പുറത്ത് മഴ പെയ്തു തുടങ്ങി. പത്രോസച്ചായൻ ജനാലയുടെ കതകുകൾ മെല്ലെ അടച്ചു ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു. അവിടെ ഇരുന്നാൽ തൊട്ടുതാഴെയുള്ള റോഡും അതിനപ്പുറമുള്ള പുഴയും കാണാം. തെക്കേടത്ത് ജാനുവേടത്തി ഒരു കെട്ടുപുല്ലും ആയി അതിവേഗം റോഡിലൂടെ നടന്നു പോയി. ഒരു തുള്ളിക്കൊരുകുടം പോലെ. ലണ്ടനിൽനിന്നും പെങ്ങളുടെ മകൻ ആൻഡ്രൂ നാട്ടിലെത്തിയിട്ടുണ്ട്. അവനും ബാൽക്കണിയിൽ മഴ നോക്കി നിൽക്കുകയാണ്. മുറ്റത്തിന് അരികിലുള്ള തൊട്ടാവാടികൾ എല്ലാം മഴയേറ്റ് നമ്രശിരസ്കരായി നിൽക്കുകയാണ്. പനമ്പിള്ളി തറവാട്ടിലെ അഞ്ചു മക്കളിൽ ഏറ്റവും മൂത്തയാളാണ് പത്രോസ് . ഏകദേശം അമ്പത്തെട്ടു വയസ്സോളം പ്രായം വരും. പക്ഷെ കണ്ടാൽ ഒരു നാല്പത്തതിനാലെ പറയൂ. ആറടി മേലെ ഉയരവും വെളുത്ത് മെലിഞ്ഞ ശരീരവും കട്ടിമീശയും ഉള്ള സുമുഖനായ ഒരു മനുഷ്യൻ. പത്രോസച്ചായൻ കവലയിലൂടെ നടക്കുമ്പോൾ ഇപ്പോഴും ആരും ഒന്നു നോക്കിപ്പോകും. കരിമ്പൻ കുറ്റിയിലെ പത്താംവാർഡ് മെമ്പറും, പള്ളിയിലെ കൈക്കാരനും അതിലുപരി സർവർക്കും സഹായിയും ആണ് പത്രോസ്. അതുപോലെ തന്നെ ആയിരുന്നു പത്രോസിന്റെ അപ്പൻ വറീതും. നാട്ടിലെ പഴയകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. പനമ്പിള്ളി തറവാടിന്റെ ഇപ്പോഴുള്ള സർവഐശ്വര്യങ്ങള്കും പിന്നിൽ ആ മനുഷ്യന്റെ കഠിനാദ്വ്നാവും, കുടുംബസ്നേഹവും അന്നെന്നു പറയപ്പെടുന്നു.
റോസി കാപ്പി എടുത്ത് അമ്മയെ കൂടെ വിളിച്ചോണ്ട് വാ മഴ കാണാം. പത്രോസ് ഭാര്യയെ വിളിച്ചു പറഞ്ഞു. ബാൽക്കണിയിൽ നിന്നും ആൻഡ്രൂവിനെയും താഴേക്ക് വിളിച്ചു. അതവിടെ ഒരു പതിവാണ്. മഴ തിമർത്തു പെയ്യുമ്പോൾ ഉമ്മറത്തു എല്ലാവരും കൂടെയിരുന്നു കട്ടന്കാപ്പികുടിക്കൽ. ഭാര്യ റോസി കനിഞ്ഞാൽ കൂടെ ഒരു കടിയും കിട്ടും. കുമ്പിൾ പുഴുങ്ങിയതോ, കപ്പ വറുത്തതോ ,അല്ലെങ്കിൽ പരിപ്പുവടയോ മറ്റോ. ഇന്ന് ചക്ക വറുത്തതേ ഉള്ളൂ അച്ചായാ അടുത്ത മഴയ്ക്ക് കുമ്പിൾ ഉണ്ടാക്കിത്തരാം എന്നുപറഞ്ഞു റോസി ഒരു ചിരിയോടെ കാപ്പി വിതരണം ചെയ്തു. കരിമ്പൻകുറ്റി കുടകിനോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ മീനമാസം പകുതിയോടെ തന്നെ അവിടെ മഴ തുടങ്ങും. മിക്കപ്പോഴും ഇടിയോടും മിന്നലും കൂടിയാണ് മഴ വരിക. പക്ഷേ ഇന്നത്തെ മഴയിൽ അതൊന്നുമില്ല ചെറുതായിട്ട് കാറ്റു വീശുന്നുണ്ട് അത്രമാത്രം. പുഴയിൽ പക്ഷേ കലക്കവെള്ളം വന്നു തുടങി,കാട്ടിൽ മഴ പെയ്യുന്നുണ്ടാവണം.അച്ചായാ ഇന്ന് മീൻ പിടിക്കാൻ പറ്റുമോ പുഴയിൽ അത്യാവശ്യം വെള്ളം ഉണ്ടല്ലോ ? ആൻഡ്രൂസിന് വന്നപ്പോൾ മുതൽ ഉള്ള ആഗ്രഹമാണ് പുഴയിൽ മീൻ പിടിക്കുക എന്നത്. ഇത്രയും കാലം വെള്ളം ഇല്ലാത്തതിന് പേരിൽ നിരുത്സാഹപ്പെടുത്തി എങ്കിലും ഇന്ന് ഒരു കൈ നോക്കാം എന്നു തോന്നുന്നു. പുറകെ വന്നു അമ്മച്ചിയുടെ ചോദ്യവും പുഴമീൻ കഴിച്ച കാലം മറന്നു അല്ലേ മോനെ? നമുക്ക് നോക്കാം നേരം സന്ധ്യ ആവട്ടെ എന്നു രണ്ടുപേരോടും പറഞ്ഞിട്ട് പത്രോസച്ചായൻ വല സൂക്ഷിച്ചിരിക്കുന്ന ഷെഡിലേക്ക് ഒരു കുടയും എടുത്തു നടന്നു. കുടുംബത്തിൽ പാരമ്പര്യമായി കിട്ടിയതാണ് ഈ മീൻപിടുത്തം. വല്യപ്പനും അപ്പനും മുതൽ പനമ്പിള്ളി തറവാട്ടിൽ മീൻപിടുത്തം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അപ്പൻറെ കൂടെ മീൻപിടിക്കാൻ പോകാറുള്ള ആ കാലം പത്രോസിന് ഓർമ്മ വന്നു. ഇടവപ്പാതി തുടങ്ങി മൂന്നാല് മഴപെയ്തു പുഴയിൽ ഒരുവിധം വെള്ളമൊക്കെ വന്നതിനുശേഷമാണ് അപ്പൻ മീൻ പിടുത്തത്തിന് ഇറങ്ങാറുള്ളത്. പെട്രോൾ മാക്സും ടോർച്ചും ഒക്കെയായി താനും അനിയൻ ആൻറണിയും കൂടെ ഒരു ഏഴ് ഏഴര മണിയോടുകൂടി അപ്പൻറെ കൂടെ വലവീശാൻ ഇറങ്ങും. ചിലപ്പോഴൊക്കെ മീൻപിടുത്തം ഉഷാറാക്കാൻ വേണ്ടി അപ്പൻ കവലയിലുള്ള കള്ളുഷാപ്പിലും ഒന്ന് കേറും . തിരിച്ചുവരുമ്പോൾ കള്ളിന്റെപേരിൽ അമ്മച്ചിയുടെ കയ്യിൽനിന്നും അപ്പന് കണക്കിന് ശകാരവും കിട്ടും. വീട്ടിൽ നിന്നും ഒരു മൈൽ അകലെയുള്ള കട്ടക്കയത്തിൽ ആണ് അപ്പൻ വലവീശൽ ആരംഭിക്കുക. പതിനാലാടിയോളം എങ്കിലും താഴ്ചയുള്ള ഒരു കയം ആണ് കട്ടക്കയം. അതിനു തൊട്ടു ഒരു കടവും ഉണ്ട്. അവിടെയാണ് വല വീശുക .അന്നൊക്കെ വലിയ മീനുകൾ ആണ് കിട്ടുക ഒന്നും രണ്ടും കിലോയുള്ള കറ്റികൾ ,ആറ്റുവാളകൾ,അരക്കിലോഓളം വരുന്ന പരൽമീനുകൾ , മഞ്ഞക്കൂരികൾ,ബ്ലാഞ്ഞിൽകൾ,ആരകൻ എന്ന് വേണ്ട വലിയ കല്ലേമുട്ടികൾ വരെ അതിൽ പെടും. ചിലപ്പോഴൊക്കെ ഒന്ന്രണ്ടു കടവുകൾ വീശുമ്പോൾ തന്നെ ആവശ്യത്തിനുള്ള മീൻ കിട്ടും . പിന്നെ വീട്ടിലെത്തി അമ്മച്ചിയെ മീൻ ഏൽപ്പിച്ചു അപ്പന്റെ കൂടെ വലയും വൃത്തിയാക്കി കുളിച്ചു വരുമ്പോഴേക്കും മീൻ വറുത്തതും ചോറും തയ്യാർ ആയിട്ടുണ്ടാവും . മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും കറിവേപ്പിലയും എല്ലാം ചേർത്തു അമ്മച്ചി വറുക്കാറുള്ള മീനിനും എന്തൊരു രുചിയായിരുന്നു.ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. .ബാക്കിയുള്ള മീൻ അമ്മച്ചി ഉപ്പിട്ടു വെക്കും . പിറ്റേന്നത്തെ കപ്പക്കുള്ള മീൻകറി ആയിട്ടും ഉച്ചയ്ക്കത്തെ ചോറിനുള്ള തേങ്ങാപീര പറ്റിച്ചത് ആയിട്ടും ഒക്കെ അതു മേശമേൽ എത്തും . എല്ലാവരും കൂടെ ഇരുന്ന് കഴിക്കാറുള്ള , ഊൺമേശയിൽ അപ്പൻറെ പഴം പുരാണങ്ങളും തമാശകളും വാർത്തകളും നിറഞ്ഞുനിന്നിരുന്ന ആ കാലവും ഒത്തിരി മനോഹരമായിരുന്നു .
നേരം സന്ധ്യയായി മഴ ഇപ്പോഴും തോർന്നിട്ടില്ല . ഷെഡിൽ നിന്നും ഒടക്കുവലയും, വീശുവലയും എടുത്ത് പത്രോസും ഒപ്പം കുടയുമെടുത്ത് ആൻഡ്രൂസും പുറത്തിറങ്ങി.വീടിനുമുന്പിലുള്ള കടവിൽ ഉടക്കുവലയിടാം,പിന്നെ കട്ടക്കയത്തും മറ്റും ഒന്ന് വീശുകയും ചെയ്യാം.പുഴയിൽ പഴയപോലെ മീനുകളില്ല .വലിയ മീനുകളെ കാണാൻ കിട്ടിയിട്ട് വർഷങ്ങളായി എന്നു പറയാം.പത്രോസ് ഒടക്കുവലയുടെ ഒരറ്റം ആറ്റുവഞ്ചിയിൽ കെട്ടി പതിയെ വലയിട്ടു തുടങ്ങി . വലയുടെ താഴെയറ്റത്തുള്ള ഈയം മണികൾ പുഴയിലെ ഉരുളന്കല്ലുകളിൽ പതിക്കുന്നതും, മുകൾഭാഗത്തെ ഓറഞ്ചു വളയങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും , വലയുടെ മറ്റേഅറ്റം അച്ചായൻ അക്കരെയുള്ള ആറ്റുവഞ്ചിയിൽ ഉറപ്പിക്കുന്നതും ആൻഡ്രുസ് മൊബൈലിൽ പകർത്തി .