Skip to content

നെഞ്ചോരം – ഭാഗം 5

Nenjoram Novel

ചായക്കടയിൽ നിന്ന് ഇറങ്ങി ബൈക്കിന് അരികിലെത്തിയതും സച്ചി അർജുന്റെ  മുഖത്തേക്ക് ഇനിയെങ്ങോട്ടെന്ന ഭാവേനോക്കി.നോട്ടത്തിന്റെ അർത്ഥം മനസിലായതും  അർജുൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ടാക്കിയിട്ട് സച്ചിയെ തിരിഞ്ഞു നോക്കി പറഞ്ഞു,

“തൊള്ളായിരം കണ്ടിയിലേക്ക്…ഒരു ദിവസം അവിടെ തങ്ങി  മനസൊന്ന് ശാന്തമാക്കിയിട്ട് നമ്മുടെ ലക്ഷ്യത്തിലേക്ക് ..”

സമ്മതമെന്ന് പോലെ അവനെ നോക്കി ചിരിച്ചുകൊണ്ട് സച്ചി കൈയിലിരുന്ന ഹെൽമെറ്റും തലയിലേക്ക് വെച്ചുകൊണ്ട് ബൈക്കിൽ കയറി.പണ്ടുമുതലേ അർജുന് യാത്രകൾ ഒരുപാട് ഇഷ്ടമാണെന്ന് അവനറിയാം…ബൈക്കുമെടുത്ത്  കാടും മലയും താണ്ടാനും..കാഴ്ചകൾ കാണാനും… പുതിയ രുചികൾ തേടിപോകാനുമെല്ലാം…അവന്റൊപ്പം ഒരു dslrഉം  (ക്യാമറ )കാണും.ഡിഗ്രിക്ക് പഠിക്കുമ്പോഴൊക്കെ ഇതുപോലെ കൂട്ടുകാരുമൊത്തും അവർ ഇരുവരും ചേർന്നും ഒരുപാട് ട്രിപ്പ് പോയിട്ടുണ്ട്. കൂടുതലും ഇന്നത്തെ പോലെ പ്രേത്യകിച്ച്  ഒരു പ്ലാനിങുമില്ലാതെ  പെട്ടെന്ന് പോയിട്ടുള്ള യാത്രകളാണ് ..അതിലെ ത്രില്ലുള്ളുവെന്നാണ് അർജുന്റെ വയ്പ്പ്.ഇതിന് മുൻപ് ഒരിക്കൽ  അവർ തൊള്ളായിരം കണ്ടിയിൽ പോയിട്ടുണ്ട്.അന്ന് അർജുൻ കേവ് ഹൗസിലിരുന്ന്(ഗുഹയ്ക്ക് ഉള്ളിൽ സ്റ്റേ ) പറഞ്ഞത് സച്ചിക്ക് ഓർമ വന്നു

“ഇനിയും ഞാനിവിടെ വരും…അന്നെന്റെ നെഞ്ചിലെ ചൂട് പറ്റി എന്റെ  ഗായത്രിയും ഉണ്ടാവും ….എന്റെ ഗായത്രി…”

കൈയിലിട്ടിരുന്ന കറുത്ത ഗ്ലൗസ് ഒന്നുകൂടെ വലിച്ചിട്ടുകൊണ്ട് അർജുൻ ആക്സിലേറ്റർ തിരിച്ചു.പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വയനാടൻ ചുരങ്ങൾ താണ്ടി മേപ്പാടി -ചൂരൽ മല വഴി അർജുന്റെ ബൈക്ക് കുതിച്ചു.ഇടയ്ക്ക് വെച്ച് ഒരു ഹോട്ടലിൽ കയറി ഇരുവരും  ആഹാരം കഴിച്ചിട്ടാണ് ബാക്കി യാത്ര തുടങ്ങിയത്.ഏകദേശം രണ്ടര മണിയായതും അവർ അടിവാരത്ത് എത്തിയിരുന്നു.ഇവിടം മുതലാണ് തൊള്ളായിരം കണ്ടിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്, ഒന്നുകിൽ ബൈക്കിലോ ജീപ്പിലോ അല്ലെങ്കിൽ കാൽനടയായി പോകണം.വഴി നിറയെ രക്തം കുടിക്കുന്ന അട്ടകൾ ഒരുപാടുണ്ട് ,അവരിരുവരും ബൈക്കിൽ തന്നെ  പോകാൻ തീരുമാനിച്ചു.

തൊള്ളായിരം കണ്ടി സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും അധീനതയിലുള്ള ഏലവും മഞ്ഞൾ കൃഷിയുമെല്ലാം  ഉൾപ്പെടുന്ന  തൊള്ളായിരം ഏക്കർ വനഭൂമിയാണ്.കാടും മലകളും കുന്നും വെള്ളച്ചാട്ടങ്ങളും താഴ്‌വരകളുമൊക്കെ ചേർന്ന് ഇവിടെ എത്തുന്നവർക്ക് മുന്നിൽ പ്രകൃതിയുടെ അത്ഭുതം കാണിക്കുന്ന ഒരുയിടം.മനോഹരമായ വനത്തിനുള്ളിൽ കാടിന്റെ വശ്യതയും കാട്ടു കിളികളുടെയും വന്യമൃഗങ്ങളുടെയും ഭംഗിയാവോളം ആസ്വദിക്കാൻ കോടമഞ്ഞു പുതച്ച് കിടക്കുന്ന കാടോരം.പാതയ്ക്ക് ഇരുവശങ്ങളിലും പരന്നു കിടക്കുന്ന വനത്തിലൂടെ ചാറ്റൽ മഴയേറ്റ്  അർജുന്റെ ബൈക്ക് കുടുങ്ങി കുടുങ്ങി ദൂരങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു…ഇടയ്ക്ക് കണ്ട ചെറിയ വെള്ളച്ചാട്ടങ്ങളിലും അരുവികളിലും അവരിറങ്ങി…ചുറ്റും പക്ഷികളുടെയും മൃഗങ്ങളുടെയും മാത്രം ശബ്ദം.. കണ്ണാടി പാലത്തിലും അരുണ മലയിലും  ,വെള്ളരിമലയിലേക്കുമെല്ലാം  അവരുടെ യാത്രകൾ നീണ്ടുകൊണ്ടിരുന്നു..പോകെ പോകെ പതിയെ അവന്റെ മനസ്സ് ശാന്തമാകുന്നത് അവനറിയുന്നുണ്ടായിരുന്നു..തിളച്ച് മറിഞ്ഞുകിടന്നയിടമാകെ ഇപ്പോൾ തണുപ്പ് പടരുന്നു….

ഏറ്റവും ഉയരമുള്ള മലയിൽ നിന്ന് നോക്കിയതും താഴെ തുവെള്ള പുതപ്പ് പോലെ മൂടി  കിടക്കുന്ന കോട മഞ്ഞ് കാണവേ മേഘപ്പാളികൾക്ക് മേലെ നിൽക്കുന്ന പോലെയവന് തോന്നി..ആ നിമിഷം അർജുൻ തോന്നി ഇതൊന്നും വെറുതെകാണാനുള്ളതല്ല …

അനുഭവിക്കാനുള്ളതാണ് …

തറവാട്ടിലെ  അടുക്കളയിൽ ദേവകിയോടൊപ്പമിരുന്ന് മൈലാഞ്ചി ഇലകൾ ഓരോന്നായി ഇറുത്തിടുകയായിരുന്നു ഗായത്രി.പണ്ട് മുതലേ ദേവകിയുണ്ടാക്കുന്ന കാച്ചെണ്ണയാണ് ഗായത്രി മുടിയിൽ  തേയ്ക്കുന്നത്.ദേവകിയുടെ ഭർത്താവ് ശേഖരൻ വാഹനാപകടത്തിൽ പെട്ട് അർജുന് രണ്ട് വയസുള്ളപ്പോൾ മരിച്ചതാണ്,അതിന് ശേഷമാണ് ദേവകിക്ക് തറവാട് എഴുതി കൊടുക്കുന്നതും ,അവരിവിടെ താമസമാക്കുന്നതും.ദേവകി യൂ പി സ്കൂൾ ടീച്ചറായിരുന്നു ,റിട്ടയേർഡായിട്ട് രണ്ട് വർഷമാകുന്നതേയുള്ളു.

ഇറുത്ത് കഴിഞ്ഞതും ദേവകിയും രേവതിയും കൂടി വിശേഷങ്ങൾ പറഞ്ഞും മറ്റും എണ്ണ കാച്ചാൻ തുടങ്ങി.ഗായത്രി അവിടുന്ന് പതിയെ ഇറങ്ങി ഗോവണിയിലൂടെ മുകളിലേക്ക് കയറി.അവൾ അർജുന്റെ റൂമിന് മുന്നിൽ ചെന്ന് നിന്നൊന്ന് തള്ളി നോക്കി…പൂട്ടിയിരിക്കുകയാണ് ..അവൾ പതിയെ കൈയിലൊളിപ്പിച്ചുവെച്ചിരുന്ന താക്കോലെടുത്ത തുറക്കാൻ നോക്കി.പണ്ടൊരിക്കൽ അർജുനറിയാതെ അവന്റെ മുറിയുടെ ഡ്യൂപ്ലിക്കേറ്റ് ചാവിയവളെടുത്തിരുന്നു.മുറിക്കുള്ളിൽ കയറി വേഗം വാതിലടച്ചു കുറ്റിയിട്ടു.ചുമരിനോട് ചേർന്ന് കിടക്കുന്ന ഒരു കട്ടിലും അതിനിടത് വശത്തായി ഒരു തടിയലമാരയും ചെറിയ ഒരു മേശയും തടി കസേരയും മാത്രമാണവന്റെ മുറിക്കുള്ളിൽ ഉള്ളത്.തിരിഞ്ഞ് നിന്ന് അവൾ മുറിക്ക് ചുറ്റും കണ്ണോടിച്ചു.മേശയിലും തറയിലുമെല്ലാം വലിച്ചെറിഞ്ഞിട്ടിരിക്കുന്ന എരിഞ്ഞു തീർന്ന സിഗരറ്റ് കുറ്റികൾ…ബുക്കുകൾ അലഷ്യമായി ചിതറി ഇട്ടിരിക്കുന്ന..കട്ടിലിനടിയിൽ ഒഴിഞ്ഞ മദ്യ കുപ്പികൾ ഉരുണ്ടു കിടക്കുന്നു…എല്ലായിടവും പേപ്പർ കഷ്ണങ്ങൾ ചുരുട്ടിയെറിഞ്ഞിരിക്കുന്നു..കസേര തറയിൽ വീണ് മലർന്ന് കിടക്കുന്നു..ചുളിഞ്ഞു കിടക്കുന്ന ബെഡ് ഷീറ്റും അതിനു മീതെ ചുരുട്ടി കൂട്ടിയിട്ടിരിക്കുന്ന പുതപ്പും…മുൻപ് ഈ മുറിയിൽ കയറിയാൽ ഇറങ്ങാൻ തോന്നില്ലായിരുന്നു,അത്രയ്ക്കും ശാന്തതയും വൃത്തിയുമാണ്..കസേര പോലും യഥാസ്ഥാനത്ത് നിന്ന് മാറി കിടക്കാറില്ല…കട്ടിലിലെ വിരിയെല്ലാം എപ്പഴും വിരിച്ച് വൃത്തിയാക്കിയിട്ട് ,പുതപ്പ് മടക്കി വെച്ചിരിക്കും..മേശമേൽ വായനശാലയിൽ  നിന്നെടുത്ത ബുക്ക്‌ ഏതെങ്കിലും കാണും..ജനൽ പാളി എപ്പഴും തുറന്നിട്ടിരിക്കും..

പക്ഷെ ഇന്നത് തുറന്നിട്ട്‌ തന്നെ കാലങ്ങളായിരിക്കുന്നു….ഇപ്പോ ദേവുമ്മയെയും ഇതിനുള്ളിൽ കയറ്റാറില്ല.അച്ചുവേട്ടൻ പോകുമ്പോൾ മുറിയും പൂട്ടികൊണ്ട് പോകും ,വന്നാലും വാതിലടച്ചിരിക്കും.. അലമാരയുടെ അടുത്തേക്ക് നീങ്ങി അത് തുറക്കാനവൾ നോക്കി,പൂട്ടിയിരിക്കുകയാണ്.അവൾ ചാവി അവിടമാകെ തിരഞ്ഞെങ്കിലും കിട്ടിയില്ല.

കട്ടിലിന്റെ ക്രാസിൽ അവന്റെ ഷർട്ട്‌ ഒരെണ്ണം തൂക്കിയിട്ടിരിക്കുന്നതിൽ അവൾടെ കണ്ണുകൾ ഉടക്കി.അവളത് കൈയിലെടുത്ത നെഞ്ചോട് അടുപ്പിച്ചു…അവളുടെയുള്ളിൽ അവനോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി..അവളതിൽ മുഖം ചേർത്തു…

മുഖമിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഉരസി…

ചുണ്ടുകളതിൽ പതിഞ്ഞു….

വിരലുകളതിൽ മുറുകി…

പിന്നെയും പിന്നെയും നെഞ്ചോടടക്കി…

എന്തിനാ എന്റെ അച്ചുവേട്ടൻ ഇങ്ങനെ ചീത്തയായത്…എങ്ങനെയാ ഇത്രയും അധഃപതിച്ചത് …?ജുവലിനൊപ്പം  കണ്ടപ്പോ എന്റെ ദേഹം വെന്തുരുകി അച്ചുവേട്ടാ…ഇന്നലെ രാത്രി എന്നെ അത്രയും വേദനിപ്പിച്ചതെന്തിനാ?ഞാനൊരിക്കലുമതോന്നും  മറക്കില്ല അച്ചുവേട്ടാ…അല്ലേലും ഞാനത് എങ്ങനെ മറക്കും..?ആ നേരം അവൾടെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറച്ചു..അവന്റെ മുഖമോർക്കേ പിന്നെയും അവൾടെ ഹൃദയം തരളമായി…

അവൾ തളർച്ചയോടെ നിലത്തേക്ക് ഇരുന്നു

നിങ്ങളോടുള്ള വെറുപ്പിനെ പോലും  ഓരോ നിമിഷവും എന്റെയുള്ളിലെ പ്രണയം കീഴ്പ്പെടുത്തുന്നു അച്ചുവേട്ടാ…

എന്നെ അച്ചുവേട്ടൻ സ്നേഹിക്കണ്ട…പ്രണയിക്കണ്ട….

പക്ഷെ എന്നെ ഇനിയും വേദനിപ്പിക്കല്ലേ അച്ചുവേട്ടാ….

അവൾടെ നെഞ്ചിൽ ചോര കിനിഞ്ഞു…

കണ്ണീരൊഴുകി …

ചുണ്ടുകൾ വിതുമ്പി…

രാത്രിയായതും അർജുനും സച്ചിയും കൂടെ ടെന്റ്ഗ്രാമിലേക്ക് പോയി,തങ്ങാനായി ഒരു ടെന്റെടുത്തു.അവൻ കേവ് ഹൗസെടുക്കില്ലെന്ന് സച്ചിക്ക് അറിയാരുന്നു…അവരിരുവരും ടെന്റിന് പുറത്ത് തീ കൂട്ടിയിരുന്നിടത്ത് ഇരുന്ന് ചൂടു കൊണ്ടു.അവരെ കൂടാതെ തന്നെ വേറെയും ഒരു സംഘം ചെറുപ്പക്കാർ ചുറ്റുമിരുന്ന തീ കായുന്നുണ്ട്…അതിലൊരു പെൺകുട്ടി ഏതോ ഹിന്ദി ഗാനം പാടുകയാണ് .അതിനടുത്ത് ഇരുന്ന് ഒരാൾ ഗിത്താർ വായിക്കുന്നു .അർജുനും അതിലേക്ക് ലയിച്ചിരിക്കുവെ ഗിത്താർ വായിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻ  ഗിത്താർ വായിക്കുന്നോ എന്ന ആംഗ്യത്തിൽ അവനോടായി ചോദിച്ചു..അവൻ ഒരു ചിരിയോടെ ഇല്ലെന്ന് തലയാട്ടി കൊണ്ട് അവന് നേർക്ക് കൈയുയർത്തി നന്നായിട്ടുണ്ടെന്ന് കാണിച്ചു.തിരിച്ചുവനും നന്ദി രൂപേണ തലയൊന്ന് ചെറുങ്ങനെ കുനിച്ചു കൊണ്ട് പിന്നെയും ഗിത്താറിൽ വിരൽ ചലിപ്പിച്ചു.അർജുൻ എഴുന്നേറ്റ് തീ കൂട്ടിയിരിക്കുന്നതിന് അടുത്തേക്ക് ചെന്ന് താഴെ വീണു കിടന്ന മരകഷ്ണം അതിലേക്ക് എടുത്ത് നീക്കി  വെച്ചു.അതേസമയം തന്നെ അവനെ തന്നെ നോക്കി കൊണ്ടിരുന്ന സച്ചി അർജുന്റെ ചിത്രം ക്യാമറയിൽ ഒപ്പി..

രാത്രി തലയണയിൽ ചാരിയിരുന്ന ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു ഗായത്രി.അവൾ ഇൻസ്റ്റാഗ്രാമിൽ ഓരോന്ന് നോക്കി സ്ക്രോൾ ചെയ്തിരിക്കവേ സച്ചി പോസ്റ്റിട്ടിരിക്കുന്നത് കണ്ടു.ആറെഴ് ഫോട്ടോസ് ഇട്ടിരിക്കുന്നു .ആദ്യത്തേത് സച്ചി ബൈക്കിൽ ചാരി നിൽക്കുന്നതിന്റെ ,അടുത്ത ഫോട്ടോയിലേക്ക് നോക്കിയതും അവൾടെ കണ്ണുകൾ വിടർന്നു

അച്ചുവേട്ടൻ …മുന്നിലായി ജ്വലിക്കുന്ന തീയിലേക്ക് അവൻ നോക്കി നിൽക്കുകയാണ്  ..അതിന്റെ പ്രകാശം അവന്റെ മുഖത്തേക്ക്  അടിക്കുന്നുണ്ട്…താടി രോമങ്ങൾ തിളങ്ങുന്നു…അവൾ കുറച്ചുനേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

അവൾ   സച്ചിയിട്ടിരിക്കുന്ന ലൊക്കേഷൻ നോക്കി,തൊള്ളായിരം കണ്ടി..അച്ചുവേട്ടൻ അമ്മായിയോട് കോഴിക്കോടേക്ക് പോകുന്നുവെന്നല്ലേ പറഞ്ഞത്..പക്ഷെ വയനാട്ടിലേക്കാണ് പോയേക്കുന്നത്.സച്ചിയേട്ടനും ഒപ്പമുണ്ട്..അവളുടെയുള്ളിൽ സംശയം ഉടലെടുത്തു..എന്തിനായിരിക്കും ദേവുമ്മയോട് കള്ളം പറഞ്ഞത്  ?അച്ചുവേട്ടൻ ഇടയ്ക്കൊക്കെ പെട്ടെന്ന്  ഇതുപോലെ യാത്രകൾ പോകുമെങ്കിലും, ഇതങ്ങനെയല്ലെന്ന് അവൾക്ക് തോന്നി…മറ്റെന്തോ ഉദ്ദേശം ഇതിന് പിന്നിലുണ്ട്… വെറുമൊരു യാത്രയല്ലിത്…

ടെന്റിന് മുന്നിലായിരുന്ന്  കട്ടൻ കുടിക്കുകയായിരുന്നു അർജുനും സച്ചിയും. കുറച്ചപ്പുറത്തായി നേരത്തെ വന്ന് സംഘത്തിലെ രണ്ട് മൂന്ന് ആൺകുട്ടികൾ ബാർബിക്യു കമ്പിയിൽ കൊരുത്ത്  തീയിട്ട്  പൊരിക്കുന്നുണ്ട്.കട്ടൻ കുടിച്ചതിന് ശേഷം അർജുൻ പോക്കറ്റിൽ നിന്നുമൊരു സിഗരറ്റ് കത്തിച്ചു ചുണ്ടോട് അടുപ്പിച്ചു..അത് കാണവേ സച്ചി അവന്റെ മുഖത്തേക്ക് നോക്കി ഇർഷ്യത്തോടെ ചോദിച്ചു,

“നിനക്കിതെങ്കിലുമൊന്ന് നിർത്തിക്കൂടെ അജു”

“ഇതിപ്പോ ഒരു ലഹരിയായി..ഒഴിവാക്കാൻ പറ്റാതെയായി”

“ഒരുകാലത്ത് നിന്റെ ഒഴിവാക്കാൻ പറ്റാത്ത  ലഹരി ഗായത്രിയായിരുന്നു”

നിലത്തെ പുൽത്തകിടിയിലേക്ക് പതിയെ ചാഞ്ഞ നെഞ്ചിലൊന്ന് തടവി കൊണ്ട് അർജുൻ പറഞ്ഞു

“ഇപ്പഴുമെന്റ് ഒടുങ്ങാത്ത ലഹരി ഗായത്രി തന്നെയാണ്…അവളും അവളോടുള്ള പ്രണയവും…അതിനൊരു അവസാനമില്ല..”

പറഞ്ഞുകൊണ്ടവൻ കണ്ണുകൾ അടച്ചു..

സച്ചി അവനെ തന്നെ നോക്കിയിരുന്നു.കുറച്ച് സമയം കഴിഞ്ഞതും അവൻ അർജുനോടായി ചോദിച്ചു

“ഇവിടുന്ന് നാളെ എങ്ങോട്ടേക്ക് ?”

കണ്ണടച്ചു കിടന്ന് കൊണ്ട് തന്നെ അത് കേട്ടൊന്ന് മൂളിക്കൊണ്ടവൻ പറഞ്ഞു

“നാളെ ഇടുക്കിക്ക് ..അവിടുന്ന് തുടങ്ങണം..ആദ്യം  അവന്റെ അടുത്തേക്ക്…ഗോകുലിന്റെ”പല്ലുകൾ ഞെരിച്ചു കൊണ്ടവൻ പറഞ്ഞുനിർത്തി…കണ്ണടച്ചു കിടക്കവെ പതിയെ പതിയെ അവൻ ഓർമകളിലേക്ക് കൂപ്പ് കുത്തി…

                                                    (തുടരും )

                                                  ദേവാർദ്ര .ആർ

3.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നെഞ്ചോരം – ഭാഗം 5”

Leave a Reply

Don`t copy text!