Skip to content

ജാതകം – ഭാഗം 13 (അവസാന ഭാഗം)

Novel Jathakam written by Shiva

ഏട്ടന്റെ ബോധം മറഞ്ഞാ കണ്ണുകൾ മെല്ലെ അടയുന്നത് കണ്ടു ഞാൻ പേടിച്ചു പോയി..

“ഏട്ടാ..  എഴുന്നേൽക്ക് ഏട്ടാ എന്നും പറഞ്ഞു  കരഞ്ഞു കൊണ്ടു ഞാൻ  ഏട്ടനെ  കുലുക്കി വിളിച്ചു കൊണ്ടിരിന്നു..

“അമ്മേ ഒന്നു വേഗം വായോ.. ആരേലും ഒന്നു ഓടി വായോ  എന്നുറക്കെ വിളിച്ചു ഞാൻ കൂവി കൊണ്ടിരുന്നു ..

എന്റെ ശബ്ദം കേട്ടിട്ടാവണം  അമ്മയും വീണയും ഓടി വന്നു..

“എന്താ മോളെ എന്റെ മോന് എന്താ പറ്റിയത് എന്നും ചോദിച്ചു കൊണ്ടു അമ്മ പൊട്ടി കരഞ്ഞു..

” എന്താ ചേച്ചി.. എന്താ ദേവേട്ടന്  പറ്റിയത്..

അവർക്ക് മറുപടി നൽകാൻ ആവാതെ ഞാൻ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു..

പെട്ടെന്ന് എവിടെ നിന്നോ വിഷ്ണുവും കൂടെ രണ്ടു പേരും കൂടി  അവിടേക്ക് ഓടിയെത്തി..

“നിങ്ങൾ കിടന്നു കരയാതെ സമാധാനമായി ഇരിക്ക്  ഞാൻ ഒന്നു നോക്കട്ടെ  എന്നും പറഞ്ഞവൻ താഴെ ഇരുന്നു ദേവേട്ടന്റെ കാലിൽ കടിയേറ്റ ഭാഗത്ത്‌ ഒന്ന്  നോക്കി..  

എന്നിട്ട് തോളിൽ ഇട്ടിരുന്ന തുണി സഞ്ചിയിൽ നിന്നും ഒരു ഡപ്പി എടുത്തു അതു തുറന്നു അതിൽ നിന്നും എന്തോ ഒരു ഭസ്മം എടുത്തു അവന്റെ  നെഞ്ചോടു ചേർത്ത് പിടിച്ചു എന്തൊക്കെയോ ജപിച്ചിട്ടു അതു ഏട്ടന്റെ കാലിൽ കടിയേറ്റ ഭാഗത്തു വെച്ചു..

എന്നിട്ട് അതിനു മുകളിൽ അവന്റെ മുണ്ട് ഒരൽപ്പം കീറി എടുത്തു അതു കെട്ടിവെച്ചു..

“അതേ നിങ്ങൾ എല്ലാവരും കരച്ചിൽ ഒന്നു നിർത്തു.. തൽക്കാലം പേടിക്കാൻ ഒന്നുമില്ല..

ഇത് വിഷ ചികിത്സക്ക് പേര് കേട്ട മഹാദേവ ക്ഷേത്രത്തിലെ ഭസ്മം ആണ്..

ഇതു കൊണ്ടു  നേരത്തോടു നേരം വരെ ഒരു പക്ഷേ ചിലപ്പോൾ നമ്മുടെ പൂജകൾ അവസാനിക്കും വരെ  ദേവന്റെ ജീവൻ പിടിച്ചു നിർത്താൻ നമുക്ക് ആവും..

അതുകൊണ്ട് ആ സമയത്തിനുള്ളിൽ  നാഗമാണിക്യം ഇവിടത്തെ സർപ്പപ്പുറ്റിൽ സമർപ്പിക്കാൻ ആയാൽ ദേവന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് ആവും..

അതുകൊണ്ട് ശ്രീദേവി നീ വേഗം അതിനുള്ള തയ്യാറെടുപ്പുകൾ ചെയ്യ്..

“പറ്റില്ല വിഷ്ണു ദേവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ എന്നെ കൊണ്ടു ഒന്നിനും  പറ്റില്ല .. നമുക്ക് എത്രയും പെട്ടെന്ന് ഏട്ടനേയും കൊണ്ടു ഏതേലും ആശുപത്രിയിൽ പോവാം..

“ദേവനെ ഇനി എവിടെ കൊണ്ടുപോയിട്ടും കാര്യമില്ല അത്രക്ക് വിഷമുള്ള സാധനമാണ് ദേവനെ കൊത്തിയിരിക്കുന്നത്..

അതുകൊണ്ട് തന്നെ ദേവനെ രക്ഷിക്കാൻ ഞാൻ പറഞ്ഞത് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല..

വിഷ്ണു പറഞ്ഞത് കേട്ട്  ഞാൻ ആകെ തകർന്ന് പോയി..

അമ്മ എന്റെ മോനെ എന്നു വിളിച്ചു കൊണ്ടു കിടന്നു അലറി  കരയുകയായിരുന്നു..

അമ്മയുടെ അടുത്ത് ഇരുന്നു കൊണ്ടു വീണ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷേ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

“ശ്രീദേവി നമുക്ക് ഇനി സമയം കളയാൻ ഇല്ല ഞാൻ ദേവനെ കാവിലെ നാഗത്തറക്ക് മുന്നിൽ കിടത്താൻ പോവാണ്..

നീ എത്രയും വേഗം കാവിൽ വിളക്ക്  വെച്ചു പ്രാത്ഥിക്കുക..

ഇന്ന് ഈ നിമിഷം മുതൽ  നമ്മുടെ പൂജകൾ തുടങ്ങാൻ പോവുകയാണ്.. വെറുതെ കരഞ്ഞുകൂവി ഇരിക്കാനുള്ള  സമയമല്ലിത്.. എന്നും പറഞ്ഞു വിഷ്ണു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു..

“വീണേ നീ വേഗം ഇവരുമായി തറവാട്ടിലേക്ക് പോക്കോളു.. എന്നും  പറഞ്ഞു വിഷ്ണു ദേവേട്ടനെ  കൂടെ വന്നവരെ കൊണ്ടു  എടുപ്പിച്ചു കാവിനുള്ളിലേക്ക് കേറി പോയി..

മരണത്തോട് മല്ലടിച്ചു കിടക്കുന്ന ദേവേട്ടന്റെ കിടപ്പ് കണ്ടപ്പോളേ എന്റെ ഉള്ളിലെ ധൈര്യം എല്ലാം ചോർന്നു പോയിരുന്നു.. 

പക്ഷേ  എനിക്കെന്റെ ദേവേട്ടന്റെ ജീവൻ എങ്ങനെയും രക്ഷിച്ചേ പറ്റൂ..  അതിനു ഇനി വിഷ്ണു പറയുന്നത് പോലെ കേട്ടേ പറ്റൂ എന്നു  കടൽ മനസ്സിൽ ഉറപ്പിച്ചു കൊണ്ടു ഉള്ളിൽ തിരമാല പോലെ ആഞ്ഞടിച്ചു കൊണ്ടിരുന്ന സങ്കടങ്ങളെയും  മനസ്സിന്റെ സമനില തെറ്റിക്കുന്ന ചിന്തകളെയും നിർത്താതെ കണ്ണിൽ നിന്നും ചെറു പുഴ പോലെ ഒഴുകി കൊണ്ടിരുന്ന കണ്ണീരിനെയും  ഉള്ളിൽ അടക്കി പിടിച്ചു കൊണ്ടു മുന്നോട്ടു പോവാൻ തന്നെ ഞാൻ  തീരുമാനിച്ചു..

വിഷ്ണു പറഞ്ഞത് പോലെ തറവാട്ടിൽ എത്തിയതും അമ്മയെ കിടത്തിയിട്ട്  വീണയെ നോക്കാൻ ഏൽപ്പിച്ചു..  വയ്യാതെ കിടക്കുന്ന മുത്തശ്ശി ഒരു കാരണവശാലും ഇതൊന്നും  അറിയരുതെന്നു  വീണയോട്  പറഞ്ഞ ശേഷം പൂജാമുറിയിൽ ചെന്നു പ്രാത്ഥിച്ചു അവിടത്തെ വിളക്കിൽ നിന്നും കാവിലേക്കു കൊണ്ടു പോവാനുള്ള വിളക്ക് കത്തിച്ചു കാവിലേക്കു നടന്നു..

ഞാൻ ചെല്ലുമ്പോഴേക്കും വിഷ്ണുവും കൂട്ടരും ദേവേട്ടനെ കിടത്തി അതിനു നാലു ചുറ്റിനും മഞ്ഞൾ പൊടി കൊണ്ടു അതിർ തീർത്തു.. എന്നിട്ട് അതിന്റെ നാലു മൂലയിലും ഓരോ പന്തം കത്തിച്ചു  കുത്തി നിർത്തി..

“ഹാ ശ്രീദേവി വന്നോ..  വേഗം വിളക്ക് വെച്ചു പ്രാത്ഥിച്ചോളു..

വിഷ്ണു പറഞ്ഞത് പോലെ തന്നെ  ഞാൻ വിളക്ക് വെച്ചു പ്രാത്ഥിച്ചു..

എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ നാഗത്തറക്കു മുന്നിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു..

അൽപ്പം കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന അമ്മയെ താങ്ങി പിടിച്ചു കൊണ്ടു  വീണയും വന്നു..

അപ്പോഴേക്കും ഞങ്ങളോട്  അവിടുന്നു അൽപ്പം കിഴക്ക് മാറി ഇരിക്കാൻ പറഞ്ഞു കൊണ്ടു വിഷ്ണു പൂജകൾ ആരംഭിച്ചു..

ഞാൻ ഏട്ടനെ നോക്കി.. ഒരനക്കവും ഇല്ലാതെ ഏട്ടൻ കിടക്കുകയാണ്.. ഏട്ടന്റെ കാലിലെ കെട്ടിന് താഴെ കരിനീലിച്ചു കിടപ്പുണ്ട്..

അതു കണ്ടു  ഒരു ഭ്രാന്തിയെ പോലെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ഞാനിരുന്നു..

വെളുക്കുവോളം പൂജാദി കർമ്മങ്ങൾ നീണ്ടു നിന്നു.. 

നേരം പുലർന്നു.. പക്ഷികൾ  ചിറകടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടു  നാലു ദിക്കിലേക്കും പറന്നു പോയി..

ഇന്നാണ് നാഗപഞ്ചമി..  ഇന്നാണ്  നാഗമാണിക്യം കാവിനുള്ളിലേ സർപ്പപുറ്റിനുള്ളിൽ സമർപ്പി ക്കേണ്ടത് ..

വിഷ്ണു പൂജ നിർത്തി എഴുന്നേറ്റു..

“ശ്രീദേവി ഇനി നിങ്ങൾ തറവാട്ടിലേക്ക് പൊക്കോളൂ വൈകിട്ടത്തെ പൂജക്കുള്ള ഒരുക്കങ്ങൾ ഞങ്ങൾ തന്നെ ചെയ്തു കൊള്ളാം..

“ഇല്ല വിഷ്ണു എന്റെ ഏട്ടനെ വിട്ടിട്ട്  ഞാൻ എങ്ങോട്ടും പോവില്ല..

“ശ്രീദേവി ഞാൻ പറയുന്നത് കേൾക്ക്   നീ ധൈര്യമായി പൊക്കൊളു അവന് ഒന്നും വരില്ല..

“ഇല്ല വിഷ്ണു.. വിഷ്ണു എന്തൊക്കെ പറഞ്ഞാലും ഞാൻ പോവില്ല..

“പോയെ പറ്റൂ തറവാട്ടിലെ പൂജാമുറിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് നീ അങ്ങോട്ട്‌ ചെല്ല് എന്തു വേണമെന്ന് ഞാൻ അവിടെ  വന്നു പറഞ്ഞു തന്നു കൊള്ളാം ..

“വീണേ നീ ഇവരെയും കൊണ്ടു പോവാൻ നോക്ക്..

“വാ ചേച്ചി വിഷ്ണുവേട്ടൻ പറയുന്നത് കേൾക്ക് എന്നും പറഞ്ഞു എന്നെയും അമ്മയെയും  നിർബന്ധിച്ചു  കൊണ്ടു വീണ തറവാട്ടിലേക്ക് കൂട്ടി കൊണ്ടു പോയി..

തറവാട്ടിൽ എത്തിയിട്ടും എന്റെ മനസ്സ് കാവിലെ ദേവേട്ടന്റെ അടുത്ത് തന്നെ ആയിരുന്നു..

ദേവേട്ടനെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.. സമയം കടന്നു പോയി കൊണ്ടിരുന്നു..

അസ്വസ്ഥമായ ഒരു  മനസ്സുമായി ഒരു ഭ്രാന്തിയെ പോലെ തറവാടിനുള്ളിൽ കൂടി  ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അതിനിടയിൽ  കാവിലേക്ക്  പോവണം എന്നു വിചാരിച്ചു പലവട്ടം  പോവാൻ തുടങ്ങിയതാണ്  പക്ഷേ  മരണത്തോട് മല്ലടിച്ചു കിടക്കുന്ന ദേവേട്ടന്റെ മുഖം  കാണാനുള്ള ശക്തി  അപ്പോഴേക്കും എന്നിൽ നിന്നും ചോർന്നു പോയിരുന്നു..

ഒരു പക്ഷേ മുഖം കണ്ടാൽ  ഞാൻ തളർന്നു പോയെന്ന് ഇരിക്കും .  അങ്ങനെ വന്നാൽ  ഞാൻ ഏറ്റെടുത്ത കർമ്മം എനിക്ക്  പൂർത്തിയാക്കാൻ ആവാതെ വരും..  അതോടെ പിന്നെ  എനിക്കെന്റെ ദേവേട്ടനെ എന്നന്നേക്കും ആയി നഷ്ടപ്പെടും..

അതിനു ഞാൻ ഞാൻ തയ്യാറല്ല.

എന്തു ചെയ്തിട്ട് ആയാലും എനിക്കെന്റെ ദേവേട്ടന്റെ ജീവൻ രക്ഷിക്കണം..

അതുകൊണ്ട് തന്നെ മനസ്സ് തളർത്താതെ  വിഷ്ണു പറഞ്ഞത് പോലെ തന്നെ നാഗമാണിക്യം എടുക്കാൻ ഞാൻ തീരുമാനിച്ചു..

സമയം ആയതും കുളിച്ചു ഈറനോടെ വന്നു അമ്മയുടെയും മുത്തശ്ശി യുടെയും അനുഗ്രഹം വാങ്ങി  പൂജാമുറിയിൽ വിളക്ക് വെച്ചു  പ്രാത്ഥിച്ചു.. പിന്നെ  അവിടെ നിന്നും ഒരു വിളക്ക് കത്തിച്ചു അതുമായി നേരെ കാവിലേക്ക് നടന്നു..

ഞാൻ  കാവിൽ ചെന്നു  വിളക്ക്  വെച്ച് തൊഴുതു പ്രാത്ഥിച്ചു

കഴിഞ്ഞപ്പോഴേക്കും  വിഷ്ണു നാഗ പഞ്ചമി നാളിലെ പ്രത്യേക പൂജക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി..

മഞ്ഞൾ പൊടി കൊണ്ടു കളം എഴുതി.. കവുങ്ങിന് പൂക്കുലയും അരിപ്പൊടിയും കരിക്കിൻ വെള്ളത്തിൽ  ചാലിച്ച് കളത്തിലാകെ വിതറി.. അവിടവിടെയായി പ്ലാവില കുമ്പിള് കുത്തി ഇട്ടു.. ഈർക്കിലിയുടെ  അറ്റത്ത് തുണിചുറ്റിയ ചെറിയ പന്തങ്ങൾ നിരത്തി..  പുള്ളുവ വീണയും പുള്ളോർക്കുടവും മീട്ടിയുള്ള പാട്ടുകൾ ആരംഭിച്ചു.. ഒരുതരം അടഞ്ഞ ഒച്ചയിലാണ് ആ പാട്ട്. വീണയ്ക്കും കുറച്ചൊന്ന് അടഞ്ഞ ഒച്ചതന്നെ.. വലിയൊരു ഹൃദയമിടിപ്പ് പോലെ  പുള്ളോർക്കുടത്തിന്റെ ഒച്ച മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു .. അറിയാതെ തലയാട്ടിപ്പോകുന്ന ഈണവും താളവും പാട്ടിന് ഉണ്ട് . കൂടെ ഭക്തിയും പാട്ടിൽ അലിഞ്ഞു ചേർന്നിരിക്കുന്നു..

പൂജ തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും അമ്മയും വീണയും കുറച്ചു സ്ത്രീകളും  വന്നു..

പൂജയുടെ ഒരു ഘട്ടം ആയപ്പോൾ  സ്ത്രീകള് ചേർന്നു  വായ് കുരവ ഇട്ടു. അതിന്റെ താളത്തിൽ ലയിച്ചു കൊണ്ടുള്ള മണിയടി വിഷ്ണു തുടങ്ങി.. കുരവയും പാട്ടും മണിയടിയും മഞ്ഞക്കളവും വിളക്കുമൊക്കെ ചേർന്ന്  കാവ് ഒരു അമ്പലം പോലെയായി മാറി..

“ശ്രീദേവി..  സമയമായി ഇവിടെ ഇരിക്കുന്ന വിളക്കുമായി നീ നിലവറയിലേക്കു പൊക്കൊളു  എന്നു വിഷ്ണു പറഞ്ഞത് കേട്ടു ഞാൻ നാഗദൈവങ്ങളെ തൊഴുതു പ്രാത്ഥിച്ചു കൊണ്ടു വിളക്കും എടുത്തു തറവാട്ടിലേക്ക് നടന്നു.. 

തറവാട്ടിൽ എത്തി മുത്തശ്ശിയിൽ നിന്നും താക്കോൽ വാങ്ങി  പൂട്ടി കിടന്ന മുറി ലക്ഷ്യമാക്കി നടന്നു.. ഇടനാഴിയിലൂടെ നടന്നു ആ മുറിയുടെ മുന്നിൽ എത്തി പൂട്ടു തുറന്നു വാതിൽ  മെല്ലെ തുറന്നു ഞാൻ  അകത്തേക്കു കയറി..

അതിനകത്തു നിന്നും താഴേക്ക് ഒരു കോണിപ്പടി ഞാൻ കണ്ടു ..  വിളക്കിന്റെ വെട്ടത്തിൽ അൽപ്പം പേടിയോടെ തന്നെ ഞാൻ ഓരോ പടിയും താഴേക്ക് വെച്ചു..

ദേവേട്ടനെ കുറിച്ചുള്ള ചിന്തകൾ പേടിയെ കീഴ്മേൽ മറിച്ചു കളഞ്ഞു..

ഞാൻ പതിയെ കോണി പടി ഇറങ്ങി താഴെ എത്തുമ്പോൾ അവിടാകെ പ്രകാശഭരിതം ആയിരുന്നു..  ഞാൻ വിളക്ക് താഴെ വെച്ചു മുന്നോട്ട് നോക്കുമ്പോൾ

ഒരു ചെമ്പു താലത്തിനുള്ളിൽ വിരിച്ച ചെമ്പട്ടിനുള്ളിൽ  കുഞ്ഞു മുത്തു പോലെ എന്തോ ഒന്നു  ഇരുന്നു തിളങ്ങുന്നു..

അതായിരിക്കും നാഗമാണിക്യം..  അതിന്റെ ശോഭയിൽ ആവും ഇവിടെ മൊത്തം പ്രകാശം നിറഞ്ഞിരിക്കുന്നത്..

പക്ഷേ എന്നെ അത്ഭുതപെടുത്തിയത്  അവിടം കണ്ടാൽ വർഷങ്ങൾ ആയി അടഞ്ഞു കിടന്നത് ആണെന്ന് പറയില്ല അത്രക്ക് വൃത്തിയായി കിടക്കുന്നു..  ഒരു പക്ഷേ നാഗദൈവങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ടാവും..

എന്തായാലും മുഹൂർത്തം തീരും മുൻപ് ഈ മാണിക്യം എടുത്തു കാവിൽ സമർപ്പിക്കണം.. 

ഞാൻ വേഗം അതെടുക്കാനായി മുന്നോട്ട് ചെന്നതും അതിന്റെ മുന്നിൽ പെട്ടെന്ന് ഒരു സർപ്പം പ്രത്യക്ഷ പ്പെട്ടു ..

അതു ഫണം ഉയർത്തി എന്നെ കൊത്താനായി ഒന്ന് ആഞ്ഞു ഞാൻ വേഗം ഒഴിഞ്ഞു മാറി.. 

സത്യം പറഞ്ഞാൽ ഞാനാകെ  പേടിച്ചു പോയി..

ഇനി എന്ത് ചെയ്യും  എന്നറിയാതെ ഞാൻ ആകെ ടെൻഷൻ ആയി.. 

ആ സർപ്പം ആ നാഗമാണിക്യത്തിന് കാവൽ നിൽക്കുകയാണെന്ന് എനിക്ക് മനസ്സിലായി..

അതു പോവാതെ എനിക്കതിൽ തൊടാൻ പോലും ആവില്ല..

പക്ഷേ അതു പോവുമെന്ന് തോന്നുന്നില്ല മാത്രമല്ല എനിക്ക് മുന്നിൽ അധികം സമയമില്ല.. എനിക്കെന്റെ ദേവേട്ടനെ രെക്ഷിച്ചേ പറ്റൂ..  എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെയായി..

ഒടുവിൽ  മറ്റൊരു പോം വഴിയും കാണാതെ വന്നപ്പോൾ എന്റെ  കഴുത്തിൽ കിടന്നിരുന്ന  താലി തൊട്ട് ഞാൻ നാഗദൈവങ്ങളോട് കണ്ണീരോടെ പ്രാത്ഥിച്ചു..

“എന്റെ നാഗത്താന്മാരെ ഈ കാലമത്രയും നിങ്ങളെ വിശ്വസിച്ചു നിങ്ങളെ പൂജിച്ചു പ്രാത്ഥിച്ച എന്റെ താലി നിങ്ങളായിട്ട്  അഴിപ്പിക്കാൻ ഇടയാക്കല്ലേ.. ഈ കർമ്മം ചെയ്യാൻ  എന്നെ സഹായിക്കണേ..

എന്ന്  പ്രാത്ഥിച്ചു കൊണ്ടു  ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ സർപ്പത്തെ അവിടെങ്ങും കണ്ടില്ല.. 

പിന്നെ ഒട്ടും താമസിച്ചില്ല നാഗത്താന്മാരോട്  മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടു  നാഗമാണിക്യത്തെ വണങ്ങി ആ താലത്തോടെ നാഗമാണിക്യവുമായി ഞാൻ അവിടെ നിന്നും കോണിപ്പടി കേറി മുകളിൽ എത്തി..

റൂമിനു പുറത്തേക്ക് ഇറങ്ങി നടന്നു  വേഗം ഉമ്മറത്തെത്തി..

അപ്പോഴേക്കും  പ്രകൃതിയിൽ ആകെ ഒരു മാറ്റം..

നിലാവെട്ടത്തെ കാർമേഘം മറച്ചു..  എവിടെ നിന്നോ ശക്തമായ കാറ്റടിച്ചു..

അതൊന്നും കാര്യമാക്കാതെ മുറ്റത്തേക്ക് ഞാൻ കാലെടുത്തു കുത്താൻ ഒരുങ്ങിയതും കാറ്റിൽ  ഒരു മരക്കൊമ്പ് ഒടിഞ്ഞു എന്റെ മുന്നിലേക്ക് വീണു..

ഒരു നിമിഷം ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി..

അപ്പോഴേക്കും കാവിൽ നിന്നുള്ള മണിയടി ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കേട്ടു..  പൂജകൾ അവസാനിക്കാറായിരിക്കുന്നു നാഗമാണിക്യം വേഗം അവിടെ എത്തിക്കണം..

ഞാൻ രണ്ടും കല്പിച്ചു അവിടെ നിന്നും ഇറങ്ങി കാവിലേക്ക് നടന്നു..

കാവിൽ എത്തിയതും എന്റെ കൈയിൽ ഇരിക്കുന്ന നാഗമാണിക്യം കണ്ടു വിഷ്ണു ഒന്ന് പുഞ്ചിരിച്ചു..

