എൻ്റെ വസ്ത്രങ്ങൾ പിടിച്ചു വലിച്ചു ഊരികളഞ്ഞിട്ടും ലജ്ജയുടെ ഒരു ഇരുമ്പു കവചം എൻ്റെ ശരീരത്തിൽ ബാക്കി ആയിരുന്നു.അത് എൻ്റെ ചലനങ്ങളെ അന്തസ്സില്ലാത്തവയാക്കി മാറ്റിയിരുന്നു . എൻ്റെ നഗ്ന ശരീരത്തിന്റെ ഓരോ രോമ കൂപവും ഓരോ തുറന്ന കണ്ണാണെന്നും ആ കണ്ണുകളിൽ എല്ലാം അവജ്ഞ യാണെന്നും എനിക്ക് തോന്നിയിരുന്നു. സുഖക്കേട് പിടിച്ചപ്പോൾ എന്റെ, ഒടുവിലത്തെ ആ അടിവസ്ത്രവും തനിയെ അഴിഞ്ഞു വീണു .പരിപൂർണ്ണമായും കീഴടങ്ങുവാൻ പഠിച്ച എന്റെ ശരീരം…………
എന്റെ കാലുകൾ പിണഞ്ഞു വിറയലോടെ ഞാൻ അടുത്ത വരിക്കായി കണ്ണുകൾ കൊണ്ട് പരതി……കനത്ത നിശബ്ദത……
“വൈഗാ………………..” എന്റെ ചെവിയിലെ അന്തരാളങ്ങൾ വരെ ആ സിസ്റ്റർ റോസ്ലിൻ്റെ ശബ്ദം തുളച്ചു കയറി…..ഞാൻ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു……ഒപ്പം തന്നെ എൻ്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ എന്റെ കഥ എന്ന പുസ്തകവും എടുത്തു പൊക്കി പിടിച്ചു നിന്ന് കണ്ണടച്ച് ഒറ്റ കുമ്പസാരമായിരുന്നു…….
“സോറി സിസ്റ്റർ……അറിയാണ്ട് വായിച്ചു പോയതാ ….ഇനി റിപീട് ചെയ്യില്ല………പ്ളീസ് …….” സിസ്റ്ററിന്റെ പൊട്ടിതെറിക്കു കാതോർത്ത ഞാൻ കേട്ടത് കുട്ടികളുടെ പൊട്ടിച്ചിരി ആയിരുന്നു…….സിസ്റ്റർ ഇടുപ്പിൽ രണ്ടു കയ്യും കുത്തി എന്നെ നോക്കി കണ്ണുരുട്ടുന്നു……ഞാൻ എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലാവാതെ ദയനീയമായി അനുവിനെ നോക്കി…..
അവൾ തലയ്ക്കു കയ്യും വെച്ചിരുന്നു പല്ലിറുക്കി കടിച്ചു കൊണ്ട് പറഞ്ഞു……
“പൊട്ടത്തി …… നിനക്ക് ഒരു വിസിറ്റർ ഉണ്ട് എന്ന് പറയാനാ നിന്നെ സിസ്റ്റർ വിളിച്ചത്….അല്ലാതെ നീ വായിക്കുന്നത് ഒന്നും സിസ്റ്റർ കണ്ടില്ല…….”
ശിവ …ശിവ…..വടി കൊടുത്തുവല്ലോ…അടി വാങ്ങുക തന്നെ … ഞാൻ ദയനീയമായി അവളെ നോക്കി ഇളിച്ചു…..അവളെ മാത്രല്ല …സിസ്റ്ററിനെയും…….എനിക്ക് വിസിറ്റർ ഉണ്ട് എന്ന് പറയാൻ വന്ന ശിപായിയും എന്നെ നോക്കി ചിരിക്കുന്നുണ്ട്……..
സിസ്റ്റർ റോസ്ലിൻ എന്നെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു……..ഞാൻ മന്ദം നടന്നു…….അപ്പോഴും എന്റെ കയ്യിൽ ആ പുസ്തകം ഉണ്ടായിരുന്നു……
ഞാൻ അടുത്ത് എത്തിയപ്പോൾ തന്നെ എന്റെ കയ്യിലെ പുസ്തകം സിസ്റ്റർ വാങ്ങി വെചു…..അതിലേക്കു ഒന്ന് നോക്കിയിട്ടു എന്നെ നോക്കി……പറഞ്ഞു…
“വൈഗ ലക്ഷ്മിക്ക് ഒരു പിരി കുറവാണ് എന്ന് എനിക്കറിയാമായിരുന്നു…പക്ഷേ ഈ ആഭാസം ഒക്കെ ക്ലാസ് ടൈമിൽ ഇരുന്നു വായിക്കാൻ മാത്രം ഗുരുതരം ആണ് തൻ്റെ പ്രശ്നം എന്ന് എനിക്കറിയില്ലായിരുന്നു…..എന്നെക്കണ്ടിട്ടു അടുത്ത ക്ലാസ്സിൽ കയറിയാൽ മതി……നൗ യു ക്യാൻ ഗോ…….”
എന്നെ നോക്കി പുറത്തേക്കു വിരൽ ചൂണ്ടി സിസ്റ്റർ ആക്രോശിചു. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു മന്ദം കാൽ വെച്ചു എങ്കിലും…..എന്തോ അങ്ങനെ ചുമ്മാ പോകാൻ എനിക്ക് തോന്നിയില്ല….മറ്റൊന്നും കൊണ്ടല്ല…..ആഭാസമാത്രേ ……ഇല്ല….എനിക്ക് മറുപടി പറയണം….വാതിൽ വരെ എത്തിയ ഞാൻ നിന്നു ……
“സിസ്റ്ററെ ….ഇതിൽ എവിടെയാണ് സിസ്റ്ററെ ആഭാസം…….അല്ലെങ്കിൽ തന്നെ എന്താണ് ഈ ആഭാസം…… ? ഒരാളുടെ ആവശ്യം മറ്റൊരാൾക്ക് അനാവശ്യമാവുമ്പോഴല്ലേ അത് ആഭാസം ആവുന്നേ…..ഈ പ്രണയവും കാമവും ചുംബനവു ഒക്കെ ആഭാസം ആണെങ്കിൽ നിങ്ങൾ ഈ ഇംഗ്ലീഷ് സാഹിത്യത്തിൻ്റെ ക്ലാസ്സ്മുറികളിൽ എല്ലാം പഠിപ്പിക്കുന്ന ബ്രിട്ടീഷ് പോയട്രി , അമേരിക്കൻ പോയെട്രി , ഷേക്സ്പിയർ ട്രാമാ ….ഇതിലൊക്കെയും ഇതൊക്കെ തന്നെയല്ലേ ……അപ്പോൾ അത് ആഭാസം അല്ല…..?..”
കനത്ത നിശബ്ദത…….. ഇപ്പൊ സിസ്റ്ററിൻ്റെ ബി.പി പരിശോധിച്ചാൽ ബി.പി. അപ്പാര്ട്സ് പൊട്ടി തെറിച്ചേനെ …….ഞാൻ സിസ്റ്ററിന്റെ മുഖത്തെ ഭാവ വ്യെത്യാസങ്ങൾക്കനുസരിച്ചു പിന്നോട്ട് ചുവടുകൾ വെചു…..
“ഗെറ്റ് ഔട്ട് …….എന്റെ ക്ലാസ്സിൽ ഇനി തന്നെ കണ്ടു പോകരുത്…..യു ആർ വെസ്റ്റിംഗ് അദർ സ്റ്റുഡന്റസ് ടൈം ആൾസോ….മേലിൽ എന്റെ കണ്മുന്നിൽ പോലും വരരുത്…”
ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്കു നടന്നു……അപ്പോഴാണ് ഓർത്തത് എന്റെ പുസ്തകം എങ്ങനെ വാങ്ങും…..സിസ്റ്ററിന്റെ കയ്യിൽ അല്ലെ…..അയ്യോ ….എനിക്ക് ബാക്കി വായിക്കണം …ഇന്ന് തന്നെ……..ഞാൻ വീണ്ടും ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു…. സിസ്റ്റർ അവിടെ തകർത്തു ലെക്ചറിങ് ആണ്…..
“എസ്ക്യൂസ് മി……. സിസ്റ്റർ……..”
വീണ്ടും എന്റെ ശബ്ദം……….സിസ്റ്റർ എന്നെ നോക്കാതെ തന്നെ അസഹിഷ്ണുതയോടെ ചോദിച്ചു …
“വൈ യു ആർ എഗൈൻ വൈഗ……?”
കുട്ടികളും എന്നെ മിഴിച്ചു നോക്കുന്നുണ്ട്…….
“എൻ്റെ കഥ…….ബുക്ക്……തന്നില്ല……ഇനി കണ്മുന്നിൽ വരാൻ പാടില്ലല്ലോ?” ഞാനാണേ …അത്യധികം താഴ്മയോടെ അങ്ങട് പറഞ്ഞു…..
“ഓഹ്……ജീസസ്……..” നെടുവീർപ്പോടെ തലയിൽ കൈ വെച്ചിട്ടു സിസ്റ്റർ ബുക്ക് തന്നു……
ഞാൻ വേഗം ചെന്ന് ബുക്ക് വാങ്ങി……
എന്നെ നോക്കി കൈകൂപ്പി സിസ്റ്റർ പറഞ്ഞു……”ഫോർ ഗോഡ് സേക്ക് ……ഇനി ഇങ്ങോട്ടു വരരുത്…….”
തിരു വസ്ത്രമണിഞ്ഞു ഒരു കുട്ടി താറാവിനെ പോലെ തലകുമ്പിട്ടു നിൽക്കുന്ന ആ സാധുവിനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു……ചിരിച്ചാൽ പിന്നെ കഴിഞ്ഞില്ലേ കഥ …. ഞാൻ ചെറു ചിരിയോടെ പുറത്തിറങ്ങി…… വിസിറ്റർസ് ആരാവും…… ഞാൻ ഇന്നും കൂടെ കോളേജിൽ വരുള്ളൂ….നാളെത്തൊട്ടു പത്തു ദിവസം ഞാൻ അവധിയാണ്……. ഞാൻ ആരാണ് എന്നെല്ലേ …കുറച്ചു മുന്നേ പറഞ്ഞില്ലേ …വൈഗ ……ഒരു പിരി കുറവാണ് എന്ന് പറഞ്ഞില്ലേ ..സത്യാട്ടോ……ഞാൻ എന്നും വിചാരിക്കും ആ പിരി ഒന്ന് മുറുക്കണം എന്ന്……മുറുക്കി കുത്തിയാലും ……പക്ഷേ അത് എപ്പോഴും അയഞ്ഞു പോകും …… അത് കൊണ്ട് തന്നെ എന്നെ ആരും അധികം അടിപ്പിക്കാറില്ല……പക്ഷേ ഞാൻ എല്ലാരോടും കൂടും…..
“വൈഗേച്ചി……. ഞങ്ങൾക്ക് ഒന്ന് സ്റ്റെപ്പിട്ടു തരാവോ….പ്ളീസ്…….” കണ്ടില്ലേ …ഞാൻ പി .ജി. ഇംഗ്ലീഷ് ലിറ്റർ ആണ്……ഇത് ഏതോ ജൂനിയർ പിള്ളാരാ…..ഞാൻ എപ്പോഴും ടീച്ചർമാരുമായി ആശയപരമായ പ്രശ്നങ്ങൾ ഉണ്ടാവുന്നത് കൊണ്ട് അധികവും പുറത്താ …. അത് കൊണ്ട് തന്നെ ഞാൻ കോളേജിൽ പ്രശസ്തയാണ്…….
“…..ഞാൻ ഫ്രീ ആണ്……ഇന്ന് ഡാൻസ് സ്റ്റെപ് ഇട്ടു തരാട്ടോ……..” ഞാനാണേ …….
ആ കുട്ടികളും എന്നെ കടന്നുപോയി…..പലരും എന്നെ നോക്കി സൗഹൃദ ഭാവം കാണിക്കുന്നു…ചിരിക്കുന്നു……
“ചേച്ചീ….ഇന്നും പുറത്താണോ…?” കുശലാന്വേഷണം ആണ്……
ഞാനും അതെ താളത്തിൽ “ആണല്ലോ…….?”
ഓഫീസിൽ എത്തിയപ്പോൾ തന്നെ അറിഞ്ഞു വിസിറ്റർ എന്നെ കാത്തു മുഷിഞ്ഞു പുറത്തേക്കു ഇറങ്ങി എന്ന്…ആരാണ് എന്ന് മാത്രം അവർ പറഞ്ഞില്ല……പകരം ഒരു മറുചോദ്യം…..
“എന്താ ഒപ്പിച്ചത്…….? ഇതൊരു റെപ്യുട്ടേഡ് സ്ഥാപനം ആണ്…… അത് ഓർമ്മ വേണം…… ” ഇതെന്തു കഥ…… ഞാൻ പകച്ചു പോയി……
“പുറത്തു ആ മെയിൻ ഗേറ്റിനരുകിൽ നിൽപ്പുണ്ട്……..” പിയൂൺ എന്നോടായി പറഞ്ഞിട്ടു ഓഫീസിൽ നിന്ന് ഒരു ഫയലും എടുത്തു കടന്നുപോയി…..
ഒപ്പം എന്നെ കാണാൻ ആരാ വന്നത് എന്നറിയാനുള്ള വ്യെഗ്രതയിൽ ഞാൻ പുറത്തേക്കു നടന്നു…നിറച്ചും പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട ഒരു മനോഹരമായ ക്രിസ്ത്യൻ വിമൻസ് കോളേജ് ആയിരുന്നു ഞങ്ങളുടേത്……… ചോര തിളയ്ക്കുന്ന പ്രായത്തിൽ കണികാണാൻ പോലും ഒരു യുവകോമളനെ കിട്ടാത്തതിനാൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്….അതിനു ഇന്ന് ഒരു മാറ്റം വന്നിരിക്കുന്നു……ഒരു തിരയിളക്കം…..ഞാൻ ചുറ്റും നോക്കി……കൽ ബെഞ്ചിലിരിക്കുന്ന കുട്ടികളും വരാന്തയിലൂടെ നടക്കുന്ന കുട്ടികളും അവിടെ അവിടെ കൂട്ടം കൂടി നിൽക്കുന്നവരും ഉലാത്തുന്നവരും എല്ലാർക്കും മെയിൻ ഗേറ്റിനരുകിലെ പാർക്കിംഗ് ഏരിയയിലോട്ടു ഒരു പാളി നോട്ടം…എത്തിനോട്ടം…..അവിടെ ഒരു മരുപ്പച്ച ……ഞാനും അങ്ങോട്ടേക്ക് നടന്നു…… ഞങ്ങളെ പഠിപ്പിക്കാൻ പോലും പുരുഷന്മാർ ഇല്ലാത്തതിനാൽ ഞങ്ങൾ അനുഭവിക്കുന്ന വരൾച്ച കഠിനമാണ്…….
പാർക്കിങ്ങിൽ ഒരു ബുള്ളറ്റിൽ ചാരി അങ്ങോട്ടേക്ക് തിരിഞ്ഞു ഒരു ആറു ആറര അടി പൊക്കമുള്ള ഒരു യുവാവ്….അല്ല പുരുഷകേസരി ….ഞാൻ അങ്ങനെ പറയുള്ളൂ….. മുടി നല്ല വൃത്തിയായി വെട്ടി കുറച്ചിരുന്നു…… വെള്ള ഷർട്ട്…..കയ്യ് മുട്ട് വരെ മടക്കി വെച്ചിരിക്കുന്നു…. ആ നിൽപ്പും രൂപവും എവിടയോ ഒന്ന് മിന്നി…..പക്ഷേ ആ കാക്കി പാന്റും ബൂട്സും കണ്ടപ്പോൾ എന്റെ വയറിൽ നിന്ന് ഒരു തീ മേലോട്ടു ആളി പടർന്നു……എത്രയോ നാളുകളായി ഞാൻ പ്രതീക്ഷിച്ച വരവ്…..അത് ഇന്നാണ്…..
എൻ്റെ കാലുകളുടെ വേഗത കുറഞ്ഞു വന്നു…… ആൾ എന്നെ കണ്ടിട്ടില്ല…തിരിഞ്ഞു പോയാലോ…….പോകാം…….പെട്ടന്ന് എന്റെ മൊബൈൽ ബെൽ അടിച്ചു….ഒപ്പം ആൾ തിരിയുകയും ചെയ്തു….. കയ്യിൽ മൊബൈലും ഉണ്ട്…..ഞാൻ മൊബൈൽ എടുക്കുന്നതിനു മുന്നേ അത് കട്ട് ആയി..ആ
തീക്ഷ്ണ്തയേറിയ നോട്ടം താങ്ങാനാവാതെ ഞാൻ ബാഗിൽ മൊബൈൽ തപ്പി എടുക്കാൻ ഭാവിച്ചു….
“ഞാനാ വിളിച്ചത്…….”
പെട്ടു ……ഇനി അതുമില്ല……ഇയാളുടെ മുഖത്ത് തന്നെ നോക്കണമല്ലോ ഈശ്വരാ…… ഞാൻ അയാളെ നോക്കി .ഒന്ന് പരിചയ ഭാവത്തിൽ ചിരിക്കാൻ ശ്രമം നടത്തി…..പക്ഷേ ആ കണ്ണുകളിലെ അപരിചിതത്വവും ഗൗരവവും എന്നെ പഠിക്കുമ്പോലെയുള്ള നോട്ടവും എന്നിലെ ആ ചിരിയെ മരവിപ്പിച്ചു…….
ഏതാനം നിമിഷം മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി…… എനിക്ക് പിന്നിൽ വന്നു നിന്ന് കറങ്ങിയ ഒന്ന് രണ്ടു തരുണീമണികളെ പുള്ളി ഒന്ന് നോക്കി മീശ പിരിച്ചു …അവർ നിന്നിടം ശൂന്യം…..
“വൈഗാ……എന്താണ് ഉദ്ദേശം……” കയ്യും പിണച്ചു കെട്ടി ബുള്ളറ്റിൽ ചാരി നിന്ന് എന്നോട് ചോദിച്ചു…..ശാന്തമായിരുന്നു ആ സ്വരം…..ഗൗരവം ഒട്ടും കുറഞ്ഞിട്ടുമില്ല…….
“അത് ഇപ്പോഴാണോ ചോദിക്കുന്നത്…….?” ഞാനും അതേ ഗൗരവത്തിൽ ചോദിച്ചു……
അയാൾ എന്നെ അടിമുടി നോക്കി…….
“നാടടക്കം കല്യാണം ക്ഷണിച്ചു….. അന്ന് പെണ്ണുകാണാൻ വന്നപ്പോഴേ ഞാൻ പറഞ്ഞിരുന്നു……ഈ കല്യാണത്തിൽ നിന്ന് നീയായി ഒഴിയാൻ…… മറ്റെന്നാൾ കല്യാണമാണ്….ഇത്രയും നാൾ ഞാൻ ക്ഷമിച്ചതു നിൻ്റെ മനസിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒളിച്ചോടി പോകുന്നുണ്ടേൽ പോകാൻ വേണ്ടീട്ടാണ്..”
ഈശ്വരാ ഇതെന്തു കഥയാണ് ഈ കാക്കി പറയുന്നേ……അതാരാ ഞാനറിയാത്ത ഒരാൾ……ഞാൻ അയാളെ മിഴിച്ചു നോക്കി…. അയാൾ എന്റെ അരികിലേക്ക് നടന്നു വന്നു….
“…ഒരു കാര്യം ഞാൻ പറഞ്ഞേക്കാം……ഒരു ഒളിച്ചോട്ടമാണ് നിൻ്റെ മനസ്സിൽ എങ്കിൽ ഇന്ന് രാത്രി…അല്ലെങ്കിൽ നാളെ രാത്രി പോക്കോളണം……ഞാനും എന്റെ വീട്ടുകാരും കല്യാണ പന്തലിൽ എത്തീട്ടാണ് നീ മുങ്ങുന്നത് എങ്കിൽ എന്റെ പൊന്നുമോളെ നിന്നെയും നിന്റെ മറ്റെവനേയും ഞാൻ വലിച്ചുകീറി പട്ടിക്ക് ഇട്ടു കൊടുക്കും…….നിനക്ക് അറിയില്ല ഈ അർജ്ജുനനെ ……….കേട്ടോടീ ….തവളക്കണ്ണീ “
പല്ലിറുക്കി ശബ്ദം താഴ്ത്തി വിരൽചൂണ്ടി അത്രയും എന്നോട് പറഞ്ഞിട്ടു കാക്കി വണ്ടിയിൽ കയറി ഇരുന്നു……കൂളിംഗ് ഗ്ലാസ് എടുത്തു കണ്ണിൽ വെച്ച് വണ്ടി ഓടിച്ചു പോയി…. എന്റെ പിരി ഒന്ന് കൂടി പോയി……എന്നാലും …. അതാരാ എൻ്റെ മറ്റവൻ…… തവളകണ്ണോ ….? ആർക്ക് ? ഞാൻ കണ്ണിൽ തപ്പി നോക്കി….. ഈ കാക്കിക്ക് അല്ലെയോ ആനച്ചെവിയും കങ്കാരുനെ പോലത്തെ കഴുത്തും……. വട്ടൻ …….
തിരിച്ചു കുട്ടികൾക്കിടയിലേക്കു ചെല്ലുമ്പോൾ എല്ലാർക്കും അറിയണം അതാരാ എന്ന്….. ഞാൻ എൻ്റെ കസിൻ ആണ് എന്ന് പറഞ്ഞു….അല്ലാതെ എൻ്റെ കല്യാണക്കാര്യം ആരോടും ഒന്നും പറഞ്ഞിട്ടില്ല…… പിന്നെ എൻ്റെ ആത്മസുഹൃത് അനുവിനോട് പറഞ്ഞിട്ടുണ്ട്…… ഞാൻ ഹോസ്റ്റലിലാണ്…..ഞാൻ ഇവിടെ പിജി ക്കു ചേർന്നിട്ടു ഒരു വര്ഷം ആയിട്ടുള്ളു……എന്റെ നാട്ടിലാണ് ഞാൻ ഡിഗ്രി വരെ പഠിച്ചത്……നാട് എന്ന് പറഞ്ഞാൽ ഗ്രാമം ഒന്നുമല്ല….തൃശൂർ ടൌൺ തന്നെയാണ്…….. ഈ കോളേജ് ഇപ്പൊ വന്ന അർജുനേട്ടന്റെ നാട്ടിലാണ് …… എന്നെ കാണാൻ വന്ന പത്താമത്തെ ചെക്കൻ ..കല്യാണത്തിന് താത്പര്യമില്ല എന്ന് എന്നോട് പറഞ്ഞ ഒരേ ഒരു ചെക്കൻ……… ഒറ്റ തവണ കണ്ടിട്ടുള്ളു…അതും പോലീസ് വേഷത്തിൽ..ഡ്യൂട്ടിക്കിടെ തട്ടിക്കൂട്ടിയ ഒരു പെണ്ണുകാണൽ .
പുള്ളിയുടെ അമ്മാവനും എൻ്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു……ഒരുപാട് നാൾക്കു ശേഷമുള്ള അവരുടെ പരിചയം പുതുക്കൽ ഇങ്ങനൊരു വിവാഹാലോചനയിൽ കലാശിച്ചു.. അങ്ങനെ ഒരു തട്ടിക്കൂട്ട് പെണ്ണുകാണൽ…… എന്റെ പേര് പോലും പുള്ളിക്കു അറിയാം എന്ന് ഞാൻ ഇന്നാണ് അറിയുന്നത്….. പിന്നെ ഞാൻ എന്തിനാ ഇയാളെ കെട്ടുന്നത് എന്ന് ചോദിച്ചാൽ…..അത് പറയാട്ടോ……
(കാത്തിരിക്കണംട്ടോ ….)
ഇത് വൈഗയുടെയും അർജ്ജുനന്റെയും കഥയാണ്…..എനിക്ക് ചുറ്റും ഞാൻ കണ്ട ഒന്ന് രണ്ടു ജീവിതങ്ങളെ കോർത്തിണക്കി എഴുതിയ ഒരു കുഞ്ഞു കഥ….. ഇത് നിങ്ങൾ പലപ്പോഴും കണ്ടതും കേട്ടതുമായ കഥ ആയിരിക്കാം…എന്നാലും എന്റെ ഭാവനയിലൂടെ അത് പറയണം എന്ന് തോന്നി…… നമുക്ക് ഒന്ന് സഞ്ചരിക്കാമെന്നേ ……വൈഗയിലൂടെ അർജ്ജുനനിലൂടെ ചിലപ്പോഴൊക്കെ നമ്മളിലൂടെയും …….
എൻ്റെ മുന്നത്തെ കഥകൾ പോലെ ഇതും നിങ്ങൾക്കു സ്വീകരിക്കാൻ കഴിയട്ടെ …….
ഇസ സാം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇസ സാം ന്റെ മറ്റു നോവലുകൾ
ഒരു അഡാർ പെണ്ണുകാണൽ
തൈരും ബീഫും
Title: Read Online Malayalam Novel Chankile Kakki written by Izah Sam
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission