Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 35

Online Malayalam Novel Neelamizhikal

“സത്യത്തിൽ മേലേരിയിലെ ഭദ്രയുടെ രൂപഭാവങ്ങൾ അതേപടി ഒത്തിണങ്ങിയത് ഇവിടുത്തെ രുദ്രയിലാണ്..ഭദ്രയുടെ പുനർജ്ജന്മം ശ്രീ ഭദ്രയാവുമെന്ന് ഒരിക്കലും കരുതിയതല്ല..”

രുദ്രയും സൂര്യനും ഉൾക്കാവിനുള്ളിലേക്ക് നടന്നു മറഞ്ഞപ്പോൾ സ്വയമെന്നോണം ദത്തൻ തിരുമേനി പറഞ്ഞു..

പത്മയുൾപ്പടെ എല്ലാവരുടെയും മനസ്സിലെ ചിന്ത അതു തന്നെയായിരുന്നു..

പക്ഷെ ഭദ്രയോടൊപ്പം പത്മയുടെ വയറ്റിൽ പിറന്നുവെന്നതൊഴിച്ചാൽ മറ്റൊരു ബന്ധവും മേലേരിയിലെ ഭദ്രയോട് രുദ്രയ്ക്കില്ലെന്നത് അനന്തൻ പല വട്ടം ഉറപ്പ് വരുത്തിയതാണ്… പറഞ്ഞു കേട്ടിട്ടുള്ള,മേലേരിയിലെ ഭദ്രയുടെ സ്വഭാവവുമായി രുദ്രയ്ക്ക് ഉണ്ടായിരുന്ന സാമ്യം തന്നെയായിരുന്നു എല്ലാവരുടെയും സംശയത്തിന് കാരണവും…

വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് മുൻപോട്ട് നടക്കുന്ന സൂര്യനൊപ്പം എത്താൻ പാടുപെടുകയായിരുന്നു രുദ്ര..

സൂര്യൻ അവളെ ശ്രെദ്ധിച്ചതേയില്ല..

പടർന്നുകേറിയ വള്ളിച്ചെടികളും നീളൻ പുൽപ്പടർപ്പുകൾ കൊണ്ടും മൂടിക്കിടന്നിരുന്ന നടപ്പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു..

അച്ഛനോടും അമ്മയോടുമൊപ്പം ആകെ രണ്ടു തവണയേ രുദ്ര ഇവിടേയ്ക്ക് വന്നിട്ടുള്ളൂ..

ഉൾക്കാവിനുള്ളിലേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമാണ്..

മുണ്ടും മാടിക്കുത്തി മുൻപിൽ  നടക്കുന്നയാളോട് പല തവണ ഒന്ന് മെല്ലെ നടക്കാൻ പറയാൻ തുനിഞ്ഞെങ്കിലും അവളുടെ മനസ്സ് വിലക്കി..

ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല..

ചിരപരിചിതമായ സ്ഥലമെന്നത് പോലെ ഒരു കൂസലും കൂടാതെ നടന്നങ്ങു പോവുകയാണ് ആൾ..

കുറച്ചു ദൂരം നടന്നു വെറുതെ ഒന്ന് തലതിരിച്ചു നോക്കിയപ്പോഴാണ് പിറകിൽ ആളില്ലെന്ന് സൂര്യൻ അറിഞ്ഞത്.. അവന്റെ നെഞ്ചോന്നാളി..

പുലരൊളി വന്നെത്തുന്നതേയുള്ളൂ.. തിരിഞ്ഞു രണ്ടു ചുവട് നടന്നപ്പോൾ സൂര്യൻ കണ്ടു.. പടുകൂറ്റൻ മരങ്ങൾക്കിടയിൽ കാലിൽ പിണഞ്ഞ വള്ളിപ്പടർപ്പ് അടർത്തി മാറ്റാൻ ശ്രെമിക്കുന്ന രുദ്ര..

സൂര്യൻ നെഞ്ചിൽ കൈ വെച്ച് ഒന്ന് ദീർഘ ശ്വാസമെടുത്തു..

ഒന്നും പറയാതെ തന്നെയാണ് അവൾക്കരികെ എത്തിയതും കാലിൽ കുരുങ്ങിയ വള്ളിപ്പടർപ്പ്‌  പൊട്ടിച്ചെടുത്തതും..

“തന്റെ ശബ്ദം പൂർണ്ണമായും നഷ്ടമായോ..?”

ഗൗരവത്തിൽ തന്നെയായിരുന്നു ചോദ്യം.. രുദ്ര ഒന്നും പറഞ്ഞില്ല.. അവന്റെ മുഖത്തേക്ക് നോക്കിയതുമില്ല.. പക്ഷെ മഷിയെഴുതിയ നീണ്ട മിഴിയിണകൾ ചിമ്മി തുറക്കുന്നത് കണ്ടതും എന്തിനെന്നറിയാതെ  സൂര്യന്റെ ഉള്ളൊന്ന് പിടച്ചു..

പിന്നെ അവൾക്കൊപ്പം തന്നെയായിരുന്നു അവനും നടന്നത്..ഇടയ്ക്കിടെ തന്നിലേക്ക് പാറി വീഴുന്ന നോട്ടത്തെ കണ്ടില്ലെന്ന് നടിച്ചു രുദ്ര താഴേക്ക് തന്നെ നോക്കി നടന്നു..

“ഞാൻ കരുതി കോലോത്തെ തമ്പുരാട്ടിയ്ക്ക് ഇവിടെയൊക്കെ പരിചിതമായിരിക്കുമെന്ന്..”

വാക്കുകളിൽ നിറഞ്ഞ പരിഹാസം അറിഞ്ഞിട്ടും രുദ്ര പതിയെ പറഞ്ഞു..

“ഒന്ന് രണ്ടു തവണയേ ഇവിടെ വന്നിട്ടുള്ളൂ..”

“ഓ.. ഞാൻ പിന്നെ ഇവിടെ തന്നെ ആയിരുന്നല്ലോ…”

മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ചുണ്ടോന്നു കൂർത്തത് സൂര്യൻ കണ്ടിരുന്നു..

അവന് തൊട്ടുപിറകിൽ നടക്കുമ്പോൾ മുടിയിഴകൾ കോതിയ നീണ്ട വിരലുകളിലെ നീലക്കല്ല് മോതിരത്തിൽ നിന്നും രുദ്രയുടെ മിഴികൾ പിന്കഴുത്തിൽ ചേർന്നു കിടന്നിരുന്ന നേർത്ത സ്വർണ്ണനൂല് പോലുള്ള മാലയിലെത്തി നിന്നു… സൂര്യനാരായണന് അപ്പോഴും നിശാഗന്ധിയുടെ മണമായിരുന്നു..

വീണ്ടും വീണ്ടും അവനിലേക്ക് തന്നെ പിടിച്ചടുപ്പിക്കുന്ന മനസ്സിനെ പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു രുദ്ര…

മരങ്ങൾക്കിടയിൽ നിന്നും പാറക്കൂട്ടങ്ങളിലേക്ക് കാലെടുത്തു വെച്ചപ്പോൾ സൂര്യൻ തിരിഞ്ഞു കൈ അവൾക്ക് നേരെ നീട്ടി.. ഒരു നിമിഷം ശങ്കിച്ച് നിന്നു രുദ്ര.. സൂര്യൻ കൈ പിൻവലിക്കാൻ തുടങ്ങുമ്പോഴാണ് രുദ്ര വലത് കൈ അവനിലേക്ക് ചേർത്തു വെച്ചത്.. രുദ്രയുടെ കൈ സൂര്യന്റെ കൈപ്പടത്തിനുള്ളിൽ മുറുകിയതും രുദ്രയുടെ ദേഹം ഒന്നാകെ വിറച്ചത് സൂര്യൻ അറിഞ്ഞിരുന്നു..

മുഖമുയർത്തി അവനെ നോക്കാതിരുന്നത് കൊണ്ടു സൂര്യന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞത് രുദ്ര കണ്ടിരുന്നില്ല…

വന്മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന പ്രകാശത്തിൽ തൊട്ടരികെ തെളിഞ്ഞ കാഴ്ചയിൽ അവർ ഒന്നും പറയാതെ നോക്കി നിന്നു..

വിസ്താരമേറിയ കുളത്തിൽ അവിടവിടെയായി വെള്ളാമ്പലുകൾ വിടർന്നു നിന്നിരുന്നു.. കണ്ണാടിപോലുള്ള വെള്ളത്തിൽ അടിത്തട്ട് തെളിഞ്ഞു കിടന്നു..

തൊട്ടരികെയുള്ള പടുകൂറ്റൻ ആൽമരച്ചുവട്ടിലായിരുന്നു അഷ്ടനാഗ പ്രതിഷ്ഠ.. താന്നിമരത്തിനരികെയുള്ള കരിങ്കൽ മണ്ഡപത്തിൽ പത്നി സമേതനായ നാഗരാജാവ് വാസുകിയുടെ പ്രതിഷ്ഠയായിരുന്നു…

കൊത്തു പണികൾ നിറഞ്ഞ കരിങ്കൽ തൂണുകളിൽ പടർന്നു കയറിയ വള്ളിപ്പടർപ്പുകളിൽ വെള്ളയും ചുവപ്പും ഇടകലർന്ന പൂക്കൾ വിടർന്നു നിന്നിരുന്നു..

ഒരു ചിത്രത്തിലെന്നത് പോലെ ചിത്രകൂടത്തിന്റെ കാഴ്ചകൾ അവർക്ക് മുൻപിൽ പതിയെ തെളിഞ്ഞു വരികയായിരുന്നു..

താന്നിമരത്തിൽ പിണഞ്ഞു കിടന്നിരുന്ന നാഗങ്ങൾക്ക് കറുപ്പ് നിറമായിരുന്നു.. ഇളം നീല നിറത്തിലുള്ള കണ്ണുകളും ഇടയ്ക്കിടെ പുറത്തേക്കിടുന്ന നീളമേറിയ നാവുകളും ഫണങ്ങളിൽ വെളുത്ത നിറത്തിലുള്ള സ്വസ്തിക ചിഹ്നങ്ങളുമായി അവ മരച്ചില്ലകളിൽ ശിരസ്സമർത്തി കിടന്നിരുന്നു.

സൂര്യൻ സാകൂതം എല്ലാം നോക്കി കാണുന്നത് രുദ്ര കണ്ടു…

രുദ്രയാണ് ആദ്യം കുളത്തിന്റെ പടവിലേക്ക് നടന്നത്…കുനിഞ്ഞു ഐസ് പോലെ തണുത്ത വെള്ളത്തിലേക്ക് കൈകൾ മുക്കുമ്പോൾ അവൾ വിറയ്ക്കുന്നത് കണ്ടുകൊണ്ടാണ് സൂര്യൻ അവൾക്കരികിലേക്ക് എത്തിയത്…

വെള്ളത്തിലേക്ക് ഒന്ന് മുങ്ങി നിവരുമ്പോൾ രുദ്രയുടെ കാലൊന്ന് വേച്ചിരുന്നു.. ഇടംകൈയിൽ മുറുകിയ ബലിഷ്ഠമായ കരത്തിന്റെ ഉടമയെ അവൾ നോക്കിയില്ല.. ഒരുമിച്ചു പടവുകൾ കയറുമ്പോഴും സൂര്യന്റെ കൈപ്പിടിയിൽ തന്നെയായിരുന്നു രുദ്രയുടെ കൈ…

മരച്ചുവട്ടിൽ വെച്ചിരുന്ന താലവും പൂജാദ്രവ്യങ്ങളും തിരികെ എടുക്കുന്നതിന് മുൻപേ സൂര്യൻ തല ഒന്ന് കുടഞ്ഞിരുന്നു.. നീളൻ മുടിയിഴകളിൽ നിന്നും ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ തെറിച്ചത് രുദ്രയുടെ മുഖത്തേക്കായിരുന്നു.. അവൾ മിഴികൾ ഇറുകെയടച്ചപ്പോൾ സൂര്യൻ മുഖത്തൊരു കുസൃതിച്ചിരി മിന്നി മാഞ്ഞിരുന്നു.. പതിയെ മിഴികൾ തുറന്നപ്പോൾ നനവാർന്ന നിറയെ പീലികളുള്ള ചെമ്പൻ മിഴിയിണകൾ തന്നിലാണെന്ന് രുദ്ര അറിയുന്നുണ്ടായിരുന്നു.. നേര്യേതിന്റെ തുമ്പ് വലിച്ചു പുതച്ചു കൊണ്ടവൾ കൽമണ്ഡപത്തിന് നേരെ നടന്നു… പിറകെ സൂര്യനാരായണനും…

നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും വൃത്തിയാക്കി തിരി വെച്ച് അവിലും മലരും നേദിച്ച് കൂവളമാല ചാർത്തി, മഞ്ഞൾ അഭിഷേകം നടത്തുമ്പോഴും സൂര്യന്റെ ചുണ്ടുകളിൽ നിന്നും നാഗസ്തുതികളും നാഗരാജമന്ത്രവും ഉതിരുന്നത് രുദ്ര പലപ്പോഴും ആശ്ചര്യത്തോടെയാണ് ശ്രെവിച്ചത്..

അഷ്ടനാഗപ്രതിഷ്ഠയിലും ഏഴിലംപാലച്ചുവട്ടിലെ ചാമുണ്ഡി ശിലയിലും തിരി വെച്ച് തൊഴുതു പ്രാർത്ഥിച്ച് അവർ തിരികെ വരുമ്പോൾ കൽമണ്ഡപത്തിലെ  നാഗയക്ഷിയ്ക്കരികെയുള്ള വാസുകി പ്രതിഷ്ഠയിൽ പിണഞ്ഞു പത്തി വിടർത്തിയാടുന്ന വലിയ കരിനാഗത്തെ അവർ കണ്ടു..

“നാഗയക്ഷ.. നാഗരാജ..

………………………….

……………………..”

സൂര്യനിൽ നിന്നുതിർന്ന സ്വരവീചികൾ രുദ്രയും ഏറ്റു ചൊല്ലിയിരുന്നു…

തൊഴുതു നിൽക്കുന്ന അവർക്ക് മുൻപിൽ പതിയെ പത്തി വിടർത്തിയാടിയ കരിനാഗം പൊടുന്നനെ അപ്രത്യക്ഷമായതും ഇരുവരുമൊന്ന് ഞെട്ടിയിരുന്നു..

നാഗകാളി മഠത്തിലെ അവകാശികളുടെ വേളി മുഹൂർത്തത്തിൽ നാഗരാജാവിന്റെ സാന്നിധ്യമുണ്ടാവുമെന്ന് കേട്ടിട്ടുള്ളത് രുദ്ര മനസ്സിലോർത്തു..

തിരികെ നടക്കുമ്പോഴും അവർ ഒന്നും സംസാരിച്ചില്ല.. രുദ്രയുടെ മനസ്സിൽ വീണ്ടും സംശയങ്ങൾ നിറയുകയായിരുന്നു.. അവൾ കേട്ടിട്ടുള്ളതോ അറിഞ്ഞിട്ടുള്ളതോ ആയ സൂര്യനാരായണനെ ആയിരുന്നില്ല രുദ്ര അവിടെ കണ്ടത്.. തീർത്തും മറ്റൊരാൾ…

“രുദ്ര തമ്പുരാട്ടിയ്ക്ക് ഭയം തോന്നുന്നുണ്ടോ..?”

പതിഞ്ഞ ശബ്ദത്തിലായിരുന്നു ചോദ്യം..

തെല്ല് കഴിഞ്ഞായിരുന്നു രുദ്രയുടെ മറുപടി.. നേർത്തതെങ്കിലും ഉറപ്പുള്ള വാക്ക്..

“ഇല്ല…”

സൂര്യൻ തിരിഞ്ഞു അവളെയൊന്ന് നോക്കി.. മിഴികൾ കൊരുത്തു.. എന്തോ പറയാൻ തുടങ്ങിയെങ്കിലും ഒന്നും പറയാതെ സൂര്യൻ നടന്നു… രുദ്രയും..

തിരികെ എത്തിയപ്പോഴേക്കും ദത്തൻ തിരുമേനി പൂജ തുടങ്ങിയിരുന്നു..

നാഗത്തറയിൽ തെളിഞ്ഞു കത്തുന്ന ദീപങ്ങൾക്ക് മുൻപിൽ അഗ്നിസാക്ഷിയായി സൂര്യനാരായണന്റെ താലിച്ചരട് കഴുത്തിൽ മുറുകുമ്പോൾ കൈകൾ കൂപ്പി നിന്ന രുദ്രയുടെ കണ്ണുകൾ പിടയുന്നത് അവൻ കാണുന്നുണ്ടായിരുന്നു.. അവന്റെ നിശ്വാസം കവിളിൽ തട്ടിയത് അവളും അറിഞ്ഞു..

ആ നിമിഷം അവളുടെ മനസ്സിലെ പ്രാർത്ഥന എന്തായിരിക്കുമെന്നറിയാൻ സൂര്യൻ വെറുതെ ഒന്ന് മോഹിച്ചു പോയിരുന്നു..

നാഗത്തറയിൽ ശിരസ്സുയർത്തി നിന്ന കുഞ്ഞു നാഗം എല്ലാത്തിനും സാക്ഷിയെന്നോണം പതിയെ ഇളകുന്നുണ്ടായിരുന്നു..

പരസ്പരം തുളസി മാല ചാർത്തുമ്പോൾ മാത്രമാണ് രുദ്ര അവന്റെ കണ്ണുകളിലേക്ക് നോക്കിയത്.. ആ ഒരു നിമിഷം അവർ സൂര്യനാരായണനും അവന്റെ നിശാഗന്ധിയും മാത്രമായിരുന്നു….

അഗ്നിയെ വലം വെയ്ക്കുമ്പോൾ സൂര്യൻ കൈ തന്റെ വലത് കൈയ്ക്ക് മുകളിൽ വല്ലാതെ മുറുകുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു…

ചുറ്റും നിന്നവരിൽ ആരിലും സന്തോഷമുണ്ടായിരുന്നില്ല.. പത്മയെ നോക്കി അനന്തൻ മിഴികൾ ചിമ്മുന്നത് രുദ്ര കണ്ടിരുന്നു…

അച്ഛന്റെയും അമ്മയുടെയും അവസ്ഥ അവൾക്ക് അറിയാമായിരുന്നു… ഭദ്രയുടെയും തന്റെയും വിവാഹങ്ങൾ ഒരുമിച്ച് നടത്തണമെന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നു..

രണ്ടു പേരെയും  ഒരുമിച്ചു സുമംഗലികളായി കാണുന്നതിലും വലിയ സന്തോഷമൊന്നും ഇനി വരാനില്ലെന്ന് അച്ഛൻ പറയുന്നത് രുദ്ര ഓർത്തു..

ഭദ്രയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവളുടെ ചുണ്ടുകൾ വിറ കൊണ്ടു..

സൂര്യനിൽ നോട്ടമെത്തിയതും അവളൊന്ന് പകച്ചു.. ആ മുഖം കനത്തിരുന്നു..

കാരണം രുദ്രയ്ക്ക് കൂടുതൽ ആലോചിക്കേണ്ടതില്ലായിരുന്നു…

തന്റെ മുഖത്തെ സങ്കടം കണ്ടു തെറ്റിദ്ധരിച്ചു കാണും…

നാഗക്കാവിൽ നിന്നും സൂര്യനൊപ്പം തന്നെയാണ് രുദ്ര ഇല്ലത്തേക്ക് എത്തിയത്.. വലത് കാല് വെച്ചു തന്നെ പൂമുഖപ്പടികൾ കയറി..

മുത്തശ്ശിയുടെ നിർബന്ധപ്രകാരം പരസ്പരം മധുരം കൊടുക്കുമ്പോഴും സൂര്യന്റെ മുഖത്ത് ഗൗരവം തന്നെയായിരുന്നു..

സൂര്യൻ ഹാളിലെ സോഫയിൽ ഇരുന്നു മറ്റുള്ളവരോട് സംസാരിക്കുന്നത് കണ്ടിട്ടാണ് രുദ്ര മുറിയിലേക്ക് നടന്നത്..

അവൾ അകത്തു കയറി വാതിലടയ്ക്കാൻ തുണിഞ്ഞപ്പോഴേക്കും പത്മ അവൾക്ക് മുൻപിൽ എത്തിയിരുന്നു.. ഒന്നും പറയാതെ പത്മ അകത്തേക്ക് കയറി വാതിലടച്ചു..

അപ്രതീക്ഷിതമായാണ് അടുത്ത നിമിഷം രുദ്രയെ കെട്ടിപ്പിടിച്ചത്….

“ഇങ്ങനെയൊന്നും ആയിരുന്നില്ല….”

ശബ്ദം ഇടറിയപ്പോഴാണ് അമ്മ കരയുന്നുണ്ടെന്ന് രുദ്രയ്ക്ക് മനസ്സിലായത്.. അമ്മയുടെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടുള്ളത് അപൂർവ്വമായാണ്.. ഉള്ളിൽ കരയുന്നുണ്ടെങ്കിലും കല്ല് പോലെ നിൽക്കുകയേയുള്ളൂ…

“അമ്മാ…”

പത്മ അവളെ നോക്കി.. ആ കലങ്ങിയ കണ്ണുകൾ കണ്ടതും രുദ്രയുടെ ഉള്ളു പിടഞ്ഞു..

“എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. എനിക്ക് ഒരു സങ്കടവുമില്ല്യാ… നമ്മുടെ അമ്മൂട്ടിയ്ക്ക് വേണ്ടിയല്ലേ.. പിന്നെ ഇത്‌ കെട്ടിയത് ഞാൻ സ്നേഹിച്ചയാള് തന്നെയല്ലേ..”

കഴുത്തിലെ താലിച്ചരടിലേക്ക് നോക്കി പറയുമ്പോൾ ശബ്ദം ഇടറിപ്പോവാതിരിക്കാൻ രുദ്ര പണിപ്പെട്ടു..

ഈ താലിയുടെ ആയുസ്സ് എത്രയെന്ന് അറിയില്ല…

അമ്മയെ സമാധാനിപ്പിച്ചയച്ച് വാതിലടച്ചു തിരിയുമ്പോഴാണ്  രുദ്ര കണ്ണാടിയിൽ സ്വന്തം രൂപം ശ്രദ്ധിച്ചത്.. കൗതുകത്തോടെ മാറിൽ ചേർന്നു കിടന്നിരുന്ന താലിയിലും സീമന്ത രേഖയിലെ ചുവപ്പിലും മിഴികളെത്തി..

ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാവും മറുപടി..

കാരണം ഒരിക്കലും സൂര്യനാരായണന്റെ  താലി അണിയാനാവുമെന്ന് കരുതിയിട്ടില്ല.. മോഹിച്ചിട്ടില്ല.. അതിമോഹമാവുമെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട്… പക്ഷെ…

ഈ നാടകത്തിന്റെ അവസാനം ഒരുപക്ഷെ ഈ താലി തനിക്ക് നഷ്ടപ്പെട്ടാൽ… സഹിക്കാനാവുമോ… അറിയില്ല.. ഒന്നും…

അമാലികയെ രുദ്ര കണ്ടതേയില്ല.. നന്ദനയെ ഒരു തവണയേ കണ്ടുള്ളൂ.. അവളുടെ മുഖം ഇരുണ്ടു തന്നെയിരുന്നു..

ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ എല്ലാവർക്കുമിടയിൽ ടെൻഷൻ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…

വൈകുന്നേരം, തിരിച്ചു പോവുന്നതിനു മുൻപേ ദത്തൻ തിരുമേനി സൂര്യനെയും രുദ്രയെയും വിളിപ്പിച്ചിരുന്നു..

“സൂക്ഷിക്കണം.. ഭൈരവൻ അസാമാന്യ ബുദ്ധിശാലിയാണ്.. നിങ്ങളുടെ മനസ്സ് പോലും തിരിച്ചറിയാൻ അയാൾക്ക് വല്യ പ്രയാസമുണ്ടാവില്ല്യാ.. അയാളുടെ ഏറ്റവും വലിയ ആഗ്രഹം.. മോഹം.. അതായിരുന്നു നാഗകാളി മഠത്തിലെ കാവിലമ്മയെ സ്വന്തമാക്കുകയെന്നത്.. ഇപ്പോൾ അയാളുടെ പിന്മുറക്കാരനായ സൂര്യൻ അത് സാധിച്ചു.. മേലേരിയിലെ അഗ്നിശർമനു മാത്രമേ ഇതുവരെ ഇവിടുത്തെ പെണ്ണിനെ നല്ലപാതിയാക്കാൻ സാധിച്ചിട്ടുള്ളൂ.. അതായിരുന്നല്ലോ എല്ലാ പ്രശ്നങ്ങൾക്കും കാരണം… സൂര്യൻ തന്റെ കഴിവ് കൊണ്ട് ഇവിടുത്തെ പെണ്ണിനെ സ്വന്തമാക്കിയെന്നാണ് ഭൈരവൻ മനസ്സിലാക്കേണ്ടത്..”

ഒന്ന് നിർത്തി രണ്ടുപേരെയും മാറിമാറി നോക്കി ദത്തൻ തിരുമേനി തുടർന്നു..

“സൂര്യന്റെ മായാവലയത്തിൽ അകപ്പെട്ടത് പോലെ മാത്രമേ രുദ്ര പെരുമാറാൻ പാടുള്ളൂ.. രണ്ടുപേരും നാളെ വാഴൂരില്ലപ്പറമ്പിൽ ചെല്ലണം..ഇടിഞ്ഞു വീണ പടിപ്പുരയ്ക്കുള്ളിലെ പടിവാതിലിനു താഴെയായി കുഴിച്ചിട്ടിരിക്കുന്ന ചെപ്പ് എടുക്കണം.. ഭൈരവന്റെ ആത്മാവ് ആർക്കും മോചിപ്പിക്കാനാവാത്ത വിധത്തിൽ ബന്ധനത്തിലാണ്.. അയാളുടെ ചോരയ്ക്ക് മാത്രം പൂർണ്ണമനസ്സോടെ ആണെങ്കിൽ അയാളുടെ ആത്മാവിനെ ശരീരത്തിലേക്ക് ആവാഹിക്കാം.. സൂക്ഷിക്കണം.. മോക്ഷമില്ലാതെ അനേകായിരം ജന്മങ്ങൾ ഭൂമിയിൽ അലയാൻ വിധിക്കപ്പെട്ട ദുരാത്മാവാണ്.. ഇതിനകം ഒരുപാട് അനുഭവിച്ചു കാണും.. അതുപോലൊരു ദുരാത്മാവ് ഒരു ദേഹത്തിൽ കയറിയാൽ ഒഴിഞ്ഞു പോവാൻ തയ്യാറാവില്ല്യ… അവിടെയാണ് രുദ്രയുടെ ആവശ്യം.. അറിയേണ്ടതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ സൂര്യന്റെ ശരീരത്തിൽ നിന്നും ഭൈരവനെ ഒഴിപ്പിക്കേണ്ടത് രുദ്രയുടെ കർത്തവ്യമാണ്..തന്റെ ജീവന്റെ പാതിയോടുള്ള സ്നേഹവും സ്വയം സമർപ്പണവും കൊണ്ടേ അത് സാധ്യമാവുകയുള്ളൂ…അങ്ങേയറ്റം അപകടം നിറഞ്ഞതാണ്..ഭദ്രയെ രക്ഷിക്കാൻ മറ്റൊരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ടു മാത്രമാണ് ഞാനും ഇതിനൊക്കെ കൂട്ട് നിൽക്കുന്നത്..”

രാത്രിയിൽ അരുന്ധതിയുടെ നിർദേശപ്രകാരം പത്മ ഒരു ഗ്ലാസ്സിൽ പാലെടുത്ത് രുദ്രയ്ക്ക് നൽകിയെങ്കിലും അത് എടുക്കാതെ തന്നെയാണ് രുദ്ര റൂമിലേക്ക് നടന്നത്.. അടുക്കളയിൽ നിന്നും ഹാളിലേക്ക് നടക്കുന്നതിനിടെയാണ് നടുമുറ്റത്തെ തൂണിനരികെ നിന്നു സംസാരിക്കുന്ന സൂര്യനെയും നന്ദനയെയും രുദ്ര കണ്ടത്.. ഒന്നറച്ചെങ്കിലും അടുത്ത നിമിഷം അവരെ നോക്കാതെ രുദ്ര അവർക്കരികിലൂടെ ഇടനാഴിയിലേക്ക് കടന്നു റൂമിൽ കയറി..

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് സൂര്യൻ മുറിയിലേക്ക് കയറിയത്. കട്ടിലിൽ ചാരിയിരുന്നിരുന്ന രുദ്ര പിടഞ്ഞെഴുന്നേറ്റു..

സൂര്യൻ അവളെ ഒന്ന് നോക്കി വാതിൽ ലോക്ക് ചെയ്തു..

“താൻ കിടന്നോളൂ.. രാവിലെ പോവേണ്ടതല്ലേ..”

മൊബൈൽ സൈഡ് ടേബിളിലേക്ക് വെയ്ക്കുന്നതിനിടെ സൂര്യൻ പറഞ്ഞു.. രുദ്ര ഒന്നും പറയാതെ നിൽക്കുന്നത് കണ്ടിട്ടാണ് അരികിലെത്തിയത്…

“എന്തു പറ്റിയെടോ…?”

“അത്.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..”

“അതിന്..? ഇയാൾക്ക് എന്റെ അനുവാദം ആവശ്യമുണ്ടോ..?”

ഒരു നിമിഷം കഴിഞ്ഞാണ് രുദ്ര മറുപടി പറഞ്ഞത്…

“അത്.. അത് തിരുമേനി പറഞ്ഞതൊക്കെ.. നമുക്ക് സുഹൃത്തുക്കളെങ്കിലും ആയിക്കൂടെ..?”

“അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാവും എന്നല്ലേ..?”

രുദ്ര ഒന്നും മിണ്ടിയില്ല.. പിന്നെയും കുറച്ചു കഴിഞ്ഞാണ് അവൾ പറഞ്ഞത്..

“ഞാൻ ഒരിക്കലും ഒരു ബാധ്യതയാവില്ല.. ഈ താലിയും.. ഭദ്രയ്ക്ക് വേണ്ടിയാണ്.. സാറിന് ഒരു പക്ഷെ എന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാവും.. ഈയൊരു പ്രശ്നം കഴിഞ്ഞാൽ ഞാൻ ഒരു തടസ്സമാവില്ല.. ഒന്നിനും…”

“ഇനഫ്…”

ഉച്ചത്തിൽ പറഞ്ഞുകൊണ്ടാണ് സൂര്യൻ കൈയുയർത്തി വിലക്കിയത്.. ആ മുഖത്തെ ഭാവം കണ്ടു അവൾക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല…

“ഉറങ്ങാൻ നോക്ക്.. അതാണ്‌ നല്ലത്..”

മുറുകിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ടു സൂര്യൻ വാഷ്റൂമിലേക്ക് നടന്നു.. കുറച്ചു നേരം കൂടെ അങ്ങനെ നിന്ന് രുദ്ര കട്ടിലിന്റെ ഒരു സൈഡിൽ കയറി ഒതുങ്ങികിടന്നു.. കണ്ണുകൾ അടച്ചു വെച്ചെങ്കിലും മുറിയിലെ ലൈറ്റ് അണഞ്ഞതും ബെഡ് ലാമ്പിന്റെ നേർത്ത വെളിച്ചം പരന്നതും അവളറിഞ്ഞു.. മറുഭാഗത്ത് സൂര്യൻ കിടന്നതും..

കുറേ നേരം അങ്ങനെതന്നെ കിടന്നപ്പോൾ എന്തിനോ രുദ്രയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.. ഉറക്കം വരില്ലെന്ന് അറിഞ്ഞിട്ടും കണ്ണുകൾ മുറുക്കിയടച്ച് രുദ്ര ഉറക്കത്തെ കാത്ത് കിടന്നു..

ചുറ്റും ഇരുൾ മൂടിയ നാഗത്താൻ കാവിലെ പാലച്ചുവട്ടിലായിരുന്നു ഭദ്ര…

അവൾക്ക് മുന്പിലെ കറുത്ത, കൂറ്റൻ നാഗത്തിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. ഉച്ചത്തിൽ സീൽക്കാരം മുഴങ്ങി.. നാഗത്തിന്റെ ഉടൽ വലുതായി.. അതിന്റെ ശിരസ്സ് ഭദ്രയുടെ മുകളിൽ എത്തി.. ഭദ്രയുടെ നിറഞ്ഞു തുളുമ്പിയ മിഴികളിൽ ഭയമായിരുന്നു.. അവൾക്ക് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.. പകയെരിയുന്ന നീല മിഴികളോടെ അത് ഭദ്രയുടെ നെറ്റിത്തടത്തിൽ ആഞ്ഞു കൊത്തി..

അവളുടെ നെറ്റിയിൽ നിന്നും ചോര വാർന്നൊഴുകുന്നത് കണ്ടതും രുദ്രയുടെ തൊണ്ടയിൽ കുടുങ്ങിയ നിലവിളി പുറത്തെത്തി..വല്ലാതെ കിതക്കുന്നുണ്ടായിരുന്നു രുദ്ര..വിയർത്തിരുന്നു ആ മുഖമാകെ..

പൊടുന്നനെ ആരോ അവളെ ചേർത്തു പിടിച്ചു.. മൃദുസ്വരം കേട്ടതും രുദ്ര ആ നെഞ്ചിലേക്ക് മുഖം ചേർത്തു..

സൂര്യനാരായണൻ അവളെ ഒന്നു കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു..

ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനിടെയാണ് രുദ്രയുടെ തേങ്ങൽ കേട്ടത്.. നോക്കിയപ്പോൾ ആള് കിടന്നു പിടയുന്നുണ്ട്..വേണ്ടായെന്ന അർത്ഥത്തിൽ തലയിട്ടുരുട്ടുന്നുണ്ട്.. തട്ടി വിളിച്ചപ്പോൾ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ബലമായി ചേർത്ത് പിടിച്ചത്.. തേങ്ങലോടെ തന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചപ്പോൾ മനസ്സൊന്നു പിടച്ചു…

കുറച്ചു കഴിഞ്ഞു ഞെട്ടലോടെയാണ് രുദ്ര  മിഴികൾ തുറന്നത്.. സൂര്യന്റെ മുഖം അവളുടെ തൊട്ടരികെയായിരുന്നു.. ആ കണ്ണുകൾ അവളിലായിരുന്നു.. ആ അധരങ്ങൾ നെറ്റിയിൽ ചേർന്നപ്പോഴും അവളുടെ മിഴിനീര് ഒപ്പിയെടുത്തപ്പോഴും രുദ്രയ്ക്ക് എതിർക്കാനാവുമായിരുന്നില്ല..

അത്രമേൽ അവൾ സൂര്യനാരായണനെ സ്നേഹിച്ചു പോയിരുന്നു..

സൂര്യന്റെ മുഖം കഴുത്തിലേക്ക് എത്തിയപ്പോൾ അവളൊന്ന് പിടഞ്ഞെങ്കിലും രുദ്രയുടെ വിരലുകൾ സൂര്യന്റെ ചുമലിൽ മുറുകിയിരുന്നു…

ഒന്നും പറഞ്ഞില്ല.. സമ്മതം ചോദിച്ചതുമില്ല.. അവളപ്പോൾ സൂര്യന്റെ മാത്രം നിശാഗന്ധി പെണ്ണായിരുന്നു.. സൂര്യനായി മാത്രം വിടർന്ന നിശാഗന്ധി…

വിയർപ്പുതുള്ളികൾക്ക്  പോലും നിശാഗന്ധിയുടെ മണമായിരുന്നു..

രാവിന്റെ ഏതോ യാമത്തിൽ,തളർന്നു പോയ അവളുടെ നെറ്റിത്തടത്തിലും കരിമഷിയും കണ്ണീരും പടർന്ന കവിളുകളിലും ചുംബിച്ചു രുദ്രയെ നെഞ്ചോട് ചേർത്ത് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവർക്കിടയിൽ മറ്റൊന്നും ഇല്ലായിരുന്നു.. മറ്റാരും…

അവർ സൂര്യനാരായണനും നിശാഗന്ധിയും മാത്രമായിരുന്നു….

(തുടരും )

ഇത്തിരി പാട് പെട്ട് എഴുതിയ ഒരു  പാർട്ടായിരുന്നു.. തിരുത്തിയിട്ടില്ല..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.2/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 35”

Leave a Reply

Don`t copy text!