Skip to content

ശ്രാവണം – ഭാഗം 8

Shraavanam Novel Aksharathalukal

” ജിഷ്ണുവേട്ടൻ ഒന്നും പറഞ്ഞില്ല … ” അവൻ മിണ്ടാതിരിക്കുന്നത് കണ്ട് ശ്രാവന്തി ആവർത്തിച്ചു ….

” എന്താ തനിക്കിങ്ങനെ തോന്നാൻ ….”

” വിവാഹം കഴിഞ്ഞാൽ ഉടനെയൊരു കുഞ്ഞൊക്കെ പഴയ ആൾക്കാരുടെ നിർബന്ധബുദ്ധിയാണ് … ഇപ്പോ കാലം മാറിയില്ലേ .. നമുക്ക് പരസ്പരം നന്നായി അടുത്തിട്ട് പോരെ ഒരു കുഞ്ഞ് …”

” അത് നീ പറയുന്നത് ശരിയാ …. പക്ഷെ , എന്തോ എനിക്കൊരു കുഞ്ഞിനെ ആഗ്രഹമുണ്ട് …..” ജിഷ്ണു പറഞ്ഞിട്ട് അവളെ നോക്കി …

ശ്രാവന്തിയുടെ മുഖം മ്ലാനമാകുന്നത് അവൻ കണ്ടു …

” തനിക്ക് മറ്റെന്തെങ്കിലും പ്രശ്നം പറയാനുണ്ടോ ….?”

” ഏയ് …..” അവൾ ചിരിക്കാൻ ശ്രമിച്ചു ..?

” പോട്ടെ …., തന്റെ ആഗ്രഹം ഞാൻ പൂർണമായി തളളികളയുന്നില്ല … ഈ രണ്ട് വർഷമെന്നുള്ളത് ഒന്ന് കുറയ്ക്കണം …. ഒരു ആറ് മാസം … അത്രയൊക്കെ മതി നമുക്ക് പരസ്പരം മനസിലാക്കാൻ … അത് പോരെ ? ” അവൻ അവളുടെ മുഖത്തേക്ക് നോക്കി…

” മതി ജിഷ്ണുവേട്ടാ …..താങ്ക്സ് ….” അവളുടെ മുഖം വിടർന്നു … സന്തോഷം കൊണ്ട് അവന്റെ കവിളത്ത് അവളൊരുമ്മ കൊടുത്തു …

അത്രയും സമയം മതി തനിക്ക് തന്റെ ജിഷ്ണുവേട്ടനെ അടുത്തറിയാൻ എന്നവൾക്കും തോന്നി ..

അവളുടെ മുഖം തെളിഞ്ഞപ്പോൾ അവനും സമാധാനമായി ..

ഒരിക്കലും ജിഷ്ണുവേട്ടനെ പിരിയാനല്ല , ജീവിതത്തോട് ചേർത്തു വയ്ക്കണം … ഇനി എന്തൊക്കെ സംഭവിച്ചാലും , ആരൊക്കെ അവകാശം പറഞ്ഞു വന്നാലും തന്റെ ജീവിതത്തിൽ നിന്നു പോകാൻ ജിഷ്ണുവേട്ടന് കഴിയരുത് ..

അവൾ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു .. അവൻ കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു നെറുകിൽ ചുംബിച്ചു …

” കിടക്കണ്ടെ ….” എപ്പോഴോ അവനവളുടെ കാതിൽ മന്ത്രിച്ചു … ഒരു പ്രാവിനെ പോലെ അവനിലേക്ക് നേർത്തൊരു കുറുകലായി അവൾ പറ്റിച്ചേർന്നു ….

” ജിഷ്ണുവേട്ടാ …….. ഉറങ്ങിയോ….”

രാത്രിയുടെ ഏതോ യാമത്തിൽ അവന്റെ നഗ്നമായ മാറിടത്തിലെ രോമരാചിയിൽ ,തന്റെ കൈവിരലുകളാൽ അലസതന്ത്രികൾ മീട്ടവേ അവൾ ചോദിച്ചു …

” ഇല്ല …..”

” ഞാനൊരു കാര്യം ചോദിക്കട്ടെ …? “

” ങും …… “

” എപ്പോഴെങ്കിലും ജിഷ്ണുവേട്ടന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് അവകാശം പറഞ്ഞു വന്നാൽ എന്തു ചെയ്യും ……?.”

അവന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി …

തന്റെ ജീവിതത്തിലേക്ക് മെറ്റൊരു പെണ്ണോ ?

തന്റെ പൂർവ്വകാലത്തിൽ അങ്ങനെയൊരുവൾ ഉണ്ടായിരുന്നുവോ …?

” എന്താ ജിഷ്ണുവേട്ടാ ഒന്നും മിണ്ടാത്തെ … ” ഏറെ നേരമായിട്ടും അവനിൽ നിന്ന് മറുപടിയൊന്നും കിട്ടാത്തതിനാൽ അവൾ ആരാഞ്ഞു ..

അവൻ മെല്ലെ തിരിഞ്ഞ് അവൾക്കഭിമുഖം കിടന്നു … പിന്നെ വിയർപ്പു പൊടിഞ്ഞ ആ നെറ്റിയിൽ ചുംബിച്ചു …

” നിന്നെ വിട്ടൊരു ജീവിതം എനിക്കുണ്ടാവില്ല ……..” അവൻ പറഞ്ഞു …

അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു …

അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും ജിഷ്ണു കണ്ണു തുറന്ന് കിടന്നു …

അവൾ ചോദിച്ച ചോദ്യം , അവന്റെ ഉറങ്ങിക്കിടന്ന സ്മൃതികളിലെവിടെയോ ചലനങ്ങൾ സൃഷ്ടിച്ചു …

ഈ ലോകത്തിലെവിടെയെങ്കിലും എന്റെ വെയിൽ തിന്ന് തളിർത്തൊരു പൂമരമുണ്ടോ ..?

ഉണ്ടെങ്കിൽ …… ഉണ്ടെങ്കിൽ അതെവിടെയായിരിക്കും … അതിന്റെ ചില്ലകൾ ഇന്നും എനിക്കായി മാത്രം പൂക്കാറുണ്ടോ …? അതിന്റെ വേരുകൾ എന്നെ തേടിയലയുന്നുണ്ടാമോ ..?

തന്റെ നെഞ്ചിലുറങ്ങുന്ന ശ്രാവന്തിയിലേക്ക് ചുരുങ്ങിത്തീരാനാഗ്രഹിച്ചിട്ടും എന്തുകൊണ്ടോ ആ രാത്രി അവനെയതിന് അനുവദിച്ചില്ല ……

* * * * * * * * * * * * * * * * *

പിറ്റേന്ന് …

ശ്രാവന്തിയെ ബസ്റ്റാന്റിൽ വിട്ട് വന്നിട്ട് , ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോഴും അവന്റെ മനസിൽ തലേന്ന് അവൾ ചോദിച്ച ചോദ്യമുണ്ടായിരുന്നു …

കണ്ണാടിക്കു മുന്നിൽ നിന്ന് ഷർട്ടിന്റെ കൈ തെറുത്തു കയറ്റുമ്പോൾ അവൻ തന്നെ തന്നെ നോക്കി നിന്നു ….

അങ്ങനെയൊരു പെൺകുട്ടിയുണ്ടായിരുന്നുവെങ്കിൽ അവളെക്കുറിച്ച് ആന്വേഷിക്കേണ്ടതല്ലെ … എവിടെയാണെന്ന് …? എന്ത് ചെയ്യുന്നുവെന്ന് …. ഇനിയൊരു പക്ഷെ അവൾ മറ്റാരുടേതെങ്കിലും ആയിട്ടുണ്ടെങ്കിൽ ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണേണ്ടതല്ലേ … ആ മുഖം ഓർത്തു വയ്ക്കാനെങ്കിലും …

അങ്ങനെ നോക്കി നിൽക്കവെ അവനൊരു കാര്യം മനസിലായി … അവൾ ചോദിച്ചത് വെറുമൊരു സംശയമായിരുന്നെങ്കിൽ താനിപ്പോൾ അടിയുറച്ചു വിശ്വസിക്കുന്നു … എന്നോ എപ്പോഴോ എവിടെയോ വച്ച് ഞാനൊരു പെൺകുട്ടിക്ക് പ്രണയം പകുത്തു നൽകിയിരുന്നുവെന്ന് …

ഓഫീസിലെത്തിയിട്ടും അവന്റെ മനസ് മറ്റെവിടെയോ ചിതറി കിടന്നു … ഒടുവിൽ അവൻ ഫോണെടുത്ത് മഹേഷ് എന്ന നമ്പറിൽ കാൾ ചെയ്തു …

കോളേജിൽ തന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നവൻ … മറഞ്ഞു പോയ ഓർമകൾക്കിടയിൽ നിന്ന് താൻ തന്നെ ചികഞ്ഞെടുത്ത കൂട്ടുകാരൻ ..

മറുതലയ്ക്കൽ ബെല്ല് തീരാറായപ്പോൾ മഹേഷ് ഫോണെടുത്തു …

” എന്താടാ രാവിലെ തന്നെ ….?”

” എനിക്ക് നിന്നെയൊന്ന് കാണണം …. “

” ഞാനൊരു ഏഴ് മണിയാകും ഫ്രീയാകാൻ … നിന്നെപ്പോലെ സർക്കാരോഫീസിലല്ലല്ലോ നമ്മൾ … ” അവൻ ചിരിച്ചു …

” ഏഴ് മണിക്ക് എവിടെ വരണം … “

” എന്റെ ഒഫീസിലേക്ക് പറ്റുമോ … ?”

” ഷുവർ …”

” OK … അപ്പോ രാത്രി 7 മണിക്ക് ….” അവൻ ബൈ പറഞ്ഞു ഫോൺ കട്ട് ചെയ്തു ….

* * * * * * * * * * *

” എന്തായി ശ്രാവി കാര്യങ്ങൾ ….” ഉച്ചയ്ക്ക് കോർട്ടിൽ നിന്ന് ഓഫീസിലേക്ക് നടക്കുമ്പോളാണ് സീനത്തിനും ശ്രാവന്തിക്കും സംസാരിക്കാൻ അവസരം കിട്ടിയത് …

” ജിഷ്ണുവേട്ടൻ സമ്മതിച്ചു ….” അവൾ പറഞ്ഞു ….

ആറുമാസമാണ് തനിക്ക് തന്ന സമയമെന്ന് അവൾ പറഞ്ഞില്ല .. അത് പറയേണ്ട എന്ന് അവൾക്ക് തോന്നി …

” ഇത്താ …. ഇന്നലെ ആലോചിച്ചപ്പോ ,എന്റെ മനസിൽ തോന്നിയൊരു കാര്യം പറയട്ടെ … “

” പറയ്‌ ….”

” ഇനി ഇത്ത പറഞ്ഞതുപോലെ ,ഒരു പെണ്ണ് വന്നു എന്ന് തന്നെയിരിക്കട്ടെ , എനിക്കും ജിഷ്ണുവേട്ടനുമിടയിൽ ഒരു കുഞ്ഞുണ്ടെങ്കിൽ ജിഷ്ണുവേട്ടന് എന്നെ വിട്ട് പോകാൻ കഴിയോ .. ? “

” ചിലപ്പോ കുഞ്ഞിനു വേണ്ടി അഡ്ജസ്റ്റ് ചെയ്യുമായിരിക്കും … പക്ഷെ അതൊരു ജീവിതമാകുമോ കുട്ടി … അയാൾ നിനക്കു വേണ്ടിക്കൂടി ജീവിക്കുമ്പോഴല്ലേ നിങ്ങളുടെ ജീവിതത്തിൽ നിറമുണ്ടാകു … നീയൊന്നോർത്തു നോക്കിയേ , ഒരു കുഞ്ഞുള്ളത് കൊണ്ട് മാത്രം നിന്റെയൊപ്പം നിൽക്കേണ്ടി വരുന്ന ജിഷ്ണുവിനെക്കുറിച്ച് .. അപ്പോഴും നിന്റെ സ്ഥാനത്ത് അയാളുടെ മനസിലെ പ്രഥമ സ്ഥാനം മറ്റൊരുത്തിക്കാണെങ്കിൽ ? പഴയ കാലത്ത് സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇതൊക്കെ സഹിച്ചിരുന്നു .. അല്ലെങ്കിൽ സമൂഹം അവരെ പ്രേരിപ്പിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി .. ഇന്നത്തെ കാലത്ത് അതിന്റെയാവശ്യമില്ല … സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന പെണ്ണ് , ആത്മാഭിമാനം വൃണപ്പെടുത്തി ആരുടേയും കൂടെ നിൽക്കേണ്ട കാര്യമില്ല … “

ശരിയാണെന്ന് ശ്രാവന്തിക്കും തോന്നി ..

” ഞാൻ വീണ്ടും നിന്നെ ഓർമിപ്പിക്കുകയാ … ഞാനിതൊക്കെ പറയുന്നത് നീ ജിഷ്ണുവിനെ പിരിയാനോ , നിങ്ങളെ തല്ലിക്കാനോ അല്ല … ഇതിലെ ശരികൾ നീ മനസിലാക്കി നിന്റെ മനസിൽ തന്നെ വയ്ക്കുക … ആവശ്യം വന്നാൽ മാത്രം , വേണ്ടതു പോലെ കൈകാര്യം ചെയ്യുക … ജിഷ്ണുവിനോട് ദേഷ്യമോ വൈരാഗ്യമോ തോന്നാനല്ല ഇത്ത പറഞ്ഞത് … അയാൾ നല്ലൊരു മനുഷ്യനായിരിക്കും … നിന്നെ നന്നായി സ്നേഹിക്കുന്നവനുമായിരിക്കും .. പക്ഷെ ജിഷ്ണുവിന്റെ സാഹചര്യം സാധാരണ പോലെയല്ല … സോ നമുക്കൊരു മുൻകരുതൽ വേണം .. എന്ത് സംഭവിച്ചാലും നേരിടുവാൻ സജ്ജമായിരിക്കണം നമ്മുടെ മനസ് .. ഇല്ലെങ്കിൽ എല്ലാ മുറിവുകളും ഒടുക്കം നമ്മുടെ ഹൃദയത്തിൽ മാത്രം വന്നു വീണാൽ , താങ്ങി നിർത്താൻ കഴിഞ്ഞുവെന്ന് വരില്ല .. ” സീനത്ത് പറഞ്ഞു …

” എനിക്ക് മനസിലാകുന്നുണ്ടിത്താ …” അവൾ പറഞ്ഞു …

* * * * * * * * * * * * * *

വൈകിട്ട് ജിഷ്ണു ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്നു കൂട്ടി വീട്ടിലേക്ക് കാറോടിച്ചു ..

” നിന്നെ വീട്ടിൽ വിട്ടിട്ട് ഞാനൊരു സ്ഥലത്ത് പോകും … ” ജിഷ്ണു പറഞ്ഞു ..

” എവിടെ ?”

” എന്റെയൊരു ഫ്രണ്ടിനെ കാണാൻ ….”

” ഏത് ഫ്രണ്ടാ …? “

” കോളേജിൽ ഒപ്പം പഠിച്ചതാ … “

” വിശേഷിച്ച് എന്തെങ്കിലുമുണ്ടായിട്ടാണോ .. അതോ മാര്യേജിന്റെ പാർട്ടി വല്ലതുമാണോ .. ?” അവൾ ചിരി വിടാതെ ചോദിച്ചു …

” ആ … ചെറിയൊരു പാർട്ടി കൊടുക്കണം … ” അവൻ എങ്ങും തൊടാതെ പറഞ്ഞു …

” ജിഷ്ണുവേട്ടൻ കഴിക്കോ …? “

” ഇപ്പോഴത്തെ ഞാൻ മദ്യം കൈകൊണ്ടു തൊട്ടിട്ടില്ല … പഴയ ഞാൻ എന്തായിരുന്നു എന്നറിയില്ല … “

അവനങ്ങനെ പറഞ്ഞപ്പോൾ അവൾക്കൊരു വല്ലായ്മ തോന്നി …

” ജിഷ്ണുവേട്ടൻ ഒരിക്കലും ഇനി പഴയ ജിഷ്ണുവേട്ടനെ തിരയണ്ട … “

ഒരു നിമിത്തം പോലെ അവളതു പറഞ്ഞപ്പോൾ അവനവളെ തല ചരിച്ചൊന്നു നോക്കി .. എന്തുകൊണ്ടോ അതവന്റെ നെഞ്ചിൽ തറച്ചു …

അവൾ പറഞ്ഞതു പോലെ പഴയ തന്നെ , ഇനി തിരയണ്ട എന്ന് ഒരു വേള അവനും തോന്നി …

പക്ഷെ പിന്നെയും ഉള്ളിന്റെയുള്ളിലെ തൃഷ്ണ അവനെയതിന് അനുവദിച്ചില്ല …

എന്തായാലും ശ്രാവന്തിയെ മറന്നു കൊണ്ട് തനിക്കൊരു ജീവിതം ഉണ്ടാവില്ലെന്ന് അവൻ അടിയുറച്ചു വിശ്വസിച്ചു … അവൾ കഴിഞ്ഞിട്ടേ തനിക്കിനിയാരും ഉള്ളു .. ഇത് ജിഷ്ണുവിന്റെ രണ്ടാം ജന്മമാണ് .. ഈ ജന്മത്തിൽ , തന്നെ വിശ്വസിച്ച് ജീവിതവും മനസും ശരീരവും പങ്കിട്ടു തന്ന പെണ്ണാണ് അവൾ …

അവളെ വീട്ടിൽ വിട്ടിട്ട് അവൻ യാത്ര ചോദിച്ചു …

” ചായ കുടിച്ചിട്ട് പോകാം ജിഷ്ണുവേട്ടാ …”

” വേണ്ട .. ഞാൻ പോയിട്ട് വരാം … “

” ഒത്തിരി ലേറ്റാകല്ലേ ജിഷ്ണുവേട്ടാ … ഞാനിവിടെ കാത്തിരിക്കുവാന്നോർമ്മ വേണം …”

” വേഗം വരാം … ” അവൻ കൈവീശി കാണിച്ചിട്ട് കാർ തിരിച്ച് , ഓടിച്ചു പോയി …..

ആറേ മുക്കാലായപ്പോൾ തന്നെ അവൻ മഹേഷിന്റെ ഓഫീസിനു മുന്നിൽ എത്തി .. കാർ പാർക്ക് ചെയ്ത് , മഹേഷിന് മെസേജ് വിട്ടിട്ട് കാത്തിരുന്നു ..

ഏതാണ്ട് പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ മഹേഷ് ഇറങ്ങി വന്നു .. ജിഷ്ണു കാറിലിരുന്ന് സിഗ്നൽ കൊടുത്തു ..

അവൻ വന്ന് , കോ ഡ്രൈവർ സീറ്റ് തുറന്ന് കയറിയിരുന്നു …

” പറയ് …. എന്തൊക്കെയാ വിശേഷങ്ങൾ … പുതിയ ലൈഫൊക്കെ എങ്ങനെ പോകുന്നു … ” മഹേഷ് ചോദിച്ചു …

” ലൈഫൊക്കെ അടിപൊളിയാ …”

” എങ്ങനെയുണ്ട് ഭാര്യ … “

” ഒരു പാവം … “

” രണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നീ ഇത് തന്നെ പറയണം … ” മഹേഷ് കളിയാക്കി …

” അതറിയില്ല … ഇപ്പോഴത്തെ കാര്യമാണ് പറഞ്ഞത് …” ജിഷ്ണു ചിരിച്ചു …

” അത് വിട് … നീയെന്താ എന്നെ കാണണമെന്ന് പറഞ്ഞത് ..?”

” പറയാം … എവിടെയാ ഒന്ന് സേഫായി സംസാരിക്കാൻ … “

” നീ ക്ലബ്ബിലേക്ക് വിട് ……..” മഹേഷ് പറഞ്ഞു …

ജിഷ്ണു കാർ സ്റ്റാർട്ട് ചെയ്തു നിരത്തിലേക്കിറങ്ങി …

* * * * * * * * *

ക്ലബ്ബിൽ അവർ മുഖാമുഖമിരുന്നു …

ജിഷ്ണു ഒരു ജ്യൂസും , മഹേഷ് ബിയറും ഓർഡർ ചെയ്തു …

” പറ … എന്താ നിന്നെ അലട്ടുന്നത് …”

” ഞാൻ ചോദിക്കുന്നത് കൊണ്ട് നീ തെറ്റിദ്ധരിക്കരുത് .. വൈഫ് ഇന്നലെയൊരു കാര്യം പറഞ്ഞപ്പോൾ മുതൽ എന്തോ ഒരു കൗതുകം .. അതാ ചോദിക്കുന്നേ …? ” ജിഷ്ണു മുഖവുരയോടെ തുടങ്ങി

” നീ കാര്യം പറയ് …”

” നിന്റെയറിവിൽ ഞാനാരെയെങ്കിലും പ്രണയിച്ചിരുന്നോ …. ?”

മഹേഷ് ജിഷ്ണുവിനെ കണ്ണെടുക്കാതെ നോക്കി … പിന്നെ മൃദുവായി ചിരിച്ചു …

” അല്ലറ ചില്ലറ വായിനോട്ടമൊക്കെ നിനക്കുണ്ടായിരുന്നു …. ” മഹേഷ് പറഞ്ഞു …

” ഐ മീൻ , ഞാൻ സീരിയസായി ആരെയെങ്കിലും പ്രണയിച്ചിരുന്നോ …. ?”

” ഇല്ല …. സെക്കന്റിയറിൽ ഒരുത്തിയോട് ഇഷ്ടം പറഞ്ഞു നീ .. അവൾ വേറെ കമിറ്റഡ് ആയിരുന്നു … പിന്നെ കോളേജ് കഴിയുന്ന വരെ വായിനോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു … “

” അത് കഴിഞ്ഞോ ..? എപ്പോഴെങ്കിലും ഞാൻ അങ്ങനെ പറഞ്ഞിരുന്നോ ?”

” അങ്ങനെ ചോദിച്ചാൽ , നീ ട്രിവാൻട്രത്ത് വർക്ക് ചെയ്യുന്ന സമയത്ത് ഒരിക്കൽ വിളിച്ചപ്പോ പറഞ്ഞു നാട്ടിൽ വരുമ്പോ ഒരു സർപ്രൈസ് താരാമെന്ന് … പിന്നെ എന്തോ പറഞ്ഞ കൂട്ടത്തിൽ ഉടനെ ഒരു പാർട്ടിക്ക് കോളുണ്ടെന്നും പറഞ്ഞു .. അന്ന് ഞാൻ ചോദിച്ചു വല്ല പ്രേമത്തിലും പെട്ടോ എന്ന് .. അപ്പോ നീ ചിരിക്കുക മാത്രം ചെയ്തു .. പക്ഷെ അത് പറയാൻ നീ നാട്ടിൽ വരുന്നേനു മുൻപാ ആ ആക്സിഡന്റ് ……….” മഹേഷ് പറഞ്ഞു ..

ജിഷ്ണു ആലോചനയിലായി .. ഒന്നും അങ്ങോട്ട് ഓർമ കിട്ടുന്നില്ല …

” അന്നത്തെ നിന്റെ സംസാരം കേട്ടിട്ട്, ഉണ്ടായിരുന്നു എന്ന എനിക്ക് തോന്നിയത് …..”

ജിഷ്ണു കൗതുകത്തോടെ മഹേഷിനെ നോക്കി …

” അല്ല …. ഇനിയിപ്പോ എന്തിനാ അതൊക്കെ അറിഞ്ഞിട്ട് … ?”

” വെറുതെ ഒരു കൗതുകം ….”

” ഈ കൗതുകം നല്ലതല്ല … അതും ഇത്രേം കാലം ഇല്ലാതിരുന്നിട്ട് , ഈ വിവാഹം കഴിഞ്ഞ അവസരത്തിൽ തോന്നുന്നത് ….” മഹേഷ് ബിയർ ഗ്ലാസ് മൊത്തിക്കൊണ്ട് പറഞ്ഞു …

” ഏയ് ഞാൻ വേറൊന്നും ഉദ്ദേശിച്ചല്ല …..”

” അല്ലാ , ഉണ്ടായിരുന്നെങ്കിൽ തന്നെ , ആ ആക്സിഡൻറ് കഴിഞ്ഞിട്ട് ഇപ്പോ രണ്ടര വർഷം ആയില്ലേ … ഇതു വരെ അങ്ങനെയൊരാൾ നിന്നെ തേടി വന്നോ ? ഭൂതകാലം മറന്നു പോയത് നീയല്ലേ … മറ്റേയാൾ മറന്നിട്ടില്ലല്ലോ … ചിലപ്പോ നീ ആ ആക്സിഡന്റിൽ നിന്ന് ഒരിക്കലും റിക്കവറാകില്ല എന്ന് തോന്നിയപ്പോ , കളഞ്ഞിട്ട് പോയതുമാകാം …….”

ജിഷ്ണു മിണ്ടാതിരുന്നു …

” ഇനി അതൊന്നും ഓർക്കാൻ നിൽക്കണ്ട … നീ നിന്റെ ജീവിതം ആസ്വദിക്ക് ….. ” മഹേഷ് പറഞ്ഞു ….

ജിഷ്ണു ചിരിച്ചു…….

” നീ പേടിക്കുന്ന പോലെ , ശ്രാവന്തിയെ വിട്ട് പഴയ കാമുകിയേ തേടി പോകാനൊന്നുമല്ല … അറിയാനുള്ളൊരു ആകാംഷ …. അത്രേയുള്ളു …..”

” ഇത് പോലെയുള്ള ചപല മോഹങ്ങളൊക്കെ ഒരു പരിധി വരെയേ ആകാവൂ … പിന്നീട് അതൊന്നും മനസിൽ വയ്ക്കരുത് … നമുക്ക് തന്നെ പാരയാകും …. ” മഹേഷ് പറഞ്ഞു …

” ശരി … ” ജിഷ്ണു ചിരിയോടെ തല കുലുക്കി …..

അവർ കുറച്ചു സമയം കൂടി വിശേഷങ്ങൾ പങ്കു വച്ചിരുന്നു ….

” എന്നാ നമുക്കിറങ്ങാം …. അവളവിടെ കാത്തിരിക്കുന്നുണ്ട് … കുറച്ച് ഡ്രൈവ് ഉണ്ടല്ലോ എനിക്ക് …” ജിഷ്ണു ചോദിച്ചു …

” നീ വിട്ടോ … ഞാൻ കുറച്ച് കഴിയും … ” മഹേഷ് ചിരിച്ചു …..

തിരികെയുള്ള യാത്രയിൽ മഹേഷ് പറഞ്ഞതു പോലെയാണ് ജിഷ്ണുവും ചിന്തിച്ചത് … അങ്ങനെയൊരാൾ ഉണ്ടായിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ രണ്ടര വർഷക്കാലം എവിടെയായിരുന്നു .. ഒന്നന്വേഷിക്കുക പോലും ചെയ്യാതെ …

അപ്പോ ഇനി അങ്ങനെയൊരാളെ കുറിച്ച് ഓർക്കേണ്ടതില്ല ……

ഗേറ്റിൽ കാറിന്റെ വെളിച്ചം വീണപ്പോൾ തന്നെ ശ്രാവന്തി ചെന്ന് ഡോർ തുറന്നു .. മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു കൊടുത്തിട്ട് അവൾ ഒതുങ്ങി നിന്നു …

അവൻ കാറോടിച്ച് അകത്ത് കയറ്റിയപ്പോൾ അവൾ ഗേറ്റടച്ച് , കാറ്റിനടുത്തേക്ക് വന്നു …

” ഒത്തിരി വൈകിയല്ലോ ജിഷ്ണുവേട്ടാ …..?”

” വഴിയിൽ ബ്ലോക്കായിപ്പോയി … അല്ലേൽ കുറച്ചു കൂടി നേരത്തേ എത്തിയേനേ … ” അവൻ അവളെ തോളോട് ചേർത്തു പിടിച്ചു കൊണ്ട് നടന്നു …

” ഞാൻ ഭക്ഷണമെടുത്ത് വയ്ക്കാം … ജിഷ്ണുവേട്ടൻ ഫ്രഷായി വാ ….”

” അച്ഛനുമമ്മേം കിടന്നോ …? “

” ഉവ്വ് …. നാളെയാ അച്ഛന്റെ ബന്ധൂന്റെ മേൾടെ മാര്യേജ് … ഗുരുവായൂർ വച്ചിട്ട് … രാവിലെ പോണംന്നുള്ളോണ്ട് നേരത്തെ കഴിച്ചിട്ട് കിടന്നു …. ” അവൾ പറഞ്ഞു …

” നീ കഴിച്ചോ …..?”

” ജിഷ്ണുവേട്ടൻ വരാണ്ട് ഞാൻ കഴിക്കോ ….?” അവൾ അവനോട് ചേർന്നു നിന്നു …

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന് പാവം തോന്നി …

വേണ്ടിയിരുന്നില്ല … ഒരു നിമിഷത്തേക്ക് പോലും താൻ മറ്റൊരാളെ അന്വേഷിച്ച് പോകാൻ പാടില്ലായിരുന്നു ..

അവൻ അവളുടെ നെറ്റിയിൽ ഉമ്മവച്ചു …

” സ്നേഹപ്രകടനമൊക്കെ പിന്നെ … ഇപ്പോ ഫുഡ് കഴിക്കാം ….”

” ഓക്കെ …. മോള് പോയി ഫുഡ് എടുത്ത് വയ്ക്കു … ഞാനിപ്പോ വരാം ….”

അവൾ ചപ്പാത്തിയും സ്റ്റൂവും എടുത്ത് വച്ചു …

ജിഷ്ണു ഫ്രഷ് ആയിട്ടാണ് താഴെ വന്നത് …

” പോയ കാര്യമെന്തായി … ഫ്രണ്ടിനെ കണ്ടോ ….?” കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു …

അവളുടെ നിഷ്കളങ്കമായ ചോദ്യമായിട്ടു കൂടി അവനെ അത് പൊള്ളിച്ചു ..

” ങും … കണ്ടു …. ” പറഞ്ഞിട്ട് അവൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചു … ആ സംഭാഷണം തുടരാൻ അവന് താത്പര്യമില്ലായ്രുന്നു … ഇനിയൊരിക്കലും അതുപോലൊരു പൊട്ട ചിന്ത തന്റെയുള്ളിൽ വരരുതേയെന്ന് അവൻ ആഗ്രഹിച്ചു …

ആ രാത്രി അവളെ എത്ര തന്നെ തന്റെ കരവലയത്തിനുള്ളിൽ നിറച്ചിട്ടും അവന് മുറുകിയില്ല … എത്ര തന്നെ ചുംബിച്ചിട്ടും അവന് മതിയായില്ല … അവൾക്ക് നൽകാൻ ഇനിയും തന്നിൽ ഇടങ്ങൾ ബാക്കിയായി നിൽക്കുന്നു .. അനുരാഗവിവശമായ ആ രാത്രിയും അവസാനിച്ചത് അവന്റെ നെഞ്ചിൽ ഒരു വെൺപ്രാവായി കുറുകിച്ചേർന്ന ശ്രാവന്തിയിലായിരുന്നു …

* * * * * * * * * * * * *

സ്നേഹവും പ്രണയവും കൊച്ച് കോച്ച് പരിഭവങ്ങളുമായി അവരുടെ ജീവിതത്തിലെ രണ്ടാഴ്ച കടന്നു പോയി …

വെള്ളിയാഴ്ച രാത്രി ….

” നാളെ എനിക്ക് ഹോസ്പിറ്റലിൽ പോകണം …. ” ജിഷ്ണു ശ്രാവന്തിയോടായി പറഞ്ഞു …

” ആണോ … ഞാനും കൂടെ വന്നോട്ടെ ജിഷ്ണുവേട്ടാ ……?” അവൾ ചോദിച്ചു …

” താൻ വാ .. ഇനി താനല്ലാതെയാരാ ഒപ്പം വരേണ്ടത് …? ” അവൻ ചോദിച്ചു …

അവൾ പുഞ്ചിരിച്ചു …

” ഈ ട്രീറ്റ്മെന്റ് പഴയ ഓർമകളൊക്കെ തിരിച്ചു കിട്ടാനാണോ ജിഷ്ണുവേട്ടാ ….?” അവൾ ചോദിച്ചു …

അവൻ പുഞ്ചിരിച്ചു …

” അതോർത്ത് എന്റെ ചക്കരക്ക് പേടി തോന്നുന്നുണ്ടോ ….?”

” അങ്ങനെ ചോദിച്ചാൽ ….”

” പേടിക്കണ്ട …. എത്ര ഓർമകൾ തിരികെ വന്നാലും ഞാനെന്റെ മുത്തിനെ വിട്ട് കളയില്ല … “

” പേടിയില്ല ജിഷ്ണുവേട്ടാ … ഇനി എത്ര ഓർമകൾ തിരികെ വന്നാലും , അത് എന്റെ ജീവിതത്തെ തന്നെ ബാധിച്ചാലും ജിഷ്ണുവേട്ടന്റെ ട്രീറ്റ്മെന്റ് ഒന്നും മുടക്കാൻ ഞാൻ പറയില്ല കേട്ടോ … എന്നും എന്റെ ജിഷ്ണുവേട്ടൻ ആരോഗ്യവാനായി ഇരുന്നാൽ മതി … അത് മാത്രമേ എനിക്ക് ആഗ്രഹമുള്ളു …..” പറഞ്ഞു തീരുമ്പോൾ അവളുടെ തൊണ്ടയിടറി …

അവനവളെ അണച്ചു പിടിച്ചു …

” തൊട്ടാവാടി … ” വാത്സല്യത്തോടെ അവനാ നെറ്റിയിൽ ചുംബിച്ചു …

* * * * * * * * * * * *

‘ ഹിമ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ജിഷ്ണുവിന്റെ ട്രീറ്റ്മെൻറ് ….. അവന്റെ ന്യൂറോളജിസ്റ്റിനെയും കൗൺസിലറേയും ഒക്കെ കണ്ട് സംസാരിച്ച് തിരിച്ചിറങ്ങിയപ്പോൾ ശ്രാവന്തിക്ക് കൂടുതൽ ആത്മവിശ്വാസം വന്നു … ശ്രാവന്തിക്കും അവർ ചില നിർദ്ദേശങ്ങളൊക്കെ കൊടുത്തു ..

താൻ ഭയന്ന പോലെ ആരോഗ്യ പ്രശ്നങ്ങളൊന്നും ജിഷ്ണുവേട്ടനില്ല .. നഷ്ടപ്പെട്ട ഓർമകൾ തിരികെ എത്തിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം …

ഹോസ്പിറ്റൽ ക്യാന്റീനിൽ പോയി ലഞ്ച് കഴിച്ചിട്ട് അവർ തിരികെ ഗ്രൗണ്ട് ഫ്ലോറിൽ വന്നു … ഗൈനക് ഡിപ്പാർട്ട്മെന്റ് ചുറ്റിയാണ് അവർക്ക് പാർക്കിംഗിലേക്ക് പോകേണ്ടിയിരുന്നത് …

” ഇനിയെന്നാ , ദേ ഇവിടെ വന്ന് നിന്റെയൊപ്പം ഇരിക്കാൻ ഒരു ചാൻസ് കിട്ടുന്നേ … ?” ഗൈനക്ക് ഓപ്പിയുടെ മുന്നിലെത്തിയപ്പോൾ അവൻ ശ്രാവന്തിയുടെ കാതിൽ ചോദിച്ചു …

” ജിഷ്ണുവേട്ടാ …… എനിക്കൊരു വാക്ക് തന്നത് മറന്നോ …? ” അവൾ ചുണ്ടുകൂർപ്പിച്ച് ചോദിച്ചു …

” പരിഭവിക്കല്ലേടി പെണ്ണേ … ഞാനൊരു ജോക്ക് പറഞ്ഞതല്ലേ …. “

അവർ സംസാരിച്ചു കൊണ്ട് പാസേജിലേക്ക് തിരിയുമ്പോൾ ഒരു ചെറുപ്പക്കാരൻ പാർക്കിംഗിൽ നിന്ന് കൈയ്യിൽ ഹെൽമറ്റുമായി എൻട്രൻസ് ഡോർ കടന്നു വന്നു … അവൻ മുടി വിരൽ കടത്തി ചീകി നേരെയാക്കിക്കൊണ്ട് അവർക്കെതിരെ നടന്നു വന്നു ….

ശ്രാവന്തിയുടെ കണ്ണുകൾ അവന്റെ മുഖത്ത് പതിഞ്ഞതും അവളമ്പരന്നു ….

” ആദിയേട്ടനല്ലേ …. അത് …….” അവൾ ആരോടെന്നില്ലാതെ ചോദിച്ചു …

” ഏത് ആദിയേട്ടൻ …..”

” ജിഷ്ണുവേട്ടാ … ഞങ്ങടെ പഴയ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട് ആദിയേട്ടനും ഫാമിലിയും … ജിഷ്ണുവേട്ടനറിയില്ലെ , നമ്മുടെ വീടിന്റെ ബാക്കിലെ പഴയ വീട് … മുൻപ് ഞങ്ങളത് റെന്റിന് കൊടുത്തിരുന്നു … ഇപ്പോ ഒരുപാട് മെയിന്റയിൻസ് പെന്റിംഗ് ആയതു കൊണ്ട് കൊടുക്കാറില്ല … “

” ആണോ ….”

അപ്പോഴേക്കും അയാൾ അവർക്ക് അടുത്ത് എത്തിക്കഴിഞ്ഞിരുന്നു …

ശ്രാവന്തി ചിരിച്ചെങ്കിലും അയാൾ ശ്രദ്ധിക്കാതെ അവരെ കടന്നു പോയി ….

” അയാൾക്ക് നിന്നെ മനസിലായില്ലാന്ന് തോന്നുന്നു …..”

” ആ പോട്ടെ …..” അയാൾ ശ്രദ്ധിക്കാതെ പോയത് അവൾക്ക് സങ്കടമായെന്ന് അവളുടെ മുഖം വീർപ്പിച്ചുള്ള മറുപടി കണ്ടപ്പോൾ ജിഷ്ണുവിന് മനസിലായി … അവന് ചിരി വന്നു ….

” അയാൾ ഡോക്ടറാണോ … കഴുത്തിൽ സ്റ്റെത്തുണ്ട് ….” ജിഷ്ണു പറഞ്ഞു ..

” ആ അതെ …. അന്ന് പഠിക്കുവാരുന്നു … ആഴ്ചേലൊക്കെയാ വീട്ടിൽ വന്നോണ്ടിരുന്നേ … ഒരു പെങ്ങളുമുണ്ട് … അത് ജിഷ്ണുവേട്ടന്റെ ഫീൽഡാ … എഞ്ചിനിയറിംഗ് ….”

” ആണോ …..”

” ശ്രാവന്തീ ……” പിന്നിൽ നിന്നൊരു വിളി കേട്ടപ്പോൾ അവരിരുവരും തിരിഞ്ഞു നോക്കി …

തൊട്ട് മുൻപ് അവരെ കടന്നു പോയ ചെറുപ്പക്കാരൻ ….

ശ്രാവന്തിയുടെ മുഖം വിടർന്നു …

അവൾ ജിഷ്ണുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു …

” എന്നെ മനസിലായില്ലേ ……. ഞാൻ ആദിത്യൻ …..” അയാൾ അവർക്കടുത്തേക്ക് വന്നു സ്വയം പരിചയപ്പെടുത്തി …..

” എനിക്ക് മനസിലായി … അതാ ഞാൻ ചിരിച്ചേ … അപ്പോ ശ്രദ്ധിക്കാണ്ട് കടന്നു പോയി .. അതാ പിന്നെ …. ” ശ്രാവന്തി പറഞ്ഞു …

” ആം സോറി … ഞാൻ വേറൊരു ടെൻഷനിലായിരുന്നു .. കടന്നു പോയിട്ടാ , കണ്ട പോലെ ഓർത്തത് ….”

ശ്രാവന്തി ചിരിച്ചു …

” സുഖാണോ .. കണ്ടിട്ട് ഒത്തിരി വർഷങ്ങളായില്ലേ നമ്മൾ ” അവൾ പറഞ്ഞു ..

” സുഖം …. മാര്യേജ് കഴിഞ്ഞുവല്ലേ …. ” അവൻ ജിഷ്ണുവിനെ നോക്കി ചോദിച്ചു …

” യെസ് … ഇത് എന്റെ ഹസ്ബന്റ് … ജിഷ്ണു … ” അവൾ ജിഷ്ണുവിനെ ആദിത്യന് പരിചയപ്പെടുത്തി കൊടുത്തു ..

” ഹലോ ……” അവരിരുവരും പരസ്പരം കൈകൊടുത്തു ..

തങ്ങളുടെ ജീവിതത്തിലെ പുതിയ വഴിത്തിരുവുകൾക്ക് വഴി വയ്ക്കുന്നൊരു കൂടിക്കാഴ്ചയാണ് അതെന്നറിയാതെ അവർ പരസ്പരം പരിചയപ്പെട്ടു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!