ഓഫിസിലെ എല്ലാവർക്കും ഇന്നൊരു അതിശയവും ആഹ്ലാദവും ഉളവാക്കുന്ന ദിവസമായിരുന്നു. തങ്ങളുടെ സഹപ്രവർത്തകനായ അരവിന്ദന്റെ മുഖത്ത് തെളിഞ്ഞു കണ്ട ഉന്മേഷം തന്നെയായിരുന്നു അതിന് കാരണം.
” എന്താ അരവിന്ദാ.. പതിവിലും കവിഞ്ഞ ഒരു ഉന്മേഷം മുഖത്ത്? ”
രാജൻ ആഹ്ളാദം നിറഞ്ഞ സ്വരത്തിൽ ആരാഞ്ഞു.
മറുപടി ഒരു പുഞ്ചിരയിലൊതുക്കി അരവിന്ദൻ തന്റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു. ശരിയാണ്. താനിന്ന് ആനന്ദഭരിതനാണ്.
” .. ന്നാലും പറയെടാ.. എന്താ ഈ അതീവ സന്തോഷത്തിന് രഹസ്യം? നിന്റെ കല്യാണം കഴിഞ്ഞ് ആറു മാസമായി. അന്നു മുതൽ ഇന്നു വരെ നിന്റെ മുഖത്ത് ഒരു ചിരി പോലും വിടർന്നതായി ഞാൻ ഓർക്കുന്നില്ല! പറയെടാ… എന്താ കാരണം ന്ന് ” സഹദേവൻ വെറുതെ വിടുന്ന ലക്ഷണമില്ല. അരവിന്ദൻ തലയുയർത്തി എല്ലാവരെയും ഒന്ന് നോക്കി. മഹേഷിന്റേം കാവ്യയുടെയും കണ്ണുകളിൽ കാരണം അറിയാനുള്ള ആകാംക്ഷ പ്രകടമായിരുന്നു!
” ഇന്ന് ഞങ്ങൾടെ ശാന്തി മുഹൂർത്തമാണ് ”
” അങ്ങനെ പറഞ്ഞാൽ എന്തുവാ? ” കാവ്യയ്ക്കറിയില്ല.
” അതെങ്ങനെയാ ഇന്നായേ!!… നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസം കഴിഞ്ഞില്ലേ ” രാജൻ നെറ്റി ചുളിച്ചു.
” ഒരാഴ്ച മുമ്പ് വരെ അവളോട് ബഹുമാനം മാത്രമായിരുന്നു എനിക്ക്; പിന്നെ വാത്സല്യവും,
ഇന്നലെ മുതൽ പ്രണയവും. അവളോടുള്ള എന്റെ സ്നേഹം പരിപൂർണമായിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ അടുത്തിരിക്കുന്നു. ഇനി എല്ലാ അർത്ഥത്തിലും ഒന്നാവണം. ഞങ്ങളുടെ മനസ്സുകൾ കുറിച്ച ശാന്തി മുഹൂർത്തം.. അതിന്നാണ്. ”
” നന്നായി അരവിന്ദ. നമ്മളെ സ്നേഹിക്കുന്നവരെ പതിന്മടങ്ങ് അങ്ങോട്ട് സ്നേഹിക്കണം. നല്ലതേ വരൂ.. ”
എല്ലാവരും അരവിന്ദന് ആശംസകൾ നേർന്നു.
” കവ്യേ.. ഇപ്പോ മനസ്സിലായോ ന്താ ശാന്തി മുഹൂർത്തം ന്ന്? ” അരവിന്ദൻ ഒരു കുസൃതി ചിരിയോടെ കവ്യയോട് തിരക്കി.
” അറിഞ്ഞൂലോ ” ഒരു ചെറു പുഞ്ചിരിയോടെ അവൾ ഉത്തരം നൽകി.
****************
ശരിക്കും അവൾ ദേവതയാണ്. എന്നെ അവൾ എന്തു മാത്രം സ്നേഹിക്കുന്നു! ഞാൻ അവൾക്ക് ഒരു സ്നേഹം സ്പർശം പോലും നൽകിയിട്ടില്ല ഇതുവരെ! എന്നിട്ടും ഒരു പരിഭവം പോലും എന്നോട് കാട്ടിയിട്ടില്ല! കുട്ടിത്തം തുളുമ്പുന്ന മനസ്സാണെങ്കിലും എന്റെ കാര്യത്തിലവൾക്ക് നല്ല കരുതലാണ്. എനിക്കായി കാലം കാത്തു വെച്ചിരുന്നത്, അകവും പുറവും ഒരുപോലെ അഴകുള്ള ഒരു ദേവതയെ തന്നെയായിരുന്നു.
റോഡിലൂടെ വണ്ടികൾ ചീറി പാഞ്ഞു പോകുകയാണ്. നഗരത്തിന്റെ വഴിയോരങ്ങളിലും നല്ല തിരക്കുണ്ട്. ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു അരവിന്ദൻ.
അവളെ എത്ര സ്നേഹിച്ചാലും മതിയാവില്ല. ഞാൻ എത്ര മാത്രം റൊമാന്റിക് ആണെന്ന് അവളിനി അറിയാൻ പോകുന്നതേ ഉള്ളൂ! അരവിന്ദന്റെ മുഖത്ത് അവന് പോലും അറിയാതെ ഒരു മധുര പുഞ്ചിരി വിടർന്നു.
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു പരിചിത സ്വരം ഒഴുകിയെത്തി.
” അരവീ.. ”
അരവിന്ദൻ ഒരതിശയത്തോടെ തിരിഞ്ഞു നിന്നു. അവിടെ അവൻ കാണാൻ ആഗ്രഹിച്ച രൂപമായിരുന്നില്ല! പക്ഷേ ഏത് രൂപത്തിൽ വന്നാലും അവൻ തിരിച്ചറിയാൻ പറ്റുന്ന ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നത്!
” സ്നേഹാ… ”
അവളുടെ കൈയിൽ ഒരു കൈ കുഞ്ഞുണ്ടായിരുന്നു. അരവിന്ദൻ കുഞ്ഞിന്റെ കവിളിൽ തൊട്ടു. കുഞ്ഞവനൊരു പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്ക ചിരി സമ്മാനിച്ചു. അപ്പോൾ കുഞ്ഞിന്റെ കവിളിൽ നുണക്കുഴികൾ തെളിഞ്ഞു. അമ്മയുടെ നുണക്കുഴി കുഞ്ഞിനും കിട്ടിയിട്ടുണ്ട്.
അവൻ കുഞ്ഞിയിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി. ഒരു വിളറിയ ചിരി അവളുടെ വദനത്തിൽ സ്ഥാനം പിടിച്ചിരുന്നു. മെലിഞ്ഞുണങ്ങിയ അവളുടെ ദേഹത്ത് വിധവയാണെന്നതിന്റെ എല്ലാ ചിഹ്നങ്ങളും കാണാമായിരുന്നു.
ഈ കാലം ചിലപ്പോൾ പൂച്ചയെ പോലെയാണ്; ക്രൂര വിനോദങ്ങൾ കാട്ടും! കുറച്ച് മുമ്പ് തന്നിൽ നിറഞ്ഞു നിന്നിരുന്ന ഉന്മേഷം ചോർന്നു പോയത് അരവിന്ദനറിഞ്ഞു!
അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവർക്കിടയിൽ മൗനം വീർപ്പുമുട്ടി.
*******************
ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് ഇന്ന് കണ്ടത്! അവളുടെ സന്തോഷമായിരുന്നു ഞാനെന്നും ആഗ്രഹിച്ചിരുന്നത്. പക്ഷേ….
” എന്തു പറ്റി അരവിന്ദേട്ടാ.. സുഖമില്ലേ? ” അനുവാണ്. അരവിന്ദൻ ബെഡ്ഡിൽ കിടക്കുകയായിരുന്നു.
” ചെറിയൊരു തലവേദന ”
” ..ന്നാ ഞാൻ വിക്സ് പുരട്ടി തരട്ടെ ” മറുപടിക്ക് നിൽക്കാതെ അവൾ വിക്സെടുക്കാൻ പോയി.
സ്നേഹാ. അവൾ മൊഴികളാൽ എന്നോട് താല്പര്യമില്ല എന്ന് പറയുമ്പോഴും അവളുടെ കണ്ണുകൾ എന്നോട് സ്നേഹമാണെന്ന് ഓതുമായിരുന്നു!! പക്ഷേ അതെന്റെ തോന്നൽ മാത്രമായിരുന്നോ? ഇന്നും അറിയില്ല.
അനു വിക്സുമായി അരവിന്ദന്റെ അടുത്തേക്ക് വന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത്! അരവിന്ദൻ അനുവിനെ പിടിച്ചു വലിച്ച് തന്റെ നെഞ്ചോട് ചേർത്തു.
” എന്താ അരവിന്ദേട്ടാ ഇത്.. ഞാനൊന്ന് വിക്സ് …. ” അവൾ പൂർത്തിയാക്കും മുമ്പേ അവന്റെ ചുണ്ടിതളുകൾ അവളുടെ മൃദുലമായ ചുണ്ടിതളുകളിൽ അമർന്നിരുന്നു.
********************
” ഞാനെത്ര ഭാഗ്യവതിയാണ് അരവിന്ദേട്ടാ.. ” അരവിന്ദന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു അനു.
” ശരിക്കും ഞാനാണ് ഭാഗ്യവാൻ. ഇങ്ങനെയൊരു പെണ്ണ് ഈ ഭൂമി മലയാളത്തിൽ ഉണ്ടാവില്ല ”
” ഒന്ന് പോ അരവിന്ദേട്ടാ.. ന്നേ കളിയാക്കുവാ ല്ലേ? ”
” അല്ല മോളേ.. ശരിക്കും. ഇത്രയധികം ക്ഷമയുള്ള, ഒരു ചെറിയ പരിഭവം പോലും പറയാനില്ലാത്ത ഒരു പെണ്ണ് ഉണ്ടാവില്ല… ”
” .. ന്നാലും അരവിന്ദേട്ടൻ ഇത്രയധികം കുട്ടിത്തം തുളുമ്പുന്ന ഒരു ഹൃദയമുണ്ടാവുമെന്ന് ഞാൻ വിചാരിച്ചതല്ല.. എന്തൊരു കുസൃതിയാ ഈ അരവിന്ദേട്ടന്! കണ്ടാൽ തോന്നുകയേ ഇല്ല ”
” …ന്തേ.. കുസൃതി ഇഷ്ടായില്ലേ? ”
” ഒത്തിരി ഇഷ്ടായി ” അവൾ നാണം കലർന്ന സ്വരത്തിൽ പറഞ്ഞു.
” അനുക്കുട്ടി പറ.. നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് നുണക്കുഴി ഉണ്ടാകുമോ? ”
” അതെന്താ അങ്ങനെ ചോദിച്ചത്.. അരവിന്ദേട്ടന് നുണക്കുഴി ന്ന് വെച്ചാ അത്രയ്ക്ക് ഇഷ്ടാ?! ”
” അതെ. അതൊരു കഥയാണ്.. എനിക്ക് അനുക്കുട്ടിയോട് ഒത്തിരി കഥകൾ പറയാനുണ്ട്… ”
” … ന്നാ നമ്മുടെ കുഞ്ഞിന് നുണക്കുഴികളുണ്ടാവും. അരവിന്ദേട്ടൻ കണ്ടോ! ”
” ന്നാ പിന്നെ.. ഞാൻ നുണക്കുഴി കഥയിൽ നിന്നു തന്നെ തുടങ്ങാം..”
” .. നിക്ക് കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടാണ് അരവിന്ദേട്ടാ ”
അവൾ അരവിന്ദനിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു.
അവൻ കഥ പറഞ്ഞു തുടങ്ങി.
*********************
✍️© RNC
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission