പലരും ചോദിക്കാറുണ്ട്..
മുന്ന് കുട്ടിയോളും കെട്ട്യോനും ഉമ്മേം ഉപ്പേം വീട്ടിലെ പണികളും ,ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് പോക്കും.. ഇതിനെടേല് ഇങ്ങനൊക്കെ എഴുതി കൂട്ടാൻ എവിടന്നാണ് സമയം കിട്ടാറെന്ന്…
എന്നാപ്പിന്നെ ഇന്ന് അതിനെ കുറിച്ച് എഴുതാന്ന് വിചാരിച്ചു….
രാവിലത്തെ ചായ കുടി കഴിഞ്ഞ് മുറ്റമടിച്ചോണ്ടിരിക്കുമ്പളാണ് (25 സെൻ്റ് ഇൻ്റർലോക്ക് ചെയ്ത മുറ്റം) പുതുതായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ട കഥയുടെ ത്രഡ് മനസിലേക്ക് വരുന്നത്…
അത് വന്ന് കഴിഞ്ഞാ കടിഞ്ഞൂൽ പ്രസവസത്തിന് ഗർഭം ധരിച്ച പെണ്ണിനെ പോലെയാണ് മനസ്സ്…
ആകപ്പാടെ ഒരു ഏനക്കേടും പരവേശോം…
മുറ്റമടി കഴിഞ്ഞ് പാത്രം മോറുമ്പളാണ് കഥയുടെ ബാക്കി ഭാഗം മനസിലേക്ക് വരാ…
നിലം തുടക്കുമ്പോ, അലക്കുമ്പോ, ഉപ്പേരി ക്കുള്ള കൂർക്കല് മുറിക്കുമ്പോ.., മീൻ പൊരിക്കുമ്പോ,
എല്ലാം കഴിഞ്ഞ് ഡ്യൂട്ടിക്ക് പോവാൻ KSRTC ബസിൻ്റെ സൈഡ് സീറ്റിലിരുന്ന് പുറത്തോട്ട് നോക്കിയിരിക്കുമ്പോ..
അപ്പളൊക്കെ ഒരു മാലപോലെ എഴുതേണ്ട ഭാഗങ്ങള് മനസിൽ കയറിക്കൂടും…
ഇനി ഇതിനെയെല്ലാം കൂടി സ്ക്കൂൾ കുട്ടികൾ അസംബ്ലിക്ക് നിക്ക്ന്ന പോലെ ആദ്യം തൊട്ട് അവസാനം വരെ ഒരു ഓർഡറിൽ ആക്കിയെടുക്കണം….
അതിന് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വെറുതെ ഇരിക്കണം…
എന്നിട്ട് മുറ്റമടിക്കുമ്പം തൊട്ട് ബസിലിരുന്നത് വരെ കിട്ടിയ കാര്യങ്ങളെ കുറിച്ച് ഒരു ഒഴുക്കോടെ ചിന്തിച്ച് സെറ്റാക്കണം…
ദിവസത്തിൽ ഒരു മണിക്കൂർ വെറുതെ ഇരിക്കാൻ പറ്റുമെങ്കിൽ ഞാൻ രാജാവല്ലേ…
അങ്ങനൊരു സമയം എനിക്ക് കിട്ടാത്തോണ്ട് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് പോവുമ്പോ ഞാൻ രണ്ട് കിലോ ചെറിയ മത്തി വാങ്ങും…
വീട്ടിൽ ചെന്ന് അത് മുറിക്കാനിരിക്കും…
മക്കളാരും അടുത്ത് വരൂല…
പലഹാര പാത്രം തുറന്ന് തരാൻ പറയൂല…
മത്തി മണം ഓര്ക്ക് ഇഷ്ടല്ല…
ഇമ്മച്ചീനെ സുയിപ്പാക്കണ്ട… മീനൊന്ന് മുറിച്ച് കയിഞ്ഞോട്ടെന്ന് ഉമ്മ പറയും….
അത് മുറിച്ച് വൃത്തിയാക്കി മസാല തേക്കാൻ ചുരുങ്ങിയത് ഒരു മണിക്കൂറ് വേണം…
അത് വരെ എൻ്റെ കഥയെ കുറിച്ച് മാത്രം ആലോചിച്ചിരിക്കും.
അപ്പളേക്കും എൻ്റെ മനസില് ഗർഭം ധരിച്ച കഥക്ക് പൂർണ രൂപം ആയിറ്റുണ്ടാവും….
ഇനി ഇതൊന്ന് ഫോണിലേക്ക് ടൈപ്പ് ചെയ്യണം…
രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഉപ്പക്കും ഉമ്മക്കും മക്കൾക്കും കൊടുത്ത് മക്കളെ ഉറക്കാൻ കിടത്തി പുതിയാപ്പളക്ക് കുളിക്കാൻ ചൂടുവെള്ളം വെച്ച് എൻ്റെ നിസ്ക്കാരവും പ്രാർത്ഥനകളും തീർത്ത് വെക്കും..
മൂപ്പര് വന്ന് കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് അടുക്കള ക്ലീനാക്കി പല്ല് തേച്ച് ഉറങ്ങാൻ കിടക്കുമ്പോ എനിക്കിന്ന് ഒരു കഥ എഴുതാൻ ണ്ട്, അത് കഴിഞ്ഞിട്ടേ ഉറങ്ങുന്നുള്ളൂന്ന് പറയും..
അപ്പോ മൂപ്പര് ഹെഡ് സെറ്റ് ചെവീൽ തിരുകി ഫോണില് ഫുട്ബോൾ കളി കണ്ടോണ്ടിരിക്കും.
ഞാൻ എൻ്റെ ഫോണില് ടൈപ്പ് ചെയ്യാൻ തുടങ്ങും….
ഞങ്ങളെ റൂമിൻ്റെ അപ്പുറത്ത് ജാഫർ കാക്കാൻ്റെ വാഴത്തോട്ടണ്ട്…
രാത്രി പന്നി ശല്യം ഉള്ളോണ്ട് അവിടെ മൂന്ന് പട്ടികളെ വളർത്തുന്നുണ്ട്…
നേരം വെളുക്കോളം പട്ടികൾ കുരച്ചോണ്ടിരിക്കും…
ഞാൻ എഴുതുമ്പോ ബാക്ഗ്രൗണ്ട് മ്യൂസിക്കായി എപ്പളും ഈ കുരയുണ്ടാവും….
അതോണ്ടായിരിക്കും എൻ്റെ എഴുത്ത് ഞാൻ തന്നെ വായിക്കുമ്പോ പട്ടി കുരക്കുന്നതും ചീവീടിൻ്റെ ശബ്ദവും ആണ് ഓർമ വരാ…..
അങ്ങനെ ഇരുന്ന ഇരുപ്പിൽ അവസാനം വരെ എഴുതി കഴിഞ്ഞ് പുതിയാപ്ലൻ്റെ ചെവീന്ന് ഹെഡ്സെറ്റ് ഊരി വെക്കും…
ഫോൺ വാങ്ങി മാറ്റി വെക്കും.
എൻ്റെ എഴുത്ത് ആദ്യം വായിക്കേണ്ടത് മൂപ്പരാ വണംന്ന് എനിക്ക് നിർബന്ധാ ണ്…
പക്ഷേ കഥയും കവിതയൊന്നും ഒരു വരി പോലും വായിച്ച് ശീലമില്ലാത്തോണ്ട് ഞാൻ തന്നെ വായിച്ച് കൊടുക്കാറാണ് പതിവ്….
വായന തുടങ്ങി ഒരു കാൽ ഭാഗം വരെ നല്ല ഇമ്പത്തില് മൂളുന്നത് കേൾക്കാ…
പിന്നെ പിന്നെ ഒച്ചയില്ലാതാവും…
കുറച്ച് കഴിയുമ്പോ ഒരു ശബ്ദം കേൾക്കും…
ഘുർർ…. ഘുർർ…..
നല്ല കൂർക്കം വലിച്ച് ഉറങ്ങീ ണ്ടാവും…
സന്ദർഭം അനുസരിച്ച് ഒരൊറ്റ ചവിട്ടിന് തായെ തള്ളിയിടേണ്ടതാണ്…
പക്ഷേങ്കില അപ്പോ ഇനിക്ക് വല്ലാത്തൊരു സന്തോഷം വരും… ആ നേരം വരെ
പ്രേക്ഷകരെ നിങ്ങളിത് കാണുക…. വീർപ്പടക്കി ശ്വാസമടക്കി പിടിച്ച് സോചി.. ഫ്രീ കിക്ക് റൊണാൾഡോ എടുക്കുന്നു…
ഇതും കേട്ട് കണ്ണും തുറിപ്പിച്ച് കിടന്ന മനുഷ്യൻ എൻ്റെ കഥ കേട്ടതും
ബോധം കെട്ട് ഉറങ്ങിയതാലോചിച്ച് പുളകം കൊള്ളും…
ആ കൂർക്കം വലി ആസ്വദിച്ചിരിക്കും..
വിജയനും ദാസനും പറഞ്ഞ പോലെ ഈ ശബ്ദം കേൾക്കുമ്പോ തന്നെ എന്തൊരു സുഖം.. എന്തൊരു സംഗീതാത്മകം….
ഐശ്വര്യത്തിൻ്റെ സൈറൺ മുഴങ്ങുന്ന പോലെ.. ഘുർ ർ ർ… ഘുർ ർ
അയ്ശ്….
എൻ്റെ എഴുത്ത് വായനക്കാരെ ആസ്വദിപ്പിക്കാൻ മാത്രമല്ല…
സ്വന്തം കെട്ടിയോനെ കൂർക്കം വലിച്ച് ഉറക്കാനും ശക്തിയുള്ളതാണല്ലോ ന്നോർത്ത് വെല്ലാണ്ടങ്ങ് വിജ്രംഭിതയാവും….
ഇനി ഇതൊന്ന് ഗ്രൂപ്പില് പോസ്റ്റ് ചെയ്യണം….
കമൻ്റ്സിന് റിപ്ലൈ കൊടുക്കാൻ പറ്റിയ സമയത്തേ പോസ്റ്റിടാൻ പറ്റുളളൂ…
അങ്ങനൊരു സമയത്തിന് വീണ്ടും കാത്തിരിക്കും…
എഴുതി മുഴുവനാക്കി പോസ്റ്റ് ചെയ്യാൻ പറ്റാണ്ട് ഫോണില് വെച്ചോണ്ടിരിക്കുമ്പോ നോമ്പ് തുറൻ്റെ അന്ന് മഗ്രിബ് ബാങ്ക് കൊടുക്കാൻ നേരത്ത് കറൻ്റ് പോവുമ്പോ ഉള്ള അവസ്ഥ ല്ലേ…. അത് പോലാണ്….
വീണ്ടാമതും മത്തിയെ കൂട്ട് പിടിക്കും..
തലേന്ന് മസാല തേച്ച് വെച്ച മീനെടുത്ത് പൊരിക്കാൻ തുടങ്ങും…
അപ്പോ തന്നെ പോസ്റ്റ് ഇടും…
ഞെരിച്ച് പൊരിക്കോളം കമൻ്റ്സ് വായിച്ചോണ്ടിരിക്കും….
വീണ്ടും വീണ്ടും വിജ്രംഭിതയാവും…..🤩
Shabna shamsu❤️
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Behind the Story by Shabna shamsu – Aksharathalukal Online Malayalam Story
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission