Skip to content

ദുര്യോധന – 20

duryodhana-novel

ഇപ്പോഴത്തെ പിള്ളേർക്കൊന്നും തല കൊണ്ട് കളിക്കാൻ അറിയില്ലെന്നേ വെറും ആവേശം മാത്രമേയുള്ളു… അതൊക്കെ പഴയ കളിക്കാർ…. എന്ന കളിയാണ് കളിച്ചുകൊണ്ടിരുന്നത്….

അയാൾ ബാലരാമനോട് പറഞ്ഞു….

അതൊക്കെ വെറുതെ തോന്നുന്നത്… നല്ല മെനക്ക് കളിക്കുന്ന കളിക്കാർ ഉണ്ട് പക്ഷെ അവന്മാരെ തപ്പി പിടിച്ചു നമ്മുടെ ടീമിൽ കളിപ്പിക്കണം… അപ്പോൾ അറിയാം വിവരം….

ബലരാമൻ ഇത് പറയുന്ന സമയം ബ്ലാക്ക് കളർ സഫാരി കറുകുറ്റി പാസ്സ് ചെയ്തു ചാലക്കുടി ലക്ഷ്യമാക്കി ഇടിമിന്നൽ പോലെ കുതിച്ചു….

      ******** ********* ********

ചാലക്കുടി ബസ്സ്റ്റാൻഡിന്റെ അടുത്ത് നിന്നും ബലരാമൻ സഫാരിയിലേക്ക് കയറി……

ഡ്രൈവിംഗ് സീറ്റിൽ ആരെയും കൂസാത്ത തലയെടുപ്പോടെ കേദാർ ഇരിപ്പുണ്ടായിരുന്നു…. അവൻ ബലരാമനെ അടിമുടി ഒന്ന് നോക്കി….

ഒന്ന് ഉടഞ്ഞിട്ടുണ്ടല്ലോ….. പഴയ ഗ്ലാമർ ഒക്കെ പോയി… സിംഹത്തിന്റെ സടയൊക്കെ കൊഴിഞ്ഞു തുടങ്ങി….

അഞ്ചാറു പൂട കൊഴിഞ്ഞു പോയെന്നും പറഞ്ഞു സിംഹം സിംഹമല്ലാതെ ആകില്ലല്ലോ… കഥ പറഞ്ഞു നില്കാതെ അനിയൻ വണ്ടിയെടുക്ക്…..

കേദാർ പറഞ്ഞതിന് ബലരാമൻ അതെ നാണയത്തിൽ തന്നെ മറുപടി പറഞ്ഞു…. കേദാർ വണ്ടി മുന്പോട്ടെടുത്തു….

ജയിൽവാസം…. ksrtc ബസിലെ യാത്ര…. ഓരോരുത്തരുടെ  മാറുന്ന അവസ്ഥയെ…..

കേദാർ സ്വയം എന്ന പോലെ പറഞ്ഞു…..

ജയിൽവാസവും ksrtc യാത്രയുമൊക്കെ ഒരുപാട് ചെയ്തിട്ട് തന്നെയാണ് ബലരാമൻ ഇത് വരെ എത്തിയത്… നിന്റെ തന്തയോട് ചോദിച്ചാൽ മതി അങ്ങേര് പറഞ്ഞുതരും….

ഓ…. തള്ള് കഥ കുറെ ഞാനും കേട്ടിട്ടുണ്ട്….

ബലരാമൻ പറഞ്ഞതിന് അലസഭാവത്തിൽ കേദാർ മറുപടി പറഞ്ഞു…. ബലരാമൻ തിരിച്ചൊന്നും പറയാൻ പോയില്ല…

എന്റെ ജീപ്പ്….. ഞാൻ പൊന്നുപോലെ കൊണ്ട് നടന്ന വണ്ടിയാണ്…. എന്റെ കണ്മുന്നിൽ കിടന്ന് ചാരമായത്….

കേദാർ വീണ്ടും പറഞ്ഞു…

നിനക്ക് വല്ലണ്ട് ചൊറിയുന്നുണ്ടെങ്കിൽ വല്ല മുള്ള്മുരിക്കും അന്വേഷിക്ക്… അല്ലാതെ എന്റെ നെഞ്ചത്തേക്കല്ല കേറേണ്ടത്….

ബലരാമൻ പറഞ്ഞു…. കേദാർ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചു….. ബലരാമൻ കേദാറിനെ ശ്രദ്ധിച്ചു….

ആരെയും ഒന്നിനെയും കൂസാത്ത ഒരു ഒറ്റയാന്റെ തലയെടുപ്പാണ് അവനെന്നു ബലരാമന് തോന്നി…

താങ്കൾ എന്താണ് ഹേ…. ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്… എനിക്കിട്ടു അടുത്ത ആപ്പ് എങ്ങനെ വെയ്ക്കാമെന്നാണോ….?

ബലരാമൻ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ട കേദാർ ചോദിച്ചു….

നിന്നെ പറഞ്ഞിട്ട് കാര്യമില്ലെടാ… പിള്ളേരെ ഉണ്ടാക്കുമ്പോൾ നല്ല മൂഡിൽ ഉണ്ടാക്കണം… അല്ലാതെ തീവ്രവാദികളെ വേട്ടയാടുന്ന മനോഭാവവും വെച്ചുകൊണ്ട് ഉണ്ടാക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും….

ബലരാമൻ ക്ഷമകെട്ട് പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു… കേദാറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

അവൻ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു….

കുറച്ചു നേരം നിശബ്ദമായിരുന്നു…. ബലരാമൻ തിരിഞ്ഞു കേദാറിനെ നോക്കി എന്തോ ചോദിക്കാൻ ഒരുങ്ങി പിന്നെ അത് വേണ്ടെന്നു വെച്ചു…

എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോളൂ ബലരാമൻ സാറേ….

നിന്നോട് സംസാരിക്കാൻ കൊള്ളില്ല…നാവിൽ നല്ലതൊന്നും വിരിയില്ലല്ലോ….?

ശരി…  താങ്കൾ കീഴടങ്ങൽ പ്രഖ്യാപിച്ച സ്ഥിതിക്ക് ഞാൻ വെടിനിർത്തലിന് സമ്മതിച്ചിരിക്കുന്നു….

കീഴടങ്ങാനോ….? നരുന്ത് പോലെയിരിക്കുന്ന നിന്റെ അടുത്തോ…? ഒന്ന് പോടാ ചെക്കാ…. !

ബലരാമൻ വീണ്ടും നോട്ടം പുറത്തേക്ക് മാറ്റി….

പ്രായം കൂടും തോറും മനുഷ്യർക്ക് പിടിവാശി കൂടുമെന്നു പറയുന്നത് കറക്റ്റ് ആണ്….

കേദാർ പറഞ്ഞത് കേട്ട് ബലരാമൻ തിരിഞ്ഞിരുന്നു എന്തോ പറയാൻ ഒരുങ്ങി….. പക്ഷെ ബലരാമനെ പറയാൻ കേദാർ അനുവദിച്ചില്ല….

ഞാൻ ഇയാളോട് ഒന്നും പറഞ്ഞില്ല…. ഒരു ലോകതത്വം പറഞ്ഞതാണ്….

നീ അങ്ങനെ കൂടുതൽ തത്വം വിളമ്പാൻ നിൽക്കണ്ട….

കേദാർ പറഞ്ഞു തീർന്നതും ബലരാമൻ പറഞ്ഞു…

ആ… അതൊക്കെ പോട്ടെ…..

ശശിധരനെയും ജേക്കബ് വർഗീസിനെയും പൂട്ടാനുള്ള വിദ്യ മുജീബിന്റെ കൈയിൽ നിന്നും വീണു കിട്ടിയിട്ടുണ്ട്…. അതല്ലേ ചോദിക്കാൻ വന്നത്…

ബലരാമൻ എന്തോ ചോദിക്കാൻ ഒരുങ്ങിയതും…. കേദാർ അങ്ങോട്ട് പറഞ്ഞു…

മ്മ്…. അതു തന്നെ….

പിന്നെ ബലരാമൻ ഒന്നും പറയാൻ പോയില്ല… സഫാരി വെടിയുണ്ട കണക്കെ നാഷണൽ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു….

വൈറ്റില

ജംഗ്‌ഷനും കുണ്ടന്നൂരും മാടവന സിഗ്നലും കഴിഞ്ഞു വണ്ടി പാലം കേറിയിറങ്ങി ഇടത്തേക്ക് സിഗ്‌നലിട്ട് തിരിഞ്ഞു….

വലിയൊരു റെഡിമെയ്ഡ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റിന്റെ കോമ്പൗണ്ടിലേക്ക് കയറി സഫാരി നിന്നു….

ബലരാമൻ ചുറ്റും നോക്കി….

പേടിക്കണ്ട…. അസ്‌ലം ഭായിയുടെ സ്ഥാപനമാണ്… വിശ്വസ്തരായ ജോലിക്കാർ മാത്രമേ ഇന്ന് ഇവിടെ ഉള്ളു….

മ്മ്….

കേദാർ പറഞ്ഞത് കേട്ട് ബലരാമൻ ഒന്ന് മൂളി… അയാളുടെ കണ്ണുകൾ തല ഉയർത്തി നിൽക്കുന്ന രണ്ട് മിക്സർ യൂണിറ്റുകളിൽ ഉടക്കി… ബലരാമൻ തിരിഞ്ഞു കേദാറിനെ നോക്കി….

നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ കേദാർ അടുത്ത് ഉണ്ടായിരുന്ന ബിൽഡിങിന് അകത്തെക്ക് പോയി….

ബലരാമൻ തല ഉയർത്തി നിൽക്കുന്ന പടുകൂറ്റൻ മിക്സർ യൂണിറ്റ് ബർണറിന്റെ മുകളിലേക്ക് സ്റ്റെപ് വഴി കയറി… അതിന്റെ മുകളിൽ നിലയുറപ്പിച്ചു….

കേദാറും അനന്തുവും ഡേവിഡും ചേർന്ന് അഭിമന്യുവിനെ അങ്ങോട്ട് കൊണ്ട് വന്നു….

