” അമ്മേ ………….” അവൻ സ്റ്റെപ്പിറങ്ങി താഴെ വന്നു …
ലതികയും ജയചന്ദ്രനും അവന്റെ വിളി കേട്ട് പരിഭ്രമിച്ചാണ് എഴുന്നേറ്റ് വന്നത് …
ശ്രാവന്തിയും ഭയന്നു പോയി .. അവൾ അവന്റെ പിന്നാലെ സ്റ്റെയർ ഇറങ്ങി വന്നു …
” എന്താ മോനേ….. ? ” ജയചന്ദ്രൻ ആശങ്കയോടെ ചോദിച്ചു …
” ശ്രാവന്തിയോടും വീട്ടുകാരോടും ഒന്നും പറയാതെയാണോ ഈ വിവാഹം നടത്തിയത് …? “
ജയചന്ദ്രനും ലതികയും ഒരു പോലെ വിളറി ….
” അതിനിപ്പോ എന്തുണ്ടായി ….”
” അച്ഛൻ ചോദിച്ചതിന് ഉത്തരം പറ ….?”
” ലതയോട് ഞങ്ങൾ പറഞ്ഞിരുന്നതാ എല്ലാം പറയണമെന്ന് …”
ജിഷ്ണുവിന്റെ മുഖം ചുവന്നു …
ശ്രാവന്തി മുള്ളിൽ ചവിട്ടിയായിരുന്നു നിന്നത് … അവളുടെ നെഞ്ചിടിപ്പ് കൂടി .. … അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കിലെന്ന് അവൾ ആശിച്ച് പോയി …
” ചിറ്റ പറഞ്ഞോ ഇല്ലയോന്ന് അമ്മ ചോദിച്ചിരുന്നോ ? “
” അത് ….. പറഞ്ഞിട്ടുണ്ടാവുംന്ന് തോന്നി …”
” എന്നിട്ട് ഞാൻ ചോദിച്ചപ്പോ എല്ലാം പറഞ്ഞു എന്നാണല്ലോ അച്ഛൻ പറഞ്ഞത് …” അവൻ ജയചന്ദ്രനെ നോക്കി ..
ജയചന്ദ്രനും ലതികയും മിണ്ടാട്ടമില്ലാതെ നിന്നു ….
” ചിറ്റ പറഞ്ഞാലും ഇല്ലെങ്കിലും പറയേണ്ട കടമ നമ്മുടേതായിരുന്നു … “
അവൻ കോപമടക്കിയില്ല …
ജയചന്ദ്രനും ലതികയും എന്തു വേണമെന്നറിയാതെ മകന് മൂന്നിൽ കുറ്റവാളികളെ പോലെ നിന്നു …
” എത്രയും പെട്ടന്ന് ശ്രാവന്തിയേം വീട്ടുകാരെയും എല്ലാം അറിയിക്കണം … “
ജയചന്ദ്രനും ലതികയും നടുങ്ങി … അവർ ശ്രാവന്തിയെ പാളി നോക്കി …
അവൾ പകച്ചു നിൽക്കുകയാണ് ….
” മോനെ ഇനിയിപ്പോ ….. “
” നോ …. ഒന്നും പറയണ്ട …. നാളെ തന്നെ ശ്രാവന്തിയെ കൂട്ടി അവളുടെ വീട്ടിൽ പോകണം … “
പെട്ടന്ന് ശ്രാവന്തി അവർക്കടുത്തേക്ക് ഇറങ്ങി വന്നു ….
” എന്റെ വീട്ടിൽ അറിയിക്കുന്നതിന് മുൻപ് എന്നോട് പറയൂ എന്താന്ന് ….? എനിക്കറിയണം …… “
ജിഷ്ണു അവളെ നോക്കി …. അവന് അവളോട് സഹതാപം തോന്നി ….
ലതികയും ജയചന്ദ്രനും മുഖം കുനിച്ച് നിന്നു …..
” പറയമ്മേ അവളോട് …. എല്ലാം തുറന്നു പറയണം ………. “
ലതിക ഉമിനീരിറക്കി …
എങ്ങനെ തുടങ്ങുമെന്ന് ലതികക്ക് ഒരെത്തും പിടിയും കിട്ടിയില്ല ….
ജയചന്ദ്രൻ മുന്നോട്ട് വന്നു …. ശ്രാവന്തിയുടെ മുന്നിൽ വന്ന് അവളെ തോളത്ത് ചേർത്തു പിടിച്ചു ….
അവൾ മുഖം കുനിച്ചു കളഞ്ഞു ….
അവരെല്ലാം അഭിനയിക്കുകയാണെന്ന് അവൾക്ക് തോന്നി …
” മോളെ …. ഭയപ്പെടാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല … എഞ്ചിനിയറിംഗ് കഴിഞ്ഞ് കുറച്ച് നാൾ , ജിഷ്ണു തിരുവനന്തപുരത്ത് വർക്ക് ചെയ്തിരുന്നു .. അവിടെ വച്ച് അവനൊരു ആക്സിഡന്റ് സംഭവിച്ചു … അവന്റെ ബൈക്ക് ഒരു ലോറിയിൽ ഇടിച്ചു .. നാൽപ്പത് ദിവസം അവൻ മരണത്തോട് മല്ലിട്ട് കിടന്നു … തലയിൽ രണ്ട് സർജറി …. എല്ലാം കഴിഞ്ഞ് അവൻ കണ്ണ് തുറന്നപ്പോ , ഞങ്ങളെയൊന്നും ഓർമയില്ല … പല കാര്യങ്ങളും അവന്റെ ഓർമയിൽ നിന്ന് മാഞ്ഞു പോയി .. അങ്ങനെ സംഭവിച്ചേക്കുമെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞിരുന്നു … രണ്ട് മാസത്തോളം ട്രീറ്റ്മെൻറും കൗൺസിലിംഗും ഒക്കെ നടന്നു .. അവൻ പഠിച്ച കാര്യങ്ങൾ , ചെയ്ത ജോലി ഒക്കെ അവൻ ഓർത്തെടുത്തു .. ഞങ്ങളെയാരെയും ഓർത്തെടുക്കാൻ കഴിഞ്ഞില്ല , ബന്ധുക്കൾ , സുഹൃത്തുക്കൾ ഒന്നും പഴയ ഓർമകളിൽ നിന്ന് ഓർത്തെടുത്തില്ല .. പകരം ഒന്നേന്ന് മനസിലാക്കി എടുത്തു … തനിയെ ഓർത്തെടുക്കുമായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത് … പക്ഷെ ഞങ്ങളോടെല്ലാം ഇടപഴകുന്നത് കൊണ്ട് , അതിന് മുൻപേ ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നു ..
രണ്ടര വർഷം ട്രീറ്റ്മെന്റ് വേണ്ടി വന്നു .. ആ സമയം എല്ലാം അവൻ പഠിക്കാനുപയോഗിച്ചു .. ഇടയ്ക്ക് എപ്പോഴോ അവൻ പഠിച്ച കോളേജ് ഓർത്തെടുത്തു , പിന്നെ ഒന്ന് രണ്ട് ടീച്ചേർസ് ഒക്കെ ….
ഇപ്പോഴും മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പും കൗൺസിലിംഗും ഉണ്ട് …
ദൈനം ദിന ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ല … പലരെയും മറന്നു പോയി എന്ന് മാത്രം …. ചിലരെയൊക്കെ വീണ്ടും കണ്ട് കഴിഞ്ഞപ്പോൾ അവൻ ഓർത്തെടുക്കുകയും ചെയ്തു …. “
ശ്രാവന്തി മിണ്ടാതെ നിന്നു … ഒരു നേരിയ ആശ്വാസവും അവൾക്ക് തോന്നി …
താൻ ഭയപ്പെട്ടത് പോലെ ഒന്നുമില്ല ….
ജിഷ്ണു അവളെ നോക്കി നിൽക്കുകയായിരുന്നു ….
” ഇത് ഞങ്ങളോട് നേരത്തെ പറയാമായിരുന്നു … ഈ കാരണം കൊണ്ട് വിവാഹം മുടങ്ങുമായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല … ” അവൾ മനസിൽ തോന്നിയത് മറയില്ലാതെ പറഞ്ഞു …
” നാലഞ്ച് പ്രപ്പോസൽസ് നിശ്ചയം വരെ എത്തിയിട്ട് മുടങ്ങിപ്പോയി … കാരണങ്ങളില്ലാതെ … അവനെ അത് വല്ലാതെ വേദനിപ്പിച്ചു … ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ വിഷമം ഞങ്ങൾക്ക് അറിയാമായിരുന്നു … അത് കൊണ്ടാ …. ഞങ്ങളിത്തിരി സ്വാർത്ഥത കാണിച്ചു പോയി ……….” ലതിക ദയനീയമായി ശ്രാവന്തിയെ നോക്കി പറഞ്ഞു ….
” മോൾടെ അച്ഛനോടും അമ്മയോടും ഞങ്ങളെല്ലാം പറയാം … നാളെത്തന്നെ ..” ജയചന്ദ്രൻ പറഞ്ഞു ….
” പക്ഷെ ഈയൊരു കാരണം കൊണ്ട് മോള് എന്റെ മോനെ വിട്ടിട്ട് പോകരുത് … നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല … അവൻ സാധാരണ നിലയിൽ തന്നെയാണ് … കുറച്ച് നാളു കൂടി മെഡിസിൻ തുടരാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാ … ചിലപ്പോ ഓർമകൾ പൂർണമായി തിരിച്ചു കിട്ടിയേക്കും …..” ലതിക ശ്രാവന്തിയുടെ കൈപിടിച്ച് യാചിക്കും പോലെ പറഞ്ഞു …
” അമ്മേ … അമ്മയവളെ നിർബന്ധിക്കണ്ട … അതിനുള്ള അവകാശം അമ്മയ്ക്കില്ല … തീരുമാനമെടുക്കേണ്ടത് അവളാണ് ….” ജിഷ്ണു അമ്മയെ തിരുത്തി …
ലതിക മുഖം കുനിച്ചു …
ശ്രാവന്തി അൽപ്പനേരം മിണ്ടാതെ നിന്നു …
പിന്നെ ജയചന്ദ്രന്റെ അടുത്തേക്ക് ചെന്നു ….
അവളെന്ത് തീരുമാനം എടുക്കുമെന്നോർത്തു ജിഷ്ണുവിനും ആശങ്കയുണ്ടായിരുന്നു … അവളെ നഷ്ടപ്പെടുന്നത് അവന് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു …
അവൾ ജയചന്ദ്രനെ നോക്കി … ആ മുഖത്തെ ഭാവമെന്തെന്ന് ആർക്കും മനസിലായില്ല …..
ലതികയും ജയചന്ദ്രനും ഉൾഭയമുണ്ടായിരുന്നു … ശ്രാവന്തി എടുക്കുന്ന തീരുമാനത്തിലാണ് മകന്റെ ജീവിതമിരിക്കുന്നത് …
അവളുടെ തീരുമാനം അനുകൂലമല്ലെങ്കിൽ ….
തങ്ങളുടെ സ്വാർത്ഥത അവനെ പ്രതികൂലമായി ബാധിക്കരുതേയെന്ന് അവർ പ്രാർത്ഥിച്ചു …..
“അച്ഛാ ……..” ശ്രാവന്തി വിളിച്ചു … അവളുടെ മുഖം നിർവികാരമായിരുന്നു ..
” അച്ഛാ …. നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ് … തെറ്റു മാത്രമല്ല കുറ്റകരമായ ചതിയാണ് … “
ജയചന്ദ്രന്റെ മുഖം കുനിഞ്ഞു …..
” ഇതിപ്പോ എന്റെ വീട്ടിലറിഞ്ഞാൽ അവരെങ്ങനെ റിയാക്ട് ചെയ്യുമെന്നറിയില്ല … എന്റെ അച്ഛൻ തകർന്നു പോകും …..” അവൾ സങ്കടത്തോടെ പറഞ്ഞു …
” പെണ്ണ് കാണാൻ വന്നപ്പോ ജിഷ്ണുവേട്ടനെങ്കിലും എന്നോട് പറയാമായിരുന്നു …. ” അവൾ കുറ്റപ്പെടുത്തി …
ജിഷ്ണുവിന്റെ മുഖവും കുനിഞ്ഞു ….
” തൻ പറയ് … ഈ നിമിഷം വേണങ്കിലും ഞാൻ തന്നെ തിരിച്ചയക്കാം ….” അവൻ പറഞ്ഞു…
” എത്ര എളുപ്പം … വിവാഹം കഴിഞ്ഞു പോയ മകൾ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമ്പോ , എന്റെ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകുമെന്ന് നിങ്ങളോർത്തോ … “
ആർക്കും ഉത്തരമില്ലായ്രുന്നു …
” ഇതൊന്നും എന്റെ അച്ഛൻ സഹിക്കില്ല … ഹൃദയം പൊട്ടും അച്ഛന്റെ ….” അവൾക്ക് ഉദയനെ ഓർത്തായിരുന്നു സങ്കടം …
” തത്ക്കാലം ഒന്നും എന്റെ വീട്ടിൽ അറിയിക്കണ്ട …. സാവധാനം ഞാനെല്ലാം പറഞ്ഞോളാം .. എന്തായാലും ഇതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ച് പോകാൻ എനിക്കാവില്ല …..” ശ്രാവന്തിയുടെ വാക്കുകൾ ഉറച്ചതായിരുന്നു ..
ജയചന്ദ്രനും ലതികയും ആശ്വാസത്തോടെ പരസ്പരം നോക്കി ..
” മോളെ , ഇതുകൊണ്ട് നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല … വിവാഹം കഴിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിരുന്നു …….” ലതിക പറഞ്ഞു .
” ആയിക്കോട്ടെ … പക്ഷെ എന്നോട് പറയേണ്ട കടമ നിങ്ങളുടേതായിരുന്നില്ലേ അമ്മേ …. ഈ വീട്ടിൽ ഒരു മകളുണ്ടായിരുന്നെങ്കിൽ , അവൾക്കാണ് ഇങ്ങനെയെങ്കിൽ അച്ഛനും അമ്മയും സഹിക്കോ … പോട്ടെ , ജിഷ്ണുവേട്ടന്റെ സ്ഥാനത്ത് എനിക്കായിരുന്നു ഇങ്ങനെയെങ്കിലോ .. ? അത് മറച്ചു വച്ചിട്ടാ ഞാൻ വിവാഹം കഴിച്ച് വന്നതെങ്കിലോ ….? “
അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിശബ്ദരായി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളു ….
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ശ്രാവന്തിക്ക് തോന്നി … അവൾ വേഗം സ്റ്റെപ് കയറി മുകളിൽ വന്നു .. റൂമിലേക്ക് കടന്നതും അവൾ മുഖം പൊത്തി കരഞ്ഞു ..
എന്തൊക്കെ പരീക്ഷണങ്ങളാണ് താൻ നേരിടുന്നത് ..
ആദ്യം സ്നേഹിച്ച പുരുഷൻ വഞ്ചിച്ചു .. ഇപ്പോൾ താലി കെട്ടിയവനും …
കുറേ കഴിഞ്ഞു ജിഷ്ണു മുറിയിലെത്താൻ …
അവൻ വരുമ്പോൾ ബെഡിലേക്ക് കയറി , കാൽമുട്ടിൽ മുഖമർപ്പിച്ചിരിക്കുകയായിരുന്നു ശ്രാവന്തി …
അവന് വേദന തോന്നി … ഒരിക്കലും ഒരു പെൺകുട്ടിയെ ചതിക്കണമെന്ന് കരുതിയതല്ല …
പദങ്ങളിൽ ഒരു സ്പർശമറിഞ്ഞപ്പോൾ ശ്രാവന്തി മുഖമുയർത്തി നോക്കി …..
” മാപ്പ് ……..” അവന്റെ കണ്ണുകളിൽ നേർത്തൊരു നനവുണ്ടായിരുന്നു …
തീപ്പൊള്ളലേറ്റത് പോലെ അവൾ കാൽ പിൻവലിച്ചു …
” വേണ്ട ……. ” അവൾ പെട്ടന്ന് അവന്റെ കൈ പിടിച്ചു ….
” എന്നോട് പറഞ്ഞത് എല്ലാം നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാ … വീണ്ടും അതൊക്കെ കുത്തിച്ചികയണ്ടല്ലോന്നോർത്താ പെണ്ണ് കാണലിന് ഞാനത് ചോദിക്കാതിരുന്നത് … അത് കഴിഞ്ഞു സംസാരിക്കാൻ ഞാൻ പലവട്ടം വിളിച്ചപ്പോഴും തനിക്ക് തിരക്കുകളുണ്ടായിരുന്നു …. ” അവൻ പറഞ്ഞു ..
ശരിയാണ് …! പ്രണവിന്റെ വിഷയത്തിൽ മനസ് ശാന്തമല്ലാതിരുന്നത് കൊണ്ട് അവനോട് ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു …
” സാരമില്ല ……” അവൾ നിർവികാരയായി പറഞ്ഞു ….
വിശ്വസിക്കുന്നവരെല്ലാം വഞ്ചിക്കുന്നു എന്നൊരു തോന്നൽ അവളിൽ ഉടലെടുത്തു …
” എനിക്കൊന്നു കിടക്കണം …..” അവൾ പറഞ്ഞു ….
” ങും……. താൻ കിടന്നോളു …”
അവൾ ബെഡിലേക്ക് കിടന്നു …
ജിഷ്ണു എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു …..
അവൻ പോകുന്നത് അറിഞ്ഞെങ്കിലും അവൾ പിന്നാലെ ചെന്നില്ല … കണ്ണുകളടച്ച് അവൾ കിടന്നു ….
* * * * * * * * * * * * *
പിറ്റേന്ന് ശ്രാവന്തി ഉണർന്നു നോക്കുമ്പോൾ അരികിൽ ജിഷ്ണു കിടപ്പുണ്ടായിരുന്നു …
അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു ….
താടിയിൽ കുറ്റി രോമങ്ങൾ വളർന്നു നിൽപ്പുണ്ടായിരുന്നു .. നിഷ്കളങ്കമായ മുഖം ….
അവൾക്കെന്തു കൊണ്ടോ സഹതാപം തോന്നി …. ആ നെറ്റിയിലേക്ക് വീണു ചിതറി കിടന്ന മുടി കൈവിരൽ കടത്തി മാടിയൊതുക്കി വയ്ക്കാതിരിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല …
നെറ്റിയിലെ തണുത്ത സ്പശർമറിഞ്ഞ് ജിഷ്ണു മെല്ലെ കൺ തുറന്നു …
കൺമുന്നിൽ , ഒരു ബ്രെയ്സ്ലേറ്റിന്റെ തൊങ്ങലാണ് ദൃശ്യമായത് … അത് ശ്രാവന്തിയുടെ കൈയാണെന്ന് അവൻ തിരിച്ചറിഞ്ഞു …
അവന്റെ കണ്ണുകൾ തന്റെ നേർക്ക് ചലിക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് കൈ പിൻവലിച്ചു ….
അപ്പോഴേക്കും ആ കൈയിൽ അവൻ പിടുത്തമിട്ടു …
അവളുടെ മുഖത്ത് ഒരു ചമ്മൽ കാണാമായിരുന്നു ..
അവൻ അവളെ കണ്ണെടുക്കാതെ നോക്കിക്കിടന്നു … അവന്റെ നക്ഷത്ര കണ്ണുകളുടെ കാന്തിക ശക്തി നേരിടാനാവാതെ അവൾ മിഴികൾ പിൻവലിച്ചു …. ഒരു വേള ആ കവിളുകൾ ചുവന്നു തുടുത്തു …
അവൻ മെല്ലെ എഴുന്നേറ്റു … അവൾക്കരികിൽ , ബെഡിൽ ചാരിയിരുന്നു …
” തനിക്ക് എന്നോട് വെറുപ്പാണോ ….?” അവൻ ചോദിച്ചു … ആ വാക്കുകളിൽ ഒരു നീറ്റലുണ്ടായിരുന്നു ..
” വെറുപ്പല്ല …. പക്ഷെ … എന്തോ ഒരു സങ്കടം … അതുണ്ട് … ” അവളിൽ ഒരു ഗദ്ഗദമുണർന്നു …
” സോറി ……” അവൻ ആത്മാർത്ഥമായി പറഞ്ഞു ….
” സാരമില്ല … കഴിഞ്ഞത് കഴിഞ്ഞു … ” അവൾ പറഞ്ഞു …
അവർ പരസ്പരം നോക്കിയിരുന്നു … അവന്റെ കുറ്റിത്താടിയിൽ അവൾ മെല്ലെ തലോടി . ..
ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി .. പെട്ടന്നാണ് അത് സംഭവിച്ചത് .. അവളൊട്ടും പ്രതീക്ഷിക്കാതെ അവനവളെ ,തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു …
ആ കണ്ണുകളിലും മുഖത്തും ചുണ്ടിലും അവൻ തുരുതുരെ ചുംബിച്ചു …
അവളുടെ കൊച്ചു കൊച്ചെതിർപ്പുകൾ അവന്റെ കരുത്തിനു മുന്നിൽ ഇല്ലാതാവുകയായിരുന്നു …
അവളുടെ ഉടലിൽ ഒരു ചൂട് പടർന്നു …
പെട്ടന്ന് തീക്കാറ്റ് പോലെ അവളുടെ മനസിലേക്ക് പ്രണവിന്റെ മുഖം കടന്നു വന്നു ….
അവൾ അവനിൽ നിന്ന് ബലമായി അകന്ന് എഴുന്നേറ്റിരുന്നു …. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു …
ജിഷ്ണു എഴുന്നേറ്റു … അവന് ദേഷ്യം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല …
” എന്താടോ ……”
” എനിക്ക് ഈ ആഴ്ച സമയം തരാമെന്നല്ലേ പറഞ്ഞത് ….?” അവൾ യാചനയോടെ ചോദിച്ചു …
” ങും …. ആയിക്കോട്ടെ … “
ഉള്ളിലെ അരിശം മറച്ച് വച്ച് ജിഷ്ണു പറഞ്ഞു …
അവിടെ ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ട് അവൾ ബെഡിൽ നിന്നിറങ്ങി ,ബാത്ത് റൂമിലേക്ക് കയറി …
ഡോറടച്ച് അതിൽ ചാരി കണ്ണടച്ച് അവൾ നിന്നു …
ഈശ്വരാ …! എന്തൊരു പരീക്ഷണം … !
പ്രണവിന്റെ ഓർമകൾ തന്നെ വേട്ടയാടാൻ തുടങ്ങുകയാണോ …. അവളുടെ മിഴി നിറഞ്ഞു … അവൾ താലിയിൽ മുറുക്കിപ്പിടിച്ചു …
ഇതാണ് തന്റെ ജീവിതം …. ഇതാണ് തന്റെ ജീവിതം ………
അവൾ സ്വയം പറഞ്ഞു …
* * * * * * * *
അന്നും അവർ ബന്ധു വീടുകളിലൊക്കെ സന്ദർശിച്ചു ..
നിളയുടെയും വിന്ധ്യയുടേയും വീട്ടിലായിരുന്നു അന്നത്തെ ലഞ്ച് ഒരുക്കിയിരുന്നത് ….
അൽപ്പം ഗ്രാമപ്രദേശത്തായിട്ടായിരുന്നു അവരുടെ വീട് … ശ്രാവന്തിക്ക് അവിടെയെല്ലാം വളരെ ഇഷ്ടപ്പെട്ടു … സ്വന്തം നാട് ഓർമ വന്നു അവൾക്ക് …
കുറച്ചകലെയുള്ള പുഴയിൽ അവരെല്ലാവരും കൂടി പോയി … ആ മനോഹാരിതയൊക്കെ കണ്ട് വൈകുന്നേരത്തോടെ അവർ മടങ്ങി ….
* * * * * * * * * *
കുളിച്ച് മുടി വിതിർത്തിട്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ശ്രാവന്തി … അവളുടെ അരക്കെട്ടിലേക്ക് നേർത്ത തുള്ളികൾ വീണു കൊണ്ടിരുന്നു ..
അവൾ വിദൂരതയിലേക്ക് നോക്കി നിന്നു… കുറച്ച് ദിവസങ്ങൾ കൊണ്ട് എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിക്കുന്നത് …
” താനിവിടെ സ്വപ്നം കണ്ടു നിൽക്കുകയാണോ …..” ജിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി …..
” ഏയ് …..” അവൾ പുഞ്ചിരിച്ചു ….
അവൻ അവൾക്കരികിൽ വന്ന് നിന്നു … അൽപ്പനേരം ഇരുവരും നിശബ്ദരായിരുന്നു …
” തനിക്കെന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടോ … ? ജിഷ്ണു ചോദിച്ചു …
രാവിലത്തെ സംഭവം മനസിൽ വച്ചാണ് അവൻ ചോദിച്ചതെന്ന് അവൾക്ക് മനസിലായി …
അവൾ മുഖം കുനിച്ചു ….
” ശരിക്കും തന്റെ പ്രശ്നം എന്താ …. സത്യം മറച്ചു വച്ച് വിവാഹം കഴിച്ചതാണോ … അതോ തന്റെ പഴയ അഫയറോ …? “
അവൾ ഞെട്ടലോടെ അവനെ നോക്കി …
” താൻ തുറന്ന് പറഞ്ഞോളു … നമുക്ക് ഒരുമിച്ച് ആലോചിച്ച് ഒരു സൊല്യൂഷൻ കണ്ടെത്താം ….” ജിഷ്ണു അവളുടെ വലം കൈ കടന്നെടുത്തു കൊണ്ട് പറഞ്ഞു ..
അവൾ മൗനമായി …
എന്ത് പറയും …. ആ സമയത്ത് പഴയ കാമുകന്റെ മുഖം മനസിൽ വന്നെന്നോ ….
” അറിയില്ല ജിഷ്ണുവേട്ടാ …….. മനസ് ശാന്തമാകുന്നില്ല …. ” അവൾ പറഞ്ഞു …
” കാരണം ….?”
അവൾ മുഖം കുനിച്ചു ….
” പ്രണവ് …..?” അവൻ ചോദിച്ചു ..
അവൾ അവന്റെ മുഖത്തേക്ക് നോക്കി …
അതാണ് കാരണമെന്ന് , അവളുടെ മുഖത്ത് നോക്കിയപ്പോൾ ജിഷ്ണുവിന് മനസിലായി …
എവിടെയോ ഒരൽപം ദേഷ്യമോ അസൂയയോ ഒക്കെ അവന്റെ ഉള്ളിലും തോന്നി …
” എടോ… അയാളിപ്പോഴും തന്നെയോർത്ത് , എവിടെയെങ്കിലും നിരാശയോടെ ജീവിക്കുകയായിരുന്നെങ്കിൽ താൻ വിഷമിക്കുന്നതിൽ അർത്ഥമുണ്ടായിരുന്നു … “
ശ്രാവന്തി അവനെ നോക്കി …
” താനൊന്ന് ഓർത്തു നോക്കിയേ .. അയാൾ വിവാഹം കഴിച്ച് , സ്വന്തം ഭാര്യയോടൊപ്പം അടിച്ച് പൊളിച്ചു ജീവിക്കുന്നു .. തന്നെ നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധമേതുമില്ലാതെ … പിന്നെ താൻ തന്റെ ലൈഫ് അയാളെ ഓർത്ത് സ്പോയിൽ ചെയ്യുന്നതെന്തിനാ .. താനൊരു അഡ്വക്കേറ്റ് അല്ലേ .. സാധാരണ പെൺകുട്ടികളുടേതിനെക്കാൾ മുകളിലാണ് തന്റെ IQ .. താൻ കുറച്ചു കൂടി പ്രാക്ടിക്കലായി ചിന്തിക്കൂ ….” അവൻ പറഞ്ഞു ….
” ഞാൻ ശ്രമിക്കുവാ ….” അവൾ പറഞ്ഞു …
” അയാളെപ്പോലെ എന്നെ സ്നേഹിക്കാൻ ഞാൻ പറയില്ല …. പക്ഷെ അതിന്റെ പകുതി താൻ എന്നെ സ്നേഹിച്ചാൽ മാറും നമുക്കിടയിലെ ഡിസ്റ്റൻസ് …..”
” ജിഷ്ണുവേട്ട…….” അവൾ ഹൃദയ വ്യഥയോടെ വിളിച്ചു …
” എന്റെ മനസിലെവിടെയും അയാൾക്ക് സ്ഥാനമില്ല … എനിക്കിഷ്ടം എന്റെ ഭർത്താവിനെയാണ് … അതിലെനിക്ക് എന്നെ വിശ്വാസമുണ്ട് ….” അവൾ അവന്റെ മുന്നിൽ വന്നു നിന്നു ….
” ഉറപ്പാണോ …..” അവൻ അവളുടെ താടിത്തുമ്പിൽ തൊട്ടു …
” ങും …… ” അവൾ അതേയെന്ന അർത്ഥത്തിൽ മൂളി …
” പിന്നെന്താ തനിക്ക് പ്രശ്നം ….”
” അയാളുടെ ഓർമകൾ വേട്ടയാടുന്ന പോലെ ….” അവൾ തേങ്ങിപ്പോയി …
അവളുടെ കൺകോണിലൂടെ കണ്ണുനീരൊലിച്ചിറങ്ങിയത് ജിഷ്ണുവിനെ നൊമ്പരപ്പെടുത്തി …
അവൻ കൈയ്യുയർത്തി അത് മെല്ലെ തുടച്ചു ….. അവളൊരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു .. അവൻ ഇരു കൈ കൊണ്ടും അവളെ പുണർന്ന് തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു … ആ കണ്ണുനീർ തുളുമ്പിയ കണ്ണുകളിൽ സാവധാനം ചുംബിച്ചു …
” ഞാനില്ലേടോ തനിക്ക് ….” അവൻ അവളുടെ കാതോരം മന്ത്രിച്ചു ….
അവന്റെ ദേഹത്ത് അവളുടെ പിടിമുറുകി …
” വേണമെങ്കിൽ ഒരു കൗൺസിലിംഗ് ആകാം …..” കുറേ നേരത്തിന് ശേഷം അവൻ പറഞ്ഞു …
അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ….
” അത്രേം ഭ്രാന്ത് നിക്ക് ണ്ട് ന്ന് തോന്നണുണ്ടോ ….? ” അവൾ ചോദിച്ചു ….
അവൻ തമാശ പോലെ അവളെ നോക്കി ..
” ഭ്രാന്ത് ഉള്ളവരാണോ കൗൺസിലിംഗിന് പോകുന്നേ … ആരാ ഈ മണ്ടത്തരം തന്നോട് പറഞ്ഞേ … താനൊരു അഡ്വക്കേറ്റ് അല്ലേ …. എന്നിട്ടും അറിയില്ലേ …. ?”
” അറിയാം … സ്വന്തം മനസ് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോ മറ്റൊരാളുടെ സഹായം തേടുന്നു … “
” അപ്പോ അറിയാം … എന്നിട്ടാണോ ഇങ്ങനെ …..”
” ജിഷ്ണൂവേട്ടാ … എനിക്ക് ആരുടെയും സഹായമില്ലാതെ സ്വമേധയാ ഈ ജീവിതത്തിലേക്ക് വരണം … എനിക്ക് അതിന് കഴിയും … ആ വിശ്വാസമുണ്ട് … ഞാനൊന്നു ശ്രമിച്ചോട്ടെ … ജിഷ്ണുവേട്ടൻ എനിക്ക് തന്ന സമയത്തിനുള്ളിൽ അതിന് കഴിഞ്ഞില്ലെങ്കിൽ , ഏട്ടൻ വിളിക്കുന്ന എവിടേക്കും ഞാൻ വരാം .. ഏത് കൗൺസിലിംഗിനും പോകാം നമുക്ക് ….”
അവൻ അവളെ ഗാഢമായി പുണർന്നു ..
” താൻ സ്വമേധയാ വരുന്നതാണ് എനിക്കും ഇഷ്ടം … തനിക്ക് കഴിയും … ഞാൻ കാത്തിരിക്കാം … ” അവൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു പറഞ്ഞു …
* * * * * * * * * * * * * * * * *
യാത്രകളും ബന്ധുവീട് സന്ദർശനവുമായി മൂന്നു ദിവസം കൂടി കഴിഞ്ഞു പോയി …
പിറ്റേന്ന് മുതൽ ഇരുവരും ജോലിക്ക് പോയി തുടങ്ങുകയാണ് …
രാത്രി ജിഷ്ണു ലാപ് ടോപ്പിൽ എന്തോ വർക്കിലായിരുന്നു …
ശ്രാവന്തി നോക്കുമ്പോൾ ബെഡിൽ ചടഞ്ഞിരുന്ന് , ലാപ്ടോപ് മടിയിൽ വച്ചിരിക്കുകയാണ് ജിഷ്ണു ..
അവൾ കൈയിലിരുന്ന ജഗ് ടേബിളിൽ കൊണ്ട് വച്ചു ….
ജിഷ്ണുവിനെ ഒന്ന് നോക്കിയിട്ട് അവൾ പോയി ജനാല തുറന്നിട്ടു .. പുറത്ത് നേർത്ത മഴയുണ്ട് … എപ്പോൾ വേണമെങ്കിലും , കെട്ടഴിഞ്ഞു വീഴാവുന്ന കാർകൂന്തൽ പോലെ നിലാവില്ലാത്ത ആകാശം , മഴയെ ഉള്ളിൽ നിറച്ച് കാത്തു നിന്നു …
” ജിഷ്ണുവേട്ടാ ……” അവൾ വിളിച്ചു …
” എന്താണ് ….” അവൻ ലാപ്പിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു …
” ഒന്നിങ്ങ്ട് വരൂ … അതടച്ചു വച്ചിട്ട് … “
” എന്താടോ …..?” അവൻ മുഖമുയർത്തി നോക്കി …
” വരൂ ….” അവൾ വിളിച്ചു …
അവൻ അവളെ നോക്കി ശ്വാസം നീട്ടിയെടുത്തു വിട്ടു .. പിന്നെ ലാപ്പ് ക്ലോസ് ചെയ്ത് , ടീപ്പോയിൽ വച്ചിട്ട് എഴുന്നേറ്റ് ചെന്നു ….
” ദേ ഇവിടെ , മുഖം ചേർത്തു വച്ചു നോക്കിയേ … ” അവൾ ജനൽക്കമ്പിയിൽ തൊട്ട് പറഞ്ഞു …
” എന്തിനാ ……”
” ദേ … ഈ മഴത്തുള്ളി കവിളിൽ തൊടുമ്പോ എന്ത് രസാ ….” അവൾ ചോദിച്ചു …..
” എന്താടോ തനിക്ക് …..” അവൻ അവളുടെ മുഖത്തേക്ക് നോക്കി ..
ആ മുഖത്തിന് പതിവിലും സൗന്ദര്യം .. കണ്ണുകളിലെവിടെയോ പ്രണയത്തിന്റെ തിളക്കം … കവിളിൽ അരുണ വർണം ….
അവൻ മുഖം കുനിച്ച് അവളുടെ മുഖത്തിന് നേർക്ക് കൊണ്ട് ചെന്നു …
അവൾ എതിർപ്പുകളില്ലാതെ തന്റെ മിഴികൾ അവന്റെ മിഴികളോട് കോർത്തു വച്ചു …
അവന്റെ കൈകൾ അവളുടെ ദേഹത്തേക്ക് നീണ്ടപ്പോൾ അവൾ മെല്ലെ , ജനാലക്കഭിമുഖം തിരിഞ്ഞു ….
പുറത്ത് മഴയുടെ ശക്തി കൂടുകയായിരുന്നു … മഴത്തുള്ളികൾക്ക് കനം വച്ചു …
അവന്റെ കൈകൾ അവളുടെ വയറിനെ ചുറ്റി … മുഖം പിൻകഴുത്തിൽ ചേർത്തുവച്ചു ….
കഴുത്തിലേറ്റ അവന്റെ ചുടുനിശ്വാസം അവളുടെ രോമകൂപങ്ങളെയുണർത്താൻ പോന്നതായിരുന്നു …
വലിയ വലിയ മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചപ്പോൾ അവൾ പിന്തിരിഞ്ഞു അവനഭിമുഖമായി ….
അവളുടെ മുഖത്ത് വിശ്രമം കൊള്ളുന്ന മഴത്തുള്ളികളോട് അവന് അസൂയ തോന്നി …
കണ്ണിനു മുകളിൽ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളിയിലേക്ക് ,തന്റെ ചുണ്ട് പതിപ്പിച്ച് ഉടച്ചു കളഞ്ഞു … പിന്നെ കവിളിൽ , നെറ്റിയിൽ പിന്നെ അധരത്തിൽ …
മഴവെള്ളമേറ്റ് കൂമ്പിയ താമര പോലെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു …
അവന്റെ കരങ്ങൾ അവളിൽ മുറുകി തുടങ്ങി …
എപ്പോഴോ കോരിച്ചൊരിയുന്ന തുലാമാസമാരിയിലും അവരുടെ ദേഹത്ത് നിന്ന് വിയർപ്പുകണങ്ങളടർന്നു …
അവളിൽ നിന്നടർന്നു മാറിക്കിടക്കുമ്പോൾ , അവനറിയാമായിരുന്നു ,ഈ വാടിയ താമരപ്പൂവ് നാളെ പതിന്മടങ്ങ് ശോഭയോടെ തലയുയർത്തുമെന്ന് …
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അജയൻ ന്റെ മറ്റു നോവലുകൾ
Title: Read Online Malayalam Novel Shraavanam written by Amrutha Ajayan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission