Skip to content

നെഞ്ചോരം – ഭാഗം 8

Nenjoram Novel

“ഗായത്രി ..എന്നോട് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട”

എന്തൊക്കെയോ ഓർമകളിൽ കണ്ണീരൊലിച്ച്   തന്റെ മുന്നിലിരിക്കുന്ന ഗായത്രിയെ നോക്കി പ്രിയ  അലിവോടെ പറഞ്ഞു.

“സത്യത്തിൽ എനിക്കിപ്പോ ആരോടെങ്കിലും മനസ്സ് തുറക്കാൻ തോന്നുന്നു ടീച്ചർ..ആരോടെങ്കിലും ഇതൊക്കെ പറഞ്ഞൊന്ന് കരയാൻ …”

“വിഷമിക്കാതെ..തനിക്കെന്നെ വിശ്വസിക്കാം..ഞാനായിട്ട് ആരോടും ഒന്നും പറയില്ല “

ഗായത്രി പതിയെ പ്രിയയോട് ഓരോന്നായി പറയാൻ തുടങ്ങി….

“ഞങ്ങളുടെ വീടിന് ചേർന്നുള്ള അച്ഛന്റെ തറവാട്ടിലാ അച്ചുവേട്ടനും അമ്മ ദേവുമ്മയും താമസം,അച്ചുവേട്ടന്റെ അച്ഛൻ അച്ചുവേട്ടന് രണ്ട് വയസ്സുള്ളപ്പോൾ അപകടത്തിൽ പെട്ട് മരിച്ചതാ.പിന്നെ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അച്ചുവേട്ടനെ നോക്കിയത് എന്റെ അച്ഛനായിരുന്നു.അതുകൊണ്ട് തന്നെ അന്നും ഇന്നും അച്ചുവേട്ടൻ അച്ഛൻ പറയുന്നതെന്തും അനുസരിക്കും,എതിർത്ത് സംസാരിക്കാറില്ല.. ദേവുമ്മയ്ക്ക് ജോലിയുള്ളതിനാൽ പൈസയ്ക്കും മറ്റും യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു ,പോരാത്തേന് പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളും ആവശ്യത്തിലധികമുണ്ട്.അച്ചുവേട്ടന് നാലു വയസ്സുള്ളപ്പോഴാ ഞാൻ ജനിച്ചേ. കുഞ്ഞിലേയൊക്കെ അച്ചുവേട്ടനും ഞാനും എപ്പോഴും ഒരുമിച്ചായിരുന്നു.എന്നോടൊപ്പം കളിക്കേം, സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കേം, എന്നെയും കൊണ്ട് അമ്പലത്തിൽ പോവുകയുമൊക്കെ ചെയ്യുമായിരുന്നു.രാത്രി ഞങ്ങൾ രണ്ടുപേരും മുത്തശ്ശിയുടെ മടിയിൽ ഒരുമിച്ച് കിടന്നാണ് കഥകൾ കേട്ടിരുന്നത്.അന്ന് മുത്തശ്ശി പറയുന്ന കഥയിലെ രാജകുമാരനും രാജകുമാരിയും ഞങ്ങളായിരുന്നു…അച്ചുവേട്ടൻ കുറച്ചുകൂടി മുതിർന്ന ശേഷം എന്നോടൊപ്പം കളിക്കാൻ വരാതെയായി.വൈകുന്നേരങ്ങളിലോക്കേ പാടത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി തുടങ്ങി.ടൗണിലെ സ്കൂളിലേക്ക് കൂടി മാറ്റി ചേർത്തതും പിന്നെ തീരെ വരാതെയായി…എനിക്കത് വല്യ സങ്കടായി..പിന്നെ പിന്നെ ഞാനും അങ്ങോട്ട് കളിക്കാനോ ഒന്നും ചെല്ലാതെയായി.എങ്കിലും ഉള്ളിൽ സങ്കടമായിരുന്നു.അങ്ങനെയിരിക്കെ ഒരു തിരുവോണ ദിവസം സദ്യ കഴിച്ച ശേഷം തറവാട്ടിലെ ഉമ്മറത്ത് ,മുത്തശ്ശിയുടെ മടിയിൽ തല വെച്ച ഞങ്ങൾ കഥ കേട്ടുകൊണ്ട് കിടക്കുകയായിരുന്നു.അച്ഛനും അമ്മയും ദേവുമ്മയുമെല്ലാം ചുറ്റിനും  ഉണ്ടായിരുന്നു.അപ്പോഴാണ്  മുത്തശ്ശനും മുത്തശ്ശിയും കൂടെ അവരുടെ ആഗ്രഹം പോലെ അവരോടൊക്കെയായി പറഞ്ഞത്.

“വലുതാവുമ്പോ എന്റെ ഗായത്രികുട്ടിയെ അച്ചുവിന് അങ്ങ് കൊടുത്തേക്കണം..അവന്റെ പെണ്ണായിട്ട് “

അന്നത്‌  പെട്ടെന്ന്  കേട്ടപ്പോൾ എനിക്ക് നാണം തോന്നി…നെഞ്ചിടിപ്പ് ഉയരുന്നതിനോടൊപ്പം തന്നെ മനസ്സിൽ ഒരു തണുപ്പ് പടരുന്നു.പക്ഷെ അതിനൊക്കെയും ഒരു നീർകുമിളയുടെ ആയുസ്സേയുണ്ടായിരുന്നുള്ളു..ഒരു പൊട്ടി ചിരിയോടെയാണ് അച്ഛനും ദേവുമ്മയും അതിന് മറുപടിയേകിയത്..

“അതൊക്കെ പഴഞ്ചൻ ആചാരങ്ങൾ അല്ലേ അമ്മേ…നമ്മളായിട്ട്  വെറുതെ ഫോഴ്‌സ് ചെയ്ത് അവരെ ഒരു ബന്ധത്തിൽ കൊണ്ട് വരുന്നത്തൊന്നും ശരിയല്ല…ഒരു ആഗ്രഹത്തിന്റെ പേരിൽ അവരെ നിർബന്ധിച്ച് ഒരു ബന്ധത്തിൽ കൊണ്ട് വരുന്നതിനോട് എനിക്കെന്തോ അത്ര യോജിപ്പില്ല..എന്താ ദേവുവിന്റെ  അഭിപ്രായം”

“എനിക്കും ഏട്ടൻ പറഞ്ഞതിനോട് യോജിപ്പേയുള്ളു…വലുതാവുമ്പോൾ അവർക്ക് അവരുടേതായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും കാണില്ലേ,അന്ന് ചിലപ്പോ അവർക്ക് രണ്ടുപേർക്കും ഈ ബന്ധം ഇഷ്ടമാവണമെന്നില്ല…നമ്മളായിട്ട് വെറുതെ എന്തിനാ ഓരോന്ന് പറഞ്ഞു വെയ്ക്കുന്നെ “

മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ മറുപടി വിഷമം ഉണ്ടാക്കിയെങ്കിലും അവർ പിന്നെ കൂടുതലൊന്നും പറയാൻ പോയില്ല ,ആ സംസാരം അന്ന് അവിടെ അവസാനിച്ചതാണ്.പക്ഷെ എന്നിലെ പതിമൂന്നുകാരിക്ക് അതൊരു തുടക്കമായിരുന്നു..അച്ചുവേട്ടനോടുള്ളയന്റെ പ്രണയത്തിന്റെ തുടക്കം…അവരുടെ മറുപടി എന്നിൽ നോവ് നിറച്ചിരുന്നു …നെഞ്ചിൽ  വേദന പടർത്തി.ഒരുപക്ഷെ ആ വേദനയിലൂടെയാണ് ഞാൻ മനസിലാക്കിയത്  ഞാൻ അച്ചുവേട്ടനെ പ്രണയിക്കുന്നുവെന്ന്.. അച്ചുവേട്ടനെ കാണുമ്പോൾ ഉയരുന്നയെന്റെ നെഞ്ചിടിപ്പ് അടക്കാൻ ഞാൻ വല്ലാതെ പാട് പെട്ടിരുന്നു…കാണുമ്പോൾ ദേഹത്താകെ ഒരു തരിപ്പ്പടരും…തണുത്തുറയും..അറിയില്ലെനി ക്ക് അത്‌ എങ്ങനെയാ പറഞ്ഞു തരേണ്ടെന്ന്…

പിന്നെ പിന്നെ ഞാൻ അച്ചുവേട്ടനെ ഒളിച്ചും പാത്തും കാണാൻ തുടങ്ങി.അച്ചുവേട്ടൻ ചിരിക്കുന്നത്.. ദേഷ്യപ്പെടുന്നത്.. കൂട്ടുകാരോട് ഒത്ത്സംസാരിക്കുന്നത് …അങ്ങനെയെല്ലാം.

പക്ഷെ നേരിൽ കാണുമ്പോ അച്ചുവേട്ടനോട്‌  സംസാരിക്കാനോ ഒന്ന് മുഖത്തേക്ക് നോക്കാനോ  പോലും എനിക്ക് പേടിയായിരുന്നു.. അച്ചുവേട്ടനില്ലാത്ത നേരം ആരും കാണാതെ അച്ചുവേട്ടന്റെ മുറിക്കുള്ളിൽ കയറുമായിരുന്നു..അതിനുള്ളിലാകെ ഞാൻ വിരലോടിക്കുമായിരുന്നു..വെറും നിലത്ത് കിടക്കുമായിരുന്നു…അച്ചുവേട്ടന്റെ സാമിപ്യം ഉള്ളയിടങ്ങൾ..കേൾക്കുന്നവർക്ക് ഇതൊക്കെ വട്ടായി തോന്നും..പക്ഷെ ഞാൻ  ഇതൊക്കെയെന്റെ നെഞ്ചോട് ചേർത്ത് വെയ്ക്കുന്നവയാണ്.അതിനോടെല്ലാം എനിക്ക് പ്രണയമാണ്.

അച്ചുവേട്ടന്റെ ഓരോ സന്തോഷങ്ങളിലും അച്ചുവേട്ടനേക്കാളേറെ ഞാൻ സന്തോഷിച്ചിട്ടുണ്ട്…വേദനിക്കുന്ന കാണുമ്പോൾ ആ വേദനയിൽ പിടഞ്ഞ ഞാൻ മരിച്ചു പോകുന്ന പോലെയാ…അച്ചുവേട്ടൻ പഠിക്കുന്ന അതെ കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതും അച്ചുവേട്ടനെ എപ്പോഴുമൊന്ന് കാണാൻ വേണ്ടിയാ..ഞാൻ ഫസ്റ്റ് ഇയർ ചേർന്നപ്പോൾ അച്ചുവേട്ടൻ പിജി ഫസ്റ്റ് ഇയറായിരുന്നു.ഡിഗ്രിക്കും അച്ചുവേട്ടൻ അവിടെ തന്നെയായിരുന്നു പഠിച്ചത് .അതുകൊണ്ട് തന്നെ കോളേജിൽ എല്ലാർക്കും അച്ചുവേട്ടനെ അറിയാമായിരുന്നു. ഒരേ കോളേജിലേക്ക്  ഒരേ കോമ്പൗണ്ടിനുള്ളിൽ നിന്ന് പോകുന്നെങ്കിൽ കൂടിയും ഞങ്ങൾ രണ്ടും പോകുന്നതോന്നും ഒരുമിച്ചായിരുന്നില്ല.അച്ചുവേട്ടൻ ബൈക്കിലും ഞാൻ ബസിലുമായിരുന്ന പോകുന്നത്,പോകുന്നെയും വരുന്നേയും സമയം പോലും ഒന്നല്ല.ഒരു ദിവസമെങ്കിലും അച്ചുവേട്ടന്റൊപ്പം ബൈക്കിൽ പോകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.അച്ചുവേട്ടന്റെ കൂട്ടുകാരികളൊക്കെ ബൈക്കിൽ ചാരി നിന്ന സംസാരിക്കുന്നത് ഞാൻ കൊതിയോടെ നോക്കിയിട്ടുണ്ട്… 

കോളേജിൽ വെച്ചും കാണുമ്പോൾ  ഒരു ചിരിയിൽ കൂടുതലൊന്നും അച്ചുവേട്ടനിൽ നിന്ന് ഉണ്ടായിട്ടില്ല.അച്ചുവേട്ടന്റെ കസിനെന്ന് പേരിൽ  സീനിയേഴ്‌സ് എന്നെ റാഗ് പോലും ചെയ്തിട്ടില്ല.കോളേജിൽ എല്ലാർക്കും ഞാൻ അച്ചുവേട്ടന്റെ കസിൻ ആണെന്ന് അറിയാമായിരുന്നു.പല പെൺകുട്ടികളും  അച്ചുവേട്ടനോടുള്ള പ്രണയം പറഞ്ഞും അച്ചുവേട്ടനെ പറ്റിയറിയാനും എന്റെ അടുക്കലേക്ക് വന്നിട്ടുണ്ട്.അതിസുന്ദരികളായ പെൺകുട്ടികളൊക്കെ പിന്നാലെ നടക്കുന്നത് കാണുമ്പോ എടുത്ത് പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത എന്റെയുള്ളിൽ  വേദനയാ..പേടിയാ..അവരെ അച്ചുവേട്ടൻ ഇഷ്ടപ്പെടുമോയെന്ന പേടി…കണ്ണാടിയുടെ മുന്നിൽ മണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും നിന്ന് എന്റെ മുഖത്തെയും ശരീരത്തെയും കുറ്റപ്പെടുത്തിയിട്ടുണ്ട്.എന്നെ അച്ചുവേട്ടൻ ഒരിക്കലെങ്കിലുമൊന്ന് ഇഷ്ടപ്പെട്ടിരുന്നെങ്കിലെന്ന് പതം  പറഞ്ഞ് തലയണയിൽ മുഖം പൂഴ്ത്തി കരഞ്ഞിട്ടുണ്ട്..അച്ചുവേട്ടന് എന്നെ പോലൊരു പെണ്ണ് ഒരിക്കലും ചേരില്ലെന്നും ഒരിക്കലുമെന്നേ ഇഷ്ടപ്പെടില്ലെന്നും സ്വയം പറഞ്ഞ പഠിപ്പിക്കുമായിരുന്നു.ഉള്ളിലെ മോഹങ്ങളെല്ലാം കുഴിച്ചുമൂടാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷെ ഞാൻ വീണ്ടും വീണ്ടും അതിലേറെ പ്രണയിച്ചുപോകുമായിരുന്നു. അച്ചുവേട്ടൻ  കൂട്ടുകാരികളോട് സംസാരിക്കുമ്പോൾ ഞാൻ കുശുമ്പോടെ നോക്കുമായിരുന്നു.അച്ചുവേട്ടനെ കോളേജിൽ എല്ലാർക്കും പേടിയായിരുന്നു,അതിന് കാരണം അച്ചുവേട്ടന്റെ ദേഷ്യം തന്നെയായിരുന്നു.കർക്കശക്കാരനാണ്..ദേഷ്യം വന്ന് കഴിഞ്ഞാൽ മുന്നും പിന്നും നോക്കാറില്ല,ദേഷിച്ച മുഖം കാണുമ്പോൾ തന്നെ പേടിയാകും. അതുകൊണ്ട് പലർക്കും അവരുടെ ഇഷ്ടം തുറന്ന് പറയാൻ പേടിയായിരുന്നു.എനിക്കും അതുപോലെ തന്നെയായിരുന്നു.പലപ്പോഴും പറയാൻ തോന്നിയിട്ടുണ്ടെങ്കിലും അച്ചുവേട്ടനെ കാണുമ്പോഴേയെന്റെ നെഞ്ച് പൊട്ടി പോകുമാറും വിധം ഇടിക്കും ,ദേഹം വിറയ്ക്കും..പിന്നെ അച്ചുവേട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല..ചിലപ്പോ ദേഷ്യപ്പെട്ടെന്നിരിക്കും ..അതുമല്ലെങ്കിൽ പുച്ഛത്തോടെ കളിയാക്കി കൊണ്ട് എന്റെ സ്നേഹം നിർദ്ധയം തള്ളി കളയും..എന്നെ വെറുത്തുപോയാലോ …ഇതൊക്കെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാ..ഞാൻ നെഞ്ചുപൊട്ടി മരിച്ചുപോകും.കോളേജിൽ ടീച്ചേഴ്സിനും പ്രിൻസിപ്പലിനുമെല്ലാം അച്ചുവേട്ടനെ ഇഷ്ടമായിരുന്നു,ക്ലാസ്സിൽ കയറിയില്ലെങ്കിൽ പോലും അച്ചുവേട്ടന് നല്ല മാർക്ക്‌ കാണും,എല്ലാർക്കും സ്നേഹവും വാത്സല്യവുമാണ്.പഠിക്കാനുള്ളത് ഒരു തവണ കേട്ടാൽ മതി ,പിന്നെ മറക്കില്ല.

അച്ചുവേട്ടനും സച്ചിയേട്ടനും സ്കൂൾ കാലം മുതലേയുള്ള കൂട്ടുകാരായിരുന്നു.കോളേജിലും ഒരുമിച്ചായിരുന്നു ,അവരെ രണ്ടുപേരെയും ഒരുമിച്ചല്ലാതെ കാണുന്നത് ചുരുക്കമാണ്. എന്നോടും സച്ചിയേട്ടൻ നല്ല കൂട്ടായിരുന്നു ,കാണുമ്പോൾ വിശേഷങ്ങൾ ചോദിക്കേം കളിയാക്കേമൊക്കെ ചെയ്യുമായിരുന്നു.പക്ഷെ അപ്പോഴൊക്കെയും കൂടെ കാണുന്ന അച്ചുവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി മൗനം പാലിച്ച് നിന്നിട്ടേയുള്ളു.സച്ചിയേട്ടൻ മിക്കപ്പോഴും തറവാട്ടിൽ അച്ചുവേട്ടന്റൊപ്പം വരുമായിരുന്നു,അവർ ഒരുമിച്ച് മിക്കപ്പോഴും യാത്രകൾ പോയിവരും.ട്രിപ്പ് പോയിട്ട് വരുമ്പോഴൊക്കെയും അമ്മയ്ക്കും എല്ലാർക്കും എന്തെങ്കിലുമൊക്കെ കൊണ്ട് വരും..പക്ഷെ ഒരിക്കൽ പോലും എനിക്ക് വേണ്ടിയൊന്നും കൊണ്ട് വന്നിട്ടില്ല.എല്ലാ തവണയും ഇതുപോലെ പോയിട്ട് വരുമ്പോൾ എനിക്ക് എന്തെങ്കിലും കൊണ്ട് വന്നു കാണുമെന്ന് കരുതി ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..പക്ഷെ  അപ്പോഴെല്ലാം നിരാശയായിരുന്നു ഫലം…വേണ്ടപ്പെട്ടവരുടെ കൂടെ എന്നെ ഒരിക്കലും ചേർത്തിട്ടില്ലെന്ന് ഓർത്ത്‌ എന്നെങ്കിലും എനിക്കുവേണ്ടി എന്തെങ്കിലും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച് പയ്യെ പിൻവാങ്ങും.

അങ്ങനെയിരിക്കെയാണ് കോളേജിൽ ആ വർഷത്തെ കലോത്സവം നടന്നത്.അന്ന് എനിക്ക് സെറ്റ് സാരിയുടുത്ത്  പോകേണ്ടി വന്നു ,ആദ്യമായിട്ടാണ് സെറ്റ് സാരിയുടുത്ത്  പോകുന്നത് ,ബസിൽ പോകാൻ പേടിയായിരുന്നു ,അച്ഛനും അന്ന് സ്ഥലത്ത് ഇല്ലായിരുന്നു,അതുകൊണ്ട് അമ്മയും ദേവുമ്മയും കൂടി നിർബന്ധിച്ച്  എന്നെ അച്ചുവേട്ടന്റെ കൂടെ ബൈക്കിൽ വിട്ടു.അന്ന് സെറ്റ് സാരിയുടുത്ത ഒരുങ്ങിയപ്പോഴുമൊക്കെ അച്ചുവേട്ടൻ ഒരുവട്ടമെങ്കിലും എന്നെയൊന്ന് നോക്കാണെയെന്ന് പ്രാർത്ഥിച്ചിരുന്നു.അച്ചുവേട്ടന്റെ കൂടെ ബൈക്കിലുള്ള യാത്ര ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അന്നേരം എനിക്ക് പേടിയായിരുന്നു..ദേഹത്ത് മുട്ടാതെ പേടിയോടെ വിറച്ച് വിറച്ചാണ് പുറകിൽ ഇരുന്നത്.കുറച്ച് ദൂരം പോയതും  അച്ചുവേട്ടൻ തിരിഞ്ഞു നോക്കി

“എന്റെ തോളത്ത് പിടിച്ചിരുന്നോ “

എന്ന പറഞ്ഞപ്പോൾ ഞാൻ വിറച്ചുപോയി..പതിയെ തോളത്തേക്ക് കൈയമർത്തി ഇരുന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…

അച്ചുവേട്ടന്റെ തോളത്ത് മുറുകെ കൈ ചേർത്തിരുന്നപ്പോൾ ആ യാത്ര അവസാനിക്കല്ലേയെന്ന് തോന്നിപോയി..കോളേജിലെത്തി ബൈക്കിന്ന് ഇറങ്ങാൻ നേരം അച്ചുവേട്ടൻ എന്നോട് പറഞ്ഞു,

“തിരിച്ചും ഞാൻ കൊണ്ട് പോകാം ,ഇറങ്ങാൻ നേരം ഞാൻ വന്ന് വിളിക്കാം ,പരിപാടിയായോണ്ട് താമസിക്കും “

അച്ചുവേട്ടന് നേരെ തലയാട്ടി സമ്മതിച്ചു കൊണ്ട് തിരിഞ്ഞ് നടക്കുമ്പോൾ എനിക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു..വൈകുന്നേരമാകാൻ കാത്തിരുന്നു..സമയം ഇഴഞ്ഞു നീങ്ങുന്ന പോലെയാ തോന്നിയെ…വീണ്ടുമാ തോളോട് ഒട്ടിപോകാൻ എന്റെയുള്ളം തുടിക്കുകയായിരുന്നു.പക്ഷെ എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സിലായിരുന്നു… അച്ചുവേട്ടനു വേണ്ടി  കാത്തിരുന്ന ഞാൻകണ്ടത് പോലിസ് വിലങ്ങണിഞ്ഞു കോളേജ് വരാന്തയിലൂടെ  കൊണ്ട് പോകുന്ന അച്ചുവേട്ടനെയാണ്….ആ നിമിഷം എനിക്ക് ഭൂമി കീഴ്മേൽ മറിയുന്ന പോലെ തോന്നി…

അച്ചുവേട്ടന്റെ ബൈക്കിൽ നിന്ന് ഒരു പൊതിയിൽ  നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിലപ്ന നടത്തുന്നവരെന്ന പേരിലാണ്  അച്ചുവേട്ടനെയും സച്ചിയേട്ടനെയും പോലിസ് പിടിച്ചത്..ആ വാർത്ത എല്ലാരേയും ഒരുപോലെ ഞെട്ടിച്ചു ..നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം ഞെട്ടി പോയിരുന്നു. അന്വേഷണത്തിൽ തെളിവുകളെല്ലാം അവർക്ക് എതിരായിരുന്നു.കോടതി നാലര വർഷത്തെക്ക് തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു..അച്ഛനും സച്ചിയേട്ടന്റെ വീട്ടുകാരും അവരെ കേസിൽ നിന്ന് രക്ഷിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു..പക്ഷെ പരാജയപ്പെട്ടു….വിധി മറ്റൊന്നായിരുന്നു.നാലര വർഷത്തോളം അച്ചുവേട്ടനും സച്ചിയേട്ടനും ജയിലിലായിരുന്നു.പക്ഷെ അന്നത്തെ ആ സംഭവത്തെക്കാളേറെ  എല്ലാവരെയും  അത്ഭുതപ്പെടുത്തിയത്

ജയിലിൽ നിന്ന് പുറത്തിറങ്ങിയ അച്ചുവേട്ടന്റെ മാറ്റമാണ്…ആരോടും സംസാരിക്കില്ല ..എല്ലാരോടും ദേഷ്യവും വെറുപ്പും…അതുവരെ ഇല്ലാതിരുന്ന പല ദുശീലങ്ങളും തുടങ്ങി.ഏത് നേരോം സിഗരറ്റ് വലിയും കള്ള് കുടിയും..രാത്രിയെന്നും കുടിച്ച് ബോധമില്ലാതെയാ വരുന്നത്..ദേവുമ്മയോട് അതിനുശേഷം അധികം ഒന്നും സംസാരിക്കാറില്ല..അനുസരിക്കില്ല..

ചിരിക്കില്ല  …ഭക്ഷണം പോലും കഴിക്കാറില്ല.ആകെകൂടെ സംസാരിച്ചു കാണുന്നത് അച്ഛനോടും സച്ചിയേട്ടനോടും മാത്രം..അച്ഛനാണ് വീണ്ടും അച്ചുവേട്ടനും സച്ചിയേട്ടനും വേണ്ടി പിജിക്ക് അതെ കോളേജിൽ അഡ്മിഷൻ എടുത്തത്.അച്ഛൻ പറഞ്ഞത് കൊണ്ടാണ് കൂടുതൽ  എതിരൊന്നും പറയാതെ  വീണ്ടും പഠിക്കാൻ ചേർന്നത് …സച്ചിയേട്ടന്റെ വീട്ടിലും അച്ഛനാണ് പിന്നെയും പഠിക്കാൻ പോകുന്നതിനെ പറ്റി പറഞ്ഞു സമ്മതിപ്പിച്ചത്.നമ്മുടെ കോളേജിലെ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ സാറിനും പല ടീച്ചർമാർക്കും ഇന്നും ഉള്ളിൽ  അച്ചുവേട്ടനോട് ആ പഴയ സ്നേഹമുണ്ട്.പലർക്കും  ഇന്നും അച്ചുവേട്ടനത് ചെയ്‌തെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ജയിലിൽ നിന്നിറങ്ങിയ ശേഷം അച്ചുവേട്ടനെന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല…ഇപ്പോ ഞങ്ങൾ ഇരുവരും ഒരേ കോളേജിൽ ആയിരുന്നിട്ട് കൂടിയും…ആദ്യമായിട്ട് അന്ന്  ജുവലിനെ ഉപദ്രവിച്ച ദിവസമാണ്  ഞാൻ   അച്ചുവേട്ടനോട് സംസാരിക്കുന്നതും അച്ചുവേട്ടൻ എന്നെയൊന്നു നോക്കുക കൂടി ചെയ്തത്..അന്ന് അച്ചുവേട്ടനെ ജുവലിനൊപ്പം കണ്ടപ്പോൾ സത്യത്തിൽ എനിക്കെന്റെ ദേഹമാകെ പൊള്ളിപ്പോയി ടീച്ചർ…മരിച്ചുപോകാൻ തോന്നി..എന്റെയുള്ളിലെ പ്രണയത്തിനെറ്റ ശക്തമായ പ്രഹരം…ഓരോ നിമിഷവും വേദന കൊണ്ട് ചോര വാർന്ന പിടയുകയായിരുന്നു..കരഞ്ഞുപോകരുതേയേ ന്ന് പ്രാർത്ഥിച്ചുപോയി..ഉള്ളിൽ ഞാൻ നെഞ്ചുപൊട്ടി അലറികരയുകയായിരുന്നു.. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല ടീച്ചർ..എന്റെ അച്ചുവേട്ടൻ ….”അത്രയും

പറഞ്ഞു കൊണ്ട് കൊച്ചുകുട്ടികളെ പോലെ എങ്ങിയെങ്ങി കരയുന്ന ഗായത്രിയെ കാണേ  പ്രിയയുടെ കണ്ണു നിറഞ്ഞു…ഇപ്പോൾ തന്റെ മുന്നിലിരിക്കുന്നത് അന്ന് അർജുനെതിരെ ദേഷ്യത്തോടെ സംസാരിച്ച ഗായത്രിയല്ല പകരം ഓരോ അണുവിലും അർജുനോടുള്ള   പ്രണയം മാത്രമുള്ള ഗായത്രിയാണ്.പ്രണയം കൊണ്ട് പിടയുന്ന പെണ്ണ്..ഇപ്പോഴവൾ ടീച്ചറല്ല വെറും ഒരു  പ്രണയിനി…  അവളെന്ത് പറയണമെന്ന് അറിയാതെ ഉഴറി.പ്രിയയോട് എല്ലാം പറഞ്ഞു തീർന്നതും ഗായത്രിക്ക് മനസിനലപ്പം ആശ്വാസം തോന്നി…എല്ലാം കേട്ടതിന് ശേഷം പ്രിയ എന്ത് പറയുമെന്നത് കേൾക്കാനായിവൾ കാത്തിരുന്നു

“ഗായത്രി താൻ വിശ്വസിക്കുന്നുണ്ടോ അത്‌ ചെയ്തത് അർജുൻ ആണെന്ന് “പ്രിയ മടിച്ച് മടിച്ച് ചോദിച്ചു .

“അതെ ടീച്ചർ ..ഞാൻ വിശ്വസിക്കുന്നുണ്ട്..കാരണം അന്ന് പോലിസ് പിടിക്കുന്നതിന് മുൻപും സ്കൂട്ടിയിൽ വന്ന ഒരു സ്ത്രീയുടെ കൈയിൽ നിന്ന് അച്ചുവേട്ടൻ ആ പൊതി വാങ്ങിക്കുന്നത് ഞാൻ കണ്ടതാണ് “

“തനിക്ക് അർജുനോട് വെറുപ്പുണ്ടോ”

“അന്ന് എനിക്ക് വെറുപ്പ് തോന്നിയിരുന്നു….കഞ്ചാവ് വില്പന നടത്തിയത് ഓർത്ത് അറപ്പ് തോന്നിയിരുന്നു…ആ നാലര വർഷത്തിനിടയ്ക്ക് അച്ചുവേട്ടനെയോർത്ത് കരയാത്തതായി വേദനിക്കാത്തതായി ഒരു രാത്രി പോലുമില്ല..ഒരു നോക്ക് കാണാൻ പോലുമാകാതെ …നീറി..നീറി…പക്ഷെ അതിനെക്കാളെറേ വെറുത്തത് ജയിലിന്ന് ഇറങ്ങിയ ശേഷമുള്ള അച്ചുവേട്ടന്റെ പ്രവർത്തിയും സ്വഭാവവും കണ്ടാണ്…പക്ഷെ എനിക്കറിയാം ആ വെറുപ്പിന് ഇന്നേവരെയെന്റെ പ്രണയത്തെ കീഴ്പ്പെടുത്താൻ പറ്റിയിട്ടില്ല..”

“അർജുനും തന്നെ സ്നേഹിക്കുന്നുണ്ടെങ്കിലോ ?”

“കുറച്ച് മുൻപ് ടീച്ചർ തന്നെയല്ലേ എന്നോട് അച്ചുവേട്ടന് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞത്..പിന്നെ ആ മനസ്സിൽ എന്നോട് വെറുപ്പ് മാത്രമേയുള്ളു ..”

ജുവലിനെ അർജുൻ ഉപദ്രവിച്ച ദിവസം രാത്രി വീട്ടിൽ വന്നതും പറഞ്ഞതുമെല്ലാം അവളോട് പറഞ്ഞു..എന്തുകൊണ്ടോ അവൾക്ക് അവൻ തന്നെ ചുംബിച്ചത് പ്രിയയോട് പറയാൻ തോന്നിയില്ല…

സ്വയം മോശക്കാരനായാലും  നമ്മൾ  അത്രമേൽ സ്നേഹിക്കുന്നവരെ പ്രണയിക്കുന്നവരെ ഒരു വാക്കോ നോക്കോ കൊണ്ടോ പോലും മറ്റുള്ളവർ  വേദനിപ്പിക്കുന്നത്  കുറ്റപ്പെടുത്തുന്നത് നമുക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും…

അർജുനും സച്ചിയും കനിയുമായി നല്ല കൂട്ടായിരുന്നു..അവർ അവളെ ബൈക്കിലിരുത്തിയും മറ്റും കളിപ്പിച്ചു..അവളുടെ സംസാരത്തിൽ നിന്നൊക്കെയും അവർക്ക് മനസിലായിരുന്നു അവൾടെ ചേട്ടൻ അവൾക്കെത്ര പ്രിയപ്പെട്ടതാണെന്ന്…സച്ചി അവളെയും ബൈക്കിലിരുത്തി സെൽഫി എടുത്തു..സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു..ഇടയ്ക്ക് അവർ അവളെയും കൊണ്ട് ബൈക്കിലിരുത്തി  വീടിന് മുന്നിലെ റോഡിൽ  ചുറ്റിച്ചു.അവരുടെ ബൈക്കിലിരുന്ന് അവൾ ഗർവോടെ കൂട്ടുകാരെയും അയൽക്കാരെയും നോക്കി.ഇടയ്ക്ക് കണ്മണിയെയും കോളേജിനെ പറ്റിയും അവരിരുവരുടെയും വീട്ടുകാരെ പറ്റിയുമൊക്കെ തിരക്കി. ഏറെ നേരം കഴിഞ്ഞതും ഗോകുൽ ദൂരെനിന്ന് നടന്നു വരുന്നതവർ കണ്ടു…സച്ചിയും അർജുനും പരസ്പരം നോക്കി..വീട്ട്  മുറ്റത്തേക്ക് കടന്നതും ബെഞ്ചിൽ തന്റെ അനിയത്തിയോടൊപ്പം ഇരിക്കുന്ന അർജുനെയും സച്ചിയേം കണ്ട് ഗോകുൽ ഞെട്ടലോടെ അവിടെ തന്നെ നിശ്ചലനായി നിന്നു… അവരുടെ അടുത്തേക്ക് നടന്ന് വരുംതോറും അവൻ ഭയം കൊണ്ട് വിറച്ചു…

                                            (തുടരും )

                                            ദേവാർദ്ര .ആർ

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നെഞ്ചോരം – ഭാഗം 8”

Leave a Reply

Don`t copy text!