Skip to content

ഇലഞ്ഞികൾ പൂക്കുന്ന രാത്രിയിൽ …. (കഥ)

STORY

വീണ്ടും ആ പടികൾ കയറുമ്പോൾ  ദുഃഖത്തിന്റെ ഒരു കണിക പോലും  മുഖത്ത് ഉണ്ടായിരുന്നില്ല. ചുവപ്പും മഞ്ഞയും നീലയും   കലർന്ന  ജാലക വിരികൾ കണ്ടപ്പോൾ കരച്ചിൽ വന്നില്ല. ഇടുങ്ങിയ ഒറ്റമുറിക്കുള്ളിൽ കയറിയപ്പോൾ സാധികയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരിയാണ് തെളിഞ്ഞത്. പകലിലും ഇരുട്ട് നിറഞ്ഞ മുറിയിൽ വിയർപ്പിന്റെയും, രേതസ്സിന്റെയും മടുപ്പിക്കുന്ന ഗന്ധം. എന്നിട്ടും അവൾ സ്വയം പറഞ്ഞു  “താനിവിടെ സുരക്ഷിതയാണ്”

അടുത്തിരുന്ന നീലിമയും, രൂപയും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“രക്ഷപ്പെട്ടു എന്നാണ് കരുതിയത്, പക്ഷെ മോളെ നീ വീണ്ടും….”നീലിമ പറഞ്ഞു.

“സാരമില്ല ചേച്ചി. എനിക്ക് സങ്കടമില്ല”. സാധിക കരഞ്ഞില്ല.

“മോളൊന്നു കിടന്നോളു, ഇന്ന് വെള്ളിയാഴ്ച അല്ലെ. രാത്രിയിൽ തിരക്കാവും”. രൂപ പറഞ്ഞു.

അവരുടെ കണ്ണിലും ഉറക്കച്ചടവ്‌ പ്രകടമായി.

താൻ വന്നു കയറുമ്പോൾ വീട് പകുതി ഉറക്കമായിരുന്നു.

സാധികക്കുള്ള കാപ്പി കൊടുത്തു യാമിനി  അടുക്കള പൂട്ടി കിടന്നു.

പഴയ സീലിംഗ് ഫാൻ മുരൾച്ചയുണ്ടാക്കി കറങ്ങി.

അപ്പുറത്തുനിന്നും  റാണിയമ്മ  ശബ്ദമുയർത്തി സംസാരിക്കുന്നതു കേൾക്കുന്നുണ്ട്. മുന്നിലിരിക്കുന്നതു ചിലപ്പോൾ പൊലീസോ, മന്ത്രിയോ ആയിരിക്കാം. സാധിക വീട്ടിലേക്കു കയറുമ്പോൾ അവർ റാണിയമ്മയോടു സംസാരിക്കുന്നുണ്ടായിരുന്നു.

“എന്റെ കുട്ടികളെപ്പറ്റി അനാവശ്യം പറയാൻ നിങ്ങൾക്കധികാരം ഇല്ല. പുറത്തുപോയി എന്ത് വേണമെങ്കിലും പറഞ്ഞോ. പക്ഷെ എന്റെ മുന്നിൽ ഇരുന്നു ചിലച്ചാൽ നിന്റെ സാധനം ചെത്തിയെടുത്തു പട്ടിക്കിട്ടുകൊടുക്കും, പറഞ്ഞേക്കാം”. റാണിയമ്മയെ ചൊടിപ്പിച്ച എന്തോ ഒരു കാര്യം അവർ പറഞ്ഞിരിക്കാം.

“സമാധാനപ്പെടു റാണിയമ്മ  ഇവിടുത്തെ കുട്ടികൾ അങ്ങനെ ചെയ്യില്ലെന്ന് ഞങ്ങൾക്കറിഞ്ഞുകൂടേ” വന്നവരിലൊരാൾ അവരെ മയപ്പെടുത്താൻ ശ്രമിക്കുന്നു.

“എന്റെ കുട്ടികൾ പട്ടിണിയിലായിരിക്കാം. എന്നാലും ഒരാൾ പോലും നെറികേട് കാട്ടില്ല. ഇപ്പോൾ പറഞ്ഞത് പറഞ്ഞു. ഇനി ഇതും പറഞ്ഞു ഈ വീട്ടിലേക്കു കാലെടുത്തു വെക്കരുത്.”

“ഇല്ല റാണിയമ്മ, ഇനിയുണ്ടാവില്ല. ഞങ്ങളോട് കെറുവ് തോന്നരുത്.”അയാൾ അഭ്യർത്ഥിക്കുന്നു.

“മ്”, റാണിയമ്മയുടെ ആ മൂളലിൽ പിന്നെ അവർ ഒന്നും പറഞ്ഞില്ല

അനന്തരം നിശബ്ദം.

റാണിയമ്മ പകലുറങ്ങാറില്ല. രാത്രിയിലും ഉറങ്ങാറുണ്ടോ, അറിയില്ല. എപ്പോഴും കണ്ണും കാതും തുറന്നു വെച്ച് ഈ വീടിന്റെ കാവലായി കാമാക്ഷിയമ്മയ്‌ക്കെതിർവശത്തായി ഇരിക്കുകയാണ് പതിവ്.

റാണിയമ്മ. വഴി തെറ്റി വന്ന പതിനാലു  പെണ്ണുങ്ങളുടെ ആകെയുള്ള ആശ്രയം. എല്ലാവരുടെയും അമ്മ.

പ്രായം അമ്പതു കടന്നു.

ചെറുപ്പത്തിലെപ്പോഴോ ഏറ്റെടുക്കേണ്ടിവന്ന ഒരു സ്ഥാനം. ചുവന്ന തെരുവിലെ വടക്കുഭാഗത്തെ നിരയിലെ കാമാക്ഷിയമ്മൻ കോവിലിനു എതിർവശത്തുള്ള   രണ്ടുനില  വീടിന്റെ  ഉടമസ്ഥ. നാരീപൂജക്കു കാമാക്ഷിയമ്മന്റെ ചിലമ്പുകെട്ടി പട്ടുടുത്തു പൂജ ചെയ്യേണ്ടവർ. ദേവദാസി സങ്കൽപ്പത്തിന്റെ ഇപ്പോഴത്തെ കാവൽക്കാരി.

കാമാക്ഷിയമ്മന്റെ നട തുറന്നാൽ വീട്ടിലിരുന്നു ദർശനം.

എല്ലാം അവസാനിപ്പിച്ച്  പോകണമെന്ന് വിചാരിക്കുമ്പോൾ വീണ്ടും വീണ്ടും തീരാത്ത ബാധ്യതകൾ റാണിയമ്മയെ തേടി വരും.

“ജന്മം കൊടുത്തവർക്കുവേണ്ടാതായ ഈ കുട്ടികളെ ഞാൻ ആരെ പിടിച്ചേൽപ്പിക്കും, എനിക്കറിയില്ലെന്റെ കാമാക്ഷീ, നീ തന്നെ തുണ”. ഇടക്കിടെ അവർ പുലമ്പാറുണ്ട്.

അവിടുള്ളവരെല്ലാം  കുട്ടികളൊന്നുമല്ല. അതിൽ പ്രായം അറുപതു കഴിഞ്ഞവരും ഉണ്ട്. പക്ഷെ റാണിയമ്മക്ക് എല്ലാവരും സ്വന്തം  മക്കൾ.

പത്തു മാസങ്ങൾക്കുമുന്നെ സജിലിന്റെ കൈ പിടിച്ചു  ഇവിടുന്നു ഇറങ്ങിയപ്പോൾ റാണിയമ്മ പൊട്ടിചിരിച്ചുകൊണ്ടു സാധികയോട്  പറഞ്ഞു .

“കുട്ടീ, ഇനിയും നിനക്ക് മോഹങ്ങളോ. നീ തേടുന്നതും, ആഗ്രഹിക്കുന്നതും തരാൻ ഒരു കഴുവേറിയും ഈ ലോകത്തിലുണ്ടാവില്ലെടി. തിരിച്ചു വരാൻ ഒരിക്കലും മടി വേണ്ട. ഈ വീട്  നിന്റേതു  കൂടിയാണ്.”

കണ്ണിൽ നിന്നും കണ്മഷി ചെറുവിരൽ കൊണ്ട് തോണ്ടിയെടുത്തു സാധികയുടെ കവിളിൽ തൊട്ടു. കോവിലിലെ സിന്ദൂരം കൊണ്ട് നെറ്റിയിൽ കുറി വരച്ചു.

കെട്ടിപ്പിടിച്ചു വെച്ച്  റാണിയമ്മ അന്ന് പറഞ്ഞിരുന്നു, “തൊഴിലിതാണെങ്കിലും നമ്മൾ മാന്യത വിട്ടിട്ടില്ല. അത് കടന്നു കയറാൻ ആര് ശ്രമിച്ചാലും അവരെ വെറുതെ വിടേണ്ട. ഈ റാണിയമ്മ ഉണ്ടാകും. പോയി വാ മോളെ”.

 “എല്ലാവരും ഇതുപോലെ ആരെയെങ്കിലും കണ്ടുപിടിച്ചു പോയിരുന്നെങ്കിൽ എനിക്ക് കാമാക്ഷിയമ്മന്റെ അടുത്തേക്ക് പോകാമായിരുന്നു.” റാണിയമ്മ ഉറക്കെ പറഞ്ഞു, ആരോടെന്നില്ലാതെ.

അവർ കരയുന്നതു അവിടെ ആരും കണ്ടിട്ടില്ല.

ആ ചുവന്ന തെരുവിലെ  വീട്ടിൽ സാധിക എങ്ങനെ ചെന്നുപെട്ടു എന്നോർമ്മയില്ല. തന്റെ പെറ്റമ്മയ്ക്കു പറ്റിയ ഒരു തെറ്റിന്റെ ഒരേടുമാത്രം. റാണിയമ്മയാണ്  അവൾക്കമ്മ. പതിനെട്ടു കഴിഞ്ഞപ്പോൾ മാത്രമാണ് തന്നെ ഈ ജോലിയിലേക്ക് അവർ ഒരുക്കിയിറക്കിയത് .

തന്റെ ഇഷ്ടപ്രകാരം. ഇല്ലെങ്കിൽ ഈ വീടും ഇവിടുള്ളവരും വിചാരിച്ചാൽ മുന്നോട്ടു പോകില്ല. ഭക്ഷണത്തേക്കാൾ ചെലവ് മുഖത്ത് പൂശുന്ന ചായങ്ങൾക്കാണ് .  പിന്നെ എന്തിനു താൻ മാത്രം.  കൂടെ ഉള്ളവരൊക്കെ സഹോദരിമാർ തന്നെയല്ലേ.

അവരിത്രയും നാൾ ശരീരം വിറ്റത് തനിക്കുകൂടിയായിരുന്നില്ലേ.

‘മാന്യമായ ഒരു തൊഴിൽ’. അങ്ങനെയാണ് റാണിയമ്മ പറഞ്ഞു തന്നിട്ടുള്ളത്.

എന്നിട്ടും ദുരാഗ്രഹമായിരുന്നു. അങ്ങനെ  വേണം പറയാൻ.

തനിക്കു മാത്രം സ്നേഹിക്കാൻ ഒരാൾ. അതൊരു ആഗ്രഹമായിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നു അത് ദുരാഗ്രഹമായിരുന്നെന്നു.

