാറ്റ് പോലെ അനന്തു പുറത്തേക്ക് പോയി…..
അടുക്കള വാതിൽക്കൽ നിറഞ്ഞ മിഴികളോടെ നിൽക്കുന്ന മീനാക്ഷിയെയും പകച്ച മുഖത്തോടെ നിൽക്കുന്ന ബാലചന്ദ്രനെയും രമയെയും ബലരാമൻ നോക്കി….
സ്വന്തം അമ്മാവന്റെ ചാവ് കാണാൻ നടക്കുന്നവനെയാണ് പാലൂട്ടി വളർത്തുന്നത്…. അത് ഇടക്കിടക്ക് ഓർക്കുന്നത് നല്ലതാണ്….. എല്ലാവരും…….
ആ എല്ലാവരും എന്ന വാക്ക് ബലരാമൻ ബാലചന്ദ്രന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്….. പറഞ്ഞു തീർന്നതും ബലരാമൻ തിരിഞ്ഞു നടന്നു….
പുറത്തേക്ക് ഒരു കൊടുംകാറ്റ് പോലെ ബുള്ളറ്റിൽ പാഞ്ഞ അനന്തുവിന്റെ മുൻപിലേക്ക് അതെ വേഗത്തിൽ അകത്തേക്ക് വന്ന ജിപ്സി ബ്രെക്കിട്ട് നിന്നു…..
ആരുടെ അമ്മക്ക് വായുഗുളിക മേടിക്കാൻ പോകുവാടാ കഴുവേറി മക്കളെ…..?
ബാലരാമനോടുള്ള ദേഷ്യം അനന്തു അവിടെ തീർത്തു……
അനന്തുവേട്ടാ….. !
അനന്തു അലറി തീർന്നതും സിദ്ധാർഥ് ജിപ്സിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി…. അവനെ കണ്ടതും അനന്തു വല്ലാതെയായി….
ആ നീയായിരുന്നോ…. നിനക്ക് കുറച്ചു പതുക്കെ വന്നൂടെ സിദ്ധു…. ഛേ… വെറുതെ തെറിയും പറയിപ്പിച്ചു…. !
അയ്യോടാ…. ആ ബുള്ളറ്റിന്റെ വരവ് ഒന്ന് കാണേണ്ടതായിരുന്നു…. എന്നിട്ട് എന്നോട് പതുക്കെ ഓടിക്കാൻ… വരവ് കണ്ടപ്പോഴേ തെറി ഞാൻ ഉറപ്പിച്ചു…. ആരായിരുന്നു ശത്രു സ്ഥാനത്ത്….? അച്ഛനോ അതോ വലിയച്ഛനോ…..?
ഓ വല്യമ്പ്രാൻ ആയിരുന്നു….
അത് പറഞ്ഞു കൊണ്ടാണ് അനന്തു ജിപ്സിയുടെ അകം ശ്രദ്ധിക്കുന്നത്….
ഇവരൊക്കെ…..?
ഫ്രണ്ട്സ് ആണ് ഏട്ടാ…. എനിക്കൊരു ഹെല്പ് വേണം… മബ്രകോളനിയിലെ ബിനീഷിനെ കണ്ട് ഇവന്മാർക്കുള്ള സെറ്റ് അപ്പ് ഒന്ന് റെഡിയാക്കണം….
അത് നീ ചെന്ന് അവനോട് പറഞ്ഞാൽ പോരെ…?
അയ്യോ അവൻ എന്നെ അപ്പാടെ വിഴുങ്ങും…. അനന്തുവേട്ടൻ ആകുമ്പോൾ അവൻ റേറ്റ് കുറച്ചു കുറയ്ക്കും….
ഡാ അവന്റെ കാടൻ വാറ്റ് താങ്ങാനുള്ള ശേഷി ഇവന്മാർക്കുണ്ടോ….?
ചോദിച്ചിട്ട് അനന്തു സംശയത്തോടെ സിദ്ധാർത്ഥിനെ അടിമുടി ഒന്ന് നോക്കി….
യ്യോ…. സത്യമായിട്ടും എനിക്ക് ഈ വക പരിപാടിയൊന്നുമില്ല…. സത്യം….
മ്മ്…..
അനന്തു തലകുലുക്കി കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു….
അല്ല ഇവന്മാരെ പരിചയപ്പെടണ്ടേ….?
ഡാ ഇത് എന്റെ ഏട്ടനാണ്…. അപ്പച്ചിയുടെ മോൻ…. അനന്തലാൽ….
നമ്മുക്ക് വിശദമായി നാളെ കാണാം… ഇപ്പോൾ കുറച്ചു തിരക്കുണ്ട്….
അവരോട് ഉറക്കെ പറഞ്ഞിട്ട് അനന്തു സിദ്ധാർത്ഥിന്റെ നേർക്ക് തിരിഞ്ഞു….
എല്ലാത്തിനും ഒരുമാതിരി ഉടായിപ്പ് ലുക്ക് ആണല്ലോഡാ…. ദേ സംഗതിയൊക്കെ അറിയാമല്ലോ… ബിനീഷിന്റെ സെറ്റപ്പ് ഞാൻ റെഡിയാക്കി തരാം….. എന്തെങ്കിലും പെറപ്കേട് കാണിച്ചാൽ….? നിനക്കറിയാമല്ലോ നമ്മുടെ നാട്ടിലെ ആൺപിള്ളേരെ…?
അനന്തുവേട്ടാ ഒരു പ്രോബ്ളവും ഉണ്ടാവില്ല….. ഞാൻ അല്ലെ പറയുന്നേ…. !
മ്മ്… ശരി… എന്നാൽ വിട്ടോ…. !
അനന്തു വണ്ടി മുൻപോട്ട് എടുത്തു….. സിദ്ധാർഥ് ജിപ്സിയിൽ ചെന്ന് കയറി….
****************************
സമയം രാത്രി പത്ത് മണി കഴിഞ്ഞു…. മാരാരിന്റെ വീടിന്റെ പുറകു വശത്ത് സിദ്ധാർഥ് അക്ഷമയോടെ കാത്തിരുന്നു….. വീട്ടിൽ നിന്നും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു അവൻ ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് ഏകദേശം അരമണിക്കൂർ കഴിഞ്ഞിട്ടുണ്ട്…..
ഛേ…. ഈ പെണ്ണ്….. !
സിദ്ധു അത്രയും പറഞ്ഞതും അടുക്കള വാതിൽ തുറന്നടയുന്ന ശബ്ദം അവൻ കേട്ടു….. അവന്റ കണ്ണുകൾ വിടർന്നു….
ഒന്ന് രണ്ട് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ സിദ്ധാർഥ് കണ്ടു….
പട്ടുപാവാടയും ബ്ലൗസും ധരിച്ചു…. ആകാശത്തിൽ നിലാവ് പൊഴിച്ച് നിൽക്കുന്ന പൂർണ്ണചന്ദ്രനെ പോലും തോല്പിക്കുന്ന അഴകുമായി…. അവൾ….
മേഘ….
അവളുടെ അഴിച്ചിട്ട മുടി ഇളം കാറ്റിൽ ചെറുതായി പാറിപ്പറന്നു…. സിദ്ധു സകലതും മറന്നു അവളെ തന്നെ നോക്കി നിന്നു….
മേഘ അവന്റെ തൊട്ടടുത്ത് വന്ന് നിന്നു… അവൾ കൈ ഉയർത്തി അവന്റെ മുഖത്തിനു നേരെ വീശി….
എന്ത് പറ്റി എന്റെ ചെക്കന്…..?
നിനക്ക് ഒടുക്കത്തെ സൗന്ദര്യമാണൊല്ലെടി പെണ്ണെ…. കണ്ടു നില്കും തോറും അഴക് കൂടി വരുന്നു….
മ്മ്… കൂടുതൽ സുഖിപ്പിക്കല്ലേ…?
സത്യം പറഞ്ഞതാടി…..
മതി… മതി… കണ്ടല്ലോ… ഇനി പൊന്നുമോൻ വിട്ടോ…. ആരെങ്കിലും കണ്ടാൽ ആകെ സീനാകും….
ആര് കാണാനാണ്….. നീ ഇങ്ങോട്ട് നീങ്ങി നിന്നെ…. ഞാൻ നിന്നെ ഒന്ന് കാണട്ടെ….
പറഞ്ഞു കൊണ്ട് സിദ്ധു അവളുടെ തോളിൽ പിടിക്കാൻ ഒരുങ്ങിയതും അവൾ പിന്നിലേക്ക് മാറി….
അയ്യടാ…. മോൻ ഇപ്പോൾ അങ്ങനെ സുഖിക്കണ്ട…
എന്റെ ഒരു ആഗ്രഹമല്ലെടി… പ്ലീസ്….
പറഞ്ഞതും സിദ്ധു അവളെ കേറി കെട്ടിപിടിച്ചു…
സിദ്ധു എന്താ ഇത്…. പ്ലീസ്…. നീ പോയെ… ഇതൊന്നും ശരിയാവില്ല….
ശരിയാവും…. ഒറ്റ തവണ നമ്മുക്ക് ഒന്ന് പ്ലീസ്… പ്ലീസ് മേഘ….
അവളുടെ ശരീരത്തിന്റെ ചൂടും മൃദുലതയും അവനെ മറ്റൊരാളാക്കി മാറ്റിയിരുന്നു….
മേഘ കുതറി…. പക്ഷെ സിദ്ധുവിന്റെ കരുത്തിനു മുൻപിൽ അവൾ തോറ്റുപോകും എന്ന ഘട്ടമെത്തിയതും സിദ്ധു അന്തരീക്ഷത്തിലേക്ക് ഉയർത്തപ്പെട്ടു…..
പെങ്കൊച്ചിനെ കേറി പിടിക്കുന്നോടാ നായിന്റെ മോനെ…..?
ചോദ്യം കേട്ടത് മാത്രമേ സിദ്ദുവിന് ഓര്മയുള്ളു…. പിന്നെ ചെവിടടക്കം ഒരു സ്ഫോടനവും തലക്ക് ചുറ്റും കുറെ പൊന്നീച്ചകളും മാത്രം….
അടികൊണ്ട് വീടിന്റെ ഭിത്തിയിൽ ചാരി ഇരുന്ന സിദ്ധാർത്ഥിന്റെ മുൻപിൽ അടിമുടി വിറച്ചു കൊണ്ട് കേദാർനാഥ് നിന്നു…..
തുടരും……
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Duryodhana written by Unnikrishnan Kulakkat
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission