അവനെ കണ്ടതും കനി ഓടി അടുത്തേക്ക് ചെന്നു.കണ്മണിയും ഇരുന്നിടത്ത് നിന്ന് എണീറ്റ് അവനെ നോക്കി നിന്നു..
“അണ്ണാ…ഉങ്ക കോളേജിലെ ഫ്രണ്ട്സ് അണ്ണനെ കാണാൻ കൊറേ നേരോണ്ട് കാത്തിരിക്കുവാ..അജു അണ്ണാവും സച്ചിയണ്ണവും എന്നെ ബൈക്കിൽ ഇവിടെയൊക്കെ കൊണ്ട് കറക്കിയല്ലോ..ഞാൻ ബൈക്കിൽ കേറിയത് കണ്ടപ്പോ ആ മുത്തൂന്റെ മുഖം കാണണമായിരുന്നു..ഇന്നലെയും അവന്റെ സൈക്കിളിലൊന്ന് തൊട്ടേന് അവനെന്നെ വഴക്ക് പറഞ്ഞു..അണ്ണാ അച്ചുവേട്ടന്റെ ബൈക്ക് കാണാൻ നല്ല രസോണ്ട്..അണ്ണാവും അത് പോലെയോരെണ്ണം വാങ്ങിക്കുവോ”
കനി പിന്നെയും അവൾടെ കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളും ആഗ്രഹങ്ങളും കൊഞ്ചലോടെ പറഞ്ഞ വാചാലയായി..പക്ഷെ ഗോകുൽ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..അർജുനെയും സച്ചിയേം തന്നെ നോക്കി നിൽക്കുകയായിരുന്നു.
“മോള് കണ്മണി ചേച്ചിടെ കൂടെ അകത്തേക്ക് പോയേ,ഞങ്ങളൊന്ന് സംസാരിക്കട്ടെ “കനിയേ തന്റെ ദേഹത്ത് നിന്ന് അടർത്തി മാറ്റികൊണ്ടവൻ പറഞ്ഞു.
അവൻ കനിയേം കൊണ്ട് അകത്തേക്ക് പോ എന്ന് കണ്ണുകൊണ്ട് കണ്മണിക്ക് നേരെ കാട്ടി.കണ്മണി അർജുനേം സച്ചിയേം നോക്കിയൊന്ന് ചിരിച്ചിട്ട് കനിയേം കൂട്ടി അകത്തേക്ക് പോയി.അകത്തേക്ക് പോകും മുന്നേ കനി അച്ചുവിനെയും സച്ചിയേം നോക്കി കൈ വീശിയിട്ട് പിന്നെ വരാമെന്ന് കൈ കൊണ്ട് കാണിച്ചു.അവരിരുവരും അവളെ നോക്കി ചിരിയോടെ കൈ വീശി..അവർ അകത്തേക്ക് കയറിയതും ഗോകുൽ തിടുക്കപ്പെട്ട് അർജുന്റെ നേർക്ക് നടന്നടുത്തു കൊണ്ട് അവന്റെ കൈ തണ്ട രണ്ടും കൂട്ടി പിടിച്ച് യാചന ഭാവേ നോക്കി പറഞ്ഞു,
“അജുവേട്ടാ നമ്മുക്ക് പുറത്ത് വെച്ച് സംസാരിക്കാം ..ഇവിടെ വെച്ച് വേണ്ട..അമ്മയും കനിയുമൊക്കെയുണ്ട് “
“ച്ചി…കൈയെടുക്കടാ നായെ…”
അർജുൻ ദേഷ്യത്താൽ വിറച്ചു കൊണ്ട് പറഞ്ഞു.
ഗോകുൽ വേഗം അവന്റെ കൈവിട്ടു..
“ഒരിക്കൽ ഞങ്ങൾ ഇതുപോലെ എല്ലാരുടെയും മുന്നിൽ നാണം കെട്ട് നിന്നിട്ടുണ്ടെടാ ..ഞങ്ങക്കും ഉണ്ടായിരുന്നെടാ അമ്മയും സഹോദരങ്ങളുമൊക്കെ…ഞങ്ങൾ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ നിന്നെ ഇവിടെ അവരുടെ മുൻപിലിട്ട് തല്ലിക്കൊല്ലുകയാ വേണ്ടത്.പക്ഷെ ഞങ്ങൾ അത് ചെയ്യില്ല…അത് നിന്നോടുള്ള സിമ്പതി കൊണ്ടല്ല ,പകരം നിന്റെ അമ്മയേം പെങ്ങളെയും ഓർത്തിട്ടാ..അത് ഞങ്ങളുടെ മാന്യത..അതുകൊണ്ട് പൊന്നുമോൻ ഇപ്പൊ മര്യാദയ്ക്ക് ഞങ്ങളുടെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്”
ഗോകുൽ ഒരക്ഷരം എതിർത്ത് പറയാതെ തല കുമ്പിട്ടു നിന്നു..
“വന്ന് വണ്ടിയിൽ കയറടാ “
അർജുൻ പല്ല് ഞെരിച്ചു കൊണ്ട് ഗോകുലിനോട് പറഞ്ഞു.
അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ഗോകുൽ അവന്റെ ബൈക്കിനു പിന്നിൽ കയറി. അവനു പിന്നാലെ സച്ചി ബൈക്ക് എടുത്തു.അർജുന്റെ ബൈക്ക് വേഗത്തിൽ പാഞ്ഞു.ഗോകുലിനോടുള്ള ദേഷ്യം മുഴുവൻ അവൻ ആക്സിലറേറ്റ്റിൽ തീർത്തു.അടുത്തുള്ള ഒരു കുന്നിൻ ചരിവ് എത്തിയതും അർജുൻ വണ്ടി നിർത്തി.ഗോകുൽ എതിർത്തൊന്നും പറയാതെ അർജുന്റെ പിന്നാലെ നടന്നു . മലമുകളിൽ എത്തിയതും അർജുൻ ഗോകുലിന്റെ കുത്തിന് പിടിച്ചു കൊണ്ട് ചോദിച്ചു
“പറയെടാ…നിനക്കറിയാം അന്നെന്താ സംഭവിച്ചെന്ന്..നീയെന്തിനാ ഞങ്ങളെ ചതിച്ചേ ?സത്യം പറഞ്ഞില്ലെങ്കിൽ തല്ലി കൊന്ന് കളയും ഞാൻ “
“അജുവേട്ടാ ഞാൻ പറയാം..എന്നെ വിട് “
അപ്പോഴേക്കും സച്ചിയും അർജുനോടായി പറഞ്ഞു,
“അജു..വിട്..അവൻ പറയട്ടെ “
“അജുവേട്ടാ ഞാൻ നിങ്ങളെ ചതിച്ചിട്ടില്ല..അന്നുണ്ടായതിൽ എനിക്കൊരു പങ്കുമില്ല”
“പ്ഫാ ..ചെറ്റേ …കള്ളം പറയുന്നോ “
അർജുൻ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.
“അജുവേട്ടാ ഞാൻ സത്യമാ പറയുന്നേ”
ഗോകുലിന് നേർക്ക് പിന്നെയും അർജുൻ കൈ മുട്ട് മടക്കിയോങ്ങിയതും അവനെ സച്ചി തടഞ്ഞു.
” അജു ..നീയവനെ വിട്ടേ.. ആദ്യമവന് പറയാനുള്ളത് എന്താണെന്ന് നമുക്ക് കേൾക്കാം”
അർജുൻ ഗോകുലിന് നേർക്കുള്ള അവന്റെ കൈ താഴ്ത്തി.
“ഗോകുലേ നീ വെറുതെ എന്നോട് കള്ളം പറയാൻ നിൽക്കണ്ട…നിനക്ക് വേണ്ടി കൊണ്ടുവന്ന പൊതിയാണ് അതെന്ന് എനിക്ക് നന്നായിട്ടറിയാം.. ആ പൊതി ഗേറ്റിന്റെ വെളിയിൽ നിന്ന് നിനക്ക് തരാൻ വേണ്ടി ഒരു സ്ത്രീയെന്നെ ഏൽപ്പിച്ചപ്പോൾ ഞാനാണ് അത് നിന്റെ കൈയിൽ കൊണ്ട് തന്നത് ,അതേ പൊതി തന്നെയാണ് പിന്നീട് പോലീസ് എന്റെ ബൈക്കിൽ നിന്ന് പിടിച്ചെടുത്തതും “
“ഞാൻ എല്ലാം പറയാം അജുവേട്ടാ..എന്റെ ഭാഗത്തും തെറ്റുണ്ട്.. ഒന്നും മനപൂർവ്വം ആയിരുന്നില്ല, എന്റെ സാഹചര്യം കൊണ്ട് ചെയ്തു പോയതാ”
അത് കേൾക്കെ അർജുന് പിന്നെയും ദേഷ്യം ഇരച്ചു കയറി..
അവൻ പല്ല് കടിച്ചു പിടിച്ച ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു..
“പൈസയ്ക്ക് ആവശ്യം വന്നപ്പോഴാ ഞാനാദ്യമായി കഞ്ചാവ് വിതരണം ചെയ്യാൻ പോയത്.അച്ഛന് അന്ന് ക്യാൻസർ സെക്കൻഡ് സ്റ്റേജ് ആയിരുന്നു.അമ്മ തോട്ടത്തിൽ പോയിക്കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്റെ ചികിത്സയ്ക്കോ വീട്ടിലെ ആവശ്യങ്ങൾക്കോ എന്റെ പഠിത്തത്തിനോ ഒന്നും തികയാതെയായി.വീട് പട്ടിണിയാകുന്ന അവസ്ഥയായി.ഹോസ്റ്റൽ ഫീ അടയ്ക്കാതെയായപ്പോ അവിടെന്നും പുറത്താക്കുമെന്ന് പറഞ്ഞു.എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ഹോസ്റ്റലിലെ സീനിയർ ചേട്ടൻ എനിക്ക് ഒരു ഏജന്റിനെ പരിചയപ്പെടുത്തി തന്നത്.പറയുന്നിടത്തൊക്കെ കൊണ്ട് കൊടുത്താൽ നല്ല കാശ് തരാമെന്ന് പറഞ്ഞു.ആദ്യം ഞാൻ എതിർപ്പ് പറഞ്ഞെങ്കിലും പിന്നീട് എന്റെ സാഹചര്യങ്ങൾ കാരണം സമ്മതിച്ചു.പേടിയുണ്ടായിരുന്നെങ്കിലും അന്നത്തെയെന്റെ സാഹചര്യം അത്രയ്ക്ക് മോശമായിരുന്നു.അങ്ങനെയാണ് ഞാൻ ആദ്യമായി കഞ്ചാവ് കൊടുക്കാൻ പോകുന്നത് .അവര് പറയുന്നിടത്ത് പോലീസ് പിടിക്കാതെ ഏത് വിധേനേം സാധനം കൊണ്ടെത്തിച്ചാൽ കൊണ്ട് പോകുന്ന സാധനത്തിന്റെ അളവ് അനുസരിച്ചു പൈസ കിട്ടും.സാധനം പറയുന്നിടത്ത് കൊണ്ടെത്തിക്കാനായി ഒരു ബൈക്കും അവർ എനിക്ക് തന്നു. ആദ്യം ഞാൻ കരുതിയിരുന്നത് തത്ക്കാലത്തെയെന്റെ ആവശ്യത്തിന് വേണ്ടിയുള്ള പൈസയ്ക്ക് മാത്രം ചെയ്തിട്ട് ,അതുകഴിഞ്ഞാൽ ഇത് നിർത്താമെന്ന് ആയിരുന്നു.അങ്ങനെ രണ്ടു വട്ടം ഇതുപോലെ സാധനം കടത്തിയതും അച്ഛന്റെ ചികിത്സയ്ക്കും മറ്റും ആവശ്യത്തിനുള്ള പൈസ കിട്ടിയിരുന്നു.പക്ഷെ അതോടെ നിർത്താമെന്ന് എന്റെ ധാരണ തെറ്റി, അവരെന്നെ പെടുത്തി കഴിഞ്ഞിരുന്നു. പിന്നെ പിന്നെ എന്നെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്താനും ശല്യപ്പെടുത്താനും തുടങ്ങി.അങ്ങനെയാണ് അന്നവർ ഞാൻ ചിലപ്പോ സാധനം വാങ്ങിക്കില്ലെന്ന് കരുതി കോളേജിൽ കൊണ്ടുവന്നത് ,അവിടെവെച്ച് ആകുമ്പോൾ ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കാതെ വാങ്ങിക്കും എന്ന് അവർക്ക് അറിയാമായിരുന്നു. അവരുടെ സംഘത്തിൽ ഉള്ള സ്ത്രീയാണ് അന്ന് അജുവേട്ടന്റെ കൈയ്യിൽ പൊതി കൊടുത്തു വിട്ടത്. അതിനു പിന്നിൽ എന്നെ പേടിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. കോളേജിൽ എല്ലാവരെയും അറിയിച്ച് എന്റെ ജീവിതം തകർക്കുമെന്ന് കാണിക്കാൻ വേണ്ടി.. അന്ന് സത്യത്തിൽ അജുവേട്ടൻ എന്റെ കയ്യിൽ അത് കൊണ്ടുവരുമ്പോൾ അതെങ്ങാനും തുറന്നു നോക്കിയിരുന്നോ എന്ന് ഞാൻ പേടിച്ചിരുന്നു. പിന്നെ അജുവേട്ടന്റെ മുഖഭാവവും തിടുക്കപ്പെട്ടു പോകുന്നതും കണ്ടപ്പോൾ എനിക്ക് മനസ്സിലായി അത് തുറന്നു നോക്കിയിട്ടില്ലെന്നും ആ പൊതിയെ അജുവേട്ടൻ ഒന്ന് ശ്രദ്ധിച്ചിട്ട് പോലുമില്ലെന്നും .പക്ഷെ അന്ന് ഞാനത് കൊണ്ട് വെച്ചത് എന്റെ ബൈക്കിലായിരുന്നു.പക്ഷെ അതെങ്ങനെയാ അജുവേട്ടന്റെ ബൈക്കിൽ വന്നതെന്ന് എനിക്കറിയില്ല “
പിന്നെയും ഗോകുലിന്റെ കോളറിൽ പിടിത്തമിട്ടുകൊണ്ട് അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചുകൊണ്ട് അർജുൻ രോക്ഷത്തോടെ പറഞ്ഞു ,
“ഗോകുലേ നീ വെറുതെ എന്നോട് കള്ളം പറഞ്ഞു രക്ഷപ്പെടാമെന്ന് കരുതണ്ട ,സത്യം പറയടാ …നീ പേടിച്ചിട്ടാണോ പറയാതെ ഇരിക്കുന്നത് ,എങ്കിൽ നീ കേട്ടോ എനിക്ക് മുന്നും പിന്നും നോക്കാനില്ല..സത്യം അറിഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ കൊന്നിരിക്കും.. അതിലൊരു സംശയവും വേണ്ട.. കാരണം ഞങ്ങളുടെ ജീവിതം തകർത്തവനാ നീ..”
“അജുവേട്ടാ ഞാൻ സത്യമാ പറയുന്നത്..ഇത്രയൊക്കെ നിങ്ങളോട് പറഞ്ഞെങ്കിൽ ബാക്കി പറയാനും എനിക്ക് പേടിയില്ല..പിന്നെ ഇനി പേടിക്കാൻ ആരും തന്നെയില്ല.നിങ്ങൾ ജയിലിലായി ഒരു മാസത്തിനുള്ളിൽ മംഗലാപുരത്ത് നടന്ന മയക്കുമരുന്ന് വേട്ടയിൽ എന്നെ കൊണ്ടിത് ചെയ്യിപ്പിച്ചുകൊണ്ടിരുന്ന ഏജന്റും അവരുടെ സംഘത്തലവൻ ഉൾപ്പെടെ എല്ലാരും പോലീസ് പിടിയിലായി..എന്റെ ഭാഗ്യം കൊണ്ട് അന്വേഷണം എന്നിലേക്ക് നീണ്ടില്ല,അവരുടെ കുരുക്കിൽ അറിയാതെയും അറിഞ്ഞുകൊണ്ടും പെട്ട ഒരുപാട് പേരുണ്ട്…നിങ്ങളെ പോലീസ് പിടിച്ചപ്പോ പല രാത്രികളിൽ ഞാൻ ഓർത്തതാ എല്ലാ കുറ്റവും ഏറ്റു പറഞ്ഞു കീഴടങ്ങാമെന്ന്,പക്ഷെ വീട്ടുകാരെ ഓർത്തപ്പോഴും എന്റെ ഭാവിയെ പറ്റി ഓർത്തപ്പോഴുമൊക്കെ ഞാൻ സ്വാർത്ഥനായി പോയി.പിന്നെ ആ ഏജന്റിനെ ഒറ്റി കൊടുക്കാനും എനിക്ക് പേടിയായിരുന്നു ,അവർ പിന്നെ എന്റെ കുടുംബത്തെ വെച്ചേക്കില്ലെന്ന് എനിക്ക് അറിയാരുന്നു. ആ പൊതി എന്റെ കൈയിൽ ഇരുന്നത് തന്നെയാ,പക്ഷെ അതിൽ നിങ്ങൾ പെട്ടത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല.എന്റെ കനി മോൾ ആണേ സത്യം “
ഗോകുൽ പറയുന്നത് കേൾക്കേ അർജുനും സച്ചിക്കും അത് വിശ്വാസിക്കാൻ തോന്നി.അവൻ കള്ളം പറയുന്നതായി തോന്നുന്നില്ല.. അവനത് ഇനിയും മറച്ച് വെയ്ക്കേണ്ട കാര്യവുമില്ല..പിന്നെയാര് ?
“പക്ഷെ സത്യങ്ങൾ എല്ലാം അറിയാവുന്ന ഒരാളെ എനിക്ക് അറിയാം “ഗോകുൽ പറഞ്ഞത് കേൾക്കെ അർജുന്റെയും സച്ചിയുടെയും മുഖത്ത് സംശയവും ആകാംശയും കൂറി..
“ആര് ?”
സച്ചിയാണത് ചോദിച്ചത്.
“അവർ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.പേര് മീരയെന്നാണ്.അന്ന് നിങ്ങളെ പോലീസ് പിടിച്ച് ഒരു നാല് മാസം കഴിഞ്ഞതും എനിക്ക് തേർഡ് ഇയറിലെ എക്സാം എല്ലാം കഴിഞ്ഞിരുന്നു.ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് പോകുന്നതിന്റെ തലേദിവസമാണ് മേട്രൻ എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് വന്ന് പറയുന്നത്.താഴെ ഇറങ്ങി ചെന്നതും ഏകദേശം ഒരു ഇരുപത്തേഴ് വയസ്സൊക്കെ തോന്നിക്കുന്ന ഒരു സ്ത്രീയെന്നെ കാത്തിരിക്കുകയായിരുന്നു…ഗോകുൽ അന്ന് നടന്നത് ഓരോന്നായി അവരിരുവരോടും പറയാൻ തുടങ്ങി..
“ആരാ “
“ഞാൻ ആരാണെന്ന കാര്യത്തിനിവിടെ പ്രസക്തിയില്ല ,പക്ഷെ ഗോകുലിനെ എനിക്ക് അറിയാം “
“നിങ്ങൾ ആരാ? എന്താ വേണ്ടത് ?എന്റെ പേര് എങ്ങനെ അറിയാം ?”
“ഞാൻ പറഞ്ഞല്ലോ അത് അല്ല ഇവിടുത്തെ കാര്യമെന്ന്..നീ കാരണം ഒരു തെറ്റും ചെയ്യാതെ ജയിലിലായ രണ്ട് ചെറുപ്പക്കാരെ നിനക്ക് ഓർമ്മയുണ്ടോ ..മറക്കാൻ വഴിയില്ല..അർജുനും സച്ചിനും “
അവർ പറയുന്നത് കേട്ടതും ഗോകുൽ വെട്ടി വിയർത്തു..
“നിങ്ങൾക്ക് എങ്ങനെ അതൊക്കെ …”
“അന്ന് അവിടെ എന്താ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് എനിക്ക് മാത്രേ അറിയൂ “
“അന്നവിടെ എന്താ സംഭവിച്ചത് ?”
ഗോകുൽ വെപ്രാളത്തോടെ തിരക്കി..
“അത് ഞാൻ നിന്നോട് പറയില്ല…അത് ഞാൻ എന്നെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അർജുനോടോ സച്ചിയോടോ ആയിരിക്കും..ഇതാ ഇതിൽ എന്റെ പേരും അഡ്രസ്സുമുണ്ട് ,എന്നെങ്കിലും ഒരിക്കൽ അർജുനോ സച്ചിയോ നിന്നോട് സത്യങ്ങൾ തിരക്കി വരുകയോ, നടന്ന സത്യങ്ങൾ അവരെ അറിയിക്കണമെന്നോ നിനക്ക് തോന്നിയാൽ ഇത് അവർക്ക് കൊടുക്കുക..വെറുതെ എന്റെ പിന്നാലെ വന്ന് സ്വയം കെണിയിൽ പെടണ്ട “
പറഞ്ഞു നിർത്തിയതും അവർ എന്റെ നേർക്ക് ഒരു പേപ്പർ നീട്ടി..ഞാനത് വാങ്ങിയതും
“ഞാൻ പറഞ്ഞതെല്ലാം ഓർമയിൽ ഇരിക്കട്ടെ…ഞാൻ പറഞ്ഞത് അനുസരിച്ചാൽ നിന്റെ അമ്മയും പെങ്ങളും വഴിയാധാരമാകില്ല”അത്രയും പറഞ്ഞുകൊണ്ട് അവർ അവിടുന്ന് പോയി.
ഞാനാ പേപ്പർ നിവർത്തി നോക്കിയതും അതിൽ അവരുടെ പേര് മീരയെന്നും അഡ്രസ്സും എഴുതിയിരുന്നു.പിന്നെ ഞാൻ അവരെ ഇതുവരെ കണ്ടിട്ടില്ല..എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ അടുക്കലേക്ക് ആ പേപ്പറും കൊണ്ട് വരണമെന്ന് വിചാരിച്ചിരുന്നു.പക്ഷെ അതിന് മുൻപേ നിങ്ങളായിട്ട് തന്നെ എന്നെ തേടി വന്നു “
“എന്നിട്ട് ആ അഡ്രസ്സ് എവിടെ ?”
അർജുൻ ചോദിച്ചതും ഗോകുൽ അവന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് അതിൽ നിന്ന് നാലായി മടക്കി വെച്ചിരുന്ന ഒരു പേപ്പർ എടുത്ത് അവന്റെ കൈയിൽ കൊടുത്തു.അർജുൻ അത് നിവർത്തി നോക്കി.
“മീര
സൗപർണ്ണികം
കൈലാത്തുകോണം പി .ഓ
നെയ്യാറ്റിൻകര ,തിരുവനന്തപുരം “
സച്ചി കേൾക്കാനായി അവനത് ഉറക്കെ വായിച്ചു..
തിങ്കളാഴ്ച രാവിലെ ഗായത്രി കോളേജിലെ കവാടം കടന്ന് അകത്തേക്ക് കടന്നപ്പോഴേ എന്തോ ഒരു അസ്വസ്ഥത തന്നെ വന്ന് പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.അർജുൻ സ്ഥിരമായി അവന്റെ ബൈക്ക് വെയ്ക്കുന്ന മാവിൻ ചുവട്ടിൽ എത്തിയതും അവൾ അവിടേക്ക് ഒന്ന് നോക്കി ,ഇല്ല..ഇന്ന് അവിടെ തന്റെ അച്ചുവേട്ടന്റെ ബൈക്കില്ല..സ്റ്റാഫ് റൂമിലേക്ക് നടക്കവേ അവൾ പിജി ക്ലാസ്സിലേക്കും അതിനു മുന്നിലെ വരാന്തയിലും നോക്കി..സാധാരണ ഈ സമയം അച്ചുവേട്ടൻ ഇവിടെ കാണാറുള്ളതാണ്..ഇന്ന് പക്ഷെ അവിടെമാകെ ശൂന്യമാണ്..ആ ശൂന്യത അവളുടെ മനസിലേക്കും കടന്ന് വരുന്നതും അവിടമാകെ വേദന നിറയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…നെഞ്ച് നോവുന്നു.. ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടാൽ മതി..വെറുപ്പോടെയെങ്കിലും തന്നെയൊന്ന് നോക്കിയാൽ മതി….അത്രയും മതി…അത്ര മാത്രം….
സ്റ്റാഫ് റൂമിൽ അന്നേരം സജീവ് സാർ മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളു.അവൾ ഡെസ്കിൽ തല വെച്ച അലപ്പം നേരം കിടന്നു. കുറച്ചുകഴിഞ്ഞ് തോളിൽ ഒരു കരസ്പർശമേറ്റാണ് അവൾ ഞെട്ടി എണീറ്റത്.പ്രിയായിരുന്നു.ഗായത്രിയുടെ കലങ്ങി ചുവന്ന കണ്ണുകൾ കാണെ അവൾ ആധിയോടെ ചോദിച്ചു
“എന്തുപറ്റി ഗായത്രി …?”
“ഏയ്യ് ..ഒന്നുമില്ല ടീച്ചർ ഒരു തലവേദന”
എന്തുകൊണ്ടോ ഗായത്രിക്ക് അന്നേരം അങ്ങനെ പറയാനാണ് തോന്നിയത്.അർജുനെ ഓർത്താണ് അവൾ കണ്ണീര് പൊഴിച്ചതെന്ന അവൾക്ക് പറയാൻ തോന്നിയില്ല.പ്രിയ അവളെ നോക്കി അമർത്തിയൊന്ന് മൂളിക്കൊണ്ട് സീറ്റിലേക്ക് പോയിരുന്നു.ഫസ്റ്റ് പീരിയഡ് ഗായത്രിക്ക് തേർഡ് ഇയറിലായിരുന്നു ക്ലാസ്സ്.ജുവലിന്റെ ക്ലാസ്സിൽ.അവൾ ക്ലാസ്സിൽ കയറിയ ഉടനെ കുട്ടികൾക്കിടയിൽ ജുവലിനെ തിരഞ്ഞു.രണ്ടാമത്തെ ബെഞ്ചിലായി അടുത്തിരിക്കുന്ന കുട്ടിയോട് എന്തൊക്കെയോ പറഞ്ഞ ചിരിച്ച ഇരിക്കുകയാണ്.മുഖം നല്ല പ്രസന്നമാണ്.കഴിഞ്ഞ് ദിവസം നടന്നത് ഓർത്ത് യാതൊരു നാണക്കേടോ സങ്കടമോ അവളുടെ മുഖത്തില്ല..എന്നത്തേക്കാളും സന്തോഷവതിയാണ്…പഠിപ്പിക്കുന്നതിനിടയ്ക്കും ഗായത്രി ജുവലിനെ ശ്രദ്ധിച്ചു.കഴിഞ്ഞ് ദിവസം നടന്നതൊക്കെയും അവൾടെ ഓർമയിൽ പോലും ഇല്ലാത്ത പോലെയാണ് അവളെ കണ്ടിട്ട് ഗായത്രിക്ക് തോന്നിയത്.അവൾക്ക് കഴിഞ്ഞ് ദിവസം പ്രിയ പറഞ്ഞത് ഓർമ വന്നു…ജുവൽ കരുതിക്കൂട്ടി ചെയ്തത് ആയിരിക്കുമോ…അച്ചുവേട്ടനെ നേടാനുള്ള വാശിയിൽ….ഞാൻ അച്ചുവേട്ടനെ തെറ്റിധരിച്ചതായിരിക്കുമോ …കണ്ടതിനപ്പുറം എന്തെങ്കിലും സത്യങ്ങൾ കാണുമോ…അതോർക്കേ ഗായത്രിയുടെ തൊണ്ടക്കുഴിയിൽ ഒരു ഗദ്ഗദം ഞെരിഞ്ഞമർന്നു….അവൾക്ക് പിന്നെയും കരയാൻ തോന്നി…ഉറക്കെയുറക്കെ കരയാൻ..
അർജുന്റെ കണ്ണുകളിൽ അന്ന് കണ്ട നിസ്സഹായതയും വേദനയും വീണ്ടും വീണ്ടുമവളെ കൊളുത്തി വലിച്ചു…അവന്റെ കൈകൾ ഞെരിഞ്ഞമർന്ന അണിവയറാകേ ഒരു തരിപ്പ് പടർന്നു… തണുത്തുറഞ്ഞു..ആ തരിപ്പ് അവളുടെ പൊട്ടിയ ചുണ്ടുകളിലേക്ക് പടർന്നു…പിന്നെ പിന്നെ ഹൃദയത്തിലേക്ക്.. മുറിവുകൾ പിന്നെയും ആഴ്ത്തിൽ നീറി…വേദനിച്ചു..ശരീരത്തിനെറ്റ മുറിവുകൾ ഹൃദയത്തിനേറ്റ മുറിവുകളുടെ മുന്നിൽ തോറ്റുപോയി…അവിടമാകെ നോവുകയാണ്…പ്രണയനോവ്…
ഈ നേരം അർജുനും സച്ചിയും മീരയെ കാണാനുള്ള യാത്ര തുടങ്ങി കഴിഞ്ഞിരുന്നു..
(തുടരും )
ദേവാർദ്ര .ആർ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nenjoram written by Ardra
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission