” ഏട്ടനെന്താ ഇവിടെ വന്നുകിടക്കുന്നത് മുറിയിലെന്താ ??? “
രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ ഹാളിലെ സോഫയിൽ കിടന്നുറങ്ങുകയായിരുന്ന ഋഷിയെ തട്ടിവിളിച്ചുകൊണ്ട് ശബരി ചോദിച്ചു.
” അത്…. മുറിയിലവളുണ്ട് “
പെട്ടന്ന് ഞെട്ടിയുണർന്ന് അവനെയൊന്ന് നോക്കി ഉറക്കം മുറിഞ്ഞതിന്റെ അനിഷ്ടത്തോടെ പറഞ്ഞു.
” അവളോ ഏതവൾ ???. “
” ഒന്നൊന്നര മാസം മുൻപിവിടുന്നിറങ്ങിപ്പോയില്ലേ നിന്റെ പുന്നാര ഏട്ടത്തി. അവള് തന്നെ. “
ചുണ്ടുവക്രിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ആഹാ അപ്പോ ഏട്ടത്തി തിരികെ വന്നോ ?? “
അത്‍ഭുതത്തോടെയുള്ള ശബരിയുടെ ആ ചോദ്യത്തിലുണ്ടായിരുന്നു അവന്റെ ഉള്ളിലെ സന്തോഷമെല്ലാം.
” അല്ല വന്നുകയറിയപാടെ ഏട്ടത്തി ഏട്ടനെ റൂമീന്ന് പുറത്താക്കിയോ ??? “
സോഫയിലേക്കിരുന്ന് ഋഷിയുടെ തോളിലൂടെ കയ്യിട്ടൊരു കുസൃതിച്ചിരിയോടെ ശബരി ചോദിച്ചു.
അതുകൂടി കേട്ടതും ഋഷിക്ക് ദേഷ്യമിരച്ചുകയറി.
” എന്നെ എന്റെ റൂമീന്ന് പുറത്താക്കാൻ അവളാരെടാ ??? “
അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ഋഷി ചീറി.
” അല്ല പിന്നീപാതിരാത്രി ഇവിടെവന്ന് സോഫയിൽ കിടക്കുന്നത് കാണുമ്പോ ഞാൻ വേറെന്ത് വിചാരിക്കും ??? “
” അതുപിന്നെ…. അവളുടെ മരമോന്ത കാണുന്നതിലും ഭേദം ഇതാണെന്ന് തോന്നി അതാ… “
ആക്കിച്ചിരിച്ചുകൊണ്ടുള്ള അവന്റെ ചോദ്യത്തിന് മറുപടിയായി ഋഷി പറഞ്ഞു.
” ഉവ്വുവ്വേ…. ഞാൻ വിശ്വസിച്ചു. ഞാൻ പോയേക്കാം വെറുതേ കിടന്നുരുണ്ട് കളിക്കണ്ട “
പറഞ്ഞുചിരിച്ചുകൊണ്ട് അവൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.
” ഈശ്വരാ… ഇനിയീ തെണ്ടീടെ ആക്കലും കൂടി സഹിക്കണമല്ലോ. നിനക്ക് ഞാൻ വച്ചിട്ടുണ്ടെഡീ കുട്ടിഭൂതമേ…. “
ആരോടെന്നില്ലാതെ പറഞ്ഞിട്ട് അവൻ വീണ്ടും സോഫയിലേക്ക് തന്നെ ചാഞ്ഞു. രാവിലെ അടുക്കളയിൽ നിന്നുമുള്ള പാത്രങ്ങളുടെ ശബ്ദം കേട്ടാണ് അവൻ ഉറക്കമുണർന്നത്. അപ്പോഴേക്കും സമയം ഏഴുകഴിഞ്ഞിരുന്നു. അവൻ പതിയെ എണീറ്റ് മുകളിലേക്ക് നടന്നു. അപ്പോഴേക്കും അഗസ്‌ത്യ വാതിലൊക്കെ തുറന്നിരുന്നു. അവനകത്തേക്ക് കയറുമ്പോൾ കുളി കഴിഞ്ഞുവന്ന് സാരി ഉടുത്തുകൊണ്ടിരിക്കുകയായിരുന്നു അവൾ.
” എന്റെ റൂമീന്ന് നീയെന്നെ പുറത്താക്കും അല്ലേടി ??? “
ശബ്ദമുണ്ടാക്കാതെ പിന്നിൽ ചെന്നവളുടെ ഇടുപ്പിൽ പിടി മുറുക്കി അവളുടെ ഈറൻ മുടി വകഞ്ഞുമാറ്റി ആ കാതോരമവൻ ചോദിച്ചു. ഒരു ഞെട്ടലോടെ അവനിൽ നിന്നും പിടഞ്ഞുമാറാനൊരു പാഴ്ശ്രമമവൾ നടത്തിയെങ്കിലും അവന്റെ കൈകൾ അവളിലൊന്നുകൂടി മുറുകാൻ മാത്രമാണ് അതുപകരിച്ചത്. അതിനിടയിലെപ്പോഴോ മാറിൽ വെറുതേ ചുരുട്ടിയിട്ടിരുന്ന ഓയിൽ സാരിയുടെ തുമ്പുമൂർന്ന് താഴേക്ക് വീണിരുന്നു. അതുകൂടിയായപ്പോൾ ഒരു കൈ മാറിൽ പിണച്ചുവച്ച് മറുകൈകൊണ്ടവനെ തള്ളിമാറ്റാനവൾ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
” ഹാ അങ്ങനങ്ങ് പോയാലോ അവിടെ നിക്കെഡീ…. ഇന്നലെ മുറിക്ക് പുറത്തേ കൊതുകുകടിയും സഹിച്ച് എന്നെ സോഫയിൽ കിടത്തിയുറക്കാൻ ധൈര്യം കാണിച്ചവളല്ലേ നീ. എന്നാപ്പിന്നിപ്പോ എന്നേയൊന്നുറക്കിയിട്ട് പോയാ മതി നീ… “
ഒരു വഷളൻ ചിരിയോടെ അവളിലേക്കൊന്നുകൂടി അടുത്തുകൊണ്ട് അവൻ പറഞ്ഞു.
” വിടെന്നെ… “
വിയർപ്പുതുള്ളികളും ജലകണങ്ങളുമിടകലർന്ന് ഈറനായിരുന്ന അവളുടെ കഴുത്തിലേക്ക് അവന്റെ മുഖമടുക്കുമ്പോഴായിരുന്നു സർവ്വശക്തിയുമെടുത്ത് അവളവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞത്.
” ഒരുപാടങ്ങ് കിടന്ന് തിളയ്ക്കാതെഡീ….. നിന്നെയെന്റെ കൂടെ കിടത്തിയുറക്കുമെന്ന് ഈ ഋഷി തീരുമാനിച്ചാൽ തീരുമാനിച്ചതാ. “
വീണ്ടും അവളോടടുത്തുകൊണ്ട് അവൻ പറഞ്ഞു.
” ദേ ഒരു കാര്യം പറഞ്ഞേക്കാം ഇനിയൊരിക്കൽക്കൂടി അനുവാദമില്ലാതെന്റെ ദേഹത്ത് തൊട്ടാൽ നിങ്ങള് വിവരമറിയും. “
ഊർന്നുവീണ സാരിനേരെയാക്കി അവനുനേർക്ക് വിരൽ ചൂണ്ടി നിന്നുകൊണ്ട് അവൾ പറഞ്ഞു.
” തൊട്ടാൽ നീയെന്നെയെന്ത് ചെയ്യുമെഡീ ??? ഞാൻ നിന്നെ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ് കൊടുക്കുമോ ??? “
അവളുടെ വാക്കുകളുടെ മൂർച്ചയിൽ ഒന്ന് പകച്ചെങ്കിലും അതൊളിപ്പിച്ച് ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയോടെ അവൻ ചോദിച്ചു.
” ഞാനിവിടെക്കിടന്ന് വിളിച്ചുകൂവും നിങ്ങടച്ഛനുമമ്മയും കൂടപ്പിറപ്പുകളുമൊക്കെയൊന്നറിയട്ടെ അവരാരുമറിയാത്തൊരു മുഖം കൂടി നിങ്ങൾക്കുണ്ടെന്ന്. പിന്നെ കേസ് കൊടുക്കുന്ന കാര്യം അത്ര നിസ്സാരമായൊന്നും കാണണ്ട. ഭാര്യാഭർത്താക്കൻമാരായാലും അനുവാദമില്ലാതെ ഒരു പെണ്ണിന്റെ ദേഹത്ത് തൊടുന്നത് നിയമത്തിന് മുന്നിൽ തെറ്റുതന്നെയാണ്. അതുകൊണ്ട് കൂടുതലങ്ങ് പുച്ഛിക്കുകയൊന്നും വേണ്ട. കൂടുതൽ വിളച്ചിലെടുത്താൽ അതിനും ഞാൻ മടിക്കില്ല. “
തന്നെ തുറിച്ചുനോക്കിയുള്ള ആ പെണ്ണിന്റെ വാക്കുകളിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് അപ്പോഴും അമ്പരന്ന് നിൽക്കുകയായിരുന്നു ഋഷി.
” എല്ലാം മതിയാക്കിപ്പോയ ഞാൻ വീണ്ടുമിങ്ങോട്ട് തിരികെ വന്നപ്പോൾ എന്റെ പുന്നാരക്കെട്ടിയോനെന്താ വിചാരിച്ചത് വീണ്ടും നിങ്ങൾ കാണിക്കുന്നതും പറയുന്നതുമെല്ലാം സഹിച്ച് ഒരു കണ്ണീർസീരിയലിലെ നായികയെപ്പോലെ ഞാനിവിടെ കഴിയുമെന്നൊ ??? എന്നാലേ എന്റെ കെട്ടിയോന് തെറ്റിപ്പോയി ഞാൻ നിങ്ങളുടെ ചെയ്തികളെല്ലാം സഹിച്ചിട്ടുണ്ട് പക്ഷേ ഇനി അഗസ്ത്യയെ അതിന് കിട്ടില്ല. ഇങ്ങോട്ട് കിട്ടുന്നതിന്റെ ഡബിൾ തിരിച്ചും തന്നിരിക്കും. അതിനി വാക്കുകൊണ്ടുള്ള യുദ്ധത്തിലായാലും കയ്യാങ്കളിയിലായാലും. അപ്പോ എന്റെ പൊന്നുമോൻ നല്ല കുട്ടിയായിട്ട് പോയി കുളിച്ചിട്ട് വാ …. “
അതുവരെ മുഖത്തുണ്ടായിരുന്ന രൗദ്രഭാവം മാറ്റി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടവന്റെ കവിളിലൊന്ന് പിച്ചിക്കൊണ്ട് അവൾ പറഞ്ഞു.
” പോടീയവിടുന്ന്…..എലിവാല് പോലാ ഇരിക്കുന്നതെങ്കിലും അവൾടെ ജാഡയ്ക്കൊരു കുറവുമില്ല. “
ദേഷ്യത്തിലവളുടെ കൈ തട്ടിമാറ്റി ബാത്‌റൂമിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു.
” അതേ… നിങ്ങള് ജിമ്മിൽ പോയിക്കിടന്നഭ്യാസം കാണിച്ചിട്ടീ മസിലുരുട്ടിക്കേറ്റി ഇറച്ചിക്കോഴിയേപ്പോലിരിക്കുവാണെന്ന് കരുതി എന്നെയങ്ങ് പുച്ഛിച്ചുതള്ളണ്ട. ബെൽറ്റൊന്നും കിട്ടിയില്ലെങ്കിലും ഞാനത്യാവശ്യം കരാട്ടെയൊക്കെ പഠിച്ചിട്ടുണ്ട് കേട്ടൊ. “
പുറത്തേക്ക് പോകാൻ വാതിൽക്കലോളമെത്തി തിരിഞ്ഞുനിന്നിട്ട് ഒരു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞ അവളെയൊന്ന് നോക്കിയിട്ട് മറുപടിയൊന്നും പറയാതെ അവൻ അകത്തേക്ക് കയറി ഡോർ വലിച്ചടച്ചു.
