ഗായത്രിയുടെ മുഖത്തെ ഞെട്ടലും വേദനയുമെല്ലാം സാകൂതം നോക്കി കാണുകയായിരുന്നു പ്രിയ.
“ടീച്ചറ് പറഞ്ഞു വരുന്നത് ജുവൽ കള്ളം പറഞ്ഞത് ആണെന്നാണോ ?”
“അങ്ങനെയാണ് ഗായത്രി എനിക്ക് തോന്നുന്നത്…അന്ന് ജുവലിന്റെ വാശിയെറിയ മുഖം ഞാൻ കണ്ടതാണ്..കഴിഞ്ഞ് ദിവസം അവള് കരയുമ്പോഴും ഉള്ളിൽ സന്തോഷിക്കുകയാണെന്നാണ് എനിക്ക് തോന്നിയത് “
“പക്ഷെ ഒരു പെണ്ണ് സ്വന്തം മാനത്തെ വിലപേശിക്കൊണ്ട് കള്ളം പറയോ ?”
“ഞാൻ പറഞ്ഞല്ലോ ഗായത്രി ജുവലിന് അർജുനെ നേടിയെടുക്കാനുള്ള വാശി ഞാൻ നേരിൽ കണ്ടതാണ്..അന്ന് അവൾടെ സംസാരത്തിലും പ്രവർത്തിയിലുമെല്ലാം ഏതു വിധേനേം നേടിയെടുക്കാനുള്ള വാശിയായിരുന്നു…അതിനേക്കാളൊക്കെ ഏറെ എനിക്ക് അർജുന്റെ വാക്കുകളെ വിശ്വസിക്കാൻ തോന്നുന്നു..അത്രയ്ക്ക് ഉറപ്പുള്ളതായിരുന്നു അത് ..”
അത് കേൾക്കെ ഗായത്രിയുടെ നെഞ്ചോന്ന് നീറി.
“ചിലപ്പോ അന്നവൾ ചെയ്‍തതിന്റെ ദേഷ്യത്തിന് ചെയ്തതാണെങ്കിലോ ?ഇത് ഒരാഴ്ച്ച മുൻപ് നടന്നതല്ലേ …ചിലപ്പോ ഇപ്പോൾ ജുവലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയെങ്കിലോ…അവളെ പോലെ മിടുക്കിയായ സുന്ദരിയായ പെൺകുട്ടിയെ ആരാണ് ഇഷ്ടപെടാത്തത്..?”
അവൾടെ ശബ്ദത്തിൽ വേദന നിഴലിച്ചു..
“അവന്റെ ജുവലിനോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഒരിക്കലും അവന്റെയുള്ളിലെ പെൺകുട്ടിയെ മറന്ന് ജീവിക്കില്ലായെന്ന് ഉറപ്പ് ഉണ്ടായിരുന്നു ഗായത്രി …അതുമാത്രമല്ല അർജുൻ അങ്ങനെ മോശമായി പെരുമാറില്ലായെന്ന് ഞാൻ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്”
ഗായത്രി എന്തായെന്ന ഭാവത്തിൽ പ്രിയെ നോക്കി..
“ഒരു ദിവസം എക്സാം ഡ്യൂട്ടിയും കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു.വെള്ളിയാഴ്ചയായത് കൊണ്ട് അഞ്ചു മണിവരെയായിരുന്നു പരീക്ഷ.അന്ന് ഞാൻ നാട്ടിലേക്കുള്ള ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുവാരുന്നു…ഏകദേശം ഏഴ് മണിയായതും എല്ലാരും പോയിക്കഴിഞ്ഞു സ്റ്റോപ്പിൽ ഞാൻ ഒറ്റയ്ക്കായി.എനിക്ക് ചെറുതായിട്ട് പേടിയും ടെൻഷനും തോന്നി തുടങ്ങിയിരുന്നു ..കുറച്ച് കഴിഞ്ഞതും അർജുനും സച്ചിനും കൂടെ ബൈക്കിൽ വന്നിറങ്ങി എതിർ വശത്തുള്ള ഒരു ഹോട്ടലിൽ കയറി പോകുന്നത് കണ്ടിരുന്നു.കുറച്ച് കഴിഞ്ഞ് അവര് തിരിച്ചിറങ്ങിയപ്പോൾ അർജുൻ ഞാൻ ബസ് സ്റ്റോപ്പിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടു.കുറച്ച് നേരം എനിക്ക് കൂട്ടെന്ന് പോലെ അവിടെ തന്നെ നിന്നു.അത് കഴിഞ്ഞതും അർജുൻ സച്ചിയെ വിട്ട് എന്നോട് കാര്യം തിരക്കി.ബസ് ഇതുവരേം വന്നില്ലെന്ന് അറിഞ്ഞതും സച്ചിയെ എനിക്ക് കൂട്ടായി നിർത്തിയിട്ട്,ബൈക്കുമെടുത്ത് പോയി അടുത്ത ജംഗ്ഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ചുകൊണ്ട് വന്ന് എന്നെ അതിൽ കയറ്റി ksrtcബസ് സ്റ്റാൻഡിൽ ഇറക്കി.എനിക്ക് കൂട്ടായി ഓട്ടോയ്ക്ക് പിന്നാലെ ബൈക്കിൽ അവർ രണ്ടും ഉണ്ടായിരുന്നു.സ്റ്റാൻഡിൽ നിന്ന് എനിക്ക് പോകാനുള്ള ബസിലെന്നെ കയറ്റി
ബസ് സ്റ്റാൻഡിൽ നിന്നെടുത്ത ശേഷമാണ് അവര് പോയത്.ഇത്രത്തോളം എന്നെ അല്ലെങ്കിൽ ഒരു പെണ്ണിനെ കെയർ ചെയുന്ന അർജുൻ ഒരിക്കലും മോശമായി പെരുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഗായത്രി ..”
“ഒരുപക്ഷെ കള്ളിന്റെയോ കഞ്ചാവിന്റെയോ പുറത്ത് ജുവലിനോട് അങ്ങനെ ചെയ്തെങ്കിലോ ?ദിവസവും രാത്രി കള്ളും കുടിച്ച് ബോധമില്ലാതെയാ അയാൾ വീട്ടിൽ കയറി ചെല്ലുന്നത്..”
“ഗായത്രി,തനിക്ക് നേരിൽ കണ്ടത്
അവിശ്വസിക്കാൻ തോന്നുന്നില്ല എന്നതല്ലേ സത്യം ?”
ഗായത്രി കൊച്ചു കുട്ടികളെ പോലെ തലയാട്ടി സമ്മതിച്ചു.
“ചിലപ്പോൾ നമ്മൾ കണ്ടതും കേട്ടതുമൊന്നും സത്യമാവണമെന്നില്ലടാ…സത്യം മറ്റെന്തെങ്കിലും ആയിരിക്കും..ഒന്നും അറിയാതെ പഴി ചാരിയിട്ട് അവസാനം സങ്കടപ്പെട്ടിട്ട് കാര്യമില്ല ഗായത്രി “
പ്രിയ പറഞ്ഞ വാക്കുകൾ ഗായത്രിയുടെ നെഞ്ചിൽ തറച്ചു..
ഒരുപക്ഷെ പ്രിയ ടീച്ചർ പറഞ്ഞതുപോലെ ഞാൻ കണ്ടതൊന്നും സത്യമല്ലെങ്കിലോ…സത്യം മറ്റെന്തെങ്കിലുമാണെങ്കിലോ..അച്ചുവേട്ടൻ നിരപരാധിയാണെങ്കിലോ…എങ്കിൽ അവിടെ തെറ്റുകാരി ഞാനല്ലേ…ഞാനല്ലേ എല്ലാരുടെയും മുൻപിൽ അച്ചുവേട്ടനെ തെറ്റുകാരൻ ആക്കിയത്..അപമാനിച്ചത് ..കുറ്റം ചുമഴ്ത്തിയത്…സത്യം അതായിരിക്കുമോ ?ഗായത്രിക്ക് അന്ന് രാത്രി തന്നോട് അർജുൻ പറഞ്ഞതൊക്കെ ഓർമ വന്നു..വേദനയോടെ അതിലുപരി ദേഷ്യത്തോടെ പറഞ്ഞ അവന്റെ മുഖം..ആ മുഖത്ത് തെറ്റുകാരന്റെ ഭാവത്തെക്കാൾ ദേഷ്യവും നിസ്സംഗതയുമായിരുന്നു….ഗായത്രി പലവിധ ചിന്തകളാൽ ഉഴറി…
“ഗായത്രി ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ ..താൻ സത്യം പറയുമോ ?”
പ്രിയയുടെ ചോദ്യം കേൾക്കെ ഗായത്രി ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു..
“എന്താ ടീച്ചർ …ചോദിക്ക് “
“തനിക്ക് അർജുനുമായി മുൻപരിചയമുണ്ടോ ?തന്റെ സംസാരത്തിൽ നിന്ന് അർജുനെ അറിയാവുന്ന പോലെ തോന്നി ..”
പ്രിയയുടെ ചോദ്യം കേട്ടതും ഗായത്രി ഒരു നിമിഷം നിശ്ചലയായി..അവളൊന്ന് ശ്വാസമെടുത്ത ശേഷം പറഞ്ഞു
“അറിയാം ..”
അപ്പോഴേക്കും വെയ്റ്റർ അവർ ഓഡർ ചെയ്തിരുന്ന കോഫീയും കേക്കും അവർക്ക് മുന്നിലേക്ക് കൊണ്ട് വെച്ചു.
“താങ്ക്സ് “
പ്രിയ അയാളെ നോക്കി പറഞ്ഞു കൊണ്ട് ഗായത്രിയുടെ നേർക്ക് തിരിഞ്ഞു
“നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം ?”
ആ ചോദ്യം ഗായത്രിയുടെ ഹൃദയത്തിൽ തൊട്ടു…അർജുന് വേണ്ടി മിടിക്കുന്ന… അവനോടുള്ള പ്രണയത്താൽ മുറിവേറ്റ അവളുടെ ഹൃദയത്തിൽ..
“നീയെനിക്കാരായിരുന്നു
എന്ന ചോദ്യത്തിന്
എല്ലാമായിട്ടും ആരുമല്ലാതെപോയ
എല്ലാമെല്ലാമായൊരാൾ എന്നല്ലാതെ മറ്റെന്താണ് ഞാൻ മറുപടി നൽകേണ്ടത്?”
(കടപ്പാട് )
അവൾടെ ചോദ്യത്തിന് നേർക്ക് വിഷാദത്തിൽ കലർന്ന ഒരു പുഞ്ചിരിയേകി കൊണ്ട് ഗായത്രി പറഞ്ഞു
“എന്റെ അച്ഛൻ പെങ്ങളുടെ മകനാണ് ..അതിനെക്കാളുപരി മേലേടത്ത് അർജുൻ ശേഖരൻ എന്റെ പ്രണയമാണ്..എന്റെ സ്വന്തം അച്ചുവേട്ടൻ …”
പറഞ്ഞു നിർത്തിയതും പെയ്യാൻ വെമ്പി നിന്ന ഒരു തുള്ളി കണ്ണീർ താഴേക്ക് പതിച്ചു..
ഗായത്രി പറഞ്ഞത് കേട്ട് തരിച്ചിരിക്കുകയായിരുന്നു പ്രിയ.അവളോരിക്കലും പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത മറുപടിയാണ് ഗായത്രിയിൽ നിന്നുണ്ടായത്..
“ഗായത്രി …താൻ ..താനെന്താ പറഞ്ഞു വരുന്നേ..”
കേട്ടതിലുള്ള ഞെട്ടൽ അപ്പോഴുമവളെ വിട്ട് പോയിട്ടുണ്ടായിരുന്നില്ല..
“അതെ ടീച്ചർ എന്റെ പ്രണയം…എന്റെ അച്ചുവേട്ടൻ..”
അവന്റെ മുഖമോർക്കേ പേരറിയാത്തൊരു വികാരമവളിൽ ഉടലെടുത്തു..അവൾക്ക് അവനെ കാണാൻ തോന്നി ..അവന്റെ കര വലയത്തിനുള്ളിൽ ഒതുങ്ങി നിൽക്കാൻ തോന്നി..അവന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് അവിടെയൊന്ന് അമർത്തി ചുംബിക്കാൻ തോന്നി…പിണക്കങ്ങൾ പറഞ്ഞ അവന്റെ നെഞ്ചിൽ മുഖമൊളുപ്പിച്ച് കരയാൻ തോന്നി…
മൂന്നാറിലെ തേയില തോട്ടങ്ങളുടെ നടുവിലൂടെയുള്ള ടാർ റോഡിൽ കൂടി അർജുന്റെ ബൈക്ക് പാഞ്ഞു..വളവും തിരുവുകളും കടന്ന് കൊണ്ടേയിരുന്നു..കുറച്ച് ദൂരം സഞ്ചരിച്ചതും തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഒരു കോളനിയിലവർ എത്തി ചേർന്നു.നിര നിരയായി ഒരു പോലെ ഇരിക്കുന്ന വെള്ളയും നീലയും ചായം പൂശിയ മണ്ണു കൊണ്ട് കെട്ടിയ വീടുകൾ..അർജുൻ വണ്ടി നിർത്തി വഴിയിൽ കണ്ട ഒരാളോട് ഗോകുലിന്റെ വീട് ചോദിച്ച മനസിലാക്കി.അയാൾ പറഞ്ഞതനുസരിച്ച് അവർ കുറച്ചു കൂടി മുൻപോട്ട് പോയി ആദ്യം കണ്ട വീടിന് മുന്നിൽ ബൈക്ക് നിർത്തി.വാതിൽ പടിയിൽ ഇരുന്ന പതിനൊന്നു വയസ്സുകാരി പെൺകുട്ടി അവരെ കണ്ടുകൊണ്ട് അകത്തേക്ക് ഓടിപോയി .
“ഇവിടാരുമില്ലേ..”
മുറ്റത്തേക്ക് കടന്നുകൊണ്ട് സച്ചി തെല്ലുറക്കെ ചോദിച്ചു..
അർജുൻ ആ വീടും പരിസരവും ചുറ്റുമോന്ന് നോക്കി..ഭംഗിയായി തൂത്ത് വെള്ളം തളിച്ചിട്ടിരിക്കുന്ന ചെറിയ മുറ്റം .സൈഡിലായി കരിയില തൂത്ത് കൂട്ടിയിരിക്കുന്നു.ഒരു വശത്തായി കുടമുല്ല പൂവിട്ട് നിൽക്കുന്ന .അതിനടുത്തായി തന്നെ ഒരു പനിനീർ റോസയും…
വീടിനകത്തു നിന്ന് നാൽപ്പത്തിയഞ്ചു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു.ഒറ്റ നോട്ടത്തിൽ തന്നെ അത് ഗോകുലിന്റെ അമ്മയായിരിക്കുമെന്ന് അർജുൻ ഊഹിച്ചു ..അവനെ പോലെ തന്നെ സ്വൽപ്പം കറുത്തു മെലിഞ്ഞ നീണ്ട മുഖമാണ്.അതിലൊരു മൂക്കുത്തിയുമുണ്ട് .തലയിൽ തോർത്ത് കൊണ്ട് മൂടി കെട്ടിയിട്ടുണ്ട്.അവരോരു ഷർട്ടാണ് ധരിച്ചിരുന്നത്.ആ വേഷത്തിൽ നിന്ന് മനസിലായി അവർ തേയില തോട്ടത്തിൽ ജോലിക്ക് പോയിട്ട് വന്നതാണെന്ന്.
“യാര് നീങ്ക ?”
അവരിരുവരെയും നോക്കിയവർ ചോദിച്ചതും സച്ചി മറുപടി പറഞ്ഞു.
“നാങ്ക വന്തു ഗോകുലുടെ കോളേജ് ഫ്രണ്ട്സ് ,ഗോകുൽ ഇങ്ക ഇല്ലയാ ?”
അത് കേട്ടതും ആ സ്ത്രീയുടെ മുഖത്തെ അപരിചിത്വം മാറി ഒരു ഭവ്യതയാർന്ന ചിരി സ്ഥാനം പിടിച്ചു.
“അവൻ ഇങ്ക ഇല്ല .പണിക്ക് പോയി ,എസ്റ്റേറ്റ് മുതലാളിയുടെ ഡ്രൈവറായിട്ട് പോകും “
അവർ തമിഴ് ചുവയോട് കൂടിയ മലയാളത്തിൽ പറഞ്ഞു.
“എപ്പോ തിരിച്ചെത്തും ?”
“അത് വന്ത വൈകുന്നേരമാകും “
സച്ചി അർജുന് നേർക്ക് നോക്കി.
“ഞങ്ങൾക്ക് അവനെയൊന്ന് കാണണമായിരുന്നു..ഞങ്ങൾ കാത്തിരുന്നോളാം “
അർജുൻ പറഞ്ഞുനിർത്തിയതും അവരിരുവരെയും നോക്കി ചിരിച്ചുകൊണ്ട് അവർ അകത്തു നിന്ന് ഒരു തടി ബെഞ്ചു അവർക്ക് ഇരിക്കാനായി പുറത്തേക്ക് എടുത്തിട്ടു കൊടുത്തു..
“അവന്റെ ഫോണിലൊന്ന് വിളിക്കാൻ പറ്റില്ലേ ?”
അർജുൻ അവരോട് ചോദിച്ചു.
“ഇങ്ക റേഞ്ച് കിടയാത്”
സച്ചിയും അർജുനും ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് തങ്ങളുടെ ഫോണെടുത്ത നോക്കി.ശരിയാണ് റേഞ്ച് ഇല്ല.ഗോകുലിന്റെ അമ്മ തിടുക്കപ്പെട്ട് വീടുനുള്ളിലേക്ക് കയറി പോയി..ഇതെല്ലാം കണ്ടുകൊണ്ട് അവരിരുവരെയും കൗതുകത്തോടെ നോക്കികൊണ്ട് ഗോകുലിന്റെ അനിയത്തി വാതിലിൽ ചാരി നിൽപ്പുണ്ടായിരുന്നു.
അർജുൻ അവളെ നോക്കി ചിരിച്ചിട്ട് അടുത്തേക്ക് വരാൻ കൈ കാണിച്ചു.അവൾ മടിച്ച് മടിച്ച് അവരുടെ അടുത്തേക്ക് നടന്നു.
“എന്താ നിന്റെ പേര് “
“കനി “
“കനി എത്രയിലാ പഠിക്കുന്നെ ?”
“ആറിൽ “
അർജുൻ ചോദിച്ചതിനൊക്കെയും കൊഞ്ചലോടെയവൾ മറുപടി പറഞ്ഞു.സച്ചി അവൾടെ തലയ്ക്ക് തട്ടിയും മുടിയിൽ ചെറുതായി വലിച്ചുമൊക്കെ കളിപ്പിക്കാൻ തുടങ്ങി.അവൾ ചിരിയോടെയും പിണക്കത്തോടെയും നോക്കി അവനോപ്പം കളിച്ചു.സച്ചിക്ക് അവന്റെ അനിയത്തി ശ്രുതിയുടെ മുഖം മനസിലേക്ക് വന്നു.
അവളെ താൻ കളിയാക്കുമ്പോ കെറുവോടെ നോക്കും.. ദേഷ്യപ്പെട്ട് കൈയിലും പുറത്തും പിച്ചും..അമ്മയോട് പറഞ്ഞ വഴക്ക് വാങ്ങി തരും..
സ്കൂളിൽ പോകാൻ താമസിക്കുന്ന ദിവസങ്ങളിൽ ബൈക്കിൽ കൊണ്ടാക്കി തരോന്ന് ചോദിച്ചു വരുമ്പോ ഒരാഴ്ചത്തേക്ക് എന്റെ തുണി കഴുകി തരണമെന്ന് നിബന്ധന വെയ്ക്കുമ്പോ മനസില്ലാ മനസോടെ തലയാട്ടി സമ്മതിക്കുന്നത്.
താൻ തല്ലുമ്പോൾ മുഖം വീർപ്പിച്ച് നടക്കുന്നത്..
പിന്നെ…
താൻ ജയിലിലായപ്പോൾ പൊട്ടി കരഞ്ഞത്…ജയിൽ പുള്ളിയായ ചേട്ടനെ കാരണം കൂട്ടുകാരുടെ കളിയാക്കലും കുത്തു വാക്കുകളുമേറ്റത് …
പാവം…
അപ്പോഴേക്കും കണ്ടാൽ ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന തലയിൽ കനകാമ്പര പൂവ് ചൂടിയ ഒരു പെൺകുട്ടി വേലി കടന്ന് മുറ്റത്തേക്ക് ഓടി കയറി..അപ്പോഴാണവൾ മുറ്റത്ത് ബെഞ്ചിലിരിക്കുന്ന അർജുനയും സച്ചിയേം കണ്ടത്.അവളൊരു പകപ്പോടെയവരെ നോക്കി കൊണ്ട് കനിയോട് പുരികം പൊക്കി ആരെന്ന് ചോദിച്ചു
“അണ്ണാവുടെ കോളേജിലെ ഫ്രണ്ട്സാ”
അത് കേട്ടതും അവൾടെ മുഖം വിടർന്നു..
അപ്പോഴേക്കും അകത്ത് നിന്ന് ഗോകുലിന്റെ അമ്മ ഒരു പാത്രത്തിൽ കപ്പ പുഴുക്കും ചമ്മന്തിയും അവർക്ക് മുന്നിലേക്ക് കൊണ്ട് വെച്ചു.കട്ടൻ സച്ചിയുടെയും അർജുന്റെയും നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു
“ഇത് കണ്മണി…അടുത്ത മാസം ഗോകുലുക്കും കണ്മണിക്കും കല്യാണംതാ “
അത് കേൾക്കവേ കണ്മണിയുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു…കവിള് ചുവന്നു തുടുത്തു..അവൾ നാണത്തോടെ അവരെ നോക്കി ചിരിച്ചു…
അർജുൻ അവൾടെ മുഖത്തെ ഓരോ ഭാവങ്ങളും നോക്കി കാണുകയായിരുന്നു…ഗോകുലിന്റെ പേര് കേൾക്കുമ്പോൾ കണ്ണുകൾ വിടരുന്നത്..കണ്ണിൽ പ്രണയം തുളുമ്പുന്നത്..കുട്ടിത്തം വിട്ടു മാറാത്ത മുഖം നാണിച്ച നുണക്കുഴി കാട്ടി ചിരിക്കുന്നത്…അവന് ഗായത്രിയെ ഓർമ വന്നു…
അവൾടെ കറുത്ത ഇടതൂർന്ന മുടിയിഴകൾ…
അവൾടെ വിടർന്ന കണ്ണുകൾ…
വളഞ്ഞ പുരിക കൊടികൾ…ദേഷ്യപ്പെടുമ്പോൾ ചുവക്കുന്ന മൂക്കിൻ തുമ്പ്… ആർക്കുമൊന്ന് പിച്ചാൻ തോന്നുന്ന പൂവ് പോലെ മൃദുലമായ തുടുത്ത കവിൾ തടങ്ങൾ…
പിന്നെ……തന്റെ ചുംബനത്താൽ ചോര പൊടിഞ്ഞ അവളുടെ ചുവന്ന് ചുണ്ടുകൾ….
(തുടരും)
ദേവാർദ്ര .ആർ
അഭിപ്രായങ്ങൾ പറയണേ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nenjoram written by Ardra
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
hridyam