അവിടുത്തെ ജീവനക്കാർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ ബർണറിന്റെ ഉള്ളിലേക്ക് സിമന്റ്, മെറ്റൽ, എം സാൻഡ്… വെള്ളം എന്നിവ നിശ്ചിത അളവിൽ ഇട്ടുകൊണ്ടേയിരുന്നു… പടുകുറ്റൻ ബർണറിനുള്ളിൽ വലിയ ഉരുണ്ട ലോഹകഷ്ണം തിരിഞ്ഞു കൊണ്ടേയിരുന്നു…. അത് ഈ സാമഗ്രികളെ എല്ലാം കോൺക്രീറ്റ് ആക്കി മാറ്റി റെഡിമെയ്ഡ് മിക്സർ ടാങ്കറുകളിലേക്കു നിറച്ചു കൊണ്ടിരുന്നു….

ബർണറിന്റെ ഉള്ളിൽ നിന്നും കാതടപ്പിക്കുന്ന ശബ്ദം ഉയർന്നു കൊണ്ടേയിരുന്നു…

കേദാർ അഭിമന്യുവിനെ ബലരാമന്റെ മുൻപിലേക്ക് നീക്കി നിർത്തി…. അഭിമന്യുവിനു നിവർന്നു നിൽക്കാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല….

ഇടിച്ചു പതം വരുത്തുക എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ അവന്റെ ശരീരത്തിൽ കേദാറും സംഘവും ചെയ്തിരുന്നു….

ബലരാമൻ അഭിമന്യുവിന്റെ കണ്ണുകളിലേക്ക് നോക്കി…. അഭിമന്യുവിന്റെ കണ്ണുകളിൽ ഭയം എന്ന വികാരം നിറഞ്ഞു നിന്നു….

നിന്നോട് ഞാൻ പറഞ്ഞതോർമ്മയുണ്ടോ…. തിരിച്ചു വന്നാൽ നിന്റെ ശവം പട്ടികൾക്ക് പോലും തിന്നാൻ കൊടുക്കില്ല എന്ന്…..

എരിയുന്ന കണ്ണുകളുമായി അത്രയും പറഞ്ഞതും അഭിമന്യുവിനെ എടുത്ത് ബർണറിന്റെ ഉള്ളിലേക്ക് എറിഞ്ഞു കഴിഞ്ഞു ബലരാമൻ….

ഒറ്റ നിമിഷം….

വല്ലാത്തൊരു അലർച്ച അതിന്റെ ഉള്ളിൽ നിന്നും കേട്ടു…. പിന്നെ ബർണറിന്റെ അലര്ച്ചക്ക് ചെറിയൊരു വ്യത്യസവും…..

ഒരു അഞ്ചു മിനിട്ടിനു ശേഷം പുറത്തേക്ക് വന്ന കോൺക്രീറ്റിനു… നല്ല ചുവപ്പ് നിറമായിരുന്നു… ചോരയുടെ നിറം….

ചോര ചുവപ്പ് നിറഞ്ഞ കോൺക്രീറ്റ് നിറച്ച ടാങ്കർ പുറത്തേക്ക് പോയി…

അകലേക്ക്‌ നോക്കി നിൽക്കുന്ന ബലരാമന്റെ അടുത്തേക്ക് കേദാറും അനന്തുവും ചെന്നു….

ബലരാമനും അനന്തുവും പരസ്പരം നോക്കി… ഒരു വിതുമ്പലോടെ അനന്തു ബലരാമന്റെ മാറിലേക്ക് ചാഞ്ഞു….

കരയരുത്…. നിന്റെ അച്ഛൻ കരഞ്ഞിട്ടില്ല…. പാവങ്ങളുടെ കരച്ചിൽ മാറ്റാനും അറാംപെറപ്പു കാണിക്കുന്നവരെ കരയിപ്പിക്കാനുമായിരുന്നു അവനിഷ്ടം…. നീ എന്റെ അരവിന്ദന്റെ മോനാണ്…. അവൻ സിംഹകുട്ടിയായിരുന്നു… സിംഹകുട്ടി….

ബലരാമന്റെ കണ്ണുകളും നിറഞ്ഞു വന്നു… അരവിന്ദന്റെ ഓർമ്മകൾ ഒരിക്കലും ബലരാമനെ വിട്ടു പോകില്ല എന്ന് നോക്കി നിൽക്കുന്ന കേദാറിന് തോന്നി…

അടുത്തത് പൂവത്തുങ്കൽ ശശിധരൻ….

ജേക്കബ് വർഗീസ്… ജനസേവകരുടെ വേഷം ധരിച്ച കഴുവേറി മക്കൾ….

കേദാർ പറഞ്ഞത് കേട്ട് ബലരാമന്റെ കണ്ണുകൾ കുറുകി….

കൊല്ലരുത്… മരണം അവന്മാർക്കുള്ള കുറഞ്ഞ ശിക്ഷയാണ്…. അവനെയൊക്കെ നാട്ടുകാർക്ക് തിന്നാൻ കൊടുക്ക്‌… ബാക്കി അവർ ചെയ്തോളും….

കെട്ടിടത്തിന്റെ മുകളിൽ ലാപ്ടോപുമായി വെയിറ്റ് ചെയ്യുകയായിരുന്ന അവന്തിക കേദാറിനെ നോക്കി… ബലരാമൻ പറഞ്ഞു തീർന്നതും കേദാർ തന്റെ തള്ളവിരൽ ഉയർത്തി കാണിച്ചു അവളെ….

അവൾ ഒരു പുഞ്ചിരിയോടെ എന്തൊക്കയോ ഫയൽസ് ആർക്കൊക്കെയോ അയച്ചു…

പതിനഞ്ചു മിനിറ്റുകൾ….

പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ആഭ്യന്തര മന്ത്രി പൂവത്തുങ്കൽ ശശിധരന്റെയും പ്രതിപക്ഷത്തെ കരുത്തനായ ജേക്കബ് വർഗീസിന്റെയും കാമകേളികൾ അടക്കമുള്ള സകല തരവഴിത്തരങ്ങളും…. കൊള്ളരുതായ്മകളും… ഒപ്പം വടയമ്പാടി മൈനിങ് പ്രൊജക്റ്റിന്റെ പിന്നിലെ നാണം കെട്ട കളികളുടെ പിന്നാമ്പുറ സത്യങ്ങളും തെളിവുകൾ സഹിതം ന്യൂസ്‌ ചാനലുകളിൽ നിറഞ്ഞു….

വടയമ്പാടി മൈനിങ് പ്രൊജക്റ്റിനു പിന്നിലെ അഴിമതി കഥകൾ ലക്ഷം കോടി കടന്നപ്പോൾ കേരള ജനത ഞെട്ടി വിറച്ചു…. അതിന്റെ പിന്നിലെ അറിയപ്പെടാത്ത പേരുകളിലേക്കു ന്യൂസ്‌ റിപ്പോർട്ടേഴ്സിന്റെ അന്വേഷണം നീണ്ടു…

പിന്നീടുള്ള ദിവസങ്ങൾ കേരളം കണ്ടത് ചരിത്രത്തിൽ ഇന്ന് വരെ രേഖപ്പെടുത്താത്ത രീതിയിലുള്ള സംഭവവികാസങ്ങൾ ആണ്… കക്ഷിരാഷ്ട്രീയം മറന്നു കേരളത്തിലെ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും തെരുവിലിറങ്ങി… പോലീസും യുവജനങ്ങളും പലയിടങ്ങളിലും ഏറ്റുമുട്ടി… തെരുവുകൾ ചോരയിൽ മുങ്ങി…. ആഭ്യന്തരമന്ത്രിയുടെ രാജിയിലും പ്രശ്നങ്ങൾ ഒതുങ്ങിയില്ല…. ക്രമസമാധാന നില പാടെ തകർന്ന കേരള സർക്കാരിനെ പിരിച്ചു വിട്ടു രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി… കോടതികൾ ഇടപ്പെട്ട് വടയമ്പാടി പ്രൊജക്റ്റ്‌ നിർത്തി വെപ്പിച്ചു….

ഒരാഴ്ച നിന്നു കത്തിയ കേരളത്തിലെ തെരുവകളിലെ അഗ്നി പതിയെ അണഞ്ഞു തുടങ്ങിയിരുന്നു… പക്ഷെ വില്യം ജോണിന്റെ നെഞ്ചിലെ തീ ആളിപ്പടർന്നു… അത് വലിയൊരു അഗ്നികുണ്ഡമായി മാറിയിരുന്നു…

ഭുവനേശ്വർ…. ഒഡീഷ….

ഭുവനേശ്വർ നഗരത്തിൽ നിന്നും 10 കിലോമീറ്റർ മാറി ഒരു ചേരിക്കുള്ളിലെ ഇടുങ്ങിയ വഴികൾ താണ്ടിയെത്തുന്ന ഇരുനിലമാളികക്കുള്ളിൽ ആയിരുന്നു അപ്പോൾ വില്യം…. വടയമ്പാടി മൈനിങ് പ്രോജാക്കറ്റിന്റെ പിന്നിലെ രഹസ്യങ്ങൾ ഏറെക്കുറെ പുറത്ത് വന്നതിനു പിന്നാലെ വില്യം ജോൺ, ഇബ്രാഹിം ഹസ്സനാർ, മിത്ര തങ്കച്ചി അടക്കം ആ പ്രൊജക്റ്റുമായി ബന്ധപ്പെട്ട എല്ലാവർക്കും പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു…. തല്ക്കാലം മാറി നിൽക്കാൻ തീരുമാനിച്ച വില്യമും സംഘവും എത്തിപ്പെട്ടത് ഭുവനേശ്വറിൽ ആണ്….

ഹ്രാ….

സകലതും മറന്നു വില്യം  അലറി… ഇബ്രാഹിമും തങ്കച്ചിയും ആ അലർച്ചയിൽ വിറങ്ങലിച്ചു പോയി….

മുജീബ്…. ആ പടുവിഡ്ഢി എല്ലാം… നമ്മുടെയൊക്കെ എല്ലാ നീക്കങ്ങളും രേഖകളായി സൂക്ഷിച്ചിരുന്നു…. നീയോ ഞാനോ ഇവനോ ആരും… ആരും… അതു ശ്രദ്ധിച്ചില്ല…. നമ്മുടെയൊക്കെ കടക്കൽ തന്നെ ബലരാമൻ കോടാലി വെച്ചു…..

വില്യം ഭ്രാന്തെടുത്തവനെ പോലെ അലറി….

ബലരാമൻ അല്ല സാർ… കേദാർ…. ഒരൊറ്റ ആഴ്ച കൊണ്ട് അവൻ നമ്മളെ ഉയരങ്ങളിൽ നിന്നും മണ്ണിലെത്തിച്ചു….. വില്യമിന് ഇനി തിരിച്ചു പോക്ക് പോലും അസാധ്യമാണ്….

ഇബ്രാഹിം പറഞ്ഞത് കേട്ട് വില്യം അയാളുടെ അടുത്തേക്ക് പാഞ്ഞെത്തി….

എവിടെ പോകാൻ…. സാമ്രാട്ട് അശോകയുടെ ഒൻപതാമത്തെ ഗ്രന്ഥത്തിനു വേണ്ടി ചെലവഴിച്ചിരിക്കുന്ന പണം… ഈ ഇന്ത്യ മഹാരാജ്യത്തിന്റെ വാർഷിക ബഡ്ജറ്റിനെക്കാൾ കൂടുതലാണ്… എന്നെ വിശ്വസിച്ചാണ് അവർ പണമിറക്കിയത്… എനിക്ക് അത് നേടിയെടുക്കാതെ ഇവിടെ നിന്നു മടക്കമില്ല ഇബ്രാഹിം….

വില്യം അലറുകയായിരുന്നു…. ഇബ്രാഹിം ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…. അതെ നിമിഷം തന്നെ അശോക് കുമാർ ഒരു കൊടുംകാറ്റ് പോലെ ആ മുറിക്കുള്ളിലേക്ക് വന്നു….

ഡോ…. നിങ്ങളൊക്കെ കൂടി ഏതോ ഒരു ബുക്കിന്റെ പേരും പറഞ്ഞു… ഇപ്പോൾ ഒലത്തിതരാം ഇപ്പോൾ ഒലത്തിതരാം എന്ന് കോണച് കോണച് ഇപ്പോൾ എന്റെ ചെക്കന്റെ ജീവൻ വെച്ചാണ് കളി…. ദേ ഹസനരേ എന്റെ കുഞ്ഞിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീണെന്നറിഞ്ഞാൽ… പിന്നെ എന്റെ തനിക്കൊണം നീയൊക്കെ കാണും… വെച്ചേക്കില്ല ഞാൻ… ഏതു പന്ന കാവടി സായിപ്പിന്റെ മോനായാലും….

ഇബ്രാഹിമിന്റെ അടുത്താണ് അശോക് അത് പറഞ്ഞതെങ്കിലും വില്യമിനുള്ള ശക്തമായ താക്കീത് ആയിരുന്നു അത്…..

വില്യമിന് അതു മനസിലാകുകയും ചെയ്തു…. അയാളുടെ കണ്ണുകൾ കുറുകി… ഒരു പ്രേത്യക രീതിയിൽ അയാൾ അശോകിനെ നോക്കി….

നീയെന്താടാ പുല്ലേ നോക്കി പേടിപ്പിക്കുന്നെ…. നീ വന്നിറങ്ങിയ അന്ന് എന്റെ ചെക്കന്റെ നേരെ ഒന്ന് കുരച്ചു…. അന്ന് കുറെ വാലാട്ടിപട്ടികളുടെ കൈയിൽ തോക്കും കൊടുത്തിട്ട് അവന്റെ മറ്റേടത്തെ ചീപ്പ് ഷോ….. നിന്നെ പേടിച്ചിട്ടാണ് ഞങ്ങൾ മിണ്ടാതിരുന്നതെന്നു നീ വിചാരിച്ചോ…. കൈയിൽ വന്നു ചേരാൻ പോകുന്ന കാശിന്റെ കണക്കു കണ്ടിട്ടാടാ പുല്ലേ അന്ന് ഞങ്ങളൊന്നും മിണ്ടാതിരുന്നത്…. നിന്റെയൊക്കെ വട്ടിനും എന്റെയൊക്കെ ആക്രാന്തത്തിനും നല്ല മെനക്ക് തന്നെ കിട്ടി… അതും അണ്ണാക്കിൽ തന്നെ അടിച്ചു തന്നു ബലരാമനും അവന്റെ മറ്റവനും കൂടി… ഈ കളിയിൽ ഏറ്റവും കൂടുതൽ നഷ്ടം ഇപ്പോൾ എനിക്കാണ്… നിനക്ക് എപ്പോഴും ലാഭം മാത്രമേയുള്ളു….

അശോക് അലറുകയായിരുന്നു….

വില്യം അക്ഷോഭ്യനായി നിന്നുകൊണ്ട് അശോകിനെ അടിമുടി നോക്കി…. അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു… ചെകുത്താന്റെ ചിരി….

ഇബ്രാഹിം ഓടി ചെന്നു അശോകിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…

ഹാ… നീയെന്തിനാടാ ഇങ്ങനെ പേടിക്കുന്നത്… ഇവൻ എന്ന കോപ്പ് ചെയ്യാനാണ്… വടയമ്പാടി കുഴിച്ചു മാന്തി പുസ്തകം കിട്ടിയാൽ ഇവൻ എനിക്ക് ഓഫർ ചെയ്തിരുന്നത് 500 കോടിയാണ്… വെറുതെ ഒന്ന് കൂടെ നിന്നുകൊടുത്തൽ മതിയെന്ന് പറഞ്ഞു… ഞാൻ സമ്മതിച്ചു… എന്നിട്ട് ഇപ്പോൾ എനിക്ക് എന്റെ മകനെയും നഷ്ടമായി… വടയമ്പാടി കുഴിക്കാൻ പോയിട്ട് അവിടെ ഒന്ന് കാലുകുത്താനും പറ്റാത്ത അവസ്ഥയായി…. തന്തക്ക് പിറ…..

വില്യമിന് നേരെ കൈ ചൂണ്ടി കൊണ്ട് അത്രമാത്രമേ അശോക് പറഞ്ഞുള്ളു…. ഇടിമുഴക്കം പോലൊരു ശബ്ദത്താൽ അവിടം പ്രകമ്പനം കൊണ്ടു….

തന്റെ നെറ്റിയിലേക്ക് വീണ ചോരയുടെ ചൂടും ഗന്ധവും ഇബ്രാഹിമിന് മനസിലായി…. അവനും തങ്കച്ചിയും പേടിയോടെ വില്യമിനെ നോക്കി…

നീട്ടിപിടിച്ച റിവോൾവറിനു പിന്നിൽ ചെകുത്താന്റെ മുഖവും മനസ്സുമായി അയാൾ നിന്നു…

വില്യം…. വില്യം ജോൺ ബെനഡിക്ട്…

തിരുനെറ്റിയിൽ ഇരുമ്പുണ്ട കേറിയ ദ്വാരത്തിൽ നിന്നും രക്തം വാർന്നു അശോക് കുമാർ അവിടെ കിടപ്പുണ്ടായിരുന്നു….

കർണാടകയിലെ ബിജാപ്പൂർ നഗരത്തിലെ കീരീടം വെക്കാത്ത രാജാവിനെ പട്ടിയെ പോലെ ഒറ്റ വെടിക്ക് തീർത്തു വില്യം…

വില്യം…

ഇബ്രാഹിമിന്റെ വിളിയിൽ ഭയം തെളിഞ്ഞു നിന്നിരുന്നു….

എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല…. എന്നെ സംശയിക്കുകയും ചെയ്യരുത്… പിന്നെ അശോക് കുമാർ എന്ന ഇയാൾ നമ്മുക്കൊരു ബാധ്യതയാണ്… നമ്മുക്ക് ആവിശ്യമുണ്ടായിരുന്നത് അഭിമന്യുവിനെ ആണ്… അവൻ ഇപ്പോൾ ജീവനോടെ ഇല്ല എന്ന് എനിക്കും നിങ്ങൾക്കും പകൽ പോലെ വ്യക്തതയുള്ള കാര്യമാണ്… സോ…

വില്യം പറഞ്ഞു നിർത്തിയതും ഇബ്രാഹിമും മിത്രയും പരസ്പരം നോക്കി…. വില്യം എത്രത്തോളം അപകടകാരിയാണെന്നു അവർക്ക് വ്യക്തമായി തുടങ്ങിയിരുന്നു….

മിത്ര…..റാമിനെ വിളിക്കണം…. ചോരയിൽ മുങ്ങിയ ദിവസങ്ങൾ വേണം ബലരാമനും കേദാറും ഇനി കണികണ്ടുണരുവാൻ…. 

വില്യം തന്റെ പല്ലുകൾ ഇറുമി…. അവന്റെ കണ്ണുകളിൽ തീ പാറി….

         ****** ******* ********

ഇതേ സമയം ബലരാമനും കേദാറും സംഘവും തങ്ങളുടെ അടുത്ത നീക്കത്തെ കുറിച്ച് ചർച്ചയിൽ ആയിരുന്നു… തല്ക്കാലം വില്യമിനും സംഘത്തിനും കൊടുത്ത അടിയിൽ നിന്നും അവർ തിരിച്ചു പൊങ്ങി വരാൻ അല്പം സമയമെടുക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു..

ബലരാമൻ, കേദാർ, വിശ്വംഭരൻ, ഡേവിഡ്, അനന്തു, അവന്തിക തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു…..

നമ്മുടെ പ്രധാന പ്രശ്നം തീർന്നു എന്ന് തന്നെ പറയാം…. വടയമ്പാടി തുരക്കാൻ തൽക്കാലത്തേക്ക് അവന്മാർ വരില്ല….

ഡേവിഡ് എല്ലാവരോടുമായി പറഞ്ഞു….

രാമു… നീ വടയമ്പാടിക്ക് മടങ്ങുന്നില്ലേ….?

വിശ്വംഭരൻ ബലരാമന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു….

ഇല്ലെന്നർത്ഥത്തിൽ ബലരാമൻ തലയാട്ടി…..

വടയമ്പാടിയുടെ മണ്ണിൽ വീണ ഓരോ ശവത്തിനും അതിന് ഉത്തരവാദികളായവരെ കൊണ്ട് മറുപടി പറയിക്കാതെ എനിക്ക് ആ മണ്ണിലേക്ക് മടങ്ങി പോകാൻ സാധിക്കില്ല കേണൽ സാബ്…. എന്റെ ചന്തു, സിദ്ധു, മേഘ…. കലാപത്തിൽ പൊലിഞ്ഞത് ജീവിതങ്ങൾ… അങ്ങനെ എത്രപേർ….?

ബലരാമന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

റാം….. റാം മനോഹർ…… ഇബ്രാഹിം ഹസനാരുടെ വലംകൈ… ആൾക്കാരെ കൊല്ലുന്നത് അവനൊരു ഹരമാണ്….. മലബാറിലേക്ക് അവനൊരു വരത്തുപോക്കുണ്ട് ഈയിടെയായി… പക്ഷെ കൈയിൽ കിട്ടാൻ പാടാണ്… മിന്നൽ പോലെയാണ് അവൻ… എപ്പോഴും സഞ്ചരിച്ചു കൊണ്ടേയിരിക്കും….

കേദാർ തന്റെ കൈയിലിരുന്ന കട്ടൻചായ കുടിച്ചു കൊണ്ട് അകലേക്ക്‌ നോക്കി പറഞ്ഞു….

ബലരാമൻ അവനെ സൂക്ഷിച്ചു നോക്കി….

നിന്റെ കയ്യിലും മെരുങ്ങാത്ത ഐറ്റം ആണെങ്കിൽ ഞാൻ ഇറങ്ങാം….

ബലരാമൻ കേദാറിനോടായി പറഞ്ഞു….

ഇത് മംഗലാപുരത്തെ ഊള പിള്ളേർ നിക്കറിട്ട് നടക്കുന്ന പ്രായത്തിൽ കളിക്കുന്ന കളിയല്ല…. അവനെ അത്രക്ക് നിസ്സാരമായി കാണുകയും വേണ്ട… റാം മനോഹരുടെ തല അറുത്താൽ വില്യമും ഹസനാരും വീണു എന്നാണ് അർത്ഥം….

കേദാർ പറഞ്ഞ മറുപടി കേട്ട് ബലരാമൻ തല തിരിച്ചു എങ്ങോട്ടെന്നില്ലാതെ മിഴികൾ പായിച്ചു….

വല്യമ്മാവാ…. ഞാൻ എന്നാൽ വടയമ്പാടിക്ക് പൊയ്ക്കോട്ടേ…. അമ്മയെയും ഒന്ന് കാണാം…. ചെറുതോട്ടത്തിലും ആകെ മോശം അവസ്ഥയല്ലേ…

അനന്തു ബാലരാമനോടയി ചോദിച്ചു….

മ്മ്…. ഞാനും അത് ആലോചിക്കുകയായിരുന്നു.. കേണൽ സാബും ഇവന്റെ ഒപ്പം വടയമ്പാടിക്ക് മടങ്ങുക…. അവിടെയും ആരെങ്കിലുമൊക്കെ വേണം….

ബലരാമൻ പറഞ്ഞത് കേട്ട് വിശ്വംഭരൻ എന്തോ പറയാനായി വന്നു… പക്ഷെ കേദാർ അതിനും മുൻപേ കേറി ഇടപെട്ടു….

അതൊരു നല്ല ഐഡിയ ആയിട്ടാണ് എനിക്ക് തോന്നുന്നത്…… അതുകൊണ്ട് തന്നെ നമ്മൾ അതിനെ കൈ അടിച്ചു പാസ്സാക്കുന്നു…

കേദാർ പറഞ്ഞു തീർന്നതും വിശ്വംഭരന്റെ മുഖം വല്ലാതെയായി….

ബലരാമൻ വിശ്വംഭരന്റെ തോളിൽ കൈ വെച്ചു…ആ മുഖത്ത് ഒരപേക്ഷ ഭാവം ഉള്ളത് പോലെ തോന്നി വിശ്വംഭരന്…..

ഇരുവരും പെട്ടെന്ന് തന്നെ യാത്രക്കൊരുങ്ങി…. അവർ പോയി കഴിഞ്ഞതും കേദാറിന്റെ ഫോൺ ശബ്‌ദിച്ചു…. അവൻ അത് അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു…

മ്മ്… മ്മ്….. ശരി… താങ്ക്സ് മച്ചാ….

അവൻ ഫോണിൽ കൂടി അത്രയും പറഞ്ഞിട്ട് ബലരാമനെ നോക്കി….

തങ്കച്ചി…. ഭുവനേശ്വറിൽ ഉണ്ട്…. ഇന്ന് നൈറ്റ്‌ വണ്ടിക്ക് ഹൈദരാബാദിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്….. ഹേമലത വസന്തകുമാർ എന്ന പേരിൽ……

കേദാർ ഫോൺ കട്ട്‌ ചെയ്തുകൊണ്ട് കേദാർ പറഞ്ഞു….

മ്മ്….

ബലരാമൻ ഒന്ന് മൂളി…

പിന്നെ ഇൻഫോർമേഷൻ ഡിപ്പാർട്മെന്റിൽ നിന്നാണ്… സി ഐ വൈശാഖ്…. ഇൻഫോർമർ…..

അപ്പോൾ തന്റെ ശ്രീകലമാഡം വല വിരിച്ചു കഴിഞ്ഞിട്ടുണ്ട് അല്ലെ….

തീർച്ചയായും…. ഡിസിപി അഖിലേഷ് അടക്കം ആറംഗ സംഘം ഹൈദരബാദിനു പറന്നു കഴിഞ്ഞു…. തങ്കച്ചിയെ പൊക്കണമെങ്കിൽ തെലങ്കാനയുടെ മണ്ണിൽ കാലു കുത്തും മുൻപ് പൊക്കണം….

അത് പറയുമ്പോൾ കേദാറിന്റെ കണ്ണുകൾ കുറുകിയിരുന്നു…..

ബലരാമൻ കേദാറിന് നേരെ കൈ നീട്ടി…. കേദാർ ഫോൺ ബലരാമന് കൈമാറി….

ബലരാമൻ ഒരു നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു…..

അപ്പുറത്ത് കാൾ കണക്‌ട് ആയതും……

റെഡ്‌ഡിഗാരു….. ബൽറാം ഭായി….

അത്ര മാത്രമേ ബലരാമൻ പറഞ്ഞുള്ളു….. ആന്ധ്രാപ്രദേശിലെ അമരാവതിയിൽ നിന്നും 3 വണ്ടികൾ ഒറീസ്സ – തെലുങ്കാന അതിർത്തി ലക്ഷ്യമാക്കി കുതിച്ചു….

ബലരാമൻ ഫോൺ തിരികെ കേദാറിനെ ഏല്പിച്ചു….

ആ സമയത്ത് തന്നെ ഡേവിഡ് അങ്ങോട്ടേക്ക് വന്നു….

രാമേട്ടാ…. ഹസനാരുടെ ഫാമിലി അജ്മീറിൽ ഉണ്ട്… അമർ ഭായി അവരെ ട്രയ്‌സ് ചെയ്തു കഴിഞ്ഞു…..

എല്ലാം അവന്റെ കൺട്രോളിൽ ആണോ….

യെസ് രാമേട്ടാ….

പൊക്കാൻ പറ……

തന്റെ കൈയിലെ പിസ്റ്റൾ ലോഡ് ചെയ്തു കൊണ്ട് ബലരാമൻ ഡേവിഡിനോട് നിസ്സാര ഭാവത്തിൽ പറഞ്ഞു….

കേദാർ ഇതെല്ലാം കണ്ട് അന്തംവിട്ട് നിൽക്കുകയാണ്… താൻ കണ്ട ബലരാമൻ കടലിൽ ഒഴുകി നടക്കുന്ന മഞ്ഞുമല പോലെയാണെന്ന് അവനു തോന്നി… പുറമെ ഉള്ളത്  കാണുമ്പോൾ അത്രക്ക് വലിപ്പം തോന്നില്ല…. പക്ഷെ ആഴത്തിലേക്ക് പോകും തോറും അതിന് വലിപ്പം കൂടും…..

ബലരാമൻ ഗൺ ലോഡ് ചെയ്തതിനു ശേഷം കേദാറിന് നേരെ എറിഞ്ഞു….

വണ്ടിയിറക്ക്…. പണിയുണ്ട്…..

പറഞ്ഞിട്ട് ബലരാമൻ അകത്തേക്ക് തിരിഞ്ഞു നടന്നു….

കേദാർ വണ്ടിയുടെ അടുത്തേക്ക് നടന്നു….

3 മിനിറ്റുകൾ….

3 മിനിട്ടുകൾക്ക് ശേഷം ബലരാമൻ പുറത്തേക്ക് വന്നു….

ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു വേഷം….. ഉറച്ച ചുവടുകളോടെ…. ആർക്കും മുന്നിലും അടിയറവ്‌ പറയാത്ത തലയെടുപ്പോടെ…. കണ്ണിൽ അണയാത്ത പകയുടെ കനലുമായി അയാൾ നടന്നടുത്തപ്പോൾ.. ഡേവിഡിന്റേയും അവന്തികയുടെയും കണ്ണുകൾ വിടർന്നു….

സി ബി…….

കേദാറിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു പോയി….

ബലരാമനും കേദാറും ഒരുമിച്ച് അങ്കപ്പുറപ്പാടിന് ഇറങ്ങുന്ന സമയത്ത് ഇവിടെ വടയമ്പാടിയിൽ ബലരാമന്റെ സ്വന്തം മണ്ണിൽ….. ഒരു അരക്കില്ലം ഒരുക്കി റാം മനോഹർ കാത്തിരുന്നു….

റാം മനോഹർ എന്ന ചിലന്തി മനോഹരമായി നെയ്‌തെടുത്ത മരണത്തിന്റെ വലയിലേക്ക് അനന്തുവും വിശ്വംഭരനും അതിവേഗം പറന്നടുത്തു….

                            തുടരും……

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!