“എന്റെ കൂടെ വരുന്നോ സാധിക”. സജിൽ സ്നേഹത്തോടെ  ചോദിച്ചപ്പോൾ എതിർത്തില്ല.

അവനു ഇലഞ്ഞിപ്പൂവിന്റെ ഗന്ധമായിരുന്നു.

മറ്റുള്ളവർ ശരീരം കൊണ്ട് ആയിരം പേരുടെ സംതൃപ്തി തീർത്തപ്പോൾ   മനസ്സുകൊണ്ട് സ്നേഹിക്കാൻ തനിക്കുകിട്ടിയ സജിൽ.

നിയമപരമായി ഒരാളുടെ ഭാര്യയാകാൻ ഏതു തേവിടിശ്ശിയും ആഗ്രഹിക്കുന്നപോലെ സാധികയും സ്വപ്നം കണ്ടു.

സജിൽ നല്ലവനായിരുന്നു. പക്ഷെ എവിടെയൊക്കെയോ പാളിച്ചകൾ വന്നു. കുടുംബത്തിൽ ഒരു ദാസിപ്പെണ്ണിനേയും കൊണ്ട് വന്ന സജിലിനെ അവന്റെ ഏട്ടന്മാർ തന്നെ കൊന്നു കളഞ്ഞു. ഒരിക്കലും കുടുംബം സ്വപ്നത്തിൽ  പോലും ഇല്ല  എന്ന യാഥാർഥ്യം അറിയാൻ കഴിഞ്ഞു.

റാണിയമ്മയുടെ വാക്കിന്റെ കരുത്തിൽ അവിടം ഉപേക്ഷിച്ചു. തൊഴിലിനു വേണ്ടിയാണെങ്കിൽ ഒരുക്കമാണ്, അല്ലാതെ കണ്ടവന്റെ വെപ്പാട്ടിയാകാൻ സാധിക തയ്യാറായില്ല.

സാധിക ഉണർന്നപ്പോൾ  രാത്രി വരവറിയിച്ചിരുന്നു.

വീട്ടിലെ മുറികളൊക്കെ സുഗന്ധത്താൽ നിറഞ്ഞിരുന്നു. കുളിച്ചുവന്ന പെണ്ണുങ്ങൾ മുടിയിൽ  പരസ്പരം ധൂപം പുകച്ചു കൊടുക്കുന്നു. മാറ്റപ്പുരയിലേക്കു  ചായയും പലഹാരവുമായി യാമിനി പോകുന്നുണ്ട്.

“ചന്ദ്രയും സുഗന്ധിയും മാറിയിരിക്കുന്നുണ്ട്. മോൾക്ക് ചായ ഇവിടേയ്ക്ക് കൊണ്ട് വരട്ടെ”, യാമിനി ചോദിച്ചു.

“വേണ്ട ചേച്ചി, ഞാൻ കുളിച്ചിട്ടു വരാം”.

അടുക്കളപ്പുര യാമിനിയുടെ കൈകളിൽ സുരക്ഷിതമാണ്. ചിലപ്പോൾ ചില വിശിഷ്ട അതിഥികൾക്ക്  റാണിയമ്മ ഭോജനം തയ്യാറാക്കാനും പറയാറുണ്ട്.

മറ്റുള്ളവരൊക്കെ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. തെരുവിനിരുവശവും എത്രയെത്ര സ്ത്രീകളും പുരുഷന്മാരും.  തെരുവ് ഉണർന്നു കഴിഞ്ഞു. എന്നും ഉത്സവ പ്രതീതിയാണിവിടെ. കാമാക്ഷിയമ്മന്റെ അമ്പലത്തിൽനിന്നും ദീപാരാധനയുടെ മണിമുഴക്കം കേൾക്കുന്നു.

സാധിക വേഗം കുളിച്ചു. നന്നായി ഒരുങ്ങി. മുല്ലപ്പൂവെടുത്തു മുടിക്കെട്ടിൽ ചുറ്റി. ഗോവണിയുടെ പടികളിറങ്ങുമ്പോൾ അവളുടെ കാലിലെ പാദസരം പതിയെ ചിരിച്ചു.

“കുറെ നാളുകൾക്കുശേഷം…. കാമാക്ഷിയമ്മാ, ശക്തി തരണേ” സാധിക കോവിലിലേക്കു നോക്കി കൈ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചു.

“സാധീ” റാണിയമ്മ വിളിച്ചു.

മനപ്പൂർവ്വമാണ് രാവിലെ അമ്മയോട് അകലം പാലിച്ചത്. ഒരു പക്ഷെ കണ്ടമാത്രയിൽ പൊട്ടിത്തെറിച്ചെങ്കിലോ എന്നും ഭയന്നിരുന്നു.

ഉറക്കത്തിനിടയിൽ റാണിയമ്മ കട്ടിലിൽ വന്നിരിക്കുന്നതും, തലോടുന്നതുമൊക്കെയായി തോന്നിയിരുന്നു. പക്ഷെ സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കഴിഞ്ഞിരുന്നില്ല. സജിൽ പോയതിനു ശേഷം ഒരു ദിവസം പോലും പേടിയോടെയല്ലാതെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഇന്ന് എല്ലാം മറന്നുറങ്ങി.

“അമ്മേ…., എനിക്ക് തെറ്റ് പറ്റിപ്പോയമ്മേ, എന്റെ സജിലിനെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലമ്മേ.” അതുവരെ അടക്കിവെച്ചതെല്ലാം പുറത്തേക്കൊഴുകി.

“എന്താ എന്റെ മോൾക്ക് പറ്റിയതെന്ന് ഞാൻ ചോദിക്കുന്നില്ല. നമ്മുടെ ജീവിതം ഇതാണ്.  മോൾ ആഗ്രഹിച്ച ജീവിതം കിട്ടാൻ ഞാൻ കാമാക്ഷിക്കു  കർപ്പൂരം ഉഴിഞ്ഞു പ്രാർത്ഥിച്ചതാ. എന്നിട്ടും. സാരമില്ല മോളെ. കൊതിച്ചതെല്ലാം കിട്ടിയാൽ പിന്നെ നമുക്ക് സന്തോഷിക്കാൻ ഒന്നും ഉണ്ടാവില്ല എന്ന് കരുതിയാൽ മതി.” സാധികയെ ആശ്വസിപ്പിച്ചു.

പെട്ടന്ന് റാണിയമ്മ  തെരുവിലേക്ക് നോക്കി കാഞ്ചനയോട് വിളിച്ചു പറഞ്ഞു,

“മോളെ കാഞ്ചനം, ആ വരുന്ന പച്ച കുർത്ത ധരിച്ചയാളെ ഒന്ന് നോക്ക്. അവനെ നമുക്ക് കിട്ടും. കണ്ടിട്ട് നല്ല കുടുംബത്തിലെ ചെക്കനാണ്. കാഞ്ചനാ, കുറച്ചൊന്നു ബുദ്ധിമുട്ടിയാൽ നമുക്ക് നല്ലതാ. മറ്റുള്ളവർ അവനെ നോക്കണ്ട.”

കാഞ്ചനം അധികം ആരോടും സംസാരിക്കാറില്ല. മറ്റുള്ളവരെ പോലെ അഭിനയിച്ചു ആളെ വശീകരിക്കാൻ അവൾക്കു കഴിവ് കുറവാണ്.

റാണിയമ്മ പറഞ്ഞപോലെ തന്നെ മറ്റുള്ള പെണ്ണുങ്ങളൊന്നും അവനെ ശ്രദ്ധിച്ചില്ല. കാഞ്ചനം അവനോടു ചിരിച്ചു, പതിഞ്ഞ ശബ്ദത്തിൽ  സംസാരിച്ചു. എന്നിട്ടും അവൻ മുന്നോട്ടു പോയി. അപ്പുറവും ഇപ്പുറവും ഉള്ള മറ്റു വീട്ടിലെ പെണ്ണുങ്ങൾ വിവിധ ചേഷ്ടകൾ കാട്ടി അവനെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“അവൻ വരും. ചിരിച്ചു തന്നെ നിന്നോ. കണ്ണുകൾ അവനിൽ തന്നെ ഉടക്കി നിൽക്കട്ടെ.” റാണിയമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പറഞ്ഞപോലെ തന്നെ അവൻ തിരിച്ചുവന്നു. കാഞ്ചനം അവനെയും കൂട്ടി വീടിനകത്തു കയറി.

“കാമാക്ഷിയമ്മൻ കാത്തു, ഇന്നിതിപ്പോൾ ഏഴു പേരായി.” റാണിയമ്മ നെഞ്ചത്ത് കൈവച്ചു കോവിലിലേക്കു നോക്കി. “നാളത്തെ അന്നത്തിനുള്ള വകയായി”.

റാണിയമ്മക്കറിയാം ആളുകളെ കാണുമ്പോൾ. അവരുടെ മനസ്സിന്റെ ഉദ്ദേശം എന്താണ് എന്ന്. അതനുസരിച്ചു അവർ കുട്ടികളോട് പറയും. മിക്കപ്പോഴും അത് ശരിയാവാറുമുണ്ട്. പക്ഷെ ചിലപ്പോൾ ഊരാക്കുടുക്കുപോലെ ചിലർ വന്നു കയറാറുമുണ്ട്.

“സാധികാ, മോളെന്തിനാ ഇന്ന് തന്നെ ഇറങ്ങിയത്. മനസ്സിൽ പറ്റിയ മുറിവുകളൊക്കെ ഒന്നുണങ്ങിയിട്ടു പോരെ. ഈ തൊഴിലിൽ നമ്മുടെ മനസ്സിന്റെ സന്തോഷമാണ് പ്രധാനം. ഇല്ലെങ്കിൽ പിന്നെ നമ്മളെ തേടി വരുന്നവർ തിരിഞ്ഞു നോക്കില്ല. മോൾക്കറിയാലോ, പത്തു പതിനഞ്ചു വയറുകൾ നിറയണ്ടേ, അല്ലാതെ വേറെയും എന്തൊക്കെ ചിലവുകൾ.”  അവർ പറഞ്ഞു.

“അറിയാം, എനിക്ക് ഒരു വിഷമവും ഇല്ല. അതെല്ലാം പഴയ കഥ. ഞാൻ ഇനി എന്നും റാണിയമ്മയുടെ സാധു മോളായിരിക്കും.” അവരെ കെട്ടിപ്പിടിച്ചു സാധിക പറഞ്ഞു.

“അമ്മാ, ആ വരുന്ന ആളെ ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ. എങ്ങനെ ഉണ്ടാകും”.

ദൂരെ കാർ നിർത്തി ഒരാൾ നടന്നു വരുന്നത് ചൂണ്ടി സാധിക ചോദിച്ചു.

“ആ പച്ച  കോട്ടിട്ട് വരുന്ന ആളെയാണോ നീ പറയുന്നത്. അത് ഷബീർ സാബ് ആണ്.  അഞ്ചു മാസമായി അപ്പുറത്തെ സോനദീദിയുടെ അതിഥി ആണ്. ഇവിടുള്ള മക്കളൊക്കെ  ശ്രമിച്ചതാ. പക്ഷെ അയാളുടെ ഇഷ്ടം അറിയാവുന്നവർ ചുരുക്കം. നമ്മൾക്ക് കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കണ്ട. സാബ് ഉള്ളതുകൊണ്ട് സോന ഇപ്പോൾ നിലത്തൊന്നുമല്ല. ഇഷ്ടം പോലെയല്ലേ പണം. അവൾ ഇവിടുത്തെ കുട്ടികൾക്ക് വരെ വിലയിട്ടതാ. തലമറന്നാണവൾ എണ്ണ തേക്കുന്നത്. നീയത് വിട്ടേക്ക് സാധീ. നമുക്കതൊന്നും വിധിച്ചിട്ടുണ്ടാവില്ല”.

റാണിയമ്മ തിരിഞ്ഞു നടക്കാൻ ഭാവിച്ചു.

സാധിക റാണിയമ്മയുടെ കാൽ തൊട്ടു വന്ദിച്ചു. “അമ്മ അനുഗ്രഹിക്കണം. എന്നോട് പൊറുക്കണം”.

“എന്റെ പൊന്നുമോളെ, നീ തിരിച്ചു വന്നപ്പോഴാണ് എനിക്ക് സമാധാനമായത്. നിന്നെയോർക്കാത്ത ഒരു ദിവസം പോലും ഇല്ല. ഏതായാലും കുഴപ്പമൊന്നും ഇല്ലാതെ എന്റെ കുട്ടി തിരിച്ചെത്തിയല്ലോ. നാളെ  നമുക്ക് എല്ലാവര്ക്കും ഒരുമിച്ചു കോവിലിൽ  പോകണം. ദൃഷ്ടിദോഷനിവാരണ പൂജ കഴിപ്പിക്കണം. കുറെ ആയി കാമാക്ഷിയുടെ അടുത്ത് പോയിട്ട്.” റാണിയമ്മ സാധികയുടെ മൂർദ്ധാവിൽ ചുംബിച്ചു.

“അമ്മ അകത്തു പോയിരുന്നോളു, നല്ല തണുപ്പുണ്ട്”. സാധിക അവരെ കെട്ടിപ്പിടിച്ചു അകത്തേക്ക്  നടത്തി.

പച്ച കോട്ടിട്ട മനുഷ്യൻ പതുക്കെ തലയും താഴ്ത്തി തന്റെ മുന്നിലൂടെ നടന്നു പോകുന്നു. സാധിക അയാളുടെ പ്രായമോ, രൂപമോ ഒന്നും ശ്രദ്ധിച്ചില്ല. അവൾ പതുക്കെ കുപ്പിവളകൾ കിലുക്കി. പരിചയമില്ലാത്ത ഒരു ശബ്ദം കേട്ടപോലെ അയാൾ ഒന്ന് നിന്നു. സാധികയെ നോക്കി.

അവളുടെ മനസ്സിൽ സജിലിന്റെ രൂപം വിളങ്ങി.

സാധികയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ പാലൊളി ചിന്നിച്ചിതറി. ചുണ്ടുകൾ  ചുംബനത്തിനുവേണ്ടി  വെമ്പി. നാണത്താൽ  കവിളുകൾ തുടുത്തു. മാറിടങ്ങൾ ആലിംഗനത്തിനായി വീർപ്പുമുട്ടി. അരക്കെട്ടുകൾ വിറച്ചു. മുടിക്കെട്ടിലെ മുല്ലമാല ഒന്നുകൂടെ തിരുകിവെക്കാൻ അവൾ കൈകൾ ഉയർത്തി.

ഷബീർസാബിനുമുന്നിൽ വിടരാൻ കൊതിച്ച  ഒരു താമരപ്പൂ പോലെ കണ്ണുകൾ പാതിയടച്ചു  നിന്നു.

സജിൽ തന്റെയടുത്തേക്കു നടന്നു വരുന്ന കാലൊച്ച സാധിക സങ്കൽപ്പിച്ചു.

“എന്നെയൊന്നു വാരിപ്പുണർന്നെങ്കിൽ” സാധിക നിന്നിടത്തുനിന്നു പുളഞ്ഞു.

അതിലൂടെ വീശിയ ഇളംകാറ്റിൽ സാധികയുടെ ഗന്ധം സാബിന്റെ മനസ്സിനെ ഇളക്കിയതുപോലെ.

ഷബീർ സാബ്  റാണിയമ്മയുടെ മുൻപിൽ ഇരിക്കുന്നു. അടുത്ത് സാധികയുമുണ്ട്. അവൾ തല കുനിച്ചു വിരലുകൾ കൊണ്ട് തറയിൽ ചിത്രം വരക്കുന്നു. കണ്ണുകളിൽ പ്രേമത്തിന്റെ നൈർമല്യം.

“എത്രയോ വലിയ ആളുകൾ വന്നിട്ടുള്ള വീടാണ് ഇത്. എന്നാലും താങ്കൾ വന്നപ്പോൾ ഞങ്ങൾക്ക് ഈ വീടിനൊരു നാഥനെ ലഭിച്ചതുപോലെ തോന്നുന്നു. ഇത് നിങ്ങളുടെ വീടാണ് ഷബീർ സാബ്” റാണിയമ്മ മധുരമായി, എന്നാൽ അഭിമാനം വിടാതെ പറഞ്ഞു.

“സാബിനെ പടിഞ്ഞാറു ഭാഗത്തുള്ള ആ വലിയമുറിയിലേക്കു കൊണ്ടു പോകു സാധിക . നല്ല കാറ്റും നിലാവിന്റെ കാഴ്ചയും ഉള്ള മുറിയാണ് അത്. ആ ജനാലയോടു ചേർന്നുള്ള ഇലഞ്ഞിമരം പൂത്തുനിൽക്കുന്നുണ്ട്.  ചെല്ലു സാബ്. ഒന്ന് വിശ്രമിക്കു.”

സാധിക പതുക്കെ മുന്നിൽ നടന്നു. അവൾ ഷബീർ സാബിന്റെ കൈകൾ വിടാതെ പിടിച്ചിരുന്നു.

“മോളെ യാമിനി,  നാളത്തെ  പൂജ നമുക്കുത്സവമാക്കണം.  കാമാക്ഷിയമ്മൻ കാത്തു. ആയിരം ചിരാഗുകൾ  തെളിയിക്കണം. അതിനുള്ള ഒരുക്കങ്ങൾ ചെയ്തോളു. മീരയെയും , അല്ലിയെയും കൂടെ കൂട്ടു. പിന്നെ സാബിന് മസാല കുറച്ചുള്ള പനീറിന്റെ കറിയും എണ്ണ ചേർക്കാത്ത ചപ്പാത്തിയും. കൂടെ പുളി കുറഞ്ഞ തൈരിൽ മധുരം  ചേർത്ത ലെസ്സിയും തയ്യാറാക്കിയാൽ മതി. അദ്ദേഹത്തിനതു ഇഷ്ടമാകും.”

റാണിയമ്മയുടെ കണ്ണുകളിൽ പഴയ പ്രൗഢിയുടെ അഗ്നിജ്വാല തെളിഞ്ഞു. വാക്കുകളിൽ ആഢ്യത്തത്തിന്റെ ധ്വനി.

പടിഞ്ഞാറുവശത്തെ  മുറിയിൽ ഇലഞ്ഞിപ്പൂമണം പരന്നു. ഷബീർ സാബ് വിശ്രമത്തിലാണ്.

സജിലിന്റെ രോമാവൃതമായ മാറിൽ തലവെച്ചു സാധിക കിടക്കുന്നു. വിരലുകൾ കൊണ്ടു പതിയെ അവന്റെ മുഖം തലോടി.

“എന്നെ വിട്ടു പോകുമോ സാധിക”. സജിൽ പരവശനായി ചോദിച്ചു.

“ഇല്ല, ഒരിക്കലും കഴിയില്ല, മരിച്ചാലും ഞാൻ കൂടെയുണ്ടാകും”, ഞാൻ നിന്റേതാണ് സജിൽ. നിന്റേതു മാത്രം”.

———————

സുധേഷ്‌ ചിത്തിര

2.7/5 - (19 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!