ദിവസങ്ങൾ കഴിയും തോറും അഗസ്ത്യയിൽ പെട്ടന്നുണ്ടായ മാറ്റത്തിന്റെ കാരണം ചികഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഋഷി. വെറുപ്പോടെ മാത്രം തന്റെ നേർക്ക് നോക്കിയിരുന്നവളുടെ മുഖത്തിപ്പോൾ എപ്പോഴും നിറഞ്ഞ പുഞ്ചിരിയാണെന്നതും അവനെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴും ഇതുവരെ കണ്ട അവളുടെ കണ്ണീരിന് പോലുമുണ്ടാക്കാൻ കഴിയാത്ത മാറ്റങ്ങൾ അവളുടെ കുറുമ്പൊളിപ്പിച്ച പുഞ്ചിരിക്ക് തന്നിലുണ്ടാക്കാൻ കഴിയുന്നുവെന്നതും അവനൊരൽഭുതം തന്നെയായിരുന്നു.
അങ്ങനെയിരിക്കേയായിരുന്നു വിദേശത്തായിരുന്ന ഋതികയുടെ ഭർത്താവ് മഹേഷ് നാട്ടിലെത്തിയതും അവൾ കുഞ്ഞുമായി അയാൾക്കൊപ്പം അവരുടെ വീട്ടിലേക്ക് പോയതും. ഋതികയും കിച്ചുവും പോയതോടെ കുഞ്ഞിന്റെ കളിചിരികളും ഇടയ്ക്കുണ്ടാവാറുള്ള കുഞ്ഞിക്കരച്ചിലുകളുമൊന്നുമില്ലാതെ ആ വലിയ വീടാകെ മൂകമായിക്കിടന്നു. അവരില്ലാത്തതിന്റെ കുറവ് അഗസ്ത്യയേയും വല്ലാതെ ബാധിച്ചിരുന്നു. അങ്ങനെയാണ് മഹേന്ദ്രന്റെ നിർദ്ദേശപ്രകാരം ഋഷിയുടെ ഓഫിസിൽ തന്നെ അവൾക്കുമൊരു ജോലി തരപ്പെടുത്തിയത്.
ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും തങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്ന കാര്യം ഋഷിയോ അഗസ്ത്യയോ ഓഫീസിലാരെയും അറിയിച്ചിരുന്നില്ല. എംഡിയുടെ ഭാര്യയെന്നുള്ള അമിത പരിഗണനയുടെ ആവശ്യമില്ലെന്ന അഗസ്ത്യയുടെ തീരുമാനമായിരുന്നു അതിന് പിന്നിൽ. അതുകൊണ്ട് തന്നെ ദിവസങ്ങൾ കൊണ്ട് തന്നെ ഋഷിയേക്കാൾ സ്വാധീനം മറ്റുള്ളവരുടെ മേൽ അഗസ്ത്യ നേടിയെടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപോയി. അപ്പോഴേക്കും ഋതിക വീണ്ടുമൊരമ്മയാവാൻ തയ്യാറെടുത്തിരുന്നു.
” ഋതുവിന് കുഞ്ഞുങ്ങൾ രണ്ടായി എന്നിട്ടുമിതുവരെ ഋഷിയ്ക്കും സത്യക്കുമൊരു കുഞ്ഞുണ്ടായില്ലല്ലോ മഹിയേട്ടാ…. “
പൂമുഖത്തിരുന്നോരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ മഹേന്ദ്രനോടായി ഊർമിള പറഞ്ഞു.
” അവരുടെ ജീവിതം ഇപ്പോഴും എങ്ങനെയാണെന്ന് നമുക്കറിയാമല്ലോ. എന്നിട്ടെല്ലാമറിഞ്ഞുവച്ചുകൊണ്ട് നമ്മളതിന് ധൃതി കൂട്ടിയിട്ട് കാര്യമുണ്ടോഡോ “
നിരാശയോടെ പുറത്തെവിടേക്കോ നോക്കിയിരുന്നുകൊണ്ട് അയാളും പറഞ്ഞു. അപ്പോഴാണ് അഗസ്ത്യ അങ്ങോട്ട് വന്നത്. സെറ്റുംമുണ്ടുമായിരുന്നു അവളുടെ വേഷം. കുളിച്ചീറനായ മുടി കുളിപിന്നൽ കെട്ടി പിന്നിൽ വിടർത്തിയിട്ടിരുന്നു.
” മോളിതെങ്ങോട്ടാ ഇത്ര രാവിലെ തന്നെ കുളിച്ചൊരുങ്ങി ??? “
അരികിലേക്ക് വന്ന അവളെ നോക്കി ഊർമിള ചോദിച്ചു.
” ഒന്നമ്പലത്തിൽ പോണമമ്മേ…. “
” ആഹാ കുറച്ച് മുമ്പേയായിരുന്നെങ്കിൽ ഞാനും കൂടി വന്നേനെ. ഇനിയിപ്പോ വേണ്ട മോള് പോയിട്ട് വാ “
അവൾ പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ ഊർമിള പറഞ്ഞു. തിരികെയവർക്കുമൊരു പുഞ്ചിരി സമ്മാനിച്ചിട്ടവൾ പുറത്തേക്കിറങ്ങി വേഗത്തിൽ നടന്നു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥനയും വഴിപാടുകളുമൊക്കെ കഴിഞ്ഞ് അവൾ തിരികെ വരുമ്പോൾ ഋഷി മുറിയിലുണ്ടായിരുന്നില്ല. അവൾ ഡ്രസ്സൊക്കെ മാറി താഴേക്ക് പോകാനിറങ്ങുമ്പോഴായിരുന്നു അവൻ കുളി കഴിഞ്ഞങ്ങോട്ട് വന്നത്. അഗസ്ത്യ വേഗം ടേബിളിൽ വച്ചിരുന്ന ക്ഷേത്രത്തിലെ പ്രസാദവുമെടുത്ത് അവനരികിലേക്ക് ചെന്നു.
” ഹാപ്പി ആനിവേഴ്സറി ഋഷിയേട്ടാ…. ഒരു കൊലക്കയറിന്റെ രൂപത്തിലാണെങ്കിലും ഒരു വർഷം മുൻപ് ഇതേ ദിവസമാണ് ഇത് നിങ്ങളെന്റെ കഴുത്തിൽ കെട്ടിയത് “
മിഴികളിലെ നീർത്തിളക്കമൊളിപ്പിച്ച് മാറോടൊട്ടിക്കിടന്നിരുന്ന താലിയിലേക്കൊന്ന് നോക്കിയിട്ട് പ്രസാദം തൊട്ടെടുത്ത് അല്പമൊന്നുയർന്ന് അവന്റെ തിരുനെറ്റിയിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.
” ഇവളെയെനിക്ക് വേണം….. “
ഒരു നിശ്വാസത്തിനപ്പുറം തന്റെ തൊട്ടടുത്ത് നിൽക്കുന്നവളുടെ മിഴികളിലേക്ക് നോക്കി നിൽക്കുമ്പോൾ ആ വാക്കുകളായിരുന്നു ഋഷിയുടെ ഉള്ള് നിറയെ. വിവാഹവാർഷികം പ്രമാണിച്ച് ചെറിയൊരു സദ്യയൊക്കെ റെഡിയാക്കിക്കഴിഞ്ഞപ്പോഴേക്കും കിച്ചുമോളേയും കൊണ്ട് മഹേഷും ഋതികയും കൂടിയെത്തിയിരുന്നു.
” എല്ലാരും അടിച്ചുപൊളിക്കാറുള്ള ആദ്യത്തെ വിവാഹവാർഷികദിവസം പോലും നീയിതിനകത്ത് തലയുംകുത്തിയിരുപ്പാണോ ??? “
വന്നയുടൻ ഋഷിയുടെ മുറിയിലേക്ക് ചെന്ന് ലാപ്ടോപ്പിലെന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അവനോട് മഹേഷ് ചോദിച്ചു.
” ആഹാ മഹേഷേട്ടനിതെപ്പോ വന്നു ??? “
അവൻ വേഗം ലാപ്ടോപ്പടച്ചുവച്ച് ചിരിയോടെ ചോദിച്ചു.
” കുറച്ചുസമയമായി… ഞാൻ ചോദിച്ചത് നീ കേട്ടില്ലേ നിങ്ങള് തമ്മിലിപ്പോഴുമെന്തെങ്കിലും പ്രശ്നമുണ്ടോ ??? “
” ഏയ് എന്ത് പ്രശ്നം ??? മഹേഷേട്ടൻ വാ നമുക്ക് താഴേക്ക് പോകാം “
അവനിൽ നിന്നുമുണ്ടാകാവുന്ന കൂടുതൽ ചോദ്യങ്ങൾക്ക് തടയിട്ടുകൊണ്ട് ഋഷി വേഗം താഴേക്ക് നടന്നു. പിന്നാലെ മഹേഷും.
” കേക്ക് റെഡി…. “
ശബരിയുടെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ടുകൊണ്ടാണ് അവർ താഴേക്ക് ചെന്നത്. അപ്പോഴേക്കും അവൻ ഡൈനിങ് ടേബിളിൽ റെഡ് വെൽവെറ്റിന്റെയൊരു കേക്കൊക്കെ സെറ്റ് ചെയ്തിരുന്നു.
” ആഹാ നീയതിനിടയ്ക്ക് കേക്കൊക്കെ വാങ്ങിയോ ??? “
ചിരിയോടെ അങ്ങോട്ട് വന്നുകൊണ്ട് മഹേന്ദ്രൻ ചോദിച്ചു.
” പിന്നല്ലാതെ…. അച്ഛനീയെന്നെക്കുറിച്ചെന്താ വിചാരിച്ചത് ??? “
” ഉവ്വുവ്വേ….. നീയൊരു സംഭവം തന്നെ “
ഷർട്ടിന്റെ കോളറൊരൽപ്പമുയർത്തി ഗമയിൽ പറയുന്ന അവനെ നോക്കി മഹേന്ദ്രനും ഒപ്പം മറ്റുള്ളവരും ചിരിച്ചു.
” ഹാ വെറുതെ സംസാരിച്ച് സമയം കളയാതെ എല്ലാരും വന്നേ കേക്ക് മുറിക്കാം. മനുഷ്യന് വിശന്നിട്ട് വയ്യ. “
വയറ് തടവിക്കോണ്ടുള്ള അവന്റെ പറച്ചിൽ കേട്ട് ചിരിയോടെ എല്ലാവരും ചുറ്റും കൂടി.
” ഇങ്ങോട്ട് പിടിക്കേട്ടത്തീ … “
കത്തിയുമായി നിൽക്കുന്ന ഋഷിയുടെ പിന്നിൽ നിന്നിരുന്ന അഗസ്ത്യയുടെ വലതുകരം പിടിച്ചവന്റെ കയ്യുടെ പുറമേ പിടിപ്പിക്കുമ്പോൾ ആ തണുത്ത വിരലുകൾ പതിയെ വിറച്ചിരുന്നു. കട്ട് ചെയ്ത കേക്കിൽ നിന്നുമോരോ ചെറിയ പീസെടുത്ത് പരസ്പരം നീട്ടുമ്പോൾ അവരുടെ മിഴികൾ പരസ്പരമിടഞ്ഞു. ആ നിമിഷമവന്റെ നോട്ടം തന്റെ ആത്മാവിലേക്കാഴ്ന്നിറങ്ങുന്നത് പോലെ തോന്നിയ അഗസ്ത്യയൊരു പിടച്ചിലോടെ നോട്ടം മാറ്റി. എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരുന്ന് സദ്യ കഴിക്കുമ്പോഴും പരസ്പരമൊന്ന് നോക്കി പുഞ്ചിരിക്കുക പോലും ചെയ്യാത്ത ഋഷിയുടേയും അഗസ്ത്യയുടെയും പെരുമാറ്റം മറ്റുള്ളവരെല്ലാം ശ്രദ്ധിക്കുകയും അതവരിലെല്ലാം ഒരുതരം വിഷമമുണ്ടാക്കുകയും ചെയ്തിരുന്നു.
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agasthya written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission