ഹരിയേട്ടന്റെ കൈ വയറിലൂടെ ചുറ്റിപിടിച്ചപ്പോഴേ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ…
“ഒന്നല്ല..സ്വിച്ചിട്ടപോലെ രണ്ടെണ്ണം പുറകെ.. !!
വിളമ്പി വച്ചിട്ട് കഴിക്കാൻ നേരം കയ്യിൽ പിടിച്ചപോലെയെന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്..
വിവാഹത്തെ കുറിച്ച് വല്യ സ്വപ്നമൊന്നും ഇല്ലാത്ത എന്റെ ഡിഗ്രി പഠനത്തിന്റെ അന്തിമ ഘട്ടത്തിലാണ് ഞാൻ ഹരിയേട്ടനെ പരിചയപ്പെടുന്നത്. അത്യാവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും.. “എന്നെ തനിക്ക് ഇഷ്ടമാണോ..? ന്നുള്ള ചോദ്യത്തിന് മറുപടിയായി ഓർത്തത് സ്ത്രീധനമെന്ന ഭാരം എന്റെ അച്ഛൻ ചുമക്കേണ്ടി വരില്ലന്നുള്ള ചിന്ത മാത്രമായിരുന്നു..
പരിചയപെട്ടു അധികം നാൾ കഴിഞ്ഞില്ല.. അതിന് മുൻപ് ഹരിയേട്ടന്റെ വീട്ടിലെ സാഹചര്യങ്ങൾ.. അച്ഛൻ, അമ്മ, പെങ്ങൾ എല്ലാവരെയും പറ്റി വാതോരാതെ പറഞ്ഞു…
ഹരിയേട്ടന്റെ അമ്മയുടെ ഇടയ്ക്കിടെയുള്ള അസുഖങ്ങൾ കാരണം വിവാഹം പെട്ടന്ന് വേണമെന്ന് എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് നല്ലതാണെന്നു എനിക്കും തോന്നി..
ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധുക്കാരും സ്വന്തം കൂട്ടുകാരും ഒക്കെ മാത്രമുള്ള ചെറിയ ഒരു കല്യാണം.വീട്ടിലേയ്ക്ക് കയറാനായി നിലവിളക്ക് കയ്യിലേക്ക് തരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു
“മോളെ.. സാരിയൊന്നു പൊക്കി പിടിക്കണേ..”
വിവാഹവസ്ത്രവും മാലയും ആഭരണവും അതിന്റെ കൂടെ കത്തിച്ചുതന്ന നിലവിളക്കും ആകെ രണ്ടുകയ്യും.
ഞാൻ ആകെ പരിഭ്രമിച്ചുപോയി. എന്റെ മുഖം കണ്ടിട്ടാണോ എന്തോ അമ്മ തന്നെ സാരിയുടെ ഞുറിവുകൾ പൊക്കിത്തന്നു.
ഞാൻ പതിയെ നടന്നു പൂജാമുറിയിലെ കൃഷ്ണന്റെ മുൻപിൽ വിളക്ക് വച്ചു. മനസ്സിൽ നിറഞ്ഞു പ്രാർത്ഥിച്ചു” ഈശ്വരാ… എനിക്ക് ഒന്നുമറിയില്ല നീ കൂടെ ഉണ്ടാകണേ… ”
ഹരിയേട്ടന്റെ കൂട്ടുകാർ ഒക്കെ പുറത്തു ഓരോ കാര്യങ്ങളിൽ ഓടിനടക്കുന്നുണ്ട്. കൂടെ അച്ഛനും.. പെട്ടന്നുള്ള വിവാഹമായതുകൊണ്ട് ആരെയും ക്ഷണിക്കാൻ പറ്റിയില്ലെന്ന് ഹരിയേട്ടൻ ആരോടോ ഫോണിൽ പരാതി തീർക്കാൻ പറയുന്നുണ്ടായിരുന്നു..
