Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 34

Online Malayalam Novel Neelamizhikal

രുദ്ര കട്ടിലിന്റെ ക്രാസിയിലേക്ക് തല ചാരി വെച്ചു കണ്ണുകൾ ഇറുകെയടച്ചു കിടന്നു..

ആലോചിച്ചു തീരുമാനം എടുക്കാൻ പറഞ്ഞു അച്ഛനും അമ്മയും മുറി വിട്ടു പോയിട്ട് നേരമേറെയായി..

ആലോചിക്കുവാൻ ഒന്നുമില്ലായിരുന്നു…

സമ്മതം.. എന്തിനും.. എന്റെ ഭദ്രയ്ക്ക് വേണ്ടി എന്തിനും..

കേട്ടപ്പോൾ ഒരു നിമിഷം വൈകാതെ പറഞ്ഞതുമാണ് അച്ഛനോടും അമ്മയോടും തന്റെ തീരുമാനം…

പക്ഷെ സൂര്യനാരായണൻ…?

മുൻപായിരുന്നെങ്കിൽ ആ പേര് മാത്രം മതിയായിരുന്നു മനസ്സ് കുതിച്ചു ചാടാൻ..

പക്ഷെ ഇപ്പോൾ…?

എന്തോ ഒരു തരം മരവിപ്പാണ് മനസ്സിന്…

അച്ഛന്റെ ചോദ്യം വീണ്ടും മനസ്സിൽ മുഴങ്ങി..

“ഭദ്രയ്ക്ക് വേണ്ടി മോളെ ബലിയാടാക്കുന്നുവെന്ന് തോന്നുന്നുണ്ടോ കുഞ്ഞി…?”

അച്ഛന്റെ മുഖത്തെ നിസ്സഹായത കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.. ഇത്രയും ടെൻഷനോടെ അച്ഛനെ ഇത്‌ വരെ കണ്ടിട്ടില്ല.. അമ്മയെയും.. എത്ര വലിയ പ്രശ്നം വന്നാലും രണ്ടു പേരും ഇങ്ങനെ വേവലാതിപ്പെട്ട് കണ്ടിട്ടില്ല.. ഒക്കെ മനസ്സിൽ അടക്കിപിടിച്ചാണ് ശീലം.. പക്ഷെ ഇപ്പോൾ..

രണ്ടു മക്കളുടെയും ജീവിതമാണ് തുലാസ്സിൽ ആടുന്നത്…

വാഴൂരില്ലത്തെ പടിപ്പുരക്കുള്ളിൽ തളച്ചിട്ട ഭൈരവന്റെ ദുരത്മാവിനെ  മോഹിപ്പിക്കാനുള്ള നാടകം.. തന്റെയും സൂര്യനാരായണന്റെയും വേളി…

സൂര്യന് എതിർപ്പൊന്നും ഇല്ലെന്ന് കേട്ടപ്പോൾ ആശ്ചര്യമൊന്നും തോന്നിയില്ല…

പക്ഷെ ഒരുപാട് സംശയങ്ങൾ മനസ്സിൽ മുറവിളി കൂട്ടുന്നുണ്ട്…

നന്ദന…

പക്ഷെ ഇതെല്ലാതെ ഭദ്രയുടെ കഴിഞ്ഞ ജന്മത്തിൽ സംഭവിച്ചു പോയതറിയാൻ വേറെ വഴിയില്ലത്രേ..

അത് ഭൈരവൻ തന്നെ പറയണം… അയാൾക്കുള്ള ചൂണ്ടയിലെ ഇരയാവേണ്ടവൾ.. ശ്രീരുദ്ര..

പ്രണയിച്ചതും മോഹിച്ചതുമെല്ലാം ഒരേയൊരാളെ മാത്രമാണ്.. പ്രണയം തിരികെ പറഞ്ഞിട്ടുണ്ടെങ്കിലും  അയാളുടെ മനസ്സിലിരിപ്പ് ഇപ്പോഴും തനിക്ക് അജ്ഞാതമാണ്‌…

നാഗകാളിമഠത്തിലെ കാവിൽ വെച്ച് നാഗവിധി പ്രകാരമുള്ള വേളി…

പക്ഷെ ഇത്‌ വെറുമൊരു നാടകമല്ല.. നാഗവിധി പ്രകാരം വേളി കഴിഞ്ഞ സ്ത്രീയ്ക്കും പുരുഷനും പിന്നെ ഈ ജന്മത്തിൽ വേറൊരു വിവാഹം ഉണ്ടാവില്ല..

ഇണ നഷ്ടപ്പെട്ടു പോയാലും..

അത് കഴിഞ്ഞു സൂര്യനാരായണൻ വാഴൂരില്ലത്തെ മണ്ണിൽ ചവിട്ടുമ്പോൾ അയാളുടെ വാമഭാഗത്ത് നാഗകാളി മഠത്തിലെ പുതിയ നാഗക്കാവിലമ്മയായ ശ്രീ രുദ്രയും വേണം..

ഭൈരവനെ മോഹിപ്പിക്കാൻ.. അയാളെ സൂര്യനിലേക്ക് ആവാഹിക്കാൻ.. ആ നീചമനസ്സിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളറിയാൻ…

എന്റെ ഭദ്രയ്ക്ക് വേണ്ടി..

രുദ്രയുടെ ചുണ്ടുകൾ പിറുപിറുക്കുന്നുണ്ടായിരുന്നു…

പൊടുന്നനെ മേശയിൽ നിന്നും ചുവന്ന ചട്ടയിട്ട ഡയറിയോടൊപ്പം വലിയ ശബ്ദത്തോടെ കുറച്ചു പുസ്തകങ്ങളും താഴേയ്ക്ക് വീണു….

രുദ്ര ഞെട്ടലോടെ താഴേക്ക് നോക്കി..

നിലത്ത് കിടന്ന പുസ്തകത്തിന്റെ താളുകൾ മറിഞ്ഞപ്പോൾ അതിനുള്ളിൽ നിന്നും  കാറ്റിൽ പറന്ന ഉണങ്ങിയ പൂവിന്റെ ദളങ്ങൾക്ക് നിശാഗന്ധിയുടെ മണമായിരുന്നു..

നിശാഗന്ധിയുടെ പ്രണയം പരിശുദ്ധമായിരുന്നു.. പക്ഷെ…

ഹാളിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടാണവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയത്. ഇടനാഴിയിലൂടെ നടക്കുമ്പോഴേ രോഷത്തോടെയുള്ള അമലേന്റിയുടെ വാക്കുകൾ കേട്ടു..

“അതെങ്ങനെ ശരിയാകും അനന്തേട്ടാ..? സൂര്യനെ നേരത്തെ തന്നെ നന്ദനയ്ക്ക് വേണ്ടി ആലോചിച്ചതാണ്.. പോരെങ്കിൽ അവര് തമ്മിൽ ഇഷ്ടത്തിലും…”

പൊടുന്നനെ ഹാളിൽ ഒരു നിശബ്ദത പരന്നു.. ഹാളിന്റെ അറ്റത്തു ഇടനാഴിയിൽ നിന്നിരുന്ന രുദ്രയെ ആരും കണ്ടില്ല..

“അല്ലെങ്കിൽ തന്നെ രുദ്രയും സൂര്യനും തമ്മിൽ എങ്ങനെ ചേരാനാണ്… ഈ ഇല്ലവും നാട്ടിൻ പുറവുമൊക്കെയായി ജീവിക്കുന്ന കുട്ടിയ്ക്ക് സൂര്യനെപോലൊരാളുടെ ജീവിതവുമായി പൊരുത്തപ്പെടാനാവുമോ..?”

അമല വീണ്ടും വീണ്ടും ശക്തിയോടെ വാദിച്ചു..

ഹാളിൽ സൂര്യനുൾപ്പെടെ എല്ലാവരും ഇരിപ്പുണ്ട്..ആരും ഒന്നും പറഞ്ഞില്ല..നന്ദനയെ അവിടെങ്ങും കണ്ടില്ല

അമല വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും അനന്തൻ കൈയുയർത്തി തടഞ്ഞു…

“അമല.. ഇനഫ്… സൂര്യനും രുദ്രയും തമ്മിൽ ചേരുമോ ഇല്ലയോ എന്നൊന്നും നോക്കേണ്ട കാര്യം നിനക്കില്ല.. നന്ദന.. അവളെവിടെ..?”

അനന്തന്റെ ശബ്ദം മുറുകിയിരുന്നു.. ആ മുഖം കണ്ടപ്പോൾ അമാലിക ഒന്ന് പരുങ്ങി.. പിന്നെ പറഞ്ഞു..

