കാര്യം അറിയാൻ ഞാൻ അമ്മാവൻ്റെ മുറിയിലേക്ക് വെച്ച് പിടിച്ചപ്പോൾ കണ്ടു പുള്ളിയുടെ മുറിയുടെ അടഞ്ഞ വാതിലിൽ ഒരു ചെറിയ ബ്ലുടൂത് സ്‌പീക്കറിൽ പോൺ വീഡിയോ സൗണ്ട്…… വല്ലാണ്ട് അവശതയോടെ വിളിക്കുന്ന പെൺസ്വരം ….ഒപ്പം തൊട്ടു മുകളിലെ എന്റെ മുറിയിൽ നിന്നും കട്ടിൽ ചാടുന്ന ശബ്ദവും……ഈശ്വരാ…ഈ പെണ്ണ് …എന്നെ നാണം കെടുത്തുമല്ലോ …. ഞാൻ ആ സ്‌പീക്കറും ഓഫ് ചെയ്തു മിന്നൽ വേഗത്തിൽ മുറിയിലേക്ക് പാഞ്ഞു….. വാതിലും ജെന്നലും ഒക്കെ അടച്ചിരിക്കുന്നു……ഞാൻ വാതിൽ തള്ളി തുറന്നതും കാണുന്നത് കട്ടിലിന്റെ പുറത്തു നിന്ന് ചാടുന്ന വൈഗയെയാണ്….. എന്നെ കണ്ടു ഒരു നിമിഷം ചാട്ടം നിന്നു ……
ദയനീയതയോടെ എന്നെ നോക്കി നിൽക്കുന്നു …നല്ല ചമ്മലും ഉണ്ട്….. എന്റെ കിളികൾ ഒന്നും ഈ ജില്ലയിൽ ഉണ്ടായിരുന്നില്ലാ …….. ഞാൻ ഇടുപ്പിൽ കൈകുത്തി തലയിൽ കൈവെച്ചു പോയി…… ഈശ്വരാ…ഇത്രയും വലിയ ഒരു പണി എനിക്ക് തരണമായിരുന്നോ ….?
അർജുനെട്ടേനെ നോക്കി ഒന്ന് ദയനീയമായി ഇളിച്ചു എങ്കിലും എന്റെ മുട്ടുകൾ തമ്മിലിടിച്ചോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു…. ഭയന്നിട്ടേ ……മൂപ്പരെ ലേശം പേടിയുണ്ട് അതാ…..
എന്നെ കൊല്ലാനുള്ള അരിശത്തോടെ നിൽക്കുന്ന അർജുനെട്ടനെ നോക്കി ഞാൻ മെല്ലെ കട്ടിലിൽനിന്നു ഇറങ്ങി…. എന്തെങ്കിലും ഞാൻ പറയുന്നതിന് മുന്നേ തന്നെ എന്റെ സ്പീക്കർ നാല് കഷ്ണം ആയി നിലത്തു കിടന്നു…..
“എല്ലാം നിനക്ക് കുട്ടിക്കളിയാണോ…. ഈ ഞാനും വീട്ടുകാരും ഒക്കെ….. ഓരോന്നു കണ്ടിട്ട് ഞാൻ വേണ്ടാ വേണ്ടാ എന്ന് വെക്കും തോറും തലയിലോട്ടു കയറുവാണോ ……” അർജുനേട്ടന്റെ മുഖഭാവവും ശബ്ദവും കേട്ടു ഞാൻ ഭയന്നു പോയി…..
എന്നാലും എനിക്ക് ഈ വഴക്കു അമ്മാവൻ അറിയരുത് എന്നുള്ളത് കൊണ്ട് ഞാൻ വേഗം ചെന്ന് മുറിയുടെ വാതിൽ അടച്ചു…..
“പ്ളീസ് അർജുനേട്ടാ …..ഒച്ചവെക്കല്ലേ ….അമ്മാവൻ കേട്ടാൽ ഞാൻ ഈ ചാടിയതൊക്കെ വെറുതെ ആവും…..” നിഷ്കു ഭാവത്തിൽ കൈകൂപ്പി നിന്നു …….
“കേൾക്കട്ടെ …..എല്ലാരും കേൾക്കട്ടെ….. അല്ലേൽ ഈ തോന്നിവാസം ഞാനും കൂടി അറിഞ്ഞു കൊണ്ടാവില്ലേ …….നാളെ ആ ശകുനി അമ്മയോട് പോയി വിളമ്പും….നാണക്കേടാക്കി……”
ഈശ്വരാ അർജുനേട്ടൻ ഇപ്പൊ ഒച്ച വെച്ച് എല്ലാരേയും അറിയിക്കുമോ ….ഞാൻ പിന്നെ ഒന്നും നോക്കിയില്ല എൻ്റെ പതിനെട്ടാമത്തെ അടവ് എടുത്തു……. കുനിഞ്ഞു ആ കാലിൽ പിടിച്ചു ഒറ്റകരച്ചിലായിരുന്നു…..
“പ്ളീസ് അർജുനേട്ടാ……പ്ളീസ്……ഒച്ച വെക്കല്ലേ ……” കുറച്ചു നേരം ഒക്കെ കരഞ്ഞു…എന്നെ ഒന്ന് പിടിച്ചു എഴുന്നേൽപ്പിക്കട്ടെ …അല്ലെങ്കിൽ വേണ്ടാ …ഒന്ന് ആശ്വസിപ്പിക്കട്ടെ …. എന്തെങ്കിലും ഒരു ചലനം ..ഒന്നും ഉണ്ടായില്ല…..ഗതികെട്ട് തല പൊക്കി നോക്കിയപ്പോൾ കണ്ടു ഇടുപ്പിൽ കൈകുത്തി മറു കൈ ചുവരിൽ പിടിച്ചു നിന്ന് ചിരിക്കുന്ന അർജുനേട്ടനെ ….. ഒപ്പം ഒരു ചോദ്യവും……
“ഇനിയും എന്തൊക്കെയുണ്ട് കയ്യില് …….. ? ” ഞാൻ മെല്ലെ .എഴുന്നേറ്റു…… കണ്ണു തുടച്ചു……എന്നാലും ആ ചിരിച്ച മുഖം എന്റെ മനസ്സിനു ആശ്വാസമായിരുന്നു…. അർജുനേട്ടന് ചിരി വളരെ കുറവാണ്…..എങ്കിലും വല്ലപ്പോഴും വിരിയുന്ന ആ ചിരി കാണാൻ എനിക്കിഷ്ടാണ്….
“ഈ കള്ള കണ്ണീരൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു……….. ഇതൊന്നുമല്ല യഥാർത്ഥ വൈഗാലക്ഷ്മി …ഞാൻ കണ്ടു പിടിക്കുന്നുണ്ട് … “
എൻ്റെ മുഖത്തിനടുത്തു വരെ ആ നിശ്വാസം അടിച്ചിരുന്നു…… ഞാൻ ആ മുഖത്തേക്ക് നോക്കി….. ആ കണ്ണുകൾക്കു എന്റെ ആഴങ്ങളിൽ ഇറങ്ങാനുള്ള കാന്ത ശക്തിയുണ്ടോ …….? …ഇല്ല……. വൈഗയുടെ കണ്ണുകളും മനസ്സും ഒരിക്കലും ആർക്കും ഉൾകൊള്ളാൻ കഴിയില്ല…..ഞാൻ ദൃഷ്‌ടി മാറ്റി…..
ഞാൻ ഒന്നും മിണ്ടാതെ എന്റെ പൊട്ടിയ സ്പീക്കർ കഷ്ണങ്ങൾ എടുത്തു…….അർജുനേട്ടന്റെ മൊബൈൽ ബെൽ അടിക്കുന്നതും അർജുനേട്ടൻ പെട്ടന്ന് കാക്കി കുപ്പായം എടുക്കുന്നതും കണ്ടു…..
“എവിടെ പോവുന്നു……? രാത്രി അല്ലേ ….?”
“നിക്ക് അത്യാവശ്യമായി സ്റ്റേഷനിൽ പോണം….. കതകു അടച്ചു കിടന്നോളു….” അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി ….
“യ്യോ…..രാത്രി വരില്ലേ …?.” പെട്ടന്ന് തിരിഞ്ഞു നോക്കി…..ഒരു കുസൃതിയോടെ മേലോട്ടു നോക്കി പറഞ്ഞു……
“കുഞ്ഞുട്ടാ ……ദേ ഈ വൈകാശിയെ നോക്കിയേക്കൂട്ടോ ……” ഈശ്വരാ എന്തോ ഇഴഞ്ഞു എന്റെ ദേഹത്തുകൂടി പോകുന്ന ഒരു തോന്നലായിരുന്നു ആ പേര് കേൾക്കുമ്പോൾ തന്നെ …..ഞാൻ പെട്ടന്ന് തന്നെ ചാടി മുറിക്കുള്ളിൽ കയറി…..
“എന്നെ നോക്കണ്ടാന്നു പറയൂ ….. അതിനോട് വല്ല മാളത്തിലും പോയി ഇരിക്കാൻ പറഞ്ഞൂടെ മനുഷ്യാ…… നിക്ക് ഉറങ്ങണം…..” ഞാൻ ദയനീയതയോടെ പറഞ്ഞു……
മറുപടി ഒരു ചിരിയായിരുന്നു……
” അമ്മാവനും മോളും കൂടി ഉറങ്ങാണ്ട് മേലെയും താഴെയും ആയി ഇരുന്നോ ….”
“അയ്യട ഞാൻ പോത്തു പോലെ കിടന്നു ഉറങ്ങും നോക്കിക്കോ …” അതും പറഞ്ഞു വാതിലടച്ചു എങ്കിലും എനിക്കും ചുറ്റും ഒരു ശൂന്യതയായിരുന്നു……ഉമ്മറത്തെ വാതിൽ അടയ്ക്കാനുള്ള താക്കോൽ അർജുനേട്ടന്റെ കയ്യിലും ഒരെണ്ണം ഉണ്ട്…. അർജുനേട്ടൻ്റെ ബുള്ളറ്റ് അകന്നു പോകുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു….. ഒപ്പം എന്നിൽ വന്നു നിറയുന്ന ശൂന്യതയും….. വിവാഹ ശേഷം ഞാൻ ആദ്യമായി ആണ് രാത്രി ഒറ്റയ്ക്കാവുന്നതു…… പണ്ടൊക്കെ എന്നിൽ വന്നു നിറഞ്ഞിരുന്ന ഭയം വളർന്നപ്പോഴും അത് എന്നോടൊപ്പം കൂടി….അതിൽ നിന്ന് രക്ഷപ്പെടാൻ ആണ് ഇവിടെ കോളേജിൽ വന്നു ചേർന്നത്…ഹോസ്റ്റലിൽ നിന്നതും അതിനായിരുന്നു…..
അർജുനേട്ടനോപ്പം ഈ മുറിയിൽ കഴിയുമ്പോൾ ഞാൻ അനുഭവിച്ചിരുന്ന സുരക്ഷിതത്വം ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല…… എന്നെ വേട്ടയാടിയിരുന്ന സ്വപ്നങ്ങളും വേദനകളും ഭയാനകമായ ഓർമ്മകളും ഞാൻ മറന്നിരുന്നു…… ഇന്ന് അതൊക്കെ വീണ്ടും എന്നെ പൊതിയുകയാണോ…… ഞാൻ അർജുനേട്ടൻ മാറ്റിയിട്ട ഷർട്ടിലേക്കു വിരലുകളോടിച്ചു….എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു…………………
മനസ്സ് പറയുന്നുണ്ടായിരുന്നു…ഉറക്കെ….. ഒന്നിനോടും ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കരുത് വൈഗാ…… വേദനിക്കേണ്ടി വരും……. ആരോടും അടുക്കരുത്…..
രാവിലെ ഏഴരയോടെയാണ് ഞാൻ ഒന്ന് വീട്ടിലേക്കു പോയത്…… രാത്രി മുഴുവൻ തിരക്കായിരുന്നു…വീട്ടിലേക്കു ഗേറ്റ് തുറന്നതും കണ്ടു കുളിച്ചു ഈറൻ മുടിയുമായി നിന്ന് മുറ്റം തൂക്കുന്ന വൈഗയെ….. ഇവൾ എന്താ ഇന്ന് മുറ്റം തൂക്കുന്നതു…..അതി വിശാലമായ മുറ്റം ആയതുകൊണ്ട് തന്നെ പുറംപണിക്കു ആളെ നിർത്തിയിട്ട് ഉണ്ട്….. ഈ മുരിങ്ങയ്ക്ക കോല് മുറ്റം അടിച്ചു എന്നു തീരാനാണ്….. എന്നെ ഒന്ന് പാളി നോക്കിയിട്ടു ആഞ്ഞു മുറ്റം അടിക്കുന്നു…… കൊട്ട പോലെ മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്….. ഇന്നലത്തെ പണിയുടെ ബാക്കിയാവും…… ഞാൻ അവളെ നോക്കി താക്കോലും ആയി വീട്ടിലേക്കു കയറിയപ്പോൾ കേട്ടു അമ്മയുടെ ആക്രോശം …..
“നീ ഇത് എങ്ങടാ ബലരാമാ …… ? “
“ഇല്ല…ഓപ്പേ ……നിക്ക് പോണം…… ഒന്ന് മൂകാംബികയ്ക്കു പോണം…..മനസ്സറിഞ്ഞു പ്രാർത്ഥിക്കണം…..ഇന്നലെ സ്വപ്നത്തിലും കൂടി വന്നതാണ്…….”
ഒരു കുഞ്ഞു ബാഗുമായി അമ്മാവൻ ഇറങ്ങി വരുന്നു….വിഷാദ ഭാവത്തിൽ അമ്മയും രുദ്രയും…..
എന്നെ കണ്ടതും അമ്മാവൻ ഒന്ന് പരുങ്ങി…..എന്നാൽ അമ്മയുടെ മുഖഭാവത്തിൽ നിന്ന് വ്യെക്തമാണ് ഇന്നലത്തെ ലീലാവിലാസം അമ്മാവൻ അറിയിച്ചിട്ടുണ്ട് എന്ന്…അല്ലെങ്കിലും അതിൻ്റെ തെളിവാണല്ലോ ദോ മുറ്റം അടിക്കുന്നവൾ …… എന്നെ നോക്കി ‘അമ്മ മുഖം വെട്ടി തിരിച്ചു …. കഥാ നായിക തകർത്തു മുറ്റം അടി തന്നെ ശരണം……
“അമ്മാവനെ ബസ് സ്റ്റോപ്പിൽ ആക്കട്ടെയോ ……?”
എന്നെ ഒന്ന് നോക്കി….. അനിഷ്ടത്തോടെ പറഞ്ഞു….
“അയ്യോ വേണ്ടാ….ഞാൻ നടന്നു പോയിക്കൊള്ളാം……”
മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ‘അമ്മയുടെ സ്വരം ഉയർന്നു…..
“ഈ കുട്ടിക്ക് എന്താ ബോധം ല്ല്യെ …… ഒരാൾ പുറപ്പെടുമ്പോ ആണോ ചൂലുമായി നിൽക്കുന്നത് ……മാറ്റി പിടിയ്ക്കു…….” അപ്പോഴേക്കും അവൾ പെട്ടന്ന് ചൂലുമാറ്റി …..ഒപ്പം ഒരു ചോദ്യവും…….
“അയ്യോ ….അമ്മാവൻ പുറപ്പെട്ട് പോവ്വാണോ .?..ഇനി തിരിച്ചു വരില്ലാ ….?.” നിഷ്‌കു ഭാവത്തിൽ ഒരു നിൽപ്പും……
“ഓപ്പേ ………” അമ്മാവനാണ്…..രുദ്ര കഷ്ടപ്പെട്ട് ചിരി അടക്കുന്നുണ്ട് …. കൃഷ്ണയിലും ചിരിയുണ്ട്……
“വൈഗാ…… മതി അടിച്ചു വാരിയതു …അപ്പുറത്തു പോകൂ ……”
നിഷ്‌കു ഭാവത്തിൽ തലയാട്ടി പോകുന്നവളെ നോക്കുമ്പോൾ എന്നിലും വിരിഞ്ഞു ചിരി…..
അമ്മാവൻ പോയിക്കഴിഞ്ഞതും അമ്മയുടെ ഉറക്കെയുള്ള സ്വരം എനിക്ക് കേൾക്കാമായിരുന്നു…..അന്ന് അവധി ദിവസമായതിനാൽ എല്ലാരും വീട്ടിൽ ഉണ്ട്….. കുളിക്കുമ്പോഴും താഴോട്ടു ഇറങ്ങുമ്പോഴും ‘അമ്മ വൈഗയുടെ പുറകെ നടന്ന് ജോലി പഠിപ്പിക്കുന്ന തിരക്കിലായിരുന്നു……. ഉച്ച ഊണിനു വരുമ്പോഴും ‘അമ്മ ഒട്ടും ആറിയിട്ടുണ്ടായിരുന്നില്ല…..
“ഇങ്ങനാണോ പാത്രം കഴുകുന്നത്…….”
“ഇങ്ങനാണോ കറിക്ക് അരിയുന്നത്…….”
“ഈ കുട്ടി എന്താ കാണിക്കുന്നത്………..” കേൾക്കുന്ന എനിക്ക് പോലും ആരോചകമായി തോന്നി തുടങ്ങിയപ്പോൾ കേട്ടു വൈഗാ ലക്ഷ്മിയുടെ സ്വരം…..
“….. വേണമെങ്കിൽ അമ്മാവനെ ഞാൻ പോയി വിളിച്ചു കൊണ്ട് വരാം…ഇവിടന്ന് മൂകാംബികയ്ക്കു പോയി അമ്മാവനെ കൊണ്ട് വരുന്നതാ അമ്മയോടൊപ്പം ഈ കിച്ചണിൽ നിൽക്കുന്നതിനേക്കാളും എളുപ്പം…. എന്തെ പോകട്ടെ……?….”
ഏതാനം നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അമ്മയുടെ മറുപടിയും വന്നു…..
“അതിലും എളുപ്പം കുട്ടി ഒന്ന് പോയി കുറച്ചു ദിവസം സ്വന്തം വീട്ടിൽ നിൽക്കുന്നതായിരുന്നു……. കല്യാണം കഴിഞ്ഞു ഇത്രയു മാസങ്ങൾ ആയല്ലോ വൈഗ ഇത് വരെ പോയില്ലല്ലോ …..എന്തെ പോകാത്തെ …രേവതിയോടും ഈ സ്വഭാവം ആയിരിക്കും അല്ലെ……? കുട്ടീടെ അച്ഛൻ പോലും വീട്ടിലേക്കു ക്ഷണിക്കുന്നില്ലല്ലോ……? എല്ലാരും പൊറുതി മുട്ടി കെട്ടിച്ചു വിട്ടതാണോ ….എന്റെ അർജുനന്റെ വിധി അല്ലാതെന്തു പറയാൻ….. “
വൈഗയുടെ ശബ്ദം കേട്ടിരുന്നില്ല……അമ്മയും പിന്നീട് ഒന്നും പറഞ്ഞു കേട്ടില്ല…… ഊണിനും വൈഗയെ കണ്ടിരുന്നില്ല …..ഊണ് കഴിച്ചു എഴുന്നേൽക്കുമ്പോൾ കണ്ടു കുളി കഴിഞ്ഞു വരുന്ന വൈഗയെ……
എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്…..
“ആ പാവം വയോധകനെ ഓടിച്ചു വിട്ടില്ലേ കാന്താരീ നീ…….”
അവൾ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു……
“അങ്ങനൊരു അബദ്ധം നിക്ക് പറ്റിപ്പോയി അർജുനേട്ടാ ……. ഇനി ചെയ്യില്ല…… ആ ശകുനി ഒരു പാവായിരുന്നു ..ഗാനധാരി ആയിരുന്നു കേമി ….”
നിഷ്‌ക് ഭാവത്തിൽ നിൽക്കുന്നു…..
“നീയും ഒട്ടും മോശല്ല …..ൻ്റെ അമ്മയ്ക്ക് പറ്റിയത് നീയാട്ടോ ……. സുഭദ്ര ആയിരുന്നേൽ കഷ്ടപ്പെട്ട് പോയേനെ ……..” ഞാൻ ഒരു ഒഴുക്കിൽ പറഞ്ഞതായിരുന്നു…..പക്ഷേ വൈഗയുടെ മുഖം പെട്ടന്ന് മാറി……
“സുഭദ്രാ ……. ? പോരട്ടേ ..പോരട്ടേ …… അപ്പൊ സുഭദ്രയാണ് പ്രണയം………”
കുസൃതിയോടെ എന്നെ നോക്കി നിൽക്കുന്നവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി പുറത്തേക്കു നടന്നു…… ഉമ്മറത്ത് വന്നിരുന്നപ്പോൾ ഞാൻ വെറുതെ ഓർത്തു…. സുഭദ്ര …… ആ പ്രണയം എത്രെയോ കാലങ്ങൾക്കു മുന്നേ കഴിഞ്ഞു പോയൊരു ഏടായി തോന്നുന്നു…… പെട്ടന്നാണ് അമ്മയുടെ ശബ്ദം ,
“അർജുനാ……. ഇത് രണ്ടു പെണ്കുട്ടിയോൾ ഉള്ള വീടാണ്……ഒരാൾ ഭർത്താവിനെ പിരിഞ്ഞും മറ്റൊരാൾ പഠിക്കുന്ന ചെറു പ്രായം…. ആ ഒരോർമ്മ രണ്ടാൾക്കും വേണം …… ആ കുട്ടിക്ക് ഒരു പക്വതയും ഇല്ലാ പാകതയും ഇല്ല….. നിന്നെ ഞാൻ അങ്ങനെയല്ല വളർത്തിയിരിക്കുന്നതു…… “
ഇത്രയും ആയപ്പോൾ വൈഗ എനിക്കുള്ള വെള്ളവുമായി ഉമ്മറത്തു വന്നു……
“സ്നേഹമായാലും വഴക്കായാലും എന്തായാലും മുറിക്കുള്ളിൽ ആ നാല് ചുവരുകൾക്കു അകത്തു…. ഇത് ഒരു കുടുംബം ആണ്…. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്……” അതും പറഞ്ഞ ‘അമ്മ അകത്തേക്ക് പോയി….. എനിക്ക് വല്ലാതെ ജാള്യത തോന്നേണ്ടതാണ്…..പക്ഷേ ഒന്നും തോന്നിയില്ല…. കാരണം ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ …
വൈഗ വന്നു അടുത്തിരുന്നു…..
അമ്മയുടെ മുന്നിൽ നിശബ്ധനായി ഇരിക്കുന്ന അർജുനെട്ടനെ കണ്ടപ്പോൾ എനിക്ക് കുറ്റ ബോധം തോന്നി…..
“സമാധാനം ആയല്ലോ വൈഗാലക്ഷ്മി……”
“സോറി ……ഞാൻ ഒരു രസത്തിനു……സോറി അര്ജുനട്ടാ…..അമ്മാവൻ ഇത്രയ്ക്കു പാവം ആണ് എന്ന് ഞാൻ അറിഞ്ഞില്ല….ഇനി വരാതിരിക്കുമോ …?” ഞാനതു പറഞ്ഞതും എന്നെ അത്ഭുതത്തോടെ നോക്കി…എന്നിട്ടു ചെറു ചിരിയോടെ പറഞ്ഞു…..
“ആര് പാവം..?..മൂപ്പരെ നീ ഇളക്കി വിട്ടതല്ലേ …… നിന്റെ പ്രഹസനം ഒക്കെ കേട്ട് വിയർത്തു പാവം സംബന്ധം കൂടാൻ പോയതല്ലേ ….? കുറച്ചീസം കഴിയുമ്പോൾ ഇങ്ങു പോന്നോളും……”
അത് കേട്ട് ഞാൻ ഞെട്ടി പോയി……
“അപ്പൊ അമ്മാവൻ ബ്രഹ്മചാരി അല്ലേ ….?”
എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അർജുനേട്ടൻ ചിരിക്കാൻ തുടങ്ങി….. ചിരിച്ചപ്പോൾ ആ മുഖം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു…. അകത്തു നിന്ന് അമ്മയും കൃഷ്ണേച്ചിയും എത്തി നോക്കി….അവരുടെ കണ്ണുകളിലും അത്ഭുതമായിരുന്നു…… മിഥു പോലും ഇറങ്ങി വന്നു അത്ഭുതത്തോടെ അർജുനെട്ടനെ നോക്കുന്നുണ്ടായിരുന്നു…..ഞാൻ അവളെ അടുത്തേക്ക് വിളിച്ചു…..ഞാൻ ഉള്ള ധൈര്യത്തിൽ അവൾ അടുത്തേക്ക് വന്നു….. ഞങ്ങൾക്കരുകിൽ ഇരുന്നു…..
“നോക്ക് മിതുക്കുട്ടി….. ഇത് മന്ത്രവാദിയാണോ …? നോക്കിയേ ചിരിക്കുന്ന കണ്ടില്ലേ ….?”
അർജുനേട്ടൻ മിഥുവിനോട് ചേർന്ന് ഇരുന്നു…..
“എന്നെ പേടിയാണോ ….?” അർജുനെട്ടേനെ നോക്കി ഇല്ലാ എന്ന് തലയാട്ടി…എന്നിട്ടു എന്റെ മടിയിലേക്കു വന്നിരുന്നു……
“അമ്മായി ഉള്ളത് കൊണ്ട് എനിക്ക് പേടിയില്ല ……” എന്നെ നോക്കി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…..
“ഉവ്വോ…..എന്നിട്ട് ഈ അമ്മായിക്ക് എന്നെ പേടിയാണല്ലോ …..?”
അർജുനേട്ടൻ എന്നെ ഇടകണ്ണിട്ടു നോക്കി…..
“ഏയ് മാമനെ പേടിയൊന്നുമില്ല……അമ്മായിക്ക് ആരെയും പേടിയില്ല……നല്ല ധൈര്യമാ ….”
അതുകേട്ടപ്പോൾ ഞാൻ ഒന്ന് പുളകിതയാകേണ്ടതാണ്……പക്ഷേ തല്ക്ഷണം അർജുനേട്ടൻ പറഞ്ഞില്ലേ ,
“അമ്മായിയുടെ ധൈര്യം അറിയാൻ രാത്രിയാവണം……” അർത്ഥഗർഭമായ നോട്ടവും….. ഈ മനുഷ്യൻ എന്നെ നാണം കെടുത്തുമല്ലോ ഈഷ്വരാ…… പിന്നെയും മിഥു ഓരോന്നു ചോദിക്കാൻ തുടങ്ങി…..
“മാമൻ ഇടിക്കുമോ…..? “
” ഒന്ന് പോലീസ് വേഷത്തിൽ സ്കൂളിൽ വരാമോ….? എല്ലാരോടും എന്റെ അച്ഛനാ എന്ന് പറഞ്ഞോട്ടെ ……?”
ആ ചോദ്യ ഞങ്ങളെ വല്ലാതെ സ്പർശിച്ചു…… ആ കുഞ്ഞു മനസ്സിലെ ആഗ്രഹങ്ങൾ എന്നും വൈഗയുടേതായിരുന്നു….. ചെറിയമ്മയെ എന്റെ അമ്മയാണ് എന്ന് എല്ലാരോടും പരിചയപ്പെടുത്താൻ എനിക്ക് വല്ലാതെ കൊതി തോന്നിയിട്ടുണ്ട്….. ഒരിക്കലും അവർ എനിക്കൊപ്പം വരാറില്ലായിരുന്നു…. സ്കൂളിൽ എല്ലാർക്കും അറിയാമായിരുന്നു എനിക്ക് അച്ഛൻ മാത്രമേയുള്ളു എന്ന്……
ആ കുഞ്ഞു മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയായിരുന്നു…… അർജുനേട്ടൻ അവളെ മടിയിലേക്കു ഇരുത്തി…….
“പറഞ്ഞോട്ടെ ഞാൻ അച്ചനാണെന്നു …….”
“അച്ഛൻ വിളിക്കാറില്ലേ മോളെ ……?” അർജുനെട്ടനാണ്
“ഒത്തിരി ദിവസമായി……. നിക്ക് കാണാൻ കൊതിയാ …..”
എന്റെ ഉള്ളം വല്ലാതെ വേദനിച്ചു…….
“ഇപ്പൊ വിളിക്കട്ടെ …..” അർജുനേട്ടൻ മൊബൈൽ എടുത്തു വിളിച്ചു…..
“ആ….. ശിവാ…..നീ എന്താ കുഞ്ഞിനെ വിളിക്കാത്തെ …….?”
“അതിനു…….. ഇപ്പൊ ഫ്രീ ആണോ …..വിഡിയോയിൽ വരു….. മോൾ എന്റെ ഒപ്പം ഉണ്ട്…….”
അപ്പോൾ തന്നെ മിതുവിന്റെ അച്ഛൻ വിഡിയോയിൽ വന്നു…… ആ കുഞ്ഞിന്റെ സന്തോഷം ഒന്ന് കാണണം ആയിരുന്നു….. ആ മൊബൈൽ സ്‌ക്രീനിൽ അവൾ എത്ര തവണ ഉമ്മ വെച്ചു ……
“എവിടെ അമ്മായി …….. എവിടെടാ നിന്റെ വൈഗാ …..” അർജുനേട്ടൻ എനിക്ക് മൊബൈൽ തന്നു…… മിധുവിനെ പറിച്ചു വെച്ച മുഖം ….. കുറച്ചു നേരം സംസാരിച്ചു…പുള്ളിയുടെ കണ്ണുകൾ പുറകിലൊട്ടൊക്കെ പോകുന്നുണ്ട്…… കൃഷ്ണേച്ചിയെ നോക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലായി…..
“ആരെയാ നോക്കുന്നെ …….?” ഞാനാട്ടോ
പുള്ളി ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി തന്നു…..
” ഞായറാഴ്ച ഇങ്ങട് പോര്……കുഞ്ഞിനെ കാണാലോ …..” അർജുനെട്ടനാണ് ….
“ഓ…വേണ്ടാ…… നിന്റെ അമ്മാവനും ഞാനും കൂടി കൊളമാവും…’അമ്മ ഇടപെടും….കൃഷ്ണ പൊട്ടി തെറിക്കും…..അവസാനം മോള് കരയുകയും ചെയ്യും…..ഇതാണല്ലോ സ്ഥിരം കലാ പരുപാടി….. മതി ആയി……”
“ഇല്ലെടാ അമ്മാവൻ ഇല്ലാ …… മൂകാംബികയ്ക്കു പോയി……” എന്നെ ഒരു ഇടകണ്ണിട്ടു നോക്കി കാക്കി പറഞ്ഞു….
“ഹ…ഹ…….” അർത്ഥഗര്ഭമായി അവർ രണ്ടും ചിരിക്കാൻ തുടങ്ങി……. അപ്പോഴും വാതിലിനു പിന്നിലെ നിഴലനക്കം എനിക്ക് കാണാമായിരുന്നു……. കൃഷ്ണേച്ചിയാണ്……. ഇത്രയും നല്ല ഒരു വ്യെക്തി ആയിട്ടും അവർ പിരിയാനുള്ള കാരണം എന്തായിരിക്കാം…….
രുദ്രയും ഞങ്ങൾക്കൊപ്പം കൂടി……ഞാൻ അകത്തു കയറിയപ്പോൾ കണ്ടു ചായ ഇടുന്ന കൃഷ്ണേച്ചിയെ…..
“ഞാൻ ഇടാം …… ചേച്ചി അമ്മയെയും വിളിച്ചു ഉമ്മറത്ത് ഇരുന്നോളു……അർജുനേട്ടൻ വിളിക്കുന്നു…….” അവസാനം പറഞ്ഞത് കള്ളമാണ്….. ഞാൻ വിളിച്ചാൽ ‘അമ്മ ചെല്ലില്ല….. എല്ലാരും ഒരുമിച്ചു ഉമ്മറത്ത് ഇരിക്കുന്നത് ഒരു സന്തോഷാണ്…… ഈ വീട്ടിൽ ഞാൻ ഒരിക്കലും അത് കണ്ടിട്ടില്ല….. അഥവാ ഇരുന്നാലും അർജുനേട്ടൻ ഉണ്ടാവാറില്ല……
“വൈഗയ്ക്കു എന്നോട് ദേഷ്യം ഉണ്ടോ…….ആരും എൻ്റെയും മോളുടെയും കാര്യത്തിൽ ഇടപെടുന്നതു എനിക്ക് ഇഷ്ടല്ല വൈഗാ…….”
ഗൗരവത്തോടെ കൃഷ്ണേച്ചി പറഞ്ഞു…… ആ കണ്ണുകൾ ദൃഡമായിരുന്നു…… ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ചായപൊടി വാങ്ങി…..
“ഞാൻ ഇടപെടും ചേച്ചി…ബികോസ് സിംഗിൾ പാരന്റിങ് ഈസ് നോട് ആൻ ഈസി ജോബ് ……. ഒരേ സമയം അമ്മയും അച്ഛനും ആകണം നമ്മൾ….. ഈ തിരക്കുകൾക്കിടയിൽ ഒരു നല്ല വ്യെക്തി ആകാൻ പോലും പലർക്കും സാധിക്കില്ല….. എന്റെ അച്ഛൻ ഒരുപാട് ശ്രമിച്ചിരുന്നു എന്നെ അമ്മയുടെ കുറവ് അറിയിക്കാതിരിക്കാൻ……പക്ഷേ അച്ഛൻ അച്ഛൻ മാത്രമായിരുന്നു…… ആദ്യമായി ഋതുമതി ആയപ്പോൾ എന്തോ ഭയന്നു നിലവിളിച്ച ഒരു പെൺകുട്ടി ആയിരുന്നു ഞാൻ ….. ഒന്ന് പാഡ് വെച്ച് തരാൻ പോലും ചെറിയമ്മയ്ക്കു അറപ്പായിരുന്നു …. അച്ഛനെ അറിയിച്ചിരുന്നില്ലാ ……. ഒരു പതിനൊന്നു വയസ്സുകാരിയെ പുറത്തു ഒരു കൊച്ചു മുറിയിൽ ഒറ്റയ്ക്കാണ് കിടത്തിയിരുന്നത്…നിലത്തു പായവിരിച്ചു….. വയറു വേദനിക്കുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോയിട്ട് ഒരു ഗ്ലാസ് ചൂട് വെള്ളം പോലും കിട്ടിയിരുന്നില്ല…… ” നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ തുടച്ചു……
“ഇതൊന്നും ഞാൻ ആരോടും പറയാറില്ല……ഇത് ചേച്ചിയോട് പറഞ്ഞത് എന്ത് കൊണ്ടാണ് എന്നറിയോ ? സ്വന്തം അച്ഛനെയും അമ്മയെയും പോലൊന്നും ഒരാളും നോക്കില്ല…… മിഥുവിൽ ഞാൻ ഒരു വൈഗയെ കാണുന്നുണ്ട്…. അത് പാടില്ലാ…….”
കൃഷ്ണേചി എന്നെ സഹതാപത്തോടെ നോക്കി…..
“മൈഥിലി ഒരിക്കലും വൈഗ ആകില്ല ….അവൾക്കു സ്വന്തം അമ്മയുണ്ട്…ഒരു പെൺകുട്ടിക്ക് വേണ്ടത് അമ്മയാണ്………”
എന്നെ കടന്നു ചേച്ചി പോയി……. എനിക്ക് വേദന തോന്നി……മിഥുവിനെയോർത്തു …. ചായയുമായി ഉമ്മറത്ത് ചെല്ലുമ്പോൾ കണ്ടു അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്ന അർജുനേട്ടനെ ….. ചെറു ചിരിയോടെ അമ്മയോട് ചേർന്നിരുന്നു വർത്തമാനം പറഞ്ഞിരിക്കുന്ന രുദ്രയും കൃഷ്ണേയെയും കണ്ടു….കൃഷ്ണേച്ചിയോടു ചേർന്നിരുന്നു കളിക്കുന്ന മിതുവിനെയും കാണുമ്പോൾ എന്റെ ഉള്ളിൽ നിറഞ്ഞതു വേദനയായിരുന്നു…..കൊതി ആയിരുന്നു….വര്ഷങ്ങളായി എന്റെ ഉള്ളം കൊതിച്ചത് ഈ ഒരു തഴുകലായിരുന്നു … അച്ഛനോടൊപ്പം ഉമ്മറത്തിങ്ങനെ ഇരിക്കുമ്പോൾ കാണാം ചെറിയമ്മയുടെ വിറപ്പിക്കുന്ന കണ്ണുകൾ…..ക്രമേണ ഞാൻ അത് അതിജീവിച്ചു എങ്കിലും ….അച്ഛൻ അതിൽ ഭയക്കാൻ തുടങ്ങിയിരുന്നു……ആ തിരിച്ചറിവിലാണ് വൈഗ ആദ്യമായി തോറ്റത് …..
എല്ലാർക്കും ചായ കൊടുത്തു എന്റേതുമായി മാറിയിരിക്കുമ്പോൾ എൻ്റെ കാതുകളിൽ കൃഷ്ണേച്ചിയുടെ വാക്കുകൾ മുഴങ്ങിയിരുന്നു……
“അവൾക്കു സ്വന്തം അമ്മയുണ്ട്…ഒരു പെൺകുട്ടിക്ക് വേണ്ടത് അമ്മയാണ്………”
ശരിയല്ലേ ……. എന്റെ കാലിടുക്കുകളിലൂടെ ഒലിച്ചിറങ്ങിയ രക്തത്തുള്ളികൾ അറപ്പില്ലാതെ വൃത്തിയാക്കാൻ എന്റെ അമ്മയ്ക്ക് കഴിയുമായിരുന്നില്ലേ …….. ശര്ധിക്കുമ്പോൾ അറപ്പില്ലാതെ ചേർത്ത് പിടിക്കാൻ അമ്മയ്ക്ക് കഴിയുമായിരുന്നില്ലേ ……. അശുദ്ധി എന്ന് അറപ്പോടെ തള്ളി കളയാതെ ചേർത്ത് പിടിക്കാൻ അമ്മയ്ക്ക് കഴിയുമായിരുന്നില്ലേ …….. നിറഞ്ഞ കണ്ണുകൾ എൻ്റെ കാഴ്ചകൾ മറച്ചു ….
നിറഞ്ഞ കണ്ണുകളുമായി ചായയും നോക്കി ഇരിക്കുന്നവൾ എന്റെ ഉള്ളിൽ എവിടെയോ ഒരു പിടപ്പ് സമ്മാനിച്ചു…… ആ പിടപ്പ് കൊണ്ടാകാം ഞാൻ വേഗം അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റു….
“മിഥുക്കുട്ടി …നമുക്ക് ഒന്ന് കറങ്ങിയിട്ടു വന്നാലോ ….”
കേൾക്കേണ്ടേ താമസം തുള്ളിച്ചാടി….. കൃഷ്ണ വേണ്ടാ എന്നൊക്കെ പറയുന്നുണ്ട്…..അപ്പോഴും അവൾ ആ ഇരിപ്പു തന്നെയായിരുന്നു…..
“നീ വരുന്നോ രുദ്രേ ……?”
“ഇല്ല ഏട്ടാ…… ഏട്ടത്തി ഇതുവരെ വന്നിട്ടില്ലല്ലോ ….. ഏട്ടത്തി വരട്ടെ …..”
അപ്പോഴും അവൾക്ക് ഒരു അനക്കവും ഇല്ല …… രുദ്ര അകത്തു പോയി താക്കോൽ എടുത്തു കൊണ്ട് വന്നു…… ‘അമ്മ പറമ്പിലേക്ക് ഇറങ്ങി ..ഒപ്പം കൃഷ്ണയും ……
“ഡീ വൈകാശീ ….” പെട്ടന്ന് എന്നെ തലപൊക്കി നോക്കി…….
“വാ അമ്മായീ നമുക്ക് കറങ്ങാൻ പോകാം ബുള്ളറ്റിൽ…….” മിഥു പറഞ്ഞത് കേട്ട് വായും തുറന്നു ഇരിപ്പുണ്ട് വൈഗ ……
“ഞാനോ ……?.. ” അവൾ സംശയത്തോടെ എന്നെ നോക്കി……
ഞാൻ ചെറു ചിരിയോടെ ബുള്ളെറ്റ് എടുത്തു മോളെയും മുന്നിലായി ഇരുത്തി……. അപ്പോഴും അവൾ ആ നിൽപ് തന്നെ …
“ശെരിക്കും എന്നോടാണോ പറഞ്ഞത്……?.”
“നീ കേറുന്നുണ്ടോ ? ഇല്ലയോ ? …” ആ കണ്ണുകളിലെ നീര്തുള്ളികൾ എങ്ങോ മറയുന്നതും നിമിഷ നേരത്തിൽ വിടരുന്ന ആ കണ്ണുകളെ ഞാൻ കൗതുകത്തോടെ നോക്കി ….. ആദ്യ കാഴ്ചയിൽ തന്നെ പകുതി അടഞ്ഞ ആ കണ്ണുകൾ ആണ് ഞാൻ ശ്രദ്ധിച്ചിരുന്നത്…എന്നാൽ ഇന്ന് അത് തിളങ്ങുമ്പോൾ എന്നിലും നിറയുന്നു ആനന്ദം ……
“ഞാൻ പോവ്വാണ് കേട്ടോ……നീ ഇവിടെ നിന്നോ ….”
“അയ്യോ..ഇല്ല …ഞാനും വരുന്നു….”.. ഓടി എന്റെ പിന്നിൽ ചാടി കയറി ഇരുന്നു ……. ആദ്യമായി അവളുമായി ഞാൻ ആ പടി കടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ സന്തോഷം നിറയ്ക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…… ഞാനും അറിയുകയായിരുന്നു എന്നിലെ മാറ്റം……
(കാത്തിരിക്കണംട്ടോ ചങ്കുകളെ ……)
ഒരുപാട് സ്നേഹം ഓരോ അഭിപ്രായത്തിനും………..
ഇസ സാം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇസ സാം ന്റെ മറ്റു നോവലുകൾ
ഒരു അഡാർ പെണ്ണുകാണൽ
തൈരും ബീഫും
Title: Read Online Malayalam Novel Chankile Kakki written by Izah Sam
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
superbbbbb
ishttam