അമ്മയുടെ മുഖത്തും ആകെ ഒരു മൗനം. ഞാൻ ബെഡ്‌റൂമിൽ കയറി വാതിലടച്ചു. മുറി നിറയെ പൂക്കളാൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഒരു ഭാഗത്തായി അലമാര. അതിന്റെ ചുവട് ചേർന്നു മനോഹരമായ ഒരു ടേബിൾ. അതിന്റെ പുറത്ത് നിശ്ചയത്തിന്റെ അന്ന് ആദ്യമായി ഹരിയേട്ടനൊപ്പം നിന്നെടുത്ത ഞങ്ങളുടെ ഫോട്ടോ. വെറുതെയെങ്കിലും കൈ അറിയാതെ അതെടുത്തുനോക്കി. അലമാരയിൽ നിന്ന് എനിക്കിടാനുള്ള ഡ്രസ്സ് എടുത്തു ഞാൻ ബാത്റൂമിലേയ്ക്ക് പോയി..
കുളികഴിഞ്ഞു വന്നപ്പോൾ അമ്മയുടെ വക നല്ല ഒരു ചായ കിട്ടി. ഒപ്പം അമ്മ എന്റെ മുടിയിഴകളിൽ മെല്ലെ തലോടി..
“മോൾക്ക് വീട് ഇഷ്ടായോ..?
“കല്യാണം പ്രമാണിച്ചു ഹരിക്കുട്ടൻ ഒറ്റയ്ക്ക് ഓടിനടന്ന് എല്ലാം ഉണ്ടാക്കി. കുറച്ചു മെയ്ന്റൻസ് പണി ബാക്കി ഉണ്ടായിരുന്നെ.. അതിന്റർ ഓട്ടവും എല്ലാം കൂടി…. ”
ഞാൻ എന്റെ ദേഹത്തേയ്ക്ക് നോക്കി. സ്വർണമെന്നു പറയാൻ അത്യാവശ്യം ഇടാനുള്ളത് മാത്രം. . പിന്നെ ഹരിയേട്ടൻ ഇട്ട താലിമാലയും..
ഏതൊരു അമ്മയ്ക്കും മകന്റെ വിവാഹവും മരുമകളുടെ കുടുംബ മഹിമയും കൊണ്ടുവന്ന സൗഭാഗ്യങ്ങളും പറഞ്ഞു നടക്കാൻ മോഹം കാണും. പക്ഷെ ഇങ്ങനെ ചില മക്കൾ ഉണ്ടായാൽ ഇതാകും അവസ്ഥ. ഞാൻ സ്വയമശാസിച്ചുകൊണ്ട് അമ്മയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. അതിൽ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലായിരുന്നു..
പുറത്തു ചെറിയ ഒരു പന്തൽ ഇട്ടിട്ടുണ്ട്. വിവാഹ ആശംസകൾ അറിയിക്കാനായി വന്ന നാട്ടുകാരും വീട്ടുകാരും ഒക്കെ കുറഞ്ഞു വന്നു..
രാത്രി ആയപ്പോൾ എല്ലാം ഒന്ന് ഒതുങ്ങി ഒന്ന് രണ്ടു കൂട്ടുകാർക്കൊപ്പം ഏട്ടൻ പുറത്തു സംസാരിച്ചു കൊണ്ട് നില്കുന്നത് ഞാൻ ഇടയ്ക്കിടെ നോക്കിയതുകൊണ്ടാകും അവരെ പറഞ്ഞു വിട്ടിട്ടു ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു.
“ന്താ താൻ ആദ്യ ദിവസം തന്നെ ബോറടിച്ചോ.. “?
“ബോറോ..?
“ഇപ്പോഴേ ഇങ്ങനെ പറയാതെ ഹരിയേട്ടാ.. ”
ഹരി ഒന്ന് ചിരിച്ചു..” താൻ വാ.. നമുക്ക് റൂമിൽ ഇരിക്കാം. സെറ്റ് സാരിയൊക്കെ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. കണ്ടില്ലേ.. “അവൻ അവളുടെ ഡ്രസ്സ് നോക്കി ചോദിച്ചു.
“കണ്ടു.. സാരി ഉടുക്കാൻ അത്ര വശമില്ല അതാ..” ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
“അമ്മയോട് പറഞ്ഞാൻ മതിയാരുന്നല്ലോ.’..”
“ഇനി പറയാം. ”
ഹരിയേട്ടന്റെ ഭാര്യ പദവിയിലേക്ക് വലതുകാൽ വച്ചു കയറിയപ്പോൾ മുൻ പ്രണയത്തിന്റെ ചെറിയ തേപ്പുകൾ രണ്ടുപേർക്കും ഉള്ളതുകൊണ്ട് നന്നായി മനസിലാക്കി സ്നേഹിക്കാൻ പരസ്പരം കഴിഞ്ഞുന്ന് പറയുന്നതാകും നല്ലത്.
ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളും ഒക്കെയായി ഞങ്ങൾ അങ്ങനെ ജീവിതം തുടങ്ങി.. ആദ്യമേ പറയാല്ലോ…പാചകം ഒരു “മെഴുക്കുപുരട്ടി, .. ഒരു ചമ്മന്തി, ..”! അല്ലാതെ എന്താ ഏതാന്ന് ഒന്നും എനിക്കറിയില്ലായിരുന്നു..
പാചകം ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഞാൻ ചെയ്തുപോയി. ദോഷം പറയരുത് എന്റെ പാചകത്തിൽ കുറ്റമുണ്ടേലും ആരും എന്റെ മുഖത്ത് നോക്കി പറഞ്ഞില്ല….പകരം അതിലും വലിയ പണി ആയി അതെല്ലാം ഏട്ടനെ ഏല്പിച്ചു… ഉണ്ടായിരുന്ന ആത്മവിശ്വാസവും ഹരിയേട്ടന്റെ കളിയാക്കലിൽ തീർന്നു.. ആയിടയ്ക്ക് എനിക്ക് ഒറ്റയ്ക്കുള്ള സംസാരം കൂടുതലായി.. ന്താന്നല്ലേ… അത് നിങ്ങളങ്ങു ഊഹിച്ചാൽ മതി.. അല്ല പിന്നെ.. അങ്ങനെ പാചകലോകം അവിടെ തുടങ്ങി.
സമയം വച്ചു ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ ആകെ കുഴഞ്ഞു. വീട്ടിൽ ഒരു ജോലിയും ചെയ്യാതെ സുഖമായിരുന്നു ഉണ്ടും ഉറങ്ങിയും നിന്ന ഞാൻ… “എനിക്ക് ഇതിന്റെ വല്ല ആവിശ്യവും ഉണ്ടായിരുന്നോ..? ന്ന് ഞാൻ എന്നോട് തന്നെ പലപ്രാവിശ്യമായി പരാതി പറഞ്ഞു തീർത്തു.
അതിനിടയിൽ ഹരിയേട്ടന്റെ അച്ഛന്റെ വക പരാതി..
ഞാൻ താമസിച്ചാണ് എഴുന്നേൽക്കുന്നത് പോലും.. 6 മണി ഒക്കെ കല്യാണം കഴിഞ്ഞാണ് ഞാൻ കാണുന്നതെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.. “ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ.. !
ഞങ്ങൾക്കിടയിൽ അങ്ങനെ പറയാത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഹരിയേട്ടൻ ആരോടെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികളോട് കൂടുതൽ മിണ്ടിയാൽ ഞാൻ അന്ന് പിണങ്ങും
.” അതിപ്പോ മാമന്റെ മോളായാലും അപ്പുറത്തെ വീട്ടിലെ പെൺകൊച്ചായാലും.. !!
അതിന്റെ പേരിൽ അതുവരെ ക്ലോസ് അപ്പ് പുഞ്ചിരിയുമായി നടന്ന എന്റെ മുഖം കടന്നൽ കുത്തിയ മാതിരി വീർക്കും..
“ന്താടി… നിനക്കെന്നു” പുറകെ നടന്ന് ചോദിച്ചാലും മിണ്ടില്ല.കൊച്ചുണ്ണിയുടെ നാട്ടുകാരിയാണേ.. ആവിശ്യമില്ലാത്ത വാശി ഇച്ചിരി കൂടുതലാണ്.
പ്രശ്നം പിന്നെ അമ്മ ഏറ്റെടുക്കും. ഹരിയേട്ടൻ ഇല്ലാത്ത സമയങ്ങളിൽ ഉപദേശമായി.
എനിക്ക് നല്ലപോലെ അറിയാം” അമ്മ മോന്റെ ബിനാമി ആണ്.. ! മോനെ വിഷമിപ്പിക്കുന്ന ഒന്നും അമ്മ വീട്ടിൽ വെച്ചുപൊറുപ്പിക്കില്ല. എന്നെപോലും…. എനിക്ക് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസിലായി.. പിന്നെ ഞാൻ ഒളി പോരായിരുന്നു..
ഹരിയേട്ടന്റെ വീട്ടിലെ കാര്യങ്ങൾ പഠിച്ചെടുക്കാൻ പാട് കുറെ പെട്ടെങ്കിലും “ഞാൻ ഒരു കൊച്ച് മിടുക്കി” യാണെന്നുള്ള അമ്മയുടേം ചേച്ചിയുടേം അഭിപ്രായ പ്രകടനം ഉച്ച മയക്കത്തിനിടയിൽ എന്നിൽ അഭിമാനമുണർത്തി..
ഒരു വിധം വീട്ടുകാര്യങ്ങളിൽ ഒരു പടി ചവിട്ടി ഉയർന്നപ്പോൾ ഉണ്ട് അപ്പുറത്ത് താമസിക്കുന്ന ചേച്ചി വന്നിട്ട് രഹസ്യമായി ചോദിക്കുന്നു..
“അല്ല നിങ്ങൾ ഇപ്പോഴേ വേണ്ടാന്ന് വെച്ചേക്കുവാണോ “!!!
ഞാൻ “എന്താ ” ന്നുള്ള ഭാവേന നിഷ്കളങ്കമായി അവരെ നോക്കിയപ്പോൾ പിന്നെയങ്ങു തുടങ്ങി..
” ചിലർക്കൊക്കെ കല്യാണം കഴിഞ്ഞാൽ ഉടനെ “കുട്ടികൾ” വേണ്ട.. അല്ല ഇപ്പോഴത്തെ പിള്ളേരല്ലേ അവർക്കു ഇങ്ങനെ അടിച്ചുപൊളിച്ചു നടന്നാൽ മതി..ഇപ്പൊ വേണ്ടാന്ന് വെച്ചോ പിന്നെ ദുഖിക്കേണ്ടി വരരുത്.. ” ആ ന്നാൽ ഞാൻ ഇറങ്ങട്ടെ… എന്നൊരു യാത്ര പറച്ചിലും..
അമ്മ എന്നെയൊന്നു നോക്കി ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിൽ കയറി..
ശെരിക്കും ഒന്നും വേണ്ടാന്ന് വച്ചിട്ടല്ല.. ഇതൊക്കെ ഒരു സമയം പിടിക്കണ്ടേ.. കല്യാണം കഴിഞ്ഞു 4 മാസം ആയതേയുള്ളു.. ഞാൻ പച്ചക്കറി കഴുകികൊണ്ടിരുന്ന വിരലിൽ കണക്കെടുത്തു..
“ഇനി എനിക്ക് വല്ല കുഴപ്പവും ഉണ്ടോ….!!! ? പച്ചക്കറിയിൽ നിന്നും ഒരു പീസ് എടുത്തു കടിച്ചു ഞാൻ ആലോചിച്ചു.
രാത്രി ഹരിയേട്ടൻ വന്നപ്പോൾ ചിന്തിച്ചു ചിന്തിച്ചു ഞാൻ ഒരു വഴിക്കായി..കരച്ചിലിന്റെ വക്കിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ ഏട്ടൻ കാര്യം തിരക്കി.. ആ കാലമാടൻ പൊട്ടിച്ചിരിച്ചു.. ഞാൻ അത്ഭുത പെട്ടു.. കണ്ണുതള്ളി.. !!
“ന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ..??
ഹരിയേട്ടൻ മുഖം കുനിച്ചിരുന്ന എന്നെ നോക്കി.. “അത് പിന്നെ ഇങ്ങനെ ഓരോരുത്തർ ചോദിക്കുന്നത്… ഇതൊക്കെ പതിവല്ലേ.. “?
ഒരു പരിഭവം പോലെ ഞാൻ പറഞ്ഞു.
“അപ്പൊ നാട്ടുകാർ നിന്നെ ഗർഭിണിയാക്കിയേ അടങ്ങു.. ” ഹരിയേട്ടന്റെ ഗൂഢമായ ചിരിയിൽ അതുവരെ ഇല്ലാത്ത ഒരു ചമ്മൽ എനിക്കുതോന്നി.. ഞാൻ ഒന്ന് നാണിച്ചു.. “ശേ വേണ്ടിയിരുന്നില്ല.. !!
അങ്ങനെ ഹരിയേട്ടന്റെ ആ പരിശ്രമവും വിജയിച്ചു. ഞാൻ ഗർഭിണിയാണെന്നു അറിഞ്ഞ നാൾ മുതൽ ഹരിയേട്ടൻ എനിക്ക് ഇഷ്ടമുള്ള സാധങ്ങൾ നോക്കി നടന്നു വാങ്ങി തന്നു..
ആദ്യത്തെ ഛർദിൽ തുടങ്ങിയ സമയങ്ങളിൽ ഒന്നും കഴിക്കാതെ ക്ഷീണമായ എന്നെ പുറത്തു കൊണ്ടുപോയി ഹോട്ടൽ ആണെന്നുള്ള ബോധം പോലുമില്ലാതെ ഉരുള ഉരുട്ടി വായിൽ വച്ചു തന്നു. എന്താണോ അതുവരെ ഉണ്ടിട്ടില്ലാത്ത ഒരു പ്രത്യേക രുചി അതിനുണ്ടായിരുന്നുന്ന് പറയാതെ വയ്യ.
പുകഴ്ത്തി പറയുവാണെന്നു കരുതരുത് കേട്ടോ വീട്ടു ജോലിയിൽ മാത്രം എന്നെ സഹായിക്കില്ലായിരുന്നു.
ഗർഭകാലം ഉല്ലാസപ്രദവും ആനന്ദകരവുമാക്കാൻ വീട്ടു ജോലി ഉത്തമമാണെന്ന് ഡോക്ടർ പറഞ്ഞത് വള്ളി പുള്ളി വിടാതെ ഹരിയേട്ടൻ അംഗീകരിച്ചു.
പക്ഷെ രാത്രിയിൽ കാലിൽ മസ്സിലുകയറി പിടിക്കുമ്പോൾ ഒരു മടിയുമില്ലാതെ ചാടി എണീറ്റു തടവിത്തരും. എന്നിട്ട് ചൂട് വെള്ളം കുടിക്കാൻ ഇട്ടു തരും. അതിപ്പോ കട്ടനായാലും കാപ്പി ആയാലും ഉണ്ടാക്കി കുടിപ്പിച്ചിട്ടേ കിടക്കൂ…
ഡേറ്റ് അടുത്തുവരുംതോറും ഞാൻ ആകെ ടെൻഷൻ ആയി ഇതിപ്പോ ഇറക്കാനും വയ്യ തുപ്പാനും വയ്യ…!! പേടിയെ…
അമ്മയോട് ചോദിക്കുമ്പോൾ ഇതൊക്കെ “നിസ്സാരം”! എന്ന മട്ടിലങ്ങു പറയും. ചോദ്യം കേൾക്കുമ്പോൾ എല്ലാവർക്കും നിസ്സാരമായി തോന്നിയെങ്കിലും എനിക്ക് മാത്രം അത്ര നിസ്സാരമായി തോന്നിയില്ല.കാരണം വേദനിക്കാൻ പോകുന്നത് എന്റെ ശരീരമാണ്.
എന്നാൽ എനിക്ക് കുഞ്ഞിനെ കാണാൻ അതിയായ ആഗ്രഹവുമുണ്ട് “ന്നാലും ഇതിനെ എങ്ങനെ പുറത്തിറക്കും.. “!
ഹരിയേട്ടനാണേൽ വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കുഞ്ഞിന്റെ അനക്കം കാതോർത്തും കുഞ്ഞിനോട് സംസാരിച്ചും ഓരോ ദിവസങ്ങൾ എണ്ണി എണ്ണി തീർക്കും. അപ്പോഴും എനിക്ക് നല്ല സംശയമുണ്ടായിരുന്നു ഇത് ഒന്നല്ല..
ചവിട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മൂന്നാല് കാലുകൾ ഉണ്ട്…. സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പോലും പറഞ്ഞില്ല. കുഞ്ഞിന് സുഖമാണെന്ന് മാത്രം പറഞ്ഞു.
എനിക്ക് നേരത്തെ അസുഖങ്ങൾ ഓരോന്നായി വന്നുപോകുന്നത് കൊണ്ട് ഓപ്പറേഷൻ വേണമെന്നു ഡോക്ടർ പറഞ്ഞു.. ഹരിയേട്ടൻ അതിന്റെ തയ്യാറെടുപ്പുകൾ നേരത്തെ നടത്തിയിരുന്നു. ഞാൻ അറിയാതെ.. ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോഴും എന്റെ കണക്കുകൂട്ടൽ രണ്ടുപേരാണ്. പക്ഷെ ഡോക്ടർ മൂന്നുപേരാണ് ന്നു പറഞ്ഞപ്പോൾ അതുവരെ ഉണ്ടായിരുന്ന ബോധം എന്നെവിട്ടു എന്റെ കണ്ണും തള്ളി പുറത്തുപോയപോലെ തോന്നി.
നിലച്ചുപോയ ശ്വാസം എവിടുന്നൊക്കെയോ പിടിച്ചെടുത്തു ഞാൻ വീണ്ടും ചോദിച്ചു..
“മൂന്നോ… !!!
“അതേ… മൂന്ന് ആൺകുട്ടികൾ.. !!
വാർഡിലേക്ക് മാറ്റിയപ്പോൾ കുഞ്ഞിന്റെ കൂടെ കിടക്കാൻ സൈഡ് പിടിക്കാൻ പമ്മി പമ്മി നിൽക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഞാൻ രണ്ടും കല്പിച്ചങ്ങു പറഞ്ഞു
” കാലമാടാ എന്നോട് ഇത് വേണ്ടായിരുന്നു “!!
“നീ എന്തു വിചാരിച്ചു മോളെ.. എന്നെ പറ്റി..ഞാൻ നേരത്തെ ഡോക്ടറോഡ് ചോദിച്ചു അറിഞ്ഞിരുന്നു ഒന്നല്ല മൂന്നാണെന്ന്.. ചേട്ടൻ ഒരു വർക്ക് ഏറ്റെടുത്താൽ അത് പെർഫെക്ട് ആയിരിക്കും.. ദേ കണ്ടില്ലേ….” എന്നും പറഞ്ഞൊരു പൊട്ടിച്ചിരി ആയിരുന്നു..
ഇത് കേട്ട് കണ്ണും തള്ളി വായും തുറന്ന് കിടക്കുന്ന എന്റെ
അടുത്തു വന്നിട്ട് അപ്പുറത്തിരുന്ന അമ്മ പോലും കേൾക്കാതെ കാതിൽ പറയുവാ..
“നമുക്ക് ഇനി ഒരു മോളും കൂടി വേണ്ടേ….?
“ദൈവമേ… ഞാൻ അപ്പോൾ നെഞ്ചിൽ കൈ വച്ച് ഞാൻ മനസ്സിൽ ഓർത്തു…
“ഒന്നോ മൂന്നോ… !!
കഥയെ പറ്റി അഭിപ്രായം പറയാൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ മറക്കരുതേ..
രജിത ശ്രീ..
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
super