ദുർഗ്ഗ..
റോഡിലൂടെ ചുവന്ന കളർ മാരുതി സ്വിഫ്റ്റ് മെല്ലെ പോവുകയായിരുന്നു..
കാർ ഓടിച്ചിരുന്നത് പെങ്ങൾ ആണ്.. ഞാൻ അല്പം ടെൻഷൻ അടിച്ചു മുൻസീറ്റിൽ ഇരുന്നു. എസിക്ക് തണുപ്പ് പോരാ എന്നെനിക്ക് തോന്നി..
“അപ്പു.. എസി ഒന്ന് കൂട്ടിക്കെ..”
ഞാൻ ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്ന എന്റെ അനിയത്തി അപൂർവയോടു പറഞ്ഞു.
“എന്താ ഏട്ടാ? നല്ല തണുപ്പ് ഉണ്ടല്ലോ? ഏട്ടൻ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ മുത്തേ..”
അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി.. പുറകിൽ നിന്നും അമർത്തിയ ഒരു ചിരി കെട്ടു.
എന്റെ അമ്മ ആണ്. പാർവതി. വേറെ ഒരു ചിരി കൂടി കേട്ടപ്പോൾ ഞാൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി. ചിരി ഒതുക്കി പിടിച്ചു ഇരിക്കുന്ന അച്ഛൻ.
എന്റെ മുഖം കണ്ടതും രണ്ടുപേരും പുറത്തേക്ക് നോക്കി ഞങ്ങൾ ഈ നാട്ടുകാർ അല്ല എന്ന ഭാവത്തിൽ ഇരുന്നു..
“നിനക്ക് കുറച്ചു സ്പീഡിൽ ഓടിച്ചാൽ എന്താ?”
ഞാൻ എന്റെ ദേഷ്യം അവളോട് തീർക്കാൻ നോക്കി..
“എന്റെ പൊന്ന് ഏട്ടാ.. ഇത് സ്വിഫ്റ്റ് ആണ്.. ലംബോർഗിനി അല്ല.. പിന്നെ കേരളം ആണ്. അല്ലാതെ അമേരിക്ക അല്ല. “
അവളുടെ മറുപടി കേട്ടതും എനിക്ക് സമാധാനം ആയി..
പുറകിൽ നിന്നും വീണ്ടും ചിരി.. ഇവർക്കൊന്നും ഇതിന്റെ ടെൻഷൻ അറിയാത്തതു കൊണ്ടാണ്..
ഞാൻ വേറെ ഒന്നും പറയാൻ നിന്നില്ല. എന്തിനാ വെറുതെ വടി കൊടുത്തു അടി വാങ്ങുന്നത്? എന്നാലും എനിക്ക് അടങ്ങി ഇരിക്കാൻ ആയില്ല..
“ഗിയർ ഡൌൺ ചെയ്യ്.. മുൻപിൽ വണ്ടി കണ്ടില്ലേ? അതും ഓട്ടോ.. നീ സ്പീഡ് കുറച്ചേ… രണ്ടു കയ്യും പിടിക്ക് അപ്പു…”
“അല്ലാ ഏട്ടാ.. ഈ ലൈസെൻസ് എങ്ങനെയാ എടുക്കുന്നത്?”
“നിനക്ക് ലൈസെൻസ് ഉണ്ടല്ലോ? പിന്നെ എന്തിനാ വേറെ?”
“ഓഹ് അപ്പൊ ഓർമ ഉണ്ട് അല്ലെ? എനിക്ക് ലൈസൻസ് ഉണ്ട്.. എനിക്ക് അറിയാം വണ്ടി ഓടിക്കാൻ…”
“ഒഹ്ഹ്.. നീ വലിയ പുലി…”
“ഏട്ടാ.. ഒരു മാസം കഴിഞ്ഞാൽ അങ്ങ് ന്യൂ യോർക്കിൽ പോയി പിന്നെ അവിടെ ജീവിക്കുമ്പോൾ വണ്ടി ഓടിക്കേണ്ടവൾ ആണ് ഞാൻ.. അപ്പോഴാണ് ഏട്ടന്റെ ഉപദേശം..”
അതെന്നെ ഒരു നിമിഷം നിശബ്ദൻ ആക്കി.. എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം.. എന്നാലും ഹയർ സ്റ്റഡീസ് അമേരിക്കയിൽ സീറ്റ് കിട്ടിയത് സ്നേഹം കാരണം നിരസിക്കാൻ കഴിയില്ലല്ലോ.. അത്ര വലിയ സാമ്പത്തികം ഉണ്ടായിട്ടൊന്നും അല്ല.. അവളുടെ ആഗ്രഹം അല്ലെ..
എന്നാലും അവളെ മിസ് ചെയ്യുന്ന കാര്യം ആലോചിക്കുമ്പോൾ ചങ്കിൽ ഒരു വിങ്ങൽ ആണ്..
“ഏട്ടാ? വിഷമം ആയോ? സോറി…”
അവൾ കൈ എത്തിച്ചു എന്റെ തലമുടിയിൽ ഒന്ന് തലോടിയപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു..
എന്റെ മുഖം എങ്ങാനും വാടിയാൽ പെണ്ണിന് അത് മതി…
വണ്ടി ടൌൺ വിട്ടു ഒരു ഗ്രാമ പ്രദേശത്തേക്ക് കയറിയപ്പോൾ എനിക്ക് വിറയൽ പോലെ തോന്നി. അതികം വൈകിയില്ല. വണ്ടി ഗേറ്റ് കടന്നു നല്ല ഒരു ഇല്ലം ടൈപ്പ് വീട്ടിലേക്കു കയറി..
മൊത്തം പൂക്കൾ പൂത്തു നിൽക്കുന്ന, നല്ല വൃത്തി ഉള്ള പരിസരം. നെല്ലിയും, പുളിയും, വാഴയും, അങ്ങനെ പല മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ചെറിയ പറമ്പും.
വണ്ടി നിന്നപ്പോൾ എല്ലാവരും ഇറങ്ങി.. എനിക്ക് വല്ലാതെ തോന്നി.. വണ്ടി എടുത്തു പോയാലോ? അപ്പോഴേക്കും അപ്പു വന്നു ഡോർ തുറന്നിരുന്നു..
“വാ ഏട്ടാ…”
അവൾ എന്റെ കൈ പിടിച്ചു വലിച്ചു.. ഞാൻ ഇറങ്ങി..
വീടിന്റെ ഒരു വശത്തു നിന്നും പുറകിലേക്ക് ഓടി പോകുന്ന ഒരു സുന്ദരിയിൽ ആണ് എന്റെ കണ്ണുകൾ ഉടക്കിയത്.. എന്റെ ദൈവമേ.. പെണ്ണുങ്ങൾക്ക് ഇത്രയും ഭംഗിയോ? എന്റെ ചങ്കു ഒന്ന് പിടച്ചു.
ഒരു കൈ അല്പം വിടർത്തി മറു കൈ സാരി അല്പം പൊക്കി പിടിച്ചു ഒരു താളത്തിൽ ഓടുന്ന ഓട്ടം, അതും ഒരു ചുവന്ന സാരി ഉടുത്ത്.. നിതംബത്തിന്റെ ഒപ്പം കിടക്കുന്ന മുടി..
“ഏട്ടാ??”
അപ്പുവിന്റെ വിളി കേട്ട് ഞാൻ ഞെട്ടി.
അപ്പോഴേക്കും എന്റെ അച്ഛന്റെ പ്രായം ഉള്ള ഒരാൾ ഇറങ്ങി വന്നു.
“ഡീ അവർ എത്തി കേട്ടോ…”
അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അകത്തു നിന്നും എന്റെ അമ്മയെപ്പോലെ തന്നെ ഒരു സുന്ദരി ഇറങ്ങി വന്നു.
“അമ്മ കൊള്ളാം.. അപ്പോൾ…”
അപ്പു എന്റെ ചെവിയിൽ മന്ദ്രിച്ചു.. ശരിയാണ് അമ്മ കൊള്ളാം.. മകളും കൊള്ളാം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. മകൾ ആയിരിക്കണം.
“കയറി വാ.. “
അയാൾ വിളിച്ചു അകത്തു കയറി ഞങ്ങൾ സോഫയിൽ ഇരുന്നു..
അച്ഛനും അമ്മയും ഓരോ സീറ്റിലും ഞാനും അപ്പുവും ഒരുമിച്ചും.
“വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ അല്ലെ?”
അയാൾ സാധാരണ ചോദ്യത്തിൽ തന്നെ തുടങ്ങി.. അച്ഛൻ അതിന് മറുപടിയും കൊടുത്തു.
കുറെ വീട്ടു വിശേഷം പറഞ്ഞു.. അതിന്റെ കൂടെ എന്റെ ഷോപ്പിന്റെ കാര്യവും പറഞ്ഞു അച്ഛൻ.
ഞാൻ ആരവ്… വീട്ടിൽ എന്നെ ആരു എന്നും അനിയത്തി അപൂർവയെ അപ്പു എന്നും വിളിക്കും.. ഞാൻ ഹോം ആപ്പ്ലൈൻസെസ് ഷോറൂം നടത്തുകയാണ്.. ഗൾഫിൽ ഒക്കെ ജോലി ചെയ്‌തെങ്കിലും സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന് കരുതി തുടങ്ങിയതാണ്.. അത് വലിയ മോശം ഇല്ലാതെ പോകുന്നു.
“എനിക്ക് കുട്ടികൾ രണ്ടാണ്.. ലക്ഷ്മി, ദുർഗ്ഗ.. ലച്ചുവിനെ കാണാൻ ആണ് നിങ്ങൾ വന്നത് കേട്ടോ. മൂത്തത് അവൾ ആണ്..”
അത് കേട്ടപ്പോൾ എനിക്ക് വേവലാതി കൂടി. ഞാൻ കണ്ടത് ആരെ ആയിരിക്കും.. അവൾ തന്നെ ആയിരിക്കാൻ ഞാൻ ഒന്ന് പ്രാർത്ഥിച്ചു..
എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്.. എന്നാൽ അധികം നിരാശ വരാതെ ട്രേയിൽ ചായ കൊണ്ടുവന്നത് വേറെ ഒരു സുന്ദരി ആണ്..
ഇളം മഞ്ഞ നിറമുള്ള സാരി.. കുറച്ചു ആഭരണങ്ങളും, കുളിച്ചു മുടി വിടർത്തി ഇട്ടിരിക്കുന്നു.. സാക്ഷാൽ ലക്ഷ്മി തന്നെ..
“ഏട്ടാ അടിപൊളി സാധനം…”
അപ്പു എന്റെ കാതിൽ മന്ദ്രിചു.. അപ്പോഴേക്കും അവൾ വന്നു ഒരു പുഞ്ചിരി എറിഞ്ഞു എന്റെ മുൻപിൽ കുനിഞ്ഞു ചായ നീട്ടി..
ഞാൻ ഒരു പുഞ്ചിരിയോടെ അത് വാങ്ങി.. എന്തൊരു ഭംഗി ആണ് ദൈവമേ ഇതിന്???
ചായ വാങ്ങി വാതിൽക്കൽ നോക്കിയപ്പോൾ ആണ് ചേച്ചിയുടെ സൗന്ദര്യം ഒന്നും അല്ല എന്ന് എനിക്ക് തോന്നിയത്.. ചുവന്ന സാരി ചുറ്റി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ചിരിക്കുന്ന അനിയത്തി.. ദുർഗാ..
ഇതെന്താണ്? ഗ്രീക്ക് ദേവതകൾ ഒരുമിച്ചു വന്നോ? അതോ സാക്ഷാൽ ലക്ഷ്മിയും ദുർഗയും ഇറങ്ങി വന്നോ?
“അവർ ഒന്ന് സംസാരിച്ചോട്ടെ.. “
അവളുടെ അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ഉണർന്നു.. രണ്ടുപേരും അകത്തു പോയിരുന്നു..
“മോൻ അകത്തു ചെല്ലു.. മുകളിൽ…”
അവരുടെ അമ്മ എന്നോടു പറഞ്ഞപ്പോൾ ഞാൻ അപ്പുവിനെ ഒന്ന് നോക്കി അല്പം വിറയലോടെ അകത്തേക്ക് കയറി. മുകളിലേക്ക് മരകോവണി..
അത് കയറി എത്തിയത് രണ്ടു റൂമിന്റെ ഇടക്ക് ആണ്.. ഒരു റൂം തുറന്നു കിടക്കുന്നുണ്ട്. ഞാൻ അതിലേക്ക് കയറി. അവിടെ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി ലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു..
എന്താ അറിയില്ല കണ്ണുകൾ അവളുടെ വിരിഞ്ഞ നിതംബത്തിൽ ആണ് ഉടക്കിയത്..
അവൾ എന്റെ സാമീപ്യം അറിഞ്ഞു തിരിഞ്ഞു നിന്നു.. വല്ലാത്തൊരു ഭംഗി.. നീണ്ട കണ്ണുകൾ.. എന്നാൽ അനിയത്തി ഇവളെക്കാളും ഭംഗി ആണ്..
“ഇരിക്ക് ഏട്ടാ….”
ഞാൻ അവരുടെ ബെഡിൽ ഇരുന്നു.. റൂം നിറയെ ചിത്രങ്ങൾ.. വരച്ചതാണ്..
“ലക്ഷ്മി വരക്കുമോ?”
“ഇല്ല.. അതൊക്കെ ദുർഗ്ഗ ആണ്.. പെയിന്റിംഗ് ഒക്കെ അവൾക്ക് വലിയ ഇഷ്ട്ടം ആണ്…”
“മ്മ്മ്.. പിന്നെ?”
അവൾ ഒന്ന് പുഞ്ചിരിച്ചു..
“പിന്നെ? “
അവൾ തിരിച്ചു ചോദിച്ചു..
“എനിക്ക് ഇഷ്ടമായി.. ഇനി ലക്ഷ്മി വേണം പറയാൻ.. എന്റെ മനസ്സിൽ ഉള്ള രൂപം ആണ് ലക്ഷ്മിക്ക്.. ലക്ഷ്മിയുടെ എങ്ങനെ ആണെന്ന് എനിക്കറിയില്ല…”
അവൾ തല താഴ്ത്തി…
“എനിക്കും സമ്മതം….”
അവൾ നാണത്തോടെ പറഞ്ഞു…
എനിക്ക് സന്തോഷം തോന്നി…
“എന്നാ പിന്നെ.. അങ്ങ് ഉറപ്പിക്കാം അല്ലെ?”
“മ്മ്മ്… “
അവൾ നാണത്തോടെ വീണ്ടും മൂളി. അവളോട് കുറച്ചു നേരം കൂടി സംസാരിച്ചപ്പോഴേക്കും വാതിൽക്കൽ അനക്കം കെട്ടു..
ദുർഗ്ഗ..
അവൾ ഒരു പുഞ്ചിരിയോടെ ഞങ്ങളെ താഴേക്ക് വിളിച്ചു.. ഞാൻ താഴെ ചെന്ന് അപ്പുവിനോട് എല്ലാം സെറ്റ് ആണെന്ന് പറഞ്ഞു..
ലക്ഷ്മി എംകോം കഴിഞ്ഞു നിൽക്കുകയാണ്.. അനിയത്തി ദുർഗ്ഗ എംകോം ലാസ്റ്റ് ഇയർ പഠിക്കുന്നു.
എല്ലാം ഉറപ്പിച്ചു ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി.. പ്രണയത്തിന്റെ നാളുകൾ ആയിരുന്നു പിന്നെ.. ഞാനും ലക്ഷ്മിയും തകർത്തു പ്രണയിച്ചു..
ഡേറ്റിംഗ്, ഔട്ടിങ്, ഫോൺ വിളികൾ.. അങ്ങനെ ഞങ്ങളുടെ പ്രണയം തകർത്തു മുന്നേറി..
ഇതിനിടയിൽ അപ്പുവും ദുർഗ്ഗയും കട്ട ചങ്കുകൾ ആയി.. കൂടാതെ എന്റെ അച്ഛന്റെ പെങ്ങളുടെ മകൾ ഗായത്രി ദുർഗ്ഗയുടെ ചെറുപ്പത്തിൽ മുതൽ ഉള്ള കൂട്ടുകാരി ആണ്.. ഗായത്രി എന്റെ ഒരു കട്ട ചങ്ക് ആണ്..
പാർട്ണർ ഇൻ ക്രൈം.
സന്തോഷത്തിന്റെ ദിനങ്ങൾ..
ചില സമയങ്ങളിൽ അവളുടെ തുടുത്ത ചാമ്പക്ക പോലെയുള്ള അധരങ്ങൾ ഞാൻ ചുംബിച്ചിരുന്നു. അവൾക്കും അത് ഇഷ്ട്ടം ആണ്.. എന്നാൽ അതിർവരമ്പുകൾ വിടാൻ ഞങ്ങൾ ഒരുക്കം ആയിരുന്നില്ല..
അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..
എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..
കല്യാണത്തിന് ഡ്രസ്സ് എടുക്കൽ ചടങ്ങു ഒക്കെ നടന്നു. ഡുർഗ്ഗാ എന്റെ അനിയത്തി ആയി കഴിഞ്ഞിരുന്നു.. അവൾക്ക് ഒരു ഇഷ്ട്ടം ഉണ്ട്, എന്നാൽ സീരിയസ് അല്ല എന്നും, എന്നാൽ അച്ഛൻ സമ്മതിച്ചാൽ ഓക്കേ ആണെന്നും അവൾ എന്നോട് പറഞ്ഞിരുന്നു..
കോളേജിൽ നിന്നും തുടങ്ങിയത് ആണ് പോലും..
എന്നാൽ അവൾ അത് പറഞ്ഞപ്പോൾ ലക്ഷ്മിയും ആയി പൂർണമായി പ്രണയത്തിൽ ആയിരുന്ന എനിക്ക് ഒന്നും തോന്നിയില്ല.. അല്ലെങ്കിലും അവൾ എന്റെ അപ്പുവിനെ പോലെ ആയിരുന്നു..
അങ്ങനെ കല്യാണ ദിവസം.. ലൂയി ഫിലിപ്പിന്റെ കരിം നീല കളർ ഷർട്ടും, നല്ല സ്വർണകരയുള്ള മുണ്ടും എന്റെ പെങ്ങൾ വാങ്ങി തന്ന റാഡോ വാച്ചും കെട്ടി ഞാൻ പുതിയതായി വാങ്ങിയ ചുവന്ന ഫോക്സ് വാഗൺ പോളോയിൽ കയറി..
ഇന്നലെ രാത്രി ലച്ചു തിരക്കിൽ ആയതു കൊണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല. രാവിലെ വിളിച്ചിട്ട് പെണ്ണ് ഫോൺ എടുത്തും ഇല്ല..
എന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്നത് അപ്പു ആയിരുന്നു.. അമ്മ മുൻപിലും.
“ഡീ. ഇത് നീ കയ്യിൽ വെക്കണം..”
ഞാൻ ഫോൺ എടുത്തു അപ്പുവിന് കൊടുത്തു.. അവൾ അത് വാങ്ങി.
അവരുടെ വീട്ടിൽ വച്ചാണ് കല്യാണം. ആ വീട്ടിലെ ആദ്യ കല്യാണം വീട്ടിൽ വച്ച് നടത്തണം പോലും..
“ഏട്ടത്തി എന്താ ഏട്ടാ ഒരു സോറി അയച്ചിരിക്കുന്നത്?”
അപ്പു ഫോൺ എന്നെ കാണിച്ചു.. ഞാൻ നോക്കിയപ്പോൾ ആം സോറി എന്ന് പറഞ്ഞ മെസേജ് കണ്ടു.
“ഒഹ്ഹ് ഈ പെണ്ണ്.. രാവിലെ വിളിച്ചിട്ട് എടുക്കാത്തതിന് ആണ്.. “
ഞാൻ അപ്പുവിനെ നോക്കി പറഞ്ഞപ്പോൾ അമ്മയും അവളും ചിരിച്ചു..
കാർ അലങ്കരിച്ച വീട്ടിൽ കയറി. പാർക്ക് ചെയ്ത കാറിൽ നിന്നും ഞാൻ ഇറങ്ങിയപ്പോൾ പുറകെ വന്ന വണ്ടികളിൽ നിന്നും എന്റെ ഫാമിലി മൊത്തം ഇറങ്ങി.
പെണ്ണിന്റെ അമ്മാവൻ വന്നു എന്നെ കൈ പിടിച്ചു ഒരുക്കി വച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുൻപിൽ ഇരുത്തി..
എല്ലാവരും എന്നെ നോക്കി വിലയിരുത്തുന്നുണ്ട്.. അപ്പു ഒപ്പം ഉള്ളതാണ് ഏക ആശ്വാസം..
ചുവന്ന പട്ടിൽ ദുർഗ്ഗ ഇറങ്ങി വന്നപ്പോൾ ഒരു നിമിഷം അവൾ ആണ് പെണ്ണ് എന്ന് എല്ലാവരും വിചാരിച്ചു പോയി..
അവൾ വന്നു അവളുടെ അച്ഛനെ വിളിച്ചു കൊണ്ട് പോയി.. അവളുടെ മുഖം കണ്ടപ്പോൾ കരഞ്ഞത് പോലെ എനിക്ക് തോന്നി..
ഞാൻ സംശയത്തോടെ അപ്പുവിനെ നോക്കി..
“മുഹൂർത്തം ആയി. പെണ്ണിനെ വിളിക്ക്…”
ശാന്തി തിരക്ക് കൂട്ടി. അമ്മാവൻ എന്നെ പിടിച്ചു മണ്ഡപത്തിൽ ഇരുത്തി..
എനിക്ക് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.. ആദ്യ കല്യാണം അല്ലെ.. ഛെ.. ആ ഉപമ ശരി അല്ല അല്ലെ..
അകത്തു എന്തോ ബഹളവും കരച്ചിലും ഒക്കെ കെട്ടപ്പൊൾ കല്യാണത്തിന് വന്നവർ ഒക്കെ നിശബ്ദർ ആയി..
കുറച്ചു പേര് പുറത്തിറങ്ങി വന്നു..
“കല്യാണപെണ്ണ് പോയി പോലും…”
“പുറകിലൂടെ കല്യാണ വേഷത്തിൽ ബൈക്കിൽ കയറി ആണ് പോലും പോയത്…”
ആരോ പറഞ്ഞത് എന്റെ ചെവിയിലും എത്തി.. ഒരു ഇടിതീ വീണത് പോലെ ഞാൻ ഞെട്ടി വിറച്ചു…
ഇല്ല.. എന്റെ ലക്ഷ്മി എന്നെ വിട്ടു പോകില്ല.. അവർക്ക് തെറ്റിയതാണ്..
എന്നാൽ അവളുടെ ചില ബന്ധുക്കൾ വന്നു എന്റെ കുടുംബക്കാരോട് എന്തോ പറഞ്ഞു.. അവിടെ മൊത്തം ബഹളം ആയി..
എന്റെ അച്ഛൻ ദേഷ്യപ്പെട്ട് അവളുടെ അമ്മാവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് കരഞ്ഞു..
മൊത്തം ബഹളം..
അതിനിടയിൽ ഉരുകി ഒലിച്ചു വിയർത്തു ഞാൻ ഇരുന്നു…
ഭൂമി വിണ്ടുകീറി അടിയിലേക്ക് താണു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു..
അപ്പു കുനിഞ്ഞു ഇരിക്കുന്നത് ഞാൻ കാണുന്നുണ്ട്.. അവളുടെ കണ്ണിൽ നിന്നും വെള്ളം നിലത്തേക്ക് ഉറ്റുന്നു..
കുറേപേർ വീഡിയോ എടുക്കുന്നു..
ഞാൻ ആണ് ഫോക്കസ്.. നാളെ ഫേസ്ബുക്കിൽ വീഡിയോ കറങ്ങി നടക്കും..
പെണ്ണ് കെട്ടാൻ വന്നപ്പോൾ പെണ്ണ് ഒളിച്ചോടിയ ന്യൂസ് കേട്ട് സങ്കടപ്പെട്ടിരിക്കുന്ന വരൻ.. ആഹാ പൊളിക്കും..
എനിക്ക് ചിരി വന്നു.. പക്ഷെ കണ്ണ് നനച്ചു കൊണ്ടാണ് ആ ചിരി എനിക്ക് വന്നത്..
സമയം കടന്നു പോയി.. ഒരു ആശ്രയത്തിന് ഞാൻ ചുറ്റും നോക്കി… ആരും ഇല്ല…
ഞാൻ മണ്ഡപത്തിൽ നിന്നും ഇറങ്ങി.. എന്റെ അമ്മ എന്റെ അടുത്ത് വന്നു നിന്ന് കരഞ്ഞു.. എന്റെ കൂട്ടുകാരും ഒപ്പം വന്നു നിന്നു..
“പോകാം? വെറുതെ എന്തിനാ ബഫൂൺ പോലെ ഇവിടെ?”
ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചു.. ഞാൻ മെല്ലെ നടന്നു പുറത്തിറങ്ങി..
“മോനെ.. പോവല്ലെടാ…”
എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ലക്ഷ്മിയുടെ അച്ഛൻ വന്നു എന്റെ കയ്യിൽ പിടിച്ചു.. ചങ്കു പൊട്ടി കരയുകയാണ് ആ മനുഷ്യൻ..
“എന്തിനാ? നാട്ടുകാർക്ക് കളിയാക്കാൻ നിന്നു കൊടുക്കാനോ?”
എനിക്ക് എന്റെ സങ്കടം മറച്ചു വെക്കാൻ ആയില്ല..
“പകരം ആരെങ്കിലും ഉണ്ടോ? മുഹൂർത്തം ഇനിയും കഴിഞ്ഞിട്ടില്യ…”
ശാന്തി വേഗം വന്നു ചോദിച്ചു. പകരം എടുക്കാൻ ഇതെന്താ? എനിക്ക് ദേഷ്യം വന്നു..
“ഉണ്ട്.. ഉണ്ട്.. എന്റെ ഇളയ മോൾ.. ദുർഗ്ഗ….!”
അവളുടെ അച്ഛൻ അത് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാൻ മാത്രം അല്ല.. എല്ലാവരും ഒരുമിച്ചു ഞെട്ടി.. അത് കേട്ട് വിറച്ചു ചോര വാർന്നു നിൽക്കുന്ന ദുർഗ്ഗയെ ഞാൻ കണ്ടു.
തുടരും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Durga written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Adipwoli