“ഈ വിവരം അറിഞ്ഞതിൽ പിന്നെയവൾ മുറിയടച്ചിരിപ്പാണ്.. പാവം എന്റെ കുഞ്ഞ്.. ഒത്തിരി മോഹിച്ചു പോയി..”

അമലയുടെ മുഖത്ത് സങ്കടം നിറഞ്ഞു..

“ആന്റി എനിക്കൊന്ന് നന്ദനയോട് സംസാരിക്കണം..തനിച്ച്…”

സൂര്യൻ എഴുന്നേറ്റു കൊണ്ടു പറഞ്ഞു..അമലയുടെ മറുപടിയ്ക്ക് കാക്കാതെ അവൻ നന്ദനയുടെ  മുറിയ്‌ക്കരികിലേക്ക് നടക്കുന്നതിനിടെ ഇടനാഴിയിലെ ചുമരിൽ ചാരി നിന്നിരുന്ന രുദ്രയെ അവൻ കണ്ടിരുന്നു.. കണ്ണുകൾ ഇടഞ്ഞതും രുദ്ര ധൃതിയിൽ പിന്തിരിഞ്ഞു അവളുടെ മുറിയിലേക്ക് നടന്നു..

അവർക്കിടയിലേക്ക് ഓടി ചെന്നു ‘ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ലെന്ന് ‘ ഉറക്കെ പറയാൻ മനസ്സ് കൊതിച്ചെങ്കിലും ഭദ്രയുടെ മുഖം അവളെ നിസ്സഹായയാക്കി..

“സൂര്യൻ സംസാരിച്ചു കഴിഞ്ഞാൽ നന്ദനയോട് എനിക്കും ചിലത് പറയാനുണ്ട്..”

തിരിഞ്ഞു നടക്കുന്നതിനിടെ ഹാളിൽ നിന്നും അമ്മയുടെ ഉറച്ച വാക്കുകൾ രുദ്രയുടെ ചെവിയിലെത്തി.. തെല്ലാശ്ചര്യത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ പത്മയുടെ നോട്ടത്തിനു മുൻപിൽ പതർച്ചയോടെ, വെപ്രാളം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന അമലാന്റിയെ രുദ്ര കണ്ടു…

രുദ്ര മുറിയിൽ തന്നെ ഇരുന്നതേയുള്ളൂ.. മനസ്സിലെ മുറിവുകളിൽ നിന്നപ്പോഴും നിണം വാർന്നു കൊണ്ടേയിരുന്നു..എന്തൊക്കെ പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ കാപട്യത്തിന്റെ നേർത്ത മറയ്ക്കപ്പുറം സൂര്യനെ നിർത്താൻ ഇപ്പോഴും അവൾക്കാവുന്നില്ലായിരുന്നു..

പത്മ പല തവണ അവൾക്കരികെ എത്തിയെങ്കിലും നേരത്തെ ഹാളിൽ ഉണ്ടായ സംഭവത്തെ പറ്റി രുദ്രയോട് ഒന്നും പറഞ്ഞില്ല.. രുദ്ര ഒന്നും പറഞ്ഞതുമില്ല.. എത്ര അടക്കിപിടിച്ചാലും മക്കളെ ഓർത്ത് ഉരുകുന്ന മനസ്സ് അമ്മയുടെ ഓരോ ചലനങ്ങളിൽ നിന്നും രുദ്ര അറിയുന്നുണ്ടായിരുന്നു..

സന്ധ്യയ്ക്ക് മുൻപേ ദത്തൻ തിരുമേനി നാഗകളിമഠത്തിൽ എത്തിയിരുന്നു..

അദ്ദേഹം വിളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് രുദ്ര പൂമുഖത്തെത്തിയത്..

അമാലികയൊഴികെ എല്ലാവരും അവിടെ ഉണ്ടായിരുന്നു..പൂമുഖവാതിലിനരികെ നിൽക്കുന്ന നന്ദനയെ രുദ്ര കണ്ടു.. അവളുടെ മുഖത്തൊട്ടും തെളിച്ചമില്ലായിരുന്നു..

രുദ്രയുടെ നെഞ്ചൊന്ന് പിടച്ചു…

സൂര്യൻ ദത്തൻ തിരുമേനിയ്‌ക്കരികെ ഉണ്ടായിരുന്നു.. അദ്ദേഹം രുദ്രയെ വാത്സല്യത്തോടെ അടുത്തേയ്ക്ക് വിളിച്ചു.. രുദ്രയുടെയും ഭദ്രയുടെയും ജനനം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സാമീപ്യം ഉണ്ടായിരുന്നു..

“നാളെ പുലർച്ചെ രണ്ടു പേരുമൊന്നിച്ച് ഉൾക്കാവിൽ വിളക്ക് വെയ്ക്കണം.. അത് കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ്  വേളി..”

തുടർന്നദ്ദേഹം അനന്തനെ നോക്കി..

“ഞാൻ ഭട്ടതിരിപ്പാടിനോട് സംസാരിച്ചിരുന്നു.. ഇനി വൈകിക്കേണ്ടെന്നാണ് അദ്ദേഹം പറയണത്.. സമയം കുറവാണ്…”

അനന്തൻ ശരിയെന്ന് തലയാട്ടി..

“ഒന്നും പേടിക്കേണ്ടതില്ല്യാ.. നാഗക്കാവിൽ തൊഴുതു വളർന്ന കുട്ടിയാണിവൾ.. നാഗദൈവങ്ങൾ തുണയ്ക്കും..”

പത്മയെ നോക്കിയാണ് തിരുമേനി പറഞ്ഞത്..

“ഭൈരവനെ ജയിക്കാൻ സൂര്യനാരായണന്റെ  ശക്തി ഇവളായിരിക്കും…പക്ഷെ സൂക്ഷിക്കണം..”

തിരുമേനിയുടെ നോട്ടം സൂര്യനിൽ നിന്നും രുദ്രയിലെത്തി..

തിരികെ അകത്തേക്ക് നടക്കുമ്പോൾ സൂര്യന്റെ കണ്ണുകൾ നന്ദനയെ തേടിയെത്തുന്നത് രുദ്ര കണ്ടു.. രുദ്രയുടെ നോട്ടം അറിഞ്ഞെന്നവണ്ണം സൂര്യൻ അവളെ നോക്കിയപ്പോൾ രുദ്ര മുഖം താഴ്ത്തിയിരുന്നു..

രുദ്ര നന്ദനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പകരമായി ഒരു ചെറുചിരി പോലും നന്ദനയുടെ മുഖത്തുണ്ടായിരുന്നില്ല..

അവർക്കിടയിൽ എന്തോ ഉണ്ട്…

എന്താണെന്നറിയില്ലെങ്കിലും അത് രുദ്രയെ അസ്വസ്ഥയാക്കി.. വെറുതെ പോലും മറ്റൊരാളുടേതൊന്നും മോഹിക്കാൻ കൂട്ടാക്കാത്ത മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു..

“അയാൾക്ക് ഇതിലൊക്കെ എന്തെങ്കിലും പിടിപാടുണ്ടോ..?”

ദത്തൻ തിരുമേനിയ്ക്കൊപ്പം മുറിയിൽ ഇരിക്കുകയായിരുന്നു അനന്തനും ശ്രീനാഥും…

“അറിയാം തിരുമേനി.. സൂര്യന് മന്ത്രതന്ത്രങ്ങളെല്ലാമറിയാം…”

ശ്രീനാഥാണ് പറഞ്ഞത്..

“അത് ഒരാശ്വാസമാണ്.. പക്ഷെ പേടിക്കേണ്ടതും അത് തന്ന്യാണ്…”

ശ്രീനാഥ് അദ്ദേഹത്തെ ചോദ്യഭാവത്തിൽ നോക്കി..

“ഭൈരവന്റെ ചോരയാണ്…”

കൂടുതലൊന്നും അദ്ദേഹം പറഞ്ഞില്ല.. അനന്തൻ സ്വയം സമാധാനിപ്പിക്കാണെന്നോണം വീണ്ടും വീണ്ടും മനസ്സിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു..

“ആദിത്യനും ഭൈരവന്റെ ചോര തന്നെയായിരുന്നു…”

രാത്രി അത്താഴം വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മയുടെയും അമ്മമ്മയുടെയും നിർബന്ധത്തിനു വഴങ്ങി രുദ്ര കുറച്ചു കഴിച്ചെന്നു വരുത്തി.. മറ്റെല്ലാരും നേരത്തേ കഴിച്ചു എഴുന്നേറ്റത് അവൾക്കൊരു ആശ്വാസമായിരുന്നു..

ഉറങ്ങുന്നതിനു മുൻപേ നന്ദനയെ കണ്ടൊന്ന് സംസാരിക്കണമെന്ന് രുദ്ര മനസ്സിൽ തീരുമാനം എടുത്തിരുന്നു..

തിരക്കി വന്നപ്പോൾ നടുമുറ്റത്തേക്കിറങ്ങുന്ന സ്റ്റെപ്പിനരികെയുള്ള ഉരുളൻ കൽത്തൂണിൽ ചാരിയിരിക്കുന്നത് കണ്ടു.മൊബൈൽ നോക്കുകയാണ്..

രുദ്ര അവൾക്കരികെ ഇരുന്നപ്പോൾ ഒന്ന് മുഖമുയർത്തി നോക്കിയെങ്കിലും നന്ദന രുദ്രയെ ഗൗനിക്കാതെ മൊബൈലിലേക്ക് തന്നെ നോക്കി..

“നന്ദനാ..?”

രുദ്രയുടെ പതിഞ്ഞ ശബ്ദം കേട്ടതും അവൾ വീണ്ടും മുഖമുയർത്തി രുദ്രയെ നോക്കി..

“എന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം.. നന്ദനയുടെ മനസ്സിൽ സൂര്യനാരായണൻ ഉണ്ടെന്നും.. ഒന്നും തട്ടിപ്പറിച്ചു സ്വന്തമാക്കി ശീലിച്ചിട്ടില്ല്യ.. ആഗ്രഹവുമില്ല്യ.. പക്ഷെ ഇവിടെ എന്റെ നിവൃത്തികേടാണ്.. ഇതിൽ നിന്നും ഒഴിഞ്ഞു മാറാനെനിക്കാവില്ല്യാ .. ഒന്ന് ഞാൻ പറയാം നന്ദനയുടെ പ്രണയം സത്യമാണെങ്കിൽ ഞാനതൊരിക്കലും സ്വന്തമാക്കാൻ ശ്രെമിക്കില്ല്യ..”

നന്ദന മുഖം കുനിച്ചിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.. അവളെ ഒന്ന് നോക്കിയിട്ട് രുദ്ര തിരിഞ്ഞു എഴുന്നേറ്റു..തൊട്ട് മുൻപിൽ നിന്നയാളെ കണ്ടു ഒന്ന് പകച്ചെങ്കിലും അവൾ സൂര്യനെ കടന്നു നടക്കാൻ തുടങ്ങി.. ദേഷ്യമായിരുന്നു മുഖം നിറയെ..ആ ശബ്ദം കാതോരം കേട്ടു..

“നാഗവിധി പ്രകാരമാണ് വേളി.. നാഗങ്ങളെ പോലെ ഇണപിരിയാതെ മനസ്സുകൾ സംഗമിക്കണമെന്ന് അർത്ഥവും.. നാഗങ്ങളുടെ പക പോലെ തന്നെ തീവ്രമാണ് പ്രണയവുമെന്ന് ഒരു പക്ഷെ തമ്പുരാട്ടിയ്ക്ക് അറിയില്ലായിരിക്കും..”

രുദ്ര,നേർത്ത പരിഹാസച്ചുവ കലർന്ന വാക്കുകളിൽ നിന്നും അർത്ഥം വേർതിരിച്ചെടുക്കുന്നതിനിടെ സൂര്യൻ അവളെ കടന്നു പൊയ്ക്കഴിഞ്ഞിരുന്നു..

രുദ്രയെ നിദ്രാദേവി കടാക്ഷിച്ചതേയില്ല.. ഉറങ്ങുന്നതിനു മുൻപേ ഭദ്രയെ വിളിക്കാൻ ഒത്തിരി തവണ അമ്മയുടെ മൊബൈൽ കൈയിൽ എടുത്തെങ്കിലും രുദ്ര വിളിച്ചില്ല..

അന്ന് സൂര്യനാരായണൻ വാഴൂരില്ലത്തെയാണെന്ന് അറിഞ്ഞ ദിവസം, തുടർച്ചയായി അവൻ വിളിച്ചപ്പോൾ തന്റെ മൊബൈൽ വലിച്ചെറിഞ്ഞിരുന്നു രുദ്ര..ചിതറിപ്പോയിരുന്നു മൊബൈൽ..

ഭദ്രയോട് സംസാരിച്ചാൽ തന്റെ ശബ്ദത്തിലെ വ്യത്യാസം മനസ്സിലാക്കാൻ അവൾക്ക് ക്ഷണനേരം മതി.. ഇതെല്ലാം അറിഞ്ഞാൽ അവളൊരിക്കലും ഒന്നിനും സമ്മതിക്കില്ല.. എന്തിന് നാളെ തന്റെ വിവാഹമാണെന്ന് അറിഞ്ഞാൽ ഭദ്ര എങ്ങനെയും ഇവിടെ എത്താൻ ശ്രെമിക്കും..

അപകടങ്ങളെ അവൾ വില വെക്കില്ല..

പാടില്ല.. അവിടുത്തെ കാര്യങ്ങൾ എന്നോടും എല്ലാം മറച്ചു വെച്ചതല്ലെ..

എന്നാലും ഭദ്ര അടുത്തില്ലാതെ തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാവുമെന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല…

അല്ലെങ്കിലും വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലല്ലോ..

പുലർച്ചെ പത്മ വിളിക്കുന്നതിന്‌ മുൻപേ തന്നെ രുദ്ര ഉണർന്നിരുന്നു.. വെറുതെ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു അവൾ.. രാത്രി ഉറങ്ങിയിരുന്നില്ലെന്ന് തന്നെ പറയാം.. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു..

ഇന്ന് തന്റെ ജീവിതത്തിന്റെ വിധി നിർണ്ണയിക്കുന്ന ദിവസമാണെന്ന് രുദ്രയ്ക്ക് നന്നായി അറിയാമായിരുന്നു.. സൂര്യനാരായണന്റെ  ഉദ്ദേശം എന്ത് തന്നെയാണെങ്കിലും ഒരിക്കലും ഭൈരവന്റെ മുൻപിൽ തോൽക്കില്ലെന്ന് രുദ്ര മനസ്സിൽ ഉറപ്പിച്ചിരുന്നു.. എന്ത് വില കൊടുത്തും ഭദ്രയുടെ ജീവിതത്തിലെ രഹസ്യങ്ങൾ മനസ്സിലാക്കുമെന്നും..തന്റെ ജീവൻ കൊടുത്തും…

രുദ്ര കുളി കഴിഞ്ഞപ്പോഴേക്കും പത്മ കസ്സവുകരയുള്ള മുണ്ടും നേര്യേതും അവളെ ഏൽപ്പിച്ചിരുന്നു.. കണ്ണാടിയ്ക്ക് മുൻപിൽ നിന്നും മുടി കോതിയൊതുക്കുമ്പോൾ അരുന്ധതി മുല്ലപ്പൂവും ആഭരണപ്പെട്ടിയുമായെത്തി.. മുത്തശ്ശിയുടെ നിർബന്ധം സഹിക്കവയ്യാതെ ആയത് കൊണ്ടു മാത്രം രുദ്ര അതിൽ നിന്നും ഒരു മുല്ലമൊട്ടുമാലയും രണ്ടുമൂന്നു വളകളും എടുത്തണിഞ്ഞു..അരുന്ധതി തന്നെയാണ് കുളിപ്പിന്നലിട്ട നീണ്ടിടതൂർന്ന മുടിയിൽ മുല്ലപ്പൂ വെച്ചത്..

എന്തിനെന്നറിയാതെ ഒരു തേങ്ങൽ പത്മയുടെ തൊണ്ടയിലോളമെത്തി നിന്നു..

രുദ്രയുടെ കരിമഷിയെഴുതിയ മിഴികൾ കണ്ണാടിയിൽ ആണെങ്കിലും അവളുടെ മനസ്സ് ഇവിടെയൊന്നുമല്ലെന്ന് പത്മയ്ക്ക് അറിയാമായിരുന്നു..

വർഷങ്ങൾക്ക് മുൻപേ താനും ഇങ്ങനെ നിന്നിരുന്നുവെന്ന് പത്മ ഓർത്തു.. ആരുടെയൊക്കെയോ ഇഷ്ടങ്ങൾക്കനുസരിച്ച് ഒരുങ്ങി.. മരവിച്ചത് പോലെ..

പക്ഷെ അനന്തേട്ടന്റെ താലി കഴുത്തിൽ അണിയുന്നത് വരെയേ അതുണ്ടായിരുന്നുള്ളൂ.. പിന്നെ തന്നെ പൊതിഞ്ഞു എപ്പോഴും ആ സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു.. അകന്നിരിക്കുമ്പോൾ പോലും..

പക്ഷെ.. സൂര്യൻ…

പത്മ വീണ്ടും രുദ്രയെ നോക്കി..ആ കണ്ണുകൾ നിറഞ്ഞുവോ… അവളുടെ മനസ്സിൽ അപ്പോൾ ഭദ്രയാവുമെന്ന് പത്മയ്ക്ക് അറിയാമായിരുന്നു..

പത്മ ഇടനെഞ്ചിൽ കൈ ചേർത്തു..

“ന്റെ നാഗത്താന്മാരെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ…”

കാവിലേക്ക് രുദ്രയ്‌ക്കൊപ്പം പത്മയും അരുന്ധതിയും ഉണ്ടായിരുന്നു..

ഇടതൂർന്ന വന്മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നേർത്ത വെളിച്ചമേ നാഗക്കാവിൽ ഉണ്ടായിരുന്നുള്ളൂ.. രുദ്രയെ തഴുകി കടന്നു പോയ തണുത്ത കാറ്റിൽ ഇലഞ്ഞിപ്പൂമണവും ചെമ്പകഗന്ധവും നിറഞ്ഞിരുന്നു…

അനന്തനും ശ്രീനാഥിനുമൊപ്പം സൂര്യനാരായണനെയും രുദ്ര കണ്ടു.. തൂവെള്ള കുർത്തയും മുണ്ടുമായിരുന്നു വേഷം.. ചീകിയൊതുക്കിയ നീണ്ട മുടിയിഴകളും താടിയും.. ആ ചെമ്പൻ മിഴികൾ രുദ്രയെ തേടിയെത്തിയതും രുദ്ര പൊടുന്നനെ നോട്ടം മാറ്റി..

അമാലികയും നന്ദനയും ഉണ്ടായിരുന്നില്ല..

ദത്തൻ തിരുമേനി നിർദേശിച്ചതനുസരിച്ച് സൂര്യൻ എണ്ണ പകർന്ന കൽവിളക്കിൽ രുദ്ര തിരി തെളിയിച്ചു..

എല്ലാവരും കണ്ണുകളടച്ചു തൊഴുതു നിൽക്കുന്നതിനിടെ തെളിഞ്ഞു കത്തുന്ന തിരിയ്ക്ക് മുകളിലായി തെളിഞ്ഞ അഞ്ചു തലയുള്ള മണി നാഗത്തിന്റെ ഫണങ്ങൾ പതിയെ ആടുന്നുണ്ടായിരുന്നു…

മിഴികൾ ഓരോന്നായി തുറന്നപ്പോൾ ആദ്യം അത് കണ്ടത് രുദ്രയായിരുന്നുവെങ്കിലും പറഞ്ഞത് ദത്തൻ തിരുമേനിയായിരുന്നു..

കൽവിളക്കിലെ  തിരിനാളം ഇളം നീല നിറത്തിൽ തെളിഞ്ഞു കത്തുന്നു…

“നാഗത്താന്മാർ പ്രസാദിച്ചിരിക്കുന്നു…”

തിരുമേനിയുടെ മുഖം പ്രസന്നമായിരുന്നു..

“ഇനി വൈകാതെ രണ്ടുപേരും ഉൾക്കാവിനുള്ളിലെ നാഗരാജാവിന്റെ  കൽമണ്ഡപത്തിൽ തിരി തെളിയിച്ചു മടങ്ങുക…”

ദത്തൻ തിരുമേനിയുടെ വാക്കുകൾ കേൾക്കെ സൂര്യൻ രുദ്രയെ നോക്കി..

സൂര്യനാരായണനൊപ്പം  വെളിച്ചം വീണു തുടങ്ങുന്ന ഉൾക്കാവിനുള്ളിലേക്ക് നടക്കുമ്പോൾ തന്റെ ഹൃദയമിടിപ്പ് രുദ്രയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു…

(തുടരും )

വായിച്ചു നോക്കിയിട്ടില്ല…..

35 പാർട്ടിൽ തീർക്കാമെന്ന് കരുതിയിരുന്നു.കുറച്ചു കൂടെ ഉണ്ടാവും..40 നുള്ളിൽ നോക്കാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 34”

Leave a Reply

Don`t copy text!