യൂട്യൂബ് ചാനലിലെ തന്റെ അടുത്ത എപ്പിസോഡ് ഈ മീന്പിടുത്തമാണ് എന്നവനുറപ്പിച്ചു. നാട്ടിൽ വന്നപ്പോൾ മുതൽ അവന്റെ ചാനലിൽ കരിമ്പൻകുറ്റിയിലെ വിശേഷങ്ങളാണ് .പുഴയും,മഴയും,മാങ്ങയും,ചക്കയും അവന്റെ ചാനലിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടാക്കി
മോനെ നിന്റെ വീഡിയോ പരിപാടി കഴിഞ്ഞെങ്കിൽ നമുക്ക് അടുത്ത കടവുകളിലേക്കു പോകാം. അച്ചായനൊപ്പം ആൻഡ്രൂസ് കട്ടക്കയത്തേക്കു നടന്നു.ടോർച്ചുവെട്ടം ഇരുട്ടിനെ കീറിമുറിച്ചു അവർക്കു വഴികാട്ടിയായി . ഇടക്കെപ്പോഴോ കുറെ ഈയലുകൾ ക്ഷണിക്കാത്ത അതിഥികളെ പോലെ ആൻഡ്രുസിൻറെ ടോർച്ചിനെ വട്ടമിട്ടു.കട്ടക്കയം അടുക്കാറായപ്പോഴാണ് വെളുത്തേടത്തെ നാരായണിയെ പറ്റി പത്രോസിനോർമ്മ വന്നത്.കഴിഞ്ഞ ദിവസമാണ് അമ്മച്ചി ആ പഴംകഥകളൊക്കെ ആൻഡ്രൂസിനെ പറഞ്ഞു കേൾപ്പിച്ചത് .വെളുത്തേടത്തു തറവാട്ടിലെ നാരായണി നല്ല സുന്ദരിയാരുന്നു.അപ്പൻ മലബാറിൽ വന്നിട്ട് അധികം കാലം ഒന്നും ആയിരുന്നില്ല . വെളുത്തേടത്തുകാരുടെ സ്ഥലം പാട്ടത്തിനെടുത്തു അപ്പനും കൂട്ടുകാരൻ തൊമ്മനും കൂടെ കപ്പക്കൃഷി നടത്തുന്ന സമയം. ഇടയൊക്കെപ്പോഴോ തൊമ്മനും നാരായണിയും തമ്മിൽ ഇഷ്ടത്തിലായി, വീട്ടുകാരൊക്കെ അറിഞ്ഞു. പഴയകാലമല്ലേ നാരായണിയെ അവര് വീട്ടുതടങ്കലിൽ ആക്കി. വിഷമം മൂത്തു ഒരു ദിവസം നാരായണി അടുത്തുള്ള കട്ടക്കയത്തിൽ ചാടി ആത്മഹത്യാ ചെയ്തു. ചുഴിയിൽ പെട്ടുപോയതിനാലാണ് മരിച്ചെന്നാണ് പറയപ്പെടുന്നത്. അന്നത് നാട്ടിൽ ഒരു വല്യ സംഭവം ആരുന്നു .തൊമ്മന് വല്യ അഹാതവും .പിന്നെ തൊമ്മൻ മലബാറിൽ നിന്നില്ല. കാഞ്ഞിരപ്പള്ളിയിലേക്കു തന്നെ തിരിച്ചുപോയി. അപ്പനും കുറച്ചുകാലത്തേക്ക് മിണ്ടാട്ടം ഇല്ലാരുന്നു. ആ സംഭവത്തിന് ശേഷം നാട്ടുകാർക്ക് പക്ഷെ കട്ടക്കയത്തു മീൻ പിടിക്കാൻ പോവാൻ പേടിയായിരുന്നു .രാത്രിയിൽ നാരായണിയുടെ ആത്മാവ് ശാന്തി കിട്ടാതെ അതിലെ അലഞ്ഞുതിരിയുന്നുണ്ടാവും എന്നാണ് വിശ്യാസം.ചിലരൊക്കെ കണ്ടിട്ടുമുണ്ടത്രെ. തെക്കേടത്ത് ജാനുവേടത്തിയുടെ അച്ഛൻ ശിവൻചേട്ടൻ കവലയിൽ നിന്നും രാത്രിയിൽ സാധനങ്ങളൊക്കെ വാങ്ങി വരുമ്പോൾ വെളുത്തവസ്ത്രം ധരിച്ച ആരോ ഒരാൾ റോഡ് മുറിച്ചു കടന്നു താഴെയുള്ള പുഴയിലേക്ക് നടന്നുപോകുന്നത് കണ്ടു. ശിവൻചേട്ടനെ തിരിഞ്ഞു ഒന്ന് നോക്കുകയും ചെയ്തത്രേ.രണ്ടു ദിവസത്തേക്ക് പുള്ളിക്കാരൻ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു എന്നാണ് നാട്ടിലെ സംസാരം.പിന്നെ ചിലോരൊക്കെ ആ സ്ഥലത്തൂടെ നടക്കുമ്പോൾ പദസരമണിക്കിലുക്കം കേൾക്കാറുണ്ട് എന്നും പറയപ്പെട്ടു .അങ്ങനെയങ്ങനെ നാട്ടുകാരുടെ ആ ഭാഗത്തൂടെയുള്ള രാത്രിയിലുള്ള സഞ്ചാരവും കുറഞ്ഞു വന്നു. അതിനുശേഷം അപ്പന്റെ കൂടെ മീൻ പിടിക്കാൻ പോകാറുള്ള രാത്രികളിൽ തനിക്കും അനിയനും അകാരണമായിട്ടുള്ള ഭയം ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് എന്നതാണ് സത്യം.
കട്ടക്കയത്തിലേക്കുള്ള പടവുകളിറങ്ങുമ്പോൾ ആൻഡ്രുസും നാരായണിയെ ഓർത്തു. പാവം ഈ കാലഘട്ടത്തിൽ ആയിരുന്നേൽ അവർ ഒരുമിച്ചു ജീവിച്ചേനെ.സമൂഹം എത്ര മാറിയിരിക്കുന്നു.വീശുവലയുടെ കയറിന്റെ അറ്റം കയ്യിൽചുറ്റി ഒന്ന് കറങ്ങി പത്രോസച്ചായൻ വല എറിഞ്ഞു .പിന്നെ പതിയെ വലതെറുത്തു വലിച്ചുകേറ്റുമ്പോൾ നല്ല ഭാരം തോന്നി. വല നിറയെ മീൻ ഉണ്ട്. മണല്പരപ്പിലേക്കു മാറിനിന്ന് വല നിവർക്കുമ്പോൾ അവർക്കു മുന്നിലായി കുറെ കറ്റികളും, വലിയ പരലുകളും, ആറ്റുവാളകളും, മഞ്ഞക്കൂരികളും, കല്ലേമുട്ടികളും പിടച്ചു വീണുകൊണ്ടിരുന്നു. ഏറെ കാലത്തിനു ശേഷം കൈനിറയെ മീൻ കിട്ടിയ സന്തോഷത്തിൽ പത്രോസ് നിൽകുമ്പോൾ, വീഡിയോ റെക്കോർഡിങിനൊപ്പം, തെന്നിത്തെറിക്കുന്ന മീനുകളെ ഓരോന്നിനെയും കൂടയിലാക്കാൻ ആൻഡ്രൂസ് പെടാപാട് പെടുകയായിരുന്നു. അപ്പോഴവിടെ എവിടെനിന്നോ ഒരു മണിയൊച്ച! പാദസരം കിലുങ്ങിയതാണോ!!വെറുതെ! തോന്നിയതാവാം!!
The End !
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kurachoode aavayirunnu. Spr