ഇതുവരെ കാണാത്തൊരു സന്തോഷം അവന്റെ മുഖത്തു നിറയുന്നതായി എനിക്ക് തോന്നി..

“അമ്മയും വീണയും വിഷ്ണുവും അടക്കം എല്ലാവരും ആ നാഗമാണിക്യത്തെ തൊഴുതു നിന്നു..

“ശ്രീദേവി ഇനി ഒട്ടും താമസിക്കേണ്ട നീ അതു കൈയിൽ എടുത്തു കൊണ്ടു ആ സർപ്പപുറ്റിനുള്ളിലേക്ക് പ്രാത്ഥിച്ചു സമർപ്പിച്ചോളു എന്നു വിഷ്ണു പറഞ്ഞത് കേട്ടു അതേ പോലെ ചെയ്തിട്ട് ഞാൻ നാഗദൈവങ്ങളോട് മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു..

അൽപ്പം സമയത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ദേവേട്ടൻ അതേ പോലെ ഒരനക്കവും ഇല്ലാതെ കിടക്കുവാണ് ..

ഞാൻ വിഷ്ണുവിനെ നോക്കുമ്പോൾ എല്ലാം പൂർത്തിയായെന്നും പറഞ്ഞു അവൻ എഴുന്നേറ്റു വരുന്നു..

“വിഷ്ണു നീ പറഞ്ഞത് പോലെ ഒക്കെ ചെയ്തില്ലേ പിന്നെന്താ ദേവേട്ടൻ എഴുന്നേൽക്കാത്തെ..

അതിനു മറുപടി ഒന്നും തരാതെ സഞ്ചിയിൽ എന്തൊക്കെയോ വാരി എടുത്തു കൊണ്ടു അവൻ പോവാൻ തുടങ്ങി..

അതു കണ്ടു ഞാൻ അവന്റെ കൈയിൽ കേറി പിടിച്ചു..

“വിഷ്ണു നിന്നോടാണ് ഞാൻ ചോദിച്ചത് .. എന്റെ ദേവേട്ടൻ എന്താ എഴുന്നേൽക്കാത്തത് .. എനിക്കെന്റെ ദേവേട്ടനെ തിരിച്ചു താ..

“വിട് ശ്രീദേവി പൂജയൊക്കെ കഴിഞ്ഞു  എനിക്ക് പോണം..

“സത്യം പറ വിഷ്ണു എന്താ എന്റെ ദേവേട്ടൻ എഴുന്നേൽക്കാത്തത് ..

എന്റെ ചോദ്യത്തിന് മറുപടി തരാതെ തല കുനിച്ചവൻ മൗനമായി നിന്നു..

അതു കണ്ടു എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല..

“അപ്പോൾ നീ എന്നെ ചതിക്കുവായിരുന്നോടാ   എന്നും ചോദിച്ചു കൊണ്ടു അവന്റെ കരണത്തു ഞാൻ  ഒരടി കൊടുത്തു..

“പറയെടാ എന്തിനാടാ എന്നെയും ദേവേട്ടനെയും നീ ചതിച്ചത്..  എന്തിനാടാ എന്നെ പറഞ്ഞു പറ്റിച്ചത്.. 

“ശ്രീദേവി ഞാൻ ആരെയും ചതിച്ചിട്ടില്ല..

“എങ്കിൽ പറയെടാ.. നീ പറഞ്ഞത് പോലെയൊക്കെ ചെയ്തിട്ടും  നാഗമാണിക്യം ഇവിടെ കൊണ്ടു വന്നു സമർപ്പി ച്ചിട്ടും എന്തുകൊണ്ടാണെടാ  എന്റെ ദേവേട്ടൻ എഴുന്നേൽക്കാത്തത്..

“അതുപിന്നെ.. അതുപിന്നെ  നമ്മുടെ ദേവൻ  ഇനി ഒരിക്കലും എഴുന്നേറ്റ് വരില്ല..  വിധിയെ തോൽപ്പിക്കാൻ ഉള്ള മന്ത്രം ഒന്നും ഞാൻ പഠിച്ചിട്ടില്ല.. വിധിക്ക് മുന്നിൽ  ഞാൻ തോറ്റു പോയി..

എന്നും പറഞ്ഞു വിഷ്ണുവും കരഞ്ഞു.. 

അതുകേട്ടു ഞാനാകെ തകർന്ന് പോയി..  അവന്റെ വാക്കുകൾ ഇടി മിന്നൽ പോലെ എന്റെ ഹൃദയത്തെ കീറി മുറിച്ചു.. 

എന്റെ കണ്ണുകളിൽ ആകെ ഇരുട്ട് പരന്നു..  എന്റെ തലച്ചോറിലേക്ക് ഭ്രാന്തിന്റെ കണികകൾ പാഞ്ഞു തുടങ്ങി..

വിഷ്ണുവിനെ അവിടെ വെച്ച് കൊല്ലാനുള്ള ദേഷ്യം എന്റെ മനസ്സിൽ തോന്നി

” സത്യം പറ നിനക്ക് നാഗമാണിക്യം സ്വന്തമാക്കാൻ  വേണ്ടി അല്ലേ നീ ഇതൊക്കെ ചെയ്തത്  എന്നും പറഞ്ഞു കൊണ്ടു ഒരു ഭ്രാന്തിയെ പോലെ ഞാൻ അവന്റെ ദേഹത്ത് അടിക്കുകയും മാന്തുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു..

“നീ എന്തൊക്കെ ഭ്രാന്താണ്  ശ്രീദേവി ഈ വിളിച്ചു പറയുന്നത്..

ആ കിടക്കുന്നത് നിന്റെ ഭർത്താവ് മാത്രമല്ല എന്റെ കൂട്ടുകാരൻ കൂടിയാണ് അവന്റെ ജീവൻ രക്ഷിക്കാൻ ഞാൻ എന്നാൽ ആവും വിധം ശ്രെമിച്ചിരുന്നു അതുകൊണ്ടാണ്  നിന്നോട്   ഈ ദിവസം വരെ അവനെ   ശ്രദ്ധിക്കണം എന്നു പ്രത്യേകം   ഞാൻ പറഞ്ഞത് ..  പക്ഷേ എന്നിട്ടും ഇങ്ങനെ നടന്നില്ലേ.. അല്ലെങ്കിലും വിധിയെ തോൽപ്പിക്കാൻ മനുഷ്യരായ നമുക്ക് ആവില്ലല്ലോ അവന്റെ ജാതകത്തിലെ വിധി പോലെ തന്നെ എല്ലാം നടന്നു ..

പിന്നെ നിനക്കറിയുമോ ഈ വീണയോട് പോലും മനഃപൂർവം ആണ്  ഒന്നും ഞാൻ തുറന്നു പറയാതെ ഇരുന്നത് .. എല്ലാം ശുഭമായി അവസാനിച്ച ശേഷം പറയാമെന്നു കരുതി ഇരുന്നതാണ്

പക്ഷേ എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റി പോയി..

ഇനിയിപ്പോൾ  കുറച്ചു സമയം കൂടി മാത്രമേ അവനിൽ ജീവൻ അവശേഷിക്കുകയുള്ളു..

അതു കണ്ടു നിൽക്കാനുള്ള ശക്തി എനിക്കില്ലാത്തതു  കൊണ്ടാണ് ഞാൻ പോവാൻ തുടങ്ങിയത് എന്ന് വിഷ്ണു പറഞ്ഞു നിർത്തിയതും  അതുകേട്ടു അമ്മ ബോധം കെട്ടു വീണു.. ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ഓടിയെത്തി..  അമ്മയെ കുലുക്കി വിളിച്ചു നോക്കി പക്ഷേ അമ്മ ഉണർന്നില്ല..

“വേഗം അമ്മയെ തറവാട്ടിൽ കൊണ്ടു പോയി കിടത്തു എന്ന  വിഷ്ണുവിന്റെ വാക്കുകൾ കേട്ട്  വീണയും വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന സഹായികളും ചേർന്ന്  അമ്മയെ താങ്ങി എടുത്തു തറവാട്ടിലേക്ക് കൊണ്ടു പോയി..

അവിടെ നിന്നും എഴുന്നേറ്റു ഞാൻ വിഷ്ണുവിന്റെ മുന്നിലേക്ക് ചെന്നു..

അവൻ എന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു നിന്നു ..

“ഇപ്പോൾ നിനക്ക് സമാധാനം ആയോടാ ..  എന്റെ ഏട്ടനെ രക്ഷപ്പെടുത്താൻ ആവില്ലെന്ന് നിനക്കറിയാമായിരുന്നു അല്ലേ.. എന്നിട്ടും പിന്നെ എന്തിനാടാ നീ എന്നെ കൊണ്ടു ഈ വിഡ്ഢി വേഷം കെട്ടിച്ചു ഇതൊക്കെ ചെയ്യിച്ചത്..

“അതുപിന്നെ ശ്രീദേവി നീ വിചാരിക്കും പോലെയൊന്നും  അല്ല കാര്യങ്ങൾ.. വർഷങ്ങളായി  ഈ തറവാടും എന്റെ തറവാടും ഒക്കെ   അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവാൻ വേണ്ടിയിട്ടാണ്  നിന്നെക്കൊണ്ട് ഈ കർമ്മം  ഞാൻ പൂർത്തീകരിപ്പിച്ചത് ..

“ഓ അപ്പോൾ നീ നിന്റെ സ്വാർത്ഥതക്ക് വേണ്ടി എന്നെ കരുവാക്കുകയായിരുന്നല്ലേ എന്നു ചോദിച്ചു ഞാൻ അവന്റെ നേരെ ദേഷ്യപ്പെട്ടതും

 ഒന്നും മിണ്ടാതെ വിഷ്ണു അവിടെ നിന്നും പോയി..

കരഞ്ഞു കലങ്ങിയ ഞാൻ ദേവേട്ടനെ ഒന്നു നോക്കി ആ ശരീരമാകെ കരിനീലിച്ചു തുടങ്ങിയിരിക്കുന്നു ..

ഞാൻ വേഗം ഏട്ടന്റെ അരുകിൽ ചെന്നിരുന്നു..

“ഏട്ടാ ഒന്നു കണ്ണ് തുറക്ക് ഏട്ടാ.. എന്നെ ഒന്ന് നോക്കേട്ട.. എന്നും  പറഞ്ഞു കരഞ്ഞു കൊണ്ടു ഞാൻ ഏട്ടനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു..  പക്ഷേ ഏട്ടന്റെ കണ്ണുകൾ  അടഞ്ഞു തന്നെ ഇരുന്നു..  ആ ശരീരം ചലനമറ്റു കിടക്കുകയാണ്.. അതു കണ്ടു സഹിക്കാതെ ഞാൻ ചുറ്റും നോക്കി..

അപ്പോഴേക്കും എന്റെ കണ്ണുകൾ മഞ്ഞളും നൂറും പാലും കൊണ്ടുള്ള അഭിഷേകത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന നാഗത്തറയിലെ നാഗപ്രതിമകളിൽ ഉടക്കി..

ദേഷ്യമോ സങ്കടമോ എന്നു തിരിച്ചറിയാനാവാത്തൊരു ഭാവമെന്നിൽ നിറഞ്ഞു..

ഏട്ടന്റെ അടുത്ത് നിന്നും എഴുന്നേറ്റു ഞാൻ  നാഗത്തറക്കു മുന്നിൽ ചെന്നു നിന്നു..

“നിങ്ങൾക്ക് ഇപ്പോൾ തൃപ്തിയായോ.?

നിങ്ങളുടെ പ്രതികാരം പൂർത്തിയായോ ഇല്ലെങ്കിൽ എന്റെ ജീവൻ കൂടി എടുത്തോളൂ ഇതോടെ നിങ്ങളുടെ പ്രതികാരം അടങ്ങട്ടെ  ..

ജീവിക്കുന്ന ദൈവങ്ങൾ ആണ് പോലും എല്ലാം വെറും കളവാണ്.. ഒരു ശക്തിയും ഇല്ലാത്ത  വെറും കൽപ്രതിമകൾ ആണ് നിങ്ങൾ..

ആ നിങ്ങളെ ഇത്രയും കാലം  വിശ്വസിച്ചു പ്രാത്ഥിച്ചതിന് എനിക്ക് കിട്ടി..

ഇത്രയും കാലം ഞാൻ ചെയ്ത വഴിപാടിലും പൂജയിലും നിങ്ങൾക്ക് തൃപ്തിയായി കാണില്ല  അല്ലേ..

എങ്കിൽ ഇനി എന്റെ ജീവനും കൂടി നിങ്ങൾക്ക് തന്നേക്കാം എന്നും പറഞ്ഞു പൊട്ടി കരഞ്ഞു    ഞാൻ നാഗത്തറക്കു മുന്നിൽ ഇരുന്നു കൊണ്ടു  നാഗത്തറയിൽ നെറ്റി   ഇടിച്ചു കൊണ്ടിരുന്നു..

പതിയെ എന്റെ ബോധം മറഞ്ഞു തുടങ്ങുന്നത് പോലെ എനിക്ക് തോന്നി..

പെട്ടെന്ന് ഒരു സർപ്പത്തിന്റെ സീൽക്കാര ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ നാഗരൂപങ്ങൾക്ക് ഇടയിൽ ഇന്നും ഒരു കുഞ്ഞു സർപ്പം ഇറങ്ങി വരുന്നു..

അതു മെല്ലെ എന്റെ അടുത്ത് വന്നു  ഫണം വിടർത്തി നിന്നു ..

ഞാൻ അതിനെ അത്ഭുതത്തോടെ നോക്കി.. ഇതു ഞാൻ എന്റെ നാട്ടിലെ നാഗകാവിൽ കാണാറുള്ള അതേ നാഗത്തെ പോലുണ്ടല്ലോ ഇതെങ്ങനെ ഇവിടെത്തി എനിക്കാകെ അത്ഭുതമായി..

ഞാൻ നോക്കി നിൽക്കെ അത് സർപ്പപുറ്റ്  നിൽക്കുന്നിടത്തേക്ക് ഫണം വിടർത്തി തന്നെ നോക്കി നിന്നു ..

പെട്ടെന്ന് അതിനുള്ളിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ടു..

ഞാൻ നോക്കി നിൽക്കേ അതിനുള്ളിൽ നിന്നും തലയിൽ നാഗമാണിക്യവുമായി ഒരു സർപ്പം ഇറങ്ങി വരുന്നു..

അത് ഇഴഞ്ഞു ഇഴഞ്ഞു നേരെ ദേവേട്ടന്റെ കാലിന്റെ അരുകിൽ എത്തി..

എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ അവിടെ തന്നെ ഇരുന്നു..

പെട്ടെന്ന് ആ പാമ്പ് ഫണം ഒന്നുയർത്തി ചുറ്റും നോക്കിയിട്ട്  ഏട്ടന്റെ കാലിലെ പാമ്പ് കടിയേറ്റ ഭാഗത്തേക്ക്‌  നാഗമാണിക്യം ചേർത്ത് വെച്ചു..

പിന്നീട് അവിടെ  കണ്ണുകൾ കൊണ്ടു വിശ്വസിക്കാനാവാത്ത ഒരത്ഭുതം അരങ്ങേറുകയായിരുന്നു..

ഞാൻ നോക്കുമ്പോൾ വജ്രം പോലെ തിളങ്ങി നിന്ന നാഗമാണിക്യം പെട്ടെന്ന് നീല നിറമായി മാറി കൊണ്ടിരുന്നു ..

അതിനനുസരിച്ചു ഏട്ടന്റെ ശരീരത്തെ കരിനീല നിറം പതിയെ പതിയെ മാറി കൊണ്ടിരുന്നു..  അൽപ്പം സമയത്തിനുള്ളിൽ  ഏട്ടന്റെ ശരീരത്തിലെ കരിനീല നിറം പൂർണ്ണമായും  മാറി..

അപ്പോഴേക്കും  ആ നാഗം അവിടെ നിന്നും ഇഴഞ്ഞു തിരികെ സർപ്പപുറ്റിന്  ഉള്ളിലേക്കു പോയി..

ഞാൻ വേഗം ഏട്ടന്റെ അടുത്തേക്ക്  ഓടിയെത്തി ഏട്ടന്റെ അടുത്ത് ഇരുന്നു കൊണ്ടു ഏട്ടനെ വിളിച്ചു..

ഉറക്കത്തിൽ നിന്നെന്ന പോലെ ദേവേട്ടൻ  മെല്ലെ കണ്ണ് തുറന്നെന്നെ നോക്കി..

പറഞ്ഞറിയിക്കാൻ ആവാത്ത വിധം സന്തോഷം ആയിരുന്നു എനിക്കപ്പോൾ..

ഞാൻ ഏട്ടന്റെ തല പിടിച്ചു പതിയെ ഉയർത്തിച്ചു ആ മുഖത്താകെ  ഉമ്മകൾ കൊണ്ടു പൊതിഞ്ഞു..

ഏട്ടൻ മെല്ലെ ഒന്നു പുഞ്ചിരിച്ചു..

കരഞ്ഞു കലങ്ങിയ എന്റെ മുഖം കണ്ടിട്ടാവണം എന്തു പറ്റിയെടി എന്ന് ചോദിച്ചു..

സന്തോഷം കൊണ്ട്  എനിക്കപ്പോൾ ഒന്നും പറയാനായില്ല..

അപ്പോഴേക്കും വിഷ്ണുവും അവിടെത്തി..

എന്താണ് നടന്നതെന്ന് മനസ്സിലാവാതെ അവനും അത്ഭുതത്തോടെ നോക്കി നിന്നു..

അപ്പോഴേക്കും  നാഗത്തറക്ക് മുന്നിൽ നിന്ന കുഞ്ഞു നാഗം മെല്ലെ സീൽക്കാര ശബ്ദം ഉയർത്തി..

അതിനെ കണ്ടു 

“നാഗരാജാവായ അനന്തഭഗവാനെ  എന്നും പറഞ്ഞു വിഷ്ണു അതിനെ ഭയഭക്തിയോടെ തൊഴുതു നിന്നു..

ആ ഒരു നിമിഷം ഞാൻ  പകച്ചു ഇരുന്നു  പോയി..

ഇത്രയും കാലം താൻ കൂട്ടുകാരനായി കണ്ടു സംസാരിച്ചിരുന്ന കുഞ്ഞു നാഗം നാഗരാജാവായ സാക്ഷാൽ അനന്തഭഗവാൻ ആയിരുന്നോ..

എനിക്ക് വിശ്വസിക്കാനാവുന്നില്ല..  ഒരു കുഞ്ഞു സർപ്പത്തിന്റെ രൂപത്തിൽ അദ്ദേഹം എന്നെ പോലെ ഒരാളുടെ മുന്നിൽ  വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..

ഒന്നും പറയാനാവാതെ ഞാൻ വിതുമ്പി.. വാക്കുകൾ നാവിൽ നിന്നും പുറത്തേക്ക് വരാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ..

എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തന്നതിന് എന്റെ ജീവിതം തന്നെ എനിക്ക് തിരികെ തന്നതിന്  അതിന്റെ നേരെ കണ്ണീരോടെ  കൈകൂപ്പി നിന്നു മനസ്സ് കൊണ്ട് ഞാൻ  നന്ദി പറഞ്ഞു..

പെട്ടെന്ന് എങ്ങോട്ടെന്ന് അറിയാതെ ആ കുഞ്ഞു സർപ്പം  അപ്രത്യക്ഷമായി പോയി..

എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ ഏട്ടൻ ചുറ്റും നോക്കി.. 

“ഡി എന്തൊക്കെയാടി  ഇവിടെ നടന്നത് ..

മറുപടി ഒന്നും പറയാതെ ഞാൻ ഏട്ടനെ വാരി പുണർന്നു..

——————————————————–

“ഡി.. ശ്രീ നീ  കുറെ നേരമായല്ലോ പ്രാത്ഥിക്കാൻ നിന്നിട്ട്..  ഇനി എന്റെ മോള്  കണ്ണടച്ചു നിന്നു ഉറങ്ങുവാണോ എന്ന് ഏട്ടൻ  ചോദിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കിയത്..

ഇന്ന് നാഗപഞ്ചമിയായത് കൊണ്ട്  ഏട്ടനുമൊത്തു കാവിൽ തൊഴാൻ കേറിയതാണ്  അതിനിടയിൽ പഴയത് ഓരോന്നു ഓർത്തങ്ങു നിന്നു പോയി..

“എന്താടി എന്തുപറ്റി..?

“ഹേ ഒന്നുമില്ല ഏട്ടാ ഞാനാ പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു പോയതാണ്..

“ഹഹഹ അതൊക്കെ കഴിഞ്ഞിട്ട്  വർഷങ്ങളായില്ലേടി..   നമുക്ക് ഇപ്പോൾ മക്കളും കൊച്ചു മക്കളുമായി എന്നിട്ടും നീ ഇപ്പോഴും അതൊക്കെ ഓർത്തോണ്ടു ഇരിക്കുവാണോ എന്നും പറഞ്ഞു ഏട്ടനെന്നെ കളിയാക്കി ചിരിച്ചു ..

“ചിരിക്കേണ്ട ഏട്ടാ ആ ഓർമ്മകൾ ഒന്നും  എന്റെ മരണം വരെ എന്നെ വിട്ടു പോവില്ല .. എന്റെ ഈ നാഗത്താന്മാരാണ് എനിക്കെന്റെ ഏട്ടനെ  തിരിച്ചു തന്നത് അതൊന്നും എനിക്ക് മറക്കാൻ ആവില്ല എന്നു പറഞ്ഞതും ഏട്ടൻ എന്നെ  ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു..

“അയ്യേ എന്താ ഈ കാണിക്കുന്നത് വിട് ഏട്ടാ ഇത് കാവാണ്.. 

“അതിനെന്താ..

“അയ്യടാ  ഇപ്പോഴും മധുരപതിനേഴുകാരൻ  ആണെന്നാണോ വിചാരം..

“അതേടി..ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ..  അല്ലെങ്കിൽ തന്നെ  പ്രണയത്തിനു  വയസാവാറില്ലല്ലോ  എന്റെ ശ്രീദേവി കുട്ട്യേ എന്നും പറഞ്ഞു ഏട്ടൻ എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു..

ആ നെഞ്ചിലേക്ക് മുഖം ചേർത്തു കൊണ്ട് ആ   ഹൃദയതാളം ആസ്വദിച്ചു ഞാൻ  ഏട്ടനോട് ചേർന്നു നിന്നു..

ഒരിക്കൽ നഷ്ടം ആവുമെന്ന് കരുതിയ ജീവിതം എനിക്ക് തിരികെ തന്നു കൊണ്ട് ഞങ്ങളുടെ പ്രണയത്തിനു  സാക്ഷിയായി  അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു കാവിലെ ദീപപ്രഭയിൽ മുങ്ങി കുളിച്ചു  നാഗദൈവങ്ങളും  ഞങ്ങൾക്ക് കൂട്ടു നിന്നു..

(ശുഭം… )

വിശ്വാസങ്ങളും  അന്ധവിശ്വാസങ്ങളും  കൂടി കലർന്ന ഈ കൊച്ചു ജീവിതത്തിൽ ജാതകവും ജാതകദോഷവും പലരുടെയും ജീവിതത്തെ സ്വാധീനിക്കാറുണ്ട് ..

 ഇവിടെ ശ്രീദേവിയുടെ പ്രണയത്തിന്റെ ശക്തിയോ അതോ അവളുടെ വിശ്വാസത്തിന്റെ ശക്തിയോ എന്നറിയില്ല വിധി അവരുടെ മുന്നിൽ ചെറുതായി ഒന്നു കണ്ണടച്ചു..

മാറ്റി എഴുതപ്പെട്ട വിധിയുമായി   മുത്തശ്ശനും മുത്തശ്ശിയുമായി ദേവനും ശ്രീദേവിയും ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് … 

( ജാതകം എന്ന ഈ കൊച്ചു തുടർക്കഥക്ക്   ലൈക്ക്സും കമന്റും ആയി നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി..

ഇനിയും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവുമെന്ന വിശ്വാസത്തിൽ മറ്റൊരു കഥയുമായി ഉടനെ തന്നെ എത്താട്ടോ..

പിന്നെ കഥയെയും ക്ലൈമാക്സിനെയും പറ്റിയുള്ള  അഭിപ്രായം എന്തു തന്നെ ആയാലും  പറയാൻ മറക്കല്ലേ..  സ്നേഹപൂർവ്വം…

നിങ്ങളുടെ സ്വന്തം  ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!