Skip to content

നിൻ നിഴലായ് – ഭാഗം 14

nin-nizhalayi-novel

”  അരുണേട്ടാ….  “

ഉറങ്ങിക്കിടന്ന   അപർണ   ഒരു   നിലവിളിയോടെ   പിടഞ്ഞെണീറ്റു.  കിടക്കയിൽ   എണീറ്റിരിക്കുമ്പോൾ   അവളുടെ   ശരീരം   വിയർത്തുകുളിച്ചിരുന്നു.  അവൾ   ഒരു   തളർച്ചയോടെ   കയ്യിൽ   കിടന്നിരുന്ന   അരുണിന്റെ   പേര്   കൊത്തിയ   നിശ്ചയ   മോതിരത്തിലേക്ക്   നോക്കി. പിന്നെയത്   നെഞ്ചോട്  ചേർത്ത്   പിടിച്ചു.  അപ്പോഴും   ഭയമവളെ   വിട്ടുമാറിയിട്ടില്ലെന്നതിന്റെ   തെളിവായി   ആ   വിരലുകൾ   വിറപൂണ്ടിരുന്നു.  അവൾ   വേഗം   കിടക്കയിൽ   കിടന്നിരുന്ന   ഫോണെടുത്ത്   അരുണിന്റെ    ഫോണിലേക്ക്   വിളിച്ചു.  റിങ്   ചെയ്തതല്ലാതെ   മറുവശത്ത്   നിന്നും   മറുപടിയൊന്നും   ഉണ്ടാവാതിരുന്നത്   അവളിലെ   ഭയത്തിന്റെ   ആഴം   വർദ്ധിപ്പിച്ചു.

”  എന്താ   പെണ്ണേ   കൊച്ചുവെളുപ്പാൻ   കാലത്തേ   കിടന്നലറുന്നത്  ???  “

പെട്ടന്ന്   ഡോറ്   തുറന്നകത്തേക്ക്   വന്നുകൊണ്ട്   ജാനകി   ചോദിച്ചു.  അവൾ   ഒരു   നൈറ്റ്‌   ഗൗണായിരുന്നു   ധരിച്ചിരുന്നത്.  ആ   വേഷത്തിൽ  നിന്നും     അവൾ   ഉറക്കമുണർന്നതേയുള്ളെന്ന്   വ്യക്തമായിരുന്നു. 

”  എന്താഡീ   ഇങ്ങനെ   വായിനോക്കിയിരിക്കുന്നത്  ???  “

അപർണയുടെ   അരികിൽ   വന്നിരുന്നുകൊണ്ട്   ജാനകി   ചോദിച്ചു. 

”  അത്   പിന്നെ   ഞാൻ …. അരുണേട്ടൻ….  സ്വപ്നം  “

അപ്പോഴും   കണ്ട   സ്വപ്നത്തിന്റെ   ഹാങ്ങോവർ   മാറാതെ   അപർണ   വാക്കുകൾക്കായി   പരതി.

”  ഓഹ്   എപ്പോ   നോക്കിയാലും  ഒരരുണേട്ടൻ . …. “

അവളെ   നോക്കി   കളിയാക്കിച്ചിരിച്ചുകൊണ്ട്   ജാനകി   പറഞ്ഞു.

”  ഓഹ്  പറയുന്ന   നിനക്കെന്റേട്ടനെക്കുറിച്ചൊരു   ചിന്തയുമില്ലല്ലോ   “

”  ഓഹ്  പിന്നേ…. ചിന്തിക്കാൻ   പറ്റിയൊരു   മുതല്  “

ജാനകി   ചുണ്ട്   കോട്ടിക്കൊണ്ട്   പറഞ്ഞു. 

”  ആഹ്   അത്   നിന്റെ    ചുണ്ട്   കണ്ടാലേയറിയാം   ചിന്തിക്കാൻ   പോലും   സമയം   കിട്ടുന്നില്ലെന്ന്   “

ചൂണ്ടുവിരൽകൊണ്ടവളുടെ   കവിളിൽ   കുത്തി   പുഞ്ചിരിയോടെ   അപർണ   പറഞ്ഞു. 

”  പോടീ   അലവലാതി….. “

പറഞ്ഞിട്ട്   അവളുടെ   മുഖത്ത്   നോക്കാതെ   നാണത്തോടെ   ജാനകി   വേഗം   പുറത്തേക്ക്   പോയി.   അവളുടെ   ആ   പോക്ക്   നോക്കിയിരുന്ന   അപർണ   അറിയാതെ   ചിരിച്ചുപോയി. ജാനകി   റൂമിൽ   വന്ന്    വേഗത്തിൽ    കുളിച്ച്   റെഡിയായി   താഴേക്ക്   ചെന്നു.  താഴെ   എത്തുമ്പോൾ   മുൻവാതിൽ   അടച്ചിരുന്നു.  മേനോനെയും   ശ്രീജയെയും   അവിടെയെങ്ങും   കാണാനുമുണ്ടായിരുന്നില്ല.   കോളേജിലെന്തോ   പ്രോഗ്രാം   നടക്കുന്നത്    കൊണ്ട്   നാളെ   നേരത്തെ   പോണമെന്ന്   ശ്രീജ   പറഞ്ഞത്   അപ്പോഴാണ്   അവളോർത്തത്. 

”  അച്ഛനപ്പൊ   അമ്മേ   കൊണ്ടുവിടാൻ   പോയതാകും  “

ഓർത്തുകൊണ്ട്   അവൾ   അടുക്കളയിലേക്ക്   നടന്നു.  ചായ   ഇട്ടുവച്ചിട്ട്   വേഗം   തന്നെ   തലേദിവസം   ആട്ടി   വച്ചിരുന്ന   മാവെടുത്ത്   ഇഡ്ഡലിത്തട്ടിലൊഴിച്ച്   അടുപ്പിലേക്ക്   വച്ചിട്ട്   അവൾ   സാമ്പാറിന്   നുറുക്കാൻ   തുടങ്ങി.  പെട്ടന്നാണ്   പിന്നിൽ   നിന്നും   രണ്ട്   കൈകൾ   അവളുടെ   അണിവയറിലൂടെ   ഇഴഞ്ഞുവന്നത്. 

”  പേടിപ്പിച്ചു   കളഞ്ഞല്ലോ   അഭിയേട്ടാ….  “

ഞെട്ടിത്തിരിഞ്ഞ്   പിന്നിൽ   നിന്നിരുന്ന   അഭിജിത്തിന്റെ   മുഖത്തേക്ക്   നോക്കിക്കോണ്ട്   അവൾ   ചോദിച്ചു.

”  എന്റെയീ    കാന്താരിമുളകിനെ   ഇങ്ങനെ    പിന്നിൽക്കൂടി   വന്ന്   കെട്ടിപ്പിടിക്കാൻ   ഞാനല്ലാതെ   പിന്നെ   വേറാരുവരാനാടി   ഗുണ്ട്മുളകേ….  “

അവളെ   ഒന്നുകൂടി   ചേർത്ത്പിടിച്ച്   ആ   കഴുത്തിൽ   മുഖമമർത്തിക്കോണ്ട്   അവൻ   ചോദിച്ചു.

”  മതി   സോപ്പിട്ടത്   വിട്ടേയങ്ങോട്ട്   ജോലിയൊന്നുമായിട്ടില്ല.  അമ്മയും  കൂടിയില്ലാത്തോണ്ട്   സമയമൊട്ടുമില്ല.  അതോണ്ട്    പൊന്നുമോൻ   എന്നെ   വിട്ടിട്ടാ   ചായ   അങ്ങെടുത്ത്   കുടിച്ചേ…  “

അവന്റെ   കയ്യിൽ   നിന്നും   വഴുതിമാറിക്കൊണ്ട്   അവൾ   പറഞ്ഞു.

”  നീയെന്തോന്ന്   ഭാര്യയാഡീ  ???   ഇത്ര   കാലത്തേ   സ്വന്തം   ഭർത്താവിങ്ങനെ   തൊട്ടടുത്ത്   നിന്നിട്ടും   ഒരു   വികാരവുമില്ലാത്ത   നീയൊക്കെയൊരു  ഭാര്യയാണോഡീ   മൂരാച്ചി  ???  “

അവളെടുത്ത്   കൊടുത്ത   ചായ   ചുണ്ടോഡ്   ചേർത്തുകൊണ്ട്   അവൻ   പറഞ്ഞു.

മറുപടിയായി   അവളവനെയൊന്ന്   തറപ്പിച്ച്   നോക്കി.  കുറേ   സമയം   കഴിഞ്ഞ്    അപർണയും   കൂടി   അടുക്കളയിലേക്ക്   വന്നതോടെ   അഭി   പതിയെ   മുകളിലേക്ക്   വലിഞ്ഞു. അവൻ   റൂമിൽ   വന്ന്   കുളിച്ചിറങ്ങുമ്പോഴാണ്   ടേബിളിൽ   ചാർജ്   ചെയ്യാൻ   വച്ചിരുന്ന   ഫോൺ   ബെല്ലടിക്കുന്നത്   കണ്ടത്.  

”  ഹലോ   ആരാ  ???   “

ഒരു   കൈകൊണ്ട്   തല   തോർത്തിക്കൊണ്ട്    തന്നെ   ഫോൺ   ചെവിയോട്   ചേർത്ത്   അവൻ   ചോദിച്ചു.

”  —— ——   —–  “

”  ആഹ്   ok   ഞാനിപ്പോ   എത്താം   “

അഭിജിത്ത്   ഫോൺ   കട്ട്‌   ചെയ്ത്    ധൃതിയിൽ   ഡ്രസ്സ്‌   ചേഞ്ച്‌   ചെയ്ത്   താഴേക്ക്   വന്നു.   ഹാളിലിരുന്നിരുന്ന   അപർണയെ   ഒന്ന്   നോക്കിയിട്ട്   അവൻ   വേഗത്തിൽ   പുറത്തേക്ക്   ഇറങ്ങി   കാറിലേക്ക്   കയറി.

”   ഏട്ടാ    കാപ്പിപോലും   കുടിക്കാതെ   ഇതെങ്ങോട്ടാ  ???  “

അപർണയുടെ   ചോദ്യം   കേട്ടെങ്കിലും   മറുപടി   പറയാതെ   അവൻ    വണ്ടി   വിട്ട്   പുറത്തേക്ക്    പോയി.

”  ഇങ്ങേരിതെങ്ങോട്ടാ   കാലത്തേയീ   വെടികൊണ്ട   പന്നിയെപ്പോലെ  ???  “

പിന്നിൽ   നിന്നുമുള്ള   ജാനകിയുടെ   ചോദ്യം   കേട്ടാണ്   അപർണ   തിരിഞ്ഞുനോക്കിയത്. 

”  ആർക്കറിയാം   ഞാൻ   ചോദിച്ചിട്ടൊരക്ഷരം   മിണ്ടിയില്ല  ” 

പറഞ്ഞിട്ട്   കയ്യിലിരുന്ന   പത്രം   മുന്നിലെ   ഗ്ലാസ്   ടേബിളിലേക്കിട്ട്   അപർണ   മുകളിലേക്ക്   കയറിപ്പോയി.  കുറേ   സമയം   കൂടി   കഴിഞ്ഞപ്പോൾ   പുറത്തൊരു   കാർ    വന്നുനിന്ന   ശബ്ദം   കേട്ട്   അടുക്കളയിൽ  നിന്നിരുന്ന   ജാനകി   ഓടി   പൂമുഖത്തേക്ക്   വന്നു.

”  അച്ഛനായിരുന്നോ ????  “

കാറിൽ   നിന്നിറങ്ങിയ   മേനോനെ   കണ്ട്   നിരാശയോടെ   അവൾ   ചോദിച്ചു.

”  മ്മ്മ് …  പിന്നെന്റെ   കാന്താരി   ആരാണെന്ന്   കരുതിയാ   ഇങ്ങോട്ടോടി   വന്നത്  ???  “

അവളുടെ   നിൽപ്പും   ഭാവവും   കണ്ട്   ചിരിയോടെ   അയാൾ   ചോദിച്ചു. 

”  അതുപിന്നെ   ഞാൻ   വിചാരിച്ചു   അഭിയേട്ടനാണെന്ന്….. “

ഒരു   ചമ്മിയ   ചിരിയോടെ   അവൾ   പറഞ്ഞു.   കയ്യിലിരുന്ന  കവർ    അവളുടെ    കയ്യിലേക്ക്   കൊടുത്തിട്ട്    അയാൾ   ചിരിയോടെ   അകത്തേക്ക്   പോയി.  ജാനകി  പിന്നെയും   പുറത്തേക്ക്   നോക്കി   അവിടെത്തന്നെ   നിന്നു.  എന്തിനെന്നറിയാതെ   ഒരാധി   തന്നിൽ   പിടിമുറുക്കുന്നതവളറിഞ്ഞു. 

”  ഡീ   നീ   കഴിക്കുന്നില്ലേ  ???  “

മേനോനൊപ്പമിരുന്ന്   ബ്രേക്ക്‌ഫാസ്റ്റ്   കഴിക്കുമ്പോഴും   പുറത്തേക്ക്   തന്നെ    നോക്കിനിന്നിരുന്ന   ജാനകിയോടായി   അപർണ   വിളിച്ചു   ചോദിച്ചു.

”  ഇല്ല   നിങ്ങള്   കഴിച്ചോ  ഞാൻ   അഭിയേട്ടൻ   വന്നിട്ട്   കഴിച്ചോളാം.  “

അങ്ങോട്ട്‌   നോക്കി   അവളുറക്കെ   വിളിച്ചുപറഞ്ഞു.

”  എടീ   നീ   വന്ന്   കഴിക്ക്   ഏട്ടൻ   ചിലപ്പോ   നേരെ   ഓഫീസിലേക്ക്   പോയിട്ടുണ്ടാവും.  ഏട്ടൻ   കാന്റീനിന്ന്   കഴിക്കും   നീ   പട്ടിണിയുമാവും  “

”  എനിക്കെന്തായാലും   ഇപ്പൊ   വേണ്ടെഡാ   “

പറഞ്ഞിട്ട്   ജാനകി   മുകളിലേക്ക്   കയറിപ്പോയി.  അതുകണ്ട്   അപർണയും   മേനോനും   പരസ്പരം   നോക്കി   ചിരിച്ചു. ബ്രേക്ക്‌ ഫാസ്റ്റൊക്കെ   കഴിഞ്ഞ്    മേനോൻ   പത്രവുമെടുത്ത്   പൂമുഖത്ത്   കിടന്ന    കസേരയിലേക്ക്   വന്നിരിക്കുമ്പോഴാണ്   ഫോണടിക്കുന്നത്   കേട്ടത്.  അയാൾ     മുറിയിലേക്ക്   ചെല്ലുമ്പോഴും      ബെഡിൽ   കിടന്നിരുന്ന   ഫോൺ   ചിലച്ചുകൊണ്ടേയിരിക്കുകയായിരുന്നു.     ഫോൺ   കയ്യിലെടുത്ത്   നോക്കുമ്പോൾ   അരുണിന്റെ   നമ്പറിൽ  നിന്നാണ്   കാൾ   എന്ന്   കണ്ട്   അയാൾ   വേഗം   കാൾ   അറ്റൻഡ്   ചെയ്തു.

”  ഹലോ….  “

”  അച്ഛാ….  ഞാൻ    ഹോസ്പിറ്റലിന്നാ വിളിക്കുന്നത്.  ഇവിടെ….  “

”  എന്താ   എന്തുപറ്റി   മോനെ  ???  “

സംശയത്തോടെ   മേനോൻ   ചോദിച്ചു.

”  അതച്ഛാ…. അഭിയെ   ആക്‌സിഡന്റായിട്ടിവിടെ   കൊണ്ടുവന്നിട്ടുണ്ട്.  പെട്ടന്നൊന്നിങ്ങോട്ട്‌   വാ   “

”  അയ്യോ   മോനെ    അവനെന്താ   പറ്റിയത്  ???  “

വെപ്രാളത്തോടെ   മേനോൻ   ചോദിച്ചു. 

”  എല്ലാം   ഇവിടെ   വന്നിട്ട്    പറയാമച്ഛാ… അച്ഛൻ   വേഗം   വാ.  ജാനകിയെക്കൂടി    കൂട്ടിക്കോ   “

”  മോനെ….  “

അവന്റെ   വാക്കുകൾക്ക്   മറുപടിയായി   എന്തോ   പറയാൻ   മേനോൻ   ശ്രമിച്ചുവെങ്കിലും   അതിന്   മുൻപ്   അരുൺ   ധൃതിയിൽ   ഫോൺ   കട്ട്‌   ചെയ്തു.

മേനോൻ   തളർച്ചയോടെ   ബെഡിലേക്കിരുന്നു.  പിന്നെ   എന്തോ   ആലോചിച്ചിട്ടെന്നപോലെ   അയാൾ   വേഗത്തിൽ   താഴേക്ക്   ചെന്നു.   അവിടെ    ജാനകിയും   അപ്പുവും   എന്തോ   സംസാരിച്ചിരുന്നിരുന്നു. 

”  മക്കളെ   രണ്ടാളും   വേഗം   ചെന്ന്   റെഡിയാവ്  നമുക്കൊരിടം   വരെ   പോകാനുണ്ട്.   “

”  എങ്ങോട്ടാ   അച്ഛാ ???  “

പറഞ്ഞിട്ട്   മറുപടിക്ക്   കാക്കാതെ   മുകളിലേക്ക്   നടക്കാൻ   തുടങ്ങിയ   മേനോനോടായി   അപർണ   വിളിച്ചു   ചോദിച്ചു. 

”  അതൊക്കെ   പിന്നെ   പറയാം   നിങ്ങള്   വേഗം   ചെന്ന്   റെഡിയാവ്.  “

വീണ്ടും   ചോദ്യങ്ങൾക്കിടകൊടുക്കാതെ    അയാൾ   മുകളിലേക്ക്   നടന്നു.  ഒന്നും മനസ്സിലാകാതെ    പരസ്പരം    നോക്കിയിട്ട്   ജാനകിയും   അപർണയും   റെഡിയാവാനായി   പോയി.  ജാനകി   മുറിയിലെത്തി   വേഗമൊരു   സാരിയെടുത്തുടുത്തു.   അല്പം   മുറുക്കമുള്ള   സിന്ദൂരച്ചെപ്പിന്റെ   അടപ്പ്   തുറക്കാൻ   ശ്രമിക്കുമ്പോൾ    പെട്ടന്നവളുടെ   കയ്യിൽ   നിന്നത്   വഴുതി   താഴേക്ക്   വീണു.  തറയിൽ   വീണുചിതറിയ   ആ   ചുവപ്പ് രാശിയിലേക്ക്    നോക്കി    അവൾ   നിന്നു.  പെട്ടന്ന്   അഭിയുടെ   മുഖം   അവളുടെയുള്ളിൽ   മിന്നിമറഞ്ഞു.   കാരണമില്ലാതെ     ഒരു   ഭയം   അവളിലേക്കരിച്ചിറങ്ങി. 

”  ജാനീ… വേഗം   വാ   അച്ഛൻ   വെയിറ്റ്   ചെയ്യുവാ  “

അങ്ങോട്ട്   വന്നുകൊണ്ട്   അപർണ   പറഞ്ഞത്   കേട്ട്   ജാനകി   ഞെട്ടിത്തിരിഞ്ഞു. 

”  ഒന്ന്   വാടീ    ഇങ്ങോട്ട്   അച്ഛൻ  ആകെ   ധൃതി   പിടിച്ച്   നിക്കുവാ  “

അവളകത്തേക്ക്   വന്ന്   ജാനകിയുടെ   കൈത്തണ്ടയിൽ   പിടിച്ചുവലിച്ചുകൊണ്ട്    പറഞ്ഞു.  അവൾക്കൊപ്പം   താഴേക്ക്   പോകുമ്പോഴും   ജാനകിയുടെ   നെഞ്ച്   വല്ലാതെ   മിടിച്ചുകൊണ്ടിരുന്നു.  കാറിൽ   ഹോസ്പിറ്റലിലേക്ക്   പോകുമ്പോൾ   അപർണ   എന്തൊക്കെയോ   സംസാരിച്ചുവെങ്കിലും   മേനോനും  ജാനകിയും   നിശബ്ദരായിരുന്നു.   ഏതോ   ചിന്തകളിൽ   മുഴുകിയിരുന്ന്   ഡ്രൈവ്   ചെയ്യുന്ന   മേനോനെ   നോക്കി   നിർവികാരതയോടെ   ജാനകിയിരുന്നു.

കാർ   സിറ്റി ഹോസ്പിറ്റലിന്റെ   ഗേറ്റ്   കടന്ന്   അകത്തേക്ക്   കയറിയതും   അവളുടെ   ഉള്ള്   പിടയ്ക്കാൻ   തുടങ്ങി.   പെട്ടന്ന്   ചുറ്റും   നോക്കിയ   അപർണയിലും   ഒരുതരം  പരിഭ്രമം  പടർന്നു. 

” എന്താ  അച്ഛാ   ഇവിടെ  ???  “

പെട്ടന്ന്   അപർണ   ചോദിച്ചു.

”  ഒരാളെ   കാണാൻ  …  “

കൂടുതലൊന്നും   പറയാതെ   കാർ   പാർക്ക്   ചെയ്ത്   അദ്ദേഹമിറങ്ങി.

”  വാ….  “

ഒന്നും   മനസ്സിലാവാതെ   ഇരിക്കുന്ന   അവരെ   നോക്കി   വിളിക്കുമ്പോൾ   മേനോന്റെ   സ്വരമിടറിയിരുന്നു.  അവർ   മൂന്ന്പേരും   കൂടി   നേരെ   പോയത്   ഫസ്റ്റ്   ഫ്ലോറിലുള്ള   ICU   വിന്   മുന്നിലേക്കായിരുന്നു.  

”  ഞാനൊന്ന്   വാഷ്  റൂമിൽ   പോയിട്ട്   വരാം   “

പെട്ടന്ന്   പറഞ്ഞിട്ട്    ജാനകി    ഒപോസിറ്റുള്ള   റൂമിലേക്ക്   കയറി.  അവൾ   പോയതും   ICU  വിന്റെ   വാതിൽ   തുറക്കപ്പെട്ടു.  പുറത്തേക്ക്   വന്ന   അരുണിന്റെ   അരികിലേക്ക്   മേനോൻ   ഓടിച്ചെന്നു. 

”  മോനേ… എന്റഭി   അവൻ….. “

ഗദ്ഗദത്തോടെയുള്ള   മേനോന്റെ   ചോദ്യം   അപർണയുടെ   നെഞ്ചിലൊരു   വെള്ളിടിയായി   വന്നുപതിച്ചു.

”  എന്റേട്ടൻ  …. “

അവളുടെ   അധരങ്ങൾ   വിറച്ചു.  

”  അരുണേട്ടാ…. എന്റേട്ടനെന്ത്   പറ്റിയതാ ???  ഏട്ടനെവിടെ  ???  “

മേനോനെ   കടന്ന്   അരുണിന്റെ . അരികിലേക്ക്   വന്ന്   നിറമിഴികളോടെ   അവന്റെ   കോളറിൽ . പിടിച്ചുലച്ചുകൊണ്ടവൾ   ചോദിച്ചു.

”  അപ്പൂ   പ്ലീസ്   നീയൊന്നടങ്ങ്.  ആക്‌സിഡന്റ്   ആയി   ഇവിടെ   കൊണ്ടുവന്ന   ശേഷമുള്ള   കാര്യങ്ങളേയെനിക്കറിയൂ.  ഇപ്പോഴത്തെ   കണ്ടിഷൻ…. “

അവൻ   വിക്കി.  അപ്പോഴും   അപർണയുടെ   മിഴികൾ   നിറഞ്ഞൊഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു.

”  എന്താന്ന്   പറയരുണേട്ടാ….  “

ക്ഷമ   നശിച്ചവളെപ്പോലെ   അവൾ   ചോദിച്ചു.

”  ആക്‌സിഡന്റ്   നടന്ന്   ഏകദേശം   അരമണിക്കൂറോളം   റോഡിൽക്കിടന്നിട്ടാണ്   ഇവിടെ   കൊണ്ടുവന്നത്.  അപ്പോഴേക്കും   ഒരുപാട്   ബ്ലഡ്   നഷ്ടപ്പെട്ടിരുന്നു.  സ്കാനിംഗിൽ   തലക്ക്   സാരമായി   പരിക്കേറ്റിട്ട്   ബ്ലഡ്   ക്ലോട്ട്   ചെയ്തിട്ടുണ്ട്.  ഇതുവരെ   ഒന്നും   പറയാറായിട്ടില്ല.  ഡോക്ടർസിന്   ചെയ്യാൻ   കഴിയുന്നതിന്റെ   മാക്സിമം   ഞങ്ങൾ   ചെയ്യുന്നുണ്ട്.  പക്ഷേ   അതിലൊക്കെ   എന്തെങ്കിലും   കാര്യമുണ്ടോ   എന്ന   കാര്യത്തിൽ  ഇപ്പോഴും   ആർക്കുമൊരു   ഉറപ്പില്ല.    ജീവൻ   തിരിച്ചുകിട്ടിയാലും    മടങ്ങിവരുന്നത്   പഴയ   അഭി   തന്നെയായിരിക്കുമോ   എന്ന   കാര്യത്തിൽ   ഇപ്പൊ   ഒരുറപ്പും   പറയാൻ   കഴിയില്ല.  ഒരുപക്ഷേ   അവന്റെ   ഓർമ്മകൾ   നഷ്ടമായേക്കാം   അല്ലെങ്കിൽ   ഒരു   കോമസ്റ്റേജിലേക്ക്   പോവാനുമുള്ള   സാധ്യതയും  തള്ളിക്കളയാനാവില്ല.  “

തല    കുനിച്ചുനിന്ന്   ആരെയും   നോക്കാതെ   അരുണത്   പറയുമ്പോൾ   മേനോൻ   തളർച്ചയോടെ   പിന്നിലെ   കസേരയിലേക്കിരുന്നു. 

”  അപ്പൂ…. നീയെന്താ   ഇങ്ങനെ  ???   ജാനകിക്കൊരു   താങ്ങായി   ഇപ്പോ   നീ   മാത്രമേയുള്ളൂ   അത്   മറക്കരുത്.  “

കരച്ചിലോടെ   തറയിലേക്ക്   വീഴാനൊരുങ്ങിയ   അപർണയെ   താങ്ങിപ്പിടിച്ചുകൊണ്ട്   അരുൺ   പറഞ്ഞു.

”  അരുണേട്ടാ   എന്റേട്ടൻ…. “

പൊട്ടിക്കരഞ്ഞുകൊണ്ടവളവന്റെ   നെഞ്ചിലേക്ക്   വീണു.  അവളെ   ചേർത്തുപിടിച്ചാശ്വസിപ്പിക്കുമ്പോൾ   അവന്റെ   കണ്ണുകളിലും   നീർപൊടിഞ്ഞിരുന്നു. 

”  അപ്പൂ  ജാനകി….  “

അരുൺ   പറഞ്ഞത്  കേട്ട്   മിഴികൾ   തുടച്ചുകൊണ്ട്   അപർണ   തിരിയുമ്പോൾ   ഭിത്തിയിൽ   അമർത്തിപ്പിഡിച്ചുകൊണ്ട്   നിൽക്കുന്ന   ജാനകിയെയാണ്   കണ്ടത്.  അവളെല്ലാം   കേട്ടുവെന്ന്   മനസ്സിലാക്കാൻ    ഇടതടവില്ലാതെ   ഒഴുകിക്കോണ്ടിക്കുന്ന   ആ   മിഴികൾ   തന്നെ   ധാരാളമായിരുന്നു.  അവരെ   ആരെയും    ശ്രദ്ധിക്കാതെ   ആ   മിഴികൾ   ICU  വിന്റെ   ഡോറിൽ   തന്നെ   തറഞ്ഞ്   നിൽക്കുകയായിരുന്നു. 

”  ജാനീ…. “

തന്റെ   നൊമ്പരം   മറന്ന്   ഓടിയവളുടെ   അരികിൽ   ചെന്ന്   അവളെ   ചേർത്ത്   പിടിച്ചുകൊണ്ട്   അപർണ   വിളിച്ചു.  പക്ഷേ   മിഴികൾ   പെയ്തുകൊണ്ടിരുന്നുവെങ്കിലും   അവളിൽ   നിന്നും   പ്രതികരണങ്ങളൊന്നുമുണ്ടായില്ല.  അവളുടെയാ   ഭാവം   എല്ലാവരിലും    ഭയമുണർത്തി. 

”  ജാനീ   മോളേ… “

മിഴികളിൽ  പോലുമൊരു   ചലനമില്ലാതെ   നിന്നിരുന്ന   അവളെ   കുലുക്കി   വിളിച്ചുകൊണ്ട്   അപർണ    വിളിച്ചു.  ജാനകി   യാന്ത്രികമായി   അവളുടെ   നേരെ   തിരിഞ്ഞു. 

”  അഭിയേട്ടൻ….. “

മുന്നിലെ   ഗ്ലാസ്   ഡോറിന്   നേരെ   വിരൽ   ചൂണ്ടി   വല്ലാത്തൊരു   ഭാവത്തിൽ   അവൾ   പറഞ്ഞു. 

”  ഞങ്ങളെയൊന്ന്   കാണിക്കരുണേട്ടാ…. “

പെട്ടന്ന്   അരുണിന്റെ   നേർക്ക്   തിരിഞ്ഞ്   യാചനയോടെ   അപർണ   പറഞ്ഞു.  ഒന്നും   മിണ്ടാതെ   അവൻ   ICU   വിന്റെ   വാതിൽ   അവർക്ക്   മുന്നിൽ   തുറന്നു.  അകത്തേക്ക്   കയറുമ്പോൾ   ജാനകി   അപർണയുടെ   കയ്യിൽ   മുറുകെപ്പിടിച്ചിരുന്നു.  ഉള്ളിൽ  വെന്റിലേറ്ററിൽ   കിടന്ന്  പ്രാണനുവേണ്ടി   മല്ലിട്ടുകൊണ്ടിരുന്ന   അവനരികിലേക്കെത്തുമ്പോൾ   അപർണ   ദുപ്പട്ടകൊണ്ട്    വായ  അമർത്തിപ്പിടിച്ച്   പൊട്ടിക്കരഞ്ഞു.  ജാനകിയുടെ   മിഴികൾ    അല്പനേരം   അവനിൽത്തന്നെ   തറഞ്ഞ്   നിന്നു. പിന്നെ   പതിയെ   കൈകളുയർത്തി   ആ   മുഖത്ത്   തലോടി. 

”  അഭിയേട്ടാ…..  “

പെട്ടന്ന്   സ്വബോധം   വന്നത്   പോലെ   അവനെ   നോക്കി   അവളലറിക്കരഞ്ഞു.  പൊട്ടിക്കരഞ്ഞുകൊണ്ട്   അവളവന്റെ   മേലേക്ക്   വീഴുമെന്ന്   തോന്നിയപ്പോൾ   അപർണയും   അരുണും   കൂടിയവളെ  താങ്ങിപ്പിടിച്ചു. 

”  അഭിയേട്ടാ…. കണ്ണുതുറന്നെന്നെയൊന്ന്   നോക്കഭിയേട്ടാ…. എന്നെ   വിട്ട്   പോകല്ലേയഭിയേട്ടാ…. “

അവരുടെ   കയ്യിൽക്കിടന്ന്   കുതറിക്കോണ്ടവളലറിക്കരഞ്ഞു. 

”  അഭിയേട്ടാ….. “

തളർന്ന   സ്വരത്തിൽ   വിളിച്ചുകൊണ്ട്   അവളവരുടെ   കയ്യിൽ   നിന്നുമൂർന്ന്   താഴേക്ക്   വീണു.  ആ   മിഴികൾ   പതിയെ  അടഞ